ഗള്‍ഫനുഭവങ്ങള്‍ -17 : അറേബ്യയിലെ സുല്‍ത്താന്‍ -ഗള്‍ഫിലെ ആദ്യ മലയാള സായ്ഹാന പത്രം

നാട്ടിലെ വാര്‍ത്തകള്‍ ക്ഷീണിച്ച് ഒന്നുറങ്ങി, വിമാനമേറി മാത്രം വന്നിരുന്ന ഒരു കാലം. നാട്ടുവിശേഷങ്ങള്‍ ചൂടോടെ അറിയാന്‍ പ്രവാസികള്‍ ആഗ്രഹിച്ച സമയം, ബഹുവര്‍ണ്ണത്തില്‍ അച്ചടി മഷി പുരണ്ട് പച്ചമലയാളാക്ഷരങ്ങളിൽ ചൂടുവാർത്തകളുമായി ഒരു സായാഹ്ന പത്രം പിറവിയെടുത്തു.

അതുവരെ വാരികയായി ഇറങ്ങിയിരുന്ന അറേബ്യയിലെ സുല്‍ത്താന്‍ അന്നു മുതല്‍ ഉച്ചകഴിഞ്ഞ നേരങ്ങളില്‍ നിരത്തിലേക്കിറങ്ങിവന്നു. നാലുമണി ചായ കുടിക്കുമ്പോള്‍ വിവിധ കടികള്‍ക്കൊപ്പം നാട്ടുവിശേഷം..

അറേബ്യ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട സായാഹ്ന പത്രം. പ്രവാസി മലയാളികള്‍ക്ക് തൽക്ഷണം വാര്‍ത്തകളറിയാന്‍ ഒരുവസരം ഒരുങ്ങി. അവര്‍ അത് ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. പത്രം തുടങ്ങി കുറച്ചു നാളുകള്‍ക്ക് ശേഷമാണ് ആ ടീമിലേക്ക് ഞാന്‍ ജോയിന്‍ ചെയ്യുന്നത്.

വിദേശത്ത് മാധ്യമ മേഖലയില്‍ ജോലിചെയ്ത് പരിചയമുള്ള മലയാളി പത്രപ്രവര്‍ത്തകര്‍ക്കൊപ്പം നാട്ടില്‍ നിന്നും പറന്നെത്തിയ ഞാനടക്കമുള്ള ഏതാനും പേര്‍.

കേരളത്തില്‍ രാഷ്ട്രദീപിക എന്ന സായാഹ്ന പത്രത്തിലും കേരള കൗമുദി ഫ്‌ളാഷ് എന്ന മധ്യാഹ്ന പത്രത്തിലും ജോലി ചെയ്ത പരിചയമായിരുന്നു എന്റെ യോഗ്യത. കേരളകൗമുദിയില്‍ നേരത്തേ ജോലി ചെയ്തിരുന്ന പ്രിന്‍സാണ് എനിക്ക് വഴികാട്ടിയായത്.

മലയാളം ന്യൂസ് എന്ന പേരില്‍ സൗദിയില്‍ നിന്നിിറങ്ങിയ പത്രമായിരുന്നു ഗള്‍ഫിലെ ആദ്യ മലയാള ദിനപത്രം. അറേബ്യ വാരികയായി തുടങ്ങുകയും പിന്നീട് സായാഹ്നപത്രമായി മാറുകളയും ചെയ്തു. യുഎഇയിലെ ആദ്യ മലയാളം സായാഹ്ന പത്രമെന്ന ബഹുമതിയും നേടി.

32 പേജില്‍ ടാബ്ലോയിഡ് സൈസില്‍ ഇറങ്ങിയ ബഹുവര്‍ണ പത്രം പൊടുന്നനെയാണ് പ്രവാസികളുടെ ഇടയില്‍ ചര്‍ച്ചാ വിഷയമായത്.

സ്‌പോര്‍ട്‌സ്, സിനിമ, പാചകം, ഫീച്ചറുകള്‍, വാര്‍ത്താവലോകനങ്ങള്‍, കൂടാതെ പ്രാദേശിക വാര്‍ത്തകളും. എല്ലാ മസാലകളും ചേര്‍ന്ന വിഭവസമൃദ്ധമായ വാര്‍ത്താനുഭവം.

നാട്ടിൽ അച്ചടിച്ച ശേഷം , ഒരു കടൽ താണ്ടി വിമാനമേറിവന്ന മലയാളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ അല്പം ചൂടാറിയ ശേഷമാണ് പ്രവാസി മലയാളികളുടെ വീട്ടുവരാന്തയില്‍ എത്തിയിരുന്നത്. ഗള്‍ഫ് ന്യൂസ്, ഖലീജ് ടൈംസ്, ഗള്‍ഫ് ടുഡെ തുടങ്ങിയ പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങള്‍ക്കൊപ്പമാണ് രാവിലെ വരുന്നതെങ്കിലും രണ്ട് രാവുറങ്ങി ഉണർന്ന ശേഷമാണ് ആ വരവ്.

അതിനു ബദലയാണ് അറേബ്യയുടെ അവതാരം. ഉച്ചയ്ക്ക് ശേഷം അന്നത്തെ വാര്‍ത്തകളുമായാണ് അറേബ്യ ഇറങ്ങുന്നത്. അതിരാവിലെ മോട്ടോര്‍ ബൈക്കുകളില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ കൊണ്ടു പോകുന്നവരെ കണ്ടു ശീലിച്ചവരെ ഞെട്ടിച്ചാണ് മിസ്തുബഷി ലാന്‍സര്‍ കാറുകളില്‍ പത്രം വിതരണം ചെയ്യുന്ന ഏജന്റുമാരെ അറേബ്യയുടെ മാനേജ്‌മെന്റ് രംഗത്തിറക്കിയത്.

ഷാര്‍ജ അല്‍നാദയിലെ എഡിറ്റോറിയല്‍ ഡെസ്‌ക് രാവിലെ ഏഴുമണിക്ക് ഉണരും. ഉച്ചയോടെ 32 പേജുകള്‍ തയ്യാറായി പ്രസ്സിലേക്ക്. ദുബായിലെ അല്‍ നിസര്‍ പബ്ലീഷിംഗിന്റെ പ്രസില്‍ നിന്നും പത്രക്കെട്ടുകളുമായി നാല്‍പതോളം ലാന്‍സറുകള്‍ പ്രവാസികളായ വായനക്കാരെ തേടി വരിവരിയായി പോകുന്ന കാഴ്ച .

കൊച്ചിയില്‍ നിന്നും വന്നിറങ്ങിയ എനിക്ക് ഇതൊാെരു അത്ഭുത കാഴ്ചയായിരുന്നു. കേരളത്തിന്റെ വാണിജ്യ തലസ്ഥാനത്ത് അന്ന് ലാന്‍സര്‍ ഉള്ളത് ഒന്നോ രണ്ടോ വന്‍കിട വ്യവസായികള്‍ക്ക് മാത്രമായിരുന്നു. മന്ത്രിമാര്‍ പോലും അംബാസഡര്‍ കാറില്‍ സഞ്ചരിക്കുന്ന കാലം. കോണ്ടെസ എന്ന കാറായിരുന്നു ആഡംബരത്തിന്റെ പ്രതീകം.

ദുബായി നഗരം ചൂറ്റിയടിക്കാനുള്ള സുവര്‍ണാവസരമാണ് എന്റെ മുന്നില്‍ തെളിഞ്ഞത്. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന ഡ്യൂട്ടി ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിക്കും. പിന്നെ വൈകീട്ട് അഞ്ചു മണിയ്ക്ക് എത്തിയാല്‍ മതി. രണ്ട് മണിക്കൂര്‍ പിറ്റേന്നെയ്ക്കുള്ള ചില ഫീച്ചറുകള്‍, സിനിമ വാര്‍ത്തകള്‍ തയ്യാറാക്കല്‍ എന്നിവയ്ക്കായാണ് ഈ രണ്ടു മണിക്കൂര്‍ ഡ്യൂട്ടി.

ഡെസ്‌കിലെ സഹപ്രവര്‍ത്തകര്‍ ഉച്ചയൂണിനും അതുകഴിഞ്ഞുള്ള ചെറുമയക്കത്തിനുമായി താമസയിടങ്ങളിലേക്ക് പോകുമ്പോള്‍, പത്രം വിതരണം ചെയ്യുന്ന ന്യൂസ് പേപ്പര്‍ ബോയ് അണ്ണന്‍മാരെ ചാക്കിട്ട് ലാന്‍സറില്‍ കയറി ഞാൻ നഗരം ചുറ്റും.

ദെയ് ര, ഖിസൈസ്, കരാമ, ജൂമൈറ, തുടങ്ങിയ ദുബായ് നഗരത്തിലെ വിവിധ ഇടങ്ങള്‍, പിന്നെ, സമീപത്തുള്ള ഷാര്‍ജ.

ഇങ്ങിനെ ഒരോ സ്ഥലവും ചുറ്റിക്കണ്ടു. വൈകുന്നേരം മടങ്ങിയെത്തും. യുഎഇയിലെത്തി പത്തു ദിവസത്തിനുള്ളില്‍ പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം ഞാന്‍ ചെന്നെത്തി.

പത്രം വിതരണം ചെയ്യുന്നയാള്‍ക്കൊപ്പമുള്ള ഈ കറക്കത്തിന് ഒരു ഫ്‌ളാഷ്ബാക്ക് പരിചയവും എനിക്കുണ്ട്. നാട്ടിലെ ബാല്യകാലത്ത് രാവിലെ പത്രം ഇടുന്ന കുഞ്ഞച്ചന്‍ എന്നയാളിനൊപ്പം സൈക്കിളില്‍ ആ പ്രദേശമാകെ കറങ്ങുന്ന സ്വഭാവക്കാരനായിരുന്നു ഞാന്‍.

രാവിലെ ആറര മണിയാടെ കുഞ്ഞച്ചന്‍ വീട്ടിലെത്തും, അച്ഛനുമായി അല്പം നേരം കുശലം പറയും. ഒരു ചായ കുടിക്കും. തുടര്‍ന്ന് സൈക്കിള്‍ സവാരിയില്‍ എന്നേയും കൂട്ടും. പ്രൈമറി ക്ലാസില്‍ പഠിക്കുന്ന പ്രായം. കുറഞ്ഞത് രണ്ട് റോഡിലൂടെയെങ്കിലും കുഞ്ഞച്ചന്‍ എന്നെയും മുന്നില്‍ ഇരുത്തി പത്രം വിതരണം ചെയ്യും. മടക്കി വീട്ടില്‍ കൊണ്ടുവന്നാക്കും. മറ്റ് വീടുകളിലും പൊതുവെ നാട്ടിലും നടന്ന വിശേഷങ്ങൾ ന്യൂസ് റിപ്പോർട്ടറെ പോലെ അടുക്കളയിൽ വന്ന് അമ്മയെ പറഞ്ഞു കേൾപ്പിക്കും .. ന്യൂസ് ഏജൻ്റ് എന്നായിരുന്നു വല്യമ്മയുടെ കളിയാക്കിയുള്ള വിളി.

പത്രത്തിൻ്റെ മുൻ പേജിൽ വെണ്ടക്കമുഴുപ്പില്‍ നിരത്തിയ വാര്‍ത്തകള്‍ മാത്രമാണ് അന്ന് ഞാന്‍ വായിച്ചിരുന്നത്. അടിയന്താരാവസ്ഥയുടെ അക്കാലത്ത് രാജന്‍ സംഭവം എന്ന തലക്കെട്ട് പതിവായി വായിച്ചിരുന്നത് ഇപ്പോഴും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നുണ്ട്.

വൈക്കത്തെ ഇടവഴികളിലൂടെ പത്ര വിതരണക്കാരൻ്റെ സൈക്കിളിനു മുന്നിലിരുന്ന് യാത്ര ചെയതിന്റെ ഓര്‍മകളായിരുന്നു ലാന്‍സറിന്റെ മുന്‍ സീറ്റിലിരുന്ന് അറേബ്യയുടെ പത്രം വിതരണക്കാരനൊപ്പം ദുബായ് നഗര വീഥികളിലൂടെ സഞ്ചരിച്ചപ്പോളെല്ലാം എന്റെ മനസ്സു നിറയെ പൂത്തുലഞ്ഞ് നിന്നിരുന്നത്. നാടായാലും, നഗരമായാലും, വാർത്തകൾ – അവ അവസാനിക്കുന്നതേയില്ല.