പോലീസ് ഡയറി -18 : കോളജ് യൂണിയൻ ഉദ്ഘാടന മാമാങ്കം

സ്റ്റേഷനതിർത്തിയിലെ ഏക എഞ്ചിനീയറിംഗ് കോളജിലെ യൂണിയൻ ഉദ്ഘാടനത്തിന് ആശംസാപ്രസംഗത്തിന് CI യെ ആണ് ക്ഷണിച്ചിരുന്നതെങ്കിലും GSI ആയ എന്നെത്തന്നെ CI ചുമതലപ്പെടുത്തിയത് എന്നോടുള്ള സ്നേഹം കൊണ്ടല്ലായെന്ന് എനിക്ക് മനസ്സിലായിരുന്നു. ട്രിപ്പിളിടിച്ചും ലൈസൻസും ഹെൽമിറ്റും ഇല്ലാതെയും വന്ന് 30-ഉം 40-ഉം പെറ്റി തന്ന് സഹായിക്കുന്ന അവിടുത്തെ വണ്ടി ഓടിക്കുന്ന മിക്ക കുട്ടികൾക്കും പെറ്റി കൊടുത്തിട്ടുള്ള എന്നെ യുണിയൻ ഉദ്ഘാടനത്തിന് കിട്ടിയാൽകൂകി നാറ്റുമെന്ന കാര്യത്തിൽ ഒരുസംശയവും ഇല്ല. എന്തായാലും പട്ടിയുടെ വേഷം കെട്ടിയാൽ കുരയ്ക്കണമല്ലോ.

എഞ്ചിനീയറിംഗ് കോളജായതുകൊണ്ട് അല്പം സ്റ്റാൻഡേർഡിലുള്ള വർത്തമാനവും വേണം. കാപ്സ്യൂളുകൾക്ക് വേണ്ടി ഞാൻ എൻ്റെ ഒന്നുരണ്ടു സുഹൃത്തുക്കളെ വിളിക്കാൻ തുടങ്ങി. ആദ്യമേ തന്നെ മോട്ടിവേഷൻ ക്ലാസിനു പോകാറുള്ള ഒരു സുഹൃത്തിനെ വിളിച്ചപ്പോൾ ഒരു നാല് വരി കിട്ടിയതിങ്ങനെ. പ്രിയപ്പെട്ട വിദ്യാർത്ഥികളെ, വിദ്യാർത്ഥി കാലഘട്ടമാണ് ഒരാളുടെ ജീവിതത്തിലെ സുവർണ്ണകാലഘട്ടം. നിങ്ങൾക്ക് 40% മാർക്ക് കിട്ടിയാൽ ജയിക്കാം, മറ്റ് തൊഴിൽ മേഖലകളെ നോക്കൂ. അത് ഒട്ടും സാദ്ധ്യമല്ലെന്നു കാണാം. ഉദാഹരണത്തിന് ഒരു തെങ്ങു കയറ്റക്കാരനെ എടുക്കാം. അയാൾ 100% ഭംഗിയായി കയറിയാലേ തെങ്ങിൻ്റെ മണ്ടയിൽ എത്തി തേങ്ങായിടാൻ കഴിയൂ. തിരിച്ചിറങ്ങുമ്പോൾ 50% മാത്രമേ പറ്റിയുള്ളൂവെങ്കിൽ തെങ്ങിൻ്റെ പകുതിയിൽ നിന്നും താഴെ വീണ് കാലൊടിയും. അതുപോലെ തന്നെയാണ് ഡ്രൈവറും. അപ്പോൾ 40% കൊണ്ട് അപ്പുറത്തെത്താൻ കഴിയുന്ന നിങ്ങൾ എല്ലാം ഭാഗ്യവാനും ഭാഗ്യവതിയും ആണ്, എന്നു തുടങ്ങി കുറച്ച് കാര്യങ്ങൾ അവനും പറഞ്ഞു തന്നു. മറ്റൊരു സുഹൃത്ത് എഞ്ചിനീയറിംഗ്‌ കഴിഞ്ഞാൽ കിട്ടാനുള്ള ജോലികളും അതിന് നമ്മുടെ നാട്ടിലും വിദേശരാജ്യങ്ങളിലും കിട്ടുന്ന ശമ്പളവും പഠിപ്പിച്ചു തന്നു.

ധൈര്യം സംഭരിച്ച് ഞാൻ ജീപ്പിൽ കയറി കോളജിലെത്തി. എൻ്റെ ജീപ്പിൻ്റെ മുമ്പിലായി വന്ന കാറിൽ ഉദ്ഘാടകയായ സീരിയൽ നടിയായിരുന്നു. ഗ്രൗണ്ടിൽ കെട്ടിയ വലിയ പന്തലിനകത്തുകൂടി തന്നെ വേദിയിലേക്ക് വഴിയുണ്ടായിരുന്നു. എനിക്ക് മുമ്പേ നടന്ന നടി പന്തലിലേക്ക് കയറിയപ്പോൾ തന്നെ കുട്ടികൾ കൂകൽ തുടങ്ങി. അവർ വേദിയിലെത്തിയ സമയം വരെ കൂകൽ നീണ്ടു. എൻ്റെ കാര്യം അതിലും പരിതാപകരമാകും എന്ന് കണ്ടതുകൊണ്ട് ഞാൻ പന്തലിന് വെളിയിലൂടെ വേദിയിലേക്ക് പോയി. നടന്നു പോകുന്നതിനിടയിൽ അടുത്ത മരത്തിൻ്റെ മുകളിൽ നിന്നും സാറെ… സാറെ എന്ന വിളി കേട്ട് പരിചയക്കാരാണോയെന്നു ഞാൻ നോക്കിയപ്പോൾ കുറെ കുരുത്തംകെട്ടവന്മാർ മരത്തിലുണ്ട്. അതിലൊരുത്തൻ 100 രൂപ എടുത്ത് കാണിച്ചിട്ട് മരത്തിൽ കയറിയതിനും ഒരു പെറ്റി എഴുതിക്കോ എന്നു പറഞ്ഞു ഉറക്കെ ചിരിച്ചു. നാളെ കാണിച്ചു തരാമെടാ എന്നു മനസ്സിൽ പറഞ്ഞ് കൊണ്ട് ഞാൻ വേദിയിലേക്ക് കയറിപ്പോൾ തന്നെ എന്നെ കണ്ടുപിടിച്ചേ എന്ന മട്ടിൽ കൂവൽ തുടങ്ങി. ഞാൻ അത് കേൾക്കാത്ത രീതിയിൽ നടിയുടെ അടുത്തായി ഇരുന്നു. അവരുടെ മുഖത്തെ ചമ്മൽ അപ്പോഴും മാറിയിട്ടില്ല എന്നു മുഖം കണ്ടപ്പോൾ മനസ്സിലായി.

അദ്ധ്യക്ഷൻ പ്രിൻസിപ്പാൾ തന്നെയാണ്. പരിപാടികൾ ആരംഭിച്ചു. ഈശ്വര പ്രാർത്ഥനക്ക് വിളിച്ചപ്പോൾ രണ്ട് ലലനാമണികൾ മൈക്കിനടുത്തേക്ക് വന്നിട്ട് ഈശ്വരനുമായി ഒരു ബന്ധവുമില്ലാത്ത ഒരു ആധുനിക പാട്ട് പാടി അവസാനിപ്പിച്ചപ്പോഴാണ് സമാധാനമായത്. ഉപക്രമത്തിനായി എഴുന്നേറ്റ പ്രിൻസിപ്പാളിനും ടൺ കണക്കിന്‌ കൂകൽ കിട്ടുന്നതു കണ്ടപ്പോഴാണ് ഗുരുശിഷ്യബന്ധത്തിൻ്റെ ആഴം ഞാൻ മനസ്സിലാക്കിയത്. ബഹളത്തിനിടയിൽ എന്തൊക്കെയോ പറഞ്ഞിട്ട് നടിയെ ഉദ്ഘാടനത്തിന് ക്ഷണിച്ച് പ്രിൻസിപ്പാൾ തലയൂരി. നടി മൈക്കിനു മുന്നിൽ ചെന്നപ്പോൾ തന്നെ കുറുനരി കുഞ്ഞുങ്ങളുടെ കൂകൽ വീണ്ടും. അവരുടെ സീരിയലിലെ പേരെടുത്ത് വിളിച്ച് അലങ്കോലമാക്കി ബഹളത്തിനിടയിൽഅവരും എന്തൊക്കെയോ പറഞ്ഞ് ഇരിപ്പിടത്തിലേക്ക് വന്നു.

അടുത്തത് എൻ്റെ ഊഴമായി. ഞാൻ മൈക്കിനടുത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ കൂകൽ പതിന്മടങ്ങായി. ഞാൻ വേദിയിലേക്ക് നോക്കുമ്പോൾ ഞങ്ങൾക്ക് ഇത്രയും കിട്ടിയില്ലല്ലോ എന്ന മട്ടിൽ നടിയും പ്രിൻസിപ്പാളും സമാധാനിച്ച് ഇരിക്കുന്ന കാഴ്ച. ഞാൻ സദസ്സിലേക്ക് നോക്കി. മുൻനിരയിൽ കുറച്ച് രക്ഷകർത്താക്കളുണ്ട്. പുറകിൽ കൂവുന്നവരിൽ കൂടുതലും ഞാൻ സ്ഥിരം പെറ്റി കൊടുക്കുന്നവർ. അതിൽ ചിലരുടെ വിലാസം എനിക്ക് കാണാതെ തന്നെ അറിയാം. ഞാൻ മൈക്കിനടുത്തേക്ക് ചെന്നിട്ട് നിങ്ങൾ കൂകി തീരുമ്പോൾ ഒന്നുരണ്ടു കാര്യങ്ങൾ പറയാനുണ്ട് എന്നു പറഞ്ഞ് മാറിനിന്നു. കൂകലിന് ഒരു ശമനം തോന്നിയപ്പോൾ മോട്ടിവേഷൻ സുഹൃത്തിൻ്റെ വാചകങ്ങൾ ഞാൻ വച്ചു കാച്ചി. കടൽ പുറകോട്ട് വലിയുന്നത് സുനാമിക്കാണെന്ന് പറയുന്നതുപോലെ കൂകൽ ശക്തിയോടെ തിരിച്ചു വന്നു. ഞാൻ പറഞ്ഞ തെങ്ങുകയറ്റക്കാരൻ്റെ കഥ കേട്ടിട്ടാകണം ഒരുത്തൻ പന്തലിലെ തൂണിലേക്ക് വലിഞ്ഞ് കയറി തലകുത്തനെ തിരികെ ഇറങ്ങി വന്നു. ഞാൻ വീണ്ടും മിണ്ടാതെ നിന്നു. ഏറ്റവും പുറകിൽ കുറെ പേർ ബിയർ കുപ്പികൾ മുകളിലേക്ക് എറിഞ്ഞ് പിടിക്കുന്ന കാഴ്ച കണ്ടപ്പോൾ ചന്ദ്രയാനിലേക്ക് റോക്കറ്റ് വിടേണ്ടതിൻ്റെ പരിശീലനത്തിലാണോ എന്നു തോന്നിപ്പോയി. പണ്ട് തീയേറ്ററിൽ സിനിമ കാണാൻ പോകുമ്പോൾ ആരെങ്കിലും കൂവിയാൽ കൂടെ കൂവുന്ന സ്വഭാവമുള്ള ഞാൻ ഇവൻമാരുടെ കൂടെ കൂവി പോകുമോ എന്നു പോലും ഒരു ഘട്ടത്തിൽ തോന്നിപ്പോയി.

മുൻനിരയിൽ കൂകാതെ ഇരിക്കുകയും കൂവുന്നവരെ ഇടക്കിടക്ക് എഴുന്നേറ്റ് നോക്കിയിരിക്കുകയും ചെയ്യുന്ന ഒരു കുട്ടിയെ ഞാൻ ശ്രദ്ധിച്ചിരുന്നു. ബഹളത്തിനിടയിൽ ആ കുട്ടി എഴുന്നേറ്റ് എൻ്റെ അടുത്തേക്ക് വന്നു. അവന് എന്തോ പറയാനുണ്ടെന്ന് തോന്നിയതുകൊണ്ട് ഞാൻ തല കുനിച്ച് കേട്ടു. സാറെ എനിക്ക് പല്ലുവേദനയാ! അതു കൊണ്ടാ ഞാൻ കൂവാത്തത്. മറ്റൊന്നും തോന്നല്ലേ എന്നു പറഞ്ഞിട്ട് ഒരു ഭാവഭേദവുമില്ലാതെ അവൻ പഴയ സീറ്റിൽ പോയിരിക്കുന്നതു കണ്ടു. ഒരു അടിയങ്ങ് വച്ചു കൊടുക്കാൻ തോന്നിയെങ്കിലും മറ്റാരും അറിയണ്ടയെന്ന് കരുതി ഞാൻ വെറുതെ ചിരി വരുത്തി ചിരിച്ചു നിന്നു.

കൂവി മടുത്തതുകൊണ്ടാകണം ബഹളം ഒന്നു നിലച്ചപ്പോൾ ഞാൻ വീണ്ടും മൈക്കിനടുത്തേക്ക് ചെന്നു. ഇതൊരു മാനേജ്മെൻ്റ് സ്ഥാപനമാണ്. മെരിറ്റിൽ കിട്ടിയവർ ഒഴിച്ചാൽ കൂടുതൽ പേരും 20-25 ലക്ഷം മുടക്കി അഡ്മിഷൻ വാങ്ങിച്ചവരാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മുമ്പിൽ ഇരിക്കുന്ന രക്ഷകർത്താക്കളിൽ പലരും കടം വാങ്ങിച്ചായിരിക്കും നിങ്ങളെ ഇവിടെ പഠിക്കാൻ അയച്ചത്. ഈ കൂകൽ കേൾക്കുന്ന അങ്ങനെയുള്ള രക്ഷകർത്താക്കൾക്ക് ഹാർട്ട് അറ്റാക് വന്നാൽ അതിശയിക്കാനില്ല എന്നു ഞാൻ പറഞ്ഞപ്പോൾ രക്ഷകർത്താക്കളെ ഓർത്തിട്ടാകണം കൂകൽ ഒന്നുനിലച്ചു. ഉടനെ തന്നെ ഞാൻ രണ്ടാമത്തെ സുഹൃത്തിൻ്റെ ഡേറ്റകൾ എടുത്തിട്ടു. കെമിക്കൽ എഞ്ചിനിയറിംഗ് കഴിഞ്ഞ നിങ്ങൾക്ക് ഇന്ത്യയിൽ കിട്ടുന്നതിനേക്കാൾ മികച്ച ശമ്പളം ജർമ്മനിയിലും അതിനേക്കാൾ സ്വീഡനിലും എന്നു തുടങ്ങി എനിക്കറിയാവുന്ന രാജ്യങ്ങളുടെയെല്ലാം പേരു വച്ച് കാച്ചി. ശമ്പളം പറഞ്ഞപ്പോൾ സുഹൃത്ത് പറഞ്ഞതിൻ്റെ ഇരട്ടി വച്ചാണ് ഞാൻ തട്ടിയത്. അങ്ങനെ ഓരോ ട്രേഡിനും ഞാൻ ഇതുപോലെ അവതരിപ്പിച്ചു.

കുട്ടികൾ നാളെ മറ്റ് രാജ്യത്തേക്ക് പോകാൻ ചിന്തിച്ചിരുന്നവർ ആയതു കൊണ്ടാകണം എൻ്റെ ഡേറ്റകൾ എല്ലാം നിശബ്ദരായി കേട്ടു. അപ്പോഴാണ് ഒരുത്തൻ എഴുന്നേറ്റ് കൂകിയതിന് ക്ഷമ പറഞ്ഞിട്ട് ഈ രാജ്യക്കളിലേക്ക് പോകാനുള്ള മാർഗ്ഗം ചോദിച്ചത്. ആ കാര്യങ്ങൾ സുഹൃത്ത് പറഞ്ഞ് തരാഞ്ഞതുകൊണ്ട് എനിക്കും അറിയില്ലായിരുന്നു. അപ്പോഴാണ് എന്നെ ഇവിടെ എത്തിച്ച CI യെപ്പറ്റി ഞാൻ ഓർത്തത്. അതിൽ ഒന്നുരണ്ടുപേരെ അടുത്തേക്ക് വിളിച്ചിട്ട് മറ്റ് രാജ്യത്തേക്ക് പോകാനുള്ള മാർഗ്ഗങ്ങൾ നമ്മുടെ CI ക്ക് എന്നെക്കാൾ കൂടുതലറിയാം. നിങ്ങൾ SP യെ വിളിച്ച് പറഞ്ഞാൽ അദ്ദേഹത്തിൻ്റെ ഒരു ക്ലാസ് അറേഞ്ച് ചെയ്തുതരും എന്നു പറഞ്ഞ് SP യുടെ നമ്പരും കൊടുത്തു. അല്പം അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് ഞാൻ വേദി വിട്ടു. ഇത്രയും അറിവുള്ള എന്നെ കൂകിയതിൽ പല കുട്ടികളും ക്ഷമ പറയുന്നുണ്ടായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞ് ഞാൻ സ്റ്റേഷനിൽ CI യുടെ മുറിയിലേക്ക് ഒരു കേസ്സിൻ്റെ കാര്യത്തിനായി കയറിയപ്പോൾ ഭൂപടം മേശപ്പുറത്ത് വച്ച് CI യും SI യും കൂടി ജർമ്മനിയിലേക്കും സ്വീഡനിലേക്കും പോകുന്ന വഴി തിരയുന്നതു കണ്ടു. കോളജിൽ ഒരു ക്ലാസ് ഉള്ളതുകൊണ്ട് ഡിസ്കഷൻ നാളെയാവട്ടെ എന്നു പറഞ്ഞതു കേട്ട് എനിക്ക് വച്ച പാര തിരികെ കൊടുത്തതിൻ്റെ സന്തോഷത്തിൽ ഞാൻ ചിരിച്ചു കൊണ്ട് ഇറങ്ങി പോരുമ്പോൾ കൊടുത്താൽ കൊല്ലത്തും കിട്ടും എന്നു പറയണമെന്നുണ്ടായിരുന്നെങ്കിലും ഞാനത് പറയുകയുണ്ടായില്ല.

കൊല്ലം ഉളിയനാട് സ്വദേശി. കേരളാ പോലീസിൽ നിന്നും സബ് ഇൻസ്പെക്ടറായി വിരമിച്ചു. സമൂഹമാധ്യമങ്ങളിലും സൗഹൃദക്കൂട്ടായ്മകളിലും സർവീസ് അനുഭവങ്ങൾ എഴുതാറുണ്ട്. നല്ലൊരു കാർട്ടൂണിസ്റ്റാണ്. കുങ്കുമം, കുമാരി തുടങ്ങിയ ആനുകാലികങ്ങളിൽ മുമ്പ് വരച്ചിരുന്നു.