ഫ്രൈഡേസീരീസ് – 4 : ഭയം

Every single emotion holds a thousand possibilities.

ഒരൊറ്റ വികാരത്തിൽ നിന്ന് ഉടലെടുക്കുന്ന ആയിരം സാധ്യതകൾക്കും അധിഷ്ഠാനം മനുഷ്യന്റെ മനസ്സ്‌ തന്നെയാണ്. വ്യക്തികളെയും അതിൽ നിന്നുടലെടുക്കുന്ന സമൂഹത്തെയും നിലനിർത്തുന്നത് തന്നെ മനുഷ്യന്റെ വികാരങ്ങളാണ് എന്ന് പറയുകയാണ് അഭികാമ്യം. അതിൽ ഭയം എന്നത് തന്നെയാണ് ഏറ്റവും വലിയ ആയുധം. അനുസരിക്കാനും, അനുസരിപ്പിക്കാനും അനുസരിക്കാതിരിക്കാനും കൂട്ടിയിണക്കാനും വേർപിരിക്കാനും എന്തിന് മനുഷ്യൻ സ്വന്തം ജീവനൊടുക്കാനോ മറ്റൊരു ജീവനെടുക്കാനോ പോലും കാരണമാകുന്നതിൽ മറ്റു വികാരങ്ങളെക്കാൾ വലിയ സ്ഥാനമുണ്ട് ഭയത്തിന്.

മറ്റു വികാരങ്ങൾ പോലെ ഭയവും തുറന്നു പറയാൻ മനസ്സ് അനുവദിക്കാത്ത എന്റെ കൗമാരകാലം. ഞാൻ രണ്ടാം വർഷം പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് ചേച്ചി കർണാടകത്തിൽ ബി എ എം എസ്സിനും ചേർന്നത്. അതിനു ശേഷം, അച്ഛനും അമ്മയും ജോലിക്ക് പോയിക്കഴിഞ്ഞാൽ വീട്ടിൽ തനിച്ചാണ്. കോളേജില്ലാത്ത ദിവസങ്ങൾ സിനിമ കണ്ടും കിടന്നുറങ്ങിയും ആഘോഷിച്ചിരുന്ന ആ സുവർണകാലഘട്ടത്തിൽ സ്റ്റാർ മൂവീസിലും എച്ച് ബി ഒ യിലും വരുന്ന ഇംഗ്ലീഷ് സിനിമകളാണ് പ്രധാന കൂട്ട്. വീടിന്റെ ചുവരുകൾക്കുള്ളിലെ നിശബ്ദതയോട് ഭയമോ മടുപ്പോ ഒരിക്കലും തോന്നിയിട്ടില്ല. പക്ഷേ, അതിനുള്ളിൽ ഭയം നിറയ്ക്കാൻ കഴിവുള്ള പ്രേതസിനിമകളൊക്കെ കഷ്ടപ്പെട്ട് കാണുമായിരുന്നു അന്ന്. എന്തിനെന്ന് പിന്നീട് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സാഹസികത കൂടപ്പിറപ്പായത് കൊണ്ടാവണം, അടച്ചിട്ട വീടിനുള്ളിൽ അങ്ങനെയൊരു സാധ്യത കണ്ടെത്തിയിരുന്നത്. ഒരു ദിവസം സ്റ്റാർ മൂവിസിൽ ‘അരക്നോഫോബിയ’ എന്ന സിനിമ വന്നു. ആ പേരിൽ തന്നെ ‘ഇന്റൻസ് ഫിയർ ഓഫ് സ്‌പൈഡേഴ്‌സ്’ (എട്ടുകാലികളോടുള്ള തീവ്രമായ ഭയം) എന്ന ആശയം ഉദിച്ചു നിന്നിരുന്നെങ്കിലും, എന്റെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ചോടിക്കാൻ ഞാൻ തീരുമാനിച്ചു.

എന്റെ ഭയങ്ങൾക്ക് അന്ന് അതിരുകളില്ലായിരുന്നു. എപ്പോൾ വേണമെങ്കിലും ഭയപ്പെടുത്താനായി മുൻപിലേക്ക് ചാടി വീണേക്കാവുന്ന അദൃശ്യനായ ഒരു എട്ടുകാലിയെ ഞാൻ സദാ മനസ്സിൽ കൂടെ കൊണ്ടു നടന്നിരിന്നു. ‘എട്ടുകാലി’ എന്ന് കേട്ടാൽ തന്നെ ശരീരത്തിലൂടെ എന്തോ അരിച്ചുനടക്കുന്ന തോന്നലാണ്. അടുത്തു കണ്ടാൽ ഹൃദയസ്തംഭനം പോലും സംഭവിച്ചേക്കാം. ശ്വാസതടസ്സം ഉറപ്പ്. ഒരു കുഞ്ഞ് എട്ടുകാലി ഉണ്ടെങ്കിൽ പോലും ആ റൂമിലോ ബാത്റൂമിലോ കയറാൻ പേടിച്ചിരുന്ന കാലം. എന്റെ ശല്യം സഹിക്കവയ്യാതെ അച്ഛനോ അമ്മയോ അതിനെ തല്ലിക്കൊന്നാലും, വീണ്ടും അതിന്റെ ആത്മാവിനെ തിരഞ്ഞു കൊണ്ടിരുന്നു, എന്റെ മനസ്സിലെ വിഭ്രാന്തി. ഇത്രയേറെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ആ ജീവിയെക്കുറിച്ചുള്ള സിനിമ വീട്ടിൽ ഒറ്റയ്ക്കിരുന്നു കാണാൻ പ്രേരിപ്പിച്ച ആ ദുർനിമിഷത്തെ ഞാൻ കാലങ്ങളോളം പഴിച്ചിട്ടുണ്ട്.

സാധാരണയായി വീട്ടിൽ കാണുന്ന ശോഷിച്ച എട്ടുകാലിയല്ല സിനിമയിലെ ചർച്ചാവിഷയം. ഘോരമായ വനാന്തരങ്ങളിൽ കാണുന്ന ഉഗ്രവിഷമുള്ള, കറുത്ത് തടിച്ച് വലിയ കാലുകളുള്ള രോമാവൃതമായ ശരീരമുള്ള ഒരു ഭീകരൻ. അതും ഒന്നല്ല, ഒരു വീടു നിറച്ചും. കണ്ടു തുടങ്ങിയപ്പോഴേ അപകടം മണത്തെങ്കിലും മുൻപോട്ട് വെച്ച കാൽ പിറകോട്ട് വെച്ചില്ല. ഒരു വനാന്തരത്തിൽ നിന്നും, അതിന്റെ വിഷദംശമേറ്റ്‌ മരണപ്പെട്ട ഒരാളുടെ ശരീരത്തിലേറി നാട്ടിലെത്തുന്ന ഒരു എട്ടുകാലി. അത് പെറ്റു പെരുകി ഒരുപാട് ആളുകളെ കടിച്ചു കൊല്ലുന്നു. വളരെയധികം മാനസികസംഘർഷമുണർത്തുന്ന രംഗങ്ങളുള്ള ഒരു സിനിമ. വളരെ കഷ്ടപ്പെട്ട് ശ്വാസമടക്കിപ്പിടിച്ചാണെങ്കിലും സിനിമ മുഴുവനും കണ്ടുവെന്നുള്ളത് എനിക്ക് തന്നെ എന്നിൽ മതിപ്പുളവാക്കി എന്ന് വേണം പറയാൻ.

പക്ഷേ, സിനിമ അവസാനിച്ച അഞ്ചാമത്തെ നിമിഷത്തിൽ ഞാൻ വീടിനു പുറത്തിറങ്ങി അടുത്തുള്ള, അമ്മയുടെ അനിയത്തിയുടെ വീട്ടിൽ പോയി. മനസ്സിൽ തറച്ച രോമാവൃതമായ കാലുകൾ എന്റെ ചുറ്റും ഓടിനടക്കാൻ തുടങ്ങി. രാത്രിയായപ്പോഴേക്കും മനസ്സ് ആ ചിന്തയിൽ നിന്നും കുറച്ചൊക്കെ അകന്നു. നേരത്തെ കിടന്നുറങ്ങിയ ഞാൻ അർദ്ധരാത്രിയിലെപ്പോഴോ ഉണർന്നു കണ്ണുതുറന്നത് എന്റെ ശരീരത്തെ മരവിപ്പിച്ച ഭയത്തിലേക്കാണ്. ശരീരത്തിൽ നിന്നും അകന്നു കിടന്നിരുന്ന എന്റെ വലത്തേ കയ്യുടെ തൊട്ടടുത്ത് , ഞാൻ കണ്ട സിനിമയിലെ മുഖ്യകഥാപാത്രം കിടക്കുന്നു. സൂക്ഷിച്ചു നോക്കി, ഒന്നല്ല ഒരുപാടെണ്ണം. കിടക്ക നിറയെ.

കണ്ണുകളൊഴിച്ചുള്ള എന്റെ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടു. തൊട്ടടുത്ത് അമ്മ കിടക്കുന്നുണ്ട്. പക്ഷേ വിളിക്കാനായി ഒന്ന് തലതിരിക്കാൻ എന്റെ ശരീരം സഹകരിക്കുന്നില്ല. സംസാരിക്കാൻ പോയിട്ട് വായ തുറക്കാൻ പറ്റിയില്ല. തൊണ്ടയിലെ മാത്രമല്ല, ശരീരത്തിലെ മുഴുവൻ ജലം ഒറ്റനിമിഷം കൊണ്ട് ആവിയായി അന്തരീക്ഷത്തിലെ തണുപ്പിൽ വെള്ളത്തുള്ളികളായി പരിണമിച്ച് എന്നെ പൊതിഞ്ഞു. മനുഷ്യശരീരം എന്ന മഹായന്ത്രത്തിന്റെ പ്രവർത്തനക്ഷ്മതയ്ക്ക് കോട്ടം സംഭവിക്കാൻ മനസ്സിലുദിക്കുന്ന ഒരു ചെറിയ വികാരത്തിന്റെ അസന്തുലിതാവസ്ഥയേ വേണ്ടൂ. ഭയത്തിന്, ആൾക്കൂട്ടത്തിലോ തനിച്ചോ എന്നത് വിഷയമല്ല, ഒരാളെ കീഴ്പ്പെടുത്താൻ.

നിമിഷങ്ങൾ എത്ര കടന്നുപോയി എന്നറിയില്ല.

ചാരിയിട്ട കതകിനിടയിലൂടെ വരുന്ന വെളിച്ചം സമയത്തിനൊത്ത് ശക്തിപ്രാപിച്ചു. എന്റെ ശയ്യയിലെ ഉഗ്രവിഷമുള്ള കറുത്ത ചിലന്തികൾ ബെഡ്ഷീറ്റിലെ കൂർത്ത ഇതളുകളുള്ള വലിയ പൂവുകളായി മാറി. യാഥാർഥ്യം എന്നിലേക്കെത്താൻ എന്നിട്ടും സമയമെടുത്തു. നിലച്ചുപോയ രക്തചംക്രമണം പതിയെ പൂർവസ്ഥിതിയിലായി. എന്റെ ശരീരം ജീവന്റെ തിരിച്ചുവരവിന്റെ ചൂടറിഞ്ഞു. ശ്വാസത്തിന്റെ ഗതിയും ഹൃദയമിടിപ്പും പിന്നെയും ഒരു ഭയപ്പാടിൽ പതുങ്ങി. എന്റെ കൈകൾക്കും കഴുത്തിനും ചലനശേഷി തിരിച്ചുകിട്ടി. ഭയത്തിന്റെ വലിപ്പം അതിന്റെ സ്രോതസ്സിന്റെ വലിപ്പത്തിലല്ല, മനുഷ്യന്റെ മനസ്സിലാണ്.

പക്വതയും അനുഭവങ്ങളും ഇല്ലാത്ത എന്റെ മനസ്സിൽ ഭയങ്ങൾ പലതുമുണ്ടായിരുന്നു. ഇടിമിന്നൽ, സ്റ്റേജിൽ കയറി കാണികളെ അഭിമുഖീകരിക്കൽ, മൈക്കിന് മുൻപിൽ നിൽക്കുക, അടച്ചിട്ട ചെറിയ മുറികൾ, ഇരുട്ട്, കടൽ, പുരുഷന്റെ സ്പർശം, ആത്മാവ് ഇങ്ങനെ ചെറുതും വലുതുമായ പലതരം ഭയങ്ങൾ. പക്ഷേ, ജീവിതത്തിൽ കടന്നു വന്ന കാലത്തിന് സ്വീകാര്യമല്ലാത്തതൊക്കെ കാലം മായ്ച്ചു. വലിയൊരു ഭയമായി മുൻപ് പറഞ്ഞ എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല. ചിലപ്പോൾ പുതിയത് അതിന്റെ സ്ഥാനം ഏറ്റെടുത്തിട്ടുണ്ടാവാം. പക്ഷേ, എല്ലാ ഭയങ്ങൾക്കും ഒരേ മുഖമാണ്. അടുത്ത നിമിഷം എന്ന കടമ്പയെ മറികടക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കുന്ന, മനുഷ്യനെ നിശ്ചലനാക്കാൻ പ്രാപ്തിയുള്ള മുഖം. ഏതൊരു അപടകാവസ്ഥയിലും മനുഷ്യനെ ആദ്യം കീഴടക്കുന്നത് ഭയമാണ്.

മനുഷ്യൻ ചലിക്കുന്നത് ശരീരത്തെക്കാളേറെ മനസ്സുകൊണ്ടാണ്. അതുകൊണ്ടുതന്നെ വ്യക്തിജീവിതത്തിന്റെ ഏറ്റവും വലിയ ആവശ്യകത, ഭയത്തിന്റെ വിള്ളലുകളില്ലാത്ത മനസ്സാണ്. ആത്യന്തികമായി മനുഷ്യമനസ്സുകൾ ഒന്നാണ്, അതിലെ വികാരങ്ങളുടെ അനുപാതങ്ങളിലുള്ള വ്യത്യാസം കൊണ്ട് പല രൂപങ്ങൾ കൈക്കൊള്ളുന്നു എന്നു മാത്രം. എന്തൊക്കെയോ നഷ്ടപ്പെടാനുണ്ടെന്നുള്ള തോന്നലോ, അടുത്ത നിമിഷത്തെക്കുറിച്ചുള്ള അനിശ്ചിത്താവസ്ഥയോ ആണ് മിക്കവാറും ഭയങ്ങളുടെ ഉറവിടം. കാലത്തിൽ കൊഴിഞ്ഞു പോകാനുള്ളതെല്ലാം പോയാലും, നമ്മൾ അവശേഷിക്കുമെന്ന യാഥാർഥ്യം ഉൾക്കൊള്ളുന്ന ആ ഒരു നിമിഷം ഭയങ്ങളെല്ലാം തന്നെ ഓടിയൊളിക്കും. മറ്റെല്ലാ വികാരങ്ങളും പോലെ ഭയവും കാലത്തിനും അനുഭവങ്ങൾക്കും പരിശ്രമങ്ങൾക്കുമൊത്ത് മാറ്റം സംഭവിക്കുന്നത് മാത്രം.

P. S – When we win over a fear, the stepping space into the next moment is cleared.

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്