ഒരു തോരാമഴക്കാലത്ത്, പിറന്ന മണ്ണും , വളർന്ന വീടും , വലിയ കുഴപ്പില്ലാതിരുന്ന ജോലിയും ഉപേക്ഷിച്ചുള്ള യാത്രയ്ക്ക് കാര്യമായ തയ്യാറെടുപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
വീട്ടില്‍ നിന്ന് രണ്ടു ദിവസം മാറി നില്‍ക്കുമ്പോഴുള്ള ലാഘവത്തോടെയായിരുന്നു ആ യാത്ര. വിമാനത്താവളത്തിലേക്ക് ആരും വരണ്ടേതില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഒരൊറ്റ പെട്ടിയില്‍ വസ്ത്രങ്ങള്‍ മാത്രം.
ടാക്സിയില്‍ കയറി യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ കാണാ ദൂരെ വരെ കാറിനു പിന്നിലായി ഭാര്യ കൈവീശിക്കൊണ്ട് ഓടിവന്നത് ഇന്നും മനസ്സിലുണ്ട്. ഒക്കത്തു വെച്ച ആറുവയസ്ലുകാരി മകളേയും കൊണ്ടായിരുന്നു ആ ഓട്ടം. വീട്ടില്‍ നിന്ന് ഇറങ്ങി ഇടവഴി വിട്ട് മെയിന്‍ റോഡിലേക്ക് കാറു കയറും വരെ പിന്നിലേക്ക് നോക്കി ഞാനും കൈവീശി കാണിക്കുന്നുണ്ടായിരുന്നു.
പുള്ളിക്കാരത്തിക്ക് നല്ല വിഷമമുണ്ട്.. ടാക്സി ഓടിച്ചിരുന്നയാള്‍ പറഞ്ഞു.
രാവിലെ അമ്മയും വളരെ ദുഖിതയായിരുന്നു. യാത്ര പൊടുന്നനെയായിരുന്നു. വീസ വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിരുന്നുവെങ്കിലും പോകാന്‍ മാനസികമായി ഞാന്‍ തയ്യാറെടുത്തിരുന്നില്ല, അമ്മയും ഭാര്യയും കുഞ്ഞും മാത്രമുള്ള ആ വീട്ടില്‍ അവരെ തനിച്ചാക്കി പോകുന്നതിനോട് വിമുഖത.
വര്‍ഷത്തില്‍ ഒരു മാസം മാത്രം അവധി. വിസിറ്റ് വീസയില്‍ ചെന്ന ശേഷം മൂന്നു മാസം കഴിഞ്ഞാകും എംപ്ലോയ്മെന്റ് വീസ ലഭിക്കുക എന്ന് സുഹൃത്തും നാട്ടില്‍ സഹപ്രവര്‍ത്തകനുമായിരുന്ന പ്രിന്‍സ് പറഞ്ഞിരുന്നു.
യു എ ഇ യിലെ ആദ്യ മലയാള പത്രമായ അറേബ്യയിൽ സബ് എഡിറ്ററായാണ് ജോലി, നാട്ടില്‍ കേരളകൗമുദിയിലെ ജോലി കളഞ്ഞിട്ടായിരുന്നു പോക്ക്. പ്രിന്‍സും കേരള കൗമുദിയില്‍ നിന്ന് രാജി വെച്ചാണ് അറേബ്യയില്‍ എത്തിയത്. സ്പോര്‍ട്സ്, ബിസിനസ്, ഫിലിം പേജ് ഒക്കെ ചെയ്യാന്‍ സബ് എഡിറ്ററെ വേണമെന്ന് പ്രിന്‍സ് പറഞ്ഞിരുന്നു.
അങ്ങിനെയാണ് ആ യാത്രയ്ക്ക് കളമൊരുങ്ങിയത്. പത്രത്തിൻ്റെ ചീഫ് എഡിറ്റർ സജദ് ഹസ്സന് ടെലിഫോണിൽ നടത്തിയ ഇൻ്റർവ്യൂന് ശേഷം ജോലി ഉറപ്പിച്ചു. പക്ഷേ, ജോയിൻ ചെയ്യുന്നതിനെ കുറിച്ച് ഉറപ്പ് പറയാതെ എത്ര നാള്, ഒടുവില്‍ തീരുമാനിച്ചു. അങ്ങിനെയാണ് യാത്ര. ടിക്കറ്റെടുത്തു, നാലു ദിവസം മാത്രം.
ഇവിടെ പോരേ, എന്തിനാണ് വിദേശത്തേക്ക് പോകുന്നത്. ഭാര്യയുടെ പരിഭവമായിരുന്നു ആദ്യം. അച്ഛന് പോവരുതെന്ന് ഒന്നാം ക്ലാസുകാരിയായ മകള്‍. വേണോ , ഒന്ന് കൂടി ആലോചിക്ക് എന്ന് അമ്മ. വല്ലാത്ത സാഹചര്യം.
പോയി നോക്കാം, വിസിറ്റ് വീസയല്ലേ, മൂന്നു മാസം കഴിഞ്ഞ് പറ്റുന്നില്ലെങ്കില്‍ മടങ്ങി വരാം. എന്റെ ആശ്വാസ വചനങ്ങളൊന്നും അവര്‍ക്കാര്‍ക്കും സ്വീകാര്യമായില്ല.
2006 ജൂലൈ 12 രണ്ടു മൂന്നു ദിവസമായി നല്ല മഴയാണ്. അന്ന് പുലർച്ചെ തന്നെ തോരാ മഴ ഇരമ്പിയെത്തി. പക്ഷേ, പുറപ്പെടുന്ന നേരം മാനം ഇരുണ്ട് തന്നെയായിരുന്നുവെങ്കിലും മഴ മാറി നിന്നു. രാവിലെ പത്തു മണിക്കുള്ള ഫ്ളൈറ്റ്. ആറു മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങണം. അമ്മ ചൂടുള്ള ഇഡ്ഡലിയും നല്ല തേങ്ങാചട്ണിയും വിളമ്പി തന്നു. ഒപ്പം ആവി പറത്തി കടുപ്പത്തിലൊരു ചായയും ഇത്ര നേരത്തേ അധികം കഴിക്കാനാവില്ലെന്ന് ഞാന്‍ പറഞ്ഞുവെങ്കിലും വയര്‍ നിറയെ കഴിക്കാന്‍ അ്മ്മയുടെ നിര്‍ബന്ധം. വയറു നിറഞ്ഞുവെന്ന് പറഞ്ഞിട്ടും പിന്നേയും വിളമ്പുന്ന അമ്മ.
മഴക്കാലത്തെ തണുപ്പില്‍ പുതപ്പിനുള്ളില്‍ ചുരുണ്ടുറങ്ങുന്ന മകളെ വിളിച്ചെഴുന്നേല്‍പ്പിച്ച ഭാര്യയെത്തി. കണ്ണൊക്കെ നിറഞ്ഞ നിലയിലായിരുന്നു. വാക്കുകള്‍ക്ക് പരിമിതികളുണ്ടായിരുന്നു. തോളില്‍ ചേര്‍ത്തു പിടിച്ചുള്ള യാത്രപറച്ചില്‍, മകള്‍ക്ക് ഒരു ഉമ്മ.. ഉപചാരങ്ങൾ അധികമില്ലാതെ ഒരു യാത്രയയപ്പ് .
വിമാനത്താവളത്തില്‍ എത്തും വരെ ഈ ദൃശ്യങ്ങൾ മനസ്സ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ആദ്യ വിദേശയാത്രയുടെ അങ്കലാപ്പൊന്നുമില്ലാതെ എമിഗ്രേഷനുമെല്ലാം കഴിഞ്ഞ് വിമാനമേറി. രണ്ടാം വിമാനയാത്രയായിരുന്നു. ആദ്യം പോയത് മുംബൈയ്ക്ക്. അര്‍ബുദ രോഗിയായ അമ്മാവന് മരിച്ചപ്പോള്‍ അമ്മയുമായി. ആന്ന് ജെറ്റ് എയര്വേസിലായിരുന്നുവെങ്കില് ഇത് എമിറേറ്റ്സ് എയര്‍വേസില്‍.
ഉച്ചയ്ക്ക് ഒരു മണിക്കാണ് ദുബായയില്‍ വിമാനമിറങ്ങുന്നത്. ലാന്‍ഡ് ചെയ്യും മുമ്പ് പൈലറ്റിന്റെ അറിയിപ്പെത്തി. ചില തടസ്സങ്ങള്‍ മൂലം വിമാനം ഷാര്‍ജയില്‍ ഇറങ്ങുകയാണെന്ന്. ആകെ ആശയക്കുഴപ്പമായി. രണ്ട് മണിയോടെ കൂട്ടിക്കൊണ്ടു പോകാന്‍ വീസ തന്ന പ്രസ് സെന്റര്‍ എന്ന കമ്പനിയുടെ വാഹനം എത്തുമെന്നും പേര് എഴുതി പിടിച്ച് ആള് അവിടെയുണ്ടാകുമെന്നും പറഞ്ഞിരുന്നു.
ഒന്നരയ്ക്ക് ഷാര്ജയിലിറങ്ങുമെന്ന് പറഞ്ഞ വിമാനം ആകാശത്ത് വട്ടമിട്ട് പറന്നുകൊണ്ടിരുന്നു. വിന്‍ഡോ സീറ്റിനടുത്തായിരുന്ന എനിക്ക് മരുഭൂമി മാത്രമാണ് താഴേ കാണാനുണ്ടായിരുന്നത്..
തവിട്ടും ചുവപ്പും കലര്‍ന്ന മണല്‍കാട്. നോക്കെത്താ ദുരം വരെ.. പത്തിരുപത് മിനിട്ടോളം വിമാനം വട്ടമിട്ട് പറന്നു. വീണ്ടും പൈലറ്റിന്റെ അറിയിപ്പുണ്ടായി. വിമാനം അബുദാബിയിലേക്ക് പോകുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിവില്ല. അബുദാബി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുമെന്ന് പറഞ്ഞുവെങ്കിലും മുക്കാല്‍ മണിക്കൂറിനു ശേഷം ഷാര്‍ജയിലാണ് വിമാനം ലാന്‍ഡ് ചെയ്തത്.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. ദുബായ് വിമാനത്താവളങ്ങളില്‍ പതിവില്ലാത്ത ട്രാഫിക് അനുഭവപ്പെടുന്നു ഇതിനാല്‍ ഷാര്‍ജയില്‍ ലാന്‍ഡു ചെയ്തുവെന്ന് പൈലറ്റ് അറിയിച്ചു.
വിമാനത്തിനുള്ളില്‍ വെച്ച് രാവിലെ സാന്‍ഡ് വിച്ച് ലഭിച്ചിരുന്നു. പക്ഷേ, രാവിലെ അമ്മ തന്ന ഇഡ്ഡലി വയറില്‍ നിറഞ്ഞു കിടന്നിരുന്നതിനാല്‍ ആ സാന്‍ഡ് വിച്ച് വേണ്ടെന്നു വെച്ചിരുന്നു. പക്ഷേ, ഉച്ച കഴിഞ്ഞതോടെ വിശപ്പ് തുടങ്ങി. ഭക്ഷണം നിരാകരിക്കാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ശപിച്ചു.
നേരിയ തലവേദനയും തുടങ്ങിയിരുന്നു. ഏതാണ്ട് ഒന്നര മണിക്കൂറോളം ഷാര്‍ജയിലെ റണ്‍വേയില്‍ വിമാനം കിടന്നു. ഇവിടെയാണോ ഇറങ്ങേണ്ടതെന്ന് ആരോ എയര്‍ ഹോസ്റ്റസിനോട് ചോദിച്ചു.
അനുമതി ലഭിച്ചിട്ടില്ലെന്നും ദുബായിയിലേക്ക് തന്നെ പോവേണ്ടി വരുമെന്നും കാത്തിരിക്കാനും അവര്‍ പറഞ്ഞു.
വിശന്നു വലഞ്ഞതോടെ യാത്രക്കാര്‍ ഭക്ഷണത്തിനായി മുറവിളി ഉയര്‍ത്തിത്തുടങ്ങിയിരുന്നു. നാലു മണിക്കൂര്‍ ഫ്ളൈയിംഗ് ടൈം മാത്രമുള്ളതിനാല്‍ ഭക്ഷണം കൃത്യമായ അളവില്‍ മാത്രമാണ് സൂക്ഷിച്ചിട്ടുള്ളതെന്നും എല്ലാവര്ക്കും നല്‍കാനുള്ള ഭക്ഷണം ഇല്ലെന്നും കുട്ടികള്‍ക്കും മരുന്നുകള്‍ കഴിക്കുന്ന യാത്രക്കാര്‍ക്കും മുന്‍ഗണന നല്‍കാമെന്നും അവര്‍ പറഞ്ഞു.
പറഞ്ഞതു പോലെ കുട്ടികള്‍ക്കും മുതിര്‍ന്ന ചില യാത്രക്കാര്‍ക്കും ഭക്ഷണം ലഭിച്ചു. ഒരു മണിക്കൂര്‍ സമയം കൂടി കടന്നു പോയി.
തലവേദന കൂടിവന്നു. നാലര മണിയോടെ വിമാനം പറന്നു പൊങ്ങി. പത്തു മിനിട്ടിനുള്ളില്‍ ദുബായിയില്‍ ലാന്‍ഡു ചെയ്തു. എമിഗ്രേഷന്‍ എല്ലാം കഴിഞ്ഞ് മുക്കാല്‍ മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തിനു പുറത്തേക്ക്.
എന്തുകൊണ്ടാണ് ദുബായ് വിമാനത്താവളത്തില്‍ ട്രാഫിക് കൂടിയതെന്ന് അറിയാന്‍ ചെറിയൊരു ശ്രമം നടത്തി. ലബനണില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണമാണ് വിമാനങ്ങളെ വഴിതിരിച്ച് വിടാനും ചിലതെല്ലാം മറ്റ് വിമാനത്താവളങ്ങളില്‍ പിടിച്ചിടാനും വഴിയൊരുക്കിയതെന്ന് അറിഞ്ഞു.
യുഎഇയില്‍ വിമാനമിറങ്ങിയ ശേഷം നാട്ടിലേക്ക് വിളിച്ച് അറിയിക്കാമെന്ന് പറഞ്ഞിരുന്നു. നാട്ടിലെ സമയം നാലു മണിയോടെ വിളിക്കാമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അവിടെ ആറു മണി കഴിഞ്ഞു കാണും. വീട്ടിലുള്ളവര്‍ ആശങ്കയിലായിരിക്കുമെന്ന് എനിക്ക് തോന്നി.
വിമാനത്താവളത്തിനു പുറത്തേക്ക് എത്തിയ ശേഷം എന്റെ പേര് എഴുതിയ പ്ലകാര്‍ഡ് പിടിച്ചു നില്ക്കുന്ന ആളെ തിരഞ്ഞു. വിശാലമായ മരുഭൂമിക്ക് മുകളിൽ കത്തി ജ്വലിക്കുന്ന സൂര്യന്റെ കഠിനമായ ചൂട് ആദ്യമായി ഞാന്‍ അറിഞ്ഞു. അന്തരീക്ഷ ഈര്‍പ്പവും കാര്യമായിയുണ്ട്.
മറുകരയിലെ , കര്‍ക്കിടക തോരാമഴയില്‍ നിന്നും പ്രവാസ ഭൂമിയിലെ മണലാരണ്യത്തിന്റെ ചുട്ടുപഴുത്ത തീ വെയിലിലേക്ക് ഇറങ്ങിയപ്പോള്‍ തലവെട്ടിപ്പൊളിക്കുന്ന തലവേദനയും കൂടെ നല്ല വിശപ്പും.
അരമണിക്കൂര്‍ കാത്തു നിന്നു. ആരും കൂട്ടിക്കൊണ്ടുപോകാന്‍ എത്തില്ലെന്ന് തിരിച്ചറിഞ്ഞതോടെ ടാക്സി പിടിച്ച് പോകാനുള്ള ശ്രമം ആരംഭിച്ചു.
ടാക്സിക്ക് കൊടുക്കാന്‍ കൈയ്യില്‍ യുഎഇയിലെ ദിര്‍ഹം ഇല്ല. എവിടേക്കാണ് പോകേണ്ടതെന്ന് കൃത്യമായി ലൊക്കേഷന്‍ അറിയില്ല. ഒടുവില്‍ പ്രിന്‍സിന്റെ മൊബൈല്‍ നമ്പറിലേക്ക് വിളിക്കാന്‍ തീരുമാനിച്ചു.
വിമാനത്താവളത്തില്‍ കാത്തുനിന്ന ഒരാളെ സമീപിച്ചു. കാര്യം പറഞ്ഞു. അയാള്‍ വിളിക്കാന്‍ സമ്മതിച്ചു. പ്രിന്‍സ് ഫോണെടുത്തു. വിവരങ്ങള്‍ പറഞ്ഞു. ടാക്സിയില്‍ വരാനും ഇവിടെ വരുമ്പോള്‍ ഡ്രൈവര്‍ക്ക് പണം നല്‍കാമെന്നും പറഞ്ഞു.
വിമാനത്താവളത്തിലെ മണി എക്സേഞ്ചില്‍ നിന്ന് ഇന്ത്യൻ രൂപ മാറ്റി യുഎഇയുടെ ദിര്‍ഹം കൈയ്യില്‍ സൂക്ഷിക്കാതിരുന്നത് പൊല്ലാപ്പായി. നാട്ടില്‍ നിന്ന് വരുമ്പോള്‍ ഇരുപതിനായിരം രൂപയോളം കൈയ്യില്‍ കരുതിയിരുന്നു. ആ രൂപയ്ക്ക് ഇപ്പോള്‍ യാതൊരുവിലയും ഇല്ലാതായല്ലോ എന്നോര്‍ത്ത് പരിതപിച്ചു.
വിമാനം വൈകിയതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പത്തിന്നിടെയും പൊടുന്നനെ ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതിന്റെ തത്രപ്പാടിന്നിടേയും കറന്‍സി മാറ്റാന്‍ മറന്നു പോയി. വീണ്ടും വിമാനത്താവളത്തിലേക്ക് കയറി മണി എക്സേഞ്ച് അന്വേഷിച്ച് ചെന്ന് ദിര്‍ഹം വാങ്ങിയാലോ എന്ന് ആലോചിച്ചിരുന്നു.
പ്രിന്‍സാണ് പറഞ്ഞത്, ടാക്സി ഫെയര്‍ ഇവിടെ വന്ന ശേഷം നല്‍കാം. ഇങ്ങ് പോരെയെന്ന്. അല്‍ നാദയിലെ എത്തേണ്ട സ്ഥലം പറഞ്ഞു തന്നിരുന്നു. ടാക്സി പിടിച്ച് ബാഗ് കയറ്റിവെച്ച് ദുബായിലെ വീഥിയിലൂടെ വന്നു. തലവേദന മൂലം കണ്ണുകള്‍ അടച്ചു. പുറത്തേക്ക് നോക്കാന്‍ വയ്യാത്തയത്രയും വെയിലിന് കാഠിന്യം.
അല്പ സമയത്തിനകം ഷാര്‍ജയിലെ അല്‍നാദയില്‍ എത്തി. ദുബായി വിമാനത്താവളത്തില്‍ നിന്നും അധികം അകലയല്ലാത്ത സ്ഥലം. എത്തിസലാത്ത് ബില്‍ഡിംഗായിരുന്നു ലാന്‍ഡ് മാര്‍ക്ക്. അവിടെ വന്ന ശേഷം പ്രിന്‍സിന്റെ നമ്പറിലേക്ക് ഡ്രൈവറുടെ മൊബൈലില്‍ നിന്ന് മിസ്ഡ് കോള്‍ പാഞ്ഞു. ഉടനെ തിരിച്ച് വിളി വന്നു. രണ്ടു മിനിറ്റിനകം പ്രിന്‍സ് എത്തി. ഒപ്പം രണ്ടു പേര് ദീപികയില്‍ ജോലി ചെയ്യുമ്പോള്‍ എന്നോടൊപ്പം കോട്ടയത്ത് ഉണ്ടായിരുന്ന ജയറാം, പിന്നെ ഓഫീസിലെ അക്കൗണ്ടന്റ് എന്ന് പരിചയപ്പെടുത്തിയ രമേഷ്.
ടാക്സി ഫെയര്‍ രമേഷാണ് ഡ്രൈവര്‍ക്ക് നല്‍കിയത്. എന്റെ പെട്ടി കണ്ട് ജയറാം ചോദിച്ചു. “നിങ്ങളെന്താപ്പാ.. ചെറിയൊരു ലഗേജുമായി .. ഇവിടെ നില്ക്കാന് പ്ലാനൊന്നുമില്ലേ.. ?”
“വിസിറ്റ് വീസയിലല്ലേ.. മൂന്നു മാസം കഴിയുമ്പോള്‍ വീസ തിരുമല്ലോ. നാട്ടില്‍ പോയി വീണ്ടും എംപ്ലോയിമെന്റ് വീസയില്‍ വരാം. “
“നല്ല കാര്യമായി. കിഷില്‍ പോയി വീസ മാറ്റുകയാണ് എല്ലാവരും ചെയ്യുന്നത്. നാട്ടിലൊക്കെ പോയി വരാന്‍ കാശ് എത്രയാകുമെന്നാ വിചാരം. ?”
“അവന് വന്നതല്ലേയുള്ളു, മൂന്നു മാസം കഴിഞ്ഞുള്ള കാര്യം അപ്പോള്‍, നീ വാ.. ” കാറിൽ നിന്ന് ലഗേജ് എടുക്കവേ പ്രിൻസ് പറഞ്ഞു ലിഫ്റ്റ് കയറി നാലാം നിലയിൽ പ്രസ് സെന്ററിലെ അറേബ്യയുടെ ഓഫിസിലേക്ക്. ഒരോരുത്തരേയായി പ്രിന്‍സ് പരിചയപ്പെടുത്തി. എഡിറ്റർ ഷാർലി ബെഞ്ചമിൻ, ഡെസ്ക് ചീഫ് ബിനു , സിദ്ദിഖ് , നസീം, ദീപേഷ്, രാജ് പണിക്കർ, സയ്യിദ് , ഷാജു , അജയ് …
രണ്ട് മണി വരെ ഡ്രൈവര്‍ കാത്തു നിന്നുവെന്നും സായാഹ്ന പത്രമായ അറേബ്യ അച്ചടിച്ച് വിതരണം ചെയ്യേണ്ട സമയമായതിനാല്‍ അയാള്‍ മടങ്ങിയതാണെന്നും അഡ്മിന് കൈകാര്യം ചെയ്തിരുന്ന ഖുര്‍ഷിദ മാഡം പറഞ്ഞു. പത്രത്തിന്റെ ചീഫ് എഡിറ്ററായ സജദ് ഹസന് സാറിന്റെ ഭാര്യയാണ് ഖുര്‍ഷിദ മാഡം.
ലബനണിനു നേരെ ഇസ്രയേല്‍ ആക്രമണം എന്ന പ്രധാന ചൂടു വാര്‍ത്തയുമായി അറേബ്യ എന്ന ടാബ്ലോയിഡ് പത്രം അവിടെ കണ്ടു.
വിശന്നു വലഞ്ഞിരിക്കുകയാണെന്നും തലവേദനയുണ്ടെന്നും ഞാന്‍ പറഞ്ഞു. അടുത്ത് എവിടെയെങ്കിലും റെസ്റ്റൊറന്റ് ഉണ്ടോ വല്ലതും കഴിക്കണം എന്നുമുള്ള എന്റെ അന്വേഷണം കേട്ട് ഖുര്‍ഷിദ മാഡം ചോദിച്ചു.
“വീട്ടില്‍ രാവിലെ വെച്ച ഇഡ്ഡലിയുണ്ടാകും. കഴിക്കുമെങ്കില്‍ ഞാന്‍ കൊണ്ടുവന്നു തരാം. അടുത്ത ബില്‍ഡിംഗിലാണ് ഞങ്ങള്‍ താമസിക്കുന്നത്. രണ്ടു മിനിട്ടു മതി. “
” ഓ .. സന്തോഷം ,കഴിക്കാം .. അതു മതി ” ഞാൻ പറഞ്ഞു.
കാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴും വെയിലിന് ശമനം ഉണ്ടായിരുന്നില്ല. അഞ്ചു മണിയുടെ വെയിലിനും ഇത്ര ചൂടോ എന്ന് അത്ഭുതപ്പെട്ടു. സമീപമുള്ള കെട്ടിടങ്ങളില്‍ നിന്ന് എസി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ശബ്ദവും അവയില്‍ നിന്നും പുറത്തുവരുന്ന വല്ലാത്ത ചൂടും വേനലിന്റെ ചൂടിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നുവെന്ന് എനിക്ക് തോന്നിയിരുന്നു. കെട്ടിടത്തിനുള്ളിലേക്ക് കയറിയപ്പോഴാണ് അല്പം ആശ്വാസമായത്.
സൂസന് എന്നു സ്വയം പരിചയപ്പെടുത്തിയ ചേച്ചി കുടിവെള്ളം തന്നു. “കുടിക്ക് .. മാഡം ഭക്ഷണം ഇപ്പോള്‍ കൊണ്ടുവരും. “
താമസിയാതെ, മാഡം എത്തി. കൈയ്യിലെ പാത്രത്തില്‍ ഇഡ്ഡലിലും തേങ്ങാചട്നിയും..
വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അമ്മ തന്ന ഇഡ്ഡലിയുടെയും തേങ്ങാ ചട്നിയുടേയും അതേ രൂചി. വിശപ്പും തലവേദനുമായി കടലു താണ്ടി മറുകരയണഞ്ഞപ്പോള് ഒരമ്മരൂപം സ്വീകരിക്കുന്നു അന്നദാതവായി. കുടിവെള്ളം തന്നത് ഒരു സഹോദരി രൂപം. പ്രിന്‍സ്, ജയറാം തുടങ്ങിയ സുഹൃത്തുക്കള്‍..
വിശപ്പും തലവേദനയും എവിടേയോ പോയ് മറഞ്ഞു. മണിക്കുൂറുകളോളം അലോസരപ്പെടുത്തിയ സംഭവങ്ങള്‍ മറന്നു.
നാട്ടിലേക്ക് വിളിക്കാന്‍ പുറത്ത് പബ്ലിക് ബൂത്തുണ്ടെന്നും കാര്‍ഡ് വാങ്ങിയാല്‍ വിളിക്കാനാകുമെന്നും പ്രിന്‍സ് പറഞ്ഞു. തല്ക്കാലം ഇത് ഉപയോഗിക്ക് എന്നു പറഞ്ഞ് പ്രിന്‍സിന്റെ കാര്‍ഡും തന്നു.
പുറത്ത് ഇറങ്ങി. സൂര്യന് ചക്രവാളത്തിനപ്പുറത്തേക്ക് മറയുന്നു. ചൂടിന് ചെറിയ ശമനം. നാട്ടിലേക്ക് ഫോണ്‍ ചെയ്തു. മറുതലയ്ക്കല്‍ അമ്മയാണ് ഫോണെടുത്തത്. വൈകിയെങ്കിലും സുഖമായി എത്തിയതും വിശന്നും തലവേദനയെടുത്തും മറുനാട്ടിൽ എത്തിയപ്പോള്‍ വീട്ടില്‍ വെച്ച ഭക്ഷണം ലഭിച്ചതും എല്ലാം പറഞ്ഞു. അമ്മയ്ക്ക് ആശ്വാസം. ഭാര്യയുടെയും കുഞ്ഞിന്റേയും ശബ്ദം കേട്ടെങ്കിലും അധികം സംസാരിക്കും മുമ്പ് ഫോണ്‍ കാര്‍ഡിലെ പണം തീര്‍ന്നു. കോള്‍ കട്ടായി.
സാരമില്ല. ഇനി നാളെ പറയാം. പെട്ടിയെടുത്ത് ബാചിലര്‍ അക്കമൊഡേഷനിലേക്ക് പോകാം. പ്രിന്‍സ് പറഞ്ഞു.
ആശങ്കകൾ ഒഴിഞ്ഞു. വലിയൊരാശ്വാസം തോന്നി. നാടു പോലെ ഒരു മറുനാട് . അമ്മയെ പോലെ ഒരന്നദാതാവ്. അന്യമെന്ന് തോന്നുന്ന ഒന്നും ഇവിടെയില്ല. തീവെയിലു മാത്രം.
രാവിലെ ഇരമ്പിയെത്തിയ തോരാമഴയുടെ ആരവം മനസ്സിലൊരു കോണില്‍ നിര്‍ത്താതെ അലയടിക്കുന്നുണ്ടായിരുന്നു. ആ ഓർമ്മക്കുളിരിൻ്റെ അരികുപറ്റി പ്രവാസ ജീവിതത്തിലേക്ക് …