ശബ്ദത്തിന്റെ മോഹിപ്പിക്കാനുള്ള കഴിവിനെയാവും സംഗീതം എന്ന് വിളിക്കുന്നത്. അതോ പ്രപഞ്ചത്തിന്, ഏകാന്തമായ മനസ്സിനോട് സല്ലപിക്കാനുള്ള ഉപാധിയോ? വാക്കുകൾക്കപ്പുറത്തെ അനുഭവമാണ് പ്രണയം പോലെ സംഗീതവും.
സംഗീതത്തെ പ്രണയിക്കാത്ത ഒരു കാലഘട്ടം ഉണ്ടായിരുന്നു ജീവിതത്തിൽ. തലയ്ക്കുള്ളിൽ സ്വാഭാവികമായി നിലനിൽക്കുന്ന ചിന്തകളുടെ കലപിലയാവാം, പലപ്പോഴും ടേപ്റെക്കോർഡറിൽ നിന്നും കേൾക്കുന്ന ഒരുപാട് വാദ്യോപകരണങ്ങളുടെ അകമ്പടിയോടു കൂടിയ പാട്ടുകൾ ഒരു ശല്യം, അല്ലെങ്കിൽ ‘just a lot of noise’ ആയിട്ട് മാത്രമായാണ് അന്നൊക്കെ എനിക്ക് അനുഭവപ്പെട്ടിരുന്നത്. സംഗീതപ്രേമിയായ ചേച്ചിയോടുള്ള വഴക്കുകൾക്കുള്ള കാരണങ്ങളിലൊന്ന് ടേപ്പ് റെക്കോഡർ സ്വിച്ച്ഓഫ് ചെയ്യാൻ വേണ്ടിയുള്ളതായിരുന്നു.
ഓർമ്മ വെച്ച കാലം മുതൽ ശബ്ദം നന്നായത് കൊണ്ടും, അച്ഛനമ്മമാരുടെ സംഗീതപ്രേമം കൊണ്ടും സംഗീതത്തിന്റെ പേരിൽ ഞാൻ ഒരുപാട് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഞാൻ ആസ്വദിക്കാത്ത, I was totally a late bloomer, അതു കൊണ്ടു തന്നെ ആ പ്രായത്തിൽ എനിക്ക് മനസ്സിലാക്കാനാവാത്ത ശാസ്ത്രീയ സംഗീത പഠനങ്ങളും, ഭയപ്പെട്ടിരുന്ന മത്സരവേദികളും തന്നെ സംഗീതത്തോട് വിദ്വേഷം ആണ് സൃഷ്ടിച്ചത്. അഞ്ചു വർഷം ശാസ്ത്രീയ സംഗീതം അഭ്യസിപ്പിച്ച മാഷ് മതിയാക്കി പോയപ്പോൾ ‘കഴിവുണ്ടായത് കൊണ്ട് കാര്യമില്ല, കുറച്ചു താല്പര്യം കൂടെ വേണം ‘ എന്ന് പറയാൻ മറന്നില്ല.
മാറ്റം സംഭവിച്ചത് പതിമൂന്നാം വയസ്സിലാണ്. അവിചാരിതമായി, പ്രാവീണ്യം നേടിയ ഒരാളുടെ കൈവിരലുകൾ ഗിറ്റാറിൽ ഉതിർത്ത സംഗീതം എന്റെ മനസ്സിനെ കീഴടക്കി. ഉടനെ തന്നെ ഒരു ഗിറ്റാർ സ്വന്തമാക്കി, ക്ലാസ്സിൽ ചേർന്നു. ആദ്യപ്രണയം. ആ ലഹരിയിൽ മുഴുകി ഉറങ്ങാൻ മറന്നുപോയ ഓരോ രാത്രിയും ഏതൊരു പകലിനേക്കാൾ പ്രിയമായിരുന്ന ഒരു കാലമുണ്ടായിരുന്നു. I don’t know whether it healed or worsened the madness, but I loved that madness in me. സംഗീതം ഇറങ്ങിച്ചെല്ലുന്നത് മനസ്സിലെ ഉന്മാദിയുടെ ഇരുട്ടറയിലേക്കാവുമ്പോൾ, അത് അവന് ഏറ്റവും നല്ല കൂട്ടാവും, പ്രണയമാവും, ഉന്മാദം മൂർഛിക്കാനുള്ള കാരണവും, അതിനെ നിയന്ത്രണവിധേയമാക്കുന്ന മരുന്നും.
ട്യൂൺ ചെയ്ത സ്ട്രിംഗുകളും മനസ്സും വിരൽ കോർത്ത് ഏതോ കരയിൽ, എന്തോ തിരഞ്ഞ് നടക്കുമ്പോൾ അലയടിക്കുന്ന ശബ്ദതരംഗങ്ങൾക്ക് പ്രപഞ്ചത്തിന്റെ മുഴുവൻ മൗനത്തെ ഭേദിക്കാനുള്ള കഴിവുണ്ടായിരിക്കും. സ്ട്രൈക്കർ സ്ട്രിങ്ങിൽ തട്ടുമ്പോൾ വായിക്കുന്നവന്റെ മനസ്സിൽ വീഴുന്നത് തണുത്ത മഴത്തുള്ളികളാണ്.
ഒരൊറ്റ ‘നോട്ട് ‘ ന്റെ തിരച്ചിലിൽ വിരലുകളുടെ വേദന കണക്കിലെടുക്കാതെ ഒരു രാത്രി മുഴുവൻ ഉറക്കമൊഴിച്ച് നിരാശയോടെ കിടന്നുറങ്ങി രാവിലെ എഴുന്നേറ്റ് കൈവെക്കുമ്പോൾ കയ്യിൽ തടയുന്ന ആ നോട്ട്. മണിക്കൂറുകൾക്ക് ശേഷം അടക്കിപ്പിടിച്ച ശ്വാസം പുറത്തേക്കെടുത്തതുപോലയുള്ള ആശ്വാസം, ഒരു അടങ്ങാത്ത ത്രിൽ. ആനന്ദത്തിന്റെയും വിഷാദത്തിന്റെയും ഇടയിൽ നിന്ന് സംഗീതം സമ്മാനിയ്ക്കുന്ന ഉന്മാദം. ലഹരി. The real addiction അനുഭവിച്ചറിഞ്ഞ മൂന്ന് വർഷം. പക്ഷെ, അതു തന്നെയാണ് ഉപേക്ഷിച്ച് തിരിഞ്ഞു നോക്കാതെ നടന്നകലാൻ പഠിപ്പിച്ച ആദ്യപ്രണയവും.
എന്റെ ഗിറ്റാർ വായനയ്ക്ക് വീട്ടിൽ പരസ്യമായി സ്വീകാര്യത നിലനിന്നുരുന്നെങ്കിൽ പോലും, അവരതിനെ ഒരുപാട് പ്രോത്സാഹിപ്പിച്ചില്ല എന്ന് പറയുകയാവും ശരി. പഠിക്കാനുള്ള സമയം അതിന് മുകളിൽ ‘ചുരണ്ടിയിരുന്ന് ‘ പാഴാക്കുന്നതിലുള്ള എതിർപ്പും. പക്ഷേ, ഞാൻ നിർത്തിയത് അതുകൊണ്ടൊന്നും അല്ല. മറ്റുള്ളവർ പറഞ്ഞു പഠിപ്പിച്ച പാഠങ്ങൾ ഏറ്റു ചൊല്ലുന്നതിനിടയിൽ സ്വയം മറന്ന രാപ്പാടികൾ നിറഞ്ഞ സമൂഹത്തിൽ, പറയാൻ പുതുമയില്ലാത്ത എന്തോ ഒരു കാരണം. അത്രതന്നെ.
പിന്നീട് സംഗീതത്തോട് താല്പര്യം തോന്നി, വരികളുടെ അർത്ഥം മനസ്സിലാക്കി ഞാൻ പാടിത്തുടങ്ങിയത് എനിക്ക് കുഞ്ഞുണ്ടായപ്പോഴാണ്. പക്ഷേ, അവൻ സംസാരിച്ചു തുടങ്ങിയപ്പോൾ ‘അമ്മേടെ പാട്ട് കേട്ടിട്ട് എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല’ എന്ന ഒറ്റ പറച്ചിലിൽ തന്നെ ഞാൻ നിർത്തി. പക്ഷേ, രണ്ടാമത്തെ കുഞ്ഞു വളർന്നു തുടങ്ങിയപ്പോഴാണ് ഞാൻ സംഗീതത്തെ വീണ്ടും അറിഞ്ഞു തുടങ്ങിയത്. വളർച്ചയിൽ പല ദുർഘടങ്ങളും നേരിടേണ്ടി വന്ന അവന് വളരെ എളുപ്പം മനസ്സിലാവുന്ന ഭാഷയാണ് സംഗീതം എന്ന തിരിച്ചറിവാണ് അതിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ എന്നെ നിർബന്ധിതയാക്കിയത്. ജീവിതത്തിലൊരിക്കലും ആസ്വദിക്കാനാവില്ലെന്നു കരുതിയ ഹിന്ദുസ്ഥാനി സംഗീതവും ഗസലുകളും പഴയ ഹിന്ദി ഗാനങ്ങളും അങ്ങേയറ്റം ആസ്വാദ്യകരമായി മാറിയത് എനിക്ക് തന്നെ അത്ഭുതമാണ്. സംഗീതം ചെന്ന് തൊടുന്നത് മനസ്സിനെയല്ല ആത്മാവിനെയാണെന്ന് തോന്നാറുണ്ട് പലപ്പോഴും.
ആദ്യമായി സംഗീതത്തോട് പ്രിയം തോന്നിയപ്പോഴും, മത്സരങ്ങളിൽ പങ്കെടുക്കാനായല്ല ഞാൻ ഗിറ്റാർ വായിച്ചു തുടങ്ങിയത്. എനിക്ക് കേൾക്കാനാണ്. എനിക്ക് മാത്രം. മനസ്സ് നിശ്ശബ്ദമാവുന്ന ആ നിമിഷങ്ങൾ ആസ്വദിക്കാൻ മാത്രം. പ്രണയം സംഗീതത്തോടായിരുന്നോ എന്നു ചോദിച്ചാൽ. അല്ല എന്നോ, അറിയില്ല എന്നോ പറയേണ്ടത് ? രണ്ടും ശരിയാവാം. മനസ്സിൽ ശൂന്യമായൊരാകാശം സൃഷ്ടിച്ച്, അതിൽ ലഹരി നിറയ്ക്കുന്ന ഈണങ്ങളോട് ഇന്ന് വല്ലാത്തൊരു ഇഷ്ടമുണ്ട്. മാറി എന്നു മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ച ഒരു ഭ്രാന്തിന്റെ ചങ്ങലപ്പാടുകളിൽ അണിഞ്ഞ പാദസരം പോലെ എന്റെ മനോവ്യതിയാനങ്ങളെ നിയന്ത്രണ വിധേയമാക്കാൻ ധ്യാനം പോലെ ഇന്ന് സംഗീതത്തിനും സാധിക്കുന്നു.
P. S – വയലിനിന്റെ ഈണം കൊണ്ട് മാസ്മരികമായ ലോകം തീർത്ത് എന്റെ കൗമാരഹൃദയത്തെ നോവിച്ച ബാലഭാസ്കർ എന്ന അതുല്യപ്രതിഭയെ സ്മരിക്കുന്നു.