
ഭാരം ചുമക്കുന്ന യാത്രക്കാരൻ
ഒരു മനുഷ്യൻ തടിച്ച ഒരു ബാഗുമായി ട്രെയിനിൽ കയറി. ദീർഘയാത്രയാണ്. അയാൾക്ക് ഇരിക്കാൻ സ്ഥലം കിട്ടിയിട്ടും ബാഗ് നിലത്തു വെക്കാൻ അയാൾ കൂട്ടാക്കിയില്ല. ഇതുകണ്ട സഹയാത്രികൻ പറഞ്ഞു, “നോക്കൂ ഇത്ര ഭാരമുള്ള ബാഗ് മടിയിൽ വെച്ചിരിക്കേണ്ടതില്ല. അത് സീറ്റിനടിയിലേക്കു നീക്കിവെച്ചാൽ നിങ്ങൾക്കു സ്വസ്ഥമായി ഇരിക്കാമല്ലോ.”
ഇതു കേട്ട് അയാൾ പറഞ്ഞു, ”അതല്ല സുഹൃത്തേ ഈ ട്രെയിനിന് എന്റെ ബാഗിൻ്റെ ഭാരം കൂടി കൊടുക്കണ്ടല്ലോ എന്നോർത്താണ് ഞാനത് സ്വയം ചുമക്കുന്നത്.”
അയാളുടെ മറുപടി കേട്ട എല്ലാവരും ചിരിച്ചു.
സഹയാത്രികൻ പറഞ്ഞു.
“നിങ്ങൾ ബാഗ് തലയിൽ വച്ചാലും ട്രെയിൻ തന്നെയാണ് അത് ചുമക്കുന്നത്.”
അല്പം സമയമെടുത്ത് അതു മനസിലാക്കിയ അയാൾ പതുക്കെ ബാഗ് താഴെ വച്ചു തൻ്റെ അബദ്ധമോർത്ത് ചിരിച്ചു. പിന്നെ അയാൾ സ്വസ്ഥമായി യാത്ര തുടർന്നു..
ശാസ്ത്രം
ഈ കഥ നടന്നതോ എന്നതല്ല, ഈ കഥയ്ക്ക് നമ്മുടെ ചിന്തകളുമായി അഭേദ്യബന്ധമുണ്ട്. മനസ്സ് പലപ്പോഴും പഴയ കുറ്റബോധങ്ങളും അപമാനങ്ങളും വിട്ടുകളയാതെ ചുമന്നുനടക്കും. ചുമട് നിലത്തു വെക്കാൻ ഭയക്കുന്നതു പോലെയാണ് ഓർമകളുടെ ഭാരം ഒഴിവാക്കാൻ ഭയക്കുന്നതും. അവയെ നിരന്തരം ഓർക്കുന്നതുകൊണ്ട് അവ ഉണ്ടാക്കിയ മുറിവും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കപ്പെടില്ല. എന്നാൽ അവയെ അംഗീകരിച്ച്, ആവശ്യമെങ്കിൽ പുതിയ അർഥം നൽകാൻ തുടങ്ങുമ്പോൾ, ആ ഭാരം കുറയുന്നത് തിരിച്ചറിയാനാകും.
ആത്മീയ കാഴ്ചപ്പാട്
വിട്ടുകളയുക എന്നത് മറക്കലല്ല. ഇനി അത് ചുമന്നു നടക്കേണ്ടതില്ല എന്ന് തീരുമാനിക്കലാണ്.
ഇന്നത്തെ പരിശീലനം
ഇന്ന് രാത്രി എഴുതേണ്ടത്
“ഇനിയും ചുമന്നു നടക്കേണ്ടതില്ലാത്ത ഒരു ഭാരം തിരഞ്ഞെടുക്കുക… ആ ഭാരം ഇന്നും ജീവിതത്തിൽ പ്രസക്തമാണോ എന്നും പരിശോധിക്കുക.
ഞാൻ വർഷങ്ങളായി ചുമന്നുകൊണ്ടിരിക്കുന്ന ഒരു ചിന്ത, ഇന്ന് അല്പമെങ്കിലും ഇറക്കി വയ്ക്കാൻ കഴിയുമോ എന്നും എഴുതുക
ഇന്നത്തെ വാക്യം
മുന്നോട്ടു പോകാൻ അത്യാവശ്യമല്ലാത്ത ഓർമകളുടെ ഭാരം ഒഴിവാക്കുകയാണ് ഭാവി യാത്രയ്ക്ക് ഗുണകരം.









