ഗള്‍ഫനുഭവങ്ങള്‍ -20 : എക്‌സിക്യൂട്ടീവ് ലുക്കില്‍ വന്നയാള്‍ ചോദിച്ചത്…

ഗള്‍ഫിലെ സായന്തനങ്ങളില്‍ സൊറ പറഞ്ഞിരിക്കാന്‍ കഴിയുന്നവര്‍ ചുരുക്കം. സുപ്രഭാതത്തിലെയും സായാഹ്നത്തിലെയും മനോഹര നിമിഷങ്ങള്‍ അവര്‍ക്കാര്‍ക്കും ആസ്വദിക്കാനാവില്ല. കാരണം അവരെല്ലാവരും തിരക്കിട്ട ജോലികളിലായിരിക്കും. വാരാന്ത്യത്തിലെ സുപ്രഭാതമാണെങ്കിലോ അവധി ദിവസത്തിന്റെ ആലസ്യത്തില്‍ കിടക്കയോട് ഒട്ടിപ്പിടിച്ച അവസ്ഥയിലായിരിക്കും.

വൈകുന്നേരങ്ങളില്‍ ചില ഭാഗ്യവാന്‍മാര്‍ പാര്‍ക്കുകളിലും നടപ്പാതകളിലും ജോഗിംഗ് ഡ്രസൊക്കെ ഇട്ട് ഉല്ലാത്തുന്നത് കാണുമ്പോള്‍… ഇതൊക്കെ നമുക്ക് എപ്പോള്‍ സാധിക്കുമെന്ന ചിന്തയിലായിരിക്കും പലരും.

സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിച്ച കാലം മറന്നവരാണ് പലരും. ലോംഗ് വീക്കെന്‍ഡ് ലഭിച്ച വര്‍ഷത്തിലെ ഒന്നോ രണ്ടോ വേളകളില്‍ ഫ്യുജെയ്‌റയിലോ, അജ്മാനിലോ, ദുബായ് ജുമൈറ ബീച്ചിലോ പോയപ്പോള്‍ കണ്ട സൂര്യാസ്തമയമായിരിക്കും യു എ ഇ യിലെ പ്രവാസികള്‍ക്കുള്ളത്.

നാട്ടില്‍ അവധിക്ക് പോയാല്‍ ചിലപ്പോള്‍ സൂര്യോദയവും സൂര്യാസ്തമയുവുമെല്ലാം കാണാനാവുമായിക്കാം.

അങ്ങിനെ വര്‍ഷങ്ങള്‍ക്കു ശേഷം ഈയുള്ളവന് വീണു കിട്ടി സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ അവസരം. ഇതിനായി സ്വന്തമായി ഒരു ട്രേഡ് ലൈസന്‍സ് എടുത്തു ചെറിയ വ്യാപാരം ആരംഭിക്കേണ്ടി വന്നുവെന്ന് മാത്രം.

വൈകുന്നേരങ്ങളില്‍ ആറു മണിയോടെ വീട്ടിലെത്താനും രാവിലെ പത്തിന് ഓഫീസില്‍ പോകാനും അവസരമൊരുങ്ങി. പഞ്ചിംഗ് ഇല്ല, ബോസിന്റെ ശകാരമില്ല.. അങ്ങിനെ പല സൗകര്യങ്ങളും.. പക്ഷേ, മാസാമാസം കിട്ടുന്ന ശമ്പളമില്ല, ബിസിനസ് ഉണ്ടെങ്കില്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി എന്ന സംഭവം.

വൈകുന്നേരങ്ങളില്‍ സായാഹ്ന ഉല്ലാത്തലിന് അവസരം കിട്ടിയപ്പോള്‍ സമാനഹൃദയരായ ചിലരെ കണ്ടുമുട്ടി. അതിലൊരാളാണ് ഷാന്‍ ഷാജഹാന്‍ . ചെറിയ ചെറിയ ബിസിനസുകള്‍ ചെയ്യും, ഫ്രീലാന്‍സ് വീസ. വൈകുന്നേരങ്ങളില്‍ ഉല്ലാത്താനിറങ്ങുമ്പോള്‍, ഷവര്‍മക്കട, സാന്‍ഡ് വിച്ച് കട, തുടങ്ങിയ സംരംഭങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍. ചെറിയ സുൂപ്പര്‍മാര്‍ക്കറ്റുകളോട് ചേര്‍ന്ന് കിളിവാതില്‍ ചായക്കട ചെയിന്‍, ടീ ടൈം, ബെസ്റ്റ് ടീ, സ്‌നാക് ടൈം എന്നിവയില്‍ തുടങ്ങി സ്‌പൈസസ്, ഡ്രൈലമണ്‍ തുടങ്ങിയ ഇംപോര്‍ട്ട് കച്ചവടം ചിലപ്പോള്‍ ഒമാനിലെ ട്യൂണമത്സ്യം ഇറക്കുമതി വ്യാപാര സാധ്യതകളെക്കുറിച്ച് വരെ ചർച്ചകൾ നടക്കും.

ഒരിക്കല്‍ ഇത്തരത്തില്‍ നാരാങ്ങാ ഉണക്കി ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച നടന്നു കൊണ്ടിരിക്കെ ഒരു എക്‌സിക്യൂട്ടീവ് ലുക്കുള്ളയാള്‍ അടുത്തു വന്നു നിന്ന് ഗുഡ് ഈവനിംഗ് പറഞ്ഞുവന്നു കൈതന്നു. ടൈയൊക്കെ വൃത്തിയായി ധരിച്ചിട്ടുണ്ട്.

രണ്ടു പേരെ കണ്ടിട്ട് അര്‍ബാബാണെന്ന് മനസ്സിലായി ജോലിക്ക് അവസരമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് വരവില്‍ തന്നെ തോന്നി. എന്നാല്‍, ഗുഡ് ഈവനിഗ് പറഞ്ഞ ശേഷം അയാള്‍ സമീപമുണ്ടായിരുന്ന കാര്‍ ചൂണ്ടിക്കാണിച്ച് കാര്‍സഫായി കരേഗാ സാബ് എന്നു പറഞ്ഞു.

എക്‌സിക്യൂട്ടീവ് ലുക്കില്‍ വന്നിട്ട് കാര്‍ വൃത്തിയാക്കിത്തരാമെന്നോ,, ഇനി അയാളുടെ കാറാണോ ഇത്, അയാളുടെ ഹിന്ദി ഞങ്ങള്‍ക്ക് മനസ്സിലാകാതിരിന്നിട്ടാണോ.. കാര്‍ വൃത്തിയാക്കി തരാമോ എന്ന് ഞങ്ങളുടെ ലുക്ക് കണ്ട്. ബര്‍മുഡയും ടീഷര്‍ട്ടുമാണ് ഞങ്ങളുടെ വേഷം. ചോദിക്കുകയാണോ..

ഞാന്‍ എന്തെങ്കിലും പറയുമുമ്പ് കാര്‍ തുടയ്ക്കാനായി എക്‌സിക്യൂട്ടീവ് ബാഗ് തുറന്ന് സ്‌പോഞ്ചും ഒരു കുപ്പി വെള്ളവും എടുത്തു.

ആദ്യം പൊടി തുടച്ചുകളായാമെന്നും പിന്നെ ഈ കുപ്പിവെള്ളത്തില്‍ സ്‌പോഞ്ച് കഴുകിയശേഷം കാര്‍ തുടച്ചു തരാമെന്നും പറഞ്ഞു.

അപ്പോഴും ഞാനും ഷാനും വിചാരിച്ചത് ഇയാള്‍ അല്പം മാത്രം വെള്ളം ഉപയോഗിച്ച് കാര്‍ തുടയ്ക്കുന്ന പ്രത്യേകതരം സ്‌പോഞ്ച് ഞങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്ന മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവാണെന്നാണ്. എന്നാല്‍, ഞങ്ങളുടെ എല്ലാ പ്രതീക്ഷയും തെറ്റിച്ച് അയാള്‍ പറഞ്ഞു.

ജോലിയില്ല, ഭക്ഷണം കഴിക്കാന്‍ വേറെവഴിയില്ല, ജീവിക്കാനായി കാർ തുടയ്‌യുകയാണ്. ഞാനും ഷാനും പരസ്പരം അന്ധാളിച്ചു നോക്കി.

അയാള്‍ ഹിന്ദിയിലാണ് സംസാരിക്കുന്നത്.

കാര്‍ തുടയ്ക്കാന്‍ എന്തിനാണ് ടൈയും എക്‌സിക്യൂട്ടീവ് ബാഗുമെന്ന് ഞാന്‍ ചോദിച്ചു.

ബാച്‌ലര്‍ അക്കൊമൊഡേഷനില്‍ പറഞ്ഞിട്ടില്ല, ജോലിയുണ്ടെന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. ഈ വേഷം പല സത്യങ്ങളും മറയ്ക്കുന്നു. അയാള്‍ പറഞ്ഞു.

വണ്ടി ഞങ്ങളുടേതല്ല, വെറുതെ ചാരി നിന്ന് വര്‍ത്തമാനം പറയുകയായിരുന്നുവെന്ന് ഞാന്‍ അയാളോട് പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ എന്തെങ്കിലും നല്‍കാമോയെന്നായി അയാള്‍. വൈകീട്ടത്തെ സവാരി കഴിയുമ്പോള്‍ മിലാന് റസ്റ്റൊറന്റിലെ കിളിവാതിലില്‍ നിന്ന് സമോവര്‍ ചായയും പരിപ്പുവടയും കഴിക്കാന്‍ എടുത്തുവെച്ചിരുന്ന ആറു ദിര്‍ഹം എന്റെ കൈവശമുണ്ടായിരുന്നു. ഷാനാണെങ്കില്‍ അന്ന് പേഴ്‌സ് എടുക്കാന്‍ മറന്നും പോയിരുന്നു.

ഒടുവില്‍ അയാളുടെ ദൈന്യതയുടെ മുന്നില്‍ സമോവര്‍ ചായയും കടിയും ബലികഴിച്ച് പണം നല്‍കി. ശുക്രിയ പറഞ്ഞ് അയാള്‍ നടന്നകന്നു. ഇപ്പോഴും ടൈയൊക്കെ ധരിച്ച് ബാഗും പിടിച്ച് നടന്നു വരുന്ന പലരേയും കാണുമ്പോള്‍

“സാബ് ഗാഡി, സാഫ് കര്‍നേകാ? ” എന്ന ചോദ്യം ഉയരുമോയെന്ന സംശയം എന്നിലുണ്ടാകാറുണ്ട്.