കാട് കാതിൽ പറഞ്ഞത് – 1

സ്വാമിപാദം !!

പെരുമഴക്ക് മുമ്പുള്ള മൗനത്തിലാണ് കാടാകെ. മല കയറിത്തുടങ്ങുമ്പോഴേ ചെറുതായി കിതച്ചു. കഴിഞ്ഞ 2 വർഷം ആര്യൻങ്കാവിലെ, അത്ര കഠിനമല്ലാത്ത വനയാത്രകളുടെ സുഖഭോഗത്തെ പതപ്പ (ശ്വാസകോശം) ശാസിക്കുന്നതാണ്. ദീർഘശ്വാസം ഉള്ളിലേക്ക് വലിച്ചു കയറ്റിയപ്പോൾ മനുഷ്യൻ്റേതോ കാട്ടുപന്നിയുടേതോ എന്നറിയാത്ത മൂത്രച്ചൂര് ആ പരസ്യവാചകം പോലെ മൂക്കിനെ അലോസരപ്പെടുത്തി “ശ്വാസകോശം സ്പോഞ്ചുപോലെയാണ്. ” സത്യത്തിൽ ഇവിടെ മനുഷ്യനും കാട്ടുമൃഗവും തമ്മിൽ എന്ത് ഭേദം ? അതുതാനല്ലയോ ഇത് എന്ന് പണ്ട് മലയാളം ക്ലാസിൽ ആരതി ടീച്ചർ പഠിപ്പിച്ചത് ഉപമയോ, അതോ ഉത്പ്രേക്ഷയോ ?
ടീച്ചറിൻ്റെ ദ്വന്ദ്വസമാസത്തിനപ്പുറം ആലോചന പോകാത്ത കൗമാരത്തെ പഴിച്ചിട്ട് ഇനിയെന്ത് കാര്യം ?

മരക്കൂട്ടം എത്തിയിരിക്കുന്നു. വിലപിക്കുന്നതുപോലെ ആകാശത്തേക്ക് കൈകളെറിഞ്ഞ് നിൽക്കുന്ന പടുകൂറ്റൻ മരങ്ങളുടെ വലയത്തിനുള്ളിലാണ് ഞങ്ങൾ മൂന്നുപേർ ഇപ്പോൾ. പണ്ട്, അച്ഛൻ്റെ കൈപിടിച്ച് നീലമല കയറി വന്ന കുട്ടിക്കാലത്ത് അമ്പരന്ന് നിന്നിട്ടുണ്ടിവിടെ. തല ഉയർത്തി നോക്കിയാലും കണ്ണെത്താത്ത ഉയരത്തിൽ നിൽക്കുന്ന മഹാവൃക്ഷങ്ങൾ നട്ടുച്ചക്കും ഇവിടെ ഇരുട്ട് പരത്തിയിരുന്നു. വേങ്ങയും കമ്പകവും ചീനിയും മലമ്പുന്നയും മറ്റ് നൂറുകണക്കിന് ചെങ്ങാതിമാരും എന്നും സജീവമായ അഗ്നിപർവ്വതങ്ങളെപ്പോലെ ആകാശത്തേക്ക് ജ്വലിച്ചുയരുന്ന ഹരിത ജ്വാലകളുമായി നിന്നിരുന്ന ഇടം. ബാലകനായ അയ്യപ്പൻ പമ്പയും കടന്ന് പ്രകൃതിയുടെ ഭാഗമാകാൻ വരുന്നത് കണ്ട മഹാവൃക്ഷങ്ങളാണ് ചുറ്റും. ആളും ആരവങ്ങളും ഇല്ലാതിരുന്ന നൂറ്റാണ്ടുകളിൽ അയ്യന് കൂട്ടായിരുന്നവർ. ഓരോ വർഷവും കൊടുങ്കാടിൻ്റെ നടുവിലേക്ക് കന്നിക്കാർ വന്നതിൻ്റെ അടയാളങ്ങൾ ശരംകുത്തിയിൽ നേരിൽക്കണ്ട്, തലകുനിച്ച് നിശബ്ദയായി, എത്രയോ കാലങ്ങളായി മടങ്ങുന്ന മാളികപ്പുറത്തമ്മയെ കണ്ട് നൊമ്പരം പുരണ്ട ചിരിപ്പൂക്കൾ പൊഴിച്ച് ഭൂതനാഥഗീത മൂളിയ അതേ മാമരങ്ങൾ. ഓരോ തെക്കൻ കാറ്റിലും അവർ എരുമേലിയിൽ പോകാതെ തന്നെ പേട്ട തുള്ളിയിരുന്നു !!

Image Courtesy : Online

അവരുടെ കൂട്ടം തെറ്റിയത് സ്വാമി അയ്യപ്പൻ റോഡിൻ്റെ വരവോടെയാണ്. പുണ്യനദിയായ പമ്പയും കടന്ന് ഭക്തരുടെ കുത്തൊഴുക്ക് ശരണപാതയെ പാപ വാഹിനിയാക്കി മലമുകളിലേക്ക് ഒഴുകിയപ്പോഴാണ് മരക്കൂട്ടത്തിൻ്റെ മാറുപിളർന്ന് പുതിയ ടാക്ടർ റോഡ് നിർമ്മിക്കാൻ തീരുമാനമായായത്. പി. സുബ്രഹ്മണ്യം സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച സ്വാമി അയ്യപ്പൻ സിനിമയാണ് കാനനക്ഷേത്രമായ ശബരിമലയെ ആരവങ്ങളുടെ അമ്പലമാക്കി മാറ്റിയത്. ആ സിനിമയുടെ ലാഭവിഹിതം റോഡ് നിർമ്മാണത്തിന് നിൽകിയതിനെ തുടർന്നാണ് മഴുവേന്തിയ മരംവെട്ടുകാർ മരക്കൂട്ടത്തെത്തിയത്. അവർ റോഡിന് അടയാളപ്പെടുത്തിയ ഇടങ്ങളിലെ മരങ്ങളുടെ കടയ്ക്കൽ ഉറുമ്പുകളെപ്പോലെ നിരന്നു. അടിയിൽ മരങ്ങളിൽ ആഞ്ഞാഞ്ഞ് മഴുവെറിയുന്നവരുടെ അറവിൻ്റെ ആരവങ്ങൾ മുഴങ്ങുമ്പോഴും മാമരങ്ങൾ തലചായുംവരെ അചഞ്ചലരായി നിന്നു. എന്തിന് വേവലാതിപ്പെടണം ? കരിമലയും നീലിമലയും താണ്ടി, കാടിൻ്റെ കാന്തിയാകെ ആസ്വദിച്ചു ശ്രീഭൂതനാഥൻ ഒറ്റക്ക് നടന്നു വരുന്നത് കണ്ടവരല്ലേ നമ്മൾ ? ചരാചരപ്രേമത്താൽ ജ്വലിച്ച ആ രണ്ട് യോഗനയനങ്ങൾ, ഇവിടുത്തെ വനശ്യാമനീലിമ കണ്ട് വിടരുന്നത് ഓർക്കുന്നവരല്ലേ നമ്മൾ ? കല്ലുംമുള്ളും കാലുക്ക് മെത്ത എന്നു ശരണം വിളിച്ചെത്തിയവർക്കായി വന്ന വഴിയിൽ ഇലവിരിച്ചവരല്ലേ നമ്മൾ ? മാലോകർക്ക് നന്മയുണ്ടാകുമെങ്കിൽ നമുക്കെന്തു കൊണ്ട് മാറിക്കൊടുത്തു കൂടാ ?

പക്ഷേ, മാറിക്കോ എന്ന നിലവിളി താഴെ മുഴങ്ങിയപ്പോൾ ഉള്ളൊന്നു കാളി. കടപുഴക്കുവാൻ പാകത്തിൽ കടയ്ക്കൽ വെച്ച മടയിൽ അവസാനത്തെ മഴു പതിക്കുകയാണ്. ഇനി വീണുകൊടുത്തേ പറ്റൂ. ദൂരെ സന്നിധാനത്തേക്ക് അവസാനമായി ഒന്നു നോക്കി ഒരോ മരവും “സ്വാമിയേ..” എന്ന് അലറി വിളിച്ച് നിലംതല്ലി വീണു. അതൊരു തുടക്കം മാത്രമായിരുന്നു. വഴി വീതി കൂട്ടാൻ വേണ്ടി, വിരി എന്ന പേരിൽ വാടക ഹോട്ടലുകൾ തുടങ്ങാൻ വേണ്ടി, ക്യൂ കോംപ്ലക്സ് എന്ന കോമാളിത്തരത്തിനായി, ഹാൻ്റ് റെയിലുകളും വൈദ്യുതി ലൈനുകളും സ്ഥാപിക്കുന്നതിനായി ഒക്കെ ഒക്കെ ആ മരംമുറി നിർബാധം തുടർന്നു. വീണ മരങ്ങളുടെ അവസാനത്തെ ശരണം വിളി പതിനെട്ടാം പടിയെ വിറപ്പിച്ചു. അത് പൊന്നമ്പലമേട്ടിൽ പ്രതിധ്വനിച്ചു കൊണ്ടേയിരിക്കുന്നു. അവശേഷിക്കുന്ന കുറേ മരങ്ങളാണ് പ്രാണഭിക്ഷയായിച്ച് ഇവിടെ അവശേഷിക്കുന്നത്. കാനനവാസനെ പൊന്നമ്പല വാസനാക്കിയവർക്ക് കൈകൾ ഉയർത്തിനിന്നുള്ള അവരുടെ യാചന തിരിച്ചറിയാനാവില്ല.

Image Courtesy : Online

മരങ്ങളെ ശ്രദ്ധിച്ചു നിൽക്കുമ്പോൾ നീണ്ട വിളിയെത്തി. സിംഹവാലനാണ്. പെരിയ സ്വാമിയുടേത് പോലെ നരച്ച താടിയും വ്രതം നോറ്റതുപോലെ ശുഷ്ക്കിച്ച ശരീരവും അവനെ പൂങ്കാവനത്തിന് അനുയോജ്യനാക്കുന്നുണ്ട്. പക്ഷേ ഇവിടെ കക്ഷിയുള്ളത് അധികമാർക്കും അറിയില്ല. ഉപ്പുപാറക്ക് താഴെ കഴുതക്കുഴി ഭാഗത്ത് ഇവരുടെ ഇഷ്ട ഭക്ഷണം നൽകുന്ന ധാരാളം വെടിപ്ലാവുകളും ഉണ്ട്.

സിംഹവാലൻമാരുടെ മിന്നലാട്ടത്തിനു പിന്നാലെ സിംഹഗർജനം പോലെ മഴയെത്തി. ഓടുകയേ വഴിയുള്ളൂ. ഒരു കിലോമീറ്റർ പോയാലേ സന്നിധാനമെത്തൂ. ഓടിയിട്ട് കാര്യമില്ല എന്നറിഞ്ഞതോടെ ഞങ്ങൾ നടുന്നു തുടങ്ങി. കാറ്റിലാടുന്ന മരങ്ങൾ സൃഷ്ടിച്ച ആകാശവാതിലുകളിലൂടെ ചരൽക്കല്ലുപോലെ മഴ പെയ്തിറങ്ങി. പെരുമഴയുടെ താളത്തിൽ കാടാകെ ഇളകിയാടിക്കൊണ്ടിരുന്നു. മരകൊമ്പുകൾ പൊട്ടിവീഴുന്ന ശബ്ദം അവിടെയും ഇവിടെയും മുഴങ്ങുന്നു. ആനയെ തോല്പിക്കുന്ന വികൃതിയായി മഴ നിറഞ്ഞാടുകയാണ്. ചില്ലുടുപ്പുപോലെ തായ്ത്തടികളിൽ നിന്നും ഊർന്നിറങ്ങുന്ന മഴവെള്ളം മരങ്ങളെ തിളക്കമുള്ളതാക്കുന്നു.

സന്നിധാനത്തെ പടവുകൾ കയറുമ്പോൾ സന്ധ്യ ആയിട്ടില്ല. പക്ഷേ ആകാശവും ക്ഷേത്ര പരിസരവും കറുപ്പുടുത്ത് മഴനനഞ്ഞ് നിൽക്കുകയാണ്. കൊടി മരത്തിൻ്റെ മുന്നിലെത്തി തൊഴുതു. അപ്പോഴേ പെരുമഴയുടെ കർട്ടനപ്പുറം ആ കാഴ്ച കണ്ടു. മേൽശാന്തി തൻ്റെ മുറിക്കു പുറത്ത് സാകൂതം മഴകണ്ട് പ്രദക്ഷിണ വഴിയിലേക്ക് നോക്കി തനിയെ ഇരിക്കുന്നു.

സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിൽ മേൽക്കൂരയിൽ നിന്നും ചിതറിത്തെറിക്കുന്നത് സ്വർണ്ണത്തുള്ളികളല്ലേ ? തറയിൽ പാകിയ കൃഷ്ണശിലയിലൂടെ പൂങ്കാവനത്തിൻ്റെ കണ്ണീരുപോലെ മഴവെള്ളം ശയനപ്രദക്ഷിണം ചെയ്യുന്നു. പാപങ്ങളുടെയും ദർശന സായൂജ്യത്തിൻ്റെയും കണ്ണീരുപ്പ് പറ്റിപ്പിടിച്ച തിരുനടയിൽ പെരുമഴ കഴകം ചെയ്യുകയാണ്.

Image Courtesy : Online

യൂണിഫോം മുഴുവൻ നനഞ്ഞൊട്ടുകയാണ്. മേൽശാന്തിയുടെ അടുത്തു ചെന്ന് മഴയിൽത്തന്നെ നിന്ന് സംസാരിച്ചു.
“സന്നിധാനം ഫോറസ്റ്റ് സ്റ്റേഷനിലെ പുതിയ SHO ആണ്. സതീശൻ. ഇന്നലെയാണ് പമ്പയിൽ വന്ന് ചാർജ്ജെടുത്തത്. “

മേൽശാന്തി സൗമ്യമായി ചിരിച്ചു. “നടയടച്ച് ഒരാഴ്ച കഴിഞ്ഞാൽ ഞാനും ഭഗവാനും മാത്രമാകും. സഹായികളും ദേവസ്വംകാരും പോലീസും ഒക്കെയുണ്ടെങ്കിലും ഞങ്ങൾ രണ്ടുമല്ലേ പുറപ്പെടാ ജന്മങ്ങൾ “

അതേ, മലവെള്ളം പോലെ ഭക്തലക്ഷങ്ങൾ തിങ്ങി നിറയുന്ന തിരുമുറ്റത്ത് മഴയുടെ തീർത്ഥക്കാവടിയാട്ടം മാത്രം.

തണുപ്പ് ശരീരത്തെ പിടിച്ചുലക്കുകയാണ്. മടങ്ങണം. അതിനു മുമ്പ് സോപാനത്തിലെത്തി ഒന്ന് തൊഴാനാകുമോ ?

“തൊഴുതോളൂ, പക്ഷേ ഉരിയാടരുത്, പാദപതനം പോലും കേൾപ്പിക്കരുത്. ഭഗവാൻ യോഗ നിദ്രയിലാണെന്ന് എന്നറിയാമല്ലോ ? “

മനസ്സിൽ ഒരു മേഘ വിസ്പോടനമുണ്ടായി. പാദം പകുതിമുങ്ങുന്ന മഴവെള്ളത്തിൽ ചവിട്ടി സാവധാനം സോപാനത്തിലേക്ക് നടക്കുമ്പോൾ പാദങ്ങൾ ശ്രദ്ധിച്ചാണ് വെച്ചത്. ശബ്ദമുണ്ടാകരുത് !! ഇന്നലെ പമ്പയിലെത്തി ചാർജ്ജ് എടുത്തശേഷം സന്ധ്യക്ക് മുമ്പ് കരിമല ഭാഗത്തേക്ക് രണ്ട് സ്റ്റാഫുമായി ഒന്നു നടന്നു. ചെറിയാനവട്ടവും വലിയാവട്ടവും കടന്നപ്പോൾ കയ്യിലെ രോമങ്ങൾ എഴുനേറ്റുനിന്നു. കടുവയുടെ ചൂര് !! കലങ്ങിയൊഴുക്കുന്ന ചാലിനപ്പുറം അവൻ കാട്ടിലേക്ക് നടുന്നു മറയുകയാണ്. ചാലിന് സമീപം ചാടിക്കടന്ന അവൻ്റെ വമ്പൻ പാദമുദ്രയിലേക്ക് വെള്ളം കിനിഞ്ഞ് തുടങ്ങുന്നേയുള്ളു. സ്റ്റാഫുകൾക്ക് അമ്പരപ്പ്.
”സർ, അവൻ എത്ര സാവധാനമാണ് പോയത്. ഇത്ര അടുത്ത് ഇങ്ങനെയൊരനുഭവം ആദ്യമാണ്. അതും സാർ വന്ന ദിവസം തന്നെ “

Image Courtesy : Online

അതേ, പാദമൂന്നുന്ന ശബ്ദംപോലും കേൾപ്പിക്കാതെ വേണം ഇവിടെ നടക്കാൻ . മേൽശാന്തിക്കും മുമ്പേ അവനത് ഇന്നലെ കാട്ടിത്തന്നു. പണ്ട്, ആളും ആരവവും വരുന്നതിനുമുമ്പ് എത്ര കടുവകൾ 18 കല്പടവുകൾ കയറി തങ്ങളുടെ സംരക്ഷകൻ്റെ നടയിലൂടെ പാദപതനം കേൾപ്പിക്കാതെ നടന്നിട്ടുണ്ടാകും ? കാൽച്ചുവട്ടിലെ മണ്ണു പോലും ഒന്നു ഞരങ്ങാതെ ഭഗവാൻ്റെ യോഗനിദ്രയെ കാത്ത അവൻ്റെ നടപ്പിലല്ലേ ശരിയായ സ്വാമിപാദം ഉള്ളത് ?

ഞാൻ പയ്യെ മുന്നോട്ടു നടന്നു. കാൽപ്പാദങ്ങൾക്ക് ഒരു പതുപതുപ്പ് ഉണ്ടാകുന്നത് ഞാനറിഞ്ഞു. കടുവയെ ആദ്യമായി കാരുണ്യത്തോടെ ചേർത്തുപിടിച്ചവൻ്റെ നടയിൽ കല്ലും കടുവയുടെ ഉള്ളംകാൽ പോലെ മൃദുവാകേണ്ടതുണ്ട്. ഞാൻ ആദ്യമായി ഉള്ളിലെവിടെയോ മൃദുത്വം ചുരത്തുന്ന ഒരു കാട്ടുമൃഗമായി സ്വയം മാറി. തിരുനട എത്തിക്കഴിഞ്ഞു. മഴത്തുള്ളി പോലും ഒന്ന് കലമ്പരുത്. വന വിസ്മയത്തിന്റെ ഈശ്വര രൂപത്തെ സമാധിയിൽ നിന്നും ഉണർത്തരുത്.

നനഞ്ഞു കുതിർന്ന പാദങ്ങളിൽ ഇതുവരെ അറിയാത്ത ഒരു സാരള്യത്തിൻ്റെ തരിപ്പോടെ തിരുനടയിൽ കണ്ണടച്ച് തൊഴുതു നിൽക്കുമ്പോൾ പൂങ്കാവനത്തിലെ കടുവയും ഞാനും കാനനവാസനും ഒന്നായിത്തീർന്നു.

സ്വാമിപാദം !!

കുട്ടനാട്ടിൽ ജനിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. വനം വകുപ്പിൽ ഫീൽഡ് ഓഫീസറായിരുന്നു. 2021 ൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ തസ്തികയിൽനിന്ന് വിരമിച്ചു. വകുപ്പിൻ്റെ അരണ്യം മാസികയുടെ അസി. എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. നിരവധി ലേഖനങ്ങളും ഡോക്യുമെൻ്ററികളും പത്ര - ദൃശ്യമാധ്യമങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 'ആരണ്യകം' എന്ന പേരിൽ വനം പരിസ്ഥിതി വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട്.