പോലീസ് ഡയറി – 30 : പുകവീണ രാത്രികൾ – ഭാഗം : 8

മനസിൽ പിന്നെയും വലിയ ആധി നിറച്ചു കൊണ്ടാണ് ഹരീഷിനെ കാണുന്നില്ല എന്ന വാർത്ത എത്തിയത്.

ഹരീഷിനെ കാണുന്നില്ലെ ? അവൻ പുറത്ത് എവിടെങ്കിലും കാണും.

ഇല്ല സർ. അവൻ ഇന്നലെ വൈകിട്ട് ഇപ്പോ വരാമെന്ന് പറഞ്ഞ് പോയതാ.

എന്നിട്ടെന്താ നിങ്ങൾ പറയാതിരുന്നത്?

രാത്രി വരുമെന്ന് കരുതി.

നിങ്ങൾ എന്താ ഈപറയുന്നേ ? സങ്കടവും ദേഷ്യവുമെല്ലാം ഉണ്ടായിരുന്നു എൻ്റെ വാക്കുകളിൽ.

അവൻ എവിടെ പോയിരിക്കും? വല്ല അപകടം പറ്റിയിരിക്കുമോ? വഴി തെറ്റി പോലീസ് പിടിച്ചു വെച്ചിരിക്കുമോ ? എന്നെപ്പോലെ തന്നെ ഡൽഹി കാണാൻ വേണ്ടി കൂടെ കൂടിയതാണ് ഹരീഷും. ചാടിപ്പോയ കള്ളനെ അന്വേഷിച്ചാണ് ഡെൽഹി പോലീസ് സ്റ്റേഷനുകളിൽ ആദ്യം കയറി ഇറങ്ങിയത് ഇപ്പോൾ കൂടെയുള്ളവനെ അന്വേഷിച്ചായി.

പോലീസ് സ്റ്റേഷനുകളിലില്ല. ആശുപത്രികളിലില്ല. ഇനി എവിടെയാണ്?

ട്രെയിനിലും ബസിലും റിക്ഷകളിലും നടന്നും അന്വേഷണമായി. നിർത്താതെ ഓടുകയായിരുന്നു, ആൾക്കൂട്ടത്തിൽ നിന്ന് ആൾക്കൂട്ടങ്ങളിലേക്ക്. ഓരോ തെരുവുകളിലും സ്മൃതികുടീരങ്ങളിലും തിരക്ക് കുട്ടിയും സുന്ദര കാഴ്ചകൾ കണ്ടും വിവിധ ഭാഷകൾ പറഞ്ഞും ചിരിച്ചും ബേൽപൂരി നുണഞ്ഞും പഴങ്ങൾ തിന്നും ഫോട്ടോകൾ എടുത്തും ഒഴുകി കൊണ്ടേയിരുന്ന മനുഷ്യരുടെ ഇടയിലൂടെ വിയർത്തൊലിച്ചു ഞങ്ങൾ നടന്നു.

ആ അന്വേഷണത്തിനൊടുവിൽ യമുനയുടെ തീരത്തെ ആ മഹാ അത്ഭുതത്തിന് നിഴലിൽ നിന്ന് കാഴ്ചകൾ കാണാനിറങ്ങിയ ഹരീഷിനെ കണ്ടെത്തി മടങ്ങുമ്പോൾ ഡെൽഹി എന്ന മഹാനഗരത്തെ ഞാനത്രമേൽ വെറുത്തിരുന്നു.

ഞാൻ കിനാവ് കണ്ട ആ സ്വപ്ന ഭൂമിയിൽ എല്ലാ കാഴ്ചകളിലൂടെയും ഒന്നും കാണാതെ ആ പകൽ മുഴുവൻ ഞാനലഞ്ഞിരുന്നു. രാജ് പഥിൻ്റെ വിഥികളിലുടെ, ലോകത്തെ ഏറ്റവു വലിയ യുദ്ധ സ്മാരകത്തിൻ്റെ, ഇന്ത്യ ഗേറ്റിൻ്റെ തണലിലുടെ, റെയ് സാൻ കുന്നിലെ ആ വലിയ വീടിന് മുന്നിലൂടെ, ജനാധിപത്യത്തിൻ്റെ ഉറവിടമായ വിധാൻ സഭയക്ക് മുന്നിലൂടെ, രാജ് ഘട്ടിൻ്റെ ശാന്തതയിൽ ഉറങ്ങുന്ന മഹാത്മാവിൻ്റെ മുന്നിലൂടെ, ചാച്ചാജിയുടെ ശാന്തി വനത്തിനരികിലൂടെ, പൈതൃക കേന്ദ്രങ്ങളിൽ ഇടംപിടിച്ച ഇഷ്ടികകളുടെ മഹാ നിർമ്മിതി കുത്തബ് മീനാറിന്റെ പൂന്തോപ്പിലൂടെ, ലോകത്തിൻ്റെ അത്ഭുതമായ താജിൻ്റെ വർണപ്പകിട്ടിലൂടെ, ഡെൽഹിയുടെ കാഴ്ചകളിലൂടെ തലങ്ങും വിലങ്ങും നടന്നു.

പക്ഷെ ഒന്നും ഞാൻ കണ്ടില്ല. എൻ്റെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഡെൽഹി എനിക്ക് വെറുക്കപ്പെട്ട ഇടമായി മാറി കഴിഞ്ഞിരുന്നു. ഞാൻ എന്ത് കാണാനാഗ്രഹിച്ചുവോ അതെനിക്കിഷ്ടമില്ലാതായിരിക്കുന്നു. ഇനി ഇവിടെ നിൽക്കേണ്ടതില്ല. നൂർജമാൽ വെറുക്കപ്പെട്ട ഈ തെരുവിൻ്റെ ഇരുളിൽ എവിടെയെങ്കിലും കഴിയട്ടെ.

ഹരീഷിൻ്റെ യാത്രയെ ഞാൻ കുറ്റം പറഞ്ഞില്ല. അവനെ വഴക്ക് പറയുകയോ ചെയ്തില്ല. ഇന്നലെ വൈകി താജിൻ്റെ നിഴലിൽ നിന്ന് അവനെ കണ്ടെത്തുമ്പോൾ ഞാൻ വല്ലാത്ത നിസംഗതയിലായിരുന്നു. ജീവിതം കൈവിട്ടുപോയെന്ന എൻ്റെ ചിന്തയിൽ നിന്ന് മടങ്ങി വരുവാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.

തിരിച്ച് നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയതു. നാളെ രാത്രി 8 മണിക്ക് രണ്ട് പകലും ഒരു രാത്രിയും ദീർഘമായി മുന്നിലുണ്ട്. അതൊരു ദീർഘസമയമാണ്. ഇനി എന്തിന് സമയം. നൂർജമാലിനെ കണ്ടെത്താൻ കഴിയില്ലെന്നു് ഉറപ്പായി. നിരാശരായി തല താഴ്ത്തി മടങ്ങാം.

അവിചാരിതമായാണ് ഹിമാൻഷു വിൻ്റെ ഫോൺ വന്നത്. ഹിമാൻഷുവിനെ ഞാൻ മറന്ന് തുടങ്ങിയിരുന്നു. അയാളുടെ വാക്കുകൾ അത്ര സ്വീകാര്യമായി എനിക്ക് തോന്നിയില്ല.

രാത്രി വാടകക്കെടുത്ത ഒരു കാറിൽ, ഹിമാൻഷു അയച്ച് തന്ന ലൊക്കേഷനിലേക്ക് എത്തുമ്പോൾ ആകാംഷയോ പേടിയോ ഒന്നുമുണ്ടായിരുന്നില്ല.
ആര്യസമാജ് അഖാഡയിൽ ഇനിയും ആളൊഴിയാത്ത തെരുവിൽ കാളി ക്ഷേത്രത്തിന് എതിരെ ഏതാനും ചെറിയ തട്ടുകടകൾ കണ്ടു. ഇവ തന്നെയാവണം ഹിമാൻഷു പറഞ്ഞ കടകൾ ആദ്യത്തെ കട കയ്യൊഴിഞ്ഞ് രണ്ടാമത്തെ കടയ്ക്കുമുന്നിലെ മേശകൾക്ക് അരികിലെ കസേരകളിൽ ഞങ്ങൾ ഇടം പിടിച്ചു.

ചോലേ ബട്ടൂര. ഞങ്ങൾ പറഞ്ഞു.

രണ്ട് ബട്ടൂരയും മസാലയിട്ട കടലക്കറിയും അരിഞ്ഞിട്ട സവാളയല്ലികളും സ്വാദോടെ കഴിച്ചുതീർത്ത ശേഷം ഇനിയെന്ത് എന്ന് ഞങ്ങൾ ആലോചിക്കാൻ തുടങ്ങി.

രാത്രി 12 ആയിരിക്കുന്നു കടകളിൽ ആളൊഴിഞ്ഞു തുടങ്ങി. ഹിമാൻഷു ഒരു ചെറു കാറിലാണ് എത്തിയത്. അതിൽ ആരൊക്കെയോ ഉണ്ട്.

സർ ഞാൻ പറഞ്ഞ കാര്യം? അയാൾ വന്നപാടെ ചോദിച്ചു. ഈ ഓപ്പറേഷൻ നിങ്ങൾക്ക് വേണ്ടിയാണ് സർ. റിസ്കാണ് സർ … അവർ സമ്മതിക്കില്ല. നിങ്ങൾ ഇത് കൈക്കൂലിയാണെന്ന് കരുതേണ്ടതില്ല.

ഞാൻ ഒന്നും പറഞ്ഞില്ല 50000 രൂപ അവന് ട്രാൻസ്ഫർ ചെയതു കൊടുത്തു…. ആ പകലിൽ ആ പണം ഞങ്ങൾ സ്വരുക്കൂട്ടിയിരുന്നു. നൂർജമാലിനെ കിട്ടിയില്ലെങ്കിലോ ? ആ ചോദ്യം ഞാൻ ചോദിച്ചില്ല.

അരമണിക്കൂറോളം ഞങ്ങൾ അവിടെ ചിലവഴിച്ചു. പിന്നെ യാത്ര തുടങ്ങി. ഞങ്ങൾക്ക് മുന്നിലായി ഹിമാൻഷുവിൻ്റെ കാർ യമുനയുടെ തീരത്തുകൂടെയായി യാത്ര. അരികിലെ കെട്ടിടങ്ങളിലെ വെളിച്ചത്തിലും യമുന കറുത്തിരുണ്ടു കിടന്നു. യമുനയിലേക്ക് മുഖമുയർത്തി നിൽക്കുന്ന ഒരു വലിയ കെട്ടിടത്തിന് മുന്നിൽ യാത്ര അവസാനിച്ചു .

ഹിമാൻഷുവും മറ്റ് നാല് പേരും ഞങ്ങൾക്ക് ചുറ്റും കൂടി പതിഞ്ഞ ശബ്ദത്തിൽ ചെയ്യാൻ പോകുന്ന പ്രവർത്തിയുടെ അപകടത്തെകുറിച്ച് പറഞ്ഞു. അവരുടെ വണ്ടിയിൽ നിന്ന് നാല് ലാത്തികൾ എടുത്ത് ഞങ്ങൾക്ക് തന്നു. പിന്നെ അവരുടെ നിഴലായ് ആ വലിയ കെട്ടിടത്തിന് അരുക് പറ്റിയുള്ള ചെറുവഴിയിലൂടെ ഞങ്ങൾ നടന്നു. തോക്കും വടിയുമൊക്കെയായി വലിയ കരുതലോടെയാണ് അവർ നടന്നിരുന്നത് .

അവിടവിടെയായ് വീടുപോലെ തോന്നിക്കുന്ന കെട്ടിടങ്ങൾ. കെട്ടിടങ്ങളെ മറച്ച് ഞാന്ന് കിടക്കുന്ന മരച്ചില്ലകൾ. ഇരുളും നിശബ്ദതയും ഉറങ്ങുന്ന വഴികൾ എവിടേക്കെന്നറിയാതെ വളഞ്ഞ് മറ്റ് ചെറുവഴികളോട് ഇണ ചേർന്ന് കിടന്നു.

ആ ഇരുളിലൂടെ ഞങ്ങൾ നടന്നു. ഹൃദയം ചൂട് പിടിച്ചു തുടങ്ങി, കൈകളിലും കാലുകളിലും ചെറു തരിപ്പും വിറയലും. വീണ്ടുമൊരപകടത്തിലേക്കോ എന്ന ആശങ്ക പതിയെ ഉള്ളിലേക്കെത്തി. എളിയിൽ കരുതി വെച്ച പിസ്റ്റളിൽ ഞാൻ തൊട്ടു നോക്കി. ഇത്ര ദിവസം അത് പെട്ടിയിലിരിക്കയായിരുന്നു.

മതിൽ കെട്ടി തിരിച്ച ഒരു കോംപൗണ്ടിന് മുന്നിലായി ഞങ്ങൾ നിന്നു. അത് റോഡിൽ നിന്ന് അൽപ്പം ഉയരത്തിലായിരുന്നു. ഞങ്ങൾ പതിയെ മുകളിലേക്ക് കയറി. മുന്നിൽ ഇരുൾ പരത്തി കുറച്ച് മരങ്ങൾ. പൂഴിമണ്ണ് നിറഞ്ഞ വഴിയിലൂടെ നിഴലുകളായി ഞങ്ങൾ നടന്നു … ഒരു വീടിന് മുന്നിൽ വഴി തീർന്നു. ഉള്ളിലെവിടെയോ തെളിഞ്ഞിരിക്കുന്ന വെളിച്ചം ആ ഇരുളിൽ വീടിന് ഇത്തിരി വെട്ടം നൽകി. പഴകിയ മണം പഴയ ആ വീടിനെ ചുറ്റി നിന്നു.

ഹിമാൻഷുവിനോടൊപ്പം വന്ന മൂന്ന് പേർ വീടിന് പുറകിലേക്ക് പോയി. എങ്ങും ഒരനക്കവുമില്ല. അകത്ത് ആളുള്ളതായി തോന്നുന്നില്ല.

ഇനിയെന്ത് ? എന്താണിവരുടെ ഉദ്ദേശം?

അടഞ്ഞുകിടക്കുന്ന വാതിലിനുള്ളിലൂടെ എങ്ങിനെ അകത്ത് കയറും. അതോ വാതിൽ തട്ടി വിളിക്കണോ? അത് അപകടമാണ്. നൂർ ജമാൽ ഇവിടുണ്ടാകുമോ?

ഞങ്ങൾ കാത്തിരിക്കയാണ്.

വീടിന് പുറകിലേക്ക് പോയ ഒരാൾ തിരികെ വന്നു. വാതിൽ തുറന്നിട്ടുണ്ടെന്ന് അയാൾ ഹിമാൻഷുവിനോട് പറഞ്ഞു .

വിൽസനെയും ഹരീഷിനെയും കൂടെ വന്ന ഒരാളെയും വീടിന് മുന്നിൽ നിർത്തി ഹിമാൻഷു ചെറിയ നിർദ്ദേശങ്ങൾ നൽകി. പിന്നെ ഞങ്ങളെല്ലാം പുറകിലേക്ക് നടന്നു. പുറകിലെ വാതിലിനരികിൽ മറ്റുള്ളവർ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു ശബ്ദവുമില്ലാതെ അവർ കതക് തുറന്നു.
ഓരോരുത്തരായി അകത്തേക്ക് വലിയൊരു ഹാളിനുള്ളിലേക്കാണ് ഞങ്ങൾ എത്തിയത്.

ഹാളിൻ്റെ വലത് വശം മുറിയിൽ, തെളിഞ്ഞു കിടന്ന ലൈറ്റിൻ്റെ വെളിച്ചം അല്പം തുറന്ന് കിടന്ന വാതിലിനിടയിലൂടെ ഹാളിലേക്ക് വരുന്നുണ്ടായിരുന്നു.

ആ മുറിയിലെ തറയിൽ. ഒരു പുതപ്പിൽ കിടന്നുറങ്ങുന്നവരുടെ കാലുകൾ അൽപ്പാൽപ്പം കാണാം. മൂന്നു പേരുണ്ട്. തൊട്ടടുത്തുള്ള മുറികളിൽ ആരുമില്ലെന്ന് ഉറപ്പ് വരുത്തി. മുറിയിലെ ലൈറ്റുകളുടെ സ്വിച്ച്കൾ കണ്ട് വെച്ചു. മുറിക്കകത്ത് കയറുന്ന സമയം അതെല്ലാം ഓൺ ചെയ്യാൻ ഒരാളെ ചുമതലപ്പെടുത്തി.

വാതിൽ തുറന്നപ്പോൾ എനിക്കൽപ്പം ആവേശം കൂടിപ്പോയി. ഹിമാൻഷുവിനും മറ്റുള്ളവർക്കും ഒപ്പം ഞാനും അകത്തേക്ക് തിക്കി തിരക്കി. എൻ്റെ ബലം കൊണ്ട് വാതിൽ അൽപ്പം ശകതിയോടെ തുറന്ന് ഭിത്തിയിലിടിച്ചു നിന്നു.

ആ ശബ്ദം കേട്ട് താഴെ കിടന്നവർ ചാടി എഴുന്നേറ്റു. രണ്ടു പേരെ പോലീസ് … എന്ന് ഉറക്കെ പറഞ്ഞ് ഹിമാൻഷുവും കൂട്ടുകാരും പിടികൂടിയിരുന്നു.
അരുകിൽ കിടന്ന മൂന്നാമൻ ഉരുണ്ടു മാറി തലയിണ കീഴിൽ നിന്ന് ഒരു കത്തിയുമായി എഴുന്നേറ്റ് നിന്നു … അതവനായിരുന്നു … നൂർജമാൽ.

അവൻ എന്നെയും കണ്ടു. അവൻ്റ കൈയിലെ കത്തി ഉയർത്തും മുമ്പെ, അവൻ അതെക്കുറിച്ച് ആലോചിക്കും മുമ്പെ, എൻ്റെ ഇടിയേറ്റ് അവൻ താഴെ വിണിരുന്നു . അവൻ മൂലം വന്ന് ഭവിച്ച എല്ലാ ദുരിതവും ക്രോധമായി എൻ്റെ കൈകളിലേക്ക് ആവാഹിക്കപ്പെട്ടിരുന്നു. എന്നിൽ ആവേശിച്ച ആ ശക്തിക്ക് മുന്നിൽ അവൻ ഒന്നുമല്ലായിരുന്നു. അവൻ എഴുന്നേൽക്കാൻ ശ്രമിക്കുമ്പഴേക്കും വിനു അവനെ ചവിട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു.

കേരള ഹൗസിലെ എൻ്റെ മുറിയിൽ ആ പുലർച്ചെയിലും പകലിലും അവശനിലയിൽ അവൻ ഇരുന്നു.

ആ രാത്രി 8.10 ന് കേരള എക്സ്പ്രസ്സിലെ AC A1 കോച്ചിൽ എൻ്റെ കാഴ്ചക്കു മുമ്പിലായി മുകളിലെ ബർത്തിൽ കൈയിലും കാലിലും ചങ്ങലക്കിട്ട ആ മനുഷ്യൻ, നൂർജമാൽ, അസ്വസ്ഥതയോടെ കിടക്കുന്നുണ്ടായിരുന്നു. എന്തോ പറഞ്ഞതിന് അവൻ്റെ മുഖത്തിടിച്ച തൻ്റെ കൈ വേദനിക്കുന്നു എന്ന് പറഞ്ഞ് വിനു അപ്പുറത്തേക്ക് പോയി.

നൂർജമാലിൻ്റെ എതിർ സീറ്റിൽ താഴെയായി അവനെയും നോക്കി യൂണിഫോം ധരിച്ച രണ്ട് പോലീസുദ്യോഗസ്ഥർ ഇരിക്കുന്നുണ്ടായിരുന്നു, ഹരീഷും വിൽസനും.

കേരള എക്സ്പ്രസ്സിലെ വിൻഡോ സീറ്റിലിരുന്ന് ഞാൻ ഡെൽഹിയെ നോക്കി. നരച്ച വെളിച്ചത്തിൽ പുക വീണ് മുഷിഞ്ഞ എന്നെ ഏറെ ദുരിതപ്പെടുത്തിയ മഹാപട്ടണം സ്മൃതികളിലെന്നപോലെ പുറകോട്ട് പുറകോട്ട് പോയി.

( അവസാനിച്ചു )

കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.