അച്ഛൻ ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷന്റെ ഡയറക്ടറായി തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന കാലം, അമ്മ ഡെപ്യൂറ്റേഷനിൽ ആയുർവേദ ഡ്രഗ് റിസർച്ച് സെന്ററിലും. ക്വാട്ടേഴ്സിൽ രണ്ടു പ്രാവശ്യം കള്ളൻ കയറിയ ശേഷം അമ്മയ്ക്ക് ഹെർബൽ ഗാർഡനിലെ തോട്ടക്കാരൻ രണ്ടാഴ്ച പ്രായമുള്ള ബ്രൗൺ നിറംത്തിലുള്ള ഒരു പട്ടിക്കുട്ടിയെ കൊടുത്തു. തനി നാടൻ. ഞാനും ചേച്ചിയും ഹോസ്റ്റലിലായിരുന്ന ആ കാലത്തെ് അച്ഛനമ്മമാരുടെ സ്നേഹസാമീപ്യമായി, കുപ്പിപ്പാലും കിടക്കാൻ മെത്തയും എന്നു വേണ്ട, എല്ലാ സൗകര്യങ്ങളോടും കൂടി മക്കളെക്കാൾ വഷളായി, ഡയറക്ടറുടെ പട്ടി എന്ന പ്രാദേശിക നാമത്തിന്റെ അഹങ്കാരത്തോടെ അവൻ വളർന്നു.
എനിക്ക് പട്ടിയെ ഇഷ്ടമല്ല, അന്ന് പേടിയും ആയിരുന്നു. ചെറുപ്പത്തിൽ ഒരു കറുത്ത പട്ടി ഓടിച്ചിട്ട് പേടിച്ച് പനി പിടിച്ചതാണ്.
അച്ഛന് മൃഗങ്ങളെ കൂട്ടിലിട്ട് വളർത്തുന്നത് ഇഷ്ടമല്ലായിരുന്നു. ‘സ്വാതന്ത്ര്യമാണ് എല്ലാ ജീവികളുടെയും സന്തോഷം. അതാണ് പ്രകൃതി നിയമം.’ അതായിരുന്നു അച്ഛന്റെ വാദം.
‘അപ്പൊ കൂടോ?’ സ്വാഭാവികമായും ഉണ്ടായ ചോദ്യം അച്ഛൻ സൂക്ഷിച്ചിരുന്ന മൂല്യങ്ങൾ ഓർത്തല്ല, ആ സാധനം വെക്കേഷന് ചെല്ലുമ്പോൾ വീട്ടിലുണ്ടാവുമല്ലോന്ന് ഓർത്താണ്.’ കൂടൊന്നുമില്ല. അവൻ അകത്തൊക്കെ ഓടിക്കളിച്ച് നടക്കുന്നു. ബെൽറ്റുണ്ട്. ആരെങ്കിലും വന്നാൽ കെട്ടും.’
Great!!!!
‘നീയതിന് ഒരു പേര് പറയ്.’
‘കിട്ടു…’ എവിടെന്ന് എന്റെ വായിൽ ആ പേര് വന്നു എന്നറിയില്ല. ‘അയ്യെ കിട്ടുവോ. നീ ഒരു നല്ല സ്റ്റൈലുള്ള പേര് പറയ്.’ അമ്മയ്ക്കിഷ്ടപ്പെട്ടില്ല.
‘ഓ… പിന്നെ. അമ്മേടെ ലോക്കൽ നായയ്ക്ക് ലോക്കൽ പേരൊക്കെ മതി.’ ഒരു മൃഗത്തോട് അല്ലെങ്കിൽ അവന്റെ നിലവാരത്തോട് മനുഷ്യന് തോന്നുന്ന അവജ്ഞ. എന്തായാലും ഞാൻ പിന്നെ പേരു പറയാനും ചോദിക്കാനും പോയില്ല. പക്ഷെ, അവൻ കിട്ടുവായി.
രണ്ട് മാസം കഴിഞ്ഞ് ആദ്യമായി, ജീൻസും ഷർട്ടും ഇട്ടു കയറി വന്ന എന്നെ കണ്ടപ്പൊ ഒരു കുര. ചങ്ങലയിലാണ്. ഭാഗ്യം. ‘ഏയ് കുഞ്ഞാ… കുരയ്ക്കാനൊന്നും പാടില്ല. ഇത് നമ്മടെ ഇവടത്തെ ആളാ.’ അച്ഛൻ പറഞ്ഞു.
അച്ഛനും അമ്മയും വേറെ ചെറിയ കുട്ടികളെ കൊഞ്ചിക്കുന്നതിൽ ഒരിക്കലും അസൂയ തോന്നിയിട്ടില്ലാത്ത എനിക്ക് പക്ഷെ എന്തുകൊണ്ടോ ഇത് രസിച്ചില്ല. മനുഷ്യസഹജമായ ചില വാസനകൾ, ഇല്ല എന്ന് അവകാശപ്പെടുന്നവരിലും അത് കുറച്ച് ആഴത്തിൽ മൂടിവെയ്ക്കപ്പെട്ടവ മാത്രമാകുന്നു പലപ്പൊഴും.
പിരികം ചുളിച്ച് വിരലും ചൂണ്ടി അവന്റെ നിഷ്ക്കളങ്കമായ മുഖത്ത് നോക്കി. ‘നീയാടാ പട്ടീ എവിടെന്നോ കയറി വന്നത്. ഞാൻ ഇവിടെത്തെ കുട്ടിയാ.’ എന്ന് പറഞ്ഞ് തിരിഞ്ഞു നടന്നു. ‘നീയവനെ പട്ടീന്ന് വിളിക്കല്ലേ, അവന് വിഷമമായി.’ തിരിഞ്ഞു നോക്കിയപ്പൊ രണ്ട് കൈയ്യും ക്രോസ് ചെയ്തു വെച്ച് തല അതിനു മുകളിൽ വെച്ച് വിഷാദഭാവത്തിൽ ഒരു ദീർഘനിശ്വാസവും വിട്ട് കിടക്കുന്നു. മനുഷ്യൻ മൃഗത്തേക്കാൾ ചെറുതാവുന്ന നിമിഷങ്ങൾ. പക്ഷെ, എനിക്ക് ചാരിതാർഥ്യം കിട്ടി. പിന്നീട് അഴിച്ചു വിട്ടപ്പോൾ പതുക്കെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് അവൻ വന്ന് പുറംതിരിഞ്ഞ് എന്റെ കാലിൽ ചാരിക്കിടന്നു. സൗഹൃദം സ്ഥാപിക്കാൻ ഞാൻ പരാജയപ്പെട്ടിടത്ത് അവൻ വിജയിച്ചു.
കിട്ടുവിനെ സംബന്ധിച്ച് ഞാനും അവനും തുല്യരാണ്. ഇനി അച്ഛൻ എന്നെ കുട്ടാ എന്ന് വിളിച്ചിരുന്നത് കൊണ്ടാണോ എന്നറിയില്ല. പലപ്പൊഴും എന്നെ വിളിക്കുമ്പോൾ അവൻ ഓടി വരും. കുട്ടനും കിട്ടുവും സഹോദരങ്ങളാണെന്ന് ധരിച്ചു കാണും. ഞാൻ ചെന്നാൽ, ഒരിക്കലും കട്ടിലിൽ കയറിക്കിടക്കാത്ത അവന് എന്റെ കൂടെ കട്ടിലിൽ കിടക്കണം, ഭക്ഷണം കഴിക്കുമ്പോൾ മേശയ്ക്കരികിൽ നിന്ന് മണം പിടിക്കും. അമ്മ എനിക്ക് മാത്രം സ്പെഷ്യലായിട്ട് എന്തെങ്കിലും തരുന്നുണ്ടോ എന്ന സംശയം. ഞാൻ അവനകണ്ടാൽ അവസരത്തിനൊത്ത് ചൊറിയൻ കിട്ടു… മടിയൻ കിട്ടു… നൊണയൻ കിട്ടു… മണ്ടൻ കിട്ടു…പൊട്ടൻ കിട്ടു… എന്നൊക്കെ വിളിക്കും. ഒരിക്കൽ കൊതി സഹിക്കാൻ വയ്യാതെ അടുക്കളയിൽ നിന്ന് മുട്ട എടുത്ത് കൊണ്ട് പോകുന്നത് കണ്ട് മുട്ടക്കള്ളൻ കിട്ടു എന്ന് വിളിച്ചു. അത് അവന് ഭയങ്കര അപമാനമായിപ്പോയി. അന്ന് ഭക്ഷണമേ കഴിച്ചില്ല.
എന്നെക്കാൾ നന്നായി സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കാൻ അവന് കഴിയാറുണ്ടായിരുന്നു എന്ന് പലപ്പൊഴും തോന്നിയിട്ടുണ്ട്. സ്നേഹം തോന്നിയാൽ തൊട്ടുരുമ്മി ഇരിക്കും, പിണച്ചു വെച്ച കയ്യിന്മേൽ തലവെച്ചുള്ള ദുഖപ്രകടനങ്ങൾ, ദേഷ്യം വന്നാൽ മുരളൽ, അങ്ങനെ എല്ലാം വീട്ടിലുള്ളവർക്ക് വ്യക്തം. ചേച്ചിയുടെ കല്യാണം കഴിഞ്ഞ സമയത്താണ് ഒരിക്കൽ ഏട്ടൻ കളിയിൽ ചേച്ചിയുടെ ടൗവ്വൽ പിടിച്ചു വാങ്ങിയത്. അടിപിടിയാണെന്ന് തെറ്റിദ്ധരിച്ച് അവൻ ഏട്ടനോട് ഒന്നു മുരണ്ടു, അകത്തു പോയി ചെരുപ്പുകൾ നിരത്തി വെച്ചിരിക്കുന്നിടത്ത് പോയി ഏട്ടന്റെ ഷൂസുകൾ ഒരോന്നായി എടുത്ത് മുറ്റത്ത് കൊണ്ടിട്ടു. കടക്കു പുറത്ത്, എന്നതിന്റെ ക്രിയാത്മകമായ പ്രകടനം.
ഗേറ്റിന് പുറത്തുള്ള എന്തിനു മുന്നിലും അവന് മറ്റൊരു മുഖമായിരുന്നു. അത് കാരണം എലിയും പൂച്ചയും എന്ന പോലെ പോസ്റ്റുമാനും ഇലക്ട്രീഷ്യനും വരെ ആ വഴിക്ക് വരാതെയായി. ആ മുഖത്തിന്റെ ഭീകരത പുറത്ത് വരുന്നത് അപ്പുറത്തെ വീട്ടിലെ, അവന്റെ രണ്ടിരട്ടി വലിപ്പമുള്ള, ആ ഏരിയയിലെ നായകളുടെ പേടിസ്വപ്നമായ ടോമിയുടെ മൂക്ക് കടിച്ചു മുറിച്ച് അവനെ നിർദ്ദയം തോൽപ്പിച്ചപ്പോഴാണ്. അതിനു ശേഷം അവന്റെ നടപ്പിൽ പോലും ആ അഹങ്കാരത്തിന്റെ ഞെളിച്ചിൽ ഇല്ലേ എന്ന് എനിക്ക് തോന്നീട്ടുണ്ട്. പക്ഷേ മനുഷ്യനൊരിക്കലും കൈവരാൻ സാധ്യതയില്ലാത്ത ഒരു ഗുണം അവനുണ്ടായിരുന്നു. ഒരൊറ്റ കുരയിൽ തീർക്കാവുന്ന എന്റെ അഹങ്കാരം, സ്നേഹം എന്നൊരൊറ്റ വാക്കിൻമേൽ അവൻ സഹിച്ചു.
ഇത്രയൊക്കെ സ്വാതന്ത്ര്യം കിട്ടിയിട്ടും തക്കം കിട്ടിയാൽ ഗേറ്റ് കടന്ന് പുതിയ ലോകങ്ങൾ കാണാൻ ഒരു പോക്കുണ്ട്. ചിലപ്പൊ രണ്ട് ദിവസം…ചിലപ്പൊ രണ്ടാഴ്ച. വീട്ടിലെ വൃത്തിയുള്ള പാത്രത്തിൽ പാലും മുട്ടയും ചോറും പൊറോട്ടയും ബീഫും കഴിച്ചു വളർന്ന പരിഷ്കാരി നാടന് അൺഹൈജീനിക് ഫുഡ്ഡ് കഴിക്കാൻ പറ്റാത്തത് കാരണം തിരിച്ചെത്തുമ്പോഴേക്കും എല്ലും തോലുമാവും. പക്ഷേ വിശന്നിരുന്നതിന്റെ തിക്താനുഭവങ്ങളേക്കാൾ താൻ കണ്ട ലോകത്തിന്റെ സൗന്ദര്യവും സ്വാതന്ത്ര്യവും അവനെ മോഹിപ്പിച്ചിട്ടുണ്ടാവും. അത് കൊണ്ട് വീണ്ടും പോവും. ഒരിക്കൽ പോയി തിരിച്ചു വന്നത് വണ്ടിതട്ടി ഒടിഞ്ഞ ചോരയൊലിക്കുന്ന കാലുമായാണ്. എന്തായാലും ആയുർവേദ പ്രകാരമുള്ള ചികിത്സ തന്നെ അവനും. മുറിവെണ്ണ ഒഴിച്ച് സ്പ്ളിന്റ് വെച്ച് കെട്ടി. രണ്ടാഴ്ച കൊണ്ട് കിട്ടു ഓൾറൈറ്റ്.
പക്ഷെ വണ്ടിയിടിച്ചതിന്റെ ആഘാതം കാലിനു മാത്രമായിരുന്നില്ല.
വർഷങ്ങൾക്ക് ശേഷം അച്ഛനും അമ്മയും ആറു വർഷത്തെ തിരുവനന്തപുരം വാസം വെടിഞ്ഞ് കോഴിക്കോടെത്തി. പക്ഷെ സ്ഥലപരിമിതിയും, ആളുകളുടെ ഇടതടവില്ലാത്ത വന്നു പോക്കും അച്ഛനമ്മമാർക്ക് ബന്ധങ്ങളുടെ സുരക്ഷിതത്വത്തിന്റെ വലയം നൽകിയപ്പോൾ കിട്ടുവിനത് ബന്ധനത്തിന്റെയും അസ്വാതന്ത്ര്യത്തിന്റെയും ഒരധ്യായത്തിന്റെ തുടക്കമായിരുന്നു അത്. അവരവനെ പരിമിതികളിൽ പരമാവധി ശ്രദ്ധിച്ചിരുന്നെങ്കിലും അവൻ മൗനിയായി.
എനിക്ക് ഒരു കുഞ്ഞായതോടെ അവൻ തീർത്തും വീടിന് പുറത്തായി. അതിനെ കാണാൻ അവസരം കിട്ടുമ്പൊഴൊക്കെ കട്ടിലിനടുത്ത് വരും.
കാലം കടക്കുമ്പോൾ ബന്ധങ്ങൾക്ക് വരുന്ന മാറ്റങ്ങൾ. മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ബാധകം.
അങ്ങനെയിരിക്കെ ഒരു ദിവസം മുറ്റത്ത് ഓടുന്നതിനിടയിൽ പെട്ടെന്ന് അവൻ നിലത്തു വീണു. പിന്നെ തലയിട്ടടിക്കാൻ തുടങ്ങി. വായ കോച്ചിപ്പിടിച്ചതു പോലെ ഒരു ഭാഗത്തേക്ക് വലിഞ്ഞു. തല പിന്നെയും ഒരു പരപ്രേരണയാലെന്നപോലെ അടിച്ചു കൊണ്ടിരുന്നു. വായിൽ നിന്നും നുരയും പതയും വന്നു തുടങ്ങി. അച്ഛനും അമ്മയും ഞാനും ഞെട്ടിത്തരിച്ച് നിൽക്കുകയാണ്. പെട്ടന്ന് അനക്കം നിന്നു. ഒഴുകുന്ന കണ്ണീരോടെ അമ്മ ‘കിട്ടൂ’ എന്ന് വിളിച്ചു. അവൻ കണ്ണുയർത്തി അമ്മയെ ദയനീയമായൊന്ന് നോക്കി. നെഞ്ചിൽ കല്ലെടുത്തു വെച്ച ഭാരം. അച്ഛൻ കുറച്ച് വെള്ളം അവന്റെ വായിലൊഴിച്ചു കൊടുത്തു. അതിറക്കി അവൻ എഴുന്നേറ്റ് പോയി. നോർമ്മലായി.
ഡോക്ടറെ കാണിച്ചു. വർഷങ്ങൾക്ക് മുൻപ് വണ്ടിയിടിച്ചപ്പോൾ തലച്ചോറിലേറ്റ ആഘാതം… മരുന്ന് കൊടുത്തു. പലപ്പോഴായി പിന്നെയും കിട്ടുവിന് അപസ്മാരം ഉണ്ടായി. അങ്ങനെ ഒരു ദിവസം ദയനീയമായി അച്ഛനെയും അമ്മയേയും എന്നെയും മാറി മാറി നോക്കിയതിനു ശേഷം അവൻ കണ്ണുകളടച്ചു, അവന്റെ സ്വതന്ത്രമായ ലോകത്തേക്ക് പറന്നു പോയി. മരണം ദുഖകരമെങ്കിലും പെട്ടന്നുണ്ടാവുന്ന മരണത്തേക്കാൾ ആഘാതം കുറയ്ക്കും പ്രതീക്ഷിച്ചിരിയ്ക്കുന്ന മരണം, നമ്മൾ സ്നേഹിക്കുന്നവരുടെ ദുരിതങ്ങൾക്ക് കിട്ടുന്ന ആശ്വാസം. കിളികളുപേക്ഷിച്ച പൊത്തു പോലെ ഒരു ജീവന്റെ നഷ്ടം സൃഷ്ടിച്ച ശൂന്യത, മാറ്റാരെങ്കിലും നികത്തുന്നതു വരെ ഒഴിഞ്ഞു കിടക്കും.
പക്ഷെ, ഓർമ്മകളും മനസ്സിലേക്കിറങ്ങിയ വേരുകളുടെ ആഴവും ഓരോന്നിനും വ്യത്യസ്തം.