ഗന്ധം

മരിച്ചിട്ടും
എന്തിനാണ്
ഇങ്ങനെ
കാഴ്ചവെക്കുന്നത്?

എടുക്കേണ്ട
സമയമായിട്ടും
എടുക്കാതെ
വരേണ്ടവരൊക്കെ
വന്നില്ലേ?
പോകേണ്ടവരൊക്കെ
പോയില്ലേ?

പതിനാറടിയന്തിരത്തിന്
സദ്യ കഴിച്ച്,
ഏമ്പക്കം വിട്ടുകൊണ്ട്
ഇളയമ്മയുടെ മകൻ
നരേശൻ പറഞ്ഞു:

“പായസത്തിന്
കുറച്ചുകൂടി
പരിപ്പ്
വേവിക്കാമായിരുന്നു.”

പന്തലുകൾ
അഴിച്ചുമാറ്റി
ശൂന്യമായ വീട്ടിൽ
ഇപ്പോൾ
അയാളുടെ ഓർമ്മകൾ
മാത്രം
അവശേഷിക്കുന്നു

തളർന്ന് കരഞ്ഞ
കണ്ണീരോടെ
അവൾ
വിതുമ്പുന്ന
മോളെ നോക്കിക്കൊണ്ട്
പറഞ്ഞു:
“അച്ഛൻ
ഇവിടെത്തന്നെയുണ്ട്.
മോളോടൊപ്പം
എങ്ങും
പോയിട്ടില്ല.”

മുറ്റത്തെ അയലിൽ
ഒരു ബലിക്കാക്ക
ഉച്ചത്തിൽ
കരയുന്നുണ്ടായിരുന്നു.

പുറത്തുനിന്നൊരു
കുളിർകാറ്റ്
അകത്തേക്ക്
വീശിക്കൊണ്ടിരുന്നു
ആ കാറ്റിന്
മോളുടെ
അച്ഛന്റെ
ഗന്ധമുണ്ടായിരുന്നു.

കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലം സ്വദേശി. ഹിന്ദി അദ്ധ്യാപകനായി ജോലി ചെയ്യുന്നു. മാസികളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചു ചെറുകഥകൾ നാടക ഗാനങ്ങൾ ലളിത ഗാനങ്ങൾ എന്നിവയും എഴുതിയിട്ടുണ്ട്.