പോലീസ് ഡയറി – 23 : പുകവീണ രാത്രികൾ – ഭാഗം : 1

ഡൽഹി ഇന്ദ്രപ്രസ്ഥം, ഇന്ത്യയുടെ തലസ്ഥാന നഗരി, നൂറുകണക്കിന് മഹാരഥൻമാരുടെ ഭരണനൈപുണ്യം ഏറ്റു വാങ്ങിയ മഹാനഗരം. ആ നഗരം എൻ്റെ സ്വപ്നങ്ങളിൽ നിറഞ്ഞതെന്നാണ്? ഓർമ്മയില്ലെങ്കിലും മൂടൽമഞ്ഞിൽ പൊതിഞ്ഞ് മനോഹരമായ ഡൽഹിയെ ഞാൻ ഒരുപാടു തവണ സ്വപ്നം കണ്ടിട്ടുണ്ട്. കൺകുളിർക്കെ കാണണമെന്നാഗ്രഹിച്ചിട്ടുണ്ട്.

എത്രയോ വർഷങ്ങൾക്ക് മുമ്പ് മുതൽ ലോകത്തിൻ്റെ നെറുകയിൽ നിൽക്കുന്ന മഹാനഗരമാണത്. എനിക്ക് വല്ലാത്ത ആരാധനയാണ് അതിനോട്. രാജപഥിൻ്റെ വീഥികളിൽ സൈനികർക്കൊപ്പം നടക്കാൻ, കുത്തബ് മീനാറിൻ്റെയും താജ്മഹലിന്റേയും മിനാരങ്ങളുടെ നിഴലിൽ അല്പനേരം ഇരിക്കാൻ, ഇന്ത്യ ഗേറ്റിലെ തിരക്കുകളിൽ അലിഞ്ഞു ചേരാൻ, ചെങ്കോട്ടക്ക് മുകളിൽ പറക്കുന്ന ആ പതാകയെ ഒന്നു വന്ദിക്കാൻ, രാജ്ഘട്ടിലെ സമാധിയിൽ വെളുത്ത പൂക്കൾ കൊണ്ട് അലങ്കരിക്കാൻ, യമുനാഘട്ടിലെ പറവകൾക്കൊപ്പം നീന്തിത്തുടിക്കാൻ! ആഗ്രഹങ്ങളാണ്. പക്ഷെ ഇന്ദ്രപ്രസ്ഥം എന്നിൽ നിന്നും അന്യമായി തന്നെ നിന്നു. അവിടെ വരെ പോയി വരാൻ എൻ്റെ പ്രാരാബ്ധങ്ങളുടെ സമ്പാദ്യം തികയുമായിരുന്നില്ല.

പോലീസിൽ കേസ് അന്വേഷണത്തിൻ്റെ ഭാഗമായി അന്യസംസ്ഥാനങ്ങളിലും മറ്റും പോകുക പതിവാണ്. എന്നോടൊപ്പമുളള പലരും അങ്ങനെ ഡൽഹിയിൽ പോയിട്ടുണ്ട്. പക്ഷെ, ആ അവസരങ്ങളിൽ ഒന്നു പോലും എന്നെ തേടി വന്നില്ല. ഞാൻ മാറ്റി നിർത്തപ്പെട്ടു. അതിനു കാരണം എനിക്ക് നമ്മുടെ ദേശീയഭാഷ അറിയുമായിരുന്നില്ല എന്നതാണ്.

എനിക്ക് സ്റ്റേഷൻ ചാർജുളള രാത്രിയിലാണ് ആ മോഷണം നടന്നത്. മഴ പെയ്ത് തണുത്ത് മനുഷ്യരുറങ്ങിയ രാത്രി. മോഷണം, അതത്ര വലുതൊന്നുമായിരുന്നില്ല. എന്നിട്ടും അത് ശ്രദ്ധിക്കപ്പെട്ടു. വലുതായി പണമിടപാടുകൾ നടത്തുന്ന സ്ഥാപനമൊന്നുമായിരുന്നില്ല അത്. എങ്കിലും ബാങ്ക് എന്ന പേരെഴുതി സ്വർണ പണയത്തിൽ പണം കൊടുക്കുന്ന ബ്ളേഡ് സ്ഥാപനത്തിൻ്റെ ഭിത്തി തുരന്ന് അവിടെ സൂക്ഷിച്ചിരുന്ന കുറച്ച് സ്വർണവും മറ്റും മോഷ്ടിക്കപ്പെട്ടപ്പോൾ അത് വലിയൊരു ബാങ്ക് റോബറിയായി വിശേഷിക്കപ്പെട്ടു.

പത്രദൃശ്യമാധ്യമങ്ങളും സോഷ്യൽ മീഡിയകളും പോലീസിനെയും ഭരണ നേതൃത്യത്തെയും വിചാരണ ചെയ്തു. അന്വേഷണം അത് കറങ്ങിത്തിരിഞ്ഞ് എൻ്റെ തലയിൽ. മോഷണം നടത്തിയത് ഞാൻ എന്ന മട്ടിലായി. ആ നശിച്ച രാത്രിയിൽ നൈറ്റ് ഡ്യൂട്ടി ചോദിച്ച് വാങ്ങിയതിനെ ഞാൻ ശപിച്ചു.

മോഷ്ടാക്കൾ ആരെന്നോ എവിടെ നിന്ന് വന്നുവെന്നോ തുരക്കാനുപയോഗിച്ച ആയുധങ്ങൾ എന്തെന്നോ എവിടേക്കു പോയി എന്നോ അറിവില്ല. പ്രതിയെ കണ്ടെത്താൻ മണമില്ല, തെളിവില്ല, കാഴ്ചക്കാരില്ല, കൈ അടയാളങ്ങളില്ല. നിസ്സഹായനായ അന്വേഷണ ഉദ്യോഗസ്ഥനായി വഴികളെല്ലാം അടഞ്ഞ് രാവിലും പകലിലും പരാജിതനായി മേലധികാരികളിൽ നിന്ന് വല്ലാതെ പഴികേട്ട് ശൂന്യതയിലേക്ക് ഞാൻ വെറുതെ നടന്നു തുടങ്ങി.

ഓരോ ദിവസവും വല്ലാതായി ഉറക്കം നഷ്ടപ്പെട്ട രാത്രികൾ വിളമ്പിവച്ച ഭക്ഷണങ്ങൾക്ക് രുചിക്കുറവായി ഭാര്യയോടും മക്കളോടും പിണങ്ങി. ഞാൻ വല്ലാതെ ക്ഷീണിച്ചോ കണ്ണുകൾക്ക് കാഴ്ചക്കുറവ് സംഭവിച്ചോ ? ഏതെങ്കിലും പുതിയൊരു വെളിച്ചം ഏതെങ്കിലും പുതിയൊരു ശബ്ദം ദിനംപ്രതി ആ പണയ സ്ഥാപനത്തിൻ്റെ മുറികളിൽ വെറുതെ പരതി ഒന്നും കണ്ടെത്താനായില്ല. ആളുകൾക്ക് പറയാനും ചിരിക്കാനും പുതിയ കാര്യങ്ങൾ വന്നു മോഷണം മറവിയിലേക്ക് മാറി ബാങ്ക് ഉടമ നഷ്ടകണക്കുകളിൽ മോഷണ വസ്തുക്കൾ പെടുത്തി. അശാന്തമായ മനസ്സോടെ ഞാൻ മാത്രം തികഞ്ഞ പരാജയമായി വന്നും പോയും ഇരുന്നു.

മനു എന്നാണ് ആ പയ്യൻ്റെ പേര് ഏഴിലോ എട്ടിലോ പഠിക്കുന്നു ബാങ്കുടമയുടെ മകൻ. അവന് അയാൾ ഒരു ഫോൺ വാങ്ങി നൽകിയിരുന്നു അതു കാണാനില്ല എന്ന് പറയാൻ തുടങ്ങിയിട്ട് കുറെ നാളായി വലിയ നഷ്ടങ്ങൾക്കിടയിലെ ചെറിയ നഷ്ടത്തെ അയാൾ അവഗണിച്ചു എൻ്റെ മുന്നിൽ വെച്ച് ഫോണിനു വേണ്ടി ശല്യപ്പെടുത്തിയ മോനെ അയാൾ വഴക്കു പറഞ്ഞു. അവനെ ശാന്തനാക്കാൻ ആ ഫോൺ എവിടെ കളഞ്ഞു പോയി എന്നു ഞാൻ ചോദിച്ചു അത് ബാങ്കിലാണെന്നാ തോന്നുന്നത് അവിടെ മേശപ്പുറത്ത് വെച്ചിരുന്നു.

ഓ … ദൈവമെ എവിടെ നിന്നോ ഒരു നീല വെളിച്ചം കണ്ണിലേക്കെത്തിയതുപോലെ വളരെ പാടുപെട്ടാണ് ആ ഫോണിൻ്റെ കവർ കണ്ടെത്തിയത്.

ഏറെ നാൾകൂടീ ഞാൻ ഉദയസൂര്യനെ കണ്ടു എനിക്ക് മുന്നിൽ ശാന്തമായ പ്രഭാതം കാണാതായ ഫോൺ വർക്കു ചെയ്യുന്നു.

ആറ്റിങ്ങലിൽ ഒരു ചെറിയ തോടിന് സമീപത്തെ തെങ്ങിൻ തോപ്പിൽ തളച്ചിട്ടിരിക്കുന്ന കൊമ്പൻ അവൻ്റെ കണ്ണുകളുടെ വന്യതയിൽ ഭയന്ന് അൽപ്പം അകന്നു നിന്നു . ആനയുടെ കാലിൽ താങ്ങിയിരിക്കുന്ന പാപ്പാൻ്റെ കണ്ണുകളും ചുവന്നു തന്നെ. അൽപ്പം കഴിച്ചുളള ഇരിപ്പാണെന്നു കണ്ടപ്പോളെ തോന്നി. എഴുന്നേറ്റ് വരുവാനുളള എൻ്റെ ആവശ്യത്തെ അവൻ യാതൊരു വിലയും കൽപ്പിച്ചില്ല. ഏറെ പ്രയാസപ്പെട്ടാണ് അവനെ അടുത്തേക്ക് വരുത്തിയത് . മാറ്റി നിർത്തി ഒന്ന് പൊട്ടിച്ചപ്പോൾ തൻ്റെ ‘ കൈയിലെ ഫോണിനെക്കുറിച്ച് പെട്ടെന്നു തന്നെ പറഞ്ഞു . തനിക്ക് ഒരു ആനവാലിന് പകരമായി ആ ഫോൺ തന്ന ഹിന്ദിക്കാരനെക്കുറിച്ച് അവൻ്റെ കൂട്ടുകാരെക്കുറിച്ച് അവരുടെ താമസ സ്ഥലത്തെക്കുറിച്ച്.

കാക്കനാട്ടെ ഒരു കോളനിക്ക് ചുറ്റും 3 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ആ ‘ കവർച്ചക്കാർ, 3 അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായത് അവരുമായി തെളിവെടുപ്പും മറ്റ് പരാക്രമങ്ങളുമായി സംഭവസ്ഥലത്ത്. പത്രത്താളുകളിലും ദൃശ്യമാധ്യമങ്ങളിലും വീണ്ടും വാർത്തകൾ .

ബാങ്ക് കൊള്ളയടിച്ച പ്രതികളെ പിടിച്ചു . പ്രതികളെ പിടിച്ച പേരെടുക്കാനുളളവരുടെ തിരക്കിനിടയിൽ ഞാൻ ഔട്ട് .

ഹരിയാനയിൽ നിന്നും കേരളത്തിൽ ജോലിക്കെന്ന പേരിൽ എത്തി മോഷണം നടത്തി മടങ്ങുന്നവർ നിരവധിമോഷണങ്ങളിൽ കിട്ടിയ മുതലുകളുമായി അപ്പോൾ തന്നെ സ്ഥലം വിടുന്നവർ. മോഷ്ടിച്ച സ്വർണ്ണം ഡൽഹിയിലെ ജ്വല്ലറിയിൽ വിറ്റു എന്ന് പ്രതികളുെട കുററസമ്മത മൊഴി…… കേസിലേക്ക് അത് റിക്കവറി ചെയ്യണം … പ്രതിയുമായി ഡൽഹിക്ക് പോകണം. പ്രതികളെല്ലാം ഹരിയാനക്കാരാണെങ്കിലും വർഷങ്ങളായി ഡൽഹിയിൽ താമസിക്കുന്നവരാണ്.

ആരൊക്കെ എന്ന് തീരുമാനിക്കപ്പെട്ടപ്പോൾ ഒന്നാം പേരുകാരനായ് ഞാൻ….

ഞാൻ ഡൽഹിക്ക് പോകുന്നു …..ഞാൻ ഡൽഹി കാണുന്നു .. ആ യാത്ര സ്വപ്നത്തിൽ നിന്നു എന്നെ തൊട്ട് താഴേക്ക് വരുന്നു എൻ്റെ സന്തോഷം അതിരു കടന്നു പോകുന്നോ..

(തുടരും)

കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.