പോലീസ് ഡയറി -16 : വിഷുത്തലേന്ന്

ആണ്ടറുതിയോടൊപ്പം മുറതെറ്റാതെ എത്തുന്ന ചില ഓർമ്മകളുണ്ട് , ഒരു വ്യാഴവട്ടത്തിനിപ്പുറവും ജോർജ്ജ് മാസ്റ്ററെ ഓർക്കാതെ വിഷുത്തലേന്ന് കടന്നു പോയിട്ടില്ല.

അന്ന്, വിഷുവിൻ്റെ തലേ ദിവസമായിരുന്നു കൈകളിൽ നിറയെ കൊന്നപ്പൂക്കളുമായി ഒരു വൃദ്ധൻ എൻ്റെ വാതിലിനു മുന്നിൽ അനുവാദം ചോദിക്കുന്നു.

” സർ മേ ഐ ഗെറ്റിൻ ……. “

ഞാൻ സർക്കിൾ ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്ന പൊലീസ് സ്റ്റേഷനിൽ എന്നെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാൻ എത്തിയതായിരുന്നു തൊണ്ണൂറിനടുത്ത് പ്രായമുള്ള ജോർജ്ജ് മാഷ്.

കുറച്ച് കൊന്ന പൂക്കൾ എൻ്റെ നേരെ നീട്ടി അദ്ദേഹം പറഞ്ഞു ” സർ കർണ്ണികാരം “

കണിക്കൊന്നയെ കർണ്ണികാരം എന്നറിയുന്ന ആ വയോധികനോടുള്ള എൻ്റെ ബഹുമാനം ഇരട്ടിച്ചു.

പൂക്കാതിരിക്കാൻ എനിക്കാവില്ലെന്ന കൊന്നയുടെ നിറവ്….

കവികളെമ്പാടും ഉരുക്കഴിച്ച കൊന്നപ്പാട്ടുകൾ തത്തിക്കളിക്കുന്ന ഒരു മനോനില പ്രദാനം ചെയ്യുന്നതിന് , വിഷുവിൻ്റെ കേളികൊട്ടിന് മനസ്സ് തുടിക്കുന്നതിന് എൻ്റെ മുന്നിലിരിക്കുന്ന വയോവൃദ്ധൻ നിമിത്തമായി.

കുശലപ്രശ്നങ്ങൾക്ക് ശേഷം ഞങ്ങൾ വിഷയത്തിലേക്ക് കടന്നു

തലമുറകളായി കൈമാറി വന്ന ‘നിലയ്ക്കാത്ത വാച്ച് ‘ മോഷണം പോയതാണ് പരാതിക്കാര്യം .

അച്ഛാച്ചൻ അച്ഛന് കൊടുത്തതും അച്ഛൻ ജോർജ്ജ് മാഷിന് നല്കിയതുമായ നൂറ് വർഷത്തിലേറെ പഴക്കമുള്ള വാച്ചാണ് നഷ്ടപ്പെട്ടിരിക്കുന്നത്. തിരിച്ചു കിട്ടിയാൽ മകന് കൊടുക്കണമെന്നാണ് മാഷിൻ്റെ ആഗ്രഹം.

” സർ , കള്ളന്മാരിലും നല്ല മനുഷ്യരുണ്ടെന്ന് മോഹൻദാസ് കരംചന്ദ് ഗാന്ധി കാണിച്ചു തന്നിട്ടില്ലേ,
വിശക്കുന്ന കുഞ്ഞ് ഒരു കഷ്ണം റൊട്ടി മോഷ്ടിക്കുന്നത് ” ഫസ്റ്റ് റിവോൾട്ട് ” എന്നല്ലേ മാർക്സ് വിലയിരുത്തിയത് “
ഒരു കൊച്ചു കുട്ടി അദ്ധ്യാപകൻ്റെ മുന്നിൽ എന്നതുപോലെ ഞാൻ കുറേ നേരം ജോർജ്ജ് മാസ്റ്ററെ ശ്രവിച്ചുകൊണ്ടിരുന്നു.

ഏറെ സെൻ്റിമെൻ്റൽ അറ്റാച്ച്മെൻ്റ് ഉള്ള വാച്ചാണ് നഷ്ടപ്പെട്ടതെന്നും വാച്ചിൻ്റെ ഉടമയായ വയോധികൻ കഠിനമായ മാനസിക വ്യഥ അനുഭവിക്കുന്നതായും പത്രവാർത്ത നല്കിയാൽ മാത്രം മതിയെന്നും മോഷ്ടാവ് വാർത്ത കാണാനിടയായാൽ നിശ്ചയമായും വാച്ച് തിരികെ തരുമെന്നും അതിനു വേണ്ടുന്ന സഹായങ്ങൾ ചെയ്തു തരണമെന്നും മാസ്റ്റർ ആവർത്തിച്ചു പറഞ്ഞു.

ഇതു കേട്ട ഞാൻ അക്ഷരാർത്ഥത്തിൽ അന്തം വിട്ടിരുന്നു പോയി. ( പത്ര ഓഫീസിലേക്കാണ് താങ്കൾ പോകേണ്ടത് എന്നാണ് ഞാനദ്ദേഹത്തോട് പറയേണ്ടിയിരുന്നത്)

“വാച്ചടിച്ചോണ്ടു പോയ ആൾക്കും വീട്ടിൽ പ്രായമായ അച്ഛനും അമ്മയും ഉണ്ടാവില്ലേ..:
മനുഷ്യത്വം കാണില്ലേ …. ” മാസ്റ്റർ വികാരാധീനനായി

ഗാന്ധിജിയുടെ വാച്ച് മോഷണം പോയതിൽ അസഹനീയമാം വിധം സങ്കടം അനുഭവിക്കുകയാണ് എന്ന പത്ര വാർത്ത കണ്ടിട്ടാണ് മോഷ്ടാവ് വാച്ച് തിരികെ എത്തിച്ചത് എന്ന ചരിത്ര വസ്തുതയും മാസ്റ്റർ എന്നെ ഓർമ്മിപ്പിച്ചു

തുടർന്ന് ഇക്കാര്യങ്ങളൊന്നും പറഞ്ഞാൽ മക്കൾക്ക് മനസ്സിലാകില്ലെന്ന് ജനറേഷൻ ഗ്യാപ്പിലെ പൊരുത്തക്കേടുകളും വിശദീകരിച്ചു.

അദ്ദേഹത്തെ സഹായിക്കാനുള്ള വഴികൾ ഞാനാലോചിച്ചു . ഒരു വൃദ്ധമനസ്സിൻ്റെ സന്തോഷം ചെറിയ കാര്യമല്ല .

എറണാകുളം ജില്ലയിലെ കാക്കനാട് പ്രസ് അക്കാദമിയിൽ ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പഠിച്ചിരുന്ന കാലത്തെ എൻ്റെ ഒരു സഹപാഠി സമീപദേശത്തെ ഒരു പത്രമാധ്യമത്തിൽ ജോലി ചെയ്യുന്നത് എനിക്ക് സഹായകമായി.

പുരാവസ്തുവിൻ്റെ പരിഗണനയിൽ ഉൾപ്പെടുത്താവുന്ന വിധം പഴക്കമുള്ള വാച്ച് ആയതിനാലും പരാതി റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളതിനാലും വാർത്താ പ്രാധാന്യം നിഷേധിക്കാനാവില്ല. പക്ഷേ തീവ്രമായ മനോവ്യഥയനുഭവിക്കുന്ന വൃദ്ധ മനസ്സ് വാർത്തയിൽ ഇടം നേടാനിടയില്ലെന്ന് ഞങ്ങൾ വിലയിരുത്തിയിരുന്നു. അല്ലാത്തപക്ഷം ജോർജ്ജ് മാസ്റ്റർ അറിയപ്പെടുന്ന ഒരാളാണെങ്കിൽ ഇക്കാര്യം ഒരു പക്ഷേ പരിഗണിച്ചേനെ…

ഇതിനിടെ വാച്ചുകൾ മാത്രം മോഷ്ടിക്കുന്ന വാച്ചുണ്ണി എന്ന് വിളിപ്പേരുള്ള ഉണ്ണിത്താൻ എന്നയാളെ ഊട്ടിയിൽ പിടിച്ച വാർത്ത കണ്ടപ്പോൾ വാച്ചിൻ്റെ ഫോട്ടോകൾ അയച്ചുകൊടുത്ത് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.

പത്രത്തിലെ സുഹൃത്ത് ചെറിയ വിഷുവിൻ്റന്ന് രാത്രിയിൽ എന്നെ ഫോണിൽ വിളിച്ചു.

” നാളെ – വിഷുദിനത്തിലെ പത്രത്തിൽ വരത്തക്കവണ്ണം വാർത്ത ഡസ്കിലേക്ക് പോയിട്ടുണ്ട്. ജൂനിയറായതിനാൽ കാര്യമായ സ്വാധീനമൊന്നും നടക്കില്ല , ന്യൂസ് എഡിറ്റർ വളരെ സ്ട്രിക്റ്റാണ് ‘ചുല്യാറ്റിനെ’ മനസ്സിൽ ധ്യാനിച്ച് ‘ തിരുത്ത് ‘ ഉണ്ടാവരുതെന്ന് (എൻ എസ് മാധവൻ്റെ ‘ തിരുത്ത് എന്ന കഥയും അതേ കഥയിലെ ചുല്യാറ്റ് എന്ന കഥാ പാത്രവുമാണ് പരാമർശം ) പ്രാർത്ഥിച്ചാണ് ന്യൂസ് അയച്ചത് – കാത്തിരിക്കാം “

നേരത്തെ തന്നെ ഉമ്മറത്ത് പത്രക്കാരനെ കാത്തിരുന്നു.

വാർത്ത പരതി വായിക്കുമ്പോൾ ഹൃദയമിടിപ്പ് പുറത്ത് കേൾക്കുന്നുണ്ടായിരുന്നു .

വാച്ച് നഷ്ടപ്പെട്ട വയോധികൻ കഠിനമായ മാനസിക പ്രയാസം അനുഭവിക്കുകയാണ് എന്ന വരികൾ വെട്ടിമാറ്റിയാണ് വാർത്ത പ്രസിദ്ധീകരിച്ചത്

പത്രത്തിൻ്റെ കോപ്പി കൈപ്പറ്റാൻ ജോർജ്ജ് മാസ്റ്റർ വന്നപ്പോൾ ഞാൻ വിഷു ആഘോഷിക്കാനുള്ള അവധിയിലായിരുന്നു. വിഷുപ്പടക്കം പൊട്ടിക്കുന്ന കുട്ടികൾക്കൊപ്പം വീട്ടിലിരിക്കുമ്പോൾ അന്നത്തെ പോലെ ഇന്നും ജോർജ്ജ് മാസ്റ്ററുടെ മുഖം മനസ്സിലുണ്ട്.

വയനാട് മീനങ്ങാടി സ്വദേശി. കേരളാ പോലീസിൽ സർക്കിൾ ഇൻസ്പെക്ടർ. ഇപ്പോൾ വയനാട് വിജിലൻസ് യൂണിറ്റിൽ. നവമാധ്യമങ്ങളിൽ എഴുതുന്നു.