തണുത്തരാത്രിയില്‍ കമ്പിളിയുടെ ചൂടില്‍ ചുരുണ്ടുകിടന്നുറങ്ങുമ്പോഴാണ് സാജുവിന്റെ ഫോണ്‍ കോള്‍ വരുന്നത്. ഉറങ്ങിയോ എന്ന മുഖവുരയുമായി തുടങ്ങിയ സംഭാഷണം. സാജുവിന്റെ ശബ്ദം ഇടറിയിരുന്നു.
പള്ളിയിലെ പാതിരാ കുര്‍ബാന കഴിഞ്ഞ് ഇറങ്ങിയപ്പോളുള്ള വിളിയാണ്. പക്ഷേ, ക്രിസ്തുമസ് ആശംസ നേരാനായിരുന്നില്ല വിളിച്ചത്.
സൗദിയിലെ അങ്കിള്‍ ജോമോന്റെ കാര്യം പറയാനാണ് വിളിച്ചത്. സാജു പറഞ്ഞു.
എന്താണ് പറ്റിയത്. ?
പുള്ളി അകത്താണ്. സാജു പെട്ടെന്നു പറഞ്ഞു നിര്‍ത്തി.
എവിടെയാ സൗദിയിലോ.. ?
അല്ല ഷാര്‍ജയില്‍.
അതെന്താ ക്രിസ്തുമസ് ആഘോഷിക്കാന്‍ അങ്കിള്‍ ഇവിടെ വന്നോ, ആഘോഷത്തിന്റെ ലഹരിയില്‍ എന്തെങ്കിലും സംഭവിച്ച് അകത്തായതാണോ.. ?
ഒന്നുമല്ല. ജിദ്ദയില്‍ നിന്ന് എയര്‍ അറേബ്യയില്‍ ഷാര്‍ജയില്‍ വന്നു. ഇവിടെ നിന്ന് കൊച്ചിയിലേക്ക് രാത്രിയില്‍ ഫ്ളൈറ്റ്. എമിഗ്രേഷനില്‍ പിടിച്ചു വെച്ചു. എന്താണ് കാര്യമെന്ന് അറിയില്ല. എന്താ ചെയ്ക. ?
കമ്പനിയുടെ പിആര്‍ഒ ഖാലീദിനെ വിളിച്ചു നോക്കാം. എമിഗ്രേഷനില്‍ അയാളുടെ സഹോദരി ജോലി ചെയ്യുന്നുണ്ട്. എന്തെങ്കിലും സഹായം അവര്‍ ചെയ്യും.
ഖാലീദ് ഉറങ്ങിയിരുന്നില്ല. കാര്യം അയാളെ പറഞ്ഞ് ധരിപ്പിച്ചു.
അഞ്ചു മിനിറ്റിനുള്ളില്‍ ഫോണ്‍ കോള്‍ മടങ്ങിയെത്തി. ആ ആളുടെ പാസ്പോര്‍ട്ട് കോപ്പി അയയ്ക്കാനാണ് ഖാലിദിന്റെ നിര്‍ദ്ദേശം.
ഉടനെ തന്നെ സാജു എല്ലാ രേഖകളും അയച്ചു തന്നു. ഖാലീദിന് ഫോര്‍വേര്‍ഡ് ചെയ്തു.
പത്തു മിനിറ്റിനുള്ളില്‍ ഖാലിദ് വിളിച്ചു.
നിങ്ങളുടെ സുഹൃത്തിന്റെ അങ്കിളിന്റെ പേരില്‍ ദുബായിയില്‍ മൂന്നു കേസുണ്ട്. ഒരു അബ്സ്കോണ്ടിംഗ്, രണ്ട് ചെക്കു കേസുകള്‍. അതാണ് പിടിച്ചു വെച്ചിരിക്കുന്നത്.
സാജു കോണ്‍ഫറന്‍സ് കോളിലെത്തി. അങ്കിള്‍ യുഎഇയില്‍ വന്നിട്ടില്ല. താമസിച്ചിട്ടില്ല. ജോലി ചെയ്തിട്ടില്ല. പിന്നെ എങ്ങിനെ കേസ്.
ഖാലിദിന്റെ സഹോദരി അതിനിടെ വാട്സ്ആപില് കൂടുതല്‍ വിവരങ്ങള്‍ നല്കുന്നുണ്ടായിരുന്നു.
2016 ല്‍ ഒരു പെട്രോളിയം കമ്പനിയില്‍ പ്രോജക്ട് എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടെ ഒളിച്ചോടി. രണ്ട് ചെക്കുകള്‍ നല്കി കബളിപ്പിച്ചു. കമ്പനിയുടെ പേര് വീസയുടെ കാലാവധി, ആള് മുങ്ങിയ തീയതി. എല്ലാം.
എന്നാല്‍, മറുതലയ്ക്കല്‍ സാജു ഇതെല്ലാം നിഷേധിക്കുന്നുണ്ടായിരുന്നു. യുഎഇയില്‍ ഇതുവരെ വരാത്തയാളാണ് അങ്കിള്‍. ഇക്കുറി ഇതുവഴി പോയത് കൊച്ചിയിലേക്ക് ജിദ്ദയില്‍ നിന്ന് നേരിട്ടുള്ള ഫ്ളൈറ്റെല്ലാം ബുക്ക്ഡ് ആയതിനാലാണ്.
ക്രിസ്തുമസ്, ന്യൂഇയര്‍ വെക്കേഷൻ തിരക്കാണ്.
കൊച്ചിയിലെ വീട്ടില്‍ ആകെ പ്രശ്നമാണ്. അങ്കിളിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് നാട്ടില്‍ ചെന്നു കഴിഞ്ഞു. എമിഗ്രേഷനിലെ ഡീറ്റെയിന്‍ കേന്ദ്രത്തിലുള്ള അങ്കിളിനെ ബന്ധപ്പെടാനും സാധിക്കുന്നില്ല. സാജു ആകെ ടെന്‍ഷനിലായിരുന്നു.
പിറ്റേന്ന് രാവിലെ ക്രിസ്തുമസ്സാണ്. ആഘോഷമെല്ലാം മാറ്റിവെച്ച് സാജു ഷാര്‍ജ കോടതിയിലെ പ്രോസിക്യൂഷന് ഡിപ്പാര്‍ട്ട്മെന്റിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു.
പേര് ജോമോന്, പിതാവിന്റെ പേര് വര്‍ക്കി, വീട്ടു പേര്, ജനന തീയതി എല്ലാം ഒന്ന്.
പക്ഷേ, രണ്ടു പേര്, പാസ്പോര്‍ട്ടിലെ മുഖം തന്നെ വേറെ, പാസ്പോര്‍ട്ട് നമ്പറുകള്‍ വേറെ, ഒരേ ജില്ല, വീ്ട്ടു പേര്, പിതാവിന്റെ പേര് എല്ലാം ഒന്നു തന്നെ, ജനനതീയ്യതിയും പേരും ഒന്ന്.. വല്ലാത്ത യാദൃശ്ചികത തന്നെ…
ഒരാള്‍ എഞ്ചിനീയറാണ്. മറ്റേയാള്‍, ബീകോം ബിരുദധാരി.
മിസ്റ്റേക്കന്‍ ഐഡന്റിറ്റി . ഒരു സംശയവുമില്ല.
കോടതിയില്‍ ചെന്നയുടനെ സാജുവിന്റെ ഫോണ്‍ എത്തി വിവരങ്ങളെല്ലാം വിശദമായി പറഞ്ഞു.
സാമൂഹ്യ പ്രവര്‍ത്തക കൂടിയായ ഒരു അഭിഭാഷകയെ എനിക്കറിയാം. അവരുടെ നമ്പര്‍ തരാം. വിളിക്കു.. ഞാന്‍ സാജുവിനെ ആശ്വസിപ്പിച്ചു.
അല്പ നേരം കഴിഞ്ഞ് സാജുവിന്റെ മറുപടി കോള്‍ എത്തി.
ഇത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ കേസാണ്. അന്വേഷണം കഴിഞ്ഞ് കേസ് കോടതിയില്‍ എത്തുമ്പോഴേ അഭിഭാഷകയ്ക്ക് റോളുള്ളു. എന്ന് അവര്‍ പറഞ്ഞു.
പിന്നെ, വിവരങ്ങള്‍ ബോധിപ്പിച്ചപ്പോള്‍. രണ്ട് ദിവസത്തിനുള്ളില്‍ ആളെ റിലീസ് ചെയ്യുമെന്നും, പേടിക്കേണ്ടതില്ലെന്നും അവര്‍ അറിയിച്ചതായി സാജു പറഞ്ഞു.
ജീവിതത്തില്‍ ഇന്നേ വരെ പോലീസ് സ്റ്റേഷന്റെ പടി കയറാത്ത ജോമോന് അങ്കിളാണ് ഇപ്പോള്‍ അന്യനാട്ടില്‍ അകത്ത് കിടക്കുന്നത്. സാജു പറഞ്ഞു.
ആളൊരു പാവമാണ്. പോലീസ് പിടിച്ചപ്പോള്‍ തന്നെ ആളുടെ പാതിജീവന് പോയി. രാവിലെ സാജുവിന്റെ ഫോണിലേക്ക് ഒരു ലാന്‍ഡ് ലൈനില്‍ നിന്ന് വിളിയെത്തിയിരുന്നു. പേടിച്ചരണ്ട ശബ്ദത്തില്‍ അങ്കിളിന്റെ ശബ്ദം.
സെയ്ഫാണ്. വീട്ടില്‍ വിളിച്ച് വിഷമിക്കേണ്ട, താമസിയാതെ വിടുമെന്ന് പറയണം. രാവിലെ ബ്രേക്ഫാസ്റ്റ് തന്നു, കാപ്പി കുടിച്ചു. പോലീസ് സൗഹൃദത്തോടെയാണ് പെരുമാറുന്നത്. വായിക്കാന്‍ പുസ്തകം തന്നു. അവര്‍ക്കും മനസ്സിലായി, പേരും ജനനത്തീയതിയും ഒന്നായതിന്റെ പേരിലുള്ള പൊല്ലാപ്പാണെന്ന്. പത്തു മണി കഴിഞ്ഞ് വലിയ മുദീര്‍ വരും. ഫിംഗര്‍ പ്രിന്റ്, ഐ സ്കാന്‍ എല്ലാം എടുത്തു. മറ്റേയാളുമായി സാമ്യമില്ല.
ജോമോനങ്കിളിന്റെ ശബ്ദം നേര്‍ത്തു വന്നു. വീട്ടില്‍, മോളിയും മക്കളും അറിഞ്ഞോ, അമ്മച്ചിയോട് പറയേണ്ട. രണ്ടാമത്തെ ബൈപ്പാസ് കഴിഞ്ഞതാ.. ക്രിസ്തുമസ്സൊക്കെ ആഘോഷിച്ചോ. ഞാനെത്തിയേക്കാമെന്ന് പറയ്. സാജു സമാധാനിപ്പിക്കാന്‍ എന്തെങ്കിലും പറയും മുമ്പ് ഫോണ്‍ കട്ടായി.
രണ്ടര വര്‍ഷം കൂടിയാണ് ജോമോനങ്കിള്‍ ക്രിസ്തുമസ്സിന് നാട്ടിലേക്ക് പോകുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ പത്തു ദിവസത്തേക്കായി പോയിരുന്നു. കോവിഡ് കാലത്ത് ക്രിസ്തുമസ്സ് മിസ്സായി. ഇക്കുറി എല്ലാവരും ചേര്‍ന്നൊരു ക്രിസ്തുമസ്സ് ആഘോഷം- എല്ലാം ഷാര്‍ജയിലെ എമിഗ്രേഷന്‍ കൗണ്ടറിനു മുന്നില്‍ അവസാനിച്ചിരിക്കുകയാണ്.
പാമ്പാടിയിലെ തറവാട്ടു വീട്ടില്‍ നേരം വെളുക്കുമ്പോള്‍, താന്‍ ഉണ്ടാകുമെന്ന് വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വാക്കു കൊടുത്താണ് ജോമോനങ്കിള്‍ ജിദ്ദയില്‍ നിന്നും വിമാനമേറിയത്. പുലര്‍ച്ചെ നാലിന് കൊച്ചിയില്‍ ലാന്‍ഡു ചെയ്യേണ്ട വിമാനം. സ്വീകരിക്കാന്‍ ഒന്നരയോടെ സുഹൃത്തുക്കള്‍ പോയിക്കഴിഞ്ഞിരുന്നു.
ജിദ്ദയില്‍ നിന്നും ഷാര്‍ജ വഴി കൊച്ചിയിലെത്തിയ സൂഹൃത്താണ് എമിഗ്രേഷന്‍ കൗണ്ടറില്‍ സംഭവിച്ചത് അറിയിച്ചത്. വന്ന വഴിപാമ്പാടിയിലേക്ക് വണ്ടിയുമായി അവര്‍ മടങ്ങി. സാജുവാണ് മറ്റു വിവരങ്ങള്‍ വീട്ടിലറിയിച്ചത്. പാസ്പോര്‍ട്ടിലെ പേരിലൊരു സംശയം. എമിഗ്രേഷനില്‍ താമസമുണ്ട്. ഫ്ളൈറ്റ് പോയി. അടുത്ത ഫ്ളൈറ്റില്‍ വരും… എന്നൊക്കെയാണ് സാജു വീട്ടില്‍ വിളിച്ചു പറഞ്ഞത്.
സാജുവിന്റെ അമ്മയുടെ രണ്ടാമത്തെ സഹോദരനാണ് ജോമോന്.
പോലീസ് വാങ്ങിക്കൊടുത്ത ചിക്കന്‍ ബിരിയാണിയും കഴിച്ച് ആ രാത്രി കൂടി ജോമോനങ്കിള്‍ ഡീറ്റെയിന്‍ സെന്ററില്‍ കഴിച്ചുകൂട്ടി. ഏതൊക്കെയോ പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടി. ഒരക്ഷരം പോലും നേരാവണ്ണം വായിച്ചു മനസ്സിലാക്കാനുള്ള മാനസികാവസ്ഥയായിരുന്നില്ല. അദ്ദേഹത്തിന്.
ജോമോന് എന്ന പേരിനെ ശപിച്ചും, ജനിച്ച തീയതിയും വീട്ടുപേരും എല്ലാം തനിക്ക് പാരയായല്ലോ എന്നോര്‍ത്തും ആ ക്രിസ്തുമസ്സ് പകലും രാത്രിയും കടന്നു പോയി. പിറ്റേന്ന് പകലും അസന്നിഗ്ദ്ധതയുടെ അകമ്പടിയില്‍ അസ്തമിച്ചു. രാത്രിയോടെ സാജുവിന്റെ ഫോണ്‍ കോള്‍ എത്തി.
അങ്കിള്‍ നാട്ടിലേക്ക് തിരിച്ചു. മിസ്റ്റേക്കന്‍ ഐഡന്ററ്റിയെന്ന് കേസ് ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പിന്നെ, അങ്കിള്‍ ഒരു ശപഥമെടുത്തിട്ടുണ്ട്. കോട്ടയത്ത് എത്തിയ ശേഷം, മറ്റേ ജോമോനെ കണ്ടുപിടിക്കും. ഒരു ക്രിസ്തുമസ്സ് നാശമാക്കി തന്നയാളെ കണ്ട് കൊലച്ചതിയായിപ്പോയെന്ന് പറയും. പറ്റുമെങ്കില്‍ ജോമോന് എന്ന തൻ്റെ പേരെങ്കിലും മാറ്റും, പിതാവ്, വീട്ടുപേര്, ജനനത്തീയ്യതി ഇതൊന്നും മറ്റാനാവില്ലല്ലോ..എന്നിട്ടേയുള്ളു ഇനി ഒരു വിമാനയാത്ര.. യെന്ന് ..
ഒരു ദീര്‍ഘ നിശ്വാസത്തോടെ സാജു പറഞ്ഞു നിര്‍ത്തി.