(കാലത്തിന്‍റെ ഭൗതിക ശാസ്ത്രം തൊട്ട് യഥാര്‍ത്ഥ ജീവിതത്തില്‍ തിരിച്ചുപോക്ക് സാധ്യമല്ലാത്ത നിമിഷങ്ങള്‍ വരെയുള്ള ചില കാര്യങ്ങള്‍ ഒരേ സൂത്രത്തില്‍ കോര്‍ക്കാനാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷേ, ഈ ആഴ്ചയുടെ പതിനൊന്നാം മണിക്കൂറില്‍, സാങ്കേതികമായ കാരണങ്ങളാല്‍, ഞാന്‍ ശരിക്കുമൊരു മൃതാന്തം (dead-end) പൂകിയിരിക്കുന്നു. ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിയത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. മുകേഷ് അംബാനിയുടെ സ്ഥാപനം പടച്ചിറക്കിയ “ജിയോ” എന്ന മണ്ടന്‍ ഉപാധി ആയിരക്കണക്കിന് കംപ്യൂട്ടര്‍ പ്രവര്‍ത്തകരെയെന്നതുപോലെ എന്നെയും ജളനാക്കിയിരിക്കുന്നു. എന്‍റെ ദൗത്യം അസാധ്യം. പക്ഷേ, ആലിസിനെപ്പോലെ ഭൂതമെങ്കിലും ഓര്‍മ്മിക്കാന്‍ കഴിയുകയാല്‍, ഉള്ളിലൊരു വിവരവ്യവസ്ഥ ഉള്ളതിനാല്‍, ഓര്‍മ്മയില്‍ താനേ തെളിയുന്ന ചില കാര്യങ്ങള്‍ ഇവിടെ കുറിച്ചിടുന്നു. പിന്നിട്ട വരയിലെ ബിന്ദുക്കള്‍, തിരിച്ചുപോക്ക് സാധ്യമല്ലാതാക്കുന്ന ബിന്ദുക്കള്‍… എല്ലാം കാലബദ്ധം.)
തര്‍ക്കശാത്രത്തെ തകര്‍ക്കും വിധം വാക്കുകളും ചിന്തകളും ഉപയോഗിക്കാന്‍ ആശ്ചര്യലോകത്തിലെ ആലിസിനറിയാം. പക്ഷേ, ‘ത്രൂ ദ ലുക്കിംഗ് ഗ്ലാസ്’ എന്ന കഥയിലൊരിടത്ത് എന്‍റെയൊരു ആചാര്യ കൂടിയായ ഈ പെണ്‍കുട്ടി അല്പം പരുങ്ങലിലാവുന്നു: സംഭവിച്ചു കഴിഞ്ഞിട്ടില്ലാത്ത ഒരു കാര്യവും ആലിസിന് ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല! കഥയിലെ വെളുത്ത രാജ്ഞിക്ക് ഇതില്‍ നൈരാശ്യമുണ്ട്. അവര്‍ ആലിസിനോട് പറയുന്നു: “പിന്നിലേക്ക് മാത്രം പ്രവര്‍ത്തിക്കുന്ന ഓര്‍മ്മ വളരെ മോശമായിരിക്കണം.” തുല്യ നിലയിലുള്ള താര്‍ക്കിക അനായാസതയോടെ രാജ്ഞിക്ക് മറ്റൊന്നു കൂടി പറയാന്‍ കഴിയുമായിരുന്നു: “കാരണത്തിനു ശേഷം മാത്രമുണ്ടാകുന്ന കാര്യം വളരെ മോശമായിരിക്കണം.” രണ്ടു പ്രസ്താവനകളും (വിളമ്പിയിട്ടില്ലാത്ത വിഭവങ്ങളെ ചൂണ്ടുന്ന ഫോര്‍ക്കിന്റെ മുനകള്‍ പോലെ) ഇന്നും ഭൗതിക ശാസ്‌ത്രജ്ഞന്മാര്‍ക്ക് ശല്യമായൊരു വിവാദത്തിന്റെ മുന്നോടികളായിരുന്നെന്നു തോന്നിക്കുന്നു — സമയത്തിന്‍റെ ദിശയും, സംഭവങ്ങളുടെ കാലിക ക്രമവും.
വെളുത്ത രാജ്ഞിയുടെ ഓര്‍മ്മ മുന്നോട്ടും പിന്നോട്ടും പ്രവര്‍ത്തിക്കുന്നു. ശാസ്‌ത്രജ്ഞന്മാരെ സംബന്ധിച്ച് ഇതിത്തിരി കൂടുതല്‍ സങ്കീര്‍ണമാണ്, അല്ലേ? ആണോ? ഓര്‍മ്മ എന്നൊന്നില്ലെങ്കില്‍ ചില പ്രതികരണ പ്രശ്നങ്ങള്‍ ഉണ്ടാവും. ഓര്‍മ്മ എന്നൊന്നില്ലെങ്കില്‍, ഇപ്പോള്‍ ഈ നിമിഷത്തിള്‍ സംഭവിക്കുന്നതിനോടു മാത്രം പ്രതികരിച്ചു കൊണ്ട് നാം വര്‍ത്തമാനത്തില്‍ത്തന്നെ തുടരുകയാണെങ്കില്‍… വരട്ടെ, ഇവിടെയൊരു പിടുത്തമുണ്ട്. പ്രതികരണത്തെ സംബന്ധിച്ച പ്രതീക്ഷ ഇതിന്നിടയില്‍ എവിടുന്നു കടന്നു വന്നു?
നാം സാധാരണ എന്തിനോടും പ്രതികരിക്കുന്നത് രണ്ടു വിധത്തിലാണ്. ഒന്ന്, നമ്മുടെ ജന്മവാസനയെയോ അല്ലെങ്കില്‍ പരിശീലിതമായൊരു പ്രതികര്‍മ്മത്തെയോ ആശ്രയിച്ചു കൊണ്ട്. രണ്ട്: എന്തിനോടാണ് നാം പ്രതികരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ആര്‍ജ്ജിത വിജ്ഞാനത്തെ ആശ്രയിച്ചുകൊണ്ട്. പക്ഷേ, ഏതാണ്ട് ഈ പറഞ്ഞതു മുഴുവന്‍ ഒരു തരം വിവരവ്യവസ്ഥയെയോ, സംഭരണവ്യവസ്ഥയെയോ ഒരു മുന്‍കൂര്‍ വ്യവസ്ഥയായി ആവശ്യപ്പെടുന്നു — അതായത് ഒരു ഭൂതത്തെ! കാലത്തെ സംബന്ധിച്ച ഏറ്റവും വലിയ വിരോധാഭാസം ഇതാണ്: കാലം അലട്ടുന്നത് പ്രപഞ്ചത്തെപ്പറ്റി പലതും അറിയാവുന്ന ജ്ഞാനികളെയാണ്, മറിച്ച് ഇന്നലെയും ഇന്നും നാളെയും മാത്രമായി കഴിയുന്ന സാധാരാണക്കാരെയല്ല! രണ്ടു കൂട്ടര്‍ക്കും ശ്രദ്ധേയമാകാവുന്ന ചില കുറിപ്പുകള്‍ ചുവട്ടില്‍.
ഒന്ന്: റൂബിക്കോണ്‍ താണ്ടല്‍.
ക്രി.മു. 49. ഞാന്‍ അവസാനമായി എഴുതിയ കഥ (‘സൂര്യമത്സ്യത്തെ വിവരിക്കല്‍’) സീസറുടെ ഈ പിന്‍വലിക്കാനാവാത്ത തീരുമാനത്തെ സ്പര്‍ശിക്കുന്നതിനാലാണ് ആദ്യം അതോര്‍ക്കുന്നതെന്നത് സമീപ കാരണം. പോയൻറ്റ് ഓഫ് നോ റിട്ടേൺ (PNR). റോമന്‍ സൈന്യത്തിന് മുറിച്ചു കടക്കാന്‍ അനുവാദമില്ലാത്ത റൂബിക്കോണ്‍ നദി സീസര്‍ താണ്ടിയതിലെ സാഹസികത പല ജീവിത സന്ദര്‍ഭങ്ങളില്‍ എന്‍റെ ചെവികളില്‍ ഒരു ഉപവാക്യമായി മുഴങ്ങിയിട്ടുണ്ട് — ചരിത്രകാരനായ ഗയസ് ട്രാങ്ക്വിലൂസിന്റെ വാക്കുകളില്‍: “കരു എറിയപ്പെട്ടു കഴിഞ്ഞു” (ദി ഡൈ ഈസ് കാസ്റ്റ്). പതിനൊന്നാം മണിക്കൂറില്‍ നിങ്ങള്‍ പലപ്പോളും റൂബിക്കോണ്‍ താണ്ടിയിരിക്കും. പക്ഷേ, ഇതിലെ ഊന്നല്‍ സാഹസികതയിലല്ല, പിന്‍വാങ്ങാനാവാത്ത അവസ്ഥയിലാണ് — പിഎന്‍ആര്‍
രണ്ട്: പാതിവഴിക്കപ്പുറം.
വഴിയില്‍ എവിടെയും ഇറങ്ങാത്ത ചില വിമാനങ്ങള്‍ ഒരു പ്രത്യേക ഇടത്തില്‍വെച്ച് പിഎന്‍ആര്‍ അവസ്ഥയിലെത്തും. പാതിവഴിയുടെ അല്പം അപ്പുറത്താണ് ഈ നിര്‍ണായക ബിന്ദു. സാധാരണ നിലക്ക് ഈ വിമാനങ്ങള്‍ താവളത്തില്‍ നിന്ന് താവളത്തില്‍ എത്തുന്നതിനു വേണ്ടതിലും അധികം ഇന്ധനം ശേഖരിച്ചിരിക്കും. ഉദാഹരണത്തിന്, 1000 നാഴിക പറക്കണമെങ്കില്‍ 1500 നാഴിക പറക്കാന്‍ ആവശ്യമായ ഇന്ധനം അവയിലുണ്ടാകും. പാതി വഴി താണ്ടിക്കഴിഞ്ഞാല്‍, പുറപ്പെട്ടേടത്തേക്ക് തിരിച്ചുപോക്ക് സാധ്യമല്ല. വൈമാനികര്‍ ഈ അവസ്ഥയെ ‘ഇക്വിടൈം പോയൻറ്റ്’ എന്നു വിളിക്കുന്നു.
മൂന്ന്: കാലത്തിന്‍റെ ശരം.
കാലത്തിന്‍റെ ശരം മുന്നോട്ട് മാത്രം ചലിക്കുന്നു. സര്‍ ആർതർ എഡിങ്ടൺ സൃഷ്ടിച്ച ദിശാബദ്ധമായ ഈ രൂപകം സൂചിപ്പിക്കുന്നത് പുരോഗമനത്തെയല്ല. ഇതിലെ ഏകദിശ ക്രമത്തില്‍ നിന്ന് ക്രമരാഹിത്യത്തിലേക്കുള്ള രേഖീയ അനിവാര്യതയാണ്. ഒരു ചായക്കോപ്പ എപ്പോള്‍ വേണമെങ്കിലും നിലത്തു വീണുടഞ്ഞ് പല കഷ്ണങ്ങളാകാമെന്നത് (ക്രമം >ക്രമരാഹിത്യം) ഒരു സാധ്യത; പക്ഷേ, ഈ കഷ്ണങ്ങള്‍ക്ക് വീണ്ടും കോപ്പയാകുകയെന്നത് (ക്രമരാഹിത്യം > ക്രമം) ഒരു അസാധ്യത. പ്രപഞ്ചത്തിനു മുഴുവന്‍ ബാധകമായൊരു നിയമത്തിന്‍റെ (രണ്ടാം താപഗതിക നിയമത്തിന്‍റെ) ആവിഷ്കാരമാണ് “കാലത്തിന്‍റെ ശരം”. എല്ലാ കോപ്പകളും ഒരു നാള്‍ ഉടഞ്ഞേ തീരൂ.
നാല്: കാലശരം കാരണം.
ഭൗതിക പ്രപഞ്ചശാസ്ത്രജ്ഞനായ ഷാന്‍ കരോള്‍ എഴുതിയ ‘ആരോ ഓഫ് ടൈം’ പല ചോദ്യങ്ങള്‍ക്ക് ഒരേ ഉത്തരം നല്‍കുന്നു. എന്തുകൊണ്ട് നാം (പാവം ആലിസിനെപ്പോലെ?) ഭൂതത്തെ ഓര്‍മ്മിക്കുന്നു, പക്ഷേ ഭാവിയെ ഓര്‍മ്മിക്കുന്നില്ല? “കാലത്തിന്‍റെ ശരം കാരണം.” എന്തുകൊണ്ട് നാം കാര്യകാരണങ്ങളെ അവലംബിച്ച് ലോക സങ്കല്‍പ്പങ്ങള്‍ സൃഷ്ടിക്കുന്നു? “കാലത്തിന്‍റെ ശരം കാരണം.” എന്തുകൊണ്ട് ഈ പ്രപഞ്ചം (നമ്മെപ്പോലെ) സങ്കീര്‍ണമായ വിവരം സംഭരിക്കാനും പരിപാകം ചെയ്യാനും പ്രാപ്തമായൊരു വ്യവസ്ഥയായി? “കാലത്തിന്‍റെ ശരം കാരണം.” എന്തുകൊണ്ട് നാം പരിണമിക്കാനും, സ്വയം അറിയാനും, പ്രണയത്തില്‍ വീഴാനും കഴിവുള്ളവരായി? “കാലത്തിന്‍റെ ശരം കാരണം.”
അഞ്ച്: പലായനം/പോര്.
രണ്ടിലൊന്ന് ചെയ്തേ തീരൂ എന്ന അവസ്ഥ. വാള്‍ട്ടര്‍ കാനന്‍ നിരീക്ഷിച്ച “ഫൈറ്റ്-ഓര്‍-ഫ്ലൈറ്റ്” എന്ന അവസ്ഥ. മൃഗങ്ങള്‍ സാധാരണയായി സംഘട്ടന സാധ്യതയുള്ള ഇടം വിട്ടുകൊണ്ട് ഏറ്റുമുട്ടല്‍ ഒഴിവാകുന്നു. പക്ഷേ, പലായനം സാധ്യമല്ലെങ്കില്‍ അവ അന്തസ്സോടെ പൊരുതും. സ്വകാര്യസ്തലി (പ്രൈവറ്റ് സ്പേസ്) ഇവിടെ നിര്‍ണായകം. മൃഗശിക്ഷകന്റെ തന്ത്രം ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കസില്‍, കൂട്ടില്‍നിന്ന് പുറത്തിറക്കിറപ്പെട്ട മൃഗത്തിന്‍റെ സ്വകാര്യസ്ഥലിയിലേക്ക് അയാളൊരു ചുവട് വെക്കുന്നു; പോരിനു തയ്യാറെടുത്ത മൃഗം മുന്‍കാലുകള്‍ ഉയര്‍ത്തുന്നു; ആ നിര്‍ണായക അതിര്‍ത്തിയിലേക്ക് ഒരു പീഠം തള്ളിവെച്ച് മൃഗശിക്ഷകന്‍ പിന്മാറുന്നു. മൃഗം പീഠത്തിന്മേല്‍ മുന്‍കാലുകള്‍ വെച്ച് ഉയര്‍ന്നു നില്‍ക്കുന്നു. സദസ്സ് കയ്യടിക്കുന്നു.
ആറ്: മൃതാന്തങ്ങള്‍.
ചില ബിന്ദുക്കളില്‍ നിന്ന് പുറത്തേക്ക് ഒരൊറ്റ വഴിയേ ഉള്ളൂ. പല തെരുവുകളുടെയും അറ്റം മൃതാന്തമാണ് (cul-de-sac). പലര്‍ക്കും ഇത്തരം തെരുവുകള്‍ വളരെ ഇഷ്ടവുമാണ്. ഇത്തരം തെരുവുകള്‍ കൂടുതല്‍ സുരക്ഷിതമാണെന്നും, കവര്‍ച്ചയും വാഹനമോഷണവും ഇവിടങ്ങളില്‍ കുറവാണെന്നും റ്റെംസ് വാലി പൊലീസില്‍ കുറ്റനിവാരണ ഉപദേഷ്‌ടാവായിരുന്ന ഡേവ് സ്ടബ്സ് പറഞ്ഞു. ഓര്‍ക്കുക, ബ്രിറ്റനിലെ പ്രധാനമന്ത്രിയുടെ കാര്യാലയം സ്ഥിതി ചെയ്യുന്ന ഡൗണിംഗ് സ്ട്രീറ്റ് ഒരു മൃതാന്തമാണ്. പക്ഷേ, തന്‍റെ അഭിപ്രായം തുറന്നു പറയുന്നതില്‍ നിന്ന് പ്രിന്‍സ് ചാള്‍സിനെ പിന്തിരിപ്പിക്കാന്‍ ഈ മമതയ്ക്ക് കഴിഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞു: “കുറ്റകൃത്യങ്ങള്‍, കാറുകളോടുള്ള ആശ്രിതത്വം, പൊണ്ണത്തടി” എന്നിവ വര്‍ദ്ധിപ്പിക്കുന്ന പരിതോവസ്ഥാ ഭീഷണിയാണ് മൃതാന്തത്തെരുവുകള്‍.
അപ്ഡേറ്റ്:
മുട്ട ഉടഞ്ഞാല്‍ എത്ര ശകലങ്ങളാവാം?
ഏകദിശോന്മുഖമായ കാലത്തെക്കുറിച്ചൊരു പാഠം പോലെ തോന്നിക്കുന്നു ഹമ്പ്റ്റി ഡമ്പ്റ്റിയുടെ ദുരന്തം. രാജാവിന്‍റെ ആളുകളെല്ലാം ശ്രമിച്ചിട്ടും ഹമ്പ്റ്റി ഡമ്പ്റ്റിയെ പൂര്‍വ്വരൂപത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, ഒരു പ്രത്യേക സിദ്ധാന്തം ശരിയാണെങ്കില്‍, ഊര്‍ജ്ജതന്ത്രജ്ഞന്മാര്‍ക്ക് അത് കഴിയുമെന്ന് ഫ്രാന്‍സിലെ കാര്‍ലോ റോവെല്ലി അവകാശപ്പെടുന്നു. റോവെല്ലിയുടെ ‘താപബദ്ധ കാല സിദ്ധാന്തം’ പറയുന്നു: കാലത്തെ അടിസ്ഥാനപരമായ എന്തോ ഒന്നായി കാണരുത്; പകരം പ്രപഞ്ചത്തിലെ സമ്പര്‍ക്കങ്ങലുടെ ഒരു ഉത്പന്നമായി കാണുക. ഇതിന്‍റെ ശരിത്വം എന്‍റെ അറിവിന് പുറത്താണ്. വളരെ ബാലിശമെന്നു തോന്നിക്കാവുന്നൊരു ചോദ്യത്തിലാണ് എന്‍റെ ശ്രദ്ധ: ഹമ്പ്റ്റി ഡമ്പ്റ്റി എത്ര കഷ്ണങ്ങളായാണ് തകര്‍ന്നത്?
ആയിരത്തിത്തൊണ്ണൂറുകളില്‍ ഉടനീളം യൂറോപ്പുകാരായ കുടിയേറ്റക്കാരുടെ സ്വപ്നഭൂമിയായിരുന്നു അമേരിക്ക. അവരില്‍ പലരുടെയും മോഹഭംഗം (അതേ, ആ പഴയ മോഹഭംഗം!) കവിതകളായിട്ടുണ്ട്. കൂട്ടത്തിലൊരു കവിത അപഗ്രഥനക്ഷമതയോടെ പഠിപ്പിക്കുന്ന ഡയാന സാഞ്ചസ് എന്ന അദ്ധ്യാപികയുടെ മനസ്സില്‍ സഹാനുഭൂതിയുണ്ട്. പക്ഷേ, ചില അത്യുക്തികള്‍ ഡയാനയ്ക്ക് അയുക്തികം. കവിതയിലെ ഒരു വരി ഇങ്ങനെയാണ്: “സ്വപ്‌നങ്ങള്‍ തറയില്‍ വീണുടഞ്ഞു പത്തു ലക്ഷം ചില്ലുകളായി”. ഒരു വസ്തു രണ്ടായോ, നാലായോ, നൂറായിപ്പോലുമോ പൊട്ടിച്ചിതറാം. പക്ഷേ, പത്തു ലക്ഷം!? ഡയാനയെ അലട്ടിയ യുക്തിഭംഗത്തെ വളരെ നിശിതമായൊരു ശാസ്ത്രീയ അന്വേഷണത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയും.
ഹങ്കറിയിലെ ഫെറന്‍സ് കണ്‍, ജര്‍മ്മനിയിലെ ഫാക്ക് വിറ്റല്‍ എന്നീ ഗവേഷകര്‍ കൂട്ടായി സ്വയം ചോദിച്ചു: പൊട്ടിച്ചിതറലിനും ഉണ്ടാവില്ലേ ഒരു ക്രമം, അല്ലെങ്കില്‍ പരിമിതി? അവര്‍ കുറേ മുട്ടകള്‍ ഉടച്ചു. രണ്ടു കൂട്ടങ്ങളായി പകുത്ത മുട്ടകള്‍. ഒരു കൂട്ടത്തെ അവര്‍ നിലത്തെറിഞ്ഞുടച്ചു, മറ്റേ കൂട്ടത്തെ സ്ഫോടനത്തിനു വിധേയമാക്കി. അങ്ങേയറ്റം വ്യത്യസ്തമായ രണ്ടു നശീകരണരീതികള്‍. എങ്കില്‍പ്പോലും രണ്ടും അവശേഷിപ്പിച്ചത് ഒരേ വലിപ്പമുള്ള ശകലങ്ങളായിരുന്നു. ഉടയലിനു പിന്നില്‍ ഒരു രഞ്ജന (പാറ്റേൺ) സ്പഷ്ടം. ശരാശരി വലിപ്പം എന്നൊന്നില്ല. ശകലങ്ങളുടെ എണ്ണം ഏറുന്തോറും അവ കൂടുതല്‍ക്കൂടുതല്‍ ചെറുതാവുന്നു. മുട്ടത്തോടിന്റെ ശക്തിനിയമം (power law) സാര്‍വ്വലൗകികമാകാമെന്നൊരു സൂചന ഇതിലുണ്ട്. ആശ്ചര്യമില്ല. എവിടെയെങ്കിലുമൊരു സൂപ്പര്‍നോവ (ബൃഹത്തായൊരു നക്ഷത്രത്തിന്റെ സ്ഫോടനാത്മകമായ മരണം) സംഭവിച്ചാല്‍ പിണ്‌ഡത്തിന്‍റെ പുനര്‍വിതരണം അപഗ്രഥിക്കാന്‍ മുട്ടയുടക്കലിലെ കണ്ടെത്തല്‍ ഉതകും.
പ്രപഞ്ചത്തെ ബ്രഹ്മാണ്ഡമെന്നു വിളിച്ച പൂര്‍വ്വസൂരികളുടെ വിഭാവനത്തെ നമുക്ക് വാഴ്ത്താം. എന്തെന്നാല്‍, വെറുമൊരു രൂപകത്തില്‍ ഒതുങ്ങാത്ത ചില ഭൗതിക പ്രതിഭാസങ്ങള്‍ ഈ ആകൃതീദര്‍ശനത്തില്‍ സങ്കല്പിതം. മുട്ടയുടെ ശാസ്ത്രത്തിലേക്ക് പിന്നീടൊരിക്കല്‍ നമുക്ക് കടക്കാം.