കാട് കാതിൽ പറഞ്ഞത് – 15

അഗസ്ത്യഹൃദയം

AC കാട്ടിലേക്ക് നടന്നുകയറുമ്പോൾ ഉടലിൽ മാത്രമല്ല, ഉളളിലും നനുത്ത മഞ്ഞുമണികൾ പറ്റിച്ചേരുന്നുണ്ടായിരുന്നു. അഞ്ച് മണിക്കൂറായി കാട്ടിലൂടെ നടക്കുകയാണ്. അതിൻ്റെ ക്ഷീണത്തേക്കാളും എന്നെ അവശനാക്കിയത് രണ്ടാഴ്ചമുമ്പ് ഉള്ളിലേറ്റ ആ പൊള്ളലാണ്.

അഗസ്ത്യാർകൂടത്തിൻ്റെ തൊട്ടുതാഴെയുള്ള ഈ ചോലക്കാടിന് AC കാട് എന്നു പേരിട്ടവൻ്റെ നാവ് പൊന്നാകട്ടെ. പരമാർത്ഥത്തെ ഇംഗ്ലീഷ് ചുരുക്കെഴുത്തിൽ പറയരുതെന്ന് വിലക്കൊന്നും ഇവിടില്ലല്ലോ ! തണുത്ത നീർത്തുള്ളികളെ പ്രസവിച്ചുകൊണ്ടിരിക്കുന്ന മരപ്പായലുകളുടെ ലേബർവാർഡുകളായി മാറിയ ഇരുണ്ടപച്ച വെൽവെറ്റിൽ പൊതിഞ്ഞ കുഞ്ഞൻ മരങ്ങളാണ് ചുറ്റും. കാടിൻ്റെ പുണ്യം പിറക്കുന്നത് മനുഷ്യരുടെ കണ്ണിൽനിന്നും മറച്ചുപിടിക്കാൻ എന്നവണ്ണം പരമാവധി വളഞ്ഞും തിരിഞ്ഞുമാണ് അവ നിൽക്കുന്നത്. മലയിറങ്ങിവന്ന, മരുന്നുമണക്കുന്ന നനുത്ത കാറ്റിൻ്റെ സഹായത്തിൽ ആ പേരറിയാമരങ്ങളിൽ ചിലത് ചില്ലകൾനീട്ടി, കട്ടിക്കരിമ്പച്ച ഇലകൾകൊണ്ട് സമാശ്വസിപ്പിക്കും പോലെ എൻ്റെ തോളിൽത്തട്ടിക്കൊണ്ടിരുന്നു. ചതിക്കപ്പെട്ടവനോടുളള ചങ്ങാതി സ്നേഹമാണത്.
അഗസ്ത്യവനം ബയോളജിക്കൽ പാർക്കിൽ റെയ്ഞ്ച് ഓഫീസറായി ചാർജ്ജെടുത്ത ശേഷമുള്ള ആദ്യ അഗസ്ത്യ ദർശനയാത്രയാണിത്. പേരുകൊണ്ട് പറ്റിക്കപ്പെട്ട ശേഷമുള്ള ആദ്യയാത്ര !

അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് !! –

റെയ്ഞ്ച് ഓഫീസറായി ചാർജെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും ആ പേരിൻ്റെ ഇരട്ടിമധുരം ഉള്ളിൽ ഊറിക്കൊണ്ടിരുന്നു. ഭാരതത്തിൻ്റെ സാംസ്കാരിക ഭൂമികയിൽ കൈലാസമെന്നതിൻ്റെ ചെറുപതിപ്പാണ് തെക്കേ ഇന്ത്യക്ക് അഗസ്ത്യമല. ഒന്ന് ഹിമാലയ മലകളിലും ഇത് സഹ്യസാനുക്കളിലുമാണ് എന്ന ഏറ്റക്കുറച്ചിലേ ഉള്ളൂ.
കേരളത്തെ എന്നപോലെ തമിഴ് ജനതയേയും ആഴത്തിൽ സ്വാധീനിച്ച മലയാണിത്. രണ്ടു പതിറ്റാണ്ടുമുമ്പ് മലകയറി മടങ്ങിവന്ന്, എസ്സ്. ജയചന്ദ്രൻ നായർ സാർ എഡിറ്ററായിരുന്ന കാലത്തെ കലാകൗമുദിയിൽ ഒരു ലേഖനമെഴുതി തുടങ്ങിയ ബന്ധമാണ് അഗസ്ത്യാർകൂടത്തോട്. പലതവണ ആ മല കയറിയിറങ്ങി. ഇപ്പോൾ അവിടെ ചാർജ്ജ് ഓഫീസറായി എത്തിയിരിക്കുന്നു. ആനന്ദലബ്ധിക്ക് ഇനി എന്തു വേണം ?

രണ്ടുദിവസം കഴിഞ്ഞ് ഫീൽഡ് പരിശോധനക്കായി ശംബുതാങ്ങി സെക്ഷനിലെത്തി. ചപ്പാത്തിനപ്പുറം ജീപ്പ് കടന്നപ്പോൾ ഉള്ളൊന്നു പൊള്ളി. ആ പൊള്ളലിലാണ് ഇപ്പോൾ അഗസ്ത്യമലമടിയിലെ AC കാട് ഔഷധപ്പച്ച പുരട്ടിത്തരുന്നത്. കുറ്റിച്ചൂലിലെ ഈർക്കിലിപോലെ തൈകൾ ഞെരുങ്ങി വളരുന്ന ഒരു അക്കേഷ്യക്കാടാണ് അന്നവിടെ കണ്ടത് ! പതിറ്റാണ്ടുകളായിട്ടും വളർച്ചയില്ലാതെ ഞെരുങ്ങിയമർന്ന്, വിരൽ വണ്ണവും കൈവണ്ണവുമുള്ള അക്കേഷ്യമാത്രം നിറഞ്ഞ ഒരു ഏകവിളത്തോട്ടം. ഇത്തരം ഏകവിളത്തോട്ടങ്ങൾ ഹരിത മരുഭൂമി (Green Desert) എന്നാണ് അറിയപ്പെടുക. അതിൻ്റെ ഏറ്റവും മാരകമായ വേർഷനാണ് മുന്നിൽ.
അതിനുളളിലൂടെ ഒരു ശലഭത്തിന് പറക്കാനോ ചെറുപാമ്പുകൾക്ക് പോലും ഇഴഞ്ഞു പോകാനോ സാധ്യമല്ല. മറ്റു സസ്യങ്ങളൊന്നുമില്ലാത്ത, ഈ വിദേശവിനാശവൃക്ഷം മുക്കാലുംവിഴുങ്ങിയ റെയ്ഞ്ചിൻ്റെ പേരാണ് അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ! ഒരു പേരും ആരെയും ഇത്രക്ക് കൊതിപ്പിച്ച്, ചതിച്ചിട്ടുണ്ടാകില്ല എന്നുതോന്നി !! അതിൻ്റെ കേട് പോക്കാനാണ് അഗസ്ത്യമല കയറുന്നത്.

ഓസ്ട്രേലിയക്കാരനാണ് അക്കേഷ്യ ( Acasia Ouriculiformis). സാമൂഹ്യ വനവത്ക്കരണ പദ്ധതിയുടെ ഭാഗമായി കടൽകടന്ന് വന്നവൻ. വിറകിനായി ഗ്രാമീണർ കാടിനെ ആശ്രയിക്കുന്നത് കുറക്കാനാണത്രേ ഇത് കൊണ്ടുവന്നത്. എവിടെയും വളരും; കന്നുകാലികൾ തിരിഞ്ഞു നോക്കില്ല; ഇലയടക്കം ഒന്നാന്തരം വിറകാണ് എന്നതെല്ലാം അനുകൂല ഘടകങ്ങളായിരുന്നു. പക്ഷേ, നാടിനും കാടിനും ഇടയിൽ ഒരു അതിർത്തി വിളയായോ ( Belt Plantation) കയ്യേറ്റ ഭീഷണിയുള്ള സർക്കാർ ഭൂമികളിലും പുറമ്പോക്കുകളിലും തരിശുവിളയായോ പരിമിതപ്പെടുത്തേണ്ടിയിരുന്ന ഈ വരത്തനെ കാടുകയറ്റിയതോടെ, ഒട്ടകത്തിന് ഇടംകൊടുത്ത അവസ്ഥയിലായി നമ്മുടെ തനത് വനസസ്യങ്ങൾ. സ്വാഭാവക വനങ്ങളിൽ അധിനിവേശ വൃക്ഷങ്ങൾ വരുത്തുന്ന ദുരന്തം കണ്ടുപഠിക്കണമെങ്കിൽ പോകേണ്ട ഇടമാണ് ഇന്ന് അഗസ്ത്യവനം ബയോളജിൽ പാർക്ക്.

പുറമേനിന്നു കൊണ്ടുവന്ന എത്രയോ വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും പിൻബലത്തിൽ കഴിയുന്നവരാണ് മലയാളികൾ. റബ്ബറും ജാതിയും കപ്പയും പപ്പയയും പൈനാപ്പിളും പേരയും കശുമാവുമൊക്കെ ആ നീണ്ട ക്യൂവിലെ മുൻനിരക്കാർ മാത്രമാണ്. നമ്മുടെ തീൻ മേശയിലെ പഴങ്ങളും അടുക്കളയിലെ പച്ചക്കറികളുമടക്കം ഇന്നാട്ടിലെ മനുഷ്യൻ്റെയും മണ്ണിൻ്റെയും സംസ്കാരത്തിൻ്റെയും ഭാഗമായിത്തീർന്ന എത്രയോ വിളകളുടെ ഗണത്തിലേക്കുയർന്ന് അക്കേഷ്യയും യൂക്കാലിയും വാറ്റിലുമൊക്കെ സഹജീവന സസ്യങ്ങളായി മാറും എന്നു കരുതിയവർക്ക് തെറ്റുപറ്റി.

തെങ്ങടക്കം, നമുക്ക് തുണയായ വൃക്ഷങ്ങളുടെ പട്ടികയിലേക്ക് അക്കേഷ്യയും യൂക്കാലിപ്റ്റസുമൊക്കെ വളരും എന്ന പ്രതീക്ഷിച്ചവർക്ക് ഇല്ലാതെ പോയത് ഒരേയൊരു അറിവാണ്. ഇവിടുത്തെ കന്നുകാലികൾക്കും ശലഭപ്പുഴക്കൾക്കുപോലും വേണ്ടാത്തത് ഇന്നാടിൻ്റെ മണ്ണിനും പ്രകൃതിക്കും വേണ്ടാത്തതാണ് എന്ന തിരിച്ചറിവ് ! അതിജീവനത്തിൻ്റെ പ്ലാൻ്റേഷൻ ജേണൽ അക്കങ്ങൾ, ജൈവപാരസ്പര്യത്തിൻ്റെ പരോപകാര ലിപികളുമായി ഒത്തുപോകില്ല എന്ന പരമസത്യം തിരിയാത്തവരാണവർ. അവരുടെ ആ മറവിയുടെ ഓർമപ്പെടുത്തലാണ് ഇന്ന് സ്വാഭാവിക വനങ്ങളെ വിഴുങ്ങി അഗസ്ത്യവനം ബയോളജിക്കൽ പാർക്കിലടക്കം കേരളത്തിലെ പല വനമേഖലകളിലും ആർത്തുവളരുന്ന അധിനിവേശ വിളകൾ. അവയ്ക്ക് പിടികൊടുക്കാത്ത യഥാർത്ഥ അഗസ്ത്യവനങ്ങൾ കാണാനാണ് രാവിലെ ഏഴ് മണിക്ക് ബോണക്കാട് പിക്കറ്റിഗ് സ്റ്റേഷനിൽ നിന്ന് നടന്നുതുടങ്ങിയത്.

അഗസ്ത്യാർകൂടത്തിൽ

പിക്കറ്റിഗ് സ്റ്റേഷൻ്റെ പരിസരത്തു തന്നെ അഗസ്ത്യൻ്റെ ഔഷധവനങ്ങളിൽ നിന്നും ലോക വേദികളിലേക്കു പോയ ആരോഗ്യപ്പച്ച (Tricopus zeylanicus) കണ്ടു. ഇവിടെ രണ്ടു കിലോമീറ്ററോളം ദൂരത്തിൽ ഔഷധസസ്യ പരിപാലന മേഖല എന്ന നിലയിൽ ഇവ നട്ട് സംരക്ഷിക്കുന്നുണ്ട്. 2002-ൽ ജോഗന്നാസ്ബർഗിൽ നടന്ന ഭൂമ ഉച്ചകോടിയിൽ ഈ കാട്ടിലെ ചോനാംപാറ ഊരിലെ കുട്ടിമാത്തൻ കാണി ക്ഷണിച്ച് ആദരിക്കപ്പെട്ടത് ഈ അത്ഭുത ഔഷധ സസ്യത്തെ ലോകത്തിന് കാണിച്ചു തന്നതിനാണ്. ഏതൊരു നാടാണോ ഇരുണ്ട തൊലിനിറത്തിൻ്റെ പേരിൽ ഗാന്ധിജിയെ ട്രെയിനിൻ്റെ ഒന്നാംക്ലാസ് കമ്പാർട്ടുമെൻ്റിൽ നിന്നും ചവിട്ടി പ്ലാറ്റ്ഫോമിലേക്കെറിഞ്ഞത്, അതേ സൗത്ത്ആഫ്രിക്കയിൽ, ആ പ്രകൃതി മനുഷ്യൻ്റെ ടോൾസ്റ്റോയി ഫാം ഉയർന്ന അതേ മണ്ണിൽ, കഷ്ടിച്ച് ഒരടിമാത്രം ഉയരമുള്ള ഒരു അഗസ്ത്യവന ഔഷധസസ്യവുമായിച്ചെന്ന നമ്മുടെ നാട്ടിൽനിന്നുള്ള നിരക്ഷരനായ ആ ഗോത്രമനുഷ്യൻ, എഴുന്നേറ്റുനിന്നുള്ള കൈയടിയോടെ ആദരിക്കപ്പെട്ടു !! ഒരു നൂറ്റാണ്ടിൻ്റെ ഇടവേളയിൽ ഗാന്ധിജിയിൽ നിന്നും കുട്ടിമാത്തൻ കാണിയിലേക്കുള്ള സമീപനമാറ്റം, ശാസ്ത്രലോകം ഔഷധസസ്യങ്ങളെ എത്ര മൂല്യത്തോടെ ഇന്നുകാണുന്നു എന്നതിൻ്റെ സൂചമായിരുന്നു. അഗസ്ത്യ മലയുടെ പച്ചയും കറുപ്പും നിറമുള്ള രണ്ടു മക്കൾക്ക് ലഭിച്ച ആ വരവേല്പ്, ആധുനിക ലോകത്തിൻ്റെ മറ്റൊരു സത്യാന്വേഷണ പരീക്ഷണമാണ് !

കോഴിവേഴാമ്പലിൻ്റെയും മരംകൊത്തിയുടെയും മറ്റനേകം കോറസ് ഗായകക്കിളികളുടെയും പാട്ടും താളപ്പെരുക്കവും കേൾക്കാതെ കുട്ടിയാറും വാഴപൈന്തിയാറും അട്ടയാറുമൊന്നും നമുക്ക് കടന്നുപോകാനാകില്ല. ഇരുട്ടുകാനത്തെ വൻമരങ്ങളുടെ തണൽത്തണുപ്പിലൂടെ നടക്കുമ്പോൾ കരിങ്കുരങ്ങുകൾ നീട്ടിവിളിച്ച് ഞങ്ങൾ നാലുപേർ അസമയത്ത് വന്നത് കാടിനെയാകെ അറിയിച്ചു. അവൻ്റെ വിളി ഇടതുവശം നിരയിട്ട നീലമലകളിൽ മാറ്റൊലിക്കൊണ്ടു. എൻ്റെ ആലോചനകളിലല്ലാതെ അധിനിവേശത്തിൻ്റെ ഒരടയാളവും ഇല്ലാത്ത നിറഞ്ഞ കാട്ടിലൂടെയാണ് കടന്നുപോകുന്നത്.

ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ – ശാസ്ത്ര – സാംസ്ക്കാരിക വിഭാഗമായ UNESCO ഭാരതത്തിൽ അംഗീകരിച്ചിട്ടുള്ള 18 ബയോസ്പിയർ റിസർവുകളിലൊന്നാണ് അഗസ്ത്യാർകൂടത്തിന് ചുറ്റുമുള്ള അഗസ്ത്യമല വനങ്ങൾ. സുസ്ഥിര വികസനത്തിൻ്റെ പാഠശാലകൾ എന്നാണ് ബയോസ്പിയർ റിസർവുകൾ അറിയപ്പെടുക. മനുഷ്യരാശിയുടെ നിലനില്പിൻ്റെ ജനിതക ശേഖരങ്ങളെയാണ് അവിടങ്ങളിൽ ലോക സംഘടന അസ്പർശ്യമായി നിലനിർത്താൻ ലക്ഷ്യമിടുന്നത്. അഗസ്ത്യവനത്തെ സംബന്ധിച്ചിടത്തോളം ഔഷധസമൃദ്ധി തന്നെയാണ് ഈ ഭാവിവാഗ്ദാനം എന്നു കരുതണം. ലോകം അത് തിരിച്ചറിയുമ്പോഴും, നമ്മുടെ ഔഷധ പാരമ്പര്യത്തെ ആധുനിക ശാസ്ത്രവുമായി ഇണക്കിച്ചേർക്കാനോ അമൂല്യമായ ഔഷധസസ്യ-ഗോത്ര ചികിത്സാ രഹസ്യങ്ങൾ രാഷ്ട്രസമ്പത്തായി സംരക്ഷിക്കാനോ ചെറുവിരൽ അനക്കാത്തവരാണ് നാം.

കുട്ടിമാത്തൻകാണി ആരോഗ്യപ്പച്ചയുമായി.

ഒന്ന് ഓർത്തുനോക്കൂ. നമ്മുടെ നാട്ടിലെ വിഖ്യാതമായ ഒരു ഡസനോളം ആയുർവേദ ചികിത്സാകേന്ദ്രങ്ങളിൽ ലോകത്തിൻ്റെ എല്ലാ ഭാഗത്തുനിന്നും സ്ട്രോക്കും പരാലിസിസ്സും ബാധിച്ച് ജീവശ്ചവങ്ങളായ അതിസമ്പന്നർ എത്തി ചികിത്സതേടുന്നുണ്ട്. അതിൽ പലരും അത്ഭുതകരമായി ആരോഗ്യ ജീവിതത്തിലേക്ക് തിരിച്ചെത്തിയാണ് മടങ്ങുന്നത്. ആധുനിക ന്യൂറോസയൻസിനും ചികിത്സാപദ്ധതികൾക്കും സ്വപ്നംകാണാൻപോലും കഴിയാത്ത നേട്ടമാണിത്. കർക്കിടകത്തിലെ സുഖചികിത്സ എടുക്കൂ. കേരളത്തിലെ പ്രധാന ആയുർവേദ ചികിത്സാ കേന്ദ്രങ്ങളെല്ലാം സിനിമാ നടന്മാരെയും വ്യവസായ പ്രമുഖരെയുംകൊണ്ട് നിറഞ്ഞുകവിയുന്ന കാലമാണത്. ചികിത്സാ കേന്ദ്രങ്ങൾ മാത്രമല്ല, അവരും തങ്ങളുടെ ആരോഗ്യ രഹസ്യത്തിന് ഔഷധസസ്യങ്ങളും ഭാരതിയ ചികിത്സാരീതിയും ലോകത്തിനു മുന്നിൽ പൊതിഞ്ഞു പിടിക്കും. ആർക്കും പകർപ്പവകാശമില്ലാത്ത പുരാരേഖകളായ താളിയോലകൾ കൈക്കലാക്കി, ഇന്നാടിൻ്റെ ഔഷധസസ്യ സമൃദ്ധിയും രഹസ്യങ്ങളും പ്രയോജനപ്പെടുത്തുന്ന ഈ രണ്ടുകൂട്ടരും ഷൈലോക്കിൻ്റെ മനോഭാവം പുലർത്തുന്നവരാണ്.

അവർ ഇതിൻ്റെ ഗുണഭോക്താക്കളായി വിലസുമ്പോൾ തന്നെയാണ് പാതയോരങ്ങളിലെ ആയിരക്കണക്കിന് ഔഷധച്ചെടികൾ തൊഴിലുറപ്പിൻ്റെ പേരിൽ വെട്ടിച്ചുട്ടശേഷമാണ് രോഗികളായ ഗ്രാമീണർ അലോപ്പതി കുറിപ്പുകളുമായി കൂണുപോലെ മുളക്കുന്ന ഇംഗ്ലീഷ് മരുന്നുകടകൾക്കു മുമ്പിൽകാത്തു നിൽക്കുന്നത് ! ഓരോ നാടും അവിടുത്തെ ജീവരാശിക്കുള്ള ഔഷധങ്ങൾ അതത് ഇടങ്ങളിൽ കരുതിവയ്ക്കാറുണ്ട് എന്ന അറിവിൻ്റെ തിരി ഊതിക്കെടുത്തിയാണല്ലോ നാം മോഡേണായത് !!

‘You are what you eat ‘ എന്ന തത്വം പരിഗണിച്ചാൽ, കേരളത്തിൽ താമസിക്കുന്നു എന്നതിനപ്പുറം ഭക്ഷണം കൊണ്ട് നാമിന്ന് ഇന്നാടിൻ്റെ സന്തതികളല്ല. അങ്ങനെ ആയിരുന്ന കാലത്ത് നമ്മുടെ ആരോഗ്യരക്ഷക്ക് ഈ മണ്ണിൽകുരുത്ത ഔഷധങ്ങൾ ധാരാളമായിരുന്നു. ഇവിടെ മാത്രമല്ല, കടൽകടന്ന് അറബികളിലൂടെ യൂറോപ്പ് വരെ എത്തപ്പെട്ട ഇന്നാടിൻ്റെ ഔഷധ പാരമ്പര്യത്തെ അന്വേഷിച്ചിറങ്ങിയാണ്, കൊച്ചിയിലെ ഡെച്ച് ഗവർണറായിരുന്ന ഹെൻട്രിച്ച് വാൻ റീഡ് ലത്തീൻ ഭാഷയിൽ മലബാറിലെ ഉദ്യാനങ്ങൾ (Hortus Malabaricus) എന്ന വിശ്വവിഖ്യാത ഗ്രന്ഥം രചിച്ചത്. കൊല്ലാട്ട് ഇട്ടിഅച്യുതൻ എന്ന മഹാവൈദ്യൻ്റെ ഔഷധ വിജ്ഞാനീയത്തെ ആശ്രയിച്ച് എണ്ണൂറോളം ഔഷധ സസ്യങ്ങളെക്കുറിച്ച്, 500 പേജ് വീതമുള്ള 12 വാല്യങ്ങളിലായി അദ്ദേഹം മൂന്ന് നൂറ്റാണ്ടുമുമ്പ് എഴുതി വച്ചില്ലായിരുന്നു എങ്കിൽ, പരമാത്ഥങ്ങളെയും പമ്പരവിഡ്ഢിത്തങ്ങളെയും കൂട്ടിക്കുഴക്കുന്ന ‘തള്ളുകളുടെ ‘ കള്ളിയിൽ നമ്മുടെ ഔഷധസസ്യ പാരമ്പര്യവും ചേർക്കപ്പെടുമായിരുന്നു !

Hortus Malabaricus

ഭാരതത്തിൻ്റെ ഔഷധ സസ്യപ്പെരുമയുടെയും പരമ്പരാഗത ചികിത്സാ സമ്പ്രദായത്തിൻ്റെയും വനഹൃദയമാണ് അഗസ്ത്യവനങ്ങൾ. നാടാർ, കാണി സമുദായങ്ങളുടെ ചികിത്സാപാരമ്പര്യം ഈ വനങ്ങളിൽ വേരുപടത്തിയാണ് നിലനിന്നിരുന്നത്. അതിന്നും കെടാതെ കരിന്തിരികത്തുന്നുണ്ട്.

അട്ടയാറിലെ ക്യാമ്പ് ഷെഡ്ഡിനപ്പുറം രണ്ട് ‘ കിലോമീറ്ററോളം പുൽമേടാണ്. പലപ്പോഴും ഇവിടെ വന്യമൃഗങ്ങളെ കണ്ടിട്ടുണ്ട്. നെല്ലിമരങ്ങൾ ഉതിർത്തി കുറച്ച് നെല്ലിക്കാ വാച്ചർ ശേഖരിച്ചുതന്നു. ദൂരെ അഗസ്ത്യാർകൂടം തലയുയർത്തി നിൽക്കുന്നത് ഇവിടെ വെച്ചാണ് വ്യക്തമായി കാണുന്നത്. ഭാരിച്ച മേഘക്കീറുകൾ വലിച്ചു തുറന്നുമാറ്റി “കേറിവാടാ മക്കളേ…” എന്ന് കരളിൽത്തൊട്ടു വിളിക്കുന്ന ഒരു അഞ്ഞൂറാൻ ഭാവമാണ് അപ്പോൾ അഗസ്ത്യാർകൂടത്തിന് ഉണ്ടായിരുന്നത്.

മഹാഭിഷഗ്വരൻ ആയിരുന്നത്രേ അഗസ്ത്യമുനി. സിദ്ധവൈദ്യം എന്ന ഇന്ത്യൻ ചികിത്സാ സമ്പ്രദായത്തിൻ്റെ തലതൊട്ടപ്പൻ. രാമായണത്തിലും മഹാഭാരതത്തിലും ഇദ്ദേഹത്തെ കാണാം. രാമ-രാമണ യുദ്ധത്തിനു മുമ്പ് ആദിത്യഹൃദയം എന്ന വിജയമന്ത്രം ശ്രീരാമന് ഉപദേശിക്കുന്നത് അഗസ്ത്യ മുനിയാണ്. ഈ കഥകളിലെല്ലാം ആയുരാരോഗ്യത്തിൻ്റെ മുനി എന്ന പരിവേഷം അഗസ്ത്യനുണ്ട്. ഔഷധസമൃദ്ധിയുടെ ഈ കാടുകളെ അത്തരം ഒരാളുമായി ബന്ധിപ്പിച്ചത് ഈ വനത്തെ ആശ്രയിക്കുന്നവരെ ഔഷധസസ്യ പൈതൃകത്തിന് അഭിമുഖം ആക്കുന്നതിനും വനത്തിലെ അമിത ഔഷധ ചൂഷണം തടയുന്നതിനുമാണ് എന്നാണ് കരുതേണ്ടത്.

ചുറ്റുമുള്ള ജീവചൈതന്യ രഹസ്യങ്ങളെ അമാനുഷരുമായോ അതിമാനുഷരുമായോ ചേർത്തുപറയുന്ന ഒരു തന്ത്രം ഭാരതീയർ നന്നായി പ്രയോജനപ്പെടുത്തിയിരുന്നു. ലിഖിതങ്ങൾ തീരെ ഇല്ലാതിരുന്ന ഒരുകാലത്ത്, സ്മൃതികളിലൂടെ – ഓർമ്മയിലൂടെ അറിവുകൾ കൈമാറപ്പെടുമ്പോൾ ഇത്തരം ബിംബങ്ങൾ ഒരനിവാര്യതയായിരുന്നു.
ശിവഭഗവാനുമായി കൂവളത്തെ ബന്ധിപ്പിച്ചത് അത്തരമൊരു രീതിശാസ്ത്രത്തിൻ്റെ മാതൃകയാണ്. നമ്മുടെ കണ്ണുകളോട് സാമ്യമുള്ള മൂന്നിലകളുടെ ഒരു പത്രസംയുക്തമാണല്ലോ കൂവളത്തില. ക്ഷേത്രങ്ങളിൽ ശിവലിംഗത്തിൽ തൃക്കണ്ണായി അത് ഒട്ടിച്ചുവയ്ക്കുകയും ഭഗവാൻ്റെ ഇഷ്ടഹാരമായി കഴുത്തിൽ ചാർത്തുകയും ചെയ്യുന്നു. കൂവള മാലക്കൊപ്പം ഭഗവാൻ്റെ കഴുത്തിലുള്ളത് പാമ്പാണ് ! ആയുർവേദം അടക്കമുള്ള ഭാരതീയ ചികിത്സാപാരമ്പര്യത്തിൽ പാമ്പിൻ വിഷത്തിനുള്ള ഔഷധമാണ് കൂവളം. (നമ്മുടെ നൂറുകണക്കായ പാമ്പുകളിൽ നാലെണ്ണം മാത്രമാണ് അതിമാരക വിഷമുള്ളവ ) ഒട്ടുമിക്ക പാമ്പുകടികൾക്കും പ്രതിവിധിയും ഭയംമൂലമുള്ള മരണത്തെ തടയുന്നതിനുമുള്ള ഒരു വൃക്ഷത്തിൻ്റെ ഇല, സംഹാരത്തിൻ്റെ മൂന്നാം കണ്ണിനെ ഓർമിപ്പിക്കാനും, തീയുള്ളിടത്ത് ഫയർ എസ്റ്റിഗ്യൂഷർ വയ്ക്കുംപോലെ പാമ്പിനൊപ്പം ഭഗവാൻ്റെ കഴുത്തിലിട്ട് സൂചന നൽകാനും നമ്മുടെ പാരമ്പര്യത്തിന് കഴിഞ്ഞിരിക്കുന്നു !

ഇവിടെ, ഈ ഔഷധവനത്തെ ഭിഷഗ്വരമുനിയുമായി ചേർത്തുപറയുക മാത്രമല്ല പഴമക്കാർ ചെയ്തത്. അഗസ്ത്യമുനി കുംഭസംഭവനാണെന്നും കുള്ളനാണെന്നുംകൂടി പുരാണവും വിശ്വാസങ്ങളും പറഞ്ഞുവയ്ക്കുന്നുണ്ട്.

മിത്രൻ്റെയും വരുണൻ്റെയും ധാതുചൈതന്യം അപ്സരസ്സായ ഉർവശി കുടത്തിൽ കരുതിവെച്ച് പിറന്നതാണു പോലും അഗസ്ത്യൻ. അഗം എന്നാൽ കുടം അഥവാ മല. അഗസ്ത്യ പർവ്വതവും കമഴ്ത്തിവെച്ച കുടം പോലെയാണ് കാണപ്പെടുന്നത്. മൈത്രൻ ഉടമ്പടികളുടെ – സൗഹൃദത്തിൻ്റെ ദേവനും വരുണൻ ജലസമൃദ്ധിയുടെ ദേവനുമാണ്. ഈ കഥ, നെയ്യാറും കരമനയാറും കോതയാറും താമ്രപർണി പിറക്കുന്ന ഒരു ജലസമൃദ്ധവനം, ആ ജീവധാരകൾക്കൊപ്പം നമുക്കു വച്ചുനിട്ടുന്ന ഔഷധപ്പെരുമയെ മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന, ഉണ്ടാകേണ്ട ഒരു ഉടമ്പടിയുടെ – സൗഹൃദത്തിൻ്റെ ഭാഗമായി സംരക്ഷിക്കേണ്ടതുണ്ട് എന്നതിൻ്റെ സൂചകമാകാനേ തരമുള്ളൂ. പൊങ്കാലപ്പാറക്ക് മുകളിലെത്തുമ്പോൾ ഉയർന്ന വിതാനവും കാറ്റും സമ്മാനിക്കുന്ന ബോൺസായി സ്വഭാവം മരങ്ങൾക്ക് കൈവരും. ഓഷധികൾക്കൊപ്പം ഓഷധവൃക്ഷങ്ങളും ഈ കാട് പ്രതിനിധീകരിക്കുന്ന മുനിയെപ്പോലെ കുള്ളന്മാരായി മാറുന്നു ! ഋഗ്വേദം മുതൽ പുരാണേതിഹാസങ്ങൾ വരെയുള്ള സ്മൃതികഥനങ്ങൾ ഇതിലേറെ വ്യക്തമായി, ഒരു കാടിൻ്റെ സ്വഭാവത്തെ ഒരു ദിവ്യ വ്യക്തിത്വത്തിൽ ചേർത്തുവെച്ച് പറയേണ്ടതുണ്ടോ ?

പുല്ലുമേട് കഴിഞ്ഞാൽ ഏഴുമടക്കൻ തേരിയാണ്. കാട്ടിൽ മനുഷ്യരെ കയറ്റി വിട്ടാൽ എന്താണുകുഴപ്പം എന്ന് ഇവിടം പറഞ്ഞുതരും. മുമ്പ് അഗസ്ത്യാർ കൂടത്തിലേക്കുള്ള യാത്രക്ക് ഒരു തീർത്ഥാടന സ്വഭാവം ഉണ്ടായിരുന്നു. മകരം ഒന്നുമുതൽ ശിവരാത്രി വരെ എന്നതായിരുന്നു അന്ന് സമയക്രമം. നൂറുകണക്കിന് മനുഷ്യരാണ് ഇക്കാലയളവിൽ ഇതുവഴി കടന്നുപോയിരുന്നത്. അതുണ്ടാക്കിയ ചവിട്ടു വഴിയിലെ മണ്ണൊലിപ്പ് ഈ നടപ്പാതയെ ഒരു കിടങ്ങാക്കി മാറ്റിയിരിക്കുന്നു. ഇന്ന് നിയന്ത്രണങ്ങൾ ശക്തമാണെങ്കിലും കിടങ്ങുവഴിക്ക് പകരം പുതുവഴി തേടുന്നവരും പുതിയ കിടങ്ങുകൾ സൃഷ്ടിക്കുകയാണ്.

താടിയിൽ മുട്ട് തട്ടും വിധമുള്ള കയറ്റമെത്തിയിരിക്കുന്നു. നാം മുട്ടിടിച്ചാൻ തേരിയിലെത്തി എന്നാണർത്ഥം. ഇടതൂർന്ന നിത്യഹരിത മരങ്ങളിൽ വേഴാമ്പലും സിംഹവാലനുമൊക്കെ നമ്മെ കാത്തിരിക്കാറുണ്ട്. ധാരാളം പക്ഷികളും മലയണ്ണാനും വിളിക്കുന്നുണ്ട്. താഴെ പൊഴിഞ്ഞുകിടന്ന കാട്ടുഞാവൽ പഴങ്ങൾ ചുണ്ടിനെ ഊതനിറത്തിൽ കുളിപ്പിച്ചെടുത്തു. കാട്ടിലായതുകൊണ്ടുമാത്രമാണ് നമ്മുടെ അൾട്രാവൈറ്റ് ചിരിക്ക് ലൈക്കുകളും ഷെയറുകളും കിട്ടാതെ പോകുന്നത്.

11.30-ന് അതിരുമലയെത്തി. അതിരുമല ക്യാമ്പ്ഷെഡ്ഡ് ബ്രിട്ടീഷുകാരുടെ പാഴായിപ്പോയ ഒരു തേയിലത്തോട്ട ശ്രമത്തിൻ്റെ ഓർമപ്പെടുത്തലാണ്. കുറച്ചു തേയിലച്ചെടികൾ ഇപ്പോഴും കാണാം. എപ്പോഴും സംരക്ഷണ ജീവനക്കാർ ഇവിടുണ്ട്. സീസണിൽ ആളുകൾക്ക് തങ്ങാനുള്ള രണ്ട് ഷെഡ്ഡുകൾ ശുന്യമാണ്. കുറച്ചുനേരം ഒന്നിരുന്നു. സ്റ്റാഫ് തയ്യാറാക്കിവെച്ച കുറച്ച് കഞ്ഞികുടിച്ച് പൊങ്കാലപ്പാറയിലേക്ക് വൈകാതെ നടക്കുകയായിരുന്നു. സാധാരണയായി ഇവിടെ തങ്ങി അടുത്ത ദിവസമാണ് മലകയറാറുള്ളത്. ഇന്നത്തെ വരവ് അസാധാരണമാണല്ലോ !

കാടിൻ്റെ സ്വഭാവം മാറുന്നത് സാവധാനം കണ്ടുതുടങ്ങി. വൻമരങ്ങൾ ഈറ്റക്കാടിന് വഴിമാറി. പാറയിടുക്കുകളിൽ കൊണ്ടപ്പനകൾ നിരന്നു. ഇവിടെ ആനകളുടെ സാന്നിധ്യം ഉറപ്പാണ്. പ്രത്യേകിച്ചും സീസൺ അല്ലാത്തപ്പോൾ. അപ്പോൾ മാറിത്തന്ന ഒരാനയുടേയും കുഞ്ഞിൻ്റെയും ചൂടുപിണ്ടവും രൂക്ഷഗന്ധവും കടന്നാണ് നാടുകാണിപ്പാറയിൽ എത്തിയത്.

കാട്ടിലൂടെയുള്ള യാത്രകളുടെ ഒരു പരിമിതി, കാടിനുളളിലായതിനാൽ നമുക്ക് ആ വിസ്മയദൃശ്യം കാണാൻ കഴിയില്ല എന്നതാണ്. അപ്പുറമെത്തിയാൽ ആ അഴക് മഴവില്ലുപോലെ തെളിയുകയും ചെയ്യും. Forest എന്ന ഇംഗ്ലീഷ് പേര് കാടിന് കൈവന്നതും അത്തരത്തിലാണ്. Foris എന്ന ലാറ്റിൻ വാക്കിന് പുറത്തുള്ളത് ( Foreign ഓർക്കുക) എന്നാണർത്ഥം. Forest എന്നാൽ outer wood എന്നാണ് വിവക്ഷ. അകത്ത് നിൽക്കുമ്പോഴും അത് പുറത്തേ നമുക്ക് കാണാനാകൂ. നാം ഇതുവരെ നടന്നെത്തിയ കാടുകളെ അതിൻ്റെ പൂർണ്ണ അഴകിൽ കാണാനുള്ള ഇടമാണ് നാടുകാണിപ്പാറ.

അഗസ്ത്യവനങ്ങളുടെ കേരളത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും ഇവിടെനിന്ന് കാണാം. പേപ്പാറ, നെയ്യാർ വന്യജീവി സങ്കേതങ്ങളും ഡാമുകളും തിരുവനന്തപുരം നഗരവുമൊക്കെ കാണുന്നതിനിടക്ക് എന്നേ പറ്റിച്ച അഗസ്ത്യവനം ബയോളജിക്കൽ പാർക്കും ഒരു അക്ഷരത്തെറ്റുപോലെ ദൂരെ കാണാനാകുന്നുണ്ട് !

പൊങ്കാലപ്പാറ എത്തുമ്പോൾ നാം കേരള വിട്ട് തമിഴ്നാടിൻ്റെ കളക്കാട് – മുണ്ടൻതുറ കടുവാസങ്കേതത്തിലേക്ക് കടക്കും. പരന്ന പാറയിലൂടെ ഇടത്തേക്ക് തെളിഞ്ഞൊഴുകുന്ന നീർച്ചാൽ താമ്രപർണി നദിയുടെ ഉത്ഭവമാണ്. മുമ്പ് ഇവിടെ ഭക്തർ പൊങ്കാല ഇടുമായിരുന്നു എങ്കിലും ഇപ്പോൾ വിലക്കുണ്ട്. ചുറ്റുംനിൽക്കുന്ന ഒറ്റപ്പെട്ട കള്ളിമുൾമരങ്ങളും കുറിഞ്ഞിച്ചെടികളും പൂത്ത കുള്ളൻമരങ്ങളും ഏതോ ഫിക്ഷൻ സിനിമയിലെ അത്ഭുതലോകം പോലെ നമ്മെ അമ്പരപ്പിക്കും.

അഗസ്ത്യമലയിലേക്കുള്ള അവസാന 3 കിലോമീറ്ററിലാണ് നാം എത്തിനിൽക്കുന്ന AC കാട്. രണ്ടിടങ്ങളിൽ ചെങ്കുത്തായ പാറയുടെമുകളിൽ ഉറപ്പിച്ച് തൂക്കിയിട്ട വടത്തിൽ തൂങ്ങിയും, കുറേ ഇടങ്ങളിൽ മലമുകളിൽ നിന്നുമുള്ള മഴക്കാല നീർച്ചാലിലെ കാട്ടുകല്ലുകളിൽ ചവിട്ടിക്കയറിയും മുകളിലെത്തിയപ്പോൾ ഹൃദയം ത്രസിച്ച് തുള്ളിയെങ്കിലും മനസ്സ് ശാന്തമായിരുന്നു. അധിനിവേശ മോഹങ്ങളുമായെത്തിയ വിദേശ സസ്യങ്ങളെ അതിജീവിച്ച് നമ്മുടെ ഔഷധ സസ്യങ്ങൾ കാടുകളിലാകെ മറ്റൊരു സ്വാതന്ത്ര്യപ്പോരാട്ടം നടത്തുന്നുണ്ട്. അതിനെ പിൻതുണക്കുന്ന സർക്കാരുകളും സമീപനങ്ങളുമാണ് ഉണ്ടാകേണ്ടത്. അതോർത്ത് മുകളിലെത്തി, വെളുത്തുതണുത്ത മേഘക്കീറുകൾ ”സന്താപ നാശകരായ നമോ നമ…” എന്ന് അഗസ്ത്യ മന്ത്രം ചൊല്ലുന്നതു കേട്ട് മുനി പ്രതിമയോട് ചേർന്നിരുന്നു. ഗിരികൂടത്തിലെ അതിസുഷ്മ കാലാവസ്ഥ, അഗസ്ത്യനെ അഭിഷേകം ചെയ്യാൻ കൊണ്ടുവന്ന നീർമണിപ്പൂക്കളുമായി ഞങ്ങളെ വലംവച്ചുകൊണ്ടിരുന്നു !
തൊട്ടപ്പുറം അയ്ന്ത് തലൈപ്പൊതി മല, നവഭാരതത്തിൻ്റെ സാമ്പത്തീക കുതിപ്പുകണ്ട പഞ്ചമഹാശക്തികളെപ്പോലെ അന്തിച്ച് നിൽക്കുന്നുണ്ടായിരുന്നു ! നമ്മുടെ വനമണ്ണിൽ കുരുത്ത ഔഷധങ്ങൾക്കും നാടിനൊപ്പം കിതപ്പിൽനിന്നും കുതിപ്പിലേക്ക് കയറിവരാനാകണേ എന്ന് ഞാൻ മഹാമുനിയോട് പ്രാർത്ഥിച്ചു. അപ്പോൾ ‘തഥാസ്തു’ എന്ന് കാറ്റ് കാതിൽ മൂളുന്നതായി എനിക്കുതോന്നി !!

രാമ-രാവണ യുദ്ധവേളയിൽ അഗസ്ത്യമുനി ശ്രീരാമന് ഉപദേശിച്ചതായി പറയുന്ന ആദിത്യഹൃദയ മന്ത്രത്തിലെ സന്താപ നാശകരനും യമനെപ്പോലും തോല്പിക്കുന്നവനും മനസ്സിന് ആനന്ദം തരുന്നവനുമായ ആ സൂര്യതേജസ്സ്, ഔഷധസസ്യ സമൃദ്ധിയിൽ അധിഷ്ടിതമായ ഭാരതീയ ചികിത്സാ പാരമ്പര്യം തന്നെയാവണം എന്ന തിരിച്ചറിവോടെ ഞാൻ മലയിറങ്ങിത്തുടങ്ങി.

കുട്ടനാട്ടിൽ ജനിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. വനം വകുപ്പിൽ ഫീൽഡ് ഓഫീസറായിരുന്നു. 2021 ൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ തസ്തികയിൽനിന്ന് വിരമിച്ചു. വകുപ്പിൻ്റെ അരണ്യം മാസികയുടെ അസി. എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. നിരവധി ലേഖനങ്ങളും ഡോക്യുമെൻ്ററികളും പത്ര - ദൃശ്യമാധ്യമങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 'ആരണ്യകം' എന്ന പേരിൽ വനം പരിസ്ഥിതി വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട്.