പോലീസ് ഡയറി-3 : അഹങ്കാരത്തിന്റെ മാധ്യമ വേഷങ്ങൾ

സമൂഹത്തിന്റെ ഏതു മേഖലയിലും പുഴുക്കുത്തുകൾ ഉണ്ട് എന്ന ബോധ്യത്തോടെ, മാന്യരിൽ മാന്യരായ എന്റെ നല്ല മാധ്യമ സുഹൃത്തുക്കൾക്ക് എന്നോട് അനിഷ്ടം തോന്നരുത് എന്ന ആമുഖത്തോടെ…

Offence the Best Way of Defence എന്ന കാര്യം മാധ്യമപ്രവർത്തകരെ പ്രത്യേകം പഠിപ്പിക്കേണ്ടതില്ലെന്ന് എനിക്കറിയാം.

ഇന്നലെ 20-03-2023 തീയതി വയനാട് വിഐപി ഡ്യൂട്ടിക്കായി വേഗത്തിൽ യാത്ര ചെയ്തു പോകുമ്പോൾ ശ്രീകണ്ഠപുരം എത്തുന്നതിന് തൊട്ടുമുമ്പുള്ള ടൗണിൽ ഒരു കാർ ഞങ്ങളുടെ ഔദ്യോഗിക വാഹനത്തിന് തടസ്സമുണ്ടാക്കുന്ന വിധം വളരെ സാവധാനം മൊബൈൽ ഫോണിൽ സംസാരിച്ച് ഡ്രൈവ് ചെയ്തു പോകുന്നതു കണ്ടു. വേഗത്തിൽ പോകേണ്ടതിനാൽ ഞങ്ങൾ ഹോണടിച്ച് അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചുവെങ്കിലും ആ മാന്യസുഹൃത്ത് അതൊന്നും ശ്രദ്ധിക്കാതെ ഇടതുകൈയിൽ നിന്നും വലതുകൈയിലേക്ക് മൊബൈൽ ഫോൺ മാറ്റി വളരെ സാവധാനം സ്റ്റേറ്റ് ഹൈവേയിൽ കൂടി ഡ്രൈവ് ചെയ്തു പോയി. മൂന്ന് നാല് മിനിറ്റിനു ശേഷം ഒരു ഗ്യാപ്പ് കിട്ടിയപ്പോൾ മുമ്പിൽ കയറി ഞങ്ങൾ കാർ കൈകാണിച്ച് നിർത്തി. ഞങ്ങളെ കണ്ടതോടെ മൊബൈൽ ഫോൺ സീറ്റിലേക്ക് ഇട്ട് സീറ്റ് ബെൽറ്റ് പോലും ഇടാത്ത ‘അദ്ദ്യം’ വളരെ മാന്യനായി. കാക്കി പാന്റ്സും മഫ്തി ഷർട്ടും ധരിച്ച ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്നു.

“സുഹൃത്തേ, നീ ചെയ്ത് ശരിയാണോ” വളരെ സൗമ്യമായിരുന്നു എന്റെ ചോദ്യം എന്ന് എനിക്ക് ഉറപ്പുണ്ട്. (മൊബൈൽ ഫോൺ, സിസിടിവി സാന്നിധ്യത്തെക്കുറിച്ച് എനിക്കും ബോധമുണ്ട്)

“ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം” എന്ന മാധ്യമ പൊതുതത്വത്തിൽ ഡോക്ടറേറ്റ് ഉള്ള അദ്ദേഹം എന്നോട് പെട്ടെന്ന് കയർത്തു.

“നീ എന്നുവിളിക്കാൻ നിങ്ങൾക്ക് ആര് അധികാരം തന്നു?” (എന്റെ “നീ” തെറ്റ്, അയാളുടെ “നിങ്ങൾ” തെറ്റല്ല??)

എന്നെക്കാൾ ചുരുങ്ങിയത് 15 വയസ്സ് എങ്കിലും പ്രായം കുറവുള്ള അയാളെ ‘നീ’ എന്ന് സംബോധന ചെയ്തതിൽ അശേഷം കുറ്റബോധം എനിക്ക് അപ്പോഴും ഇപ്പോഴും ഇല്ല. കാരണം, അദ്ദേഹത്തെ ഉപദ്രവിക്കുന്നതിനോ കേസെടുക്കുന്നതിനോ അല്ല ഞാൻ അയാളെ സമീപിച്ചത്. കഷ്ടിച്ച് രണ്ടു വാഹനങ്ങൾക്ക് കടന്നുപോകാവുന്ന സംസ്ഥാനപാതയിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വളരെ സാവധാനം ഡ്രൈവ് ചെയ്തു പോകുന്നത് മറ്റുള്ളവർക്ക് ഉണ്ടാക്കുന്ന അസൗകര്യം അറിയിക്കാൻ വേണ്ടി ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ മാത്രം ചോദിച്ച ഒരു ചോദ്യമായിരുന്നു അത്.

“സുഹൃത്തേ, എന്നെക്കാൾ എത്രയോ പ്രായം കുറഞ്ഞ ഒരു വ്യക്തിയാണ് നിങ്ങൾ. നീ എന്നു വിളിച്ചത് അധിക്ഷേപിക്കാനോ വ്യക്തിഹത്യ ചെയ്യുന്നതിനോ അല്ല എന്ന് മനസ്സിലാക്കണം. എങ്കിലും പറയൂ, നീ ചെയ്തത് ശരിയാണോ?”

“ഞാൻ ചെയ്തത് ശരിയോ തെറ്റോ ആകട്ടെ, എന്നെ നീ എന്ന് വിളിക്കാൻ താനാരാണ്? എന്റെ ജനന സർട്ടിഫിക്കറ്റ് എന്താ, നിങ്ങളുടെ കയ്യിലുണ്ടോ?”

ഇപ്പോൾ തെറ്റുകാരൻ ഞാനായി.
(പഴയ “പോത്ത്…, “തല്ലണ്ടമ്മാവാ…” പഴഞ്ചൊല്ലാണ് എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത്)
ഇതിനകം പത്തിരുപത് ആൾക്കാരും ഞങ്ങളുടെ ചുറ്റും കൂടി.

സാധാരണഗതിയിൽ, ഇപ്പോഴത്തെ ഒരു ശീലം വെച്ച് പൊതുജനം പോലീസിനോട് തട്ടിക്കയറേണ്ടതാണ്. എന്നാൽ അവരാരും എനിക്കെതിരെ ഒരു വാക്കുപോലും പറഞ്ഞില്ല. എന്റെ സംസാരശൈലി ആയിരിക്കാം കാരണമെന്ന് ഞാൻ കരുതുന്നു.

ടിയാന്റെ ഷൈനിപ്പ് തുടരുമ്പോൾ ഒരാൾ എന്നെ വിളിച്ചു
“സർ വരൂ, ഒരു കാര്യം പറയട്ടെ”
അദ്ദേഹം എന്നെ വിളിച്ച് മാറ്റി നിർത്തി.
“ഇദ്ദേഹം __ ചാനലിന്റെ കാസർഗോഡ് ജില്ലാ ലേഖകൻ ആണ്. അതാണ് ഇങ്ങനെ…”
(നൂറ്റാണ്ടിനുമേൽ പാരമ്പര്യമുള്ള ദേശീയ ദിനപത്രത്തിന്റെ ദേശീയ വാർത്താചാനൽ! പേരുപറഞ്ഞ് ലേഖകനെ പ്രസിദ്ധനാക്കാൻ ആഗ്രഹിക്കുന്നില്ല)

ഞാൻ വീണ്ടും മാപ്രയുടെ അടുത്ത് ചെന്നു,

“താങ്കൾ ആരായാലും ചെയ്തതു മോശമായിപ്പോയി. നിങ്ങളെ ഉപദ്രവിക്കുന്നതിനോ കേസെടുക്കുന്നതിനോ അല്ല ഞാൻ വന്നത്. മറിച്ച്, എനിക്കുണ്ടായ ഒരു അസൗകര്യം സൂചിപ്പിച്ചു എന്ന് മാത്രം”

എന്റെ ബുദ്ധിമുട്ട് അദ്ദേഹത്തിന് മനസ്സിലായെന്ന് തോന്നുന്നു, അദ്ദേഹം പ്രതികരിച്ചില്ല.

“എന്തായാലും നിങ്ങൾ ചെയ്തത് ശരിയോ തെറ്റോ?”

എന്റെ ചോദ്യം അയാൾ കേട്ടത് പോലുമില്ല. ചെയ്തത് തെറ്റ് എന്ന് സമ്മതിച്ചില്ലെങ്കിലും സമയക്കുറവ് കാരണം ഞങ്ങൾ പെട്ടെന്ന് സ്ഥലത്തുനിന്നും നിഷ്ക്രമിച്ചു. ഞാൻ അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ആ നാട്ടുകാരനാണെന്ന് മനസ്സിലാവുകയും പേരും മറ്റും കിട്ടുകയും ചെയ്തു. ചാനൽ ഹെഡിനെ വിവരം അറിയിക്കേണ്ടതിന് സോഷ്യൽ മീഡിയ അനുയോജ്യം എന്ന ചിന്തയിലാണ് ഈ കുറിപ്പ്.

വ്യക്തിപരമായോ ഔദ്യോഗികമായോ ഒരു നന്മയും മേന്മയും എനിക്ക് അവകാശപ്പെടാനില്ല. എങ്കിലും, സാമൂഹ്യ തിന്മകൾക്കെതിരെ, പ്രത്യേകിച്ചും പോലീസ് വീഴ്ചകൾക്കെതിരെ ക്യാമറയും തൂലികയും ചലിപ്പിക്കുന്ന ഇതുപോലുള്ള വ്യക്തികളുടെ/ചാനലുകളുടെ മഹത്വം നാട്ടുകാർ അറിയട്ടെ.

നിയമലംഘനത്തിനെതിരെ 24 മണിക്കൂർ കണ്ണും തുറന്നിരിക്കുന്ന, പോലീസിനെ നാലാം കിട പൗരന്മാരെന്ന് കരുതുന്ന, ചാനൽ ജഡ്ജിമാരായ ഇവരുടെ കഥ ഇതാണെന്ന് പൊതുജനം അറിയട്ടെ.

‘തെറ്റ് മനുഷ്യസഹജമാണ്, അത് അംഗീകരിച്ചു തിരുത്തുന്നതാണ് മനുഷ്യത്വം’ എന്ന പ്രാഥമിക പാഠം മാധ്യമങ്ങൾക്കും ബാധകമാണെന്ന് പഠിക്കട്ടെ.

ഒരു പോലീസ് ഓഫീസർ എന്ന നിലയിൽ ഇക്കാര്യത്തിലുള്ള എന്റെ പ്രതികരണത്തിൽ വിമർശനം ഉണ്ടാകുമെന്നും എനിക്കറിയാം.

ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോഴേക്കും എനിക്കെതിരെ വിവിധങ്ങളായ ഏജൻസികൾക്കും എന്റെ മേലധികാരികൾക്കും പ്രിയപ്പെട്ട “നീ” അനുജൻ പരാതികൾ തയ്യാറാക്കി അയച്ച് വിജിഗീഷു ആകുവാൻ ശ്രമിക്കുന്നുണ്ടാവും എന്ന ബോധ്യവും എനിക്കുണ്ട്.

കാസർഗോഡ് സ്വദേശി. കേരള പോലീസിൽ നർക്കോട്ടിക് സെൽ ഡി വൈ എസ് പി. സമൂഹ മാധ്യമങ്ങളിൽ എഴുതുന്നു .