പോലീസ് ഡയറി – 27 : പുകവീണ രാത്രികൾ – ഭാഗം : 5

ഭോപ്പാൽ റെയിൽവെ പോലീസ് സ്റ്റേഷൻ്റെ പ്രവേശന മുറിയിലെ ഇരുമ്പ് ബഞ്ചിൽ അങ്ങിനെ ഇരിക്കാൻ തുടങ്ങിയിട്ട് മൂന്ന് മണിക്കൂറായി. വന്നും പോയും ഇരിക്കുന്ന പോലിസുദ്യോഗസ്ഥർ ഭിക്ഷാംദേഹികളെ പോലിരിക്കുന്ന ഞങ്ങളെ അവജ്ഞയോടെ നോക്കി. രാവിലെ സ്റ്റേഷൻ ഇൻസ്പെക്ടറെ കണ്ടപ്പോഴും അവജഞയും കുറ്റപ്പെടുത്തലുമായിരുന്നു.

പ്രതി ചാടിപ്പോയ വിവരം പറഞ്ഞപ്പോ അയാൾ അലറി എവിടെ എങ്ങിനെ എപ്പോ. അത് ഇവിടെ ആകില്ല, നിങ്ങൾ എന്ത് കാണാനാണ് ഇവിടേക്ക് വന്നത്. ഇവിടെ കേസ്സെടുക്കാൻ കഴിയില്ല. നിങ്ങൾ പ്രതി പോയ സ്ഥലത്ത് പോയി അന്വേഷിക്ക് എന്നൊക്കെ പറഞ്ഞ് ബഹളം വെച്ചു പുറത്താക്കി. പിന്നെ അയാളും ഇറങ്ങി പുറത്തേക്ക് പോയി.

അറിയാവുന്ന രീതിയിലൊക്കെ ഹിന്ദിയും ഇംഗ്ലീഷും പറഞ്ഞിട്ടും കാര്യങ്ങൾ മനസിലാകാഞ്ഞിട്ടോ സഹായിക്കാൻ കഴിയില്ലാഞ്ഞിട്ടോ എന്തോ സ്റ്റേഷനിലെ മറ്റുള്ളവരാരും സംസാരിക്കാൻ പോലും തയ്യാറായില്ല. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. ഇനി എന്തു ചെയ്യും. എങ്ങിനെ എവിടേക്ക് പോകും. എൻ്റെ മുഖത്തെ ആധിയിലേക്ക് നോക്കി ബാക്കിയുള്ളവർ കൂടുതൽ മൗനത്തിലായ്.

പ്രതിയെ കിട്ടിയോ എന്ന് ചോദിച്ച് സ്റ്റേഷനിൽ നിന്ന് വിളികളായി. രാവിലെ സ്റ്റേഷനിലേക്ക് വിളിച്ച് സി ഐ. യോട് വിവരം പറഞ്ഞിരുന്നു. അദ്ദേഹം വല്ലാതെ ഞെട്ടിപ്പോയെന്ന് തോന്നി. കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല . ഭോപ്പാൽ റെയിൽവെ പോലിസിൽ കേസ് കൊടുക്കാൻ പറഞ്ഞു . കേസ് എടുപ്പിക്കാതെ ഇവിടം വിട്ട് പോകാൻ പറ്റില്ല. ആ ഇൻസ്പെക്ടർ ഒന്ന് വന്നിരുന്നെങ്കിൽ കേസ് എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞ് ബഹളം വെച്ച. അയാൾ പുറത്തേക്ക് പോയ കാര്യം ഞാൻ സി.ഐയോട് പറഞ്ഞിരുന്നു എസ്.പിയോട് പറയാമെന്ന് സി ഐ.

പുറത്തെ പ്ലാറ്റ് ഫോമിലേക്ക് ഏതൊ ട്രെയിൻ വന്ന് നിന്നു. ഡെൽഹിയിലേക്കായിരിക്കും. തന്നെപ്പോലെ സ്വപ്നങ്ങൾക്ക് പിറകെ സഞ്ചരിക്കുന്ന മണ്ടന്മാർ ആരെങ്കിലും അതിലുണ്ടാകും.

രാവിലെ പ്ലാറ്റ് ഫോമിമിൻ്റെ ഓരോ കോണും പരതിയതാണ് . യൂണിയൻ കാർബൈഡിൻ്റെ പുക വീണ് പഴകിയ റെയിൽവെ സ്റ്റേഷൻ്റെ അകവും പുറവും അരിച്ചുപെറുക്കി. അടുത്ത ബസ്റ്റാൻഡും പൊടിപിടിച്ച തെരുവിലും തിരഞ്ഞു. ഇല്ല എവിടെയുമില്ല അയാൾ നുർ ജമാൽ തങ്ങളെ കബളിപ്പിച്ച് കടന്ന് കളഞ്ഞിരിക്കുന്നു. വന്ന് നിന്ന ട്രെയിൻ പോയിരിക്കുന്നു ട്രെയിനിനെ യാത്രയാക്കിയ സ്റ്റേഷൻ മാസ്റ്റർ കൊടികൾ ചുരുട്ടി കക്ഷത്തിലാക്കി തിരിഞ്ഞ് നടക്കുന്നത് കണ്ടു. വർഷങ്ങൾക്ക് മുമ്പ് 1984 ഡിസംബർ 2 ൻ്റ പാതിരാവിൽ ദസ്ത ഗീർ എന്ന ഡെപ്യൂട്ടി സ്റ്റേഷൻ മാസ്റ്ററും ഖൊരഖ് പൂർ കാൺപൂർ എക്സപ്രസിനെ യാത്രയാക്കിയതും ഇവിടെ നിന്നാവാം.

ലോകത്തെ ഏറ്റവും വലിയ വ്യവസായ ദുരന്തം. ഉറക്കമായ നഗരത്തിന് മേൽ മരണം മൗനമായ് പെയ്തിറങ്ങി. കാര്യമറിയാതെ പ്രാണുകൾ പിടഞ്ഞു വീണു. ആയിരങ്ങൾ മരണത്തിലേക്ക് പോയ ആ രാത്രി , ഭോപ്പാൽ ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ എത്തിയ ഗോരഖ്പുർ – കാൺപുർ എക്സ്പ്രസിലെ യാത്രക്കാർ കൂടി ആ ദുരന്തത്തിന്റെ ഇരകളാകേണ്ടതായിരുന്നു. അത് സംഭവിച്ചിരുന്നുവെങ്കിൽ മൃതദേഹങ്ങൾ നിറഞ്ഞ തീവണ്ടിയുടെ ചിത്രവും ഭോപ്പാൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളിലൊന്നായി മാറിയേനെ. എന്നാൽ തിങ്ങിനിറഞ്ഞ ആ തീവണ്ടിയിലെ മുഴുവൻ യാത്രക്കാരെയും ദുരന്ത ഭൂമിയിൽനിന്ന് രക്ഷപ്പെടുത്തിയത് ഗുലാം ദസ്തഗീർ എന്ന റെയിൽവെ ജീവനക്കാരനാണ്. വിഷവാതകം നഗരത്തെ വിഴുങ്ങിത്തുടങ്ങിയെന്ന് തിരിച്ചറിഞ്ഞ ദസ്തഗീർസ്വന്തം ജീവന്‍ രക്ഷിക്കുന്നതിനെപ്പറ്റിയോ കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനെപ്പറ്റിയോ ചിന്തിക്കാതെ, മേലധികാരികളുടെ നിർദ്ദേശത്തിന് കാത്തുനിൽക്കാതെ പച്ചക്കൊടികാട്ടി ആ തീവണ്ടിയിലെ യാത്രക്കാരെ ദുരന്തഭൂമിയിൽനിന്നും യാത്രയാക്കി.

ഇൻസ്പെക്ടർ ചവിട്ടിത്തെറിപ്പിച്ച് ശബ്ദമുണ്ടാക്കി അകത്തേക്ക് കയറി വന്നു. ഞങ്ങൾ ബഹുമാനത്തോടെ എഴുന്നേറ്റ് നിന്നു.

ഭോപ്പാൽ റെയിൽവെ പോലീസ് സ്റ്റേഷൻ്റെ പൊടിപിടിച്ച ആ മുറിയിൽ നിരാശരായി ഞങ്ങൾ ഇരുന്നു. പുറത്തെ ഫ്ലാറ്റ് ഫോമുകളിൽ ട്രെയിനുകൾ വരികയും പോകുകയും ചെയ്തു. ആ ട്രെയിനുകളിൽ നിന്നിറങ്ങിയ. മുഷിഞ്ഞുണങ്ങിയ മനുഷ്യർ പുകയിലക്കറ പിടിച്ച പല്ലുകളിൽ ചിരി നിറച്ച് പ്ലാറ്റ്ഫോം അരുകകളിലേക്ക് നീട്ടിത്തുപ്പി പാളം മുറിച്ചുകടന്ന് നഗരത്തിൻ്റെ തെരുവുകളിൽ അലിഞ്ഞില്ലാതായി.

ഈ കേസിൻ്റെ അന്വേഷണം മുതൽ യാത്രയുടെ ആരംഭം മുതൽ. ഇതു വരെ അനുഭവിച്ച മാനസീക സംഘർഷം, അത് എത്രമേൽ വലുതാണ്. നെഞ്ചു പൊട്ടുന്ന ടെൻഷൻ …. പൊട്ടി പൊട്ടി പോകുന്നതു പോലെശ്വാസഗതികൾ . വരണ്ടുണങ്ങിയ നാവ്. മങ്ങി മയങ്ങിപ്പോകുന്ന കണ്ണുകൾ. എരിഞ്ഞ് പോകുകയാണ് ആയുസ്. ഇവിടെ ഈ നിമിഷം അത് പൊലിഞ്ഞെങ്കിൽ. എന്ന് ആഗ്രഹിച്ചത് ഇതിനോടകം എത്ര തവണ. കാത്തിരിപ്പിന് അവസാനമെന്ന വണ്ണം ഏറെനേരം കഴിഞ്ഞപ്പോൾ അകത്ത് നിന്നും വിളിയെത്തി. ഇൻസ്പെക്ടറുടെ മുറിയിലെത്തിയപ്പോൾ അയാൾ തികച്ചും ശാന്തനായി കണ്ടു.

ഇവിടെ ഒരു FIR രജിസ്റ്റർ ചെയ്യാം, പക്ഷെ പ്രതിയെ നിങ്ങൾ അന്വേഷിച്ച് കണ്ടു പിടിക്കണം അയാൾ പതിയെ പറഞ്ഞു.

ഹരിയാനക്കാരൻ, വർഷങ്ങളായി ഡെൽഹിയുടെ പ്രാന്തങ്ങളിൽ താമസിക്കുന്നവൻ. കേരളത്തിലെ കേസിലെ പ്രതി. തെളിവെടുപ്പിന് ഡെൽഹിയിലേക്ക് കൊണ്ടു പോകും വഴി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടയാൾ. നൂർജമാലിൻ്റെ വിശേഷങ്ങൾ എഴുതിയ FIR ചോദിച്ചും പറഞ്ഞും മൊഴിയെടുത്തും സ്റ്റേഷനിൽ നിന്ന് അയച്ചു കിട്ടിയ നൂർജമാലിൻ്റെ ചിത്രങ്ങളും മോഷണക്കേസിൻ്റെ വിവരങ്ങളും ചേർത്തും ഭോപ്പാൽ റെയിൽവെ പോലീസ് FIR തയ്യാറാക്കിയപ്പോഴേക്കും രാത്രി വൈകിയിരുന്നു.

ഉറക്കവും വിശപ്പും കെട്ടുപോയ ആ രാത്രിയിൽ ഭോപ്പാൽ റെയിൽവെ സ്റ്റേഷൻ്റെ മുന്നിലെ ഒരു ചെറിയ ലോഡ്ജിലെ വൃത്തിഹീനമായ മുറിയിൽ മുന്നിലെ റെയിൽ പ്ലാറ്റ് ഫോമുകളിൽ വന്ന് പോകുന്ന ട്രെയിനുകളുടെ വലിയ ഇരമ്പലുകൾ അലസോരപ്പെടുത്താതെ പരസ്പരം ഭയപ്പെട്ടും സംസാരിക്കാൻ മറന്നും 1984 ഡിസംബർ 2 ൻ്റെ രാത്രിയിൽ യൂണിയൻ കാർബൈഡിൻ്റെ ടാങ്കുകൾ പൊട്ടി പതഞ്ഞൊഴുകി പടർന്ന മീഥൈൽ ഐസോസയനേറ്റ് നുണഞ്ഞുറങ്ങിയ ആയിരക്കണക്കായ മനുഷ്യരെപ്പോൽ ഞങ്ങളും മരവിച്ചു കിടന്നു.

രാത്രി ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ. സ്റ്റേഷനിൽ നിന്ന് സി ഐയുടെ വിളി വന്നു. നിങ്ങൾ ഡൽഹിയിലും ഹരിയാനയിലും പോയി അയാളെ അന്വേഷിക്ക്, എങ്ങനെയെങ്കിലും പിടിച്ചു കൊണ്ടുവരണം. എസ് പി ഭയങ്കര ബഹളത്തിലാണ്. ആത്മാവ് നഷ്ടപ്പെട്ടതു പോലെ ഞാൻകിടന്നു.

ഡൽഹി എന്ന സ്വപ്നം എപ്പോഴേ എന്നിൽനിന്ന് പോയിക്കഴിഞ്ഞിരുന്നു! ആ വാക്ക് പോലും എന്നിൽ അരുചിയായി തീർന്നിരുന്നു. ഇനി ഒരു യാത്ര പോകാതിരിക്കുന്നതെങ്ങനെ? അവനെ കണ്ടു പിടിക്കണമല്ലോ. നൂർജമാലെന്ന ഹിന്ദിക്കാരന് ചുറ്റും എൻ്റെ ജീവിതം കുടുങ്ങിക്കിടക്കുന്നു.

സന്തോഷം നഷ്ടപ്പെട്ട മുഖങ്ങളോടെ ഞങ്ങൾ ഉണർന്നു. അപരിചിതരെപ്പോലെ നാല് പേർ. അകന്നുപോയ വർത്തമാനങ്ങൾ, ഞങ്ങളെ കൂടുതൽ അകലങ്ങളിലാക്കി.
ഡൽഹിയിലേക്കുള്ള ഒരു ട്രെയിനിൽ രാവിലെ തന്നെ നാല് സ്ലീപ്പർ ടിക്കറ്റ് തരമാക്കി. സ്ലീപ്പർ ടിക്കറ്റ് ഉണ്ടെന്ന് മാത്രമേയുള്ളു. ഇരിക്കാൻ സീറ്റ് കിട്ടിയത് തന്നെ ഭാഗ്യം. മൂന്ന് പേർ ഇരിക്കേണ്ട സീറ്റിൽ ആറും ഏഴും പേരാണ്. ജനറൽ കംപാർട്ട്മെൻറിലുള്ളതിനേക്കാൾ തിരക്ക്!

വഴിയിലെ ഒട്ടുമിക്ക സ്റ്റേഷനുകളിലും നിറുത്തി ആളെ പെറുക്കിക്കൂട്ടി ഞങ്ങളുടെ എക്സ്പ്രസ് ട്രെയിൻ മെല്ലെ പോകയാണ്. കൈയ്യിൽ കിട്ടിയ എന്തുമെടുത്ത് ട്രെയിനിൽ കയറിയ ഗ്രാമീണരുടെ ബഹളമാണ് ചുറ്റിലും. ചൂടും കാറ്റും പുകയിലയും ഇല്ലായ്മകളും കവർന്നെടുത്ത ആയുസ്സിൻ്റെ ബാക്കിപത്രമായി ശോഷിക്കപ്പെട്ട മനുഷ്യർ. വലിയ തലപ്പാവിനുള്ളിലും പുകയിലയും പാൻപരാഗും വിഴുങ്ങിയ മുഖവുമായി ട്രെയിനിൻ്റെ ബർത്തുകളിൽ ഇരുന്നും ഇടവഴികളിൽ തടസപ്പെടുത്തിയും പഴമയുടെ ദുർഗന്ധം പരത്തിയും നിന്നു.

അവർക്കിടയിൽ അഴുക്ക് പുരണ്ട ചേലകൾ ചുറ്റിയ സ്ത്രീകൾ വലിയ വർത്തമാനങ്ങൾ പറഞ്ഞും പൊട്ടിച്ചിരിച്ചും കൈയിൽ കരുതിയ ഭക്ഷണസാധനങ്ങൾ തിന്നും കുഞ്ഞുങ്ങളെ മുലയൂട്ടിയും യാത്ര പിന്നെയും മുഷിപ്പാക്കി.

അഴുക്ക് പുരണ്ട മനുഷ്യരുടെ ദുർഗന്ധവും പാൻമസാലകളുടെ അസഹനീയമായ നാറ്റവും ചുറ്റും പരക്കുന്ന ചൂടും എനിക്ക് ശ്വാസം മുട്ടലുണ്ടാക്കി. പുറത്തെ കാറ്റ് തിങ്ങി നിറഞ്ഞ് നിൽക്കുന്ന മനുഷ്യരെ കടന്ന് വരുന്നില്ല. എത്ര നേരമായി ഇവരിങ്ങനെ നിൽക്കുന്നു! നിൽപ്പ് ഇവർക്ക് പുതുമയല്ല.

ചരിത്രത്തിലാദ്യമായി വ്യത്യസ്തമായ നിൽപ്പ് സമരം നടത്തിയവർ. ഭോപ്പാലിലെ ഓംകാരേശ്വർ ഡാമിലെ ജലനിരപ്പ് ഉയർത്തുന്നതിനെതിരെ ഡാമിലെ വെള്ളത്തിലിറങ്ങി നിന്ന് സമരം ചെയ്ത മനുഷ്യരാണ്. ശരീരത്തിലെ തൊലി അടർന്നിട്ടും കാലുകൾ മരവിച്ച് തകർന്നിട്ടും 17 ദിവസം രാപകൽ വെള്ളത്തിൽ നിന്ന് സമരം നടത്തിയവർ!

ആ ദുർഗന്ധങ്ങൾക്കുള്ളിൽ പുകയുന്ന ചൂടിനുളളിൽ, ചുറ്റിലും ഇരമ്പിയാർക്കുന്ന വർത്തമാനങ്ങൾക്കുള്ളിൽ, ശ്വാസംമുട്ടി അസഹനീയമായ മനസുമായി ഞാനിരുന്നു. ഇതുപോലെ തിങ്ങി നിറഞ്ഞ മനുഷ്യരുടെ ഇടയിലൊളിച്ച് നൂർജമാൽ പോയിട്ടുണ്ടാവും! എവിടേക്ക്??? കണ്ടെത്താനാവുമോ???

കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.