ഫ്രൈഡേസീരീസ്-2 : മൂന്നുവേരുകൾ

കടലോളം വെള്ളമെന്നതിന്റെ ആദ്യത്തെ ഓർമ്മ ശംഖുമുഖത്തെ ബീച്ചിലെ തിരയിൽ ആദ്യമായി നിന്നതിന്റെയാണ്. പിച്ചവെച്ചുനടക്കുന്ന കുഞ്ഞുകാലുകളുടെ നിലതെറ്റിക്കാനായി ശക്തിയിൽ തീരത്തേക്കടിച്ചു കേറിയും, തിരികെ പോകുമ്പോൾ കൂടെ കൊണ്ടുപോകാനായി പിടിച്ചു വലിച്ചും പേടിപ്പിച്ചതിന്റെ പ്രതിഷേധം പോകുന്ന തിരയിൽ മൂത്രമൊഴിച്ചാണ് ഞാൻ പ്രകടിപ്പിച്ചത്. കാലിനടിയിലെ മണ്ണൊലിച്ചു പോകുമ്പോൾ ഭയം തോന്നാത്തവരായി ആരും തന്നെ ഉണ്ടാവില്ല. കാലം കടന്ന് കടലിനോടുള്ള ഭയം പ്രണയമായി മാറിയത് എന്നാണെന്നറിയില്ല, പക്ഷേ അതിനും ഒരുപാട് മുൻപ്, വെള്ളത്തോടുള്ള ഭയമേറിയ ഒരു കാലഘട്ടം മനസ്സിൽ പകൽ പോലെ തെളിഞ്ഞു കിടപ്പുണ്ട്.

എനിക്ക് ഓർമ്മവെച്ചു തുടങ്ങിയ സമയത്ത് ഞങ്ങൾ തിരുവനന്തപുരത്താണ്. അച്ഛൻ അന്നു തിരുവനന്തപുരം ആയുർവേദ കോളേജിൽ പഠിപ്പിക്കുന്നു. താമസം മങ്കാട്ടുകടവിലെ ഒരു വാടകവീട്ടിൽ. പുറംലോകത്തിന് വിലക്കേർപ്പെടുത്തി മണിച്ചിത്രത്താഴിട്ടു പൂട്ടിയ പൂജാമുറിയും, മഴയെ വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന അകത്തളവും, ഇരുട്ട് നിറഞ്ഞ ഇടനാഴികയും, പൂവങ്കോഴിയും പിടക്കോഴിയും കോഴിക്കുഞ്ഞുങ്ങളുമുള്ള കടുംമഞ്ഞ കർട്ടനുള്ള ആ വീടാണ് എന്റെ ഓർമ്മയിലെ ഏറ്റവും മനോഹരമായ ഭവനം. അകത്തളത്തിലേക്ക് വീഴുന്ന മഴവെള്ളത്തിലേക്ക് കാല് നീട്ടാനാഗ്രഹിക്കുന്ന ബാല്യം, ആ വീട്ടിലെ ഓർമ്മപോലെ ഇന്നും ബാക്കിയാണ്.

ഞാൻ സ്കൂളിൽ പോയി തുടങ്ങുന്നതിനും മുൻപ് നടന്നതാണ് ഈ സംഭവം. എന്റെ വീടിന്റെ മുറ്റത്തിനും, മുൻപിലെ വീടിനും ഇടയിൽ അതിരു തീർത്തിരുന്നതു മണ്ണെടുത്ത നീളത്തിലുള്ള വലിയ കിടങ്ങുപോലയുള്ള ഒരു കുഴിയാണ്. മനസ്സു നനയാൻ ചെറുമഴ കാത്ത് കിടന്ന ആ കിടങ്ങിനെ ഒരു പെരുമഴ കുളമാക്കി മാറ്റി. അന്ന് കണ്ടത് നല്ല മഴയിൽ ഉണ്ടായ ഒരു ചെറിയ വെള്ളപ്പൊക്കം തന്നെയായിരുന്നിരിക്കണം. കിണർ നിറഞ്ഞു നിൽക്കുന്നത് കണ്ട ഓർമ്മയുണ്ട്. സ്വന്തം വീട്ടുമുറ്റം ഒരിക്കലുമൊരു അപകട സൂചന മുൻകൂട്ടി തരില്ലല്ലോ.

നാലാം വയസ്സിലെ നട്ടപ്രാന്തും കയ്യിൽ കരിവളയും കടലാസുതോണിയുമായി മഴ തോർന്ന നേരത്ത് ഞാൻ പുറത്തിറങ്ങി. തോണി ആരുണ്ടാക്കിത്തന്നു എന്ന ഓർമ്മയില്ല. തോണി വെള്ളത്തിലിറക്കുക എന്ന ഒറ്റ ഉദ്ദേശമേ ഉള്ളൂ. അതിനുള്ള വിലക്ക് നിലനിൽക്കുന്നതിനാൽ, തീർച്ചയായും ആരും കാണാതെ തന്നെ. വെള്ളം കൈകൊണ്ട് തൊടാവുന്ന, ചളിയുണ്ടെങ്കിലും താഴ്ചയുള്ള സ്ഥലം നോക്കി. ഇരുന്ന് തോണി വെള്ളത്തിലിറക്കി. പക്ഷെ ആ കളിത്തോണി എന്റെ പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ല. അത്‌ വിട്ടുപോകാൻ മടിയുള്ള ഒരു കുട്ടിയെപ്പോലെ, കുറച്ച് നീങ്ങി കുഴിയുടെ അരികു പറ്റി ചിണുങ്ങി നിന്നു. പക്ഷെ, നാവികന്റെ ജോലി കപ്പലിന്റെ സഞ്ചാരം നിയന്ത്രിക്കുക എന്നാണല്ലോ. കൈ നേരെ എത്തിച്ചാൽ തൊടാവുന്ന ദൂരമല്ല. ഏന്തി നോക്കി. പറ്റുന്നില്ല… കുറച്ച് കൂടെ മുൻപോട്ടിരുന്നു ഏന്തി. ഇത്തവണ തൊട്ടു. പക്ഷെ, ‘Always expect the unexpected ‘ എന്ന വാക്യം അന്ന് പഠിച്ചിട്ടില്ല. പിന്നീട് പഠിച്ചത് കൊണ്ടു പ്രയോജനവും ഉണ്ടായിട്ടില്ല. കാലിനടിയിലെ ഭൂമിയടർന്നു അതിന് മുകളിലുള്ള സ്ഥാവരജംഗമ വസ്തുക്കളെയെല്ലാം കൊണ്ട് വെള്ളത്തിലേക്ക് ചാടി.

അച്ഛൻ ഒരു വിളിപ്പാടകലെ ഉണ്ട്. പക്ഷെ പത്രത്തിന് മുൻപിൽ രാവിലത്തെ ബകധ്യാനത്തിലാണ്. ഭൂമികുലുങ്ങിയാലും, കുലുക്കി വിളിച്ചു കാര്യം പറയാതെ അറിയില്ല. അടുക്കളയിൽ പണി ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ എന്തോ ശബ്ദം കേട്ടിട്ടോ, ഒരു അപായ സൂചനയുടെ ചുവന്ന വെളിച്ചം മനസ്സിൽ മിന്നിയതു കൊണ്ടോ, അമ്മ ഉമ്മറത്ത് വന്നുനോക്കിയെങ്കിലും, എന്റെ ജലക്രീഡകൾ അറിയാതെ തിരിച്ചുപോയി. കരയ്ക്കടുത്ത് തന്നെയാണെങ്കിലും, വീണത് തലകുത്തിയാണ്. അടിതെറ്റിയതിന്റെ അമ്പരപ്പും, വീണതിന്റെയും ഭയവും, മൂക്കിൽ വെള്ളം കയറിയതിന്റെ വെപ്രാളവും കാരണം കൈകാലിട്ടടിച്ച് മറിഞ്ഞ്, തല വെള്ളത്തിനു മുകളിലേക്ക് എത്തിയപ്പോഴേക്കും, ഒരു തിരിച്ചു കയറൽ സാധ്യമല്ലാത്ത തരത്തിൽ കരയിൽ നിന്നകന്നിരുന്നു. തന്നിലേക്ക് വന്നു പതിക്കുന്ന എന്തിനെയും ശ്വാസം നിലയ്ക്കുന്നത് വരെ പിടിച്ചു മുക്കുക എന്നത് ചിലർക്കൊരു ക്രൂരവിനോദം ആണ്. ഭൂമിയുടെ ഗുരുത്വാകർഷണം കൂടാതെ എന്തോ ഒരു ശക്തി ജലത്തിനും ഉണ്ടാവണം.

അന്ന് ഞാൻ അനുഭവിച്ചിരുന്ന ശ്വാസതടസ്സത്തിന്റെ തീവ്രത എനിക്ക് ബോധ്യപ്പെടുത്തിത്തന്നിട്ടുള്ളത് പിന്നീടുള്ള എന്റെ സ്വപ്നങ്ങളാണ്. വെള്ളത്തിൽ മുങ്ങിത്താഴ്ന്നു ശ്വാസം കിട്ടാതാവുന്ന ആ നിമിഷത്തിൽ, അതേ നിലച്ച ശ്വാസത്തോടെയാണ് ഉറക്കമുണർന്നിട്ടുള്ളത് പലപ്പോഴും, മനുഷ്യന് ഏറ്റവും വിലപിടിപ്പുള്ളത് ശ്വാസമാണെന്നുള്ള തിരിച്ചറിവോടും. മുകളിലേക്ക് ഉയരാൻ കൈകാലിട്ടടിക്കുകയും തളർന്നു താണുപോവുകയും ചെയ്യുന്നത് ആരെങ്കിലും ഒരാൾ ജയിക്കുന്നത് വരെയാണ്, അല്ലെങ്കിൽ ആരെങ്കിലും രക്ഷപ്പെടുത്തുന്നത് വരെ. അത്‌ പലവട്ടം ആവർത്തിക്കുന്നു. എത്ര നീന്തലറിയുന്നവൻ പോലും തോറ്റുപോകും ചിലപ്പോൾ വീഴുന്ന ഗർത്തങ്ങളുടെ ആഴങ്ങളിൽ. ആയുസ്സ് ശേഷിക്കുന്നവനും അല്ലാത്തവനും നിയമങ്ങൾ ഏറെ വ്യത്യസ്തമാണ്.

അമ്മ കുളിപ്പിക്കുമ്പോഴൊക്കെ മുഖത്ത് വെള്ളം വീഴുന്നതിന്റെ ഓർമ്മയ്ക്ക്, കുറേ നേരം കണ്ണടച്ച് തന്നെയാണ് നിന്നത്. പിന്നെ തളർന്നു താണു പോയ ഒരു നേരത്ത് കണ്ണ് തുറന്നു കണ്ട കാഴ്ച ഇന്നും കണ്ണടച്ച് ശ്രമിച്ചാൽ വീണ്ടും കാണാം. കലങ്ങിയ വെള്ളം. എന്റെ മനസ്സിൽ പതിഞ്ഞ വെള്ളത്തിന്റെ നിറം നീലയോ പച്ചയോ അല്ല. ഗ്ളാസ്സിൽ അവശേഷിക്കുന്ന ഇത്തിരി പാൽചായയിലേക്ക് വെള്ളം ഒഴിച്ചാലുണ്ടാവുന്ന നിറം. അതിൽ, രാത്രിയിലെ ആകാശത്ത് അദൃശ്യമായ നൂലുകൾകൊണ്ട് തൂക്കിയിട്ടിരിക്കുന്ന നക്ഷത്രങ്ങളെപ്പോലെ, അങ്ങിങ്ങായി ഇലകളും പുല്ലുകളും. വെള്ളത്തിനടിയിലും കണ്ണ് തുറന്നാൽ കാണാമെന്ന അറിവ് ആസന്നമായ മരണം ഉണ്ടാക്കിത്തന്നു.

തളർന്നു തുടങ്ങുന്ന ശരീരത്തിനും വേഗം കുറയുന്ന മിടിപ്പുകൾക്കും, സ്വയം വിട്ടുകൊടുക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഭാരക്കുറവുണ്ട്. കഷ്ടപ്പെട്ട് പൊരുതി നേടിയെടുക്കുന്ന വിജയത്തിന്റെ ഭാരം തൂക്കി നോക്കാനുള്ള പ്രായമായിരുന്നില്ല അത്‌. അത്കൊണ്ട് നിറം മങ്ങിയ കാഴ്ചകൾക്കിടയിലൂടെ വീണ്ടും താണു തുടങ്ങുമ്പോൾ കണ്ണ് തുറന്ന് എന്തൊക്കെയോ തിരഞ്ഞുകൊണ്ടിരുന്നു. ആരെങ്കിലും എന്നെ തിരഞ്ഞു വന്നെങ്കിൽ എന്നാഗ്രഹിച്ചു. അച്ഛനോ അമ്മയോ ചേച്ചിയോ അടുത്ത വീട്ടിലെ ആന്റിയോ അമ്മൂമ്മമാരോ ആരെങ്കിലും. ആരും വന്നില്ല. എന്നും സന്ധ്യക്ക് വിളക്ക് കൊളുത്തുമ്പോൾ പ്രാർത്ഥിക്കുന്ന ദൈവത്തെ വിളിച്ചു മനസ്സിൽ. എന്നെ രക്ഷിക്കാൻ വരുമെന്ന ഉറപ്പോടെ. ഇല്ലെന്ന് വിശ്വസിക്കാനുള്ള പക്വതയായിട്ടില്ലല്ലോ, വെള്ളത്തിനടിയിൽ കിടക്കുന്ന ദൈവത്തെ ഞാൻ ഫോട്ടോയിൽ കണ്ടിട്ടുമുണ്ട്!

ഇനി തിരിച്ചില്ല എന്ന മട്ടിൽ താഴത്തേക്കുള്ള യാത്രക്കിടയിലാണ് കുഴിയെടുക്കുന്നതിനു വേണ്ടി മണ്ണിൽ ചെത്തിയ കുത്തനെ ഉള്ള ഭാഗത്ത് വെള്ള വരകൾ കണ്ണിലുടക്കിയത്. മൂന്നു വേരുകൾ…. മണ്ണിലും തോലിലും പൊതിഞ്ഞു കിടക്കേണ്ട, ഏതോ വൻവൃക്ഷത്തിന്റ ദൂരം താണ്ടിയ വേരുകളാവാം. അല്ലെങ്കിൽ മണ്മറഞ്ഞ മറ്റേതോ വൃക്ഷങ്ങളുടെ വിളറിയ ആത്മാക്കളാവാം. മറ്റെല്ലാത്തിനെയും ചളിനിറത്തിലുള്ള ചായത്തിൽ മുക്കിയപ്പോൾ, വെളുത്ത നിറത്തിൽ പടികൾ അടുക്കിവെച്ച പോലെ എനിക്ക് തിരിച്ചു കയറാനായി ദൈവം നിർമ്മിച്ച പടികൾ. ആവാം. അല്ലാതിരിക്കാം. പക്ഷെ, അതെയെന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. കാരണം ആ മൂന്നു വേരുകളാണ് ദൈവത്തിന്റെ, ഞാൻ കണ്ട ഏറ്റവും വലിയ കരങ്ങൾ. അവസാനത്തെ തരി ശ്വാസത്തിന് മറ്റു ശ്വാസോച്ച്വാസങ്ങളെക്കാളേറെ മനുഷ്യനെ ജീവിപ്പിക്കാനുള്ള കഴിവുണ്ടായിരിക്കണം, സർവ്വശക്തിയുമെടുത്ത് തിരിച്ചു കയറാൻ ഒരേന്തൽ. പിന്നെ ഓർമ്മയില്ല. എല്ലാം ശൂന്യമാക്കിയ തളർച്ച.

P. S – മുങ്ങിത്താഴലുകൾ ജീവിതത്തിന്റെ ഭാഗം മാത്രം. ഒരുപാട് തവണ മുങ്ങിത്താഴുമ്പോൾ ജീവിതം തന്നെ നീന്താൻ പഠിപ്പിക്കും, ദൈവത്തിന്റെ കരങ്ങളുടെ ദൈർഘ്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ട്.

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്