ഫ്രൈഡേസീരിസ് -16 : സൂര്യക്ഷേത്രം

പ്രണയം പലതരത്തിലാണ്. ആ പേരിൽ മനസ്സിനെ ചില ദിശകളിലേക്ക് പിടിച്ചു വലിക്കുന്നത് ജനമാന്തര രഹസ്യങ്ങളുടെ നിയന്താവായ ഒരുവന്റെ ആത്മാവ് തന്നെയാവണം. പ്രണയിക്കുന്ന എന്തിനെയും കണ്ടറിയാനും തൊട്ടറിയാനും വെമ്പുന്ന മനുഷ്യമനസ്സിന്, കാത്തിരിപ്പ് ഒരു തപസ്സാണ്.

പന്ത്രണ്ട് വർഷങ്ങൾക്കു മുൻപുള്ള ഒരു രാത്രി.സമയം പത്തുമണി.
‘ഞാൻ ഇപ്പോ എവിടെയാന്നറിയുമോ? ‘
‘ഇല്ല ‘
‘കൊണാർക് സൂര്യക്ഷേത്രത്തിനു മുൻപിൽ. അതിനു തൊട്ടുമുന്പിലുള്ള ഗസ്റ്റ്ഹൗസിന്റെ വരാന്തയിൽ സൂര്യക്ഷേത്രത്തിന് അഭിമുഖമായിരുന്നാണ് സംസാരിക്കുന്നത്.’
‘അതെയോ? ‘ആഹ്ലാദവും അത്ഭുതവും ആവേശവും നിറഞ്ഞ ഒരു ചോദ്യം അങ്ങകലെ നിന്ന്.
‘നിന്റെ സ്വപ്നഭൂമിയല്ലേ. പൂർണ്ണചന്ദ്രന്റെ നിലാവിൽ കുളിച്ച സൂര്യക്ഷേത്രം. ഒന്ന്‌ സങ്കല്പിച്ചു നോക്ക്. ‘
ഉത്തരമായി, മറ്റൊരു ലോകത്ത് നിൽക്കുന്ന ഒരാളിലേക്ക് പരകായപ്രവേശം നടത്തി ആ കണ്ണിലൂടെ നിലാവിൽക്കുളിച്ച സൂര്യക്ഷേത്രം കണ്ട് സ്വയം മറന്ന ഒരുവളുടെ ദീർഘനിശ്വാസം.
‘ഈ മോഹത്തിന് ഇത്രെയും മാസ്മരികതയുണ്ടാവുമെന്ന് വിചാരിച്ചില്ല. പ്രത്യേകിച്ച് ഒരുചേതോവികാരവും ഇല്ലാതെ വന്ന എന്നെ പോലും ഇതിന്റെ സൗന്ദര്യം കീഴടക്കി. ‘

വാക്കാലുറപ്പിച്ച പ്രണയം, വിവാഹമെന്ന സുനിശ്ചിത ഭാവിയുടെ പടിക്കൽ എത്തിനിൽക്കുമ്പോൾ, മനസ്സിൽ നിലനിന്നിരുന്ന സ്വപ്നത്തെ, ഒന്നിക്കാൻ കാത്തിരുന്ന ആ ആത്മാവിന്റെ കണ്ണുകളിലൂടെ നോക്കിക്കണ്ടപ്പോൾ അതിനു തിളക്കം കൂടിയിരുന്നിരിക്കണം. നിലാവിൽക്കുളിച്ച കൊണാർക്കിന്റെ സൗന്ദര്യവും, അതിൽ തട്ടിവരുന്ന കാറ്റിന്റെ ഗന്ധവും, ആ നിലത്ത് കാലു പതിക്കുമ്പോഴുള്ള സങ്കല്പക്കുളിരും ഞാൻ അറിഞ്ഞു.

ഏതു ക്‌ളാസ്സിലാണ് ഒറീസ്സയുടെ തലസ്ഥാനമായ ഭുവനേശ്വറിനടുത്ത് സ്ഥിതി ചെയ്യുന്ന സൂര്യക്ഷേത്രത്തെക്കുറിച്ച് പഠിക്കുന്നത് എന്ന് ഓർമ്മയില്ല. പാഠപുസ്തകത്തിൽ കൊടുത്തിരിക്കുന്ന ആ സമയചക്രം മനസ്സിനോടൊപ്പം ഈ കാലമിത്രെയും ചലിച്ചുകൊണ്ടിരുന്നു. സൂര്യന്റെ സഞ്ചാരദിശക്കൊപ്പം മാറുന്ന നിഴലിന്റെ സ്ഥാനം നോക്കി സമയത്തെ കൃത്യമായി അളക്കാനാവുക എന്ന വലിയ മഹാത്ഭുതം എന്നിലെ അടങ്ങാത്ത ജിജ്ഞാസയെ, അങ്ങോട്ട്‌ പിടിച്ചു വലിച്ചു കൊണ്ടിരുന്നു.

സൂര്യദേവന്റെ രഥത്തിന്റെ മാതൃകയിൽ തീർത്ത ഈ ക്ഷേത്രത്തിൽ, ഇരുപത്തിനാല് ചക്രങ്ങളാണുള്ളത്. അതിൽ രണ്ടെണ്ണം മാത്രമാണ് ദിവസത്തിലെ സമയം കാണാൻ ഉപയോഗിക്കുന്നത്. യാമങ്ങളെക്കുറിക്കുന്ന എട്ടു വലിയ കാലുകളും, അതിനെ വീണ്ടും പകുതിയാക്കുന്ന എട്ടു ചെറിയ കാലുകളും, അതിനിടയിൽ വൃത്തത്തിൽ അലങ്കാരത്തിനെന്നപോലെ അടുക്കിവെച്ചിട്ടുള്ള മണികളും. ഓരോ മണിയുടെയും ആദ്യവും മധ്യവും അന്തവും ഓരോ നിമിഷങ്ങളെ കുറിയ്ക്കുന്നതാണ്. ചക്രത്തിന്റെ നടുവിൽ വിരൽ വെച്ചാൽ നിഴൽ വീഴുന്നതെവിടെ എന്നതിനനുസരിച്ചാണ് സമയം കണക്കാക്കുന്നത്. നമ്മുടെ ഘടികാരങ്ങൾ ക്ലോക്ക്- വൈസ് ആയി സമയം കാണിക്കുമ്പോൾ ഈ ചക്രഘടികാരത്തിന്റെ ചലനം, അതിനു വിപരീതദിശയിലേക്കാണ്. സങ്കീർണതകളുടെ ഈ ഘടികാരം സമയത്തെ സൂചിപ്പിക്കുന്നത് മാത്രമല്ല. അതിലെ ഓരോ കൊത്തുപണികളും കാലത്തിന്റെ, ഋതുക്കളുടെ വ്യതിയാനങ്ങളും അതോടൊപ്പം പ്രകൃതിയിലെ സസ്യങ്ങളിലും മൃഗങ്ങളിലും ഉള്ള മാറ്റങ്ങൾ പോലും കുറിക്കുന്നവയാണ്. വലിയ കാലുകളുടെ നടുവിലുള്ള ഉല്ലേഖനങ്ങളിൽ സ്ത്രീയുടെ ഒരു ദിവസത്തെ ചര്യയെ സമയാനുസാരം വരച്ചിട്ടിരിക്കുന്നു. ഒരൊറ്റ ചക്രത്തിനു പറയാനുള്ളത് ഇത്രയുമല്ലെങ്കിൽ, ആ ക്ഷേത്രത്തിനു പറയാനുള്ളത് എത്രയാവും? ആധുനികലോകത്തിന്റെ പുരോഗമന വാദങ്ങളെ മുഴുവനും വെല്ലുവിളിക്കുന്നതാണ് അവിടത്തെ ഓരോ കല്ലുകളും.
ഒരു ജന്മത്തിൽ അഭേദ്യങ്ങളായ സമയവും പ്രകൃതിയും ശാസ്ത്രങ്ങളും കലയും കാമവും എല്ലാം ഒത്തുചേരുന്ന ആ അത്ഭുതപ്രതിഭാസത്തോട് എനിക്ക് തോന്നുന്ന അതിയായ ഇഷ്ടത്തിന് കാരണം എന്താണെന്ന് ഇനിയും കണ്ടറിയാൻ സാധിച്ചിട്ടില്ല.

കാലത്തിന്റെ ഒഴുക്കിനൊപ്പം ജീവിതം ഗതിമാറിയൊഴുകുമ്പോൾ പലപ്പോഴും സ്വപ്നങ്ങൾക്ക് മങ്ങലേറ്റു പോകും. ജീവിതത്തോടൊപ്പം സ്വപ്നങ്ങളും, ഉത്തരവാദിത്വങ്ങളുടെയും കടമകളുടെയും ഭാരത്താൽ താഴ്ന്നുപോകുന്നു, അഗാധമായ കടലിൽ മുങ്ങിപ്പോയ ഒരു കപ്പൽ പോലെ. പക്ഷേ തുരുമ്പെടുത്താലും, പൂപ്പൽ പിടിച്ചാലും അതിന്റെ ആത്മാവ് പിന്നെയും നിലനിൽക്കുന്നു. എന്നെങ്കിലും ഒരു വൻതിരമാല തന്നെ തീരത്തടുപ്പിക്കുമെന്ന പ്രതീക്ഷയോടെ.

അച്ഛൻ മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് ഒരു ആഗ്രഹം പറഞ്ഞു. ‘അമ്മ റിട്ടയർ ചെയ്യാൻ ആറു മാസം കൂടി. അത് കഴിഞ്ഞാലുടൻ ഒന്ന് രാമേശ്വരം പോണം. പിന്നെ കാശി. പല സ്ഥലങ്ങളും കണ്ടെങ്കിലും, മനസ്സാഗ്രഹിച്ചത് ഇതുവരെ നടന്നില്ല. സമയം അനുവദിക്കും എന്ന്‌ കരുതാം. ‘

ഇല്ല… സമയം അനുവദിച്ചില്ല…

ജീവിതത്തിരക്കുകൾ ജീവിതത്തിനു വേണ്ടി, എന്ന്‌ മറന്നുപോകുമ്പോൾ ഒരു ജന്മത്തിൽ ബാക്കിവെച്ചു പോകേണ്ടി വരുന്നത് സ്വപ്നങ്ങളാവും. മനുഷ്യന് സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിത്തീർക്കാൻ അനുവദിച്ചിട്ടുള്ളതാണ് സമയം.
പ്രാപിക്കാതെ നിൽക്കുന്ന പ്രണയം പോലെ, സുന്ദരമായി മനസ്സിൽ പടുത്തുയർത്തിയ ആ സങ്കല്പങ്ങളുടെ ക്ഷേത്രം, ‘കാണാത്തത് അതിസുന്ദരം’ എന്ന വാക്കുകൾക്കൊരു ആക്ഷേപമാവും എന്നുള്ളത് എന്റെ ഉറച്ച വിശ്വാസമാണ്. അവിടെയെത്തുമ്പോൾ ഒരു പക്ഷേ ഒരു ചെറിയ സ്വപ്നസാഫല്യം സമ്മാനിക്കുന്ന താത്കാലികമായ ആത്മസുഖം മാത്രമാവാം ലഭിക്കുക. അല്ലെങ്കിൽ, പൗലോ കോയ്ലോയുടെ ‘ആൽക്കെമിസ്റ്റ്’ എന്ന പുസ്തകത്തിലെ പ്രധാനകഥാപാത്രമായ ആട്ടിടയൻ തേടിപ്പോയ നിധി പോലെ, എന്തോ ഒന്ന്, എന്നെ കാത്തിരിക്കുന്നുണ്ടാവും അവിടെ.

P. S – വരുന്ന ഡിസംബറിലെ ആദ്യത്തെ ആഴ്ച ആ സ്വപ്നം സഫലമാകുമെന്ന് കരുതിയതാണ്, പക്ഷേ ആ നിധി എന്റെ കയ്യിലെത്താൻ ഇനിയും കാത്തിരിക്കണമെന്ന് കാലത്തിന്റെ തീരുമാനം.

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്