കാട് കാതിൽ പറഞ്ഞത് – 2

മുള്ളുള്ള മഹാസത്യങ്ങൾ

സന്നിധാനം ഫോറസ്റ്റ് സ്റ്റേഷനിൽ ചാർജ്ജെടുത്തിട്ട് ഏതാനം മാസങ്ങളായി. സ്റ്റാഫിന് എന്റെ രീതികൾ മനസ്സിലായിക്കഴിഞ്ഞു.

” ഇന്ന് വെളുത്തവാവാണ്, നമുക്കൊന്ന് നൈറ്റ് പട്രോളിങ്ങിന് പോയാലോ സാർ ? ” ചോദിച്ചത് ഡ്രൈവർ അനിൽകുമാറാണ്.

” 11 മണിക്ക് പോകാം. നാല് പേർ യൂണിഫോമിൽ റെഡിയാകണം” വെളുത്തവാവാണ് എന്ന അനിൽകുമാറിൻ്റെ ഓർമ്മപ്പെടുത്തൽ ഒരു പ്രലോഭനമാണ്. അതിനെ മറികടക്കാൻ എനിക്കാവില്ല.

നറുനിലാവുള്ള രാത്രികളിൽ കാടിന് വല്ലപ്പോഴും പ്രണയമൂർച്ഛയിലെത്തുന്ന പെണ്ണിൻ്റെ തെറിപ്പാണ്. അവൾ രാത്രിയെന്നോ പകലെന്നോ ഉള്ള കാലബോധങ്ങളുടെ ഉറയൂരിയ ഒരു ചേരയെപ്പോലെ, തനിക്ക് കൈവന്ന പുതിയ സ്വർണ്ണവർണ്ണത്തിൽ അഭിരമിച്ച് പുളച്ചുകിടക്കും. കാറ്റിൽ വിരൽനീട്ടുന്ന നിഴലുകളുടെ ചാപല്യങ്ങളെ കാട് ഒരു അലൗകിക ഭാവത്തോടെ വിസ്മരിക്കും. ഓരോ പൂർണ്ണചന്ദ്ര രാത്രിയും കാട്ടിൽ സൃഷ്ടി – സ്ഥിതി – സംഹാരങ്ങളുടെ സംയോഗ രാത്രിയാണ്. പുലരി എന്നു തെറ്റിധരിച്ച് പകൽജീവികളും സന്ധ്യയാണെന്നു കരുതി രാത്രി ജീവിതക്കാരും കാടുനിറയുന്ന നിലാരാത്രി.

പൂർണ്ണചന്ദ്രൻ മലയിറങ്ങിവന്ന് മരങ്ങളെ പുണർന്നു തുടങ്ങിയാൽ പുൽമേടുകളിൽ മ്ലാവുകൾ പറ്റമായി മേയാനിറങ്ങും. അവരെത്തേടുന്ന പച്ചക്കണ്ണുകൾ അപ്പോൾ മടയിറങ്ങി മാംസദാഹത്താൽ ജ്വലിച്ചു പിന്നാലെ കൂടും. രാപ്പാടികളും പകൽക്കിളികളും ഒന്നിച്ച് കാടിൻ്റെ ഉന്മാദത്തിൻ്റെ ശബ്ദവീചികളാകും. പൂവുകൾ തോറും പറന്നു തളർന്ന ശലഭങ്ങൾ ജന്മലക്ഷ്യം നിറവേറ്റിയ ഉന്മാദത്തോടെ പിടഞ്ഞു മരിച്ച് കാടിൻ്റെ മടിയിലേക്ക് കൊഴിഞ്ഞുവീണു കൊണ്ടിരിക്കും. അപ്പോൾ, പരാഗരേണുക്കൾ ഏറ്റുവാങ്ങിയ വനപുഷ്പങ്ങൾ, ചിത്രഗുപ്തൻ കുറിച്ച ചിത്രശലഭമഴ കാണാത്തതുപോലെ തനിക്കവൻ തന്നുപോയ ബീജസംയോഗ സുഖത്തിൽ മന്ദഹസിച്ച് ഇതളുകൾ പാതികൂമ്പി ഉണർന്നു കിടക്കും. പൂവിൻ്റെ ആ പുഞ്ചിരിയിലാണ് ഭൂമിയാകെ നിലനിൽക്കുന്നത്.

ജീപ്പ് ത്രിവേണിപ്പാലം കടക്കുമ്പോൾ താഴെ പുഴയിലേക്ക് നോക്കി. ആളും ആരവവും ഇല്ലാതെ അമ്പിളിയുടെ പമ്പവിളക്ക് നടക്കുകയാണവിടെ. KSRTC ബസ്സ്റ്റാൻ്റ് എത്തിയപ്പോൾ രണ്ട് മുള്ളൻപന്നികൾ കാവടി തുള്ളി ജീപ്പിനു മുന്നിലെത്തി. അവർ അടിവെച്ച് റോഡിൻ്റെ ഒത്ത നടുവിലൂടെ ഞങ്ങളെ തടസ്സപ്പെടുത്തി മുന്നോട്ടു നീങ്ങുകയാണ്. ത്രസിച്ചുണർന്ന മുള്ളുകൾ കാറ്റിലാടുന്നതുപോലെ താളത്തിൻ ചലിച്ചു കൊണ്ടിരുന്നു. ഇവയുടെ കൂർത്തുണർന്ന മുള്ളുകളുടെ അഗ്രത്തിനെന്തിനാണ് പ്രകൃതി ഇത്രക്ക് തിളങ്ങുന്ന വെണ്മ നൽകിയത് ? നിലനില്പ് എന്ന മഹാനീതിക്കായി പുലിയുടേയും കടുവയുടേയും മാംസത്തിൽ പോലും തുളഞ്ഞു കയറേണ്ട ബ്രഹ്മാസ്ത്രങ്ങളാണവ. അല്ലയോ വില്ലാളിവീരാ, നീ ചെയ്യുന്നത് ധർമ്മമാണ് എന്ന ഗോവിന്ദൻ്റെ സാരോപദേശച്ചിരി ഓരോ മുള്ളിൻ്റെ തുമ്പിലും വെട്ടിത്തിളങ്ങുന്നു – മുൾമുനയിലെ ഗീതാഭാഷ്യം! ഗോവിന്ദൻ എന്നാൽ മൃഗ രക്ഷകൻ എന്നുതന്നെയാണല്ലോ അർത്ഥം!! ക്ഷമകെട്ട അനിൽ കുമാർ ഹോൺ മുഴക്കിയപ്പോഴേ ഹണിമൂണിനിറങ്ങിയവർ വഴിമാറിത്തന്നുള്ളൂ.

വണ്ടി മുന്നോട്ടുനീങ്ങുമ്പോൾ പിൻതിരിഞ്ഞുനോക്കി. നാല് നീലവെളിച്ചത്തിന് മുകളിൽ നിലാവിൽ തിളങ്ങുന്ന കുറേ വെള്ളിക്കമ്പുകളും പേറി പ്രണയികൾ റോഡിൽ തന്നെയുണ്ട്.

“ആരെങ്കിലും മുള്ളൻപന്നി ഇണചേരുന്നത് കണ്ടിട്ടുണ്ടോ ?” എൻ്റെ ചോദ്യം വണ്ടിയിൽ പൊട്ടിച്ചിരി പടർത്തി.

“ഇല്ല സർ ” ചിരിക്കു ശേഷം മറുപടി വന്നു.

പാമ്പിനെപ്പോലെ പുളഞ്ഞു കിടക്കുന്ന റോഡിലേക്ക് നോക്കി ഞാനിരുന്നു. ഓരോ വ്യക്തിയും ഓരോ മുള്ളൻപന്നിയാണ്. ജനിതകവും ശീലങ്ങളും ജീവിത പാഠങ്ങളും സമ്മാനിച്ച കൂർത്തു മൂർത്ത അതിജീവന പാഠങ്ങൾ നിറയെ പേറുന്നവർ. ആ മുള്ളുകൾ പരമാവധി ഒതുക്കിവെച്ചാണ് ഓരോ വ്യക്തിയും സമൂഹജീവിയാകുന്നത്, സംഘടനകളും സൗഹൃദങ്ങളും പുലർന്നു പോകുന്നത്, ഓരോ ഇണയും ഒന്നിച്ചു പുലരുന്നത്. എങ്കിലും വിയോജിപ്പിൻ്റെ, വിഹ്വലതകളുടെ ചില മുള്ളുകൾ ഒതുക്കാൻ നമുക്കാവില്ല. ആ മുള്ളിൻ്റെ കുത്തേറ്റുതന്നെ നാം ഒന്നു ചേർന്ന് നടക്കും, രമിക്കും, ജീവിതത്തിൻ്റെ കയറ്റിറക്കങ്ങൾ താണ്ടും. പക്ഷേ അതിവിടെ പറഞ്ഞിട്ട് കാര്യമില്ല. രാത്രിയാത്രകളിൽ സ്റ്റാഫിനെ ഉത്തേജിപ്പിക്കാൻ മറ്റൊന്നാണ് വേണ്ടത്.

“ഞാൻ കണ്ടിട്ടുണ്ട്. പെണ്ണിന് സ്നേഹം ഭാവിച്ച് നിന്നു കൊടുത്താൽ മതി. ഓരോ പ്രാവശ്യവും മൗണ്ട് ചെയ്യുമ്പോൾ ആണെത്ര കുത്താണ് കൊള്ളുന്നതെന്ന് അനുഭവിച്ചവനേ അറിയൂ ” വണ്ടി ഒരു ചിരിക്കുടുക്കയായി മുന്നോട്ടുപാഞ്ഞു.

” മുള്ളൻപന്നികൾ മുള്ള് എയ്തുവിടും എന്നത് വെറും കഥയാണ് ” അത് സഹപ്രവർത്തകരോട് പറഞ്ഞത് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബാഹുലേയനാണ് എന്നു തോന്നുന്നു.

Image Credit : Stock Photos

അങ്ങനെ എന്തെല്ലാം അസംബന്ധ കഥകളാണ് കാടിനെയും വന്യജീവികളെയും കുറിച്ചുള്ളത്. കാട്ടിൽ മുള്ളൻപന്നിയുടെ മുള്ളുകൾ ചിതറിക്കിടക്കുന്നത് കണ്ട് ഉണ്ടാക്കിയ കഥയാണത്. അത് വേഗം ഊരിപ്പോകുന്ന തരത്തലാണ് അവയുടെ ശരീരത്തിൽ വിന്യസിച്ചിരിക്കുന്നത്. സാവധാനത്തിലാണ് മുന്നോട്ടു നീങ്ങുന്നതെങ്കിലും അതിവേഗം പിന്നിലേക്ക് കുതിച്ച്, തന്നെ പിൻതുടരുന്ന എതിരാളിയുടെ മുഖത്ത് മുള്ളുകൾ തറപ്പിച്ച് പിന്മാറാൻ അവക്കാകും. ആ മാരക പ്രഹരത്തിന് ഒരു തന്ത്രമുണ്ട്. പിന്നോട്ടു പാഞ്ഞുവന്നുള്ള ആദ്യ ഇടിയിൽത്തന്നെ ഇരയുടെ കട്ടിത്തോൽ പിളർന്ന് ഡസൻ കണക്കിന് മുള്ളുകൾ ഉള്ളിൽ കടന്നിട്ടുണ്ടാകും. അത് ബോധ്യപ്പെട്ടാൽ നിമിഷാർത്ഥത്തിൽ തൻ്റെ പൂഴിക്കടകൻ മുള്ളൻ വീണ്ടും പുറത്തെടുക്കും. 15 കിലോയോളം വരുന്ന ശരീര ഭാരം തൻ്റെ ബലിഷ്ടമായ കാലുകളിൽ കേന്ദ്രീകരിച്ച് പിന്നിലേക്ക് വീണ്ടും ഒരു മരണക്കുതിപ്പ്. വായിലാണ് മുള്ളു തറച്ചതെങ്കിൽ ഇക്കുറി വേട്ടക്കാരൻ്റെ ഉളിപ്പല്ലിൽ കൊരുക്കും. എങ്കിലും അത് ചെയ്താലേ കളരിയങ്കം പൂർത്തിയാകൂ. ആ കുതിപ്പിൽ മുള്ളുകൾ എതിരാളിയുടെ മാംസത്തിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങുകയും പെട്ടെന്നുള്ള പിന്മാറ്റത്തിലൂടെ അവയുമായുള്ള തൻ്റെ ബന്ധം ഊരിയെറിഞ്ഞ് പിന്മാറാൻ അവക്ക് കഴിയുകയും ചെയ്യും.ആഴത്തിൽ തറഞ്ഞു കയറിയ 10 -20 മുള്ളുകൾ ഇനി ആ വേട്ടക്കാരന് സ്വന്തമാണ് !!

ഇത്തരം ഓരോ രക്ഷപെടലിന് ശേഷവും ആയുധം നഷ്ടപ്പെട്ട പോരാളിയെപ്പോലെയാകും മുള്ളൻപന്നി കാട്ടിൽ രണ്ടാഴ്ചയോളം ജീവിക്കുക. അപ്പോൾ കാട്ടിൽ ചത്തുകിടക്കുന്ന വലിയ മൃഗങ്ങളുടെ അസ്ഥികൂടങ്ങൾക്ക് പരിസരത്ത് അവ ഒതുങ്ങിക്കൂടും. യഥാർത്ഥത്തിൽ അണ്ണാനെയും എലിയേയും പോലെ കരണ്ടുതിന്നുന്ന ഒരു മൃഗമാണ് മുള്ളൻപന്നിയും. അവക്ക് പന്നിയുമായി ഒരു ബന്ധവും ഇല്ല. എന്നാലും, കാലദേശങ്ങളെ മറികടക്കുന്ന ഭാഷയുടെ അത്ഭുതമായി, Porcupine എന്ന ഇംഗ്ലീഷ് പേരിനും, അതിന് ആധാരമായ ലാറ്റിൻ വാക്കിനും, മുള്ളുള്ള പോർക്ക് എന്നുതന്നെയാണ് അർത്ഥം. കാട്ടിൽ മരിച്ചു വിഴുന്ന വന്യമൃഗങ്ങളുടെ അസ്ഥികൂടങ്ങൾ കരണ്ടുതിന്നാണ് ബലിഷ്ടമായ മുള്ളുകൾ വീണ്ടും രൂപപ്പെടാൻ വേണ്ട കാത്സ്യവും കെരാറ്റിനും ഇവ ആർജിക്കുന്നത്. അങ്ങനെ അതിവേഗത്തിൽ പുതുമുള്ളുകൾ വീണ്ടും കിളിർത്തുവരും. കാടിനെ ഒരു അസ്ഥികൂട മ്യൂസിയം ആക്കാതിരിക്കാൻ സഹായിക്കുകയാണ് മുള്ളൻപന്നികൾ ചെയ്യുന്നത്. ഇത് മുള്ളൻപന്നിയാണ് -സത്യഹരിച്ഛന്ദ്രനൊന്നും അല്ലല്ലോ. അവൻ കാടിനെ ചുടുകാടാകാൻ വിടാതെ അസ്ഥികളും തലയോടുകളും ഒഴിവാക്കിക്കൊണ്ടേയിരിക്കുന്നു. ഈശ്വരചിന്ത അശേഷമില്ലാതെ.

ചാലക്കയത്ത് വണ്ടിനിർത്തി ഞങ്ങൾ ഇറങ്ങി. ഉയർന്ന് വിശാലമാണ് ഇവിടം. നിലാവ് തളംകെട്ടിക്കിടക്കുകയാണ് ചുറ്റും. ശബരിമല സീസണിൽ വാഹനങ്ങളുടെ പോലീസ് പരിശോധന നടക്കുന്ന ഇടമാണിത്. അങ്ങുതാഴെ പമ്പ നിലാവിനോട് കിന്നാരം പറയുന്നത് ഇവിടെവരെ കേൾക്കാം. ഭഗവത് വിഗ്രഹത്തിൽ നെയ്യഭിഷേകം പോലെ, അങ്ങ് ദൂരെ നീലിമലയിൽ നിലാവ് ഒഴുകിയിറങ്ങുന്നു.

തൊട്ടപ്പുറം ഒരാനത്താരയാണ്. അവിടെനിന്നും അല്പം മാറിയേ വണ്ടി പാർക്ക് ചെയ്യാവൂ എന്ന് ഞാൻ നേരുത്തേ നിർദ്ദേശിച്ചിട്ടുണ്ട്. ശബരിമലയിലേക്കുള്ള റോഡുകൾ വിശാലവും സുഗമവും ആയതോടെ ആനകൾ യഥേഷ്ടം സഞ്ചരിച്ചിരുന്ന ഇടങ്ങളിൽ കിടങ്ങുകളും കൽമതിലുകളും ഉയർന്നു. ഇപ്പോൾ വളരെക്കുറച്ച് ആനത്താരകളേ മുറിയാതെ അവശേഷിക്കുന്നുള്ളൂ. അതിൽത്തന്നെ ഒട്ടുമിക്കതിലും നട തുറന്നിരിക്കുന്ന അവസരങ്ങളിൽ വാഹനത്തിരക്കുമൂലം അവക്ക് സഞ്ചരിക്കാനാകില്ല. അഭയാർത്ഥി ദുരിതങ്ങൾ കാണാൻ ഹോറിഗ്യയേയും ഗാസയേയും നിങ്ങൾ ഗൂഗിളിൽ പരതേണ്ടതില്ല. കേരളത്തിൻ്റെ വനവഴികളിലൂടെ കണ്ണു തുറന്ന് ഒന്ന് സഞ്ചരിച്ചാൽ നേരിലത് കാണാനാകും – മിണ്ടാപ്രാണികളായ വന്യമൃഗങ്ങൾ, പ്രത്യേകിച്ചും ആനകൾ, മക്കളെയും കൂട്ടി പിറന്ന മണ്ണിൽ അന്യരെപ്പോലെ വഴിതടയപ്പെട്ട് അലയുന്നത്, വിശന്നുഴലുന്നത്, അക്രമാസ്കതരാകുന്നത്, ഒടുവിൽ ഗത്യന്തരമില്ലാതെ പോരടിച്ച് രക്തസാക്ഷികളാകുന്നത് !!

Photo Credit : Deepakumar Narayanan

നീലക്കാടും നിറനിലാവും ഇടവേളക്കുശേഷമുള്ള സംഗമത്തിൽ മതിമറന്ന് ആടിത്തിമിർക്കുകയാണ്. ” അജിത ഹരേ… മാധവാ വിഷ്ണോ …. ” കിഴക്കൻ കാറ്റ് ശ്രീരാഗം നീട്ടിപ്പാടുമ്പോൾ കൃഷ്ണമുടിപോലെ തേമ്പാവിൻകൊമ്പുകൾ ഇളകിക്കൊണ്ടിരുന്നു. കിഴക്കൻ കാറ്റിൽ പാറിവീഴുന്നത് ഇലകളാണോ? അതോ, കുചേലന്റെ പൊതിയിലെ അവൽ നൂറുങ്ങുകളോ? ഈ ചൊല്ലിയാട്ടം പുലരുവോളം ഉണ്ടാകും. സാവധാനം മഞ്ഞിൻ്റെ തിരശ്ശീല ഞങ്ങളേയും പൊതിഞ്ഞു.

നാലു മണി ആയിരിക്കുന്നു. കോടമഞ്ഞിറങ്ങിയാൽപ്പിന്നെ നിന്നിട്ട് കാര്യമില്ല. മൂന്നു ജീവനക്കാർ ഉറങ്ങാതെ കൂട്ടിരുന്നു. കാടിൻ്റെ ചെറുചലനവും ചൂരും അറിയുന്നവരാണവർ. ഇവരുടെ അർപ്പണബോധത്തിൻ്റെ ബലത്തിലാണ് നമ്മുടെ ശേഷിക്കുന്ന വനങ്ങൾ പുലരുന്നത്. അവരുടെ വിയർപ്പിൻ്റെ ഉപ്പുരസമാണ് നമ്മുടെ പുഴകൾക്ക് കിട്ടുന്ന ആദ്യ മനുഷ്യാനുഭവം. ജീപ്പിൻ്റെ പിൻസീറ്റിലെ രണ്ട് കൂർക്കംവലിക്കാരെ ഉണർത്തി പമ്പയിലേക്ക് മടങ്ങി. ഇടക്ക് വണ്ടി, മുമ്പ് മുള്ളൻപന്നികളെ കണ്ട ഇടത്ത് ഒന്നുനിർത്തി. അവരെ കാണാനില്ല. രണ്ട് നീളൻ മുള്ളുകൾ റോഡരികിൽ പൊഴിഞ്ഞു കിടപ്പുണ്ട്. നിലാരതിയുടെ ആവേഗത്തിൽ അവൻ്റെ ഉടലിൽ തറച്ചതാണോ അത് ? അതോ പ്രിയനൊരുവൻ്റെ ചോരപൊടിയാതിരിക്കാൻ അവൾ സ്വയം പൊഴിച്ചെറിഞ്ഞതോ ?

പട്ടെന്ന് മനസ്സിലൊരു സന്ദേഹം വളർന്നു. ഞാൻ ജീപ്പിൽ നിന്നിറങ്ങി പരിസരം വീക്ഷിച്ചു. ചോരപ്പാടുകൾ വല്ലതും കാണാനുണ്ടോ ?

കാട്ടിലെ പൊന്നുതമ്പുരാനാണ് കടുവ – നിറംകൊണ്ടും ജീവിതം കൊണ്ടും ! തിരുവായ്ക്ക് എതിർവാ ഇല്ലാത്തവൻ. പക്ഷേ കാട്ടിൽ കടുവകളുടെ അന്തകരാണ് മുള്ളൻപന്നികൾ. അവയോടുള്ള പ്രത്യേകമായ മാംസദാഹം നിയന്ത്രിക്കാൻ അചഞ്ചലശീലനായ കടുവയ്ക്കു പോലും കഴിയാറില്ല. വിഷകന്യകയെപ്പോലെ മരണം ചുരന്നാണ് അവ നിൽക്കാറുള്ളത് എന്നറിഞ്ഞിട്ടും ദർഭപ്പുല്ല് ശേഖരിച്ചുവരുന്ന ശകുന്തള ആണെന്ന ലാഘവത്തോടെയാണ് ചക്രവർത്തി അവയെ സമീപിക്കാറുള്ളത്.

പലപ്പോഴും വിശപ്പിൻ്റെ ഗാന്ധർവയാമത്തിന് മുള്ളൻപന്നി വഴങ്ങിക്കൊടുക്കേണ്ടിവരും. പക്ഷേ മറവിക്ക് മായ്ക്കാനാകാത്ത മുദ്ര മോതിരമായി ഒന്നോ രണ്ടോ മുള്ളുകൾ കടുവയുടെ തൊണ്ടയിൽ പതിച്ചിറക്കിയേ മരണത്തിൻ്റെ രതിനൃത്തത്തിന് അവ വഴിപ്പെടാറുള്ളൂ. കുമോൺ കാടുകളിൽ നരഭോജികളായിത്തീരുകയും ഒടുവിൽ ജിംകോർബറ്റിൻ്റെ സ്നേഹവെടിയുണ്ട ഏറ്റുവാങ്ങുകയും ചെയ്ത ഒട്ടുമിക്ക കടുവളുടെ തൊണ്ടയിലും അന്നനാളത്തിലും മുള്ളൻ്റെ മുദ്രമോതിരങ്ങൾ തറഞ്ഞിരിപ്പുണ്ടായിരുന്നു !

മരിച്ചുപോയേക്കാം എന്നറിഞ്ഞിട്ടും കടുവകൾ എന്തിനാണ് ഈ ഇത്തിരി മൃഗത്തെ വേട്ടയാടാൻ ശ്രമിക്കുന്നത് ? അതൊരു വെറും മാംസദാഹം മാത്രമാണോ ? അതോ പ്രകൃതി പകർന്നു നൽകിയ പാരസ്പര്യത്തിൻ്റെ ആത്മസാധനയോ ?

താൻ പിൻതുടരുന്ന ഓരോ മുള്ളൻപന്നിയിലും ഉണർന്നുനിന്ന് തന്നെ തുറിച്ചു നോക്കുന്ന മുള്ളുകൾ വെറും മരണശരങ്ങൾ മാത്രമല്ല എന്നും, ഇതേ കാട്ടിൽ ജീവിച്ചു മരിച്ച തൻ്റെ പിതാമഹന്മാരുടെയും താൻ നിർദ്ദയം കൊന്നു തിന്ന മൃഗങ്ങളുടെയും അസ്ഥിയും മജ്ജയും വച്ചുനീട്ടുന്ന ബലിച്ചോറാണെന്നും അവനറിയാതിരിക്കുമോ ? അതോ, അസ്ഥിമാത്രനായി കഴിഞ്ഞാണെങ്കിലും തന്നെ തിന്നുന്ന നിസ്സാരനോടുള്ള പകയാണോ കടുവയെ മുള്ളൻപന്നിയെ പിൻതുടരാൻ പ്രേരിപ്പിക്കുന്നത് ? എന്തായാലും സംഘർഷത്തിൻ്റെ ചോരത്തുളളികളില്ല എന്നുറുപ്പിച്ച് ഞങ്ങൾ ത്രിവേണിയിലേക്ക് മടങ്ങി.

പമ്പ തെളിഞ്ഞുമയങ്ങുകയാണ്.

കടുവയേയും മുള്ളനേയും പോലെ ഇരയും വേട്ടക്കാരനുമായി പ്രകൃതി പകർന്നാടുന്നത് എത്ര കണ്ടതാണീ നീരൊഴുക്ക്. അവിടെ മുങ്ങി നിവരുമ്പോൾ, “ഹേ മനുഷ്യാ, ഇന്നത്തെ വേട്ടക്കാരാ, നീ വെറും കരണ്ടുതിന്നപ്പെടാനുള്ള ഇര ” എന്ന ജ്ഞാനസ്നാനമല്ലേ നമുക്കവൾ നൽകാൻ ശ്രമിക്കുന്നത്.

മുള്ളുള്ള ആ മഹാസത്യങ്ങൾ ഈ വനനദിക്കല്ലാതെ ആർക്കാണ് മനുഷ്യനോട് പറഞ്ഞുതരാനാവുക !!

കുട്ടനാട്ടിൽ ജനിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. വനം വകുപ്പിൽ ഫീൽഡ് ഓഫീസറായിരുന്നു. 2021 ൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ തസ്തികയിൽനിന്ന് വിരമിച്ചു. വകുപ്പിൻ്റെ അരണ്യം മാസികയുടെ അസി. എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. നിരവധി ലേഖനങ്ങളും ഡോക്യുമെൻ്ററികളും പത്ര - ദൃശ്യമാധ്യമങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 'ആരണ്യകം' എന്ന പേരിൽ വനം പരിസ്ഥിതി വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട്.