പോലീസ് ഡയറി -10 :കവിയും കാമുകനും ഉന്മാദിയുമായ ഒരാൾ

ലഹരിയുടെ ഒരു ചെറുപക്ഷിപോലും വിരുന്നെത്താതെ തന്നെ, സ്വബോധത്തിൻ്റെ പക്ഷികൾ പാതിയും പറന്നകന്ന തിരുശേഷിപ്പിനെ സുരേഷ് (ശരിയായ പേര് വെളിപ്പെടുത്തുന്നത് ഉചിതമായിരിക്കില്ലെന്ന് കരുതുന്നു ) എന്ന പേരിൽ ഞാനിവിടെ പരിചയപ്പെടുത്തുകയാണ്.

ഞാൻ സബ് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്ന സ്റ്റേഷൻ പരിധിയിൽ സുകുമാരൻ ഹെഡ് കോൺസ്റ്റബിളിൻ്റെ അയൽവാസിയായിരുന്നു സുരേഷ്. പറയപ്പെടാത്ത മൊഴികളുടെ അകലത്തിൽ പ്രണയം നഷ്ടപ്പെട്ട വിശുദ്ധ കാമുകനായിരുന്നു അയാൾ. പ്രണയത്തിൻ്റെ പായക്കപ്പൽ പ്രത്യാശയുടെ പവിഴപ്പുറ്റിൽ തട്ടി തകർന്നതാണ് അയാളുടെ മനോവിഭ്രാന്തിക്ക് ഹേതുവായതെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്.

വിവിധ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന , വൃദ്ധനായ പിതാവിനെ ഉറങ്ങാൻ അനുവദിക്കാതിരിക്കുക സുരേഷിൻ്റെ പതിവാണ്. ”അസമയത്തെങ്ങാനും ദേഹോപദ്രവം ഏല്പിച്ചാലോ , മനസ്സറിയാതെയല്ലേ കുട്ടി ഓരോന്നും കാട്ടിക്കൂട്ടുന്നത് ” – അമ്മ വേവലാതിപ്പെട്ടു. സുകുമാരൻ എച്ച്.സി യുടെ അഭിപ്രായത്തെ മാനിച്ചാണ് സുരേഷിന് രാത്രിയിൽ ഉറങ്ങാൻ ലോക്കപ്പിൽ സൗകര്യമൊരുക്കിയത്

നൈറ്റ് ഡ്യൂട്ടിക്കിടെ പലപ്പോഴും ഞാനയാളോട് സംസാരിച്ചിട്ടുണ്ട്. കൗൺസലിംഗിൻ്റെ പരിധിയിൽ നിന്നും അയാളുടെ മനോനില ഒരുപാട് കാതം പിന്നിട്ടു കഴിഞ്ഞു. മരുന്ന് കഴിക്കേണ്ടുന്ന അവസ്ഥയിലാണ് അയാളെന്ന് ഞാൻ മനസ്സിലാക്കി. വൈകാതെ ഡോക്ടറെ കാണുന്നതിനുള്ള ഏർപ്പാടും തരപ്പെടുത്തി.

ഒരിക്കൽ , ജീവിതം ട്യൂൺ ചെയ്യേണ്ടുന്നതിൻ്റെ ആവശ്യകതയെ സൂചിപ്പിച്ചപ്പോൾ അയാൾ കുമാരനാശാൻ്റെ നളിനിയിലെ വരികൾ ഈണത്തിൽ പാടി.

” അന്യ ജീവനുതകി സ്വജീവിതം
ധന്യമാകുമമലേ വിവേകികൾ ” –

ഇനിയും തുറന്നിട്ടില്ലാത്ത ഒരു പാട് പേജുകൾ ബാക്കിയുള്ള ബൃഹത്തായ ഒരു പുസ്തകം പോലെ അയാൾ . ഞാനയാളുടെ കേൾവിക്കാരനായി . കവിത എഴുതാറുണ്ടോ എന്ന ചോദ്യത്തിന് സ്വന്തം വരികൾ നീട്ടി ചൊല്ലിയാണ് മറുപടി തന്നത്. ഭാവസാന്ദ്രവും വശ്യചാരുതയുള്ള മന്ത്രണങ്ങൾ , വാക്കുകളിൽ അനുഭൂതികളുടെ ആഴങ്ങൾ.

സദാ കൂടെ കരുതാറുള്ള നോട്ട് പുസ്തകത്തിൽ എട്ടോ, ഒൻപതോ കവിതകൾ/പാട്ടുകൾ സുരേഷിൻ്റേതായി കുറിച്ചിട്ടുണ്ട് . രണ്ടു മൂന്നെണ്ണം കൂടി എഴുതിയ ശേഷം മലയാളത്തിൻ്റെ ഗസൽ ഗായകനായ ഉമ്പായിക്ക് അയച്ചുകൊടുക്കാനാണത്രെ അയാളുടെ പദ്ധതി .

ഒന്ന് രണ്ട് ട്രാൻസ്ഫറുകൾക്ക് ശേഷം നാല് വർഷം കഴിഞ്ഞ് 2018 ആഗസ്റ്റ് 1 ന് ഞാൻ പാലക്കാട് ജില്ലയിലെ വടക്കൻചേരി പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായി ജോലി ചെയ്യുമ്പോഴാണ് പ്രശസ്ത ഗായകൻ ഉമ്പായി നമ്മെ വിട്ടു പിരിഞ്ഞുവെന്ന വാർത്ത കേൾക്കുന്നത്. ഞൊടിയിടയിൽ ഞാനോർത്തത് സുരേഷിനെയാണ്. മാനസികാസ്വാസ്ഥ്യങ്ങളെ അതിരിട്ടു നിർത്തി കുടുംബം നോക്കുന്ന ആളായി മാറിയിട്ടുണ്ട് സുരേഷ് എന്ന കാര്യം സുകുമാരൻ’ ഹെഡ് കോൺസ്റ്റബിളിൽ നിന്നും ഇതിനകം ഞാനറിഞ്ഞിട്ടുണ്ടായിരുന്നു.

സുരേഷിൻ്റെ രചന ഉമ്പായി ആലപിക്കുന്നത് കേൾക്കാൻ ഞാനും ഒരുപാട് ആശിച്ചിരുന്നു. അക്കാര്യങ്ങൾ എന്തായി എന്നറിയാൻ സുകുമാരൻ എച്ച് സി യെ ഞാൻ ഫോണിൽ ബന്ധപ്പെട്ടു. സുരേഷിന് എൻ്റെ ഫോൺ നമ്പർ നല്കാനും ആവശ്യപ്പെട്ടു.

മൂന്നാം നാൾ സുരേഷിൻ്റെ വാട്സ് ആപ്പ് മെസ്സേജ് എനിക്ക് ലഭിച്ചു .

“സർ ,ആഗസ്റ്റ് ഒന്നിന്- മഹാഗായകൻ ഉമ്പായിമൺമറഞ്ഞതോടെഅദ്ദേഹത്തിൻ്റെ ശബ്ദത്തിൽ കേൾക്കാനാഗ്രഹിച്ച എൻ്റെ വരികളടങ്ങിയ പുസ്തകം അഗ്നി നാമ്പുകൾ നക്കി തുടച്ചു.അതായിരുന്നു അദ്ദേഹത്തിനുള്ള എൻ്റെ യാത്രാമൊഴി”

ദുഷ്കരമായ പദപ്രശ്നംപോലെ സുരേഷ് എൻ്റെ മനസ്സിൽ ഇപ്പോഴുമുണ്ട്.

വയനാട് മീനങ്ങാടി സ്വദേശി. കേരളാ പോലീസിൽ സർക്കിൾ ഇൻസ്പെക്ടർ. ഇപ്പോൾ വയനാട് വിജിലൻസ് യൂണിറ്റിൽ. നവമാധ്യമങ്ങളിൽ എഴുതുന്നു.