ഗള്‍ഫനുഭവങ്ങള്‍ 9 : ഇബ്രിമലനിരകളില്‍ ഉരുള്‍പൊട്ടിയ ആ രാത്രി..

മഴയും മലയും തമ്മിലുള്ള യുദ്ധത്തിന് ഭൂമിയോളം തന്നെ പഴക്കമുണ്ട്. കാക്കത്തൊള്ളായിരം മഴത്തുള്ളികളുമായി പായുന്ന മേഘക്കൂട്ടങ്ങളെ തടഞ്ഞിടുന്ന മലനിരകളുടെ മേൽ മേഘസ്‌ഫോടനം നടത്തി പ്രതികാരത്തോടെ പെയ്തിറങ്ങുന്ന പേമാരിയാണ് വലിയകല്ലുകളും മണ്ണും ചെളിയും എല്ലാമായി പായുന്നത്.

ആ വരവില്‍ അകപ്പെട്ടുപോയാലുള്ള അവസ്ഥ ദുരന്തമായിരിക്കും. ഗള്‍ഫിലെ ജീവിതത്തില്‍ നാട്ടിലെ ഇടുക്കിയിലോ വയനാട്ടിലോ ഉണ്ടാകുന്ന മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടാലുണ്ടാകുന്ന അനുഭവത്തിന് സാധ്യത എവിടെ… ?

പക്ഷേ, ഒമാനിലെ ഇബ്രിയിലോ, യുഎഇയിലെ ഫ്യുജൈയ്‌റയിലോ ആണെങ്കില്‍ ഇങ്ങിനെയൊരു സാധ്യതയുണ്ട്.

ഒമാനിലെ അതിസുന്ദരമായ മലനിരകളിലൊന്നാണ് ഇബ്രി മേഖല. സൊഹാറില്‍ നിന്ന് നിസ്വ എന്ന വ്യവസായ മേഖലയിലേക്കുള്ള യാത്രയിലാണ് ഇബ്രിയിലെത്തുക.

ബിസിനസ് ആവശ്യങ്ങള്‍ക്കായി ഒമാനില്‍ എത്തുക പതിവായിരുന്നു. കൂടെ പാര്‍ട്ണര്‍ സാജനും ഉണ്ടാകും. കാറിലുള്ള യാത്ര. പുലര്‍ച്ചെ ദുബായിയില്‍ നിന്നും യാത്ര തിരിച്ച് ഹത്ത വഴി ഒമാന്‍ അതിര്‍ത്തി കടന്നാല്‍ സൊഹാറിലെത്തുകയായി.

പ്രാതല്‍ കഴിച്ച് നിസ്വയിലേക്കുള്ള യാത്ര. ഹത്തയില്‍ നിന്നും എക്‌സ്പ്രസ് ഹൈവേ വഴി മസ്‌കത്തിലേക്ക് എട്ടുവരി പാതയാണ്. എന്നാല്‍ പഴയ സൊഹാര്‍ റോഡ് നാലു വരിയാണ്. സൊഹാറില്‍ നിന്നും നിസ്വയിലേക്കാണെങ്കില്‍ അങ്ങോട്ടുമിങ്ങോട്ടും ഗതാഗതമുള്ള രണ്ട് വരിയും.

ഈ റൂട്ടിലൂടെ വാഹനം ഓടിക്കുമ്പോള്‍ ഒരു ഉള്‍ക്കിടലമുണ്ടാകും. എതിരെ വരുന്ന വാഹനങ്ങള്‍ അത് ട്രക്കാണെങ്കില്‍ സമീപത്തുകൂടെ പാഞ്ഞു പോകുമ്പോള്‍ ഒരു കാറ്റടിക്കും. പോകുന്ന കാര്‍ സാധാരണ സിഡാനാണെങ്കില്‍ ആ കാറ്റിലൊന്ന് ആടിയുലയും.

മണിക്കൂറില്‍ 120 കിലോ മീറ്ററിലധികം സ്പീഡിലാണ് വാഹനങ്ങളുടെ യാത്ര. സ്പീഡ് റഡാറുകള്‍ ഇല്ലാത്തതിനാല്‍ വാഹനങ്ങളുടെ വേഗതയെക്കുറിച്ച് മുന്‍ധാരണകള്‍ അനാവശ്യം.

റോഡിൻ്റെ രണ്ടു വശങ്ങളും ടാറിട്ട ഭാഗത്തേക്കാള്‍ താഴ്ന്ന നിലയിലാണ്. ഇതിനാല്‍ അല്പമൊന്നു വശം ചേര്‍ന്നാല്‍ വണ്ടി എവിടേക്ക് പോകുമെന്ന് ഒരെത്തും പിടിയും ഉണ്ടാവില്ല.

ഈ റൂട്ടില്‍ പോയി പരിചയമുള്ളതിനാല്‍ അന്നും ഞങ്ങള്‍ക്ക് കാര്യമായ ആശങ്കകള്‍ ഉണ്ടായിരുന്നില്ല. വണ്ടി ഓടിക്കുന്നയാളിലുള്ള വിശ്വാസം. ബിസിനസ്സിലായാലും റോഡിലായാലും അത്.., അത് തന്നെയാണ് ഏക രക്ഷ.

ഒരാള്‍ മടുക്കുമ്പോള്‍ മറ്റേയാള്‍ വളയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. സൊഹാര്‍ വിട്ടാല്‍ നൂറു കിലോമീറ്റര്‍ കഴിഞ്ഞുള്ള യാങ്കൂളാണ് അടുത്ത ഇടത്താവളം . വീതികുറഞ്ഞ റോഡിലൂടെ എതിരെ വരുന്ന വാഹനങ്ങളുടെ ഓരം ചേര്‍ന്ന്, പാഞ്ഞുള്ള യാത്ര. ഏതാണ്ട് ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ യാങ്കൂളിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുക .തുടർന്ന് ഒരു ചായ കുടി.

അവിടുത്തെ പമ്പിനോട് ചേര്‍ന്നുള്ള ഷോപ്പിലെ ജീവനക്കാരന്‍ പത്തനം തിട്ട സ്വദേശിയായ ബിജുവാണ്. അദ്ദേഹവുമായുള്ള പരിചയം പിന്നീട് സൗഹൃദമായി വളര്‍ന്നു. മാസത്തില്‍ രണ്ടു വട്ടം നിസ്വയിലേക്കുള്ള യാത്രയുള്ളതിനാല്‍ ഇവിടെ പതിവുകാരനുമായി.

യാങ്കൂളും കടന്ന് ഇബ്രിയും പിന്നിട്ട്, നിസ്വയിലും എത്തി മീറ്റിംഗുകള്‍ കഴിഞ്ഞ് മടക്കം. ഇതാണ് പതിവ്.

വേനൽക്കാലത്തിന് അവധി നൽകി ശൈത്യത്തിലേക്ക് കാലം നീങ്ങി. വീണ്ടും ഒമാൻ യാത്രയെത്തി. അതിർത്തി കടന്ന് ചെല്ലുമ്പോൾ അന്ന് അല്പം വൈകി. പതിവുകൾ തെറ്റി.

നിസ്വിയൽ നിന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ മടങ്ങിയാലാണ് ഏതാണ്ട് വൈകീട്ട് ആറരയോടെ സൊഹാറിലെത്തുക. അവിടെ ഈരാറ്റുപേട്ടക്കാരന്‍ നിസ്സാര്‍ ഭായിയുമായി ചങ്ങാത്തം പുതുക്കി തിരികെ യുഎഇയിലേക്ക്. ഇതാണ് പതിവ്.

എന്നാല്‍, നിസ്വയില്‍ നിന്നും അന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് മടക്കയാത്ര ആരംഭിച്ചത്. മഴമേഘങ്ങള്‍ മാനത്ത് നിറഞ്ഞിരുന്നു. വഴിവിളക്കുകള്‍ ഇല്ലാത്ത റോഡിലൂടെ,, എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിന്റെ പ്രഹരമേറ്റുള്ള യാത്ര, പകല്‍ യാത്രയുടെ ഇരട്ടി ദുര്‍ഘടവും അപകടം പിടിച്ചതുമാണ്.

എന്നാലും, മടങ്ങാനുള്ള തീരുമാനം ഉറച്ചതായിരുന്നു. പാതി വഴി പിന്നിട്ടു കാണും. ഇബ്രിയിലേക്ക് നീളുന്ന റോഡിലൂടെ മുന്നോട്ട്. അതിന്നിടയ്ക്കാണ് മഴ പൊടുന്നനെ എത്തിയത്.

ഗള്‍ഫ് നാടുകളിലെ കാറുകളുടെ വൈപ്പര്‍ പ്രവര്‍ത്തിക്കുന്നത് അപൂര്‍വ്വമാണ്. പൊടി പിടിച്ച് മുന്നിലെ ചില്ലിലൂടെയുള്ള കാഴ്ച മറയ്ക്കുമ്പോഴാണ് വൈപ്പറിന്റെ ഉപയോഗം മഴ പെയ്താല്‍ മാത്രമാണ് തുടര്‍ച്ചയായി വൈപ്പര്‍ പ്രവര്‍ത്തിക്കേണ്ടിവരിക.

പലപ്പോഴും കൊടും വെയിലേറ്റ് വൈപ്പറിൻ്റെ റബ്ബര്‍ ബ്ലേഡുകളുടെ അവസ്ഥ പരിതാപകരവുമായിരിക്കും. ഈ അവസ്ഥയിലായിരുന്നു ഞങ്ങളുടെ വാഹനത്തിന്റെ വൈപ്പര്‍ ബ്ലേഡുകളും. മഴത്തുള്ളികളെ വകഞ്ഞുമാറ്റാന്‍ അവയ്ക്ക് അത്ര കരുത്തു പോരായിരുന്നു.

സമയം ഇരുട്ടിത്തുടങ്ങിയിരുന്നു. വൈപ്പര്‍ ശരിയാക്കി മാത്രമേ മുന്നോട്ട് പോകാനാകു എന്ന അവസ്ഥ.

ഇബ്രി എന്ന ചെറു ടൗണിൽ കാറുകളുടെ പണിപ്പുരകള്‍ തേടി വീണ്ടും കുറച്ചു സമയം അലഞ്ഞു. ഒടുവില്‍ ഒരു സ്‌പെയര്‍ പാര്‍ട്‌സ് കടയിലെ സെയില്‍സ് മാന്‍ വൈപ്പര്‍ ബ്ലേഡുകൾ മാറ്റിയിട്ടു തന്നു. ആ ഭാഗ്യത്തിന് നന്ദി പറഞ്ഞ് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

മഴ ശക്തിപ്രാപിച്ചു. മുന്നിലേക്കുള്ള വഴി കാണാനാകാത്ത വിധത്തിലുള്ള മഴപ്പെയ്ത്ത്. വഴി വിളക്കുകളുടെ സേവനമില്ലാത്ത നിരത്തിലേക്ക് എത്തിയപ്പോള്‍ ഇനി മുന്നോട്ട് എങ്ങിനെ എന്നൊരു തോന്നലുണ്ടായി.

എതിരേ വരുന്ന വാഹനങ്ങളെ കാണുന്നത് അടുത്തെത്തുമ്പോള്‍ മാത്രം. ഇതിന്നിടയില്‍ നിസ്സാര്‍ ഭായിയുടെ വിളി എത്തി.

‘എവിടെയാണ്..?’

‘ഇബ്രിയെത്തി. ‘

‘എന്നാല്‍, അവിടെയെങ്ങാനും ഇന്ന് കൂടിക്കോ. സൊഹാറിലേക്ക് വരണ്ട. വാദികള്‍ നിറഞ്ഞൊഴുകയാണ്. വഴിയില്‍ മലയിടിഞ്ഞിട്ടുമുണ്ട്. അപകടം പിടിച്ച സ്ഥലങ്ങളാണ് ആ മേഖല. “

നിസ്സാര്‍ ഭായിയുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ ഞങ്ങള്‍ മുന്നോട്ട് തന്നെ പോയി.

പോകുന്നത്ര പോട്ടെ.. റോഡ് ബ്ലോക്കായാല്‍ കാറിനുള്ളില്‍ തന്നെ കഴിയാമെന്ന എന്റെ നിര്‍ദ്ദേശം സാജനും സമ്മതിച്ചു.

എന്നാല്‍, ആ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയാന്‍ അധിക സമയം വേണ്ടി വന്നില്ല. മുന്നിലെ റോഡ് വളഞ്ഞു തിരിഞ്ഞു ചെന്നപ്പോള്‍ വലിയ മലവെള്ളപ്പാച്ചില്‍. കാറിന്റെ ഹെഡ് ലൈറ്റിന്റെ പരിധിയില്‍ കുത്തിയൊലിച്ചൊഴുകുന്ന മലവെള്ളം മാത്രം.

റോഡ് ഏതെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. എതിരെ ഒരു വാഹനം വരുന്നതിനായി കാത്തു നിന്നു. ഏതെങ്കിലും സ്വദേശികളുടെ വാഹനത്തിനായുള്ള കാത്തിരിപ്പ്. അവര്‍ക്ക് വഴി അറിയാമല്ലോ..

എന്നാല്‍, അരമണിക്കൂറിലേറെ അവിടെ കാത്തു നിന്നിട്ടും ഒരു വാഹനവും വന്നില്ല.

തിരിച്ചു പോകാമെന്ന് സാജന്‍ പറഞ്ഞു. സുരക്ഷിതമായി മുന്നോട്ട് പോകാനാവുന്നില്ലെങ്കില്‍ ഇബ്രി ടൗണിലേക്ക് മടങ്ങാം എന്ന് ഞാനും പറഞ്ഞു.

വന്ന വഴിയേ തന്നെ മടങ്ങുന്നതിന്നിടെ മുന്നില്‍ സമാനമായ മറ്റൊരു മലവെള്ളപ്പാച്ചില്‍..

‘പത്തു മിനിട്ട് മുമ്പ് ഇതുവഴി വന്നതാണല്ലോ…?
അപ്പോള്‍ ഇല്ലാതിരുന്ന വെള്ളപ്പാച്ചില്‍ … എത്ര പെട്ടെന്നാണ് ഈ അവസ്ഥ .. ഞങ്ങൾ പരസ്പരം പറഞ്ഞു. രണ്ടു മലവെള്ളപ്പാച്ചിലുകളുടെ ഇടയില്‍പ്പെട്ടപ്പോളാണ് സംഭവത്തിന്റെ ഗൗരവം ഏതാണ്ട് മനസ്സിലായത്.

കാറിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലുമാകുന്നില്ല. മഴ പെയ്ത്ത് തുടരുകയാണ്. കാര്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്ത് ഒരു ബോര്‍ഡ് എൻ്റെ കണ്ണില്‍പ്പെട്ടു. മലമുകളില്‍ നിന്നും കല്ലുകള്‍ ഉരുണ്ടു വീഴാന്‍ ഇടയുള്ള സ്ഥലത്താണ് ഞങ്ങള്‍ നില്‍ക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡായിരുന്നു അത്.

മുന്നിലും പിന്നിലും മലവെള്ളപ്പാച്ചില്‍ മുകളില്‍ നിന്ന് കല്ലുകള്‍ ഉരുണ്ടു വീഴാന്‍ ഇടയുള്ള സ്ഥലം.. താഴേക്ക് പാതാളം.

നിസ്സാര്‍ ഭായിയെ വിളിച്ചു വിവരം പറഞ്ഞു.

‘അളിയാ ..പെട്ടുപോയി.. നിങ്ങള്‍. ദൈവ വിശ്വാസമുണ്ടേല്‍ വിളിച്ച് പ്രാർത്ഥിച്ചോ ഭാഗ്യമുണ്ടേല്‍ വീണ്ടും കാണാം..’ മറുതലയ്ക്കലില്‍ നിന്ന് രോഷം കലര്‍ന്ന മറുപടിയാണ് ലഭിച്ചത്.

മുന്നറിയിപ്പ് തന്നിട്ടും വകവെയ്ക്കാതിരുന്നതിനാണ് സുഹൃത്തിന്റെ ശകാരം.

‘എന്തു ചെയ്യും നിസ്സാര്‍ ഭായ്. ?’

മൊബൈല്‍ ഫോണിലെ സംസാരം മുറിഞ്ഞു മുറിഞ്ഞു പോകുന്നു.

‘ഇവിടെ നെറ്റ് വര്‍ക് കവറേജ് കുറവാണ്. പെട്ടെന്ന് പറ. എന്റെ സംസാരത്തില്‍ പഴയ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല.

‘അവിടെ നിന്ന് മാറിക്കോ.. കല്ലുകള്‍ വീഴുമെന്ന് മുന്നറിയിപ്പ് ബോര്‍ഡുണ്ടെങ്കില്‍ അതിന്റെ അടിയില്‍ തന്നെ നില്‍ക്കണ്ട. തല്‍ക്കാലം അല്പം പിന്നോട്ട് പൊയ്‌ക്കോ.. ‘

നിസ്സാര്‍ ഭായിയുടെ ആ ഉപദേശം ഞങ്ങള്‍ അനുസരിച്ചു. ഏതെങ്കിലും ഒരു ഇടറോഡ് നോക്കി നിങ്ങള്‍ എക്‌സ്പ്രസ് ഹൈവേയില്‍ ചെന്ന് ചാട്.. അതുമാത്രമാണ് പോംവഴി.

ഇബ്രി-സൊഹാര്‍ റോഡിന്റെ ഏതാണ്ട് സമാന്തരമായി പോകുന്ന മസ്‌കത്ത് എക്‌സ്പ്രസ് ഹൈവയില്‍ ചെന്നു ചാടിയാല്‍ രക്ഷപ്പെടാം. പക്ഷേ, ആ റോഡുകളും അത്ര സെയ്ഫായിരിക്കില്ല. ‘

സമയം രാത്രി ഒമ്പതു മണി. മഴ പെയ്തു തീരുന്ന ലക്ഷണമില്ല. എക്‌സ്പ്രസ് ഹൈവേ ലക്ഷ്യമാക്കിയുള്ള യാത്രയിൽ ഒരു ഇടറോഡ് പിടിച്ചു. മൊബൈലിലെ ജിപിഎസ്സില്‍ സിഗ്നല്‍ ലോസ്റ്റ് കാണിച്ചുകൊണ്ടേയിരുന്നു. എന്നാലും റേഡിയോ സിഗ്നലുകള്‍ സഹായത്തിനെത്തി. അല്‍ ഹംമരിയ ഭാഗത്തേക്കാണ് ഞങ്ങള്‍ പോയത്.

മങ്ങിയ കാഴ്ചയുമായി മുന്നിലെ റോഡിലൂടെ വളയം പിടിച്ച് ഞാന്‍ സാവകാശം ഓടിച്ചു.

വീണ്ടും മൊബൈല്‍ ശബ്ദിച്ചു. മറുതലയ്ക്കല്‍ ഭാര്യയാണ്. എപ്പോള്‍ എത്തുമെന്നായിരുന്നു ചോദ്യം.

ഇബ്രിയിലെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഒന്നും വിശദികരിക്കാന്‍ നിന്നില്ല. ‘വന്നു കൊണ്ടിരിക്കുകയാണ്. അല്പം വൈകും. ഭക്ഷണം കഴിച്ച് കിടന്നോ.. ഇവിടെ നെറ്റ് വര്‍ക്ക് കുറവാണ്. കോള്‍ കട്ടാകും. ‘

ഒറ്റശ്വാസത്തില്‍ എല്ലാം പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. സമാനമായ ഒരു വാ്ട്‌സ്ആപ് മെസേജ് ഭാര്യക്ക് അയച്ചോളാന്‍ സാജനോടും പറഞ്ഞു.

‘ഇനി നേരം വെളുത്തേ നമ്മള്‍ വീട്ടിലെത്തൂ.’ ഞാന്‍ പറഞ്ഞു.

‘എത്തുമോ..? ‘സംശയം സാജന്റേതായിരുന്നു.

‘നോക്കാം. ഇല്ലേല്‍ സുരക്ഷിതമായ ഇടം നോക്കി, ഇവിടെയെവിടെങ്കിലും രാത്രി കഴിച്ചുകൂട്ടാം. നേരം വെളുത്തിട്ട് പോകാം. ‘

ഏതു നിമിഷവും ആര്‍ത്തലച്ചു വരാവുന്ന മലവെളളപ്പാച്ചിൽ പ്രതീക്ഷിച്ചുള്ള യാത്ര. നിസ്വയില്‍ നിന്ന് പെട്രോള്‍ അടിക്കാന്‍ തോന്നിയ ബുദ്ധിയെ സ്വയം അഭിനന്ദിച്ചു. ഇബ്രിയിലോ യാങ്കൂളിലോ എത്തിയിട്ട് അടിക്കാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

മഴയും മലവെള്ളപ്പാച്ചിലിലും പെട്ട് റൂട്ട് മാറിയപ്പോള്‍ മുന്നിലെവിടെയെങ്കിലും പെട്രോള്‍ പമ്പ് ഉണ്ടോയെന്ന ആധിയുമായി വണ്ടി ഓടിക്കേണ്ടി വന്നില്ലല്ലോ എന്ന് ആശ്വസിച്ചു.

ഏതാണ്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞു. കുറച്ചകലെയായി എക്‌സ്പ്രസ് ഹൈ വേയിലെ വഴിവിളക്കുകള്‍ നിരനിരയായി കത്തി നില്‍ക്കുന്നത് കാണാനായി.

‘രക്ഷപ്പെട്ടു.’ സാജന്‍ പറഞ്ഞു.

കാര്‍ മിനിട്ടുകള്‍ക്കുള്ളില്‍ ഹത്ത എക്‌സ്പ്രസ് ഹൈവേയിലെത്തി. ദൈവത്തിന് നന്ദി പറഞ്ഞു,

നിസ്സാര്‍ ഭായിയുടെ ഫോണ്‍ വിളിയും ഒപ്പം എത്തി.

സാജനാണ് ഉത്തരം നല്‍കിയത്. ‘രക്ഷപ്പെട്ടു. ഞങ്ങള്‍ ഹൈവേയിലെത്തി. ഇനി മലവെള്ളപ്പാച്ചിലും കല്ല് വീഴലുമുണ്ടാകില്ലല്ലോ.. ‘

‘ഇനി നേരെ വിട്ടോ.. സെയ്ഫാണ്. ‘

‘താങ്ക് യു നിസ്സാര്‍ ഭായി. ഒരു മാലാഖയെ പോലെ വന്ന് വഴികാട്ടിയതിന്. ‘ ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

‘നേരത്തെ, നിസ്വയില്‍ നിന്നോളാന്‍ പറഞ്ഞപ്പോള്‍ കേട്ടില്ലല്ലോ.. വാദിയിലെ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി ഒരു പരിചയക്കാരന്‍ മരിച്ചുപോയിട്ട് വര്‍ഷം ഒന്നാകുന്നേയുള്ളു. അത് പറഞ്ഞ് നിങ്ങളെ പേടിപ്പിക്കേണ്ടെന്ന് കരുതിയാ ആദ്യം പറയാതിരുന്നത്. ഇതിനു മുമ്പും സമാനസംഭവത്തില്‍ രണ്ടു മൂന്നു പേരുടെ കഥ കഴിഞ്ഞിട്ടുണ്ട്.
വാദികളെ വിശ്വസിക്കാനാവില്ല. നല്ലൊരു മഴപെയ്താല്‍ മലയോരങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് ബുദ്ധി. ഏതായാലും നിങ്ങളുടെ കുടുംബത്തിന്റെ ഭാഗ്യം. ഇനിയും നാലഞ്ചു മണിക്കൂര്‍ എടുക്കും. ദുബായിലെത്താന്‍, ഉറങ്ങരുത്. വല്ല വര്‍ത്തമാനവും പറഞ്ഞ് പാട്ടും പാടി വണ്ടി ഓടിക്ക്. ‘

നിസാര്‍ ഭായിയുടെ സ്വരത്തിന് ശാസനയുടെ കനമുണ്ടായിരുന്നു.

എക്‌സ്പ്രസ് ഹൈവേയിലൂടെ കാറോടിച്ച് വരുമ്പോള്‍ സാജനോടായി ഞാന്‍ പറഞ്ഞു. “വാദിയില്‍ കാറൊലിച്ച് പോയി രണ്ട് പ്രവാസികളെ കാണാതായി “, “ഒമാനിലെ മലവെള്ളപ്പാച്ചിലില്‍ പെട്ട് രണ്ട് പ്രവാസികള്‍ക്ക് ദാരുണാന്ത്യം ” എന്നൊക്കെ തലക്കെട്ട് വരാവുന്ന ഒരു സംഭവത്തില്‍ നിന്നാണ് നമ്മള്‍ രക്ഷപ്പെട്ടത്. മനസ്സിലായോ.. ?

‘ശരിയാണ്.. ഇനി അത് ഓര്‍മിപ്പിക്കല്ലേ..’ സാജന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു…

പുലർച്ചെ അഞ്ചു മണിയോടെയാണ് വീടണഞ്ഞത്. സുരക്ഷിതമായി എത്തിയെന്ന സന്ദേശം നിസാർ ഭായിക്ക് അയച്ചു ..

അളിയാ .സാഡ് ന്യൂസ് ഉണ്ട്. നമ്മുടെ ഒരു സുഹൃത്തിനെ ഇബ്രിയിലെ മലവെള്ളപ്പാച്ചിലിൽ കാണാതായിട്ടുണ്ട്. രാവിലെ പളളിയിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. ഞങ്ങൾ കുറച്ച് പേർ അങ്ങോട്ട് പോകുകയാണ്.

ഞാനും സാജനും അല്പനേരത്തേക്ക് ഒന്നും സംസാരിച്ചില്ല. … ശരി. കിടന്നുറങ്ങിയിട്ട് … ഉച്ചയോടെ കാണാമെന്ന് പറഞ്ഞ് കാറുമായി സാജൻ ഖിസൈസിലേക്ക് പോയി. മലവെള്ളപ്പാച്ചിലിൽ കാണാതായ പ്രവാസിയുടെ വാർത്തയുള്ള പത്രതലക്കെട്ട് എൻ്റെ മനസ്സിലെ പ്രസ്സിൽ വലിയ ശബ്ദ്ദത്തിൽ നിർത്താതെ അച്ചടിച്ചു കൊണ്ടിരുന്നു