ഗള്‍ഫനുഭവങ്ങള്‍ -18 : ഉരുക്കുപോലെ തോന്നിയ ബന്ധം ചരടു പോലെ പൊട്ടിയപ്പോള്‍

‘ചുരുങ്ങിയ സമയം കൊണ്ട് ഓടിവന്ന് മനസ്സില്‍ ഒരു ഇരിപ്പടം സ്വന്തമാക്കി, അത്രയും സമയം, കൊണ്ട് തന്നെ മനസ്സില്‍ വലിയൊരു ശൂന്യത നിറച്ച് മിണ്ടാതെ മടങ്ങിപ്പോകുന്ന ചില ബന്ധങ്ങളുണ്ട്. എല്ലാമായിരുന്നവര്‍ ഒരിടവേളയില്‍ ഒന്നുമല്ലാതായിപ്പോവുന്നു. ഒരു നിമിഷം പോലും അകലാനാവില്ലെന്ന് കരുതിയവര്‍ അപരിചിതരായി മാറുന്നു’ – ഇത് ഞാനല്ല, ആരു പറഞ്ഞാലും കുറയൊക്കെ സത്യമാണെന്ന് നിങ്ങളും സമ്മതിച്ചു തരും.

ജീവിതം അങ്ങിനെയാണ്. ലോകം ഇതുപോലൊയൊക്കയാണ്. ഇണങ്ങിയും പിണങ്ങിയും അടുത്തും അകന്നും യോജിച്ചും വിയോജിച്ചുമായി ജീവിച്ചു പോകുന്നു.

സോഷ്യൽ മീഡിയയിൽ പരതി നോക്കി സൂഹൃത്തിനെ കണ്ടുപിടിക്കുമ്പോഴും, ഡേറ്റിംഗ് ആപ് നോക്കി ജീവിത പങ്കാളിയെ തിരയുമ്പോഴും ഇണപിരിയാതെ അങ്ങ് ജീവിച്ചു പോകുമെന്നാകും ഏവരും കരുതുക. പക്ഷേ, ഹിറ്റാകുമെന്ന് കരുതി റിലീസ് ചെയ്യുകയും ബോക്‌സോഫീസില്‍ എട്ടു നിലയില്‍ പൊട്ടുകയും ചെയ്യുന്ന സിനിമകളുടെ അവസ്ഥയായിരിക്കും ചിലപ്പോള്‍ ഈ ബന്ധങ്ങളുടെ വിധി.

ജീവിതം പോലെ പ്രവചനാതീതമാണ് സ്‌നേഹ ബന്ധങ്ങളും. സൗഹൃദങ്ങള്‍ ദീര്‍ഘനാളത്തേക്ക് തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയുന്നുവെങ്കില്‍ അത് വലിയൊരു കാര്യമാണ്.

പ്രവാസ ജീവിതത്തിന്നിടയില്‍ പല വ്യക്തിത്വങ്ങളും നമ്മുടെ മുന്നിലേക്ക് കടന്നുവന്നിട്ടുണ്ടാകും. അവരില്‍ ചിലര്‍ ഇന്നും നല്ല സുഹൃത്തുക്കളായും ഉണ്ടാകാം.

പക്ഷേ, ചിലപ്പോഴെങ്കിലും അറുത്തു മുറിച്ചുമാറ്റിയ പോലെ ചില ബന്ധങ്ങള്‍ ഉണ്ടായിട്ടില്ലേ..? പൊടുന്നനെയാകും അവര്‍ ജീവിതത്തിലേക്ക് കടന്നു വരുക. അതുപോലെ തന്നെ എവിടെക്കോ മറഞ്ഞുപോകുകയും ചെയ്യും.

അടയും ചക്കരയും പോലെ, ടയറും ട്യൂബും പോലെ എന്നൊക്കെ വിശേഷിപ്പിക്കുന്ന ചില ബന്ധങ്ങള്‍.. നാട്ടിലെ ഒരു അവധിക്കാലം കഴിഞ്ഞ് മടങ്ങിവന്നപ്പോളാകാം. ഒരു നഗരം വിട്ട് മറ്റൊരു ഇടത്തിലേക്ക് താമസം മാറിയപ്പോഴാകാം. ജോലി പോയതിനാല്‍ നാട്ടിലേക്ക് മടങ്ങുകയും പിന്നീട് ആറോ ഏഴോ മാസത്തിനു ശേഷം വീണ്ടുമൊരു ജോലി ലഭിച്ച് മടങ്ങി വന്ന ശേഷമാകാം.. ചില ബന്ധങ്ങള്‍ പിന്നെ വിളക്കി ചേര്‍ക്കാന്‍ കഴിയാതെ പോകുന്നു..

തെറ്റിദ്ധാരണ, ആശയക്കുഴപ്പം, പരിഭവം, തുടങ്ങിയ നിസ്സാരകാരണങ്ങളാകാം ബന്ധം മുറിയാന്‍ കാരണം. പക്ഷേ, അപ്രതീക്ഷിത ചതി, വഞ്ചന എന്നിവയായാലോ… മുറിവില്‍ ഉപ്പുപുരട്ടുന്നതു പോലെയാകും.

സനില്‍ -അങ്ങിനെ വിളിക്കാം അയാളെ. പത്രപ്പരസ്യത്തിലെ നമ്പര്‍ കണ്ട് വിളിച്ചതാണ്. റിയല്‍ എസ്റ്റേറ്റ് ഏജന്റ്. മലയാളി മലയാളിയെ പൊടുന്നനെ തിരിച്ചറിഞ്ഞു. ആംഗലേയ ഭാഷയിലെ ഉച്ചാരണ പ്രത്യേകത. റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് ചുവടുമാറിയകാലം. ഫീല്‍ഡില്‍ അധികമാരേയും പരിചയമില്ല. സ്വന്തമായി വാഹനമായിട്ടില്ല, പത്രത്തിലെ പരസ്യങ്ങള്‍ നോക്കി ഓഫിസിലിരുന്ന് വിളിക്കുന്നു.

ലേബര്‍ ക്യാംപ്, വില്ലകള്‍ ഒക്കെ വേണം. എന്‍ക്വയറി ഉണ്ട്. അങ്ങിനെ വിളിക്കുന്നതിന്നിടെയാണ് സനിലിനെ കിട്ടിയത്. വിശദമായി പറഞ്ഞുവന്നപ്പോള്‍ രണ്ടു പേരുടേയും ഓഫീസുകള്‍ അധികം അകലെയല്ല. അരമണിക്കൂറിനുള്ളില്‍ ആള്‍ എന്റെ ഓഫീസിനു മുന്നിലെത്തി. അടുത്തുള്ള കഫ്‌തേരിയയില്‍ പോയി ചായ കുടിച്ചു.

വലിയൊരു ആത്മബന്ധത്തിന് അതൊരു തുടക്കമായി. കാര്‍ വാങ്ങിക്കാന്‍ പദ്ധതിയിടുകയാണെന്ന് പറഞ്ഞപ്പോള്‍, സനില്‍ വിലക്കി, അതിന്റെ ആവശ്യമില്ലെന്നും തനിക്കുള്ളത് റെന്റല്‍ ആണെന്നും പറഞ്ഞു. ഒരുമിച്ച് ബിസിനസ് ചെയ്യാമെന്ന വാക്കും തന്നു.

ഷാര്‍ജയില്‍ നിന്നും ദുബായിയിലേക്ക് ബസ്സിനാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ സനില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. പക്ഷേ, ഒരു നിബന്ധന രാവിലെ അഞ്ചു മണിക്ക് പുറപ്പെടണം, കാരണം ട്രാഫിക് തുടങ്ങുമുമ്പ് ദുബായിലെത്തണം. ബംബര്‍ ടു ബംബര്‍ ട്രാഫിക്കില്‍ കാറോടിക്കാന്‍ മൂപ്പര്‍ക്ക് അത്ര ഇഷ്ടമില്ല.

ഞാന്‍ ബസ്സ് യാത്ര തിരഞ്ഞെടുത്തു. അത്ര നേരത്തെ വീട്ടില്‍നിന്നും ഇറങ്ങാന്‍ എനിക്കു താല്‍പ്പര്യമുണ്ടായിരുന്നില്ല. രാവിലെ ഓഫീസില്‍ എത്തുമ്പോള്‍ സനിലിനെ ഞാന്‍ ഫോണ്‍ ചെയ്ത് അറിയിക്കും. ഞങ്ങള്‍ അവിടെ നിന്ന് വില്ലകള്‍, ലേബര്‍ ക്യാംപുകള്‍ തേടി യാത്രയാകും.

അങ്ങിനെ ഒരാഴ്ച കഴിഞ്ഞു കാണും. പരിചയയം സൗഹൃദത്തിലേക്ക് കടന്നു. വാരാന്ത്യ അവധി കഴിഞ്ഞുള്ള പ്രവര്‍ത്തി ദിവസം. സനിലിനെ ഞാന്‍ വിളിച്ചു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തെന്ന സന്ദേശമാണ് ലഭിച്ചത്.

മീറ്റിംഗിലാകും എന്നാണ് കരുതിയത്. അല്പ നേരം കഴിഞ്ഞപ്പോള്‍ സനില്‍ വിളിക്കുന്നു. ശബ്ദം ഇടറിയിട്ടുണ്ട്‌. “സഹോദരാ, ഞാന്‍ വീസ മാറാനായി കിഷ് ദ്വീപിലേക്ക് പോകുകയായിരുന്നു. ഇപ്പോള്‍ എമിഗ്രേഷനിലാണ്. എന്റെ പേരില്‍ ഒരു ചെക്ക് കേസുണ്ടെന്ന് പറയുന്നു. അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോവണം. ഞാനയച്ചു തരുന്ന ഡീറ്റേയില്‍സ് അവരെ കാണിക്കണം. അവിടെ ഒരു 5000 ദിര്‍ഹംസ് അടയ്ക്കണം. കേസ് ഒഴിയും. കാര്‍ വാടകയ്ക്ക് എടുത്ത വകയില്‍ കൊടുക്കാനുള്ളതാണ്. എല്ലാ മാസവും കൊടുക്കാറുള്ളതാണ്. കച്ചവടം കുറഞ്ഞതിനാല്‍ കഴിഞ്ഞ മൂന്നു മാസത്തെ വാടക കൊടുത്തില്ല. അയാള്‍ വിളിച്ചിരുന്നു. ഒരു ദേഷ്യത്തിന് ഗ്യാരണ്ടി ചെക്ക് ഉണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞിരുന്നു.

പക്ഷേ, അത് ബാങ്കിലിടുമെന്നും ബൗണ്‍സാകുമെന്നും അറിഞ്ഞില്ല. പെട്ടെന്നു വേണം. അല്ലെങ്കില്‍ എന്റെ പദ്ധതികള്‍ പൊളിയും ടിക്കറ്റിന്റേയും വീസയുടേയും പണം നഷ്ടപ്പെടും”. സനിലിന്റെ വിറയാര്‍ന്ന ശബ്ദം.

“നോക്കട്ടെ സമാധാനപ്പെട് ” -ഞാന്‍ ആശ്വസിപ്പിച്ചു. കൈയ്യിലെ പണം തികയില്ല, ഭാര്യയുടെ ശമ്പളത്തില്‍ നിന്നും അല്പം എടുത്തു. അയ്യായിരവുമായി നേരേ പോലീസ് സ്റ്റേഷനിലേക്ക്.

ഗള്‍ഫിലെത്തിയ ശേഷം ആദ്യമായാണ് ഒരു പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നത്. റിസപ്ഷനില്‍ എത്തി കാര്യം പറഞ്ഞു. മൂദീറിന്റെ ക്യാബിനിലേക്ക് പോയി. വിവരങ്ങള്‍ കൈമാറി. അയ്യായിരം അടച്ചു. ചെക്ക് തിരിച്ചു തന്നു. ഐഡി കാര്‍ഡിന്റെ കോപ്പി എടുത്ത് അതില്‍ ചെക്ക് തിരികെ ലഭിച്ചതായും മറ്റും എഴുതി ഒപ്പിട്ടു കൊടുത്തു.

ഏതാനും സമയം കഴിഞ്ഞപ്പോള്‍ സനിലിന്റെ വിളി വന്നു. എമിഗ്രേഷന്‍ ക്ലിയറായി. പോയി വന്ന ശേഷം കാണാം.

രണ്ടു ദിവസത്തിനുശേഷം സനില്‍ തിരികെ എത്തി. നേരിട്ട് എന്നെ കാണാനാണ് വന്നത്. വന്നപാടെ കെട്ടിപ്പിടിച്ചു. “എനിക്ക് ഒരു സഹോദരനെ ലഭിച്ചു, ഇക്കാലത്ത് സ്വന്തം സഹോദരന്‍ പോലും ചെയ്യാത്ത കാര്യമാണ് എനിക്കു വേണ്ടി ചെയ്തത്. “

എന്നെ വിളിക്കും മുമ്പ് സഹപ്രവര്‍ത്തകരേയും ചില സുഹൃത്തുക്കളേയും വിളിച്ചിരുന്നുവെന്നും അവരെല്ലാം ഒരോരോ ഒഴിവുകഴിവു പറഞ്ഞ് കൈവിട്ടതായും. ഒടുവില്‍ ഒരാഴ്ച മുമ്പ് പരിചയപ്പെട്ടയാളെ അവസാനശരണമായി കണ്ട് വിളിച്ചതാണെന്നും സനില്‍ പറഞ്ഞു. ആ കണ്ണുകള്‍ നിറഞ്ഞു.

അന്നു തൊട്ട് സൗഹൃദം സാഹോദര്യ സ്‌നേഹമായി മാറി. രണ്ടു മൂന്നു വേനല്‍ക്കാലം കഴിഞ്ഞു. ഇടയ്ക്ക് ഞാന്‍ നാട്ടിലേക്ക് പോയി. കുറച്ചു ദിവസം അവധിക്കാലം. സനിലും നാട്ടിലുണ്ടായിരുന്നു.

എന്നെ കാണാന്‍ വടക്കുനിന്നും ടാക്‌സി പിടിച്ചെത്തി. ജോലി പോയെന്നും തിരിച്ച് പോകണം. എന്തെങ്കിലും സഹായം ചെയ്യാന്‍ പറ്റുമോ എന്ന് ആശങ്കയും ദുഖയും നിഴലിക്കുന്ന വാക്കുകളില്‍ ചോദ്യം.

എന്റെ കമ്പനിയില്‍ ജോലി ശരിയാക്കാമോ ? സുഹൃത്തു കൂടിയായ കമ്പനി ഉടമയോട് ഞാന്‍ ഫോണില്‍ വിളിച്ചു സംസാരിച്ചു. ജോലി കൊടുക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. വിമാനടിക്കറ്റിനുള്ള പണം വേണമെന്ന് അഭ്യര്‍ത്ഥിച്ചു.

ടാക്‌സി കൂലി ഇല്ലെന്നു പറഞ്ഞതിനാല്‍ അതും ചേര്‍ത്ത് പണം നല്‍കി. സന്തോഷത്തോടെയാണ് സനില്‍ പോയത്.

ഒരു മാസത്തെ എന്റെ അവധി കഴിഞ്ഞ് ഞാന്‍ മടങ്ങാനിരിക്കെ സുഹൃത്തും കമ്പനി ഉടമയുമായ ആള്‍ വിളിച്ചു. സനില്‍ എന്തോ പ്രശ്‌നം ഉണ്ടാക്കി. ആളെ പറഞ്ഞുവിട്ടു. നിങ്ങളുടെ ശിപാര്‍ശയിലാണ് എടുത്തത്. ഇത്തരക്കാരനായിരുന്നോ ? അയാൾ കമ്പനിയറിയാതെ കച്ചവടം നടത്തി. വില്ല വാടയ്‌ക്കെടുത്ത അറബിയുടെ കൈയ്യില്‍ നിന്നും ഫര്‍ണീഷിംഗിന് എന്നു പറഞ്ഞ് പണം കൈപ്പറ്റി. പിന്നെ മുങ്ങി. അയാള്‍ പരാതിയുമായി ഇവിടെ വന്നു. പണം ഞാന്‍ കൊടുത്തു. അപ്പോള്‍ തന്നെ ടെര്‍മിനേഷനും അടിച്ചുവെച്ചു. ഇതുവരെ ആളെ കണ്ടിട്ടില്ല, വിവരം പറഞ്ഞുവെന്നേയുള്ളു.

ആ വാക്കുകളിൽ പരിഭവം നിറഞ്ഞിരുന്നു.

അവധിക്കാലം കഴിഞ്ഞ് ഞാന്‍ തിരികെ എത്തിയെങ്കിലും സനിലിനെ അന്വേഷിച്ചിട്ട് കണ്ടെത്താനായില്ല.. എന്തിനാണ് അയാള്‍ അങ്ങിനെ ചെയ്തതെന്ന് എത്ര ആലോചിട്ടും എനിക്ക് മനസ്സിലായില്ല. മൂന്നു വര്‍ഷം കൂടെ നടന്നപ്പോഴൊന്നും ഇത്തരത്തിലൊരു സ്വഭാവം കാണിച്ചിട്ടില്ല.

സാമ്പത്തിക ബുദ്ധിമുട്ട് മൂലമാകും ഈ വഴിയൊക്കെ തിരഞ്ഞെടുത്തതെന്ന് കരുതി ഞാന്‍ സമാധാനിച്ചു. വര്‍ഷങ്ങള്‍ കടന്നു പോയി. ആത്മാര്‍ത്ഥ സുഹൃത്തും സഹോദര തുല്യനായും കണ്ടയാളെ ഞാനും പയ്യെ പയ്യെ മറന്നു.

ഒരിക്കല്‍ ഒരു ഈ മെയില്‍ വന്നു. “എല്ലാത്തിനും മാപ്പ്. എന്നെ ഏറെ സഹായിച്ച വ്യക്തിയാണ്. ചെയ്തുപോയതോര്‍ത്ത് ഖേദിക്കുന്നു. “

മറുപടി നല്‍കാന്‍ എന്തോ എനിക്ക് തോന്നിയില്ല. വൈകിപ്പോയില്ലേ.. എന്താണ് ഇപ്പോള്‍ ഈ ഏറ്റുപറച്ചില്‍.

കുറച്ചു നാള്‍ കഴിഞ്ഞ് വീണ്ടും മെയില്‍. “എനിക്ക് ഇപ്പോഴും നിങ്ങള്‍ സഹോദരന്‍ തന്നെയാണ്.. ചെയ്ത പ്രവര്‍ത്തികള്‍ക്ക് നന്ദിയുണ്ട്. എന്നെ വെറുക്കരുത്. ശപിക്കരുത്. “

എന്തോ.. എനിക്ക് ആ മെയിലിനും മറുപടി നല്‍കാന്‍ തോന്നിയില്ല. അതിനു ശേഷം ആ ബന്ധം മുറിഞ്ഞു പോയി. വിളക്കി ചേര്‍ക്കാനാകാത്ത വിധം അകന്നു പോയി. ഇനിയൊരിക്കല്‍ നേരിട്ടു കണ്ടാല്‍ സംസാരിക്കും. എന്റെ മനസ്സില്‍ യാതൊരു വെറുപ്പുമില്ല. പക്ഷേ, പഴയ സ്‌നേഹം അതുണ്ടാകുമോന്ന് അറിയില്ല.

വളരെ അടുത്ത ശേഷം രണ്ട് മനസ്സുകൾ വേർപെടുകയാണ്. അവർ അങ്ങിനെ അന്യരായി തീരുകയാണ്.

ആദ്യം പറഞ്ഞ വാക്‌ധോരണിയുടെ അവസാന വാക്കുകള്‍ കൂടി കുറിക്കട്ടെ.. “പ്രവചനങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അതീതമായി കണക്കുകള്‍ മെനയുന്നവനേ, ഇനിയും ഊരാക്കുടക്കുകള്‍ കാട്ടിത്തരുക. ഞങ്ങള്‍ പഠിക്കട്ടെ, ജീവിതത്തിന്റെ മഹത്തായ ഉത്തരങ്ങളുള്ള പാഠങ്ങൾ ..”