കാലത്തിന്റെ വേരുകൾ തേടിയ പ്രതിഭ

സോഷ്യലിസ്റ്റ് ചിന്തകൻ, രാഷ്ട്രീയ നേതാവ് എന്നതിലുപരി ഭാരതീയ തത്വചിന്ത , സാമ്പത്തിക ശാസ്ത്രം, പുരാണം, ചരിത്രം എന്നീ വിഷയങ്ങളിലെ ആഴത്തിലുള്ള അറിവും അനുഭവങ്ങളും പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും മറ്റുള്ളവരിലേക്ക് പകർന്ന അതുല്യനായ സാംസ്കാരിക പ്രതിഭയാണ് എം.പി വീരേന്ദ്രകുമാർ. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ച മലയാള യാത്രാ വിവരണ ഗ്രന്ഥമാണ് വീരേന്ദ്രകുമാറിന്റെ ‘ഹൈമവതഭൂവിൽ’ . മുപ്പതിലേറെ പുരസ്ക്കാരങ്ങൾ നേടിയ ഹൈമവതഭൂവിൽ അമ്പതിലേറെ പതിപ്പുകൾ ഇതിനകം പ്രസിദ്ധികരിച്ചിട്ടുണ്ട്

ആമസോണും കുറേ വ്യാകുലതകളും, ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര, വിവേകാനന്ദന് – സന്യാസിയും മനുഷ്യനും, ബുദ്ധന്റെ ചിരി, ചങ്ങമ്പുഴ-വിധിയുടെ വേട്ടമൃഗം, അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ, ഡാന്യൂബ് സാക്ഷി, ഗാട്ടും കാണാചരടുകളും, ഇരുള് പരക്കുന്ന കാലം, പ്രതിഭയുടെ വേരുകൾ തേടി, രാമന്റെ ദുഃഖം, രോഷത്തിന്റെ വിത്തുകൾ, സമന്വയത്തിന്റെ വസന്തം എന്നിങ്ങനെ നിരവധി ശ്രദ്ധേയ പുസ്തകങ്ങളിലൂടെ സാംസ്കാരിക ഭൂപടത്തിൽ തന്റെ കൈയൊപ്പ് ചാർത്തിയ മികച്ച എഴുത്തുകാരനായ എം.പി.വി. വർഷങ്ങൾക്ക് മുമ്പ് കുവൈറ്റ് സന്ദർശിക്കുകയുണ്ടായി. തദവസരത്തിൽ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ പ്രസ്ക്തഭാഗങ്ങൾ ചേർത്ത് തയ്യാറാക്കിയ ഫീച്ചർ.

ഹൈമവത ഭൂവിൽ

ഹൈമവതഭൂവിൽ എന്ന പുസ്തകം ഞാൻ എഴുതി തുടങ്ങിയത് ഡൽഹിയിൽ നിന്ന് നേപ്പാളിലേക്കുള്ള ഒരു യാത്രാവിവരണമായിട്ടാണ്. നേപ്പാളിൽ നിന്നും മടങ്ങി, ലുംബിനി, ഗയ എന്നീയിടങ്ങൾ സന്ദർശിച്ച് യാത്ര ബനാറസിൽ അവസാനിപ്പിക്കണമെന്നായിരുന്നു ഉദ്ദേശിച്ചത്. പക്ഷേ ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിലെ കൗസാനി എത്തിയപ്പോൾ തന്നെ അവസാനിപ്പിക്കേണ്ടിവന്നു. കാരണം ആദ്യം ഉദ്ദേശിച്ച ഒരു ചട്ടക്കൂട്ടിൽ അതു ഒതുങ്ങിയില്ല . പല സ്ഥലങ്ങളിൽ പോയി പലരുമായി സംവദിച്ചപ്പോഴും, പലതും മനസ്സിലാക്കിയപ്പോഴും അത് ശാഖോപശാഖകളായി രൂപാന്തരപ്പെട്ട് കുറേക്കൂടി വിചാരിച്ചതിലും വലുതായി. അങ്ങനെ രചന കൗസാനിയ വെച്ച് അവസാനിപ്പിക്കേണ്ടി വന്നു .

അവാർഡുകൾ കുറേ കിട്ടിയിട്ടുണ്ട്, അതിനേക്കാളുപരി കുറേ ആളുകൾ ഇപ്പോഴും ആ പുസ്തകം വായിക്കുന്നുവെറിഞ്ഞതിൽ അതിയായ സന്തോഷം തോന്നിയിട്ടുണ്ട്. ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ സായൂജ്യമെന്നത് പുസ്തകങ്ങൾ ധാരാളം ജനങ്ങൾ വായിക്കുന്നുണ്ട് എന്നറിയുമ്പോഴാണ്, പലരും വായിച്ചിട്ടു പ്രതികരണം അറിയിച്ചപ്പോഴും അതിൻറെ സ്വീകാര്യത മനസ്സിലാക്കി . രണ്ടു വിധത്തിൽ പറയാം നമ്മൾ ഒന്ന് എഴുതി കഴിഞ്ഞാൽ അത് പിന്നെ നമ്മുടെ സ്വത്തല്ല, അത് വായനക്കാരുടെതാണ്.

ഹൈമവതഭൂവിൽ എന്നായിരുന്നില്ല അതിൻറെ ആദ്യ തലക്കെട്ട്. രചന തുടങ്ങിയപ്പോൾ മറ്റൊരു പേരായിരുന്നു. ഒരിക്കൽ ഡോ: സുകുമാർ അഴീക്കോടിനൊപ്പം യാത്ര ചെയ്തപ്പോൾ അദ്ദേഹത്തോട് ഞാൻ പറഞ്ഞു ഒരു യാത്രാവിവരണം എഴുതി കഴിഞ്ഞു, പ്രസിദ്ധീകരിക്കണമെന്നുണ്ട്, അതിനൊരു പേരു നിർദ്ദേശിച്ചാൽ തരക്കേടില്ലായെന്ന്, അപ്പോൾ അദ്ദേഹമാണ് “ഹൈമവതഭൂവിൽ ” എന്ന പേര് പറഞ്ഞത് അതുകൊണ്ട് തന്നെ ഇന്നും ഡോ.സുകുമാർ അഴീക്കോടിനോട് കടപ്പാടുണ്ട് ആ കാര്യത്തിൽ .

വായനയുടെ വൈകാരിക തലം

എൻറെ അനുഭവത്തിൽ വായന കുറഞ്ഞിട്ടില്ല, അങ്ങനെ തോന്നിയിട്ടില്ല. വായിക്കുന്നവർ വായിച്ചുകൊണ്ടേയിരിക്കുന്നു. കോഴിക്കോട് മാതൃഭൂമിക്കൊരു ബുക്ക്സ്റ്റാൾ ഉണ്ട്. ഞാൻ അവിടെ ഉള്ളപ്പോൾ ഒഴിവു കിട്ടുമ്പോൾ വൈകുന്നേരം അവിടെ പോയി ഇരിക്കുമായിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് നമ്മൾ ആരും പ്രതീക്ഷിക്കാത്ത ഒരു വിഭാഗം ആളുകൾ ധാരാളം പുസ്തകങ്ങൾ വാങ്ങിക്കൊണ്ടുപോയി വായിക്കുന്നുണ്ട് എന്നതാണ്.

നമ്മൾ അറിയാത്ത ധാരാളം വായനക്കാരുണ്ട്. വിവിധ തലത്തിലുള്ള എഴുത്തുകാരുടെ പുസ്തകങ്ങളാണ് അവർ വാങ്ങി കൊണ്ടുപോകുന്നത്. ആധുനികമായി എന്തെല്ലാം സംവിധാനങ്ങൾ വന്നിട്ടുണ്ടെങ്കിലും പുസ്തകം വായിക്കുന്ന അനുഭവം വേറെ ഒന്നിനും കിട്ടില്ല. പുസ്തകം വായിക്കുമ്പോൾ ഒരു ഏകാന്തതയുണ്ട്. വായനക്കാരനും പുസ്തകവും തമ്മിലുള്ളൊരു ആത്മബന്ധം രൂപപ്പെടുന്നുണ്ട്. അതു മറ്റെങ്ങനെ എന്തു വായിക്കുമ്പോഴും ഉണ്ടാകുന്നില്ല . വായന മരിക്കുന്നുവെന്ന അഭിപ്രായം എനിക്കില്ല. ആര് എവിടെയിരുന്ന് എന്തു വായിക്കുന്നുവെന്ന് നമ്മൾക്ക് അറിയുന്നില്ല എന്നതാണ് സത്യം. തീർച്ചയായും അച്ചടി മാധ്യമത്തിന് അതിന്റെതായ പ്രസക്തിയുണ്ട്. നമ്മൾ ഇൻറർനെറ്റിലോ മറ്റോ വായിക്കുന്നതുപോലെയല്ല ഒരു പുസ്തകം കയ്യിൽ എടുത്തു വായിക്കുമ്പോൾ ഉണ്ടാകുന്ന സുഖം. അപ്പോഴത്തെ വൈകാരികമായ അനുഭവം നമ്മെ പല തലങ്ങളിലേക്ക് എത്തിക്കുക തന്നെ ചെയ്യും . വിവരങ്ങൾ ശേഖരിക്കുക മാത്രമല്ല പുസ്തകവായന എന്നത്, സ്വന്തമായിട്ട് ഒരു സംവേദനക്ഷമത രൂപപ്പെടുത്താൻ പുസ്തകങ്ങൾക്കും സാധിക്കും.

സഞ്ചാര സാഹിത്യകാരന്റെ കൈയൊപ്പുകൾ

ഞാൻ എപ്പോഴും യാത്ര ചെയ്യുന്ന ആളാണ്. യാത്രകൾ അനുഭവങ്ങളുടെ വേറിട്ട ലോകമാണ് സമ്മാനിക്കുന്നത്. “പ്രതിഭയുടെ വേരുകൾ തേടി” എന്ന പുസ്തകം എഴുതാനുള്ള കാരണം എന്താണെന്ന് വെച്ചാൽ, വിയന്നയിൽ കോൺഫറൻസിന് പോയപ്പോൾ ഒരു സുഹൃത്ത് എന്നെ പ്രാതലിന് ക്ഷണിച്ചു .അദ്ദേഹത്തോട് ഞാൻ സാന്ദർഭികമായി പറഞ്ഞു ഹിറ്റ്ലർ ജനിച്ച സ്ഥലമാണല്ലെ? അപ്പോൾ പറഞ്ഞ മറുപടി ഞങ്ങൾ അങ്ങനെ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നാണ്. പിന്നെ ഞാൻ ചോദിച്ചു ” How do you want to be known?” അപ്പോൾ കിട്ടിയ മറുപടി ” വിറ്റ്ജന്‍സ്റ്റിന്‍ ജനിച്ച സ്ഥലമാണിത്”. അങ്ങനെയാണ് വിറ്റ്ജന്‍സ്റ്റിന്‍ലേയ്ക്ക് ശ്രദ്ധ പോകുന്നത്. മലയാളത്തിൽ വിറ്റ്ജന്സ്റ്റിനെ പരിചയപ്പെടുത്തിയത് ഞാനാണ്. അങ്ങനെ ഈ യാത്രാവിവരണങ്ങളിൽ പലരുടെയും സ്വാധീനമുണ്ട്. ഉദാഹരണത്തിന് ഹൈമതഭൂവിന്റെ രചനയുടെ യാത്രയിൽ ഓരോ സ്ഥലത്ത് എത്തുമ്പോഴും, ഓരോരുത്തരോടും ഞാൻ സംവദിക്കും, അപ്പോൾ പുതിയ പുതിയ അറിവുകൾ കിട്ടും, ഹരിദ്വാറിൽ എത്തിയപ്പോൾ പ്രവേശന കവാടത്തിൽ തന്നെ ഒരു വലിയ ബോർഡ് ഉണ്ട് അവിടെ ” വെൽക്കം ടു ദേവഭൂമി ” എന്നാണത്. അവിടെ ഒരു സ്ഥലമുണ്ട് “ഹൾക്കപുരി ” അവിടെയാണ് ഗംഗയ്ക്ക് വൈകുന്നേരം ആരതിയൊക്കെ ചെയ്യുന്നത്. എന്റെ വൈയക്തികമായ അനുഭവമാണിത്. ഒരുതരത്തിൽ പൂജാരിയോട് ഞാൻ ചോദിച്ചു എന്തിനാണ് ഈ പൂജയൊക്കെ? അപ്പോൾ ആദ്ദേഹം പറഞ്ഞു വിക്രമാദിത്യൻ ഭർത്തൃഹരിയുടെ പേരിൽ ഉണ്ടാക്കിയ സ്മാരകമാണിത്. എൻറെ കൂടെ നമ്പീശനും യാത്രയിലുണ്ടായിരുന്നു, ഞങ്ങളുടെ ഫൈനാൻസ് മേനജർ , കുറെയൊക്കെ വായിക്കുന്നാളായ നമ്പീശൻ പറഞ്ഞു. “നമ്മുടെ വരരുചിയുടെ സഹോദരൻ” അപ്പോൾ പറയിപെറ്റപന്തിരുകുലം, പാക്കനാർ, പഞ്ചമി, അഗ്നിഹോത്രി…. അങ്ങിനെ പോവുന്നു കേരളവുമായുള്ള ഐതിഹ്യ ബന്ധങ്ങൾ.

ഞങ്ങൾ പിന്നെ ഹരിദ്വാറിൽ നിന്ന് നേരെ വരുന്നത് തൃത്താലയിലേക്കാണ് അവിടെ നിന്ന് വൈദ്യമഠത്തിലേക്കാണ് പോയത്. അവിടുത്തെ ചെറിയ നാരായണൻ നമ്പൂതിരിയുമായ് എനിക്ക് വലിയ ബന്ധമായിരുന്നു. വലിയ പ്രതിഭയായിരുന്ന അദ്ദേഹവുമായി സംസാരിക്കുമ്പോൾ അവിടുത്തെ എല്ലാ കഥകളും സ്ഥലനാമങ്ങളും പറഞ്ഞു തന്നു. അത് “വേദ ഭൂമി”യാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ ഹരിദ്വാറിലെ ദേവ ഭൂമിയിൽ നിന്ന് തൃത്താല എന്ന വേദ ഭൂമിയിലേക്ക് വരികയാണ്. അപ്പോൾ എത്ര ദൂരം ഉണ്ട്? എങ്ങനെയാണ് ഇത് തമ്മിൽ?

അതുപോലെ ഹരിദ്വാറിലെ കംഗൽ എന്ന സ്ഥലത്താണ് ദക്ഷയാഗം നടന്നതെന്ന ഐതീഹ്യം ഒരാൾ പറഞ്ഞു തന്നു .അവിടെയാണ് ശിവന്റെ നൃത്തം നടന്നത്. അത് തന്നെയാണ് കൊട്ടിയുരും ഓരോ സ്ഥലവും ഇത്പോലെയാണ്. അതുപോലെ കർണ്ണപ്രയാഗ് സംഗമസ്ഥാനം, കുന്നുപോലെ ഒരു സ്ഥലമുണ്ട് അവിടെ, അങ്ങോട്ടൊന്നും ആരും പോകാറില്ല. കോൺക്രീറ്റ് കൊണ്ട് കർണ്ണന്റെയും കൃഷ്ണന്റെയും പ്രതിമ വെച്ചിട്ടുണ്ട്. വെള്ളത്തുണി ഉടുത്ത് അവിടെ ഇരിക്കുന്ന ഒരാളോട് ഞാൻ ചോദിച്ചു “ഇവിടെ എന്താണ് സംഭവിച്ചത്??”

കൃഷ്ണൻ കർണ്ണനെ ഇവിടെയാണ് ദഹിപ്പിച്ചത് എന്നതായിരുന്നു മറുപടി. കർണ്ണപ്രയാഗിലെ ദഹനം, ആ സമയം നമ്മുടെ മുമ്പിൽ മഹാഭാരതം ചുരുളഴിയുകയാണ്, 18 ദിവസം, അങ്ങനെയാണ് കർണ്ണനെ കുറിച്ച് എഴുതുന്നത് . ആറ് അദ്ധ്യായം കർണ്ണനെ കുറിച്ച് എഴുതി. ആരെയും സംസ്ക്കരിക്കാത്ത നദീ സംഗമത്തൽ തന്നെ സംസ്കരിക്കണമെന്ന് കർണ്ണൻ കൃഷ്ണനോട് പറഞ്ഞു .അതാണ് കർണ്ണപ്രയാഗ് . കർണനെ പറ്റി പലരും എഴുതിയിട്ടുണ്ട് ആരും കർണ്ണ പ്രയാഗിലെ കർണ്ണനെ കുറിച്ച് എഴുതിയിട്ടില്ല.

ഊർദ്ധപ്രയാഗിൽ പോയപ്പോൾ ഒരു കുട്ടിയോട് ചോദിച്ചു ഇവിടെ എന്താണുള്ളത്? ഇവിടെയാണ് നാരദർ തപസ്സ് ചെയ്യുന്നത്. അതുകൊണ്ട് എന്താണ്? “നാരദകാരിക”, സംഗീതം. സംഗീതം എന്ന് പറയുമ്പോൾ സപ്തസ്വരങ്ങളായി ഷഡാധാരങ്ങളായി, അത് വലിയ ലോകമാണ്. അത് പിന്നെ അങ്ങനെ പോകും. ആ പരിണാമം ദർശനങ്ങളാവും.

സംവദിക്കുമ്പോൾ പുതിയ വിവരങ്ങൾ കിട്ടും അത് അറിവിൻറെ നവലോകം തന്നെയാണ്. കൂടെ യാത്ര ചെയ്യുന്നവരുമായി പങ്കുവെക്കുംമ്പോൾ വേറിട്ടൊരു ലോകത്തേയാണ് ഞങ്ങൾ തേടുന്നത്.

മാധ്യമ വിചാരം

മാധ്യമരംഗം കുറെയധികം കോർപ്പറേറ്റ് ചെയ്തു പോയിട്ടുണ്ട്. ലോകത്ത് ആഗോള മാധ്യമങ്ങളെ ഇപ്പോൾ നിയന്ത്രിക്കുന്നത് രണ്ടോ മൂന്നോ വലിയ കോർപ്പറേറ്റുകളാണ്. അവരുടെ താല്പര്യം വേറെ പലതുമാണ്. പക്ഷേ അവരാണ് ഇവിടെ കണ്ട്രോൾ ചെയ്യുന്നത്. ഇപ്പോൾ പല വാർത്തകളും നമ്മൾ അറിയുന്നില്ല. ഏത് വാർത്തയാണ് നാം അറിയേണ്ടത് ആ വാർത്ത മാത്രമാണ് നമ്മൾ അറിയുന്നത്. ഉദാഹരണത്തിന് ഇറാക്ക് യുദ്ധം വന്നു, അതിൽ അമേരിക്ക ലോകത്തോട് എന്ത് അറിയിക്കണമെന്ന് ആഗ്രഹിച്ചുവോ, അത് മാത്രമാണ് പുറത്തു വന്നത്, അങ്ങനെയാണ് ഇപ്പോൾ കോർപ്പറേറ്റുകൾ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് . മാധ്യമമെന്നത് വെറും വാണിജ്യമായി മാറുന്നുണ്ട്.

മൾട്ടിപ്പിൾസിറ്റി പർപ്പസ് മാധ്യമ രംഗത്തുള്ളത് കൊണ്ടുതന്നെ എല്ലാ വാർത്തകളും മൂടിവെക്കാൻ പറ്റില്ല. വാർത്തകൾ പുറത്തുവരാതിരിക്കാൻ നിർവാഹമില്ല. സമ്പൂർണമായി ഏകതാനമായ പത്രമില്ലാത്തതുകൊണ്ട്, മാധ്യമങ്ങളില്ലാത്തത് കൊണ്ട് സമ്പൂർണ്ണമായി മൂല്യച്യുതി സംഭവിച്ചെന്നും പറയാൻ പറ്റില്ല .

ജേണലിസ്റ്റ്റ്റുകൾക്ക് ഇപ്പോൾ ജനങ്ങളുമായി ബന്ധമില്ലാതായികൊണ്ടിരിക്കുന്നു. ഇത് മാറണം. പണ്ട് റിപ്പോർട്ടർമാർ ഫീൽഡിൽ പോയിട്ട് വാർത്തകൾ ശേഖരിച്ചാണ് വാർത്തകൾ കൈകാര്യം ചെയ്യുന്നത്, ഇപ്പോൾ ഒരു മുറിയിൽ ഇരുന്നു കൊണ്ട് വാർത്ത എഴുതുകയും സംപ്രേഷണം ചെയ്യുന്ന രീതി വന്നു. ദൃശ്യമാധ്യമ രംഗത്തെ വളർച്ച കൂടിയപ്പോൾ പുറത്തുപോയി വാർത്തകൾ ശേഖരിക്കുന്ന രീതിക്ക് പിന്നെയും പ്രസക്തിയേറി.

കണ്ടെത്തലുകളുടെ, വേരുകൾ തേടിയുള്ള, അന്വേഷണാത്മകമായ, പഠനാർഹമായ, ചലനാത്മകമായ മാധ്യമപ്രവർത്തനം ആവശ്യമായി വന്നു . അപചയത്തിനുള്ള പരിഹാരമെന്നത്, പരമാവധി നമ്മുടെ ജോലിയോട് ആത്മാർത്ഥത പുലർത്തി ജനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുക എന്നത് മാത്രമാണ്. പറയുന്നതിൽ സത്യസന്ധത പുലർത്തുക.

കർമ്മകാണ്ഡങ്ങളിലൂടെ

ഞാൻ പത്രത്തിന്റെ മാനേജിങ് ഡയറക്ടറാണ്. സാങ്കേതികമായ ഇടപെടൽ മാത്രമാണ് നടത്താറ്. ദൈനംദിന പത്രപ്രവർത്തനത്തിൽ ഇടപെടാറില്ല അത് എഡിറ്റോറിയൽ വിഭാഗത്തിന് ചുമതലയാണ്. നമ്മൾ ഏന്തു ചെയ്യുന്നുവോ അത് മാത്രമേ നമ്മെ സ്വാധീനിക്കാൻ പാടുള്ളൂ. നമ്മൾ എഴുതുമ്പോൾ രാഷ്ട്രീയക്കാരനാവാൻ പാടില്ല. എഴുതുന്നത് കുറെ അടഞ്ഞ വാതിലിൽ കൂടി പറ്റില്ല. എവിടെ നിൽക്കുന്നുവോ അവിടെയാവണം നമ്മൾ. ഇപ്പോൾ നമ്മൾ സംസാരിക്കുന്നു, ഇത് നമ്മുടെ മറ്റൊരു ലോകം. പ്രഭാഷകൻ, ചിന്തകൻ, പത്രാധിപർ, എഴുത്തുകാരൻ ഇതിനെയൊക്കെ സമന്വിയിപ്പിച്ച് അതാത് തലങ്ങളിൽ നിന്ന് പ്രവർത്തിക്കാറുണ്ട്. ചില സ്വാധീനങ്ങൾ ഉണ്ടാവും പക്ഷെ ഒരു പരിധി കഴിഞ്ഞാൽ അതിൽ നിന്നൊക്കെ വിട്ടുമാറാൻ സാധിക്കണം. കർമ്മ മണ്ഡലത്തിൽ വിശ്വസിച്ച് മുന്നേറണം. ഞാനെൻറെ പാർട്ടി പത്രമായി മാതൃഭൂമിയെ മാറ്റിയാൽ എന്നേ അടച്ചുപൂട്ടി പോകുമായിരുന്നു. ഇതാണ് എന്റെ കാഴ്ചപ്പാട്.

വികസന പരിപ്രേക്ഷ്യം

വികസനം എന്നു പറയുമ്പോൾ കുറേക്കൂടി മാറി ചിന്തിക്കേണ്ടിയിരിക്കുന്ന ഒരു കാലത്താണ് നാമിന്ന്. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെയും ചൈനയുടെയും പ്രധാന പ്രശ്നം മാലിന്യവും കുടിവെള്ളവുമാണ്. വിഭവങ്ങൾ കുറഞ്ഞുവരുന്ന അവസ്ഥയിൽ ആവശ്യങ്ങൾ കൂടി കൂടി വരുന്നു. എവിടെയോ വച്ച് നീതിപൂർവമായ വിതരണവും ഉപഭോഗവും ആവശ്യമായിവരും. അവിടെയാണ് സോഷ്യലിസത്തിന്റെയൊക്കെ പ്രസക്തി. എല്ലാം ഒരു കൂട്ടർക്ക്, അത് ഇനി നടക്കില്ല , നടത്താൻ സാധിക്കില്ല. എവിടെയോ ഒരസന്തുലിതാവസ്ഥയുണ്ട് അത് മാറണം. ഉല്പാദനവും ഉപഭോഗവും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത മാസ് പ്രൊഡക്ഷൻ, കൺസ്യൂമർ സൊസൈറ്റി, അതിൽ നിന്നും മാറ്റം വരണം. അത് വെറും സൈദ്ധാന്തികമായ മാറ്റമല്ല. 2050 ആകുമ്പോഴേക്കും പ്രകൃതി വിഭവങ്ങൾ ഈ ഭൂമുഖത്ത് ബാക്കിയുണ്ടാവുമോയെന്ന് ശാസ്ത്രജ്ഞൻമാർ ആശങ്കപ്പെടുന്നു.

ജൈവ കുലം എത്രകാലം ഉണ്ടാവുമെന്നു പേടിയുള്ള ഈ ഘട്ടത്തിൽ സാമ്പ്രദായിക വികസന സങ്കൽപ്പങ്ങൾ മാറണം. കമ്പനിവൽക്കരണം ഒരിക്കലും പ്രശ്നങ്ങൾ പരിഹരിക്കുകയില്ല. കോടിക്കണക്കിന് പാവപ്പെട്ടവർ ഉണ്ട്, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണം. അതിന് ഗാന്ധിജിയിലേക്ക് മടങ്ങിപ്പോവേണ്ടിയിരിക്കുന്നു, ഗ്രാമങ്ങിളിൽ യന്ത്രവൽകൃത യൂണിറ്റുകളും പ്രകൃതിക്കനുയോജ്യമായ വികസനവും വേണം.

വിവരവും വിജ്ഞാനവും മനുഷ്യനു കയറി പോകാനുള്ള പടവുകളാണ്. നമ്മൾ വിജ്ഞാനത്തിൻറെ പടവുകളല്ല, എല്ലാം വിജ്ഞാനവും നമ്മുടെ പടവുകളാണ്.

കുടിവെള്ളവും വികസനവും വളരെ ആഴത്തിൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്ന ഈ കാലത്ത് “ക്ലീൻ ഗംഗ, നവാമി ഗംഗ” എന്ന ഒരു പ്രോജക്ടുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടു വരുന്നു. മുമ്പാണ് പറഞ്ഞതെങ്കിൽ ആരും ശ്രദ്ധിക്കില്ല ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നു. ഇപ്പോൾ നദികളെ സംരക്ഷിക്കുന്നതും വികസനമാണ്.

മനുഷ്യർ എന്ന് പറയുമ്പോൾ ഒരാൾക്കൂട്ടമല്ല. മാറുന്ന മാറിക്കൊണ്ടിരിക്കുന്ന സമൂഹം. ഒരാൾക്കൂട്ടത്തിൽ പല ഘടകങ്ങളുമുണ്ട് ബന്ധങ്ങളൊക്കെ വിൽപ്പന ചരക്കായി മാറുന്നുണ്ട് ഈ ആസൂര കാലഘട്ടത്തിൽ. ഒരെ സമയം വികസനത്തോടൊപ്പം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കഴിഞ്ഞാൽ മാത്രമേ ഇനി നമുക്ക് മുന്നോട്ടുപോകാൻ സാധിക്കുകയുള്ളു. അത്തരത്തില് ഗാന്ധിജിയുടെയും സോഷ്യലിസ്റ്റ് ചിന്താഗതി ഒക്കെയുള്ള മനോഭാവത്തോടെ നിലവിലുള്ള വികസനത്തോടൊപ്പം മൂല്യാധിഷ്ഠിത സമീപനം ഉണ്ടാകേണ്ടിയിരിക്കുന്നു.

വെളിച്ചം വിതറിയ സ്വാധീനങ്ങൾ

എന്നെ ഏറ്റവുമധികം ബൗദ്ധികമായി സ്വാധീനിച്ചത് രാം മനോഹർ ലോഹ്യയാണ്. വൈകാരികമായി രാഷ്ട്രീയത്തിൽ എന്നെ സ്വാധീനിച്ചത് എ.കെ.ജിയാണ്. ജനങ്ങളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ. വിശാലാർത്ഥത്തിൽ ഗാന്ധിജിയാണ് എന്നെ ഏറെ സ്വാധീനിച്ചത്. ഹിറ്റ്ലർ ഒരു ജനസമൂഹത്തെ എങ്ങനെ അക്രമാസക്തരാക്കാമെന്ന് പഠിപ്പിച്ചപ്പോൾ ഗാന്ധിജിയുടെ പരീക്ഷണം അക്രമാസക്തരാകുന്ന ജനതയെ എങ്ങനെ അഹിംസയുടെ, ശാന്തിയുടെ പാതയിൽ, കൊണ്ടുവരാമെന്നാണ്. ഇത് ഒരു ചെറിയ പരീക്ഷണമല്ല.

വിവേക ദർശനം

വിവേകാനന്ദ കോളേജിലാണ് ഞാൻ പഠിച്ചിട്ടുള്ളത്. വിവേകാനന്ദ സാഹിത്യവുമായി എനിക്ക് അന്ന്തൊട്ടെ ബന്ധമുണ്ട്. കുറെ കാലമായി ഞാൻ വിവരങ്ങൾ ശേഖരിക്കുകയും സ്വാമിജിയെക്കുറിച്ച് ഒരു പുസ്തകം എഴുതണമെന്ന ആലോചനയിലുമായിരുന്നു. ഈ കാലഘട്ടത്തിൽ എല്ലാവരും വിവേകാനന്ദനെ ഉദ്ധരിക്കുന്നുണ്ട്. എന്തിനാണെന്ന് വെച്ചാൽ അവരുടേതായ ആവശ്യത്തിന്, അവരുടെ ചിന്തയിൽ കൊടുക്കുവാൻ വേണ്ടി മാത്രം. നമ്മൾ എല്ലാവരും പലതും വായിക്കുകയും അത് ഒരു ചട്ടക്കൂട്ടിൽ എല്ലെങ്കിൽ ഒരു ഫ്രെയിമിൽ ഒതുക്കുവാണ് ശ്രമിക്കുന്നത്. അതിനായ് വിവരങ്ങൾ ശേഖരിക്കുകയാണ് നാം ചെയ്യുന്നത്. നമ്മുടെ വിവരത്തിനനുസരിച്ച് ഒരിക്കലും വായനയെ ഒതുക്കാൻ ശ്രമിക്കരുത്.

ഒരു ഫ്രെയിമിലും ഒതുക്കാതെ ഒരു മനുഷ്യനായി, വലിയ മനുഷ്യനായി അദ്ദേഹത്തെ അറിയാൻ ശ്രമിക്കുകയായിരുന്നു ആ പുസ്തകത്തിലൂടെ ഞാൻ. ഒരു മനുഷ്യനെ എല്ലാ ദൗർബല്യങ്ങളും കഷ്ടപ്പാടുകളും ക്രിയാത്മകതയുമൊക്കെ ചേർന്ന് എങ്ങനെ വളർത്തുന്നുവെന്ന് വിലയിരുത്തുകയാണ് ആ പുസ്തകം . സന്യാസമെന്നത് വിവേകാനന്ദന് പരിത്യാഗമായിരുന്നില്ല. അതായത് separation അല്ല Integration ആയിരുന്നു. അങ്ങനെയുള്ള ഒരു വ്യക്തിത്വത്വം വിശ്വമാനവികതയിലേക്ക് ഉയർന്നത് എങ്ങിനെയെന്ന് കാണിക്കുകയായിരുന്നു ആ പുസ്തകം.

എഴുത്തു അനുഭൂതിയും

നിലനിൽക്കാത്തത് കുറച്ചുകഴിഞ്ഞാൽ മരിച്ചുപോകും. ഓർമ്മയിൽ ഉണ്ടാവില്ല. ഓർമ്മയിൽ തങ്ങുന്നത് എന്നും നിലനിൽക്കുക തന്നെ ചെയ്യും. ചില എഴുത്തുകാരെ നാം ഒരിക്കലും മറക്കുകയില്ല ഉദാഹരണത്തിന് വൈക്കം മുഹമ്മദ് ബഷീറിനെ പോലെയുളളവരെ. ഏതു രചനകളാണോ നിലനിൽക്കുന്നത് അതാണ് സാഹിത്യം . എല്ലാ രചനകളും നിലനിൽക്കണം. അത്തരത്തിൽ എഴുതുവാൻ നമ്മുടെ എഴുത്തുകാർക്ക് സാധിക്കേണ്ടതായുണ്ട്.

റൈറ്റേഴ്സ് കാപിറ്റൽ ഇന്റർനാഷണൽ ഫോറം ഡയക്ടർ, പ്രസിഡണ്ട് സെൻറർ ഫോറം ഇന്ത്യ സ്റ്റഡീസ് കുവൈത്ത് . കോഴിക്കോട് ജില്ലയിലെ തിക്കോടി സ്വദേശി.