നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -6 : മുദ്ഗല ജന്മങ്ങൾ

മുത്തശ്ശി പറഞ്ഞു തന്ന മഹാഭാരതകഥയിലെ മുദ്ഗല മുനിയെ ഓർത്തു പോയി. ആരെയും ശപിക്കാത്ത … ആരോടും ഭിക്ഷ യാചിക്കാത്ത മുനി. സഹജീവികൾക്കവകാശപ്പെട്ടതൊന്നും കവർന്നെടുക്കാതെയാണ് മുദ്ഗലനും മക്കളും ജീവിച്ചത്. കിളികൾ വയറുനിറഞ്ഞ് പറന്നകന്നതിനുശേഷം പാടത്തു ബാക്കിയാകുന്ന നെന്മണികൾ പെറുക്കിയെടുത്ത് അതു കുത്തി,അവർ കഞ്ഞി കുടിച്ചു. അതും പതിനാലു ദിവസത്തിലൊരിക്കൽ മാത്രം. ഈ വൃദ്ധനും മുദ്ഗലനെപ്പോലെയാണ്. ആർക്കും ഉപയോഗമില്ലാത്തതുമാത്രം കഴിച്ചു ജീവിക്കുന്ന സാധു.  

മലഞ്ചരിവിലെ മൺപാതയിലൂടെ, തോളിലൊരു ഭാണ്ഡവുമായി വടികുത്തി തളർന്നു നടക്കുന്ന അയാൾ അസ്തമനത്തിലേക്കു നീളുന്ന നിഴലാണെന്നു തോന്നിയിട്ടുണ്ട്.
പുഴക്കടവിൽ ആളൊഴിഞ്ഞ നട്ടുച്ച നേരത്ത്.. കാറ്റു തിരശ്ശീല തുന്നുന്ന ജലപ്പരപ്പിലേക്കുറ്റുനോക്കി, വിരിച്ചിട്ട തന്റെ കീറമുണ്ടുണങ്ങാൻ കാത്തു നില്ക്കുമ്പോൾ, കുത്തി നിറുത്തിയ ചുള്ളിക്കമ്പു പോലെ നിശ്ചലനും നിർവികാരനുമായിരുന്നു അയാൾ.

ചാക്കോ മൂപ്പന്റെ കശുമാവിൻ തോട്ടത്തിൽ വീണു കിടക്കുന്ന കശുമാങ്ങകൾ പെറുക്കി, ആർക്കും വേണ്ടാത്ത പഴങ്ങൾ മാത്രം വട്ടയിലയിൽ പൊതിഞ്ഞെടുത്ത് കശുവണ്ടികൾ ഉടമസ്ഥനു വേണ്ടി മരച്ചുവട്ടിൽ കൂട്ടി വയ്ക്കുന്ന വേനൽ പ്രഭാതങ്ങളിൽ..
തണൽ വീണുപരന്ന ആഞ്ഞിലി ച്ചുവട്ടിൽ കുത്തിയിരുന്ന്, ചിതറിക്കിടക്കുന്ന ആഞ്ഞിലിക്കുരു പെറുക്കിയെടുക്കുന്ന മദ്ധ്യാഹ്നങ്ങളിൽ ..
ഇടവഴിയിലെ കാട്ടുപഴങ്ങൾ സാവധാനം പറിച്ചെടുത്ത് ഇലക്കുമ്പിളിൽ ശേഖരിക്കുന്ന സന്ധ്യകളിൽ ..
പിന്നെയും പലയിടങ്ങളിൽ അയാളെ കണ്ടു. വാടിത്തളർന്ന വന്ധ്യമേഘത്തിന്റെ നിസ്സംഗതയോടെ. തന്നെയും സൂര്യനെയും എഴുപതിലേറെ തവണ ചുറ്റി വന്ന ഭൂമിയെ തെല്ലും നോവിക്കാതെ അയാൾ നടന്നു. ആരോടും തെണ്ടാതെ.. ആരോടും മിണ്ടാതെ. ശബ്ദം താഴ്ത്തി സ്വയം സംസാരിച്ചുകൊണ്ട് .

കുന്നിൻ മുകളിലെ ആളൊഴിഞ്ഞ അമ്പലപ്പറമ്പിൽ വച്ചാണ് അയാൾ ആദ്യമായി എന്നോടു സംസാരിച്ചത്. മനസ്സിൽ പടർന്ന നിരാശയുടെ കാട്ടുതീ കെടുത്താൻ ഞാൻ കവിത പാടി നടന്ന കാലത്ത്.. ചുള്ളിക്കാടും അയ്യപ്പപ്പണിക്കരും ഏകാന്തതയിൽ മഴമർമ്മരംപോലെ വാചാലരായി ഒപ്പം കൂടിയ യൗവനാരംഭത്തിൽ..
ആരും തിരിഞ്ഞു നോക്കാനില്ലാതെ, കുന്നിൻ മുകളിൽ ഒറ്റയ്ക്കു നില്ക്കുന്ന പാവം കൃഷ്ണന്റെ, ഇടിഞ്ഞു പൊളിഞ്ഞ ക്ഷേത്രാങ്കണത്തിൽ മൗനംവിരിച്ചു കിടന്നുറങ്ങിയ ദുരിതപർവ്വങ്ങളിലെപ്പൊഴോ.

പടർന്നു പന്തലിച്ച നാട്ടുമാഞ്ചുവട്ടിൽ കാട്ടുകല്ലുകൾ കൊണ്ടുണ്ടാക്കിയ അടുപ്പിൽ തീ കത്തിക്കാൻ കഷ്ടപ്പെടുകയായിരുന്നു അയാൾ. കളിവീടു തട്ടിത്തെറിപ്പിക്കുന്ന വികൃതിച്ചെക്കനേപ്പോലെ, പാടത്തു നിന്നു കയറി വന്ന കാറ്റ് ഇടക്കിടെ ചുള്ളിക്കമ്പുകൾക്കറ്റത്തു പടരുന്ന തീനാളങ്ങളെ വീശിയണച്ചുകൊണ്ടിരുന്നു. ഒരു നിമിഷം അടുപ്പിലേക്കും പാടത്തേക്കും മാറി മാറി നോക്കിയ ശേഷം എന്തോ പിറുപിറുത്തു കൊണ്ട് അയാൾ മറുവശത്തേക്കു മാറിയിരുന്ന് കാറ്റിന്റെ വഴിമുടക്കി. തോറ്റുപോയ കാറ്റ് ചകിരിനാരു പോലുള്ള അയാളുടെ നരച്ച മുടിയിലും തോളിലെ കീറത്തോർത്തിലും ദേഷ്യത്തോടെ ആഞ്ഞടിച്ച് കടന്നുപോയി.

അയാൾ ഭാണ്ഡത്തിൽ നിന്ന് പഴയൊരു മൺചട്ടിയെടുത്ത് അടുപ്പത്തു വച്ചു. ഒരു പരീക്ഷണശാലയിൽ നില്ക്കുന്ന ശാസ്ത്രജ്ഞന്റെ ഭാവമായിരുന്നു അപ്പോളയാൾക്ക്. ആളും അനക്കവുമില്ലാത്ത അമ്പലപ്പറമ്പിൽ തുമ്പികളും ചിത്രശലഭങ്ങളും പാറി നടന്നു. മഴയകന്ന്, തെളിഞ്ഞ പടിഞ്ഞാറൻ മാനത്ത് കൂട്ടം തെറ്റിയ ആനക്കുട്ടിയെപ്പോലെ ഒരു കാർമേഘം ദിക്കറിയാതെ നീങ്ങുന്നുണ്ട്. ഞാൻ അയാളെത്തന്നെ നോക്കിക്കൊണ്ട് ഇടിഞ്ഞു പൊളിഞ്ഞ ചുറ്റുമതിലിൽ ചാരി നിന്നു.

അയാൾ ഒരിലക്കുമ്പിളിൽ നിന്ന് ചട്ടിയിലേക്ക് എന്തോ കുടഞ്ഞിടുന്നു.
ആഞ്ഞിലിച്ചക്കയുടെ കുരു. ഓ.. അതു വറുത്തു തിന്നാനുള്ള ശ്രമമാണ്. അയാളുടെ ഭക്ഷണം ഇതൊക്കെയാണ്. ആർക്കും ഉപയോഗമില്ലാത്ത പഴങ്ങളും കായകളും ശേഖരിച്ച് അവ മാത്രം തിന്നു ജീവിക്കുന്ന മനുഷ്യൻ. ഒരു ഭിക്ഷക്കാരന്റെ ശരീരഭാഷയോ മുഖമോ അല്ല അയാൾക്ക്. പകൽ മുഴുവൻ അലഞ്ഞു നടക്കും. കിളികളോടും കാറ്റിനോടുമൊക്കെ ശബ്ദമില്ലാതെ സംസാരിക്കും. ആർക്കും പിടികൊടുക്കാത്ത തുമ്പികളും ശലഭങ്ങളും അയാളുടെ മെലിഞ്ഞ കൈവെള്ളയിൽ വന്നിരിക്കും. ചിലപ്പോൾ നരച്ച താടിയിൽ മുട്ടി മുട്ടി നില്ക്കും. അപ്പോൾ അവരോടും അയാൾ സംസാരിക്കും.
മുത്തശ്ശി പറഞ്ഞു തന്ന മഹാഭാരതകഥയിലെ മുദ്ഗല മുനിയെ ഓർത്തു പോയി. ആരെയും ശപിക്കാത്ത … ആരോടും ഭിക്ഷ യാചിക്കാത്ത മുനി. സഹജീവികൾക്കവകാശപ്പെട്ടതൊന്നും കവർന്നെടുക്കാതെയാണ് മുദ്ഗലനും മക്കളും ജീവിച്ചത്. കിളികൾ വയറുനിറഞ്ഞ് പറന്നകന്നതിനുശേഷം പാടത്തു ബാക്കിയാകുന്ന നെന്മണികൾ പെറുക്കിയെടുത്ത് അതു കുത്തി,അവർ കഞ്ഞി കുടിച്ചു. അതും പതിനാലു ദിവസത്തിലൊരിക്കൽ മാത്രം. ഈ വൃദ്ധനും മുദ്ഗലനെപ്പോലെയാണ്. ആർക്കും ഉപയോഗമില്ലാത്തതുമാത്രം കഴിച്ചു ജീവിക്കുന്ന സാധു.

” മൗനം ഇത്തിൾക്കണ്ണിപോലെയാ.. അതു നമ്മളെ പിടികൂടിയാൽ.. പിന്നെ വരിഞ്ഞുമുറുക്കിക്കളയും.. ശ്വാസം മുട്ടിക്കും.” വറുത്ത ആഞ്ഞിലിക്കുരു ഉള്ളംകൈയിലിട്ടു തിരുമ്മി തൊലി കളയുന്നതിനിടെ അയാൾ എന്നെ നോക്കിക്കൊണ്ടു പറഞ്ഞു.

“വാ.. ഇവിടെ വന്നിരിക്ക്.. ഒറ്റപ്പെടൽ ഭ്രാന്തിന്റെ പടിവാതിലാ.അതു തുറക്കരുത്. അതിനകത്തു ചെന്നുപെട്ടാൽ പിന്നെ ഇറങ്ങിപ്പോരാൻ ബുദ്ധിമുട്ടാ…” അയാൾ ഇളവെയിലു പോലെ ചിരിച്ചു. പിന്നെ.. മുന്നിൽ വച്ച ചേമ്പിലയിൽ,തൊലി കളഞ്ഞ ഒരു പിടി ആഞ്ഞിലിക്കുരു വാരിയിട്ട് ആതിഥേയനായി.

” നല്ലതാ.. നിലക്കടല വറുത്തതുപോലെയിരിക്കും.. തിന്നോ ..” അയാൾ വീണ്ടും ഇളവെയിലായി.
ഞാനയാളുടെ ചിരിയിൽ അലിഞ്ഞു തുടങ്ങിയിരുന്നു. നിരാസങ്ങളുടെ വേദനയിൽ നൂറ്റെടുത്ത നൂലിനാൽ ഞങ്ങൾ പരസ്പരം ബന്ധിക്കപ്പെട്ടു തുടങ്ങിയിരുന്നു എന്നെനിക്കു തോന്നി.

കവിത പിടിമുറുക്കിയ മനസ്സിൽ നിന്ന് ശാസ്ത്രവും ഗണിതവും പിണങ്ങിപ്പിരിഞ്ഞപ്പോൾ… ഉത്തരക്കടലാസുകൾക്കുമേൽ, മടി പിടിച്ച കഴുതയെപ്പോലെ മഷിപ്പേന തളർന്നു കിടന്ന് വട്ടപ്പൂജ്യങ്ങളെ പെറ്റെടുത്തപ്പോൾ …
ഒരിക്കലും കറുക്കാത്ത അമ്മയുടെ മുഖത്തു പോലും മഴക്കാറുകൾ നിറഞ്ഞപ്പോൾ.. അച്ഛന്റെ ശാപവചസ്സുകളുടെ ഇടിനാദങ്ങൾ മനസ്സിന്റെ മുറ്റത്ത് വീണു ചിതറിയപ്പോൾ.. മരിക്കാൻ പറ്റിയ മരക്കൊമ്പുകൾ തേടി, ധൈര്യമില്ലാത്ത ഹൃദയം മലകൾ തോറും കയറിയിറങ്ങി. ഒരഭയസ്ഥാനം ആവശ്യമായിരുന്നു. ഒന്നു തളർന്നു കിടക്കാൻ .. ഒന്നു കരഞ്ഞു തീർക്കാൻ.

ആ വൃദ്ധൻ എന്റെ ദുഃഖങ്ങളിൽ അനുഭവസാക്ഷ്യങ്ങളാൽ മരുന്നു പുരട്ടി. ഒരു പക്ഷെ.. അന്നയാൾ ഇളവെയിൽച്ചിരി നീട്ടി വിളിച്ചില്ലെങ്കിൽ .. ഞാനിന്ന് ഈ ഭൂമിയിൽ ഉണ്ടാവുമായിരുന്നില്ല.

പിന്നീട് എത്രയെത്ര സായാഹ്നങ്ങൾ ..
ആളൊഴിഞ്ഞ അമ്പലപ്പറമ്പിലും പാടവരമ്പിലും മലഞ്ചെരിവുകളിലും ഓർമ്മകൾ പുതച്ച് ഞങ്ങൾ കഥകൾ പറഞ്ഞിരുന്നു.

“ഗുണം പിടിക്കാത്ത താന്തോന്നിക്ക് ഊരുതെണ്ടിയുടെ കൂട്ട് .. നല്ല ചേർച്ച.”നാട്ടുകാരുടെ പരിഹാസം ഞാൻ ശ്രദ്ധിച്ചില്ല.എനിക്ക് ആ മനുഷ്യൻ ഒരു വിശ്വവിദ്യാലയമായിരുന്നു. പത്തെഴുപതു വർഷക്കാലത്തെ ജീവിതാനുഭവങ്ങൾ അച്ചടിച്ചുവച്ച പാഠപുസ്തകമായിരുന്നു.

ആരെയും ദ്രോഹിക്കാതെ ഈ പ്രപഞ്ചത്തിൽ ജീവിക്കാനാവുമോ ..?
അറിയാതെയെങ്കിലും മറ്റുള്ളവർക്ക് ദ്രോഹം ചെയ്തിട്ടുള്ളവരല്ലേ നാമെല്ലാം ..?
വിജയം തേടിയുള്ള ഓട്ടത്തിനിടയിൽ പലരുടെയും മോഹങ്ങളും സ്വപനങ്ങളും
നമ്മുടെ കാലടികൾക്കിടയിൽ ഞെരിഞ്ഞമരുന്നുണ്ടാവില്ലേ.?
എന്റെ സംശയങ്ങൾക്കുത്തരമായിരുന്നു ആ മനുഷ്യൻ.

‘ഇതൊരു ശിക്ഷയാണ്. ചെയ്ത പാപങ്ങൾക്കെല്ലാം പരിഹാരമായി സ്വയം നല്കിയ ശിക്ഷ.’ ഇടവഴിയിൽ വീണു കിടന്ന നീളൻ നിഴലിലേക്കു നോക്കി അയാൾ പിറുപിറുത്തു.
‘എന്റെ ജീവിതവും കുടുംബവുമൊഴികെ ഞാനൊന്നും കണ്ടില്ല. ഭാര്യക്കും മക്കൾക്കും വേണ്ടി മാത്രമാണു ഞാൻ ജീവിച്ചത്. നന്മയുടെ വെളിച്ചം വീഴാത്ത മനസ്സ് ആർത്തി പിടിച്ചു പായുകയായിരുന്നു.ഒടുവിൽ കാലം എന്റെ കണ്ണു തുറപ്പിച്ചു. നിരത്തിക്കിടത്തിയ പതിനാറു ശവശരീരങ്ങൾക്കു മുന്നിൽ നിന്ന് ഞാനാദ്യമായി കരഞ്ഞു. തോറ്റു പോയി എന്നു തിരിച്ചറിഞ്ഞവന്റെ ഹൃദയം പൊട്ടിയുണർന്ന കരച്ചിൽ. ഞാൻ കരാറെടുത്ത പാലം തകർന്നു മരിച്ച പതിനാറു മനുഷ്യർ.. അവരുടെ കുടുംബങ്ങൾ. ആയിരക്കണക്കിനാളുകളുടെ ശാപവും കണ്ണീരും എന്നെ ഇന്നും പിന്തുടരുന്നുണ്ടാവും.’ അസ്തമിക്കാനൊരുങ്ങുന്ന സൂര്യനെ നോക്കി അയാൾ മിഴികൾ തുടച്ചു.

‘ജയിലിൽ കഴിഞ്ഞ ഏഴു വർഷം കുറ്റബോധത്തിന്റെ പഞ്ചാഗ്നി മദ്ധ്യത്തിൽ തപസ്സു ചെയ്യുകയായിരുന്നു.പുറത്തിറങ്ങിയ ശേഷം വീട്ടിലേക്കു മടങ്ങാൻ തോന്നിയില്ല. കഴിഞ്ഞ പത്തിരുപത്തഞ്ചു വർഷമായി ഞാനിങ്ങനെയലയുന്നു.. ആരെയും ദ്രോഹിക്കാതെ.. മറ്റുള്ളവർക്ക് അവകാശപ്പെട്ടതൊന്നും കവർന്നെടുക്കാതെ.. ഈ ജീവിതം ഇങ്ങനെ തുടരുന്നു.’എനിക്കു ഞാൻ നല്കുന്ന ശിക്ഷ.’

ഞങ്ങൾക്കു ചുറ്റും അപ്പോൾ ഇരുട്ടു പരന്നു തുടങ്ങിയിരുന്നു. ആ ഇരുട്ടിലും അയാളുടെ ചിരി ഞാൻ കണ്ടു. മുൾക്കിരീടത്തിന്റെ വേദനയ്ക്കിടയിലൂടെ തിളങ്ങുന്ന ആത്മസായൂജ്യത്തിന്റെ ചിരി.അതേറ്റുവാങ്ങിയതു പോലെ,കിഴക്കേ മാനത്ത് ഒരു സ്വർണ്ണനക്ഷത്രം മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. ഇടവഴിയിലെ ഇലഞ്ഞിച്ചില്ലകളിലെ വെളുത്ത പൂവുകൾ പൊഴിക്കുന്ന സുഗന്ധം അപ്പോൾ ഞങ്ങളെ പൊതിയുന്നുണ്ടായിരുന്നു.

മഹാഭാരതം, കഥാ സാഗരം, ചിലപ്പതികാരം എന്നിവയുടെ പുനരാഖ്യാനം, ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം അടക്കം അഞ്ച് ചരിത ഗ്രന്ഥങ്ങൾ, മൂന്നു നോവലുകൾ, കാലാതിവർത്തികൾ: പ്രാചീന ആധുനിക കവിത്രയങ്ങൾ മുതലായ സാഹിത്യപഠനങ്ങൾ അടക്കം നാൽപ്പത്തിയഞ്ചു പുസ്തകങ്ങളുടെ രചയിതാവ്. എറണാകുളം, കളമ്പൂർ സ്വദേശി.