സേവനനിരതമായ രണ്ട് ജന്മങ്ങളിലൂടെ മഹാകവി ഇടശ്ശേരി നടത്തിയ കാവ്യപൂജ

‘ഈത്തുഞ്ചൻ തറവാട്ടു പൂമുഖത്തന്തിക്കെന്നും
ദ്രദീപത്തിൻ മുമ്പിലിരുന്നു ഗുരുപുത്രി
അക്കഥ കുരുകുരെച്ചേർത്തൊരോലകൾ മറി-
ച്ചച്ഛനെപ്പാടിക്കേൾപ്പിക്കുന്ന സമ്മുഹൂർത്തത്തിൽ ……”

ഒരു ഗ്രന്ഥത്തെ അതിപവിത്രമായി കണ്ടു് നിലവിളക്ക് കൊളുത്തി പാരായണം ചെയ്യുന്ന നമ്മുടെ കേരളത്തിലെ പുണ്യരാമായണ മാസത്തിന്റെ ഈരടികളിൽ ചേർന്നു കൊണ്ട് തന്നെ മഹാകവി ഇടശ്ശേരി എഴുതിയ “ഹനുമാൻ സേവ തുഞ്ചൻപറമ്പിൽ ” എന്ന കവിതയിലൂടെ നമുക്ക് സഞ്ചരിക്കാം.

തുഞ്ചൻ ദിനാഘോഷത്തിന്റെ ഭാഗമായി തുഞ്ചൻപറമ്പിൽ വച്ച് വായിക്കുവാനാണ് ഇടശ്ശേരി ഈ കവിത എഴുതുന്നത്. കവിതയ്ക്ക് പിന്നാമ്പുറം ആകുന്നതും തുഞ്ചൻ പറമ്പിലെ ചൈതന്യം തന്നെയാണ്.

രണ്ടു കർമയോഗികളെ ഒരേസമയം ഹൃദയത്തിലിരുത്തി നടത്തുന്ന പൂജയാണ് ഈ കവിത എന്ന് അദ്ദേഹം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. തുഞ്ചത്തെഴുച്ഛൻ്റെ പാദരേണുക്കൾ ശിരസിലേറ്റു വാങ്ങുന്ന കവി എഴുത്തച്ഛൻ കവിതയുടെ ലാവണ്യാനുഭവത്തിൽ ഭക്തിയും ആദരവും ഭ്രമാത്‌മകതയും ഇടകലർത്തുന്നു.

എഴുത്തച്ഛന്റെ സ്വത്വത്തിൽ നിന്ന് ഭക്തലോകോത്തമനായ ഹനുമാൻ്റെ സന്നിധിയിലേക്ക് ചെന്നെത്തുന്ന കവിമനസ്സ് ദാർശനികമായ തലങ്ങളിലൂടെ ഇടവിടാതെ സഞ്ചരിച്ച് ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങൾക്കും ഉത്തരം തേടാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നു. ആദിത്യൻ ഹനുമാന് വിശപ്പു മാറ്റുവാനുള്ള പഴമായിരുന്നു. സ്വന്തം കഴിവുകളുടെ വലുപ്പം അറിയാതെയിരുന്ന മാരുതിയെ ദേവകൾ പാടി പുകഴ്ത്തുന്നുണ്ട്, അതേപോലെ തന്നെയാണ് എഴുത്തച്ഛനും അദ്ദേഹത്തിൻ്റെ കവിത്വവും.

എന്തുകൊണ്ട് ഹനുമാൻ ?

ഹനുമാന്റെ ഭക്തിയും സാഹസികതയും പ്രത്യുൽപ്പന്നമതിത്വവും സർവാദരണീയമാണ്. പക്ഷേ, രാമചന്ദ്രന്റെ സഹായി, ദൂതൻ എന്നീനിലകളിലാണ് ഹനുമാൻ പൊതുവേ തിരിച്ചറിയപ്പെടുന്നത്. അവതാരപുരുഷനായ രാമനെ സഹായിക്കാൻ വന്ന ദൈവാംശസംഭവനായ വാനരശ്രേഷ്‌ഠനായാണ് ഹനുമാൻ രാമായണകഥയിൽ നിറഞ്ഞുനിൽക്കുന്നത്. എന്നാൽ, ഇടശ്ശേരിയുടെ ഹനുമാനാകട്ടെ സ്വകീയമായ വ്യക്തിത്വത്തിൻ്റെ പ്രകാശമാർഗങ്ങളെ കാട്ടിത്തരാൻ ശ്രമിക്കുന്നു. രാമനേക്കാൾ പ്രാധാന്യമാണ് രാമദാസനായ ഹനുമാന് ഇടശ്ശേരി നൽകുന്നത്. അസാമാന്യമായ ആ വ്യക്തിവൈഭവത്തിൻ്റെ വളർച്ചയുടെ ഘട്ടങ്ങളെയാണ് ‘ഹനുമൽസേവ തുഞ്ചൻപറമ്പിൽ’ പറഞ്ഞുവയ്ക്കുന്നത്. ഹനുമാന്റെ ജന്മം കർമസായൂജ്യം നിറഞ്ഞതായിരുന്നു. സേവനനിരതമായ ആ ജന്മത്തിന്റെ കാൽപ്പാടുകൽ പിൻപററാൻ കവി മോഹിക്കുന്നു.

ഇഹലോകത്തിലെ ഏതു സുഖത്തിനും മീതെ ഉയർന്നുനിൽക്കുന്ന ആ പരമപദത്തിലെത്താനുള്ള വെമ്പലിനിടയിലാണ് ഭക്തിയും പൗരുഷവും ചേർന്ന യഥാർഥ ഹനുമൽസ്വരൂപത്തെ ഇടശ്ശേരി തിരിച്ചറിയുന്നത്. ആദരവു കലർന്ന ഭക്തിയുടെ കിനിഞ്ഞൊഴുകലായി ഇടശ്ശേരിയുടെ ഹനുമൽസേവ മാറുന്നു.

എഴുത്തച്ഛനും ഹനുമാനും

“സാഗരം താണ്ടും ബലം
തുച്ഛമെന്നോതുന്നൂ ഞാൻ
നീ കടന്നൊരു കൊടും
തീക്കടൽപ്പരപ്പോർക്കെ”

നീ കടന്ന തീക്കടൽ ഓർക്കുമ്പോൾ സാഗരത്തിന്റെ ദൂരം നിസ്സാരമല്ലയോ എന്ന് കവി പാടുന്നു. അതേ തീക്കടൽ കടഞ്ഞ തിരുമധുരമാണ് അദ്ധ്യാത്മരാമായണം. അത് കടഞ്ഞെടുത്തത് ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛനും. ബ്രാഹ്മണർക്ക് മാത്രം എഴുതുവാനും വായിക്കുവാനും അന്നേക്കാലം വിധിക്കപ്പെട്ട പുരാണ ഇതിഹാസങ്ങളെ പിൻപറ്റി ബോധഹീനന്മാർക്ക് വായിച്ചറിയുവാനായിട്ട് അദ്ദേഹം അദ്ധ്യാത്മരാമായണം എഴുതിയത് ആ കാലത്തെ ഒരു വിപ്ലവം തന്നെയായിരിക്കണം. ആ തിരുമധുരത്തെ കടഞ്ഞെടുക്കുവാൻ അദ്ദേഹം അനുഭവിച്ച യാതനകൾ സാക്ഷാൽ ഹനുമാൻ തീക്കടൽ താണ്ടിയത് പോലെ തന്നെയായിരിക്കണം . (ജാതി കോമരങ്ങളെ ഭയന്ന് രാമായണം മണ്ണിനടിയിൽ മറവ് ചെയ്ത് സൂക്ഷിച്ചിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്.)

ഇനിയുള്ള വരികളിൽ ഇടശ്ശേരി ഹനുമാനെയും എഴുത്തച്ഛനെയും സമാസമം കണ്ടുകൊണ്ട് എഴുതിയതാണെന്നും അനുവാചകർക്ക് തോന്നിപ്പോകും. ശ്രീ രാമായണത്തിലെ പ്രധാന കഥാപാത്രമായി ശ്രീരാമനെ വാഴ്ത്തുമ്പോൾ തന്നെ ഹനുമാന്റെ സ്ഥാനം അലംഗനീയമായി നിലനിൽക്കുന്നു. രാമൻ്റെ യാത്രയാണെങ്കിൽ പോലും രാമായണത്തിലെ സുന്ദരകാണ്ഡത്തിൽ നിറഞ്ഞുനിൽക്കുന്നത് കപീശ്വരന്റെ ബലവേഗ വിക്രമങ്ങൾ തന്നെയാണ്. അതുമാത്രമല്ല സുന്ദരകാണ്ഡം മലയാളത്തിൻ്റെ മനോഹാരിതയുടെ ഉത്തുംഗശൃംഗത്തിൽ ഏറിയാണ് എഴുത്തച്ഛൻ എഴുതിരിക്കുന്നത്. സുന്ദര ലീലകൾ നിറഞ്ഞ സുന്ദരകാണ്ഡം തന്നെയാണ് എല്ലാം കാണ്ഡങ്ങളിൽ വച്ചും ഏറ്റവും മനോഹരവും.!

‘അങ്ങയെപ്പറ്റിപ്പാടിസ്സുന്ദരമാക്കീ സാക്ഷാൽ
സുന്ദരകാണ്ഡം രാമായണത്തിലെന്നാചാര്യൻ’……

സീതയെന്ന ഹവിസ്സ്

‘കണ്ണീരും പൊഴി-ച്ചാനനം കുനിച്ചിരിക്കുന്നൊരസ്സംശുദ്ധിയെ തീണ്ടുവാനണയുന്ന”
എന്ന് തുടങ്ങുന്ന വരികളിൽ ഹനുമൽ സീതാദർശനത്തിന്റെ തീവ്രതയോടൊപ്പം തന്നെ പരിപാവനമായ രാമായണത്തെ സാധാരണ ജനങ്ങൾക്കും എത്തിപ്പിടിക്കുവാൻ തക്കതായി മാറ്റിയ ഒരു പിതാവിൻ്റെ വേദനിക്കുന്ന ഹൃദയത്തിന്റെ മിടുപ്പും ഉൾക്കൊള്ളുന്നുണ്ട്. അവൾ യോജിച്ച കൈകളിലെ എത്തിച്ചേരാവു എന്ന പ്രാർത്ഥനയും ഒളിഞ്ഞിരിപ്പുണ്ട്.

“നീ ജഗൽപ്രാണന്റേയും പ്രാണങ്ങളെന്നോ, ലോക-തേജസ്സിൽനിന്നോ നേടിക്കൊണ്ടതക്ഷരശാസ്ത്രം? “
എന്ന് ആരംഭിക്കുന്ന വരികളിൽ ശ്രദ്ധിക്കാം. സ്വന്തം കഴിവുകൾ ഈ പ്രകൃതിയിൽ നിന്നും തന്നെ നേടിയെടുത്ത ഹനുമാനെ പോലെതന്നെയായിരുന്നു എഴുത്തച്ഛന് കവിത്വവും. കവിതയുടെ ലോകത്ത് അദ്ദേഹം സ്വയം വഴിവിളക്ക് തെളിയിക്കുകയായിരുന്നു. ആ വിളക്കിൻ്റെ ദീപപ്രഭയിൽ ആ വഴികളിലൂടെ നടന്നവരാണ് അദ്ദേഹത്തിൻ്റെ പിൻതലമുറക്കാരായ കവികൾ.

“രാമരാവണയുദ്ധമംബരതലേ നിന്നു
നേരിട്ടു തൃക്കൺപാർത്ത ഗന്ധർവ്വനെന്നാചാര്യൻ”
സാക്ഷന്റെ ഗന്ധർവ്വാവതാരം തന്നെയാണ് എഴുത്തച്ഛൻ എന്ന് കൊട്ടാരത്തിൽ ശങ്കുണ്ണിയും അവകാശപ്പെടുന്നുണ്ട്. ഭാരതീ പദാവലി സാഗരം പോലെ അദ്ദേഹത്തിൻ്റെ കിളിപ്പാട്ടുകളിൽ ഒഴുകിയെത്തുന്നതുകൊണ്ട് തന്നെയാവാം ഈയൊരു താരതമ്യം.

ഇടശ്ശേരി കവിതയിലെ പുരോഗമന വീക്ഷണം

കേരള സംസ്കാരത്തോടും നമ്മുടെ നാടോടി കഥകളോടും ഏറെ ചേർന്നു നിൽക്കുന്നവയാണ് ഇടശ്ശേരി കവിതകൾ. വള്ളത്തോളിൻ്റെ കളരിയിലാണ് വളർന്നുവന്നതെങ്കിലും സ്വന്തമായ ഒരു ആത്മബലം തൻ്റെ രചനകളിൽ ആർജിച്ചുവയ്ക്കാൻ ആദ്യം മുതൽക്കേ ഇടശ്ശേരി ശ്രദ്ധിച്ചിരുന്നു. നാടൻ പാട്ടുകളുടെ ചുണയും ചൊടിയും സാധാരണത്വവും വൃത്തനിബന്ധനകളോടൊപ്പം അദ്ദേഹം പരിപാലിച്ചുപോന്നു. പുരാണകഥകളും നാടോടിമിത്തുകളും കവിതയ്ക്ക് ഇതിവൃത്തമാക്കാനുള്ള അസാമാന്യവൈഭവവും ഇടശ്ശേരിക്കുണ്ടായിരുന്നു. ശാസ്ത്രബോധത്തേയും വൈജ്ഞാനിക സത്തയേയും അംഗീകരിക്കുമ്പോൾതന്നെ കവിതയിലുള്ള വൈകാരികാംശത്തിൻ്റെ പ്രാധാന്യത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു. എന്നാൽ കേവലപുനരാഖ്യാനമോ ഭക്തിക്കുവേണ്ടിയുള്ള വിസ്തൃതവ്യാഖ്യാനരൂപമോ ആയല്ല പൗരാണിക കഥാംശത്തിൽ ഇടശ്ശേരി കൈവയ്ക്കുന്നത്. പുരോഗമനപരവും കാലികവുമായ ഒരു വീക്ഷണമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കവിതയിൽ സ്വീകൃത വിഷയത്തിന് ഇടശ്ശേരി വരുത്തുന്നൊരു പാകപ്പെടുത്തലുണ്ട്. കവിതയെ സംബന്ധിച്ചിടത്തോളം ഈ പാകപ്പെടുത്തൽ പരമപ്രധാനമാണ്. ‘ഹനുമൽസേവ തുഞ്ചൻപറമ്പിൽ’ ഇത്തരം പാകപ്പെടുത്തലിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒരു രചനയാണ്.

ഫലശ്രുതി

ഹനുമാനെ കേന്ദ്രകഥാപാത്രമാക്കി ഇടശ്ശേരി എഴുതിയ മറെറാരു പ്രസിദ്ധകവിതയുണ്ട്. “ലവണാസുരവധത്തിലെ ഹനുമാൻ’. ഭാരതപ്പുഴയുടെ തീരത്ത് സുഹൃത്തുക്കളുമായിരുന്ന് “ലവണാസുരവധം’ കഥകളി കണ്ട ഓർമയിൽ നിന്നാണ് ആ കവിത പിറന്നത്. ഹനുമാൻ ഉത്തമപുരുഷനിൽ ആഖ്യാതാവാകയാണ് “ലവണാസുരവധത്തിലെ ഹനുമാനി’ൽ. ‘ഹനുമൽസേവ തുഞ്ചൻപറമ്പിൽ’ എന്ന കവിതയിലാകട്ടെ ആഖ്യാതാവായ കവിയുടെ സമ്പൂർണാദരം ഹനുമാൻ പിടിച്ചുപറ്റുന്നു. ഹനുമാൻ്റെ അഷ്ടൈശ്വര്യസിദ്ധിയും ചിരംജീവിത്വവും ക്ഷമയുടേയും വിനയത്തിൻ്റെയും ആദരസമന്വയമായ ഭക്തിയുടേയും കൂടി ഫലമാണ്. ആ ചിരംജീവിത്വത്തിൻ്റെ സിദ്ധി ഉണ്ടാകണമെന്ന പ്രാർഥനയിലൂടെ തന്റെ അഹങ്കാരവും അധർമവാസനയും നശിക്കണമേ എന്ന ആത്‌മ നടത്താൻ കവിക്കു സാധിക്കുന്നു. സദ്‌ഗുണങ്ങൾകൊണ്ട് ഒരു വ്യക്തിത്വം ചിരംജീവിത്വമാർജിക്കുന്നു എന്ന പാഠമാണ് ഹനുമാനിലൂടെ ലോകം മനസ്സിലാക്കേണ്ടത്. അങ്ങനെ പൗരാണികാംശമുൾക്കൊള്ളുന്ന ഈ ചെറുകവിത സാർവകാലികമായൊരു ദാർശനികമാനം നൽകാൻ പ്രാപ്തമാകുന്നു.

കാലടി സ്വദേശിനിയാണ്. ബാങ്ക് ഓഫ് ഇന്ത്യ പെരുമ്പാവൂരിൽ ജോലി ചെയ്യുന്നു. "വിരലടയാളങ്ങൾ" ആദ്യ കവിതാ സമാഹാരമാണ്.