ഗള്‍ഫനുഭവങ്ങള്‍ -15 :മഹാമാരിയുടെ കാലത്ത് എഴുത്തിന്റെ രോഗം പിടിപെട്ടപ്പോള്‍

“ആരാധനയായാലും
പ്രണയമായാലും
പുറത്തുപറയാതെ
ഉള്ളിലൊതുക്കുന്നവരുണ്ട്.
പുറത്തുപറയാത്ത പ്രണയമാണ്
അതിമധുരം

നീറും ആത്മാവിന്റെ വേവുകളില്‍
പ്രണയം തിളയ്ക്കും
കരളിലേക്ക് അത് പടരും
നോവായി മാറും
അതിന്റെ പങ്ക് ചങ്ക് ചോദിച്ചു വാങ്ങും

പിന്നെ അവിടെയൊരു കോണില്‍
ആ നൊമ്പരം മയങ്ങും
മഴയും കുളിരും
നുരപൊട്ടുന്ന ലഹരിയായി
വലിഞ്ഞു മുറുകുമ്പോള്‍
ഒരു പാട്ട് ഒഴുകി വരും “

സ്വരരാഗം എന്ന വാട്‌സാപ് ഗ്രൂപ്പില്‍ ഞാന്‍ കുറിച്ചിട്ടു..

ഹൃദയത്തിന്റെ ഇമോജിയോടെ ശുഭദിനം ഇട്ടതിനു പിന്നാലെ ലൈജു മറുകുറി നല്‍കി..

“ഇദ്ദേഹം മനസ്സില്‍ വെച്ച് എന്തോ പറയുന്നതു പോലെ തോന്നുന്നു.. പ്രണയത്തിന്റെ പേരില്‍ ‘പുറത്ത്’ കിട്ടിയതൊന്നും പുറത്ത് പറയാഞ്ഞിട്ടാണ്.. “

സംഭാഷണങ്ങളില്‍ മറ്റംഗങ്ങളും കൂടി. കോവിഡ് തുടങ്ങിയ കാലം. ലോക് ഡൗണ്‍. എല്ലാവരും വീടുകളില്‍ അകപ്പെട്ടിരിക്കുന്നു..

പലരുടേയും സര്‍ഗവാസനകള്‍ക്ക് പുതിയൊരു ഊര്‍ജ്ജം ലഭിച്ചു. ഇമോജികള്‍ക്ക് അവധി കൊടുത്ത് ശുഭദിനം, സുപ്രഭാതം ഒക്കെ സോഷ്യല്‍മീഡിയയില്‍ വാക്കുകളുടെ രൂപം പൂണ്ടു.

എവിടുന്നാണ് വാക്കുകള്‍ പിറവിയെടുത്തതെന്ന് അറിയില്ല. അടുത്ത പ്രഭാതത്തില്‍ ഞാന്‍ കുറിച്ചു.

“അലസ്സമായ മനസ്സിനെ
ഒന്നടുക്കിവെയ്ക്കാന്‍
കുത്തഴിഞ്ഞ ചിന്തകളെ
കോര്‍ത്തുവെച്ച് ഒരു ഹാരമാക്കി
ആത്മാവിനെ അണിയിക്കാന്‍
ഉള്ളിലുറങ്ങും ചേതോവഹജ്വാലയെ
ചുവപ്പിച്ചൊന്നാളി എരിയിക്കാന്‍
ആത്മബോധത്തിന്റെ കനലിന് കഴിയട്ടെ

ശുഭദിനത്തിന് ഒരു ശുഭചിന്ത. “

മനോജ്, സുന്ദരേശന്‍, ദിലീപ്, ബിബിന്‍. പ്രവീണ്‍ തുടങ്ങിയ അംഗങ്ങള്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു.

‘പ്രത്യാശയേകാം’ എന്ന പേരില്‍ ഒരു ആല്‍ബം ഇറക്കാന്‍ ഒത്തുചേര്‍ന്നവരാണ് സ്വരരാഗം ഗ്രൂപ്പിലുള്ളത്. രണ്ട് ഗായകര്‍, ഒരു കവി, ഒരു സംഗീത സംവിധായകന്‍, രണ്ട് ആസ്വാദകര്‍ ഇങ്ങിനെ വിരലിലെണ്ണാവുന്ന അംഗങ്ങള്‍.

കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന മുന്‍നിര പ്രതിരോധ സംഘാംഗങ്ങളെ അഭിനന്ദിച്ചുള്ള ഗാനമാണ് ആല്‍ബത്തില്‍, കവി മനോജ്, സംഗീതം പകര്‍ന്നത് പ്രവീണ്‍ സദ്ഗമയ, പാടിയവരില്‍ ലൈജു, ദിലീപ് എന്നിവരാണ് ഗ്രൂപ്പിലെ താരങ്ങള്‍..

വീഡിയോയ്ക്ക് ആവശ്യമായ ദൃശ്യങ്ങള്‍ ഒരുക്കിവെയ്ക്കാന്‍ നിയോഗിക്കപ്പെട്ടവനായി ഈയുള്ളവനും.

അങ്ങിനെ ആല്‍ബം ഇറങ്ങി, മഹാനടന്‍ മോഹന്‍ലാലിന്റെ ആശംസകളുമായി ഇറങ്ങിയ ആല്‍ബത്തിന്റെ വിജയത്തെ തുടര്‍ന്ന് പ്രൊഡക്ഷന്‍ നമ്പര്‍ 2 വിനായി എല്ലാവരും ശ്രമിക്കുന്നതിനായി ഗ്രൂപ്പ് തുടര്‍ന്നു.

അവിടെയാണ് എഴുത്തിന്റെ വേദന ആരംഭിച്ചത്. മാധ്യമ പ്രവര്‍ത്തകനാണെങ്കിലും സര്‍ഗാത്മകമായ എഴുത്തിലേക്ക് എത്തപ്പെട്ടിരുന്നില്ല..

കൂവിത്തെളിയണമെന്നല്ലേ… വെറുതേയിരുന്ന് എഴുതക തന്നെ.. രാവിലെ ഉറക്കമുണര്‍ന്നാല്‍ വാട്‌സ്ആപ് ഗദ്യ കവിതകള്‍ അറിയാതെ വരികയായി.

“ഒറ്റപ്പെട്ടുപോയ ഒരു രാപ്പാടിയുടെ
വനരോദനം ആരുകേള്‍ക്കാന്‍
ചില്ലകളില്‍ ചിറകുചാരിയുറങ്ങിയ
പകലുകളില്‍
കൂട്ടംതെറ്റിപ്പറന്നുപോയതിന്റെ
വേദന ബാക്കിയായി .

ഒരോ അസ്തമയവും
ഒരോ കാത്തിരിപ്പായിരുന്നു
രാവിന്റെ ഏകാന്തതയും ഇരുളും
ഭയന്ന് കരഞ്ഞതാണ്,
സംഗീതമായിരുന്നില്ല.
മനസ്സിന്റെ തീക്കുനയിലെ
വേവറിഞ്ഞ നിലവിളികളായിരുന്നു
ഏതോ നിലാവിനൊപ്പം
പാറിവരുന്ന ഇണപ്പക്ഷിയുടെ
ചൂടിനാണ് കൊതിച്ചത്
ചില്ലയിലെ ഇലച്ചാര്‍ത്തുകളാല്‍
മറയൊരുക്കി
നിലാവിലിണചേര്‍ന്ന രാവിനെപ്പോലെ
ചിറകുകളൊട്ടി, കൊക്കുരുമ്മി
ഒരൊറ്റപ്പക്ഷിയായി മാറാന്‍. “

സംഗീതസംവിധായകന്‍ പ്രവീണ്‍ ചോദിച്ചു -എവിടെ നിന്നും വരുന്നു ഇങ്ങിനെയെല്ലാം.. താമസിയാതെ അദ്ദേഹം അതിനൊരു സംഗീതാവിഷ്‌കാരം നല്‍കി. ലൈജു എന്ന ഗായകന്‍ അതുപാടി.

അലസമായ ദിനങ്ങളില്‍ പലതും കോറിയിട്ടു.

“ഹൃദയം കടലാകണം
സ്‌നേഹം അതില്‍ നിറയാന്‍

പക്ഷേ, പ്രണയം നിറയാന്‍
അതൊരു മഹാസാഗരമാകണം.. “

വാട്‌സാപില്‍ വാക്‌ധോരണികള്‍ പിറന്നുകൊണ്ടിരുന്നു.

ആരോ ഒരു പാട്ടുമൂളി.

“ആജ് ഭീ ഹെ മേരേ കദംമോഗി
നിശാന്‍ ആവാര
തേരി ഗലിയോം മേ ഭട്കതേ ഥേ
ജഹാം ആവാര”

ഇതിന്റെയര്‍ത്ഥം എന്താണെന്നായി മറ്റൊരാള്‍..

ഗസലുകള്‍ കേട്ട് ആസ്വദിക്കാനായി പണ്ട് ഉറുദു-മലയാളം ഡിക്ഷണറി വായിച്ച് പഠിച്ച ഓര്‍മയില്‍ അതിനൊരു പരിഭാഷ നല്‍കി..

“നിന്റെ വഴിയിടങ്ങളില്‍
അലഞ്ഞുതിരിഞ്ഞൊരെന്‍
പാദമുദ്രകള്‍ ഇന്നും അനാഥമാണ്

നിനക്കിതെന്തുപറ്റി
കാറ്റിലൊഴുകി
മറഞ്ഞുപോയൊരു
പുകച്ചുരുള്‍ പോലെ

ഞാന്‍ കോറിയിട്ട വരികള്‍
തിരിച്ചറിയപ്പെടാതെ
നഷ്ടമനാഥമായി

നിന്നെയെത്ര കൊതിച്ചു
സ്വന്തമാക്കാന്‍
എന്നെപ്പോലെയനാഥനായൊരുവന്
നീ സ്വന്തമാകില്ല.. “

പരിഭാഷ മോശമായിട്ടില്ലെന്ന് മറ്റുള്ളവര്‍ പറഞ്ഞു.

വയല്‍പ്പൂ എന്ന് പേരിട്ടൊരു കവിത വിരിഞ്ഞു.

“ഒരു വയല്‍പ്പൂവിനെന്തു വസന്തം,
കാറ്റൊന്നു തലോടിയപ്പോളാടിയ
ഇതളുകള്‍,
പൊരിവെയിലേറ്റ് വാടിവീണപ്പോള്‍
ചെളിയാണ് വാരിപ്പുണര്‍ന്നത്
നിന്റെ ഗന്ധം എന്റേതെന്ന്
പറഞ്ഞായിരുന്നു
ഗാഢമൊരാലിംഗനം തന്നത്

അകലെ നിന്നുമാത്രം
എന്നെ കണ്ട് ആസ്വദിച്ചവര്‍
കാലില്‍ വയലിലെ
ചെളിപുരളുമെന്നതിനാല്‍
പിച്ചിച്ചീന്താതെ വെറുതെ നോക്കിനിന്നു

വയല്‍പ്പൂവിന്റെയഴക്
ഈ ചേറിനുമാത്രം
അവകാശപ്പെട്ടതാണ്
പ്രണയം പൊതിഞ്ഞ
ഇതളുകളെ തലോടി
ചേറുപറഞ്ഞു
നീയൊരാമ്പല്‍
ഞാന്‍ നിന്‍ തിങ്കള്‍ക്കല.. “

അത് വായിച്ചു ദിലീപ് പറഞ്ഞു.
“കവിയും, കാമുകനും, ഭ്രാന്തനും ഒരു പോലെയാണെന്ന് ആരോ പറഞ്ഞതോര്‍ക്കുന്നു. “

“ഇതെല്ലാം കൂടി ഒരുവനായാല്‍ എന്താകും കഥയെന്ന്” മറ്റൊരു കമന്റ്.

കൂട്ടത്തിലെ കവിയായ മനോജാണ് പറഞ്ഞത്. നിങ്ങള്‍ക്ക് എഴുത്ത് വഴങ്ങും. കാര്യമായി കവിതയെഴുതു.
കഥ എഴുതു. എഴുതാതിരിക്കുന്നത് നിങ്ങളുടെ സര്‍ഗവാസനകളോടുള്ള അനീതിയാണെന്ന്..

“കവിഭാവനയുടെ സൗകുമാര്യം പരത്തുന്ന പൂവ് വിടര്‍ന്നത് ജനിതക ബീജകോശങ്ങളിലൂടെ തലമുറകള്‍ക്ക് മുന്‍പേയാണ്. ഇനിയും വിരിയാത്ത സൗഗന്ധികപ്പൂവുകള്‍ ഞങ്ങളുടെ സഹയാത്രികന്റെ മനസ്സില്‍ വിരിഞ്ഞെങ്കില്‍ ഇതുവരെ ആസ്വദിക്കാത്ത പ്രണയഗന്ധങ്ങള്‍ നമുക്കായി പരത്തുവാന്‍ ഈ സഖാവിന്റെ മനസ്സിനായിരുന്നെങ്കില്‍, ആത്മാര്‍ത്ഥമായ അപേക്ഷയും ആഗ്രഹവുമാണ് … പ്രതീക്ഷയുണ്ട്. ” മനോജ് കുറിച്ചു.

അങ്ങിനെ എഴുതാന്‍ തോന്നുകയും എഴുതുകയും ചെയ്തു.

“നിനക്കൊപ്പം
ഈ പുഴയ്ക്കരുകില്‍
നിലാവ് കായാന്‍
കൊതിയാണെനിക്ക്
നിന്നെ തിരഞ്ഞ് തിരഞ്ഞ് ഞാന്‍
എപ്പോഴോ
എന്നെ മറന്നു.
ഇപ്പോള്‍
ഞാന്‍ എന്നെത്തന്നെ തിരയുകയാണ്.

മഴ പുഴയുടെ ഉടലിനോട്
ചേരുന്ന നിമിഷം
അവളുടെ അഴകളവുകളുടെ
വടിവുകളില്‍ തലോടുമ്പോള്‍
നിലാവ്
ഒരു നീല ഉടയാട
ചാര്‍ത്തുന്ന ചടങ്ങുണ്ട്,
കാണേണ്ടതു തന്നെ

അതിന്, ഈ പുഴക്കരയില്‍
പൂവുകളുടെ
ചുംബനം തേടിയലയുന്ന
കാറ്റിനൊപ്പം
ഇത്തിരി നേരം ഇരിക്കണം.
ആ കാഴ്ചകള്‍ക്ക്
നമ്മുക്കൊരുമിച്ച്
സാക്ഷികളാകാം.
അതിനാണ് ഞാന്‍
നിന്നേയും ഒപ്പം എന്നേയും
തിരയുന്നത്. “

എഴുത്തിന് ഒരു അടക്കവും ഒതുക്കവും ഒക്കെ വരുന്നുണ്ടെന്ന് പറഞ്ഞ് മറ്റുള്ളവര്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

അങ്ങിനെ വേനല്‍ക്കാലം വന്നു. കോവിഡും ലോക്ഡൗണും വേനലും..

“ഈ തീവെയിലിനെ
എനിക്കേറേയിഷ്ടമാണ്,നിന്റെ തീക്ഷ്ണ സ്‌നേഹം
ചൊരിഞ്ഞ ഓര്‍മ്മകളുടെ
പൊള്ളലുകളാണ്
ഈ വെയിലാകെയും
നിനക്കു വേണ്ടി,
ഈ വേനല്‍ക്കാലത്ത്
പൂക്കാന്‍
ഞാന്‍, ചുവന്നുതുടുത്തൊരു
വാകപ്പൂമരമായി മാറാം”

ഇങ്ങിനെയൊക്കെ എഴുതി വിടുന്നത് ഏതെങ്കിലും സുന്ദരിക്ക് അയച്ചാലോയെന്ന് എനിക്കു തോന്നി..

പഴയൊരു ക്ലാസ്‌മേറ്റിന് സാംപിളയച്ചു

മറുപടി വന്നു.

“മച്ചു, ഇവിടെ പൊരിഞ്ഞ മഴയാ,
പറ്റുമെങ്കില്‍ നീ ഒരു വാഴപ്പിണ്ടിയുമായി വാ.

നമ്മുക്ക് അതില്‍ കയറിയിരുന്ന്
അരയന്നക്കിളിച്ചുണ്ടന്‍ തോണി… എന്ന
വടക്കന്‍ പാട്ട് പാടി ചങ്ങാടം തുഴഞ്ഞ് കളിക്കാ”-മെന്ന് …

പ്രവാസിക്ക് പ്രണയിക്കാന്‍ പോലും പ്രയാസമാണെന്ന് അന്ന് തിരിച്ചറിഞ്ഞു. പ്രവാസഭൂമിയില്‍ തീവെയിലാകുമ്പോള്‍ നാട്ടില്‍ ഇടവപ്പാതി തിമിര്‍ത്ത് പെയ്യുകയാണ്.

പാട്ടിലേക്കെത്താന്‍ അധിക ദൂരമുണ്ടായിരുന്നില്ല. ‘മനസ്സിലൊരു മിഥുനമഴ’ എന്ന മഴപ്പാട്ട് ജനിച്ചു.

ആല്‍ബമായി പുറത്തിറങ്ങി. പിന്നേയും ചില ആല്‍ബങ്ങള്‍.

കോവിഡ് മഹാമാരിയുടെ തീവ്രത കുറഞ്ഞു വന്നിരുന്നു. നിയന്ത്രണങ്ങളോടെ ലോകത്തിന്റെ വീഥികള്‍ തുറന്നു. മുഖാവരണങ്ങളുമായി മനുഷ്യന്‍ നിരത്തിലിറങ്ങി.

ആ രാത്രികളില്‍ കഥകളെഴുതി.. ഇടവേളകളില്‍ അത് തുടര്‍ന്നു. ഒരു സമാഹാരത്തിന്റെ വഴിതുറന്നു.

ഒരു പ്രവാസിയുടെ എഴുത്താരംഭം ഇങ്ങിനെയൊക്കെയായി.