മദിരാശിയിലെ എഗ്മൂർ റെയിൽവേ സ്റ്റേഷൻ. ഏതാണ്ട് 30 വർഷം മുമ്പാണ്. മ്യൂസിയത്തിനടുത്തുള്ള കണ്ണിമാറാ ലൈബ്രറിയിൽ നിന്നിറങ്ങി താമസസ്ഥലമായ ട്രിപളിക്കേനിലേയ്ക്കുള്ള ബസ്സ് കാത്തു നില്ക്കുകയായിരുന്നു ഞാൻ. തിരക്കേറിയ ഒരു സന്ധ്യ. രാത്രി വന്നതറിയിക്കാതെ വെളിച്ചം വിരിക്കുന്ന കൂറ്റൻ ലൈറ്റുകൾ.
നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന ഒട്ടനവധി ലോക്കൽ ട്രെയിനുകൾ വന്നെത്തുന്ന എഗ്മൂർ സ്റ്റേഷനും പരിസരവും എപ്പോഴും തിരക്കായിരിക്കും. പോരാത്തതിന് തൊട്ടു മുന്നിൽ തന്നെ റോഡും. അടുത്തടുത്ത ബസ്സ് സ്റ്റോപ്പുകളും. അലറി വിളിക്കുന്ന പ്ലാറ്റ്ഫോം കച്ചവടക്കാർ. നിരനിരയായി ചായക്കടകളും ഹോട്ടലുകളും ട്രാവൽ ഏജൻസികളും. ഊഴം കാത്തുകിടക്കുന്ന ഓട്ടോറിക്ഷകളും സൈക്കിൾ റിക്ഷകളും. എഗ്മൂർ സദാ ശബ്ദമുഖരിതമാണ്.
കരുണാനിധിയുടെ ചിത്രം പതിച്ച ഒരു ചുമരിൽ ചാരി, കൈയിലുള്ള പുസ്തകങ്ങൾ മറിച്ചു നോക്കിക്കൊണ്ട് ഞാൻ ബസ്സുകാത്തു നിന്നു.
അതാ.. 29. A വരുന്നുണ്ട്.ഞാൻ മുന്നോട്ടു നീങ്ങി നിന്നു. ഓഫീസ് വിട്ടു വരുന്നവരുടെ തിരക്ക്. വാതിലിൽ തൂങ്ങിക്കിടക്കുകയാണ് ആളുകൾ.
ഇതു വേണ്ട .. അടുത്ത ബസ്സിൽ പോകാം. ഞാൻ വീണ്ടും കരുണാനിധിയുടെ തോളിലേക്കു ചാഞ്ഞു.
പെട്ടന്നാണ് ഞാനവളെ ശ്രദ്ധിച്ചത്. ഏഴോ എട്ടോ വയസ്സുള്ള ഒരു തമിഴത്തി പെൺകുട്ടി. എന്റെ കയ്യിലെ പുസ്തകത്തിലേക്ക് ഉറ്റുനോക്കി നില്ക്കുകയാണവൾ. എനിക്കെന്തോ കൗതുകം തോന്നി. അവൾക്കു കാണാൻ പാകത്തിൽ ഞാൻ ”ഒരുദേശത്തിന്റെ കഥ ” അല്പം തിരിച്ചുപിടിച്ചു.
നല്ല ഓമനത്തമുള്ള കുട്ടി. അവളുടെ അച്ഛനെന്നു തോന്നിക്കുന്ന ഒരാളുടെ വിരലിൽ മുറുകെ പിടിച്ചിട്ടുണ്ട്. അധികം പുറത്തിറങ്ങി ശീലമില്ല എന്ന് അവളുടെ കണ്ണുകളിലെ വിസ്മയം വിളിച്ചു പറയുന്നുണ്ട്. അയാൾക്ക് മുപ്പത്തഞ്ചു വയസ്സോളം പ്രായമുണ്ടാവും. വെളുത്തു മെലിഞ്ഞ ഒരു മനുഷ്യൻ. നന്നായി വസ്ത്രധാരണം ചെയ്ത്, നെറ്റിയിൽ ഭസ്മക്കുറിയിട്ട അയാളുടെ കണ്ണുകൾ ഞാൻ ശ്രദ്ധിച്ചു. തിളയ്ക്കുന്ന കണ്ണുകൾ. എന്തോ കടുത്ത ആലോചനയിലാണയാൾ.
ബസ്സു വന്നു. അതിലും തിരക്കു തന്നെ. ഇനി വൈകിയാൽ മെസ്സിലെ അത്താഴം മുടങ്ങും. ഞാൻ ബസ്സിൽ കയറി, തിരക്കിനിടയിലൂടെ ഒരു വിധത്തിൽ അകത്തെത്തി. ഒരു കാലു കുത്താനുള്ള സ്ഥലമേയുള്ളു. കയ്യിലെ പുസ്തകങ്ങൾ മാറോടു ചേർത്ത് ഒരു കമ്പിയിൽ ചുറ്റിപ്പിടിച്ച് ഞാൻ നിന്നു.
രാത്രിയിൽ മദിരാശി നഗരം പകലിനെക്കാൾ മനോഹരമായ കാഴ്ചയാണ്. താലമേന്തി നിരനിരയായി നില്ക്കുന്ന സുന്ദരിമാരെപ്പോലെ വഴിയോര വിളക്കുകൾ. വീശിയടിക്കുന്ന തണുത്ത കടൽക്കാറ്റ്. ഞാൻ രാത്രി നഗരത്തിന്റെ വർണവിസ്മയങ്ങൾ തേടി ക്ഷീണമകറ്റി.
‘ഏയ്.. കാലെട്.’
പെട്ടന്ന്… തൊട്ടടുത്തുനിന്ന് ഒരു ശബ്ദംകേട്ട് ഞാൻ തിരിഞ്ഞു നോക്കി.
നേരത്തെ കണ്ട ആ പെൺകുട്ടിയുടെ അച്ഛനാണ്. കണ്ണടച്ചില്ലുകൾക്കുള്ളിൽ അയാളുടെ അഗ്നിനേത്രങ്ങൾ ജ്വലിക്കുന്നു.
ആരോ അയാളുടെ കാലിൽ ചവിട്ടിയതാണു കാര്യം.
‘സോറി അണ്ണാ.. ‘ ചവിട്ടിയ ആൾ ക്ഷമാപണത്തോടെ കാൽ വലിച്ചു.അയാൾ കറുത്തു തടിച്ച ഒരു യുവാവാണ്. ഉയരക്കൂടുതലുള്ളതിനാൽ ഇത്തിരി വളഞ്ഞ് തല താഴത്തിയാണ് നില്പ്. പാവമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന പ്രകൃതം.
തിരക്ക് കൂടി വരികയാണ്. ബസ് പുതുപ്പേട്ടയിൽ നിന്ന് കൂവം കടന്ന് കാസിനോ തീയറ്ററിനു മുന്നിലൂടെ മൗണ്ട് റോഡിലേക്കു കടക്കുന്നു. തിരക്കിനിടയിൽ ഞെങ്ങി ഞെരുങ്ങി നില്ക്കുന്ന ആ പെൺകുട്ടിയെ ഞാൻ ഒരു സീറ്റിനിടയിലേയ്ക്കു കയറ്റി നിറുത്തി. കണ്ണടക്കാരൻ എന്നെ നോക്കി നന്ദിപൂർവം ഒന്നു ചിരിച്ചു. ഞാൻ വീണ്ടും നഗരത്തിളക്കത്തിലേയ്ക്കിറങ്ങി.
‘ഏയ്.. ചൊന്നാപുരിയാതാ ..? കാലില മെതിച്ചുട്ടേയിരിക്കേ ..! ‘ വീണ്ടും കണ്ണടക്കാരന്റെ ശബ്ദം മുഴങ്ങി.ഞാൻ തിരിഞ്ഞു നോക്കി.
കറുത്ത യുവാവ് ദയനീയ ഭാവത്തോടെ നില്ക്കുന്നു.
‘സോറി അണ്ണാ.. തെരിയാമ ശെയ്തിട്ടേ ..?’ അയാൾ വീണ്ടും ക്ഷമ ചോദിക്കുന്നു.
‘എന്ന.. തെരിയാമെ ..? മര്യാദ വേണ്ടാമാ ..പൊറുക്കി ..!’ കണ്ണടക്കാരന്റെ മിഴികളിൽ തീ പടരുന്നു.
‘അണ്ണാ…മര്യാദയാ പേശുങ്ക’ യുവാവിനും ദേഷ്യം വന്നു.
‘ഇല്ലേന്നാ എന്നടാ ശെയ് വേ.. നായേ..!’ കണ്ണടക്കാരന്റെ വാക്കുകളിൽ മദിരാശിയിലെ മദ്ധ്യാഹ്ന്ന സൂര്യന്റെ കനലുകൾ.
‘വേണ്ടാ.. വേണ്ടാ …. എനക്കു കോപം വന്താ… ‘യുവാവ് പറയാൻ വന്നത് പാതിയിൽ നിറുത്തി ദേഷ്യമടക്കി.
‘കോപം വന്താ.. നീ എന്നടാ ശെയ് വേ.? അടിച്ചിടുവിയോ..? അവളവു ധൈര്യമിരുക്കാ.. ‘ ആക്രോശിച്ചുകൊണ്ട്, ആളുകളെ തള്ളി മാറ്റുന്ന അച്ഛന്റെ കൈകളിൽ പിടിച്ചു തടയുന്ന ആ പെൺകുട്ടിയെ ശ്രദ്ധിക്കാതെ അയാൾ മുന്നോട്ടു കുതിച്ചു.
യുവാവ് മൗനം പാലിച്ച് പുറത്തേക്കു നോക്കി നില്ക്കുകയാണ്.
‘ഏണ്ടാ.. ഭയന്തിട്ടിയാ.. ? ധൈര്യമിരു ന്താ എൻ മേലെ കൈവച്ചു പാരടാ .. ‘ അയാൾ ആ യുവാവിന്റെ താടയിൽ ശക്തമായി ഒന്നു തട്ടി.
അതോടെ അവന്റെ ക്ഷമകെട്ടു.മുഖത്തു തട്ടിയ കൈപിടിച്ചു മാറ്റി അവൻ മുന്നോട്ടു കുതിച്ചതും കണ്ണടക്കാരന്റെ കവിളത്ത് ആഞ്ഞൊരടി കൊടുത്തതും ഒരുമിച്ചായിരുന്നു.
‘അപ്പാ…!’
ആ പെൺകുട്ടിയുടെ കരച്ചിൽ ബസ്സിന്റെ ഇരമ്പങ്ങൾക്കപ്പുറം മുഴങ്ങി.
‘ വേണ്ടാപ്പാ ..വേണ്ടാ .. ‘ അവൾ അലറിക്കരഞ്ഞു. ആശ്വസിപ്പിക്കാൻ വാക്കുകൾ തേടി ഞാനവളെ ചേർത്തു പിടിച്ചു.
നഗരങ്ങളിലെ അടിപിടിക്കേസുകളിൽ ആരും ഇടപെടാറില്ല. എല്ലാവരും തിരക്കുള്ളവർ.പരസ്പരം അറിയാത്തവർ. കണ്ടതു മിണ്ടിയാൽ കോടതിയിൽ നിന്നിറങ്ങാൻ സമയം കിട്ടില്ല. സാക്ഷി പ്രതിയാകുന്ന സംഭവങ്ങളും കുറവല്ല. ജനം വെറും കാഴ്ചക്കാരായി നിന്നു.
ഇതിനിടെ അവർ തമ്മിൽ ഉന്തും തള്ളും തുടങ്ങിക്കഴിഞ്ഞിരുന്നു. യുവാവിന്റെ കരുത്തിനു മുന്നിൽ കണ്ണടക്കാരൻ തളർന്നുപോകുന്നു.
ഒടുവിൽ കണ്ടക്ടർ ഇടപെട്ട് ഇരുവരെയും ശാന്തരാക്കി, ഓരോ സീറ്റ് ഒഴിവാക്കി അതിലിരുത്തി. ബസ്സ് കലൈവാനർ അരങ്കവും കടന്ന് ചേപ്പോക്ക് സ്റ്റേഡിയത്തിനടുത്തെത്തി. തിരക്ക് ഏതാണ്ടു കുറഞ്ഞു കഴിഞ്ഞിരിക്കുന്നു. കണ്ണടക്കാരൻ ആരോടെന്നില്ലാതെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. യുവാവ് ശാന്തനായി പുറത്തേക്കു നോക്കിയിരിക്കുന്നു.
പെട്ടന്ന് കണ്ണടക്കാരൻ വീണ്ടും തിരിഞ്ഞു.
‘പൊറുക്കി..റാസ്കൽ… നീ എൻ മേലെയേ കൈ വച്ചിട്ടിയാ..? പെയ്തു തീരാത്ത വർഷമേഘത്തിന്റെ ഗർജ്ജനം പോലെ, യുവാവിനെ നോക്കി അയാൾ അലറി. അവൻ ഒന്നും മിണ്ടിയില്ല. അയാൾ അവനെ നോക്കി കലി തീരാതെ പിന്നെയും പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്.
സഹികെട്ട യുവാവ് എഴുന്നേറ്റ് ഡോറിനടുത്തേക്കു നടന്നു. ശത്രു രക്ഷപ്പെടുന്നു എന്ന തിരിച്ചറിവിൽ കണ്ണടക്കാരൻ ചാടിയെഴുന്നേറ്റു. തോറ്റുപോയവന്റെ വിഫലമായ വാശിയോടെ അയാൾ പടിയിൽ നില്ക്കുന്ന അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു. ബസ്സിനുള്ളിലേക്കു വീണ അവന്റെ മുഖത്തും നെഞ്ചിലും അയാൾ ആഞ്ഞു തൊഴിക്കാൻ തുടങ്ങി.
അപ്രതീക്ഷിതമായ ആക്രമണത്തിനു മുന്നിൽ ഒന്നു പതറിയ യുവാവ് സമനില വീണ്ടെടുത്ത് ചാടിയെഴുന്നേറ്റു തിരിച്ചടിച്ചു. കെട്ടടങ്ങിയെന്നു കരുതിയ വഴക്ക് വീണ്ടും ഉച്ചസ്ഥായിയിലായി.
ബസ്സ്,ചേപ്പോക്ക് സ്റ്റേഡിയത്തിനു മുന്നിൽ നിന്നു. ഇരുവരും പുറത്തേക്കു ചാടി.
പിന്നെ.. ഒരലർച്ചയാണ് കേട്ടത് .
ഒപ്പം പിടഞ്ഞു വീഴുന്ന കണ്ണടക്കാരനെയും കണ്ടു.. കൈയിൽ ചോര പുരണ്ട കത്തിയുമായി ഇരുട്ടിലലിഞ്ഞു നില്ക്കുന്ന ആ യുവാവിനെയും.
ഒരു നിമിഷം എല്ലാവരെയും ഒന്നു നോക്കിയ ശേഷം അവൻ സ്റ്റേഡിയത്തിന്റെ നിഴൽ പരത്തുന്ന ഇരുട്ടിലേയ്ക്ക് ഓടിമറഞ്ഞു.
ഇതെല്ലാം കണ്ട് ഭയന്നു വിറച്ചു നില്ക്കുന്ന പെൺകുട്ടി എന്റെ ശരീരത്തിൽ അള്ളിപ്പിടിച്ചു.. അവളെ ചേർത്തു പിടിച്ചിരുന്ന എന്റെ കൈ താനേ അയഞ്ഞു.
പിറ്റേന്ന്,
പത്രം വായിച്ചപ്പോഴാണറിഞ്ഞത്.. .. പറ്റിയ അബദ്ധത്തിന് പല തവണ മാപ്പു ചോദിച്ച് ക്ഷമയുടെ പര്യായമായി നിന്ന ആ കറുത്ത യുവാവ് കാശിമേട്ടിലെ ഏതോ ചേരിയിലുള്ള ഒരു വാടകഗുണ്ടയായിരുന്നുവെന്ന്. വെട്ടിയും കൊന്നും അറപ്പു തീർന്നവൻ.
പോലീസുകാരുടെ കൈ പിടിച്ചു നടന്നു നീങ്ങുന്ന ആ പെൺകുട്ടിയുടെ ചിത്രം മൂന്നു പതിറ്റാണ്ടുകൾക്കു ശേഷവും എന്റെ ഓർമ്മയിലുണ്ട്. ഇന്നവൾക്ക് പത്തു നാല്പതു വയസ്സുണ്ടാവും. അനാഥത്വത്തിന്റെ അഴുക്കുപുരണ്ട ഇരുട്ടിൽ ആ മഹാനഗരത്തിരക്കിലെവിടെയോ അവളുണ്ടാവും.
അച്ഛന്റെ മുൻകോപത്തിന്റെ, ജീവിക്കുന്ന ഇരയായി.