നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -8 : പ്രേതഭൂമിയിലെ അമ്മത്തേങ്ങലുകൾ

മലഞ്ചെരുവിൽ ഇരുൾപ്പായ നിവർത്തി, പകൽ ഉറങ്ങാനൊരുങ്ങുകയായിരുന്നു. കൂടണയാൻ വെമ്പുന്ന പക്ഷികളുടെ ആരവങ്ങൾക്കിടയിലൂടെ ഞാൻ കുറുമ്പയുടെ സാമ്രാജ്യത്തിലേക്കു കടന്നു. അഴകന്റെ കുഞ്ഞിനെ വിഴുങ്ങിയ കിണർ ലക്ഷ്യമാക്കി ഞാൻ വേഗത്തിൽ നടന്നു. അവൾ വകഞ്ഞു മാറ്റിയ പൊന്തക്കാടുകളിൽ വിരിയാൻ തുടങ്ങുന്ന വെള്ളപ്പൂക്കൾ എന്നെ നോക്കി പരിചിത ഭാവത്തിൽ ചിരിച്ചു. കിണറിനുള്ളിലെ ശൂന്യതയിൽ നിന്ന്, വഴിതെറ്റി വന്ന ഏതോ കാട്ടുപക്ഷി ചിറകടിച്ചുയർന്ന് അകലേയ്ക്കു പറന്നുപോയി. ഏതാണു സത്യം ..? ഏതാണു മിഥ്യ ..

മീനമാസത്തിലെ നട്ടുച്ച നേരത്ത്, ആളും അനക്കവുമില്ലാത്ത വിശാലമായൊരു മലഞ്ചരിവിലൂടെ നടക്കുമ്പോൾ പെട്ടന്ന് ഒരു തേങ്ങൽ കേട്ടാൽ..!

ചുറ്റും നോക്കിയിട്ട് ആരെയും കാണാതെ മുന്നോട്ടു നീങ്ങുമ്പോൾ ഒരു താരാട്ടുപാട്ടിന്റെ തളർന്ന ഈണം കാറ്റിലൊഴുകി വന്നാൽ…!

ആരായാലും അല്പം ഭയന്നുപോകും.

പ്രേതവും പിശാചുമൊക്കെ വെറും കെട്ടുകഥകളും അന്ധവിശ്വാസങ്ങളുമാണെന്ന് വീമ്പിളക്കി നടന്ന യൗവനാരംഭത്തിലൊരിക്കൽ ഞാനും കേട്ടു ഒരു തേങ്ങലും, തളർന്നു ചായുന്ന താരാട്ടിന്റെ ഈണവും.

നാലേക്കറോളം വരുന്ന വലിയൊരു പറമ്പായിരുന്നു അത്. ആൾത്താമസമില്ലാത്ത പ്രദേശം. പണ്ട് ഞങ്ങളുടെ മുത്തശ്ശന്റെ അച്ഛൻ ഏക്കറിന് അഞ്ചു രൂപ കണക്കിൽ, എണ്ണയാട്ടുന്ന ഉണ്ണീറ്റ വർക്കിക്കു വിറ്റ മലഞ്ചെരിവ് ;
കേളമ്പറമ്പ്.

അതു വാങ്ങിയ ഉണ്ണീറ്റ വർക്കി മൂന്നാം മാസം തളർവാതം വന്നു കിടപ്പിലായി. വർക്കീടെ മക്കൾ അത് പേർഷ്യക്കാരൻ ജോയിക്കു വിറ്റു. ജോയിയും കുടുംബവും വേളാങ്കണ്ണിക്കു പോകും വഴി അപകടത്തിൽപ്പെട്ടു മരിച്ചു.

“അതൊരു ശാപം കിട്ടിയ പറമ്പാ.. അതു മേടിച്ച ആരും ഗതി പിടിച്ചിട്ടില്ല. പ്രേതഭൂമിയാ.. പ്രേതഭൂമി. ആ തള്ളേടേം കൊച്ചിന്റെം ആത്മാവ് ഗതികിട്ടാതെ അലഞ്ഞു നടക്കണ പ്രേതഭൂമി.

അതല്ലേ ആർക്കും വേണ്ടാത്ത മണ്ണ് ആ പാവത്തിന്റെ തലേക്കെട്ടിവച്ചത്.. ‘

കേളൻപറമ്പിലെ നാലേക്കർ പുരയിടത്തിന്റെ കാര്യം പറയുമ്പോഴേ പഴയ ഓർമ്മകൾ തിളച്ച്, മുത്തശ്ശിക്കു കലികയറും.

‘ഞാൻ ചുമ്മാ പറയണതല്ല. ആ പറമ്പു മേടിച്ച ഒരെണ്ണത്തിനെങ്കിലും സൽഗതി ഒണ്ടായോ..? കോമൻ കാർന്നോരും തള്ളേം പാമ്പുകടിച്ചു ചത്തു.. അങ്ങേരടെ മരുമക്കളിൽ നടപ്പുദീനത്തീന്നു രക്ഷപ്പെട്ടത് എന്റെ വല്യപ്പൂപ്പൻ മാത്രാ .. അവരൊക്കെ ചേരിക്കലേയ്ക്കു പോയതോടെ ആരും അവിടെ താമസിക്കാണ്ടായി. വീതം വച്ചപ്പോ ആർക്കും ആ പറമ്പു വേണ്ട. വല്യച്ചമ്മാരൊക്കെ ചേർന്ന് അത് എന്റെ തന്തേടെ തലേക്കെട്ടിവച്ച് പറഞ്ഞു വിട്ടു. ആ പറമ്പ് മനുഷ്യവാസത്തിനു പറ്റീതല്ല.” മുത്തശ്ശി പലതവണ പറഞ്ഞ കഥ ഞാനോർത്തു

കേളൻ പറമ്പിന്റെ തെക്കു കിഴക്കേ മൂലയിൽ ഒരു പഴയ പുരത്തറയുടെ അവശിഷ്ടങ്ങൾ ഞാനും കണ്ടിട്ടുണ്ട്, ചെറുപ്പത്തിൽ. അടുത്ത് ഒരു പൊട്ടക്കിണറും.

തറവാട്ടിലെ കുടികിടപ്പുകാരൻ അഴകന്റെ വീട്.

അവന്റെ സുന്ദരിയായ ഭാര്യ കുറുമ്പയുടെ സാമ്രാജ്യം. ഏഴു വർഷത്തെ കാത്തിരിപ്പിനു ശേഷം അവർക്കുണ്ടായ ആൺകുട്ടി, പിച്ചവച്ചു നടന്നു തുടങ്ങിയ കാലത്തൊരിക്കൽ.. അമ്മയുടെ കണ്ണു തെറ്റിയ നേരത്ത് വീട്ടുമുറ്റത്തെ കിണറ്റു വക്കത്തേക്ക് നടന്നു ചെന്നു .. കിണർ ആഴത്തിന്റെ കൗതുകം കാട്ടി വിളിച്ചതാവണം ..ഒരെത്തിനോട്ടത്തിൽ അവന്റെ പ്രപഞ്ച ജീവിതത്തിന്റെ നിറങ്ങളത്രയും വിഴുങ്ങി ആ കിണർ ഒന്നുമറിയാത്തതു പോലെ കിടന്നു.

കിണറ്റിൽ നിന്നു കോരിയെടുത്ത, കുഞ്ഞിന്റെ ജഡം തെക്കേപ്പറമ്പിൽ കുഴിച്ചുമൂടി മടങ്ങി വന്ന അഴകന്റെ സങ്കടം മുഴുവൻ ആവാഹിച്ച മുളവടി കുറുമ്പയുടെ വിറയ്ക്കുന്ന ശരീരത്തിൽ തിണർത്ത വരകളായി.

”ന്റെ കൊച്ചിനെക്കൊന്ന മഹാ പാവീ ….! എന്ന അവന്റെ വിളി ആ മാതൃഹൃദയത്തിലേക്കാഴ്ത്തിയ വിഷം തേച്ച വാൾമുനയായി.

അന്നു സന്ധ്യയ്ക്ക്, ഒരു പിടി ഉപ്പു വാരി വായിലിട്ട് കുറുമ്പ പുഴക്കരയിലെ കൂനൻപാറയ്ക്കു മുകളിൽ കയറി, താഴത്തെ കയത്തിലേയ്ക്കു നോക്കി കുറേ നേരം നിന്നു. കയം പോലെ ശാന്തയായി.

പിന്നെ, അതിലേയ്ക്കെടുത്തു ചാടി.

മൂന്നാം നാൾ അമ്പലക്കടവിനപ്പുറത്തെ ഇല്ലിക്കൂട്ടത്തിൽ നിന്ന് അവളുടെ ചീർത്ത ശരീരം വലിച്ചെടുത്തതും കുഴിച്ചിട്ടതും അഴകൻ തന്നെയായിരുന്നു.

കുറെ നാൾ അയാൾ അവിടെയൊക്കെ അലഞ്ഞു നടന്നു. ചിലപ്പോൾ കൂനൻപാറയിൽ കമിഴ്ന്നു കിടന്ന് ഭാര്യയോടു സംസാരിക്കും. ചിലപ്പോൾ കിണറ്റിലേക്കു നോക്കി കുനിഞ്ഞു നിന്നു പിറുപിറുക്കും.

പിന്നീടൊരു നാൾ… കേളൻപറമ്പിൽ ആടുമേയ്ക്കാൻ വന്ന പിള്ളേരു കണ്ടു, ഒരാഞ്ഞിലിക്കൊമ്പിൽ തൂങ്ങിയാടുന്ന.. പരുന്തുകൾകൊത്തിത്തിന്ന് ബാക്കിയായ ഒരു അസ്ഥികൂടം..

കേളൻ പറമ്പിന്റെ കഥ പറഞ്ഞു തന്നത് അടയ്ക്കാ പറിക്കാൻ വരുന്ന കുമാരനാണ്. വലം കൈയിൽ ഏഴു വിരലുകളുള്ള ഉണ്ടക്കുമാരൻ.

കുറെക്കാലത്തിനു ശേഷം, മുതുമുത്തശ്ശന്റെ അമ്മാവനായിരുന്ന കോമൻ നായർ പെങ്ങളെയും മരുമക്കളെയും കൂട്ടി, കേളൻ പറമ്പിന്റെ കിഴക്കേ മൂലയിൽ ഒരു വീടു പണിതു താമസം തുടങ്ങി.

തുലാ മഴ പെയ്തു തോർന്ന സന്ധ്യയിലെ ഒരിടവേളയിൽ മുറ്റത്തെ ചെന്തെങ്ങിൻ ചുവട്ടിൽ ഒരണലിപ്പാമ്പ് കാരണവർക്കും പെങ്ങൾക്കുമുള്ള വിഷവുമായി കാത്തു കിടന്നു.

കോമൻ നായരുടെ മരുമക്കളിൽ മുത്തശ്ശിയുടെ അച്ഛനൊഴികെ മറ്റ് ആറുപേരും പകർച്ചവ്യാധി വന്നു ചത്തു. അദ്ദേഹം പാടത്തിനക്കരെയുള്ള ചേരിക്കൽ പറമ്പിലേക്കു താമസം മാറ്റി.

പിന്നീടാരും കേളൻപറമ്പിൽ താമസിച്ചില്ല. കുറുമ്പയുടെ താരാട്ടുപാട്ടും അഴകന്റെ അലർച്ചയും കുഞ്ഞിന്റെ കരച്ചിലും പലരും കേൾക്കാറുണ്ടത്രെ. നിലാവു പെയ്യുന്ന രാത്രികളിൽ .. വെയിൽ തിളയ്ക്കുന്ന നട്ടുച്ചകളിൽ..

എനിക്കു പേടി തോന്നി. എത്രയും വേഗം പുറത്തെത്തണം. ഇതിലേ വരണ്ടായിരുന്നു. വിശപ്പു സഹിക്കാൻ പറ്റാതെ വന്നപ്പോൾ വീട്ടിലെത്താൻ കുറുക്കുവഴി തേടിയതാണ്. ഞാൻ നടപ്പിനു വേഗം കൂട്ടി.

വീണ്ടും ആ തേങ്ങൽ കേട്ടു .

ഒപ്പം ഒരു കുഞ്ഞിന്റെ കരച്ചിലും.

ഇതു പ്രേതമൊന്നുമല്ല. മനസ്സിന് ധൈര്യം നൽകി,ഞാൻ ശബ്ദം കേട്ട ദിക്കിലേക്കു ചെന്നു.

കറുമ്പയുടെ കുഞ്ഞിന്റെ ജീവനെടുത്ത കിണർ ഇടിഞ്ഞു തൂർന്ന് വലിയൊരു കുഴിമാത്രമായി കിടക്കുന്നു. മുകളിൽ പൂക്കൂട കമിഴ്ത്തിയ പോലെ പൂത്തുലഞ്ഞ കാട്ടുപൊന്തകൾ.

അതിനുള്ളിൽ നിന്നാണ് കരച്ചിൽ കേൾക്കുന്നത്. പൊന്തക്കാടു വകഞ്ഞു മാറ്റി നോക്കുമ്പോൾ ഞാനാദ്യം കണ്ടത് കടൽ തിളയ്ക്കുന്ന രണ്ടു വലിയ കണ്ണുകളാണ്. വേദനയുടെ ഇരുട്ടിലേക്കു തുറക്കുന്ന ജാലകം പോലെ തിളങ്ങുന്ന, നനഞ്ഞ കണ്ണുകൾ.

” ആരാ..?” ധൈര്യം സംഭരിച്ച് ഞാൻ ചോദിച്ചു. അവൾ മിണ്ടിയില്ല.

ആരായിരിക്കും ഇവൾ .. ഈ നാട്ടിലെങ്ങും ഇതുവരെ കണ്ടിട്ടില്ല. പത്തുമുപ്പതു വയസ്സുള്ള ആരോഗ്യവതിയായ പെണ്ണ്. കൈയിലെ കുഞ്ഞിന് ഒന്നര വയസ്സോളം മാത്രം പ്രായം. രണ്ടു പേരുടെയും ശരീരത്തിൽ മുറിവുകൾ .. തിണർത്ത ചോരപ്പാടുകൾ.

“എന്താ പറ്റിയെ .. എന്തിനാ ഒളിച്ചിരിക്കണെ..?” തുടരെത്തുടരെയുള്ള എന്റെ ചോദ്യങ്ങൾ സഹിക്കാനാവാത്തതുപോലെ അവൾ കാതുകൾ പൊത്തി കുനിഞ്ഞിരുന്നു.

“ഞാനിപ്പം നാട്ടുകാരെയൊക്കെ വിളിച്ചുകൂട്ടും. മര്യാദയ്ക്ക്… “

എന്റെ ഭീഷണിക്കു നേരേ കൂപ്പിയ കൈകളുമായി അവൾ മെല്ലെ എഴുന്നേറ്റു നിന്നു.

“ആരേം വിളിക്കല്ലേ ..” മലയിറങ്ങി വരുന്ന കാറ്റിനെക്കാൾ തളർന്ന ശബ്ദത്തിൽ അവൾ കരഞ്ഞു.” സന്ധ്യവരെ ഞാനിവിടെ ഇരുന്നോട്ടെ.. ഇരുട്ടിയാലൊടനെ പൊയ്ക്കോളാം….” അവൾ കുട്ടിയെ തലോടിയുറക്കാൻ ശ്രമിക്കുന്നതിനിടെ മറുപടി പറഞ്ഞു.

പിന്നെ ഞാനൊന്നും ചോദിച്ചില്ല. ആ കണ്ണുകൾ, ഒന്നും ചോദിക്കരുതേ എന്ന് അപേക്ഷിക്കുന്നുണ്ടായിരുന്നു.

ഞാൻ മെല്ലെ തിരിഞ്ഞു നടന്നു.

“മോനേ…… “

കിണറ്റിൽ മുങ്ങിക്കയറി വന്നപോലെ അവരുടെ ശബ്ദം നനഞ്ഞിരുന്നു.

ഞാൻ തിരികെച്ചെന്നു.

” ഇച്ചിരി വെള്ളം കിട്ടുവോ..? എന്റെ കൊച്ചിനു കൊടുക്കാൻ ..” അവരെന്നെ ദയനീയമായി നോക്കി. സംസാരിക്കുമ്പോൾ അവരുടെ നെറ്റിയിലെ മുറിവ് വിങ്ങുന്നുണ്ടെന്നു തോന്നി.ഞാൻ വേഗത്തിൽ നടന്നു.

അമ്മയറിയാതെ അടുക്കളയിൽ കയറി,ഒരു ഗ്ലാസ് പാലും ഒരു തുണ്ടം ചക്കപ്പഴവുമെടുത്ത് ഞാൻ വീണ്ടും മല കയറി.

“കേറി വാ.. “എന്റെ വിളി കേട്ട് അവർ മുഖമുയർത്തി നോക്കി. പിന്നെ ഞാൻ നീട്ടിയ കൈയിൽ പിടിച്ച് കയറി വന്നു.

നിലത്തു ചമ്രം പടിഞ്ഞിരുന്നു് തണുത്ത പാൽ കുറേശ്ശെ കുഞ്ഞിനു കൊടുക്കുമ്പോൾ ആ സ്ത്രീ ഭയത്തോടെ ചുറ്റും നോക്കുന്നുണ്ടായിരുന്നു.

“ഇവിടെ ആരും വരൂല്ല. ഒടമസ്ഥനില്ലാത്ത പറമ്പാ .. ” ഞാൻ അവരുടെ ഭയത്തെ വാക്കുകൾ കൊണ്ടു മൂടി.

കുഞ്ഞ് ഉറങ്ങിത്തുടങ്ങി. അതിനെ മടിയിൽ കിടത്തിയശേഷം അവൾ ആർത്തിയോടെ ചക്കച്ചുളകൾ അടർത്തിത്തിന്നാൻ തുടങ്ങി.ദിവസങ്ങളോളം കത്തിപ്പടർന്ന വിശപ്പിലേക്കു വീഴുന്ന ചക്കച്ചുളകൾ അപ്പോൾത്തന്നെ ദഹിച്ചു പോകുന്നുണ്ട് എന്നെനിക്കു തോന്നി.

“മോൻ എന്നെ കണ്ട കാര്യം ആരോടും പറയരുത്. ” അവർ കയ്യിൽ പറ്റിയ ചക്കപ്പശ ഒരു കരിയില കൊണ്ടു തുടയ്ക്കുന്നതിനിടെ തുടർന്നു. ” മോൻ.. ഇനീം കൊറേക്കാലം ജീവിക്കാനൊള്ളതാ.. എന്റെ ജീവിതം പോയി .. എല്ലാം തൊലഞ്ഞു.. അതാ പറഞ്ഞെ.. ഇന്നത്തെ ഈ കൂടിക്കാണല് മോനങ്ങു മറന്നേക്കണം.. ഇനി എന്നെത്തേടി ഇവിടെ വരരുത്. ഞാനിവിടുന്നു പോകും.”

ഞാൻ തലയാട്ടി. എന്തോ… അവരുടെ നിസ്സഹായതയ്ക്കു മുന്നിൽ സ്വയം അടിമയായതുപോലെ എനിക്കു തോന്നി.

” ഇനി എന്തെങ്കിലും വേണോ..?” ഗ്ലാസ്സ് കയ്യിലെടുത്ത് നടക്കാനൊരുങ്ങുമ്പോൾ ഞാൻ ചോദിച്ചു.

” ഒന്നും വേണ്ട.. എന്റെ കുഞ്ഞിന് കൊടുത്ത ഈ പാലിന്റെ കടം വീട്ടാൻ പോലും എനിക്കാവൂല്ലല്ലോന്നൊള്ള സങ്കടമേ ഒള്ളു. .. പൊയ്ക്കോ.. വേഗം പൊയ്ക്കോ.. ” അവർ കുഞ്ഞിനെ തോളിൽ കിടത്തി, പൊന്തക്കാടുകൾ വകഞ്ഞു മാറ്റി വീണ്ടും കിണറ്റിലേക്കിറങ്ങി.

……….. …….. ……..

തിരിച്ചു വീട്ടിലെത്തുമ്പോഴും… അമ്മ വിളമ്പിത്തന്ന ആറിത്തണുത്ത ചോറുണ്ണുമ്പൊഴും… പിന്നീട് കട്ടിലിൽ ചാഞ്ഞു കിടക്കുമ്പൊഴും എന്റെ മനസ്സിൽ ആ മുഖം മാത്രമായിരുന്നു.. കാലം കണ്ണീർക്കോലങ്ങൾ വരച്ചിട്ട ആ പെൺമുഖം.

വൈകുന്നേരം വായനശാലയിൽ തിരക്കു കുറവായിരുന്നു. റീഡിംഗ് റൂമിലെ മേശക്കു ചുറ്റുമിട്ട മരക്കസേരകളിലൊന്നിൽ ചെന്നിരുന്ന് അന്നത്തെ പത്രം കൈയിലെടുത്തു.

ഇന്ദിരാഗാന്ധിയുടെ റഷ്യാ സന്ദർശനവാർത്തയ്ക്കും നായനാർ മന്ത്രിസഭയ്ക്ക് ഭൂരിപക്ഷമുണ്ടാവുമോ എന്ന സംശയത്തിനും ശേഷം ..

മുൻപേജിന്റെ ഏറ്റവും താഴെയായി കൊടുത്ത ചിത്രം കണ്ട് ഞാൻ ഞെട്ടിത്തരിച്ചിരുന്നു.

കേളൻ പറമ്പിലെ പൊട്ടക്കിണറ്റിൽ ഒളിച്ചിരുന്ന ആ അമ്മയും കുഞ്ഞും !

അതേ മുഖം..

ഇരുട്ടിലേക്കു തുറക്കുന്ന ജാലകംപോലെ തിളങ്ങുന്ന, നനവുള്ള അതേ കണ്ണുകൾ.

ചിത്രത്തിനു താഴെയുള്ള വാർത്തയിലേക്കിറങ്ങിയതോടെ എന്റെ സമനില തെറ്റുമെന്നു തോന്നി.

‘മദ്യപാനിയായ ഭർത്താവിന്റെ ക്രൂര മർദ്ദനം സഹിക്കാനാവാതെ ഭാര്യയും കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു.

ഇന്നലെ സന്ധ്യയ്ക്കാണ് സംഭവം. പതിവുപോലെ മദ്യപിച്ചെത്തിയ ഭർത്താവ് കുഞ്ഞിനെ എടുത്തെറിയുകയും ഭാര്യയുടെ മുടിക്കുത്തിൽ പിടിച്ച് തല തെങ്ങിൽ ശക്തിയായി ഇടിക്കുകയും ചെയ്തു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. … “

പത്രം വലിച്ചെറിഞ്ഞ് ഒരുന്മാദിയെപ്പോലെ ഞാനോടി. എന്റെ മനസ്സിലപ്പോൾ മീനത്തീവെയിൽ തിളച്ചുരുകുകയായിരുന്നു.

ഇന്നലെ സന്ധ്യക്ക് കിണറ്റിൽ ചാടി മരിച്ച അമ്മയും കുഞ്ഞും..!

അതും ..നൂറു കണക്കിനു മൈലുകൾക്കപ്പുറത്ത്…!!

അപ്പോൾ ഞാൻ കണ്ടത്.?!

സംസാരിച്ചത് ..?!

എനിക്കാകെ ഭ്രാന്തു പിടിക്കുന്നതുപോലെ തോന്നി.

മലഞ്ചെരുവിൽ ഇരുൾപ്പായ നിവർത്തി, പകൽ ഉറങ്ങാനൊരുങ്ങുകയായിരുന്നു. കൂടണയാൻ വെമ്പുന്ന പക്ഷികളുടെ ആരവങ്ങൾക്കിടയിലൂടെ ഞാൻ കുറുമ്പയുടെ സാമ്രാജ്യത്തിലേക്കു കടന്നു. അഴകന്റെ കുഞ്ഞിനെ വിഴുങ്ങിയ കിണർ ലക്ഷ്യമാക്കി ഞാൻ വേഗത്തിൽ നടന്നു.

അവൾ വകഞ്ഞു മാറ്റിയ പൊന്തക്കാടുകളിൽ വിരിയാൻ തുടങ്ങുന്ന വെള്ളപ്പൂക്കൾ എന്നെ നോക്കി പരിചിത ഭാവത്തിൽ ചിരിച്ചു.

കിണറിനുള്ളിലെ ശൂന്യതയിൽ നിന്ന്, വഴിതെറ്റി വന്ന ഏതോ കാട്ടുപക്ഷി ചിറകടിച്ചുയർന്ന് അകലേയ്ക്കു പറന്നുപോയി.

ഏതാണു സത്യം ..? ഏതാണു മിഥ്യ ..

കണ്ടതും കേട്ടതും തൊട്ടറിഞ്ഞതുമൊക്കെ സത്യമായിരുന്നില്ലെന്നോ..? ചിന്തകൾ മഞ്ഞു പോലെ ഉറയുന്നു.കാലുകൾ തളരുന്നു.ശരീരം പനി വരാനെന്നപോലെ ചുട്ടുനീറുന്നു.

ബോധത്തിന്റെ ഇലകളെല്ലാം വാടി വീണ മനസ്സുമായി തിരിച്ചു നടക്കുമ്പോൾ കാലിൽ എന്തോ തട്ടി. ഞാനതു കുനിഞ്ഞെടുത്തപ്പോൾ ഗന്ധം കൊണ്ട് വരിക്കച്ചക്കയുടെ മടൽ സ്വയം പരിചയപ്പെടുത്തി.

അവൾ ബാക്കി വച്ച രണ്ടു ചക്കച്ചുളകൾ എന്റെ വിരലിൽ ഓർമ്മകളുടെ പതുപതുപ്പോടെ ഒട്ടിപ്പിടിച്ചു..

“എന്റെ ജീവിതം പോയി .. എല്ലാം തൊലഞ്ഞു.. ഇന്നത്തെ ഈ കൂടിക്കാണല് മോനങ്ങു മറന്നേക്കണം.. ഇനി എന്നെത്തേടി ഇവിടെ വരരുത്. ഞാനിവിടുന്നു പോകും.” ആ സ്ത്രീയുടെ ശബ്ദം മനസ്സിൽ മുഴങ്ങുന്നു.

എന്തൊക്കെയോ കളഞ്ഞു പോയവന്റെ വിഷാദം പുതച്ച് കേളൻ പറമ്പെന്ന പ്രേതഭൂമിയുടെ അതിരുവിട്ടിറങ്ങുമ്പോൾ ഞാൻ വീണ്ടും കേട്ടു,

ഒരു താരാട്ടുപാട്ടിന്റെ തളർന്ന ഈണം. ഒപ്പം ഒരു തേങ്ങലും.

അത്, കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയിൽ ഒരു നൂറ്റാണ്ടു മുമ്പ്മുങ്ങി മരിച്ച കുറുമ്പയുടേതോ ..

കുഞ്ഞിനെ മാറോടണച്ച് ഇന്നലെ സന്ധ്യയ്ക്ക് മരണംവരിച്ച ആ പേരറിയാത്ത അമ്മയുടേതോ ..?

അറിയില്ല .. അല്ലെങ്കിലും എല്ലാ അമ്മ മനസ്സുകളും … എല്ലാക്കാലത്തും തേങ്ങുന്നത് ഒരേ സ്വരത്തിലാണല്ലോ.

മഹാഭാരതം, കഥാ സാഗരം, ചിലപ്പതികാരം എന്നിവയുടെ പുനരാഖ്യാനം, ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം അടക്കം അഞ്ച് ചരിത ഗ്രന്ഥങ്ങൾ, മൂന്നു നോവലുകൾ, കാലാതിവർത്തികൾ: പ്രാചീന ആധുനിക കവിത്രയങ്ങൾ മുതലായ സാഹിത്യപഠനങ്ങൾ അടക്കം നാൽപ്പത്തിയഞ്ചു പുസ്തകങ്ങളുടെ രചയിതാവ്. എറണാകുളം, കളമ്പൂർ സ്വദേശി.