പോലീസ് ഡയറി – 24 : പുകവീണ രാത്രികൾ – ഭാഗം : 2

വലിയ സന്തോഷത്തോടെ അത് തീർച്ചപ്പെടുത്തി. ഡൽഹി എന്ന സ്വപ്നഭൂമി എനിക്ക് ചുറ്റും കറങ്ങി നടന്നു. ആ ആലസ്യത്തിൽ മറ്റ് ചിന്തകളെല്ലാം എന്നിൽ നിന്ന് വിട്ടകന്നു. ഒരുക്കങ്ങളെല്ലാം പിന്നെ തിടുക്കത്തിലായിരുന്നു

ട്രെയിൻ യാത്ര വേണ്ട എന്ന് വെച്ചു. മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ഞാനും പോലീസുകാരായ വിനുവും ഹരീഷും വിത്സനും അടങ്ങിയ സംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. വിത്സൻ മുമ്പ് ഡൽഹിയിൽ ജോലി ചെയ്തിട്ടുണ്ട്. ഹിന്ദി അറിയാം. വിനുവും ഹരീഷും നല്ല ഡ്രൈവർമാരാണ്. യാത്രയുടെ അറേഞ്ച്മെൻ്റ്സ് എല്ലാം നടത്തിയത് വിത്സനാണ്. റോഡു വഴി കാറിൽ..

മഴ പെയ്തു നനഞ്ഞ പകലിൻ്റെ തുടക്കത്തിൽ ഒരു ഇന്നോവ കാറിൽ ഞങ്ങൾ യാത്ര തിരിച്ചു. ഞങ്ങളോടൊപ്പം നൂർ ജമാൽ എന്ന ഹരിയാനക്കാരൻ, വർഷങ്ങളായി ഡൽഹിയുടെ തെരുവുകളിൽ താമസക്കാരൻ, കേസ്സിലെ 1-ാം പ്രതി! മറ്റു രണ്ടു പേരെ കൂട്ടിയില്ല. നൂർജമാൽ അല്പം പൊക്കം കുറഞ്ഞ് ശാന്തശീലനായ ഒരുവൻ. അൽപ്പം വെളുത്തിട്ടാണ്. അവൻ്റെ കട്ടിത്തലമുടിയിൽ ഇടയക്കിടെ മാന്തിക്കൊണ്ട് പുകയിലക്കറവീണ പല്ലുകൾ കാട്ടി അവൻ എന്നെ നോക്കി ചിരിച്ചു. ഞാൻ കുറെ ചോദ്യങ്ങൾ വിത്സൻ വഴി അവനോട് ചോദിച്ചു. എല്ലാ ചോദ്യങ്ങൾക്കും ചിരിയോടെ മറുപടി. ഇവൻ വലിയ കുഴപ്പക്കാരനല്ലെന്ന് വിൽസൺ. എങ്കിലും കൈയിലെ വിലങ്ങ് ഇത്തിരി ലൂസ് ചെയ്യുമോ എന്ന അവൻ്റെ ചോദ്യം ഞങ്ങൾ കേട്ടില്ല എന്ന് നടിച്ചു.

തമിഴ് നാട്ടിലേക്ക് കടന്നപ്പോൾ മഴയെല്ലാം പോയിരുന്നു. നല്ല ചൂടോടെ പുറത്ത് വെയിൽ തിളങ്ങി നിന്നു. എ.സി യുടെ കുളിരും വണ്ടിയിലെ നേർത്ത സംഗീതവും ചേർന്ന് കണ്ണുകളിൽ മൃദുവായി മയക്കം കൊണ്ടുവന്നു.

സർ… സർ! വിൽസൻ്റെ വിളി എന്നെ മയക്കത്തിൽ നിന്നും ഉണർത്തി. നമ്മുടെ വണ്ടിക്കെന്തോ കുഴപ്പം. ഇടയ്ക്ക് നിന്നു പോകുന്നു. ഏതാണ് സ്ഥലം? സേലം എത്താറായിരിക്കുന്നു. കാറ് അടുത്ത് കണ്ട വർക്ക് ഷോപ്പിൽ കയറ്റി. എൻജിൻ അഴിച്ച് പണിയണമെന്ന് വർക്ക് ഷോപ്പുകാരൻ. ഇനി എന്തു ചെയ്യും? വണ്ടിയുടെ ഉടമയെ വിളിച്ചു. വണ്ടി, വർക്ക് ഷോപ്പിൽ ഏൽപ്പിച്ച് നിങ്ങൾ പൊയ്ക്കോളൂ, വണ്ടി താൻ വന്ന് നോക്കിക്കോളാമെന്നയാൾ. എങ്ങനെ ഇനി? ഇവിടുന്ന് ഒരു കാർ വിളിച്ചാൽ ചിലവ് താങ്ങാൻ കഴിയില്ല. അത്ര പണമൊന്നും ആരുടെയും കൈയിലില്ല. ട്രെയിൻ നോക്കിയാലോ? ആദ്യമേ വേണ്ടന്ന് വെച്ച യാത്രയാണത്. പക്ഷെ ഇപ്പോൾ വേറെ നിവർത്തിയില്ല. ടിക്കറ്റ് എടുക്കാൻ ആവശ്യത്തിനുളള ട്രെയിൻ വാറണ്ട് എടുത്തിട്ടുണ്ടെന്ന് വിനു പറഞ്ഞു. ഇനി ടിക്കറ്റും സീറ്റും കിട്ടുമോ ആവോ? ഡൽഹി യാത്ര അവസാനിച്ചുവോ?

പ്രതിയെ, വിനുവിനും ഹരീഷിനും ഒപ്പം വർക്ക്ഷോപ്പിലെ ഓഫീസ് മുറിയിലിരുത്തി ഞാനും വിത്സനും സേലം റെയിൽവെ സ്റ്റേഷനിലേക്കു യാതൊരു പ്രതീക്ഷയുമില്ലാതെ നടന്നു.

മനസ് ആധിയിലേക്ക് നീങ്ങിക്കഴിഞ്ഞു. എന്ത് ചെയ്യും . ട്രെയിൻ ടിക്കറ്റ് കിട്ടുമോ? സ്ലീപ്പറോ ജനറലോ ഒക്കെ ആയാൽ തിരക്കിനിടയക്ക് പ്രതിയെ എങ്ങിനെ സൂക്ഷിക്കും. പ്രതിയുമായി വഴിയിലാണ്. കസ്റ്റഡി പ്രതിയാണ് . ഡെൽഹിയിൽ എത്തിക്കണം. റിക്കവറി എന്തെങ്കിലും ഉണ്ടാകുമോ എന്നതല്ല പ്രശ്നം . ട്രെയിൻ മതിയായിരുന്നു. താനത് വേണ്ടത്ര ശ്രദ്ധിച്ചില്ല. നല്ലപോലീസുദ്യോഗസ്ഥനാകാതെ ഡെൽഹിയെന്ന സ്വപ്ന ലോകത്തെ സഞ്ചാരിയായി. ടെൻഷൻ ഹൃദയതാളങ്ങൾക്ക് മേലെയായിരിക്കുന്നു.

സേലം റെയിൽവെ സ്റ്റേഷൻ്റെ തിരക്കുകളിലൂടെ ഞങ്ങൾ നടന്നു .. ഒന്നു രണ്ട് ഫ്ലാറ്റ് – ഫോമുകളിൽ. ട്രെയിനുകൾ കിടക്കുന്നുണ്ട്. ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിൽ ആളുകളുടെ തിരക്ക് … ഡെൽഹിയിലേക്ക് പോകുന്ന ട്രെയിനുകൾ നോക്കി … വൈകിട്ട് 4 മണിക്ക് ട്രെയിനുണ്ട് .ഇനി ടിക്കറ്റ് കിട്ടുമോ … ഇവിടുന്ന് റെയിൽ വാറണ്ട് പൂരിപ്പിച്ച് .ടിക്കറ്റ് കിട്ടാൻ പാടുപെടും ‘.. ഞങ്ങൾ ആശയോടെ ‘റെയിൽവെ പോലീസ് സ്റ്റേഷൻ തപ്പി .. ഫ്ലാറ്റ് ഫോമിൻ്റെ വടക്കെ അറ്റത്ത് സ്റ്റേഷൻ കണ്ടെത്തി, SHOയെ നേരിൽ കണ്ട് വിവരം പറഞ്ഞു.

ആ പോലീസുദ്യോഗസ്ഥരുടെ സഹായം വളരെ വലുതായിരുന്നു ഞങ്ങൾക്ക് എല്ലാവർക്കും III Alc ടിക്കറ്റ് അവർ റെഡിയാക്കി തന്നു.. വർക്ക് ഷോപ്പിൽ നിന്ന് വിനുവും ഹരിഷും പ്രതിയുമായി സ്റ്റേഷനിലേക്ക് വന്നു ..ഒരു ചായ കുടിക്ക് ശേഷം സേലത്ത് നിന്നും ആ വൈകുന്നേരം വീണ്ടും യാത്ര തുടങ്ങി … ഡെൽഹി .ഒരു സ്വപ്നമല്ലാതെയാകുന്നു …. വീണ്ടും മഹാ നഗരത്തിൻ്റെ കാഴ്ചകൾ മുന്നിലേക്ക് ഓടി വന്നു

പെട്ടെന്നുണ്ടായ തടസ്സവും അത് നൽകിയ ടെൻഷനും ചെറുതല്ലായിരുന്നു .മുകളിലെ ബർത്തുകളിലൊന്നിൽ നൂർ ജമാലിനെ കയറ്റി ഇരുത്തി അതിനു എതിർവശം വിനു താഴെ വിത്സനും ഹരീഷും .. സൈഡിൽ ഞാനും …. ഞങ്ങളറിയതെ അവന് താഴേക്ക് ഇറങ്ങാൻ കഴിയില്ല … കൈയിലെ വിലങ്ങ് ട്രെയിലെ കമ്പികളിലൊന്നിൽ മുറുക്കി … കൈ വേദനിക്കുന്നു എന്ന് അവൻ പലവട്ടം പറഞ്ഞു … പക്ഷെ പ്രതിയാണ് .. അനുകമ്പ പാടില്ല … ഇത്തിരി വേദനിക്കട്ടെ കള്ളനല്ലെ.

രാത്രിയിൽ അവന് കാവലരിക്കാൻ ഓരോ പോലിസുകാരെയും ഞാൻ ശട്ടം കെട്ടി.

എ സി യുടെ തണുപ്പും യാത്രയുടെ ക്ഷീണവും ഉറക്കം വരുത്തി .. അപ്പുറമുള്ള സീറ്റുകളിലെ യാത്രക്കാർ ഉറങ്ങി തുടങ്ങിയിരിക്കുന്നു .. ഹരീഷും വിത്സനും കിടപ്പായി ഊഴം അനുസരിച്ച് വിനു ഉറങ്ങാതെ മൊബൈൽ നോക്കി ഇരിപ്പുണ്ട് നമ്മുടെ ലൈറ്റ് ഓഫ് ചെയ്യരുതെന്ന് വിനുവിനെ ഓർമ്മിപ്പിച്ച് ഞാൻ കണ്ണുകളടച്ചു …

കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.