പോലീസ് ഡയറി – 26 : പുകവീണ രാത്രികൾ – ഭാഗം : 4

ട്രെയിൻ ഇരുളിലൂടെ കുതിച്ച് പായുകയാണ്. ട്രെയിനിനുളളിലുടെ നേർത്ത വെളിച്ചത്തിൽ ഉറങ്ങിക്കിടന്ന യാത്രക്കാരെ ഓരോന്നായി വിളിച്ചുണർത്തി വെളിവ്കെട്ട മനുഷ്യരെപ്പോലെ ഞങ്ങൾ നൂർജമാലിനെ തിരയുകയാണ്. പലരും അസ്വസ്ഥരായി, .ചിലർ അവരുടെ ഭാഷകളിൽ അരിശപ്പെട്ട് എന്തെക്കൊയോ പറഞ്ഞു. രണ്ട് കപാർട്ടുമെൻറുകൾ തമ്മിലെ കണക്ഷനുള്ളു. എല്ലായിടത്തും പരതി. ടോയിലറ്റുകളിൽ, വാതിലുകളിൽ, കംപാർട്ട്മെൻറ് തമ്മിൽ ചേരുന്ന ഇടങ്ങളിൽ, എല്ലായിടത്തും. അയാൾ രക്ഷപെട്ട് പോയിരിക്കുന്നു.

തലയക്കുള്ളിൽ ഒരു മുഴക്കമായി എന്തോ നിറഞ്ഞിരിക്കുന്നു. ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയാലോ. അന്വേഷണവും സസ്പെൻഷനും വിചാരണയും അനന്തര നടപടികളും അവിടെ തീരും. ഒന്നിനു മാവുന്നില്ല. കൈകാലുകൾ തളർന്ന് പോയിരിക്കുന്നു. താളം നിലച്ച ഹൃദയം ഇനി ഉണരാത്ത വണ്ണം ഉറങ്ങി പോയിരിക്കുന്നു.

ആരെയാണ് കുറ്റം പറയേണ്ടത്, ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. താനും ആരും ശ്രദ്ധിച്ചില്ല. അല്ലെങ്കിൽ പ്രതിയുടെ അതിവിനയത്തിലും അഭിനയത്തിലും തങ്ങൾ വീണുപോയി. അവൻ്റെ കൈ വിലങ്ങുകൾ ലൂസാക്കി കൊടുത്തു. അവനെ രക്ഷപെടാൻ സഹായിച്ചു. കൂടെയുള്ള 3 പേരും ചോര വാർന്ന മുഖവുമായി ഇരിക്കയാണ്

അടുത്ത സ്റ്റേഷനിൽ ഇറങ്ങുക. കടന്ന് പോന്ന സ്റ്റേഷൻ ഭോപ്പാലാണെന്ന് നെറ്റ് നോക്കി കണ്ടെത്തി. പത്ത് നൂറ് കിലോമീറ്റർ കടന്നിരിക്കുന്നു. ഭോപ്പാലിലേക്ക് എങ്ങിനെ എങ്കിലും തിരികെ പോകണം. അവിടെ പോയി തിരയണം. ട്രെയിൻ എങ്ങും നിർത്താതെ പായുകയാണ് . അതൊന്ന് നിന്ന് കാണാൻ കാത്ത് ഇരുളിലേക്ക് നോക്കി ഞങ്ങൾ ഇരുന്നു.

ട്രെയിനിൻ്റെ വേഗത കുറഞ്ഞിരിക്കുന്നു. രാത്രി മൂന്ന് മണിയാകുന്നു. ഏതോ സ്റ്റേഷൻ്റെ ഫ്ലാറ്റ് ഫോമിനരുകിലേക്ക് ട്രെയിൻ ഞങ്ങളുടെ ഹൃദയമിടിപ്പു പോലെ താളമിട്ട് നീങ്ങി. ഞങ്ങൾ സാധനങ്ങളെല്ലാം വാരിയെടുത്ത് വാതിക്കലേക്ക് നടന്നു . പുറത്തെ ഇരുട്ടിന് മീതെ സ്റ്റേഷൻ്റെ വെള്ളിത്തെളിച്ചങ്ങൾ. ഞങ്ങൾ ഇവിടെ ഇറങ്ങുകയായി. ഡെൽഹി യാത്ര അവസാനിച്ചിരിക്കുന്നു. അത് ഒരു സ്വപ്നമായ് തീർന്നിരിക്കുന്നു

ഭോപ്പാലിൽ നിന്ന് 325 കിലോ മീറ്റർ അകലെ മഹാറാണി ഗൗരിലക്ഷ്മീ ഭായ്ടെ പേരിലുള്ള താൻസി റെയിൽവെ സ്റ്റേഷൻ്റെ ഫ്ളാറ്റ് ഫോമിൽ വിറപൂണ്ട് ഞങ്ങൾ നിന്നു… ആ വലിയ റെയിൽവെ സ്റ്റേഷനിൽ ഞങ്ങൾ വന്ന ട്രെയിനിൽ നിന്ന് ആരെക്കെയോ ഇറങ്ങി എന്നതൊഴിച്ചാൽ ആളുകൾ ഇല്ലാത്ത, തിരക്കുകൾ ഇല്ലാത്ത ഒരു ഇടമായിരുന്നു.

എവിടെ റെയിൽവെ പോലീസ്. നിർത്തിയിട്ടിരുന്ന ഒരു ട്രെയിൻ ഞങ്ങൾ വന്ന ഭാഗത്തേക്ക് പോയി. ഞങ്ങൾ വന്ന ട്രെയിനും പോയിരിക്കുന്നു. അതിൻ്റെ മുകളിലെവിടെയെങ്കിലും അവൻ പതുങ്ങി ഇരിപ്പുണ്ടോ ? സാധ്യതയില്ല . മുകളിൽ ഒഴുകി നീങ്ങുന്ന ഇലക്ട്രിക് കേബിളുകൾ അവന് മരണമൊരുക്കും.

പോലീസ് സ്റ്റേഷൻ അന്വേഷിച്ച് ലഗേജുകളും വലിച്ച് ടെർമിനൽ ഭാഗത്തേക്ക് നടന്നു. ഉറക്കത്തിലേക്ക് ഒരുങ്ങിയിരിക്കുന്ന രണ്ട് പോലീസുകാരെ ഒരു ചാരു ബഞ്ചിൽ കണ്ടു. അവരോട് പോലീസ് സ്റ്റേഷൻ. എവിടെ എന്ന് ചോദിച്ചു.

“ഇവിടെ സ്റ്റേഷനില്ല . നിങ്ങൾ വന്ന ഭോപ്പാലിലാണ് സ്റ്റേഷൻ “.

ഞങ്ങൾ പോലിസുകാരാണെന്നും, കൊണ്ടുവന്ന പ്രതി രക്ഷപെട്ടെന്നും സഹായിക്കണമെന്നും അവരോട് പറഞ്ഞു. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലായെന്നും നിങ്ങൾ ഭോപ്പാലിൽ ചെന്ന് പരാതി പറയാനും അവൻ ഭോപ്പാലിൽ ഇറങ്ങിയിട്ടുണ്ടാകുമെന്നും പെട്ടെന്ന് ചെന്ന് നോക്കാനും അവർ പറഞ്ഞു. ഭോപ്പാലിലെക്ക് ഇനി രാവിലെ 8 മണിക്കേ ട്രെയിനുള്ളു . 3 മണിക്കൂർ യാത്രയുണ്ട്, ഒരു ടാക്സി വിളിച്ച് പോകാൻ അവർ ഉപദേശിച്ചു.

ധീരതയുടെ ചരിത്രമെഴുതിയ ആ വീരാംഗനയുടെ നാട്ടിൽ പുലർച്ചെ പെയതു തുടങ്ങിയ മഞ്ഞിൻ്റെ കുളിരിൽ ഉള്ളിലെ ചൂടിനെ അണയക്കാനാവാതെ ഞങ്ങൾ നിന്നു. ഇനിയെന്ത് ? എന്ന ചോദ്യം ഉള്ളിലെ ഇരുളിൽ നിന്ന് എന്നെ ഭയപ്പെടുത്തി. അവൻ ഭോപ്പാലിൽ ഇറങ്ങിയിരിക്കുന്നു . പെട്ടെന്ന് അവിടെ എത്തിയാൽ ഒരു പക്ഷെ അവനെ കിട്ടിയേക്കും. അവൻ ചാടിപ്പോയതിന് അവിടെ ഒരു കേസ് എടുപ്പിക്കണം.

ആ രാത്രിയിൽ ഒരു ശ്രമമെന്ന വണ്ണം ഒരു ചെറിയ കാറിൽ ഒതുങ്ങി കൂടീ ഞങ്ങൾ ഭോപ്പാലിലേക്ക് തിരിച്ചു. കാറുകാരനോട് പേശി പേശി 8000 രൂപയ്ക്ക് യാത്രക്കൂലി ഉറപ്പിക്കുമ്പോൾ ഡെൽഹി എന്ന മഹാ നഗരവും കാഴ്ചകളും എന്നെ വിട്ടു പിരിഞ്ഞിരുന്നു.

ഝാൻസിയുടെ മങ്ങിയ നഗരകാഴ്ചകൾക്കുള്ളിലൂടെ ആ ചെറു കാറിൽ ഞങ്ങൾ ഭോപ്പാലിലേക്ക് തിരിച്ചു. ആളൊഴിഞ്ഞ ഇടവഴികൾ കയറി ഇറങ്ങുമ്പോൾ ധിരതയുടെ ചരിത്രം പേറുന്ന ആ പഴയ നഗരം ഉറക്കത്തിലായിരുന്നു. ദിക്ക് അറിയാത്ത ലക്ഷ്യമില്ലാത്ത യാത്രയിൽ ശബ്ദം നഷ്ടപ്പെട്ട മനുഷ്യരായി ഞങ്ങൾ ആ കാറിൽ ഇരുന്നു.

തിരക്ക് കുറഞ്ഞ ഹൈവേയിൽ കയറി. അലസതയോടെ ഡ്രൈവർ വണ്ടി ഓടിക്കയാണ്. ഇടയക്ക് അയാൾകാറിൻ്റെ ഡാഷ് ബോർഡ് തുറന്ന് ഒരു കവർ എടുത്ത് പൊട്ടിച്ച് വായിലിട്ടു. പാൻപരാഗിൻ്റെ രൂക്ഷഗന്ധം, അതെന്നെ മടുപ്പിച്ച് വല്ലാതാക്കി. അയാളോടെന്തെങ്കിലും ചോദിച്ചാൽ അയാളുടെ വീർത്ത വായിൽ നിന്ന് അതെല്ലാം എൻ്റെ മുഖത്തേക്ക് തെറിച്ചു ‘വീഴുമോ എന്ന് ഞാൻ പേടിച്ചു.

പ്രതി ചാടിപ്പോയ വിവരം സ്റ്റേഷനിൽ എങ്ങിനെ അറിയിക്കും. ഓഫീസർമാരോട് എങ്ങിനെ പറയും. കഴിവുകെട്ട തന്നെ വിവരം അറിയുമ്പോൾ തന്നെ സസ്പെൻഡ് ചെയ്യും. അറിയിക്കാതിരിക്കുന്നതെങ്ങിനെ ? അറിയിക്കാം നേരം വെളുക്കട്ടെ. പോരേണ്ടിയിരുന്നില്ല, വേറെ ആരെങ്കിലും തനിക്ക് പകരമായേനെ. കാഴ്ചകൾ കാണാനുള്ള തൻ്റെ ദുരാഗ്രഹത്തിന് കിട്ടിയ ശിക്ഷയാണിത്.

ഇട്ടിരുന്ന യൂണിഫോം അഴിഞ്ഞു കഴിഞ്ഞിരിക്കുന്നു. നേരം വെളുക്കുമ്പോൾ 4 പേരും പുറത്ത്. ശമ്പളം കിട്ടാതായാൽ വീടിൻ്റെയും വണ്ടിയുടെയും ലോണുകൾ,
പിടിച്ച ചിട്ടികളുടെ അടവ്, മക്കളുടെ ഫീസ് …. എല്ലാം തകരും. ഇല്ലായ്മയുടെ യാത്ര എവിടേക്കാവും. മുന്നിലെ ഇരുട്ടു നിറഞ്ഞ വഴികൾ പോലെ. ജീവിതവും ഇരുട്ടിലേക്ക്.

ഡ്രൈവർ വായിലെ വസതുക്കൾ പുറത്തെ റോഡിലേക്ക് നീട്ടിത്തുപ്പി, പിന്നെ കുപ്പിയിലെ വെള്ളമെടുത്ത് വായിൽ ഒഴിച്ച് കുലുക്കി കുടിച്ചു. എനിക്ക് വല്ലാത്ത അറപ്പ് തോന്നി. മനംപുരണ്ട് അസ്വസ്ഥതയോടെ ഞാൻ ഇരുന്നു. പുകയിലക്കറപിടിച്ച പല്ലുകളോടെ അയാൾ എന്നെ നോക്കി ചിരിച്ചു. വൃത്തിയില്ലായ്മയും പുകയിലയക്കുള്ളിലെ ജീവിതവും അയാളിൽ വല്ലാതെ പ്രായം തോന്നിച്ചു.

എനിക്ക് പുറകിൽ 3 പേർ ജീവൻ നഷ്ടപ്പെട്ട ഉടലുകളുമായി ഉള്ള കാര്യം മറന്ന് പോയിരിക്കുന്നു. വിളറി വെറുത്ത അവരുടെ മുഖങ്ങളിൽ ഉറക്കം തങ്ങി നിന്നിരുന്നു . ജയിലിലകപ്പെടുവാൻ പോകുന്ന കുറ്റവാളികളെ പോലെ ഒന്നും പറയാനില്ലാതെ, ഒന്നും പറയാനാകാതെ പുറകിലെ സീറ്റിൽ അവർ ഒതുങ്ങി.

ഇരുട്ട് അകന്ന് വെളിച്ചം വീണു തുടങ്ങി. ഭോപ്പാലിൻ്റെ നരച്ച തെളിച്ചത്തിലേക്ക് ഞങ്ങൾ എത്തുകയാണ്. പുക വീണ റെയിൽവെ സ്റ്റേഷൻ്റെ ഫ്ലാറ്റ്ഫോമിലെവിടെങ്കിലും അവൻ സുഖമായി ഉറങ്ങുന്നുണ്ടാവും, അവൻ നൂർ ജമാൽ.

കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.