നോക്കാൻ പണമില്ലാത്തതിനാൽ അമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മകനെക്കുറിച്ചൊരു വാർത്ത കണ്ടത് കഴിഞ്ഞ ദിവസമാണ്. ഇത്തരത്തിൽ രക്തബന്ധത്തിൽപ്പെട്ടവരുടെ ജീവനെടുക്കാൻ മടിക്കാത്തവരുടെ വാർത്തകൾ പലതും മാധ്യമങ്ങളിൽ വന്നുമറയുന്നുമുണ്ട്. എന്തുകൊണ്ടാവും സ്വന്തം അമ്മയെ, അച്ഛനെ, മകളെ, മകനെ, ഭാര്യയെ, ഭർത്താവിനെയൊക്കെ ആക്രമിക്കാൻ മനുഷ്യർക്കു സാധിക്കുന്നത്? കാരണങ്ങൾ പലതാണ്. അവയ്ക്കു പല തലങ്ങളുമുണ്ട്.
കാമുകിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുന്ന കാമുകൻ്റെ ന്യായം, അവൾ തന്നെ വിട്ടുപോകാൻ ശ്രമിച്ചു എന്നതാണ്. ചിലർ അതിലേക്ക് സാമ്പത്തികമായ ദുരുപയോഗങ്ങൾ ആരോപിക്കുമ്പോൾ ഭൂരിപക്ഷം കേസുകളിലും അവൾ തൻ്റേതു മാത്രമാണ് മറ്റൊരാൾക്കും വിട്ടു നൽകില്ല, എന്ന വാദമാകും മുന്നിട്ടു നിൽക്കുക. സമൂഹത്തിൽ ഒരു വിഭാഗം അവളുടെ പരിശുദ്ധി എന്ന വാക്കുകൂടി അവനെ ന്യായീകരിക്കാൻ എടുത്തുപയോഗിക്കും. ഇനി, വൃദ്ധരായ മാതാപിതാക്കളെ ക്രൂരമായി ഉപദ്രവിക്കുന്ന മക്കൾ പറയുന്നതോ? അവർക്കു പറയാനുള്ളത് സാമ്പത്തിക പരാധീനതകളും, വൃദ്ധർ ഒരു ബാധ്യതയാണ് എന്ന നിലപാടുമാണ്. സ്വന്തം കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന മാതാപിതാക്കളുടെ കാര്യം ചിന്തിച്ചാൽ, അവിടെ സമൂഹത്തെ, കുടുംബാംഗങ്ങളെ ഭയന്ന് അത്തരത്തിൽ പ്രവർത്തിച്ചുവെന്നോ, പങ്കാളിയോടുള്ള കലി തീർക്കാൻ അത്തരത്തിൽ പെരുമാറിയെന്നോ മറുപടി കിട്ടാം.
എന്നാൽ അടിസ്ഥാനപരമായി മനുഷ്യർക്കിത് എന്താണ് സംഭവിക്കുന്നത് എന്നറിയുമോ? എല്ലാവരും നെട്ടോട്ടത്തിലാണ്. ഒരു ഭാഗത്ത് പണമല്ല പ്രധാനം സ്നേഹബന്ധമാണ് എന്ന തരത്തിലുള്ള വർത്തമാനങ്ങൾ പറയുകയും പണം എല്ലാ വിഷയങ്ങളിലും മുഖ്യസ്ഥാനം നേടുകയും ചെയ്യുന്ന അവസ്ഥ നമ്മൾ അഭിമുഖീകരിക്കുന്നുണ്ട്. ഇതിൻ്റെ ഒരു യാഥാർത്ഥ ചിത്രമാണ് ആദ്യം പറഞ്ഞ, ചികിത്സിക്കാൻ കഴിയാത്തതിനാൽ അമ്മയെ കൊല്ലാൻ ശ്രമിച്ച മകനെക്കുറിച്ചുള്ള വാർത്ത. നമ്മുടെ നാട് ആരോഗ്യരംഗത്ത് ഏറ്റവും പുരോഗമിച്ച ഒരു സംസ്ഥാനമാണ്. ബി പി എൽ കാർഡുകാരാണെങ്കിൽ വളരെയധികം സാഹായങ്ങൾ പല ദിക്കിൽ നിന്നും കിട്ടുമെന്നും പറയുന്നു. എന്നിട്ടും എന്തുകൊണ്ടാണയാൾക്ക് സ്വന്തം അമ്മയുടെ കഴുത്തു ഞെരിക്കാൻ തോന്നിയത്?
ഇവിടെ, ഏട്ടിലെ പശു പുല്ല് തിന്നില്ല എന്നേ പറയാനുള്ളൂ. കാൻസർ ചികിത്സാരംഗം ഇന്നും നല്ല ചിലവുള്ള ഒന്നാണ്. ശസ്ത്രക്രിയയോ മറ്റ് അനുബന്ധ ചിലവുകളോ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭിച്ചാലും ബാധ്യതകൾ അതു കൊണ്ടൊന്നും തീരില്ല. കരൾ, കിഡ്നി, ഹൃദയ സംബന്ധിയായ രോഗങ്ങൾ എന്നിവയിലൊക്കെ ഈ അവസ്ഥയുണ്ട്. തുടർചികിത്സ, മരുന്നുകൾ, എമർജൻസി മെഡിസിൻ എന്നീ രംഗങ്ങളിൽ പണം ഒരു വലിയ ഘടകമാണ്. കിടപ്പുരോഗി ഒരാൾ വീട്ടിലുണ്ടെങ്കിൽ ദിവസവും വാങ്ങേണ്ട പാമ്പേഴ്സിനു പോലും ചെറിയ തുക പോര എന്നതും നമുക്കറിയാം. ഒരു ദിവസക്കൂലിക്കാരൻ്റെ അവസ്ഥ, വളരെ ദയനീയമാണ്, എന്നും ജോലി ഉണ്ടാകില്ല. ജോലി ഉണ്ടെങ്കിലും ആ കൂലി കൊണ്ട് എല്ലാ ചെലവും നടത്തിയെടുക്കാനാകണം. ഇതെല്ലാം അയാളെ ഒരു കടക്കാരനാക്കി മാറ്റും. സഹകരണ സംഘങ്ങളിൽ നിന്നും വട്ടിപ്പലിശയ്ക്കും മറ്റും എടുക്കുന്ന തുക ചെലവാകുന്ന വഴി അറിയില്ല. പിന്നീടയാൾ ജോലി ചെയ്യുന്നത് ആ കടം വീട്ടാൻ കൂടിയാകും. ഇതിനിടയിലാകും ചില അപ്രതീക്ഷിത ചെലവുകളുടെ കടന്നുവരവ്. കൂനിൻമേൽക്കുരു പോലെ മനുഷ്യർ ഞെരുങ്ങും. ഈ ഘട്ടത്തിൽ രോഗശയ്യയിൽ കിടക്കുന്നവർ ബാധ്യതയായിത്തുടങ്ങും. അതു നിസ്സഹായത കൊണ്ടുകൂടിയാണ്. അത് മനസ്സിൻ്റെ താളം തെറ്റിക്കുമ്പോൾ അവർ കൊലപാതകികളായി മാറുകയാണ്.
നമുക്ക് ചെയ്യാൻ ഏറെയുണ്ട് ഇക്കാര്യത്തിൽ. സാമ്പത്തികമായി തകർന്നു നിൽക്കുന്നവരുടെ വീടുകളിലെ കാൻസർ പോലുള്ള അസുഖങ്ങൾ ബാധിച്ചവരെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ ജില്ല അടിസ്ഥാനത്തിൽ ഇടം വേണം. പഴയ കാലമല്ല, വീടുകളിലെ പരമാവധി അംഗസംഖ്യ മൂന്നും നാലുമൊക്കെയാണ്. അതിൽത്തന്നെ ഒന്ന് ഒരു കുട്ടിയായിരിക്കും. അവിടെയാണ് കിടപ്പുരോഗിയെ നോക്കാൻ ബൈ സ്റ്റാൻഡർമാർ നിർബന്ധമായും വേണമെന്ന സ്ഥിതി വലയ്ക്കുക. ഇത്തരം സാഹചര്യങ്ങൾ ഉള്ളവരോടും സമൂഹം കരുണ കാട്ടേണ്ടതുണ്ട്.
അവർക്കായി കിടപ്പുരോഗികളുടെ ഷെൽട്ടൽ ഹോമുകളിലേക്കും ഹോം നഴ്സിങ് കഴിഞ്ഞവരുടെ സേവനം ലഭ്യമാക്കണം.
ഇതു വായിക്കുമ്പോൾ നെറ്റി ചുളിയാം. അങ്ങനെ എല്ലാവരുടേയും ദാരിദ്ര്യം തീർക്കാൻ നമുക്കാവുമോ എന്നൊക്കെ. എന്നാൽ അടിസ്ഥാന വിഭാഗം മനുഷ്യരുടെ നിത്യജീവിതത്തിൻ്റെ കെടുതികൾ പരിഗണിക്കാതെയുള്ള ഏതൊരു പുരോഗതിയും അതിൻ്റെ യഥാർത്ഥ ലക്ഷ്യം നേടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഒരാൾ സാമ്പത്തിക പരാധീനതകൊണ്ട് സ്വന്തം അമ്മയെ കൊല്ലാൻ നിശ്ചയിക്കുന്ന വിധം കയ്പ്പുള്ളതാണ് നമ്മുടെ സാമൂഹ്യാവസ്ഥയെങ്കിൽ നമുക്ക് അഭിമാനിക്കാൻ ഏറെയൊന്നുമില്ലെന്നും പറയേണ്ടി വരും. എല്ലാം ശരിയാക്കാനായില്ലെങ്കിലും ദുരിതപ്പെടുന്നവരെ ചേർത്തുപിടിക്കാനുള്ള കെൽപ്പെങ്കിലും നാം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.