മോഹനം കവിതായനം -7 കൊറോണ

ഒന്ന്

തത്തും വാക്കുകൾ ചത്തുവീണുചിതറും കണ്ഠത്തിൽ,നാസാന്തരം-
കത്തിപ്പൊട്ടുമിടയ്ക്കിടയ്‌ക്കു, ദഹനച്ചൂടേറ്റുവാടും മുഖം
ഹൃത്തിൽച്ചെന്തുളയിട്ടു ദന്തമുനയും താഴ്ത്തിക്കളിക്കുന്നൊരീ
സത്ത്വത്തിന്റെ കിരാതരീതി തിരിയാ ശാസ്ത്ര പ്രമാണത്തിനും !

രണ്ട്

ആരാണെന്നറിയില്ല പെറ്റതിവനെ ,
ച്ചീനാംശുകം ചുറ്റിയ –
ക്കാരാഗാരതമസ്സിലിട്ടു നെടുനാൾ
പാലിച്ച, താരാണു പോൽ
ഊരെങ്ങാണറിയില്ല, പേരുമറിയില്ലെന്നാലുമൊന്നുണ്ടിവൻ
പേരാളും നരവർഗ്ഗരക്തസിരയിൽ ക്കൊത്തും മഹാമൃത്യുതാൻ!

(വൃത്തം-ശാർദ്ദൂലവിക്രീഡിതം)

എറണാകുളം ജില്ലയിൽ കാഞ്ഞിരമറ്റത്തിനടുത്ത് കൈപ്പട്ടൂർ സ്വദേശി . കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ചു. ഇപ്പോൾ അക്ഷരശ്ലോക രംഗത്ത് സജീവം. പുതിയ കാലത്ത് വൃത്താലങ്കാരനിബദ്ധമായി മികച്ച ശ്ലോകങ്ങളെഴുതുന്ന അപൂർവം കവികളിലൊരാൾ. 2018ൽ പ്രസിദ്ധീകരിച്ച മോഹനം എന്ന ശ്ലോക സമാഹാരം ഈ രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.