ചരിത്രം തുടിക്കുന്ന കഥാതീരങ്ങളിൽ …

“അവൾ അതിവേഗം ചാടിയിറങ്ങി അടുക്കളവാതിൽ പുറത്തുനിന്നു പൂട്ടി “…. ഇത് ഏതെങ്കിലും കഥയുടെ ആദ്യത്തെ ഒരു വരിയല്ല. മലയാള മനോരമയിലെ മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ രവിവർമ്മ തമ്പുരാന്റെ കഥാസമാഹാരത്തിന്റെ പേരാണ്. ‘ഭയങ്കരാമുടി’, ‘ചെന്താമരക്കൊക്ക’, മാരകമകൾ ‘ ‘പൂജ്യം ‘, ‘ഒൻപതുപെൺകഥകൾ’ എന്നിങ്ങനെ അദ്ദേഹത്തിന്റേതായി ഇറങ്ങിയ എല്ലാകഥകളും വായനയുടെ ഒരു പുതുലോകം സമ്മാനിച്ചവയാണ്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ കഥകൾ വ്യാപകമായി ചർച്ചചെയ്യപ്പെടുകയുണ്ടായി.

ജീവിതത്തിന്റെ ആത്മസ്പർശങ്ങൾ അടങ്ങുന്ന വാക്കുകളുടെ നിശബ്ദമായ ഒഴുക്കാണ് ഇദ്ദേഹത്തിന്റെ കഥകൾ. കരകവിയലും, ചുഴികളും കടന്ന് അവസാനം കടലിന്റെ അഗാധനീലിമയിൽ എത്തിച്ചേരുന്ന പുഴകൾ പോലെ വ്യത്യസ്തങ്ങളായ ജീവിതാഖ്യാനങ്ങൾ. ഇതിൽ എഴുത്തുകാരന്റെ ചുട്ടുപൊള്ളുന്ന മനസുണ്ട്, വിശ്വാസമുണ്ട്, പ്രതീക്ഷകളുണ്ട്, ദീർഘവീക്ഷണങ്ങളുണ്ട്, അദ്ധ്യാത്മികതയുണ്ട്, തത്വചിന്തയുണ്ട്. പല വേഷങ്ങളും ആടിതീർത്ത് അവസാനം പൂജ്യത്തിലേക്കുള്ള ലയനവുമുണ്ട്. ഇവയിൽ മിക്ക കഥകളും മനസ്സിൽ വരച്ചു ചേർക്കപ്പെട്ട മനോഹര ചിത്രങ്ങൾ പോലെ ഒളിമങ്ങാതെ നിലനിൽക്കുകയും ഇടയ്ക്കിടെ എടുത്ത് താലോലിക്കാൻ തോന്നുന്നവയുമാണ്. പത്രപ്രവർത്തകൻ എന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും തന്റെ എഴുത്തുജീവിതം തുറന്നിട്ട് സത്യസന്ധമായ ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് ശ്രീ രവിവർമ്മ തമ്പുരാൻ ഇവിടെ….

സവിശേഷമായ പേരുകളാണല്ലോ താങ്കളുടെ പല കൃതികൾക്കും. ഇതിനുപിന്നിൽ എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങൾ ഉണ്ടോ?

പേരുകൾ വളരെ പ്രധാനങ്ങളാണ്. “ഒരു പേരിലെന്തിരിക്കുന്നു” എന്ന് ഷേക്സ്പിയർ ഒരിക്കൽ ചോദിച്ചു. ഒരു പേരിൽ ഒട്ടേറെ കാര്യങ്ങൾ ഉൾക്കൊള്ളുന്നു എന്നാണ് എന്റെ അഭിപ്രായം. പേരുകേൾക്കുമ്പോൾ അത് മനുഷ്യ മനസ്സിൽ ഉണ്ടാക്കുന്ന ചില അടയാളങ്ങളുണ്ട്. പേരുകൾ ഒരു കൊളുത്താണ്. ആളുകളെ കഥയിലേക്ക് ആകർഷിക്കാനുള്ള ഒരു താക്കോൽ. എത്ര മികച്ച സൃഷ്ടിയായാലും ശ്രദ്ധിക്കപ്പെടുന്ന പേരില്ലെങ്കിൽ അതിനു സ്വീകാര്യത കിട്ടിയെന്നുവരില്ല. വായനക്കാരനെ ആകർഷിക്കുക എന്നത് എഴുത്തുകാരന്റെ ആവശ്യമാണ്, ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ വ്യത്യസ്തങ്ങളായ പേരുകൾ കണ്ടെത്തുകയും ഇടുകയും ചെയ്യാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. പേരു കൊണ്ട് തന്നെ ശ്രദ്ധനേടണം ഒരു കൃതി. “ശയ്യാനുകമ്പ “എന്ന നോവലിൽ നായകൻ ‘ശയ്യാവലംബി’യാവുകയാണ്. അദ്ദേഹത്തോട് മറ്റുള്ളവർക്ക് തോന്നുന്ന വികാരം ‘ദീനാനുകമ്പ’യാണ്. ഈ വാക്കുകൾ ചേർത്ത് വിളക്കിയെടുത്തതാണ് ‘ശയ്യാനുകമ്പ’ എന്ന വാക്ക്.

‘ഭയങ്കരാമുടി ‘എന്ന നോവലിന്റെ പശ്ചാത്തലം എന്താണ്?

‘ ഭയങ്കരാമുടി’ പത്തനംതിട്ട ജില്ലയിലെ ഒരു കൊച്ചു സ്ഥലമാണ്. കേരളം ഭയങ്കരമായ മതതീവ്രവാദത്തിന്റെ ഭീഷണിയിലാണെന്നും ഭാവിയിൽ ഇതു കൂടുതൽ വഷളാകുമെന്നും ഉള്ള തോന്നലിൽ നിന്ന് 2014 ൽ രൂപം കൊണ്ടതാണ് ഈ നോവൽ. കേരളം ഒരു ഭയങ്കരാമുടി ആകുമോ എന്ന ഭീതിയിൽ എഴുതിയതാണത്. കേരളം ഭയങ്കരതകളുടെ ഒരു കൊടുമുടി ആണെന്ന ഒരു തോന്നൽ ഉണ്ടായി .

അതുപോലെ ഒരു കഥയ്ക്ക് ‘ചെന്താമരകൊക്ക’എന്ന് പേരിട്ടു ശബരിമലയ്ക്കും പൊന്നമ്പലമേടിനും ഇടയ്ക്കുള്ള വലിയൊരു കൊക്കയാണത്. 75 വർഷം കഴിഞ്ഞുള്ള കേരളത്തിന്റെ അവസ്ഥയാണതിൽ. ഗ്ലോബൽ വാമിംഗ് മൂലം കടലിലെ ജലനിരപ്പ് ഉയർന്ന് കേരളത്തിന്റെ തീരപ്രദേശം 25 കിലോമീറ്ററുകളോളം കടലെടുത്തു പോവും എന്നൊരു വാർത്ത വായിച്ചതിന്റെ അടിസ്ഥാനത്തിൽ എഴുതിയ ഒരു കഥയാണത്. അങ്ങനെ ആകുമ്പോൾ പലായനം ചെയ്യേണ്ടി വരുന്നവർ കിഴക്കോട്ടു വന്ന് വനങ്ങൾ വെട്ടിത്തെളിച്ച് അവിടെ താമസം തുടങ്ങും. അങ്ങനെ ചെന്താമരക്കൊക്ക നരഭോജികളായ ആൾക്കാരുടെ ആവാസസ്ഥാനമാവുകയും ചെയ്യും. ഇതാണ് കഥയുടെ ഇതിവൃത്തം.

കുട്ടിക്കാലം മുതലേ എഴുതാൻ തുടങ്ങിയിരുന്നോ? സീരിയസായി എഴുതാൻ തുടങ്ങിയത് എന്നു മുതൽക്കാണ്?

കുട്ടിക്കാലം മുതൽക്കേ എഴുതുമായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു നോവൽ എഴുതി,’വിഷം’. ഒരു നേരംപോക്കിന്. കൗതുകത്തിന് വേണ്ടി നാടകവും കവിതയുമൊക്കെ എഴുത്തിയിട്ടുണ്ട് അക്കാലത്തു. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യത്തെ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പു ബാലപംക്തിയിൽ അച്ചടിച്ചു വന്നത്, ‘പൂതനാമോക്ഷം’. അധികം താമസിക്കാതെ തന്നെ ‘പത്രപ്രവർത്തകൻ’ എന്ന കഥയും അതിൽ പ്രസിദ്ധീകരിച്ചു. ജേർണലിസം പഠന കാലത്ത് ‘കഥ’ മാസികയിൽ ചില രചനകൾ വന്നിരുന്നു.

മലയാള മനോരമയിൽ ചേർന്നതിനുശേഷമുള്ള എഴുത്തിനെപറ്റി പറയാമോ?

1989 ഏപ്രിലിലാണ് മലയാള മനോരമയിൽ ചേർന്നത്. ശേഷവും കഥയെഴുത്ത് തുടർന്നു. സൺഡേ സപ്ലിമെന്റിൽ ‘ബന്ദ്’ എന്നൊരു കഥ വന്നിരുന്നു. ഒറ്റപ്പെട്ട രീതിയിൽ കഥകൾ എഴുതിയിരുന്നുവെങ്കിലും ഒരു കഥാകൃത്താണെന്ന് ബോധ്യം വരുന്ന രീതിയിലുള്ള കഥകളൊന്നും അന്ന് എഴുതിയിട്ടില്ല. 1991ൽ ആലപ്പുഴയിലെ റിപ്പോർട്ടറായി. പിന്നീട് റിപ്പോർട്ടിങ്ങിൽ ആയിരുന്നു ശ്രദ്ധ മുഴുവനും. മിക്ക ദിവസങ്ങളിലും ബൈലൈൻ സ്റ്റോറികൾ പത്രത്തിൽ വന്നു. ആൾക്കാർ ശ്രദ്ധിച്ചു തുടങ്ങി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.

സാമൂഹിക വിഷയങ്ങളിൽ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നു മുതൽക്കാണ്?

രാഷ്ട്രീയം, പരിസ്ഥിതി, ആദിവാസികളുടെ വിഷയങ്ങൾ, ജനങ്ങളുടെ പ്രശ്നങ്ങൾ ഇതൊക്കെയായിരുന്നു അക്കാലത്ത് ശ്രദ്ധ. കഥ എഴുതുന്നതിനേക്കാൾ ശ്രദ്ധ ഒരു വാർത്ത എഴുതുമ്പോൾ കിട്ടും എന്നായി. ഫീച്ചറുകൾക്കൊക്കെ കേരളത്തിലെ ജനങ്ങൾ അന്ന് നന്നായി പ്രതികരിച്ചിരുന്നു. അത് എന്നിൽ കൗതുകവും താല്പര്യവും അങ്ങോട്ടേക്ക് തിരിയാനിടയാക്കി. അക്കാലത്ത് കഥയെഴുത്ത് തീരെ ഇല്ലാതായി. കഥ വായനയും ഏതാണ്ട് അവസാനിച്ചു. ജേർണലിസത്തിലെ തിരക്കും സാഹിത്യവായന പൂർണ്ണമായും ഇല്ലാതാക്കി എന്നു പറയാം. 2004ൽ ”കുട്ടനാട് കണ്ണീർത്തടം” ആലപ്പുഴയിൽ വച്ച് പ്രകാശനം ചെയ്തു. ഇപ്പോഴത്തെ വിവരാവകാശ കമ്മീഷണറും ദേശാഭിമാനിയുടെ അന്നത്തെ ആലപ്പുഴ റിപ്പോർട്ടറും ആലപ്പുഴ പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റും ആയിരുന്ന എന്റെ അടുത്ത സുഹൃത്ത് കെ. വി.സുധാകരൻ ആയിരുന്നു ആശംസാ പ്രാസംഗികൻ. പ്രസംഗത്തിൽ അദ്ദേഹം ഞാനൊരു ജേർണലിസ്റ്റ് മാത്രമല്ല കഥാകൃത്തും കൂടിയാണെന്ന് പറഞ്ഞപ്പോൾ പലരും പൊട്ടിച്ചിരിച്ചു. കഥയെഴുത്തിന്റെ പശ്ചാത്തലം ഉള്ളതുകൊണ്ടു ഞാനൊന്നു പിൻതിരിഞ്ഞുനോക്കി. അതൊരു തുടക്കമായിരുന്നു. ആ സമയം ഒരു കഥ എഴുതിയെങ്കിലും അത് അച്ചടിച്ചില്ല ഏതാനും വര്ഷങ്ങളായി വായനയില്ലതിരുന്നതിന്റെ ക്ഷീണം അതിനുണ്ടായിരുന്നു. പിന്നീട് മികച്ച കഥാകൃത്തുക്കളുടെ കഥകൾ തപ്പിപ്പിടിച്ചു തച്ചിനിരുന്നു വായിച്ചു. അതിനു ശേഷം ‘മകൾ ‘എന്നൊരു കഥ മാധ്യമം ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്നു. അത് ചർച്ചയായി. പലരും വിളിച്ചു അഭിനന്ദിച്ചു. അങ്ങനെ കഥയെഴുതാൻ പറ്റും എന്ന് എനിക്ക് ആത്മവിശ്വാസം ഉണ്ടായി. എഴുത്തുകാരനാവാനുള്ള അഭിവാഞ്ച എന്നിൽ ഉണ്ടായിരുന്നു. സമൂഹത്തോട് എനിക്ക് ചിലത് പറയാനുണ്ടായിരുന്നു.

പത്രത്തിൽ എഴുതുന്ന വാർത്തകളും കഥകളും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? രണ്ടിലും സാമൂഹികപ്രശ്നങ്ങൾ ആണല്ലോ തീം?

പത്രത്തിലെ വാർത്തയുടെ ആയുസ്സ് ഒരു ദിവസമാണ്. എന്നാൽ കഥ എഴുതിയാൽ അത് കാലങ്ങളോളം നിലനിൽക്കും. സമൂഹത്തോട് എനിക്കൊരു ഉത്തരവാദിത്വമുണ്ട് എന്നൊരു തോന്നൽ ഉണ്ടായിരുന്നു. മനുഷ്യരുടെ പ്രശ്നങ്ങൾ, നാടിന്റെ പ്രശ്നങ്ങൾ ഇവയൊക്കെ ആയിരുന്നു എന്റെ വാർത്തകളുടെയും അടിസ്ഥാനം. പത്തനംതിട്ടയിൽ ജോലി ചെയ്തിരുന്ന കാലത്ത് ആദിവാസികളുടെ പ്രശ്നങ്ങളും പരിസ്ഥിതിവിഷയങ്ങളുമാണ് കൂടുതലും എഴുതിയിരുന്നത്. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട, നിസ്സഹായമായ ജീവിതങ്ങളാണ് ഞാൻ വാർത്തയിലും ഫോക്കസ് ചെയ്തത്. നീതി നിഷേധിക്കപ്പെടുന്നവർ, പാർശ്വവൽക്കരിക്കപ്പെടുന്നവർ, അപമാനിക്കപ്പെടുന്നവർ ഇതൊക്കെയായിരുന്നു അന്നും എന്റെ വിഷയങ്ങൾ.

മനോരമയിലെ ജോലിയും,എഴുത്തും ഒരുമിച്ച് എങ്ങനെ കൊണ്ടുപോകുന്നു.?

വിഷയങ്ങൾ മനസ്സിൽ കത്തിയെരിയുമ്പോൾ എഴുതാതിരിക്കാൻ ആവില്ല. വിഷയങ്ങൾ എന്നെ പ്രകോപിപ്പിക്കുന്നു എന്നതിലപ്പുറം ഇതൊന്നു ബാലൻസ് ചെയ്യാൻ ഞാൻ നടത്തുന്ന ഒരു അധ്വാനം ഉണ്ട്. മാനസികമായും,ശാരീരികമായും സമയം കൊണ്ടും ഉള്ള ഒരു അധ്വാനം. ജേർണലിസ്റ്റ് എന്ന നിലയിൽ കർമ്മനിരതനായി കൊണ്ടുതന്നെ സമയത്തെ ഞെക്കിപ്പിഴിയുക എന്നത് ഒരു എഴുത്തുകാരനു ദുഷ്കരമാണ്. എഴുത്തിനുവേണ്ടി സ്വകാര്യ സന്തോഷങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിക്കേണ്ടി വരുന്നുണ്ട്. എന്നാലും അതുമായി പൊരുത്തപ്പെട്ടു പോകുന്നു.

നമ്മുടെ വാക്ക് നാം തന്നെയാണ് എന്ന് കാരശ്ശേരി മാഷ് പറഞ്ഞിട്ടുണ്ട്. താങ്കളുടെ എഴുത്തിൽ നന്മയും ലാളിത്യവും ഉണ്ട്. ഒരു വ്യക്തിയെന്ന നിലയിലും താങ്കൾ അങ്ങനെ തന്നെയാണോ?

ജീവിതത്തിൽ സിംപ്ലിസിറ്റി ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. അത്യാവശ്യം ജീവിക്കാൻ ആവശ്യമായ സൗകര്യങ്ങൾ മാത്രമേ ഞാൻ എന്നും ഇഷ്ടപ്പെട്ടിരുന്നുള്ളൂ. ആഡംബരങ്ങളിൽ താല്പര്യം ഇല്ലാത്ത ആളാണ്. മനുഷ്യർ പീഡിപ്പിക്കപ്പെടുമ്പോഴും പരാജയപ്പെടുമ്പോഴും അവരുടെമേൽ മറ്റുള്ളവർ നൃത്തം ചെയ്യുന്നത് കാണാൻ ഇഷ്ടമല്ല. നന്മയുടെ വിജയം എഴുതാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

വാർത്തയും കഥയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

കഥകൾ വാർത്തയെഴുതുന്നതുപോലെ നേരിട്ട് എഴുതാൻ പറ്റില്ല. പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ അർത്ഥം, വ്യാപ്തി, ആഴം ഇവ വായനക്കാരന് കിട്ടണം. വാർത്തകളിൽ വികാരമില്ല. എന്നാൽ കഥകൾ അന്തരാർത്ഥങ്ങളും ഉൾപ്പിരിവുകളും ഉള്ള സംഭവങ്ങളാണ്. ഇതെല്ലാം ചേർന്നാണ് കഥ ഉണ്ടാവുന്നത്. വാർത്ത ഒരു സംഭവത്തിന്റെ റിപ്പോർട്ടിംഗ് മാത്രമാണ്. അതിൽ ഇൻഫോർമേഷനേയുള്ളു. എന്നാൽ കഥയിൽ ഇൻഫോർമേഷൻ നിർബന്ധമില്ല. കഥയിൽ ഇമോഷൻസിനാണ് പ്രാധാന്യം. സംഭവത്തെ അവതരിപ്പിക്കുമ്പോൾ കഥാപാത്രത്തോട് താദാത്മ്യപ്പെടാൻ കഴിയണം. കഥയായാലും വാർത്തയായാലും വായനക്കാരന് മനസ്സിലാകുന്ന ഭാഷയിൽ എഴുതാൻ പറ്റിയാൽ എഴുത്തുകാരൻ വിജയിച്ചു എന്ന് പറയാം.

ഇപ്പോൾ സോഷ്യൽമീഡിയയിലും ചാനൽ ചർച്ചകളിലും ഉപയോഗിക്കുന്ന ഭാഷയെ എങ്ങനെ വിലയിരുത്തുന്നു?

എല്ലാ ഭാഷകളും സംസ്കാരസമ്പന്നമാണ്. ഒരു ഭാഷയും മനുഷ്യരെ നിഷേധിക്കുന്നതല്ല. ഭാഷ ആശയവിനിമയത്തിനുള്ള ഒരു ആയുധമാണ്. അതിനപ്പുറം പ്രാധാന്യം ഭാഷയ്ക്കില്ല. ഭാഷയ്ക്കുവേണ്ടി അമ്പലങ്ങൾ പണിയേണ്ടതില്ല. ആശയം കൈമാറാനുള്ള ഉപകരണമാണ് ഭാഷ. ആശയം പരസ്പരം ബഹുമാനത്തോടു കൂടി കൈമാറണം. പുച്ഛമോ ആക്ഷേപമോ ഉണ്ടാവാൻ പാടില്ല. ആദരവും അംഗീകാരവും നല്ല ഭാഷയുടെ അടിസ്ഥാനമായ യോഗ്യതകൾ ആണ്. പൊതുവേദികളിൽ ഒരുകാലത്ത് നല്ല ഭാഷകളെ ഉപയോഗിച്ചിരുന്നുള്ളൂ. ഇപ്പോൾ സോഷ്യൽ മീഡിയകളിലും ചാനൽ ചർച്ചകളിലും വിമർശനത്തിനായി തരംതാണ ഭാഷ ഉപയോഗിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ ഭാഷകൾ സാമൂഹ്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു. സംസ്കാരത്തിന്റെ പ്രതിനിധാനമാണ് ഭാഷ. അതിന് നിലവാരം ഉണ്ടായിരിക്കണം. വളരെ ശ്രദ്ധിച്ചു ഉപയോഗിക്കേണ്ട ഒന്നാണ് ഭാഷ.

സാഹിത്യസംബന്ധിയായി യാത്രകൾ പതിവാണോ? ഇങ്ങനെയുള്ള യാത്രകൾ ആസ്വദിക്കാറുണ്ടോ??

വളരെ പരിമിതം. സാഹിത്യസംബന്ധിയായാലും അല്ലെങ്കിലും യാത്രകൾ ഇഷ്ടമാണ്. ഒരു കാലത്ത് ഒരു പാട് യാത്ര ചെയ്തിട്ടുമുണ്ട്. പക്ഷേ, ഏതാനും വർഷമായി പല കാരണങ്ങളാൽ ആഗ്രഹിക്കുന്നതു പോലെ യാത്ര ചെയ്യാനാവുന്നില്ല.

ചുറ്റുപാടുമുള്ള കഥാപാത്രങ്ങളെയും സംഭവങ്ങളെയും കഥയിൽ കൊണ്ടു വരാറുണ്ടോ? സ്വന്തം ജീവിതത്തിൽ നിന്നും കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ടോ?

എന്റെ കഥകളിലെല്ലാം തന്നെ ആത്മാംശം ഉണ്ട്. ഞാൻ സമൂഹത്തിലെ ജീവിതങ്ങൾ പഠിക്കാറുണ്ട്. നമ്മുടെ ജീവിതത്തിലെ സംഭവങ്ങളാവുമ്പോൾ വളരെ തീവ്രമായി എഴുതാൻ പറ്റും. നമ്മൾ കണ്ടുമുട്ടുന്ന ചില മനുഷ്യരുടെ പെരുമാറ്റങ്ങളൊക്കെ കഥകളിൽ കടന്നുവരും. കഥകളിലും നോവലുകളിലുമായി ആത്മാംശം ചിതറിക്കിടക്കുന്നു. സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോൾ ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ഗ്രാമീണ പ്രവർത്തകനും സംഘാടകനുമായിരുന്നു. അങ്ങനെ ഒരു നിരീക്ഷണപാടവം വികസിച്ചിട്ടുണ്ട്. നാമറിയാതെ തന്നെ നാം കാണുന്നതും കേൾക്കുന്നതും മനസ്സിൽ പതിഞ്ഞു കിടക്കും. എഴുതാനിരിക്കുമ്പോൾ ഇവ പുറത്തുവരും.

‘പൂജ്യം’ എന്ന നോവലിൽ ഒരു മാസ്മരികത ഉണ്ട്. ‘ലോകസാഹിത്യത്തിനോട് കിടപിടിക്കുന്നത്’ എന്നാണ് ശ്രീ.ടി.പത്മനാഭൻ പൂജ്യത്തെപറ്റി അഭിപ്രായപ്പെട്ടത്. വായനക്കാരനെ കൈപിടിച്ച് മാസ്മരികതയിലേക്ക് എത്തിക്കാനുള്ള ബോധപൂർവ്വമായ ഒരു ശ്രമമാണോ അത്?

ഞാൻ എന്റെ ക്ഷോഭം, സന്തോഷം, പിന്നെ സമൂഹത്തോട് പറയാനുള്ള കാര്യങ്ങൾ ഇതൊക്കെ പ്രകടിപ്പിക്കുന്നത് എഴുത്തിലൂടെയാണ്. ‘പൂജ്യം’ മനസ്സ് നീറി എഴുതിയതാണ്. അസഹിഷ്ണുതയോടുള്ള പ്രതികരണമാണത്. മനുഷ്യൻ മനുഷ്യനെ മാറ്റിനിർത്തുന്നു. കേരളത്തിലെ മനുഷ്യർ സ്നേഹമായി ജീവിച്ചിരുന്ന ഒരു കൂട്ടമാണ്. പക്ഷേ അസഹിഷ്ണുത വളർന്നു വന്നിരിക്കുന്നു, രാഷ്ട്രീയ പാർട്ടികൾക്കിടയിലും, വ്യക്തി, ജാതികൾക്കിടയിലും. മതിലുകൾ ഇല്ലാത്ത ഒരു സമൂഹം സൃഷ്ടിക്കാൻ നമുക്ക് കഴിയുമോ? അതിനു വേണ്ടിയുള്ള അന്വേഷണമാണ് ‘പൂജ്യം’ എന്ന നോവലിൽ നടത്തുന്നത്. നന്മയും തിന്മയും മനുഷ്യന്റെ മനസ്സിൽ തന്നെയാണ്. ഭിന്നതയിലും ഒന്നിച്ച് നിൽണം. വൈവിധ്യങ്ങൾ ഉണ്ടെങ്കിലും അതിന്റെ പേരിൽ മാറ്റിനിർത്തപ്പെടുകയോ അധിക്ഷേപിക്കപ്പെടുകയോ നിന്ദിക്കപ്പെടുകയോ ചെയ്യാൻ പാടില്ല. അത് ഒഴിവാക്കണം. അത് പ്രകടിപ്പിക്കുക മാത്രമായിരുന്നു എന്റെ ലക്ഷ്യം. ജാതീയത അവനവന്റെ മനസ്സിലും വീട്ടിലും ഒതുങ്ങി നിൽക്കണം. പൊതുനിരത്തിൽ ഇറക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്.

‘പൂജ്യം’ എന്ന നോവൽ ഘടനയിലും എഴുത്തു രീതിയിലും വ്യത്യസ്തത പുലർത്തുന്ന ഒന്നാണ്. ആ എഴുത്തു രസതന്ത്രത്തെ പറ്റി ഒന്ന് പറയുമോ?

മലമുകളിൽ സംഭവിക്കുന്ന ഒരു കഥയാണത്. വിവിധ ജാതി മതക്കാർ പീരുമേട് പോലെയുള്ള ഒരു സ്ഥലത്ത് ഒരു തേയിലത്തോട്ടം വിലയ്ക്കുവാങ്ങി ഹൃദയത്തിന്റെ രൂപത്തിൽ ഒരു ഹൗസിങ് കോളനി പണിയുന്നു. മലകയറ്റം ആണ് പുസ്തകത്തിന്റെ പ്രമേയം വായനക്കാരനും മലകയറ്റം ഫീൽ ചെയ്യും “പൂജിക്കപ്പെടേണ്ടത് ” എന്ന അർത്ഥത്തിലാണ് ‘പൂജ്യം’ എന്ന് പേരിട്ടത്. പോസിറ്റീവിന്റെയും നെഗറ്റീവ്ന്റെയും ഒരു സങ്കലനമാണ് ഇതിൽ വരച്ചു കാണിക്കുന്നത്. അതുപോലൊരു ഐക്യം എഴുത്തിലും വേണമെന്ന് തോന്നി. എല്ലാ മതങ്ങളുടെയും ദർശനങ്ങളെ സംയോജിപ്പിക്കാൻ ഉള്ള ഒരു ശ്രമമായിരുന്നു അത്.

സാഹിത്യ നിരൂപണം പണ്ടത്തേതുപോലെ ഇന്നില്ലല്ലോ? നിരൂപണങ്ങൾ വേണ്ടതല്ലേ??

സാഹിത്യ നിരൂപണം ഏതാണ്ട് കൂമ്പടഞ്ഞ അവസ്ഥയിലാണ്. ഫിക്ഷൻ എഴുത്തുകാരേക്കാളും ഔന്നത്യമുള്ള നിരൂപകരുണ്ടാവുകയും അവർ പക്ഷപാതമില്ലാതെ എഴുതുകയും ചെയ്താലേ നിരൂപണ സാഹിത്യ ശാഖ ശക്തമാകൂ.

ജോലി, എഴുത്തു കൂടാതെയുള്ള സാമൂഹ്യ പ്രവർത്തനങ്ങൾ?

പത്രപ്രവർത്തക യൂണിയന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായിരുന്നു. പരിസ്ഥിതി മേഖലയിലേക്ക് പത്രപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും കോടതികളുടെയും മറ്റും ജാഗ്രത്തായ നിരീക്ഷണം ഉറപ്പാക്കുന്നതിനു വേണ്ടി ജയ്ജി പീറ്റർ ഫൗണ്ടേഷൻ രൂപീകരിക്കാൻ നേതൃത്വം കൊടുത്തു.1998 -ലാണത്. 23 വർഷമായി അതിൻ്റെ ഒപ്പമുണ്ട്. ആദ്യത്തെ പത്തു പതിനഞ്ച് വർഷം വളരെ സജീവമായിരുന്നു അത്. ഇപ്പോൾ വർഷത്തിലൊരിക്കൽ പരിസ്ഥിതി മേഖലയിലെ സന്നദ്ധ പ്രവർത്തകർക്ക് അവാർഡ് നൽകുന്നതിനപ്പുറമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സംഘടനയ്ക്ക് കഴിയുന്നില്ല. പന്തളത്തെ സാഹിത്യ കൂട്ടായ്മകളുടെ സംഘാടനത്തിലൊക്കെ ഇടപെടാറുണ്ട്. അതിനപ്പുറമുള്ള സാമൂഹിക പ്രവർത്തനങ്ങൾക്ക് സമയം കിട്ടാറില്ല.

പുതിയ നോവലായ ‘മുടിപ്പേച്ച് ‘ഇപ്പോൾ വ്യാപകമായി ചർച്ചചെയ്യപ്പെടുകയാണല്ലോ. ഇത് എഴുതാനിടയായ സാഹചര്യത്തെപ്പറ്റി പറയാമോ?

തീവ്രവാദത്തിന്റെ അപകട വഴികളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോയ ഭയങ്കരാമുടി എന്ന നോവൽ പരമ്പരയിലെ രണ്ടാം നോവലാണിത്. കേരളത്തിലെ നാൽപതിലേറെ നവോത്ഥാനനായകരുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചരിത്ര -സാമൂഹിക നോവലാണിത്. കേരളത്തിൽ ഒരു മൂന്നാം നവോത്ഥാനത്തിന്റെ സമയമായിരിക്കുന്നു. രാജ്യാന്തര മതതീവ്രവാദം ഇവിടെ പ്രചരിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ അഭിപ്രായത്തെയും ജീവിതരീതിയെയും സ്വാധീനിക്കത്തക്ക രീതിയിൽ അത് വളർന്നിരിക്കുന്നു. ഈ ജനതയുടെ സമാധാനപരമായ ജീവിതത്തെ അതു ബാധിക്കും എന്നതിൽ തർക്കമില്ല. ഈയൊരു സാഹചര്യമാണ് ‘മുടിപ്പേച്ച് ‘എഴുതാൻ പ്രേരണയായത്.

ചരിത്രവും ഫിക്ഷനും ഒന്നിക്കുന്ന ഒരു പുതിയ രചനാരീതിയാണല്ലോ മുടിപ്പേച്ചിൽ അവലംബിച്ചിട്ടുള്ളത്.

ജേണലിസ്റ്റിനു പറയാൻ പറ്റാത്ത കാര്യങ്ങൾ എഴുത്തുകാരൻ എന്ന നിലയ്ക്ക് തുറന്നു പറയാൻ പറ്റും. പത്രത്തിൽ പരമ്പരയായി എഴുതാനാണ് ആദ്യം ആലോചിച്ചത്. പക്ഷേ ഇത്രയും വിപുലമായ ഒരു നവോത്ഥാന ചരിത്രം പൂർണ്ണമാക്കാൻ പറ്റില്ലെന്നു തോന്നി. ചരിത്ര പുസ്തകമാക്കിയാൽ ചരിത്രാന്വേഷികൾ മാത്രമേ വായിക്കൂ. എന്നാൽ ഒരു നോവൽ ആകുമ്പോൾ അത് എല്ലാ വിഭാഗം ആളുകളിലേക്കും എത്തും എന്നതാണ് അങ്ങനെ ഒരു രീതി സ്വീകരിക്കാൻ കാരണം.

‘മുടിപ്പേച്ച്’ എന്ന പേരും വളരെ ശ്രദ്ധേയമായി. ഇങ്ങനെ പേരിടാൻ കാരണമുണ്ടോ?

കേരളത്തിൽ ഇപ്പോൾ നടക്കുന്ന നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തിൽ നന്മയുടെ വിജയം സൂചിപ്പിക്കുന്ന പേരെന്ന നിലയിലാണ് മുടിപ്പേച്ച് എന്ന് പുസ്തകത്തിനു പേരിട്ടത്.

മുടിപ്പേച്ച് വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://subscribe.manoramaonline.com/content/subscription/bookorderdetails.bookscd.MUDIPECH.html

കുടുംബം?

ഭാര്യ V. മിനി SBI മാവേലിക്കര SME ശാഖയിൽ അസിസ്റ്റന്റ് മാനേജർ ആണ്. മക്കൾ നിരഞ്ജൻ R വർമ്മ, നീരജ് R വർമ്മ .

അൻപതോളം കഥകളും അഞ്ചുനോവലുകളും എഴുതിയ ശ്രീ രവിവർമ തമ്പുരാനെത്തേടി ധാരാളം അവാർഡുകളും അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള തിലകൻ സ്മാരക പുരസ്ക്കാരം (2018 ), ചെറുകഥയ്‌ക്ക്‌ ഏറ്റുമാനൂർ കാവ്യവേദി പുരസ്ക്കാരം ( 2011 ), മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യർ അവാർഡ് (2018 ) തുടങ്ങിയവ അതിൽ ചിലതു മാത്രം.
ഒരു മാധ്യമപ്രവർത്തകന്റെ നിരീക്ഷണപാടവവും, തന്റെ ആശയങ്ങളുടെ ധൈര്യമായ അവതരണവും ഈ കഥാകൃത്തിനെ സമകാലിക എഴുത്തുകാരിൽനിന്നു വ്യത്യസ്തനാക്കുന്നു. കലുഷിതമായിരിക്കുന്ന വർത്തമാനകാലത്തിന്റെ രേഖാചിത്രങ്ങളാണ് ശ്രീ രവിവർമ്മ തമ്പുരാന്റെ കൃതികൾ.
ഇനിയും ഒരുപാട് ദൂരങ്ങൾ താണ്ടാനുണ്ട് ആ തൂലികക്ക്. കാരണം, ഇവിടെ ജീവിതങ്ങൾ നിലയ്ക്കുന്നില്ല. നിസ്സഹായതകളും നിലവിളികളും അരക്ഷിതാവസ്ഥകളും ആ തൂലികത്തുമ്പിലേക്കുറ്റു നോക്കുന്നു, ഊഴവും ചലനവും കാത്ത്. ചിന്തകൾക്കും ചർച്ചകൾക്കും കാതോർത്ത് വായനക്കാരനും.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.