പ്രണയദാർശനികതയുടെ ജലഭൂപടങ്ങൾ

കനക്കുറവിന്റെയും ഒച്ചയില്ലായ്മയുടെയും അടയാളങ്ങളായ കവിതകൾ കൊണ്ട് മലയാള കവിതാ ശാഖയിൽ തന്റേതായ ഇടം നേടിയ കവിയാണ് വീരാൻകുട്ടി . റൂമിയുടെ കാവ്യപാരമ്പര്യം അവകാശപ്പെടാനാവുന്നതും സൂഫി പാരമ്പര്യത്തോട് ചേർന്ന് നിൽക്കുന്നതുമായ കാവ്യശൈലിയാണ് വീരാൻ കുട്ടിയുടേത്. ദാർശനികവും ധ്യാനാത്മകവുമായ കവിതകൾക്കൊപ്പം സാമൂഹികജാഗ്രതയും വൈകാരികതയ്ക്ക് പ്രാധാന്യവുമുള്ള കവിതകൾ കൂടി ഈ കവിയുടേതായുണ്ട്.

ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ മലയാള കവിതയെ പ്രതിനിധീകരിച്ച് എത്തിയ കവി വീരാൻ കുട്ടിയുമായി പ്രവാസ ലോകത്തെ പുതു കവിതയുടെ സാന്നിധ്യവും പരീക്ഷണോന്മുഖ കവിതകളുടെ രചയിതാവുമായ രാജേഷ് ചിത്തിര നടത്തിയ സംഭാഷണം .

കവിതയുടെ രണ്ട് ധാരകളെ പിന്തുടരുന്ന ഈ എഴുത്തുകാർ കവിതയുടെ രണ്ട് മേഖലകളിലായി ഒരേ വർഷം ഗലേറിയ ഗാലന്റ് പുരസ്കാരാർഹരായിരുന്നു എന്നതിൽ തസറാക്കാന് അഭിമാനമുണ്ട്.

ഫോട്ടോ : സന്തോഷ് കുമാർ

ചോദ്യം: ഇപ്പോൾ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിലാണ്. എന്താണ് ഇവിടുത്തെ പുസ്തകോത്സവ കാഴ്ചയെ പറ്റി പറയാനുള്ളത് ? എങ്ങനെയാണ് ഈ പുസ്തകോത്സവം കേരളത്തിലെ ലിറ്റററി ഫെസ്ററിവലുകളിൽ നിന്ന് വേറിട്ട് നിൽക്കുന്നത് ?

ഉത്തരം : പല കാഴ്ചകളാണ് എനിക്ക് പറയാനുള്ളത്. പുസ്തകങ്ങളും വായനയും മരിക്കുന്നു എന്നൊരു ആശങ്ക കേൾക്കുന്ന കാലമാണല്ലോ, ആ ആശങ്കയ്ക്ക് ഒരു സാധ്യതയുമില്ല എന്നതാണ് ഞാൻ കാണുന്ന ആദ്യത്തെ കാഴ്ച. ഷാർജ പുസ്തകോൽസവം പോലെയുള്ള ഇടത്ത് നിന്നും ലഭിക്കുന്ന ഒരു സന്ദേശം പുസ്തകം ധൈഷണിക ആയുധമായും സർഗാത്മക മാധ്യമമായിട്ടും നിലനിൽക്കും എന്നതാണ്. ഈ വിശ്വാസത്തെയും സന്ദേശത്തെയും പല രാജ്യങ്ങളിൽ നിന്നായി ഇവിടെ എത്തുന്ന വായനക്കാർ, എഴുത്തുകാർ വീണ്ടും വീണ്ടും ഉറപ്പിക്കുകയാണ്.

രണ്ടാമത്തെ കാഴ്‌ച, നമ്മൾ കാണുന്ന ഈ പുസ്തകപ്രേമികൾ, പ്രസാധകർ, വായനക്കാർ, എഴുത്തുകാർ തുടങ്ങി ഈ മേഖലയിലെ എല്ലാവരും ഒരു മേൽക്കൂരയ്ക്ക് കീഴെ മറ്റൊരു ലോകത്തെ സൃഷ്ടിക്കുകയാണ്. ഇതിനു വെളിയിലുള്ള ലോകത്തോട് ഈ കൂട്ടത്തിനുള്ള വ്യത്യാസം അക്ഷരങ്ങളോട് ഉള്ള അടുപ്പം, വായനയോടുള്ള താത്‌പര്യം എന്നീ നൂലുകൾകൊണ്ട് ഇവർ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. മറ്റൊരു ഉപാധികളും ഇല്ലാതെ ആത്മാവുകൾ കൊണ്ട് ചേർക്കപ്പെട്ട, മനുഷ്യത്വത്തിന്റെ ഒരു ലോകമാണ് ഇവിടെ കാണുന്നത്. സർഗാത്മകതയുടെ ഒരു തലമാണ് ഇത്. വിവിധ പ്രായത്തിലുള്ള മനുഷ്യർ ഈ പുസ്തകങ്ങൾക്ക് ഇടയിലൂടെ കടന്നു പോവുന്നത് കാണുമ്പോൾ, അവരുടെ ഇവിടെയുള്ള ഇടപെടലുകൾ കാണുമ്പോൾ മനുഷ്യരായി നമ്മളൊക്കെ ജീവിച്ചിരിക്കുന്നതിന്റെ ഒരു അടയാളം, അർഥം ഇതാണ് എന്ന് തോന്നുന്നു. അമൂല്യമായിരുന്നു കടന്നു പോയ ഒൻപതു ദിവസങ്ങൾ എന്നാണു ഞാൻ ഈ ദിവസങ്ങളെ വിശേഷിപ്പിക്കുക.

കേരളത്തിൽ ഞാൻ പങ്കെടുത്തിട്ടുള്ളത് ലിറ്റററി ഫെസ്റ്റിവെലുകളിലാണ്. അവിടത്തെ ലിറ്റററി ഫെസ്റ്റിവലുകളും പുസ്തക മേളകളും രണ്ടാണ്. ഫെസ്റ്റിവലുകൾക്ക് ഒപ്പം ചിലപ്പോൾ മാത്രം അത് സ്‌പോൺസർ ചെയ്യുന്ന മാധ്യമത്തിന്റെ ഒരു പുസ്തകമേള കൂടി ഉണ്ടാവാറുണ്ട്. ഈ ഫെസ്റ്റിവലിന്റെ അനന്യതയും മൗലികതയും പുസ്തകങ്ങളാണ് ഇവിടെ മുന്നിൽ നിൽക്കുന്നത് എന്നതാണ്. ബാക്കിയൊക്കെ പുസ്തകങ്ങളുടെ ഉത്സവത്തോടു ചേർന്ന് സംഘടിപ്പിക്കപ്പെട്ടവയാണ്. ഇവിടെ കോടിക്കണക്കിനു പുസ്തകങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്, ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇവയ്ക്കിടയിൽ ജീവിച്ച് പല ഇടുക്കങ്ങളെയും നമ്മൾ ഉപേക്ഷിക്കുന്നു.

ചോദ്യം : ആറ്റിക്കുറുക്കിയ വീരാൻകുട്ടിക്കവിതയിലെ, കവിതകളിലെ പ്രണയ സങ്കൽപ്പത്തെ പറ്റി ? പ്രണയമില്ലാതായാൽ കടുപ്പമേറി പോവുന്ന മരമാവുന്ന ഉടൽ സങ്കൽപ്പങ്ങളെ പറ്റി ?

ഉത്തരം: കവിതകൾ എങ്ങനെ രൂപപ്പെടുന്നു എന്നതിന്റെ കാരണങ്ങൾ തിരഞ്ഞു ചെല്ലുമ്പോൾ ചിലപ്പോൾ ആ ഉരുവപ്പെടലിന്റെ കാരണങ്ങൾ നമുക്ക് കണ്ടെത്താൻ പ്രയാസമാവാം. അതങ്ങനെ കുറുകിയ കവിതകളായിപ്പോയി എന്ന് പറയുമ്പോൾ തന്നെ എങ്ങനെയാണ് അവ അങ്ങനെ ആയിപ്പോയത് എന്ന് പറയാൻ കഴിയാത്തതിലുള്ള ധർമ്മ സങ്കടമുണ്ട്‌ .

എന്റെ വ്യക്തിത്വവുമായി കുറച്ചു ബന്ധമുണ്ട് ഈ ഉരുവപ്പെടലിന് എന്ന് തോന്നുന്നു. പല കാലങ്ങളായി പല കാരണങ്ങളാൽ രൂപപ്പെട്ടു വന്ന ഞാനെന്ന വ്യക്തി ഒരു കാരണമാവാം. എന്റെ പരിമിതികളൊടുള്ള എന്റെ ബോധ്യം മറ്റൊരു കാരണമാവാം.

എനിക്ക് വലിയ ഭാഷയിൽ സംസാരിക്കാൻ അറിയില്ല. അങ്ങനെ വലുതായി പറയാൻ ഒന്നുമില്ല. ചെറിയ ആളായ എനിക്ക് ചുറ്റുമുള്ള ലോകത്തോട് കവിത പങ്കുവയ്ക്കാൻ ഒരു ചെറിയ ഭാഷ വേണം എന്ന് തോന്നിയിട്ടുണ്ട്. ആ തോന്നലിൽ നിന്നാണ് ഞാൻ ഈ വളരെ ചെറിയ കാര്യങ്ങൾ, ചെറിയ വാക്കുകൾ ഉപയോഗിച്ച് പറഞ്ഞു തുടങ്ങിയത്. എന്റെ വലിപ്പമുള്ള, എന്നെ പോലെ ചെറിയ ഒരാൾക്ക് വായിച്ചാൽ മനസിലാവണം എന്ന തോന്നലിൽ നിന്നാണ് എഴുതി തുടങ്ങിയത്.

അതെ സമയം തന്നെ ഈ ചോദ്യത്തിന് ഉത്തരം പറയാൻ ശ്രമിക്കുമ്പോൾ ഞാനോർക്കുന്നത്, നമുക്ക് മുൻപുള്ള തലമുറ വലിയ, ബ്രഹത്തായ ആഖ്യാനങ്ങളാണ് ചെയ്തിരുന്നത്. കടമ്മനിട്ടയൊക്കെ വേദികളിൽ കവിതകൾ അവതരിപ്പിച്ചിരുന്നത് പ്രകമ്പനങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ്. കാവ്യാലാപനങ്ങൾ തന്നെ അനുഭവങ്ങളാക്കിമാറ്റിയിരുന്നു അവരിൽ പലരും.അക്കിത്തത്തെ പോലെയൊക്കെ വളരെ കുറച്ചു പേര് മാത്രമാണ് സാന്ദ്രമായും മന്ത്ര സ്ഥായിയിലും കവിത വായിച്ചിരുന്നത്.

എന്റെ തലമുറയുടെ ഒരു പ്രതിസന്ധി മുൻതലമുറ സൃഷ്ടിച്ചു വച്ച വലിയ രൂപത്തെ, കവിതയുടെ ആ വലിയ സ്ട്രക്ച്ചറിനെ മറികടക്കുക എന്നതാണ്. അതിന്റെ ഒരു വഴിയായാവണം പിന്നീട് വന്ന കവികൾ ഒച്ച കുറച്ചു പറയുന്ന രീതി പിന്തുടർന്നത്. ചെറിയ കവിതകൾ, മുൻ തലമുറ ശ്രദ്ധിക്കാതിരുന്ന ചെറിയ വിഷയങ്ങൾ, കാഴ്ചകൾ, അവർ ഉപയോഗിക്കാതെ വിട്ട ചെറിയ വാക്കുകൾ ഒക്കെ അങ്ങനെ വന്നതാവണം എന്റെ തലമുറയിലെ കവിതകളിൽ. എന്റെ മാത്രം പ്രത്യേകതയായല്ല ഞാൻ ഇതിനെ കാണുന്നത്.

എന്റെ കവിതകളിലെ പ്രണയത്തെക്കുറിച്ച് പറഞ്ഞാൽ ജലഭൂപടം എന്ന സമാഹാരത്തിൽ ഒക്കെ ചെറിയ കവിതകൾ ഉണ്ടായിരുന്നു എങ്കിലും അന്ന് ആ മാതൃകയ്ക്ക് അത്ര സ്വീകാര്യത കിട്ടിയിരുന്നില്ല. ദാർശനിക മാനമുള്ള ചെറിയ കവിതകൾ സ്വീകാര്യമായിരുന്നെങ്കിലും ചെറിയ കാര്യങ്ങളെ ചെറിയ കവിതകളിലൂടെ പറയുന്നത് ആളുകൾക്ക് അക്കാലത്ത് അത്ര സ്വീകാര്യമായിരുന്നില്ല .

പക്ഷെ ഞാൻ അതിൽ തന്നെ തുടർന്നു. ചെറുകവിതകളുടെ ലോക പരിസരം, ഹൈക്കു കവിതകൾ, തമിഴ്‍ കവിതകൾ, നമ്മുടെ തന്നെ നാടൻ കുട്ടികവിതകൾ – കുഞ്ഞുണ്ണി മാഷ് ശേഖരിച്ച നാടൻ കുട്ടി കവിതകൾ ഇവയുടെ ഒക്കെ ഒരു പെരുക്കം എന്റെ കവിതകളിൽ ഉണ്ടായി. ഞാനൊറ്റയ്ക്ക് ആ രീതിയിൽ എത്തിപ്പെട്ടതാവില്ല, ഈ പറഞ്ഞവ എല്ലാം കൂടി എന്റെ കവിതകളിൽ പ്രവർത്തിച്ചിട്ടുണ്ടാവണം.

എന്നാൽ എല്ലാ കവിതകളും ഈ രീതിയിൽ അല്ല എഴുതിയിട്ടുള്ളത്. കവിതയുടെ പ്രമേയത്തിന് അനുസരിച്ചു, വിഷയം ആവശ്യപ്പെടുന്ന പരിചരണത്തിനായി മറ്റു രീതികളിൽ എഴുതിയിട്ടുമുണ്ട്. ഉദാഹരണത്തിന് മരണത്തെ പറ്റി എഴുതുമ്പോൾ ഒരു വലിയ സ്ട്രക്ച്ചർ ആവശ്യമായി വന്നിട്ടുണ്ട്, ഞാൻ അങ്ങനെ എഴുതിയിട്ടുമുണ്ട്. പക്ഷെ ചെറിയ കവിതകൾ ആണ് ആളുകൾ കൂടുതലായി സ്വീകരിച്ചത് എന്നതാണ് വാസ്തവം.

ഫോട്ടോ : സന്തോഷ് കുമാർ

ചോദ്യം : ചെറിയ കവിതകളിൽ ചിലത് ചേർത്ത് ഷഹബാസ് ഗസൽ ആക്കി അവതരിപ്പിച്ചിട്ടുണ്ട്. വൃത്ത ഘടനയിൽ അല്ലാത്ത കവിതകളിലെ താളത്തെ പറ്റി ?

ഉത്തരം: താളം എന്നാണോ വൃത്തം എന്നാണോ വിളിക്കേണ്ടത് എന്ന് എനിക്കറിയില്ല. കവിതയ്ക്ക് അതിന്റേതായ ഒരു ഘടനയുണ്ട്. ഞാനതിനെ കവിതയുടെ ഘടന എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു. ലോകത്തിലെ എവിടെ ഒരു കവി എഴുതുമ്പോഴും ചെറിയ വ്യതിയാനങ്ങളോടെ ഈ ഘടന കവിതയിൽ നിലനിൽക്കുന്നുണ്ട്‌. എന്നെ സംബന്ധിച്ചിടത്തോളം കവിതയിൽ ഒരു ആന്തരിക താളം ഉണ്ട് എന്നാണു വിശ്വസിക്കുന്നത്. ഉദാഹരണത്തിന് കവിതയിൽ ചില വാക്കുകൾ അധികം വന്നു പോകുക, അല്ലെങ്കിൽ പത്രാധിപർ ആ കവിത ചിത്രീകരിക്കുമ്പോൾ ചിലത് വിട്ടുകളയുകയോ ഒന്നിന് പകരം രണ്ടു വാക്കുകൾ കൊണ്ട് വരികയോ , ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ താളം തെറ്റുന്നതായി തോന്നിയിട്ടുണ്ട്. ഈ താളം പക്ഷെ മുൻപേ നിലനിൽക്കുന്ന വൃത്തപദ്ധതിയുടെ ഭാഗമല്ല എന്നേയുള്ളൂ. ഭാവിയിൽ പുതിയൊരു വൃത്ത പദ്ധതിയുണ്ടാക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് ഈ ഘടന മനസ്സിൽ വച്ച് അത് നിർമ്മിക്കാം എന്ന് തോന്നുന്നു. അതേപ്പറ്റി കൂടുതലായി ഇപ്പോൾഎനിക്ക് പറയാൻ അറിയില്ല. കാവ്യപദ്ധതിയിൽ പറഞ്ഞ താളമല്ലെങ്കിലും ജീവിതത്തിന്, ലോകത്തിന് ഒരു താളമുണ്ട്. നമ്മൾ നടക്കുന്നതിന്, ശ്വസിക്കുന്നതിനു ഒക്കെ ഒരു താളമുണ്ട് എന്ന് പറയുന്നത് പോലെ വളരെ ജൈവികമായ ഒരു താളം കവിതയ്ക്കുമുണ്ട്.

ചോദ്യം : കവിതകളിലെ സൂഫിസം, ധ്യാനാത്മകത, അതുപോലെ ഹൈക്കുകവിതകളിലെ ഗുരുക്കന്മാരുടെ സാന്നിധ്യത്തെയൊക്കെ എങ്ങനെ കാണുന്നു ? കവിതകളിൽ കാണാനാവുന്ന ശരീരത്തിനു ഉപരിയായ പ്രണയത്തിന്റെ ദാർശനികസാന്നിധ്യത്തെ പറ്റി എന്താണ് അഭിപ്രായം?

ഉത്തരം: കൃത്യമായ ഒരു മതാന്തരീക്ഷത്തിലല്ല ഞാൻ വളർന്നത്. പറയാൻ മാത്രം മതവിദ്യാഭ്യാസവും എനിക്ക് ലഭിച്ചിട്ടില്ല. പക്ഷെ മനുഷ്യൻ എന്ന നിലയിൽ വളരെ ദുർബലനായ നമ്മൾ മരണത്തിന്റെ മുനമ്പിൽ ഒക്കെ പോയി തിരിച്ചു വരുന്നുണ്ട്. അപ്പോഴൊക്കെ ഒരു ശക്തി നമ്മളെ സംരക്ഷിക്കുന്നതായോ, അങ്ങനെ ഒരു ശക്തി ഉള്ളതായോ ഒക്കെ തോന്നിയിട്ടുണ്ട്. അതിനെ ദൈവമെന്നോ അല്ലെങ്കിൽ ഈ ലോകത്തിന്റെ സംവിധാന, സംരക്ഷണശക്തി എന്നോ മറ്റോ വിളിക്കാം. അങ്ങനെ ഒരു ക്രമീകരണം ഉണ്ട് എന്ന തോന്നലിൽ നിന്ന് വരുന്ന ഒരു കനക്കുറവ്, ഒച്ചവെയ്ക്കേണ്ട എന്ന എന്റെ തന്നെ തോന്നലിൽ നിന്ന് വന്നതാണ് കവിതകളിലെ ആ കനക്കുറവ്, അതിനെ മതാതീതമായ ആത്മീയത എന്ന് പറയാനാവുമോ എന്നറിയില്ല, ആ ചിന്തയാണ് കവിതകളിൽ ഉണ്ടെന്നു പറയുന്ന ദാർശനികത.

ഞാൻ സൂഫിക്കവിതകൾ ഒക്കെ വായിക്കുന്നത് കവിതയെഴുതി തുടങ്ങി ഏറെക്കാലം കഴിഞ്ഞാണ്. റൂമിയെയും മറ്റും ആദ്യകാലത്തൊന്നും ഞാൻ വായിച്ചിട്ടേയില്ല. പക്ഷെ പീന്നീട് വായനയും അന്വേഷണങ്ങളും കൊണ്ട് കണ്ടെത്തിയത് ഇതേ വിഷയങ്ങളിലും ആശയങ്ങളിലും ഉള്ള ധീരമായ ശ്രമങ്ങൾ ലോകത്ത് മറ്റു പല ഭാഷകളിലും ഉണ്ടായിട്ടുണ്ട് എന്നതാണ്. നമ്മളിപ്പോൾ എഴുതുന്നതിലൂടെ അനുഭവിക്കുന്ന ഭാരക്കുറവിന്റെ എത്ര മടങ്ങ് അനുഭവിച്ചവരാകാം റൂമിയൊക്കെ എന്ന് തോന്നിയിട്ടുണ്ട്. ഒരു വ്യക്തിയെന്ന നിലയിലെ എന്റെ ജൈവികതയാണ് ആ കനക്കുറവ്. കവിതയിൽ ഒരു കള്ളം കാണിക്കാൻ ശ്രമിച്ചാൽ, ആ ജൈവികതയിൽ വെള്ളം ചേർത്താൽ വായനക്കാരന് അത് എളുപ്പം കണ്ടെത്താന് കഴിയും.

ചോദ്യം : മിണ്ടാപ്രാണി എന്ന സമാഹാരത്തിൽ എത്തുമ്പോൾ അതിനു മുൻപുള്ള എഴുത്തു രീതിയിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയം ഒരു വിഷയമായി വരുന്നുണ്ട്. ആ ട്രാൻസ്ഫോർമേഷൻ എങ്ങനെ?

ഉത്തരം: നേരത്തെ തന്നെ ഞാൻ രാഷ്ട്രീയവിഷയങ്ങൾ കവിതയിൽ ഉപയോഗിച്ചിട്ടുണ്ട്. മേധാ പട്ക്കർക്ക് സമർപ്പിച്ച കവിതയൊക്കെ അതിന് ഉദാഹരണമാണ്. കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ സൃഷ്ടിക്കപ്പെട്ട സംഘർഷാത്മക അന്തരീക്ഷം, ഇന്ത്യയുടെ തന്നെ മാറിയ അന്തരീക്ഷം ചില സാഹചര്യങ്ങളിൽ നമ്മളെ കൊണ്ട് വളരെ സ്വാഭാവികമായി ചില വിഷയങ്ങൾ എഴുതിക്കുകയാണ്. മിണ്ടാതിരിക്കാൻ നമ്മൾ ഒരുപാട് ശ്രമിക്കുന്നുണ്ട്. എങ്കിലും ആ മൗനം പാടില്ല ചിലത് പറയേണ്ടതുണ്ട് എന്ന് കാലം നമ്മളോട് പറയുകയാണ്. അങ്ങനെയാണ് കുറച്ചുകൂടി പ്രത്യക്ഷ രാഷ്ട്രീയം പറയുന്ന കവിതകളെഴുതുന്നത്. ഇനിയത് വർധിക്കുമെന്ന് തോന്നുന്നു. നമ്മുടെ സാമൂഹിക ജീവിതം നമുക്ക് ഇഷ്ടമുള്ളവയെ നിരാകരിക്കപ്പെടുന്ന ഒരു ഭാവി രാഷ്ട്രീയ ക്രമത്തിലേക്ക് രൂപാന്തരപ്പെടുകയാണ്. ഈ അവസ്ഥയിൽ നമ്മൾക്കെങ്ങനെയാണ് പ്രതികരിക്കാതിരിക്കാനാവുക ?

ഒരു കവി എന്ന നിലയിൽ കവിതയിലൂടെ അല്ലാതെ ഉറക്കെയും പതുക്കെയും നമുക്ക് സംസാരിച്ചു കൊണ്ടേയിരിക്കാം, കരഞ്ഞു കൊണ്ടും പ്രാർത്ഥിച്ചു കൊണ്ടുമിരിക്കാം.

പക്ഷെ ഒരു കാര്യത്തിൽ എനിക്ക് നിർബന്ധമുണ്ട്. ഒരു കവിയ്ക്ക് അയാൾ ജീവിക്കുന്ന സമൂഹത്തോടുള്ള ഉത്തരവാദിത്തത്തെ പറ്റിയാണത് . അയാൾ ഭാഷ കണ്ടെത്തുന്നത്, വിഷയങ്ങൾ കണ്ടെത്തുന്നത് ജീവിക്കുന്ന സമൂഹത്തിൽ നിന്നായതു കൊണ്ട് തന്നെ ആ സമൂഹത്തോട് അയാൾക്ക് ഉത്തരവാദിത്തമുണ്ട്. അയാളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരു ധീരതയുണ്ട്. സ്വന്തം ജോലിയെയോ കിട്ടാനിരിക്കുന്ന പുരസ്കാരങ്ങളെയോ ഭയക്കാതെ സത്യം പറയാനുള്ള ഉത്തരവാദിത്തമാണത്. ആ ഉത്തരവാദിത്വ ബോധത്തോടെ ചിലത് പറയാൻ ശ്രമിച്ചു എന്നാണു എന്റെ വിശ്വാസം. അതിൽ എത്ര വിജയിച്ചുവെന്നത് വായനക്കാർ ആണ് പറയേണ്ടത്.

ചോദ്യം: എന്തായിരുന്നു കോളേജിൽ വിദ്യാർത്ഥി സംഘടനകളുമായി ഉണ്ടായിരുന്ന പൊരുത്തക്കേടുകൾ? അധ്യാപക ജോലി അവസാനിപ്പിച്ച ശേഷം ആ വിഷയങ്ങളെ എങ്ങനെ നോക്കിക്കാണുന്നു ?

ഉത്തരം : ആ വിഷയം ഉണ്ടായ സമയമാനസികാവസ്ഥയിൽ അല്ല ഇപ്പോൾ ഞാൻ അതിനെ നോക്കിക്കാണുന്നത്. കുട്ടികൾ നമ്മളെ ചോദ്യം ചെയ്യുന്നു എന്ന ചിന്ത അക്കാലത്തു ചില വിഷമതകൾ ഉണ്ടാക്കിയിരുന്നു. ഇപ്പോൾ തോന്നുന്നത് ആ പ്രായത്തിൽ ഉള്ള ഒരു കുട്ടിയുടെ എല്ലാത്തിനെയും ചോദ്യം ചെയ്യാനുള്ള മനസും ഊർജ്ജവും അവർ പ്രതിനിധാനവും ചെയ്യുന്ന സംഘടനയുടെ ചില ദൗർബല്യങ്ങളും ഒക്കെ കൂടിച്ചേർന്നു വന്ന ഒരു പ്രതികരണമായിരുന്നു അതെന്നാണ്. ആ കുട്ടികൾ പിന്നീട് ഞാനുമായി നല്ല ബന്ധത്തിലായി. അവർക്ക് ആ വിഷയത്തെയും അതിന്റെ പരിണാമത്തെയും കുറിച്ചുള്ള ധാരണകൾ ഉണ്ടായി. എന്നെ സംബന്ധിച്ചിടത്തോളം മുതിർന്നവരുടെ രാഷ്ട്രീയത്തിന് വിഭിന്നമായി കുറച്ചു കൂടി യുക്തിസഹമായ രാഷ്ട്രീയം കുട്ടികളാണ് പിന്തുടരുന്നത് എന്ന അഭിപ്രായമാണ്. ലോകവ്യാപകമായി നമ്മൾ അതാണ് എപ്പോൾ കാണുന്നത്. അതിനെ ശരിയായ രീതിയിൽ ചാനലൈസ് ചെയ്യാനുള്ള ശ്രമമാണ് വേണ്ടത്.

ചോദ്യം : ലോക കവിത എന്ന ഏറ്റവും പുതിയ സമാഹാരത്തിൽ ഉൾപ്പെടുത്തിയ കവിതകൾ താങ്കളുടെ എഴുത്തു രീതിയിൽ നിന്ന് വിഭിന്നമാണ്‌. എന്തായിരുന്നു ഈ തിരഞ്ഞെടുപ്പിന് പിന്നിൽ ?

ഉത്തരം : ബോധപൂർവം ചെയ്തതല്ല ആ തെരഞ്ഞെടുപ്പ്. ഒരു കാവ്യപരമായ വ്യായാമം എന്ന നിലയിൽ ലോക കവിതകളെ വിവർത്തനം ചെയ്തു തുടങ്ങിയതാണ്. ഇടയ്ക്ക് ഇടവേളകൾ ഉണ്ടായി.

പോളണ്ടിലോ സ്വിസ്സ് സർലണ്ടിലോ ചിലയിലോ ഉള്ള മറ്റേതോ ഭാഷകളിൽ എഴുതിയ കവികളെ വായിക്കുമ്പോൾ, അവരോടു ഒരു ആരാധന നമ്മുടെ ഉള്ളിൽ കിടക്കുന്നുണ്ട്. അവരുടെ കവിതകൾ കുറേയൊക്കെ ഇംഗ്ലീഷ് വന്നിട്ടുണ്ടാവുമെങ്കിലും നമുക്കവരുടെ കവിതകൾ അത്ര പ്രാപ്യമല്ല. ആ കവികളൊടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ശ്രമമാണ് ഈ സമാഹാരത്തിലൂടെ നടത്തിയത്. അവർ ആ കവിതകൾ മലയാളത്തിൽ എഴുതിയാൽ എങ്ങനെയാവും എന്ന തോന്നലിലുള്ള വിവർത്തന ശ്രമമാണ് അവ. ഭാഷയും ഭാവുകത്വവും അങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധശേഷവും നാസിസവും ഫാസിസവും സൃഷ്ടിക്കപ്പെട്ട കാലത്തും അതിനു ശേഷവും ജീവിച്ച, രാഷ്‌ടീയ സംഘർഷവും പ്രതിരോധവും അനുഭവിച്ച കവികളാണ് ഈ സമാഹാരത്തിൽ ഉള്ളത്. ഷിംബോർസ്‌ക, ഹോളോബ്, യഹൂദ അമിച്ചൈ തുടങ്ങി ഒട്ടേറെ കവികളുണ്ട്. ഈ കവിതകൾ മേൽ പറഞ്ഞ കാലത്തിനു ശേഷം എഴുതപ്പെട്ടവയാണ്. രാഷ്ട്രീയ കവിതാസമാഹാരം എന്ന് വിളിക്കാനാവുന്ന ഒരു പുസ്തകമാണത്.

കവിതയ്‌ക്കോ കവിയ്ക്കോ രാഷ്ട്രീയം വേണോ എന്ന് നമുക്ക് ചുറ്റും ചർച്ചകൾ നടക്കുന്ന കാലമാണ്. എന്നാൽ ലോകത്ത് ഒരിടത്തും ഒരു കവിയേയും ഈ ചർച്ചയോ വിഷയമോ അലട്ടുന്നില്ല. അവർ ഉത്തരവാദിത്വത്തോടെ തങ്ങളുടെ രാജ്യം നേരിടുന്ന വംശീയവും ഭരണകൂട ഭീകരതയും ആയി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മാനവികത നേരിടുന്ന വിഷയങ്ങളിൽ തങ്ങളാൽ കഴിയുന്ന തരത്തിൽ ഇടപെടുകയാണ്. എല്ലാക്കാലത്തും കവിതയ്ക്ക് അതിന്റേതായ രാഷ്ട്രീയ സ്വഭാവം ഉണ്ട്, സാഹചര്യങ്ങൾക്ക് അനുസരിച്ചത് മാറി വരുന്നു എന്ന് മാത്രം.

ഫോട്ടോ : സന്തോഷ് കുമാർ

ചോദ്യം: താങ്കൾ ഒരു സാഹിത്യ-രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും ഭാഗമായി പ്രവർത്തിട്ടില്ല. ഈ സ്വാതന്ത്ര്യം എഴുത്തിനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

ഉത്തരം: എഴുത്തുകാരന്റെ നിലപാട് മനുഷ്യപക്ഷത്താവണം എന്ന് ബോർഹസ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പക്ഷെ ആ നിലപാട് പ്രകടിപ്പിക്കേണ്ടത് എഴുത്തുകാരന്റെ മാധ്യമമായ എഴുത്തിലൂടെയാണ്. അതെ അയാൾക്ക് സാധിക്കുകയുള്ളു. എഴുത്തുകാരൻ ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായാൽ ആ ഘടനയ്ക്ക് ഉള്ളിൽ നിന്ന് പ്രവർത്തിക്കാൻ നിർബന്ധിതനാവും. സ്വതന്ത്രമായ നിലപാടുകൾ അയാൾക്ക് അന്യമാകും. ഒരു രാഷ്ട്രീയ കക്ഷി അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചു നിലപാട് മാറ്റുന്നതിനനുസരിച്ച് ആ എഴുത്തുകാരനും നിലപാട് മാറ്റേണ്ടി വരും. മനുഷ്യപക്ഷത്തു നിൽക്കുകയും മനുഷ്യന്റെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചു പറയുയും ചെയ്യുന്ന ഒരാൾക്ക് ഏതെങ്കിലും മതത്തിന്റെയോ രാഷ്ട്രീയ കക്ഷിയുടെയോ ഭാഗമാവാൻ കഴിയില്ല എന്നാണു എന്റെ നിലപാട്.

അധികാരം ഏറെ സൗകര്യങ്ങൾ ഉള്ള ഒരു ഇടമാണ്. പദവികൾ, പുരസ്കാരങ്ങൾ, വിശിഷ്ടാംഗത്വങ്ങൾ അങ്ങനെ പലതും അധികാരത്തോട് ചേർന്ന് നിൽക്കുന്ന എഴുത്തുകാരനെ കാത്ത് നിൽപ്പുണ്ട്. ഇതൊക്കെ മോഹിക്കുന്നവരെ എഴുത്തുകാർ എന്ന് വിളിക്കാമോ എന്ന് എനിക്കറിയില്ല, എഴുത്തുകാർ എന്ന് പറയപ്പെടുന്നവർ എന്ന് വിളിക്കാവുന്ന അവരാണ് ഏതെങ്കിലും കക്ഷിയുടെ കൂടെ നിൽക്കുന്നത്. ചില പ്രസ്ഥാനങ്ങൾക്ക് വേണ്ടി പരസ്യ വാചകങ്ങൾ എഴുതി സാഹിത്യത്തെ മുന്നോട്ട് കൊണ്ട് പോവുന്നത്. എല്ലാ കാലത്തും അവർക്ക് അങ്ങനെ നില്ക്കാൻ കഴിയുമോ എന്നെനിക്കറിയില്ല.

എഴുത്തുകാരന് ഒരു രാഷ്ട്രീയമുണ്ട്. കേരളീയ പൊതുബോധം ഇടതു പക്ഷത്തോട് ചേർന്നതാണ്. അത് ഉപേക്ഷിച്ചുകൊണ്ടല്ല ഇത് പറയുന്നത്. സങ്കുചിതമായ സംഘടനാ ചിന്തകളിലേക്ക് എഴുത്തുകാരൻ ചുരുങ്ങുന്നതിനെ പറ്റി പറയുമ്പോൾ അത് എഴുത്തുകാരന്റെ ആത്മഹത്യാപരമായ നിലപാടാണ് എന്നാണ് എന്റെ കാഴ്‌ചപ്പാട്‌. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പറ്റി കേരളീയ പൊതുബോധത്തിനുള്ള ധാരണയുടെ നിലവാരത്തിലേക്ക് എത്താൻ ആ സംഘടനകൾക്ക് കഴിയാതെ പോവുന്നതാണ് കേരളം ഇപ്പോൾ നേരിടുന്ന വെല്ലുവിളി എന്ന് എനിക്ക് തോന്നുന്നു. മൂലധനശക്തികളുമായി, ജാതിമത സംഘടനകളുമായി ഒക്കെ സമരസപ്പെടാനുള്ള ശ്രമങ്ങൾ മൂലം ഇടതു പക്ഷപ്രസ്ഥാനങ്ങളുടെ മൂലധനത്തറയ്ക്ക് നേരിടുന്ന അപചയമാണ് ഇപ്പോൾ കേരള പൊതു മണ്ഡലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്; മനസിലാക്കുന്നുമുണ്ട്.

പത്തനംതിട്ട സ്വദേശി. ദുബായിൽ താമസം. കവിതസമാഹാരങ്ങൾ - ഉന്മത്തതകളുടെ ക്രാഷ്ലാന്റിങ്ങുകൾ, ടെക്വീല, ഉളിപ്പേച്ച്, രാജാവിന്റെ വരവും കൽപ്പമൃഗവും, കള്ളിമുള്ളിന്റെ ഒച്ച. കഥാസമാഹാരം - ജിഗ്സ പസൽ. ആദി & ആത്മ (നോവൽ - ബാലസാഹിത്യം )