ഫ്രൈഡേസീരീസ് – 11 : ഗേൾസ് ഒൺലി

കാലപ്രവാഹം പോലെ പ്രവചനാതീതമാണ് മനുഷ്യജീവിതം. മനുഷ്യനെന്ന ഒറ്റ വർഗ്ഗത്തിന് തന്നെ വീണ്ടും വകഭേദങ്ങൾ. അതിലും പ്രായം, ദേശം, അറിവ്, താല്പര്യങ്ങൾ, അനുഭവങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ കാരണങ്ങൾ തീർക്കുന്ന അപരിസംഖ്യേയം വിഭാഗീയതകൾ. സാമാന്യഗുണങ്ങൾ കൊണ്ട് ഏകോപിപ്പിക്കപ്പെടുമ്പോഴും വ്യത്യാസങ്ങൾ കൊണ്ട് ഇത്ര വിപുലമായ രീതിയിൽ വിഭജിക്കപ്പെടുന്ന ഏക ജീവി മനുഷ്യനാവും. എല്ലാ വിഭാഗത്തെയും ഒരുപോലെ അംഗീകരിക്കാനും സ്വീകരിക്കാനും മനുഷ്യ മനുസ്സുകൾ പര്യാപ്തമാവേണ്ടതുണ്ടെന്നുള്ളത് തിരസ്കരിക്കാനാവാത്ത യാഥാർഥ്യമാണ്. അറിയാത്തവന്റെ ലോകത്തിന് ഒറ്റ മുഖമേ ഉള്ളൂ, അറിയുന്നവന്റെ ലോകം എണ്ണമറ്റ മുഖങ്ങളുള്ളതും.

‘ഗേൾസ് ഒൺലി’ എന്ന ശക്തമായ ആശയത്തിന് കീഴിലായിരുന്നു എന്റെ ഹൈസ്കൂൾ  വിദ്യാഭ്യാസം. സ്ത്രീകളുടെ നേതൃത്വമികവിന്റെയും, ആ ലോകത്തെ സ്വാതന്ത്ര്യത്തിന്റെയും, പ്രോത്സാഹാഹനങ്ങളുടെയും സ്നേഹത്തിന്റെയും സംരക്ഷണവലയത്തിൽ ഒരു പെൺകുട്ടി പരിമിതികളുടെ അല്ലലുകളില്ലാതെ സധൈര്യം ചിറകുവിടർത്താൻ പഠിക്കുന്നു. ശാരീരികവും മാനസികവുമായ വലിയ പരിണാമങ്ങൾ സംഭവിക്കുന്ന ആ കാലഘട്ടത്തിൽ  മനശ്ചാഞ്ചല്യങ്ങളില്ലാതെ ലക്ഷ്യങ്ങൾ മറികടക്കാൻ വേദിയൊരുക്കാൻ ഈ മഹത്തായ ആശയത്തിന് ഒരു പരിധി വരെ കഴിയുമായിരിക്കാം. പക്ഷേ, ജീവിതവിജയങ്ങളിലേക്ക് മാത്രം നയിക്കാൻ ഒരു തുടർപ്പാതയ്ക്ക് ആവുമോ എന്നുള്ളത് ചിന്തനീയം.

ആഴത്തിലുള്ള ആൺപെൺസൗഹൃദങ്ങൾ നിറഞ്ഞ പ്രീഡിഗ്രിയ്ക്കും ആയുർവേദപഠനത്തിനും ഇടയിലെ ഇടവഴിയിൽ, എന്റെ ആദ്യത്തെ ഹോസ്റ്റൽ ജീവിതത്തിനിടയിൽവെച്ചാണ് ലോകത്തിന്റെ, അതുവരെ അപരിചിതമായ പല ഭാവങ്ങളും ഞാൻ കണ്ടു തുടങ്ങിയത്. ‘നിന്റെ സൗന്ദര്യം എന്നെ വല്ലാതെ ആകർഷിക്കുന്നു’ എന്ന് മുഖവുരയില്ലാതെ ആദ്യം പറഞ്ഞുകേട്ടത് ഒരു ആണിൽ നിന്നല്ല, മറിച്ച് ഒരു പെണ്ണിൽ നിന്നാണ്. അറിവുകേട്‌ ചിലപ്പോൾ ഒരു അനുഗ്രഹമാവും. അതുകൊണ്ടുതന്നെ ആ ‘ഡയലോഗ്’ എന്നിൽ പ്രത്യേകിച്ച് ഭാവവ്യത്യാസം വരുത്തിയും ഇല്ല. ഒരു കാരണവും ഇല്ലാതെ ഒരു പെൺകുട്ടി മറ്റൊരു പെൺകുട്ടിയെത്തന്നെ ദീർഘനേരം നോക്കിയിരിക്കുന്നതിന്റെ അസ്വാഭാവികതയെക്കുറിച്ച് കൂടുതൽ ചിന്തിക്കാനുമാവില്ലായിരുന്നു.

കടന്നു പോയ പലതിന്റെയും വ്യാഖ്യാനങ്ങൾ ചിന്തിച്ചു തുടങ്ങിയത് മൂന്നുപേരുള്ള റൂമിലെ ഒരാൾ വീട്ടിൽ പോയപ്പോൾ വാർഡൻ മുൻപോട്ട് വെച്ച നിബന്ധനകൾ കാരണമാണ്. പത്തുമണിക്ക് ശേഷം ഉറങ്ങാൻ കിടക്കുമ്പോഴല്ലാതെ, അതും നിർബന്ധമെങ്കിൽ മാത്രം, വാതിലടച്ച് കുറ്റിയിടാൻ പാടില്ല. ‘കംബൈൻഡ് സ്റ്റഡി’ റൂമിന് പുറത്താവാം. കട്ടിൽ അടുപ്പിച്ചിടരുത്. ‘പക്ഷേ എന്തുകൊണ്ട്?’. എന്റെ സംശയത്തിന് മറുപടി തന്നത് വിമെൻസ് കോളേജും ഹോസ്റ്റലും കടന്നു വന്ന എന്റെ സുഹൃത്താണ്. ധന്യയ്ക്ക്  ‘ഹോമോസെക്ഷ്വാലിറ്റി’ എന്താണെന്നറിയില്ലേ, എന്ന ചോദ്യത്തിന് മുൻപിൽ ഞാൻ പതറിപ്പോയി. കാരണം വിജ്ഞാനകോശങ്ങൾ കരണ്ട് തിന്നത് കൊണ്ടോ മധുരപ്പതിനാറും പതിനേഴുമൊന്നും കടന്നത് കൊണ്ടോ ഒന്നും യഥാർത്ഥ ലോകപരിജ്ഞാനം ആരുടേയും തലയിൽ താനേ വന്നു കയറില്ല.

എന്നാൽ, അന്ന് എനിക്ക് വെളിപാടുണ്ടായി . വിമെൻസ് കോളേജിലും ഹോസ്റ്റലിലും എന്ന് വേണ്ട എല്ലാ പെണ്ണിടങ്ങളിലും ആണിടങ്ങളിലും ഇതൊക്കെ സ്വാഭാവികം മാത്രം. അതുകൊണ്ട് തന്നെ ആ ലോകങ്ങളിൽ നിലനിൽക്കുന്നവർക്ക്, അതെക്കുറിച്ച് അറിവുള്ളവർക്ക്, മറ്റുള്ളവരെ സംശയം തോന്നാം, ഞങ്ങളുടെ വാർഡനെപ്പോലെ. ഇതൊന്നും അറിയാതെ കടന്നു പോയ കാലഘട്ടത്തിൽ കേട്ട,  ‘കൈപിടിച്ചത് കൊണ്ട് എന്നാ സുഖമാ പിള്ളേരെ നിങ്ങക്ക്‌ കിട്ടുന്നത്? ‘ എന്ന ചോദ്യം മനസ്സിലേക്ക് എവിടുന്നെന്നില്ലാതെ ഓർമ്മയിലേക്ക് വന്നു. അവജ്ഞ എന്ന വാക്കല്ലാതെ അന്നേരം തോന്നിയ വികാരത്തെ വർണ്ണിക്കാൻ മറ്റൊന്നിനും കഴിയില്ല. എന്റെ സുഹൃത്ത് ഇതൊന്നും പറഞ്ഞത് എനിക്കുണ്ടായ വികാരത്തോടെയല്ല. അനുഭവങ്ങളാണ്  മനുഷ്യനെ വ്യത്യസ്തരാക്കിത്തീർക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത്. ‘എന്നാലും…. ഒരു പെണ്ണിനോട് മറ്റൊരു പെണ്ണിന് എന്ത് തോന്നാൻ? ‘ എന്റെ സംശയം എന്റെ വിവരക്കേട് മാത്രമായിരുന്നിരിക്കണം, കേട്ടുകൊണ്ടിരുന്നതൊക്കെ എന്റെ ഭാവനകൾക്കതീതമായിരുന്നു. പക്ഷേ, അറിഞ്ഞു തുടങ്ങുമ്പോൾ ലോകത്തിന്റെ മുഖപടങ്ങൾ ഒന്നൊന്നായി അഴിഞ്ഞുവീഴുന്നു.

ആ പെണ്ണിടങ്ങളിൽ പെണ്ണും ആണും ഒക്കെ പെണ്ണ് തന്നെയാണ്. തലമുടി ബോബ് ചെയ്ത പെണ്ണ് മറ്റുള്ള പെണ്ണുങ്ങൾക്ക് ആണാണ്. അങ്ങനെയല്ലാതെയും ആവാം. പക്ഷേ ആ ‘ആണ്’ പല പേരിലും അറിയപ്പെടുന്നു. ‘സ്‌ക്രൂ’ എന്ന ഓമനപ്പേര് ഒരുദാഹരണം മാത്രം. പുരുഷസ്വഭാവമോ രൂപമോ ഒരിത്തിരിയുള്ള പെൺകുട്ടികൾ താരപുരുഷന്മാരാണ് അവിടെ. പുരുഷന്റെ അഭാവവും പ്രണയകാമനകളോടുള്ള പ്രായത്തിന്റെ ജിജ്ഞാസയുമാണ് പലപ്പോഴും എല്ലാത്തിനും തുടക്കമിടുന്നത്. ഒരു പെണ്ണ് മറ്റൊരു പെണ്ണിനോട് ചേർന്നു നടന്നാൽ ലോകത്തിന് പ്രത്യേകിച്ച് എതിർപ്പുണ്ടാവില്ലെന്ന ധൈര്യവും. പ്രണയവും പൊസ്സസ്സീവ്നെസ്സും അതിതീവ്രമാണ്, അതുകൊണ്ടു തന്നെ ‘ബ്രേക്ക് അപ്പു’കളും. നോട്ടങ്ങളിലോ പ്രണയമർമരങ്ങളിലോ ഒതുങ്ങാത്ത പ്രണയബന്ധങ്ങളുടെ ലോകം കാണാത്ത മേച്ചിൽപുറങ്ങളാണ് ഹോസ്റ്റലുകൾ. ഈ തലതരിപ്പിച്ച അറിവുകൾ എന്നിലേക്കെത്തിയത് പോലെ എല്ലാ ഹോസ്റ്റലുകളിലും കഴിയുന്ന എല്ലാ പെൺകുട്ടികളിലേക്കും എത്തിക്കോളണം എന്നില്ല. പ്രത്യേകിച്ച് പെണ്ണിടങ്ങളിൽ തന്നെ ഹോസ്റ്റൽ ജീവിതം അനുഭവിക്കാത്തവർക്ക്, അല്ലെങ്കിൽ ഒരു ‘മിക്സഡ് ‘ സ്ഥാപനങ്ങളിൽ പഠിക്കുന്നവരിലേക്ക്.

പ്രണയത്തിലോ കാമത്തിലോ മനുഷ്യനുണ്ടാകുന്ന നൈസർഗികമായ താല്പര്യം, ശാരീരികമാനസിക പരിണാമങ്ങൾക്ക് തുടക്കം കുറിയ്ക്കുന്ന ആ കാഘട്ടത്തിൽ സ്വാഭാവികം മാത്രം. അതിൽ ചിലർ സ്വവർഗാനുരാഗികളായും പരിണമിക്കാമെന്നതും നിഷേധിക്കാനാവാത്ത ഒരു യാഥാർഥ്യമാണ്. പക്ഷേ, മറുവിഭാഗത്തിന്റെ ന്യൂനതയെ പരിഹരിക്കാൻ അസ്വാഭാവികതയെ കൂട്ടുപിടിക്കുന്ന അവസ്ഥയാണ് അധികമായും മേൽപ്പറഞ്ഞ അവസരങ്ങളിൽ സംഭവിക്കുന്നത്.

‘സിഡ്നി ഷെൽഡൺന്റെ ‘If Tomorrow Comes’ എന്ന പുസ്തകത്തിൽ, നിലനിൽപ്പിനായി ഒന്നുകിൽ പോരാടുക അല്ലെങ്കിൽ സ്വവർഗരതി ആസ്വദിക്കുക എന്ന് ഒരു സ്ത്രീയെക്കൊണ്ട് അദ്ദേഹം പറയിപ്പിക്കുന്നുണ്ട്, പക്ഷേ അത്‌ ജയിലിന്റെ പുറംലോകം കാണാത്ത ഇരുമ്പഴികൾക്കുള്ളിലാണെന്നു മാത്രം. മിക്കവരും ഹോസ്റ്റൽ ജീവിതം അവസാനിക്കുമ്പോൾ തീവ്രമായ ദുഃഖത്തോടെയോ അല്ലാതെയോ പിരിയുന്നു. കാലത്തിന് മായ്ച്ചു കളയാൻ കഴിയുന്നത് കാലം മായ്ച്ചു കളയുന്നു. എന്നിട്ടും, വളരെ ചുരുക്കം ചിലർ വീണ്ടും സ്വകാര്യമായി ബന്ധം നിലനിർത്തുന്നു, വിവാഹം എന്ന സമൂഹത്തിന്റെ സ്വീകാര്യത അവരെ തേടിയെത്തുന്നത് വരെ. പക്ഷേ, അതിൽ നിന്നും കരകയറാനാവാതെ ജീവിതം നശിച്ചു പോകുന്നവരും വിരളമല്ല, പ്രത്യേകിച്ചും സ്വീകാര്യത എന്ന വാക്കിന് പ്രസക്തിയില്ലാത്ത ഒരു സമൂഹത്തിന്റെ ഭാഗമായിരിക്കുമ്പോൾ.

ആ കാലഘട്ടം എന്നെ പഠിപ്പിച്ചത് മറ്റൊന്നുമല്ല, ലക്ഷ്മണരേഖകൾ വെറും മായ മാത്രമാണ്. ലോകം തെറ്റുകൾ മാത്രം നിറഞ്ഞതല്ല, പക്ഷേ തെറ്റുകളും നിലനിൽക്കുന്നുണ്ട്. തെറ്റും ശരിയും അനുഭവങ്ങളാണ്, വളരെ വ്യത്യസ്തമായ അനുഭവങ്ങൾ. ചിലത് വെറുതെ കടന്നുപോകും, ഭാവിയിലേക്കായി ഒരു പുഞ്ചിരി അവശേഷിപ്പിച്ചുകൊണ്ട്. ചിലത് ജീവിതത്തെ തകർക്കാൻ പ്രാപ്തിയുള്ള അനുഭവങ്ങളായിത്തത്തീരുമെന്നുള്ളതും നിഷേധിക്കാനാവാത്ത സത്യമാണ്.
മതിലുകൾ തീർത്തത് കൊണ്ട് അനുഭവങ്ങൾ കടന്നുവരാതിരിക്കില്ല. കാഴ്ചപ്പാടുകൾ ഒരുപാടിനിയും മാറേണ്ടിയിരിക്കുന്നു. പെണ്ണ് പുരുഷനിൽ നിന്ന് അകന്ന് നിന്നാൽ സമൂഹത്തിന് ആശ്വാസമാണ്. ലോകത്തിന്റെ ബാക്കി അടിയൊഴുക്കുകൾ അനുഭവസ്ഥർക്കു മാത്രം പരിചിതം. 

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്