സിൻ – ഹരിത സാവിത്രി
അധികാരവുമായി ബന്ധപ്പെട്ട ബലിഭയം നോവലുകൾക്കെന്നും ഇഷ്ടവിഷയമാണ് . വിധിയും പ്രകൃത്യതീത ശക്തികളും മതവും മനുഷ്യാവസ്ഥയുടെ ഭീകരതയും ഫാസിസ്റ്റ് ഭരണകൂടങ്ങളും ജീവിതത്തിൽ അദൃശ്യ സാന്നിധ്യമായി നിലനിൽക്കുന്ന അധികാരബിംബങ്ങളാണ്. ഓർവെലിൻ്റെ 1984 ൽ എല്ലാറ്റിനെയും അദൃശ്യമായി വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വല്യേട്ടനുണ്ട്. അധികാരത്തിൻ്റെ ആ പിതൃസ്വരൂപത്തെ ഭയക്കുന്ന മനുഷ്യർ ഡിസ്റ്റോപ്യയിലാണ് ജീവിക്കുന്നത്. ജനങ്ങളെ മസ്തിഷ്കപ്രക്ഷാളനം നടത്തി അവരുടെ സ്വതന്ത്രചിന്തയെ അത് പരിമിതപ്പെടുത്തുന്നു. നിലനിൽക്കുന്ന ഭരണസംവിധാനത്തിനെതിരെ ചിന്തിക്കുന്നത് പോലും രാജ്യദ്രോഹക്കുറ്റമായി കണക്കാക്കുന്നു. ഏതുനിമിഷവും പൊട്ടിച്ചിതറിപ്പോയേക്കാം എന്ന ഭയം ഓരോരുത്തരിലും ജനിപ്പിക്കുന്നു. ഇതേ അവസ്ഥ തന്നെയാണ് ഹരിത സാവിത്രിയുടെ ‘സിൻ ‘ എന്ന നോവലിൽ ഓരോ കുർദും അനുഭവിക്കുന്നത്. തിമൂറിനൊപ്പം ദേവ്റാനെ തിരഞ്ഞു യാത്രയാരംഭിക്കുന്ന സീതയുടെ ഓരോ ചുവടുവയ്പ്പിനൊപ്പവും വായനക്കാരൻ ആ ഭയത്തിലാണ് ജീവിക്കുന്നത്. നോവലിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ ഒരേ ഫ്രീക്വൻസിയിൽ ആ ഭയം നിലനിർത്താനും കഴിയുന്നുണ്ട്.
ചരിത്രം സംഭവബഹുലമാണ് . അടിമത്തവും അധീശത്വവും ആനന്ദവും നിരാനന്ദവും ആസക്തിയും വിരക്തിയും സഹിഷ്ണുതയും അസഹിഷ്ണുതയുമുൾപ്പെടെ ജീവിതത്തിൻ്റെ സമസ്തഭാവങ്ങളുടേയും ആവിഷ്കാരങ്ങൾ അതിലുണ്ടാവും. ആ ബാഹുല്യത്തിൽ നിന്ന് എഴുത്തിൻ്റെ അനുഭവപരിസരവുമായി ബന്ധപ്പെടുന്നതോ ബന്ധപ്പെടുത്തിയെടുക്കാൻ കഴിയുന്നതോ ആയ ചരിത്ര വ്യവഹാരങ്ങളെ ക്രമീകൃതമായി കഥാപാത്രങ്ങളിലൂടെ ഭാവനാലോകത്ത് ആവിഷ്കരിക്കുമ്പോൾ അത് ഫിക്ഷൻ്റെ സ്വഭാവം കാണിക്കുന്നു. മനുഷ്യജീവിതദൈന്യങ്ങളാൽ വാക്കുകളിൽ ചോരമണം പരക്കുന്നു. ചരിത്രത്തിൽ നിന്നത് വർത്തമാനകാലത്തിലേക്ക് സംക്രമിക്കുമ്പോൾ ചോരച്ചുവപ്പിൽ തല കറങ്ങുകയും ഉണങ്ങിപ്പിടിച്ച മരണപ്പശയിൽ മനസ്സ് ഒട്ടിപ്പോവുകയും ചെയ്യുന്നു. ഭരണകൂടങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയുടെ ചുടലക്കളങ്ങളിൽ സിൻ വായനക്കാരനെ തളച്ചിടുന്നത് അതുകൊണ്ടാണ്.
നോവലെഴുത്തിൻ്റെ പതിവുശീലങ്ങളെയും സമ്പ്രദായങ്ങളെയും നിരസിക്കാതെ, ഒരു പ്രത്യേകവംശത്തിൽ പിറന്നുപോയതിൻ്റെ പേരിൽ ഒരു ജനത അനുഭവിക്കുന്ന കൊടിയപീഡനത്തിൻ്റെ കഥയാണ് കഥാകാരി പറയുന്നത്. ജീവിതത്തിലോ സാഹിത്യത്തിലോ സിനിമയിലോ മലയാളിക്കത്ര പരിചിതമല്ലാത്ത കുർദുകളുടെ ഇടം അതിനായി തിരഞ്ഞെടുത്തിരിക്കുന്നു. വിദൂരനഗരങ്ങളെയും ജീവിതങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് ബഹുകർത്തൃസ്ഥാനങ്ങളിൽ നിന്ന് സ്വയം ഒരു ലോകമായി രൂപാന്തരപ്പെടുന്ന ഫിക്ഷനെഴുത്തിൻ്റെ തന്ത്രം കഥാകാരി ഇതിൽ ഫലപ്രദമായി പ്രയോഗിച്ചിരിക്കുന്നു. ആധുനികസമൂഹത്തിൽ ഉണ്ടെന്നവകാശപ്പെടുന്ന എല്ലാ പൊങ്ങച്ചങ്ങളേയും ചോദ്യം ചെയ്യാൻ നോവൽ പ്രേരിപ്പിക്കുന്നു. ഒരു പ്രത്യേക സോഷ്യൽഗ്രൂപ്പിൻ്റെ അനുഭവപാഠങ്ങളാണ് ആവിഷ്കരിക്കുന്നതെങ്കിലും വായനക്കാരനിൽ അത് സമകാലഅനുഭവങ്ങളാൽ രൂപപ്പെടുന്ന വൈകാരികലോകമായി മാറുന്നു. സ്നേഹവും കോപവും പോലെ ഒരു ജനതയുടെ വികാരമായി ഫാസിസവും മാറുമ്പോൾ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മറുപക്ഷത്തെ മനുഷ്യർ ഇന്ന് എല്ലാ നാട്ടിലുമുണ്ട് .അങ്ങനെ ചിന്തിച്ചാൽ ഇത് കുർദുകളുടെ മാത്രം കഥയല്ല. വർഗീയഭരണകൂടങ്ങൾ വംശഹത്യ ചെയ്യാൻ ശ്രമിക്കുന്ന ഓരോ മനുഷ്യനും വേണ്ടിയാണ് ഈ നോവൽ സംസാരിക്കുന്നത് .
ലോകത്തിലെ ഏറ്റവും വലിയ രാജ്യരഹിതവംശീയവിഭാഗമാണ് കുർദുകൾ. 1923 ൽ തുർക്കി റിപ്പബ്ലിക്ക് സ്ഥാപിതമായതിനു ശേഷവും കുർദുകൂട്ടക്കൊലകൾ നടക്കുന്നുണ്ട്. കുർദുകളുടെ നാട് എന്നർത്ഥം വരുന്ന പദമാണ് കുർദിസ്ഥാൻ. തുർക്കിക്കും സിറിയയ്ക്കും ഇറാനും ഇറാക്കിനും ഇടയിലാണ് കുർദിസ്ഥാൻ എന്ന സങ്കല്പരാജ്യത്തിൻ്റെ സ്ഥാനം. ജന്മംകൊണ്ടുതന്നെ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നവരാണ് കുർദുകൾ. തമ്മിൽ ചേർന്നു കിടക്കുന്ന സിറിയയുടെയും ടർക്കിയുടെയും അതിർത്തി പ്രദേശത്തും അർമേനിയയിലുമാണ് കുർദുകൾ ഏറെയും ജീവിക്കുന്നത്. ജീവിക്കുന്ന രാജ്യങ്ങളിലൊക്കെ ഇവർ ന്യൂനപക്ഷമാണ്.
നാലുപാടുനിന്നും അക്രമം ഉണ്ടാവുമ്പോൾ ജീവനും കയ്യിലെടുത്തോടുന്ന ഇവർ സത്യത്തിൽ അഭയാർഥികളല്ല .കുർദുകൾ ക്കിടയിൽ ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉൾപ്പെടെ ധാരാളം മതവിശ്വാസികളുണ്ടെങ്കിലും ഭൂരിപക്ഷവും ഇസ്ലാമികളാണ്. മതമല്ല അവരെ ചേർത്തു നിർത്തുന്നത് :മണ്ണാണ്. ഭാഷയും സംസ്കാരവുമാണ്. കാലാകാലങ്ങളിൽ അധീശത്വമുണ്ടായിരുന്ന ഓരോ ഭരണകൂടവും കുർദ്ദുകളെ ഒളിഞ്ഞും തെളിഞ്ഞും കൂട്ടക്കൊല ചെയ്യുകയായിരുന്നു. റിപ്പബ്ലിക്ക് ഓഫ് ടർക്കി നിലവിൽ വന്നതിനു ശേഷം ടർക്കിയും പിന്നീട് സദ്ദാം ഹുസൈനും അവരെ കശാപ്പ് ചെയ്തു.യു.എസിനെ സഹായിച്ചെന്ന് പറഞ്ഞ് സിറിയയും ഐ.എസും കുർദ് കൂട്ടക്കൊലകൾ തുടർന്നു. ഇറ്റുവീഴുന്ന രക്തം ഇടയ്ക്കു നിന്ന് യു.എസ് ആസ്വദിച്ചുകുടിച്ചു.
ടർക്കി ഭരണകൂടത്തിനാവശ്യമായ വിളവ് സൃഷ്ടിച്ചെടുക്കാനുള്ള നിലമൊരുക്കലായിരുന്നു അവിടെ നടന്ന ഓരോ കലാപവും . കുർദ് പോരാളികളും ടർക്കിസൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ 2015 ൽ ഏറെ ശക്തമായി. ആ കാലത്തെ ദീർഘയാതനകളുടെ കുർദ് ചരിത്രമാണ് ഹരിത സാവിത്രിയുടെ ഈ നോവൽ. രാഷ്ട്രനേതാക്കന്മാർ സ്വന്തം താൽപര്യങ്ങൾക്കുവേണ്ടി ഭൂപടങ്ങളിൽ വരച്ചുണ്ടാക്കുന്ന അതിർത്തികളും കെട്ടിപ്പൊക്കുന്ന മതിലുകളും ഒരേ രക്തത്തിൻ്റെ ഒരേ മണ്ണിലെ ഒരേ അവകാശത്തെ ഇല്ലാതാക്കുന്നതാണ് ഇതിലെ ജീവിതം. സിറിയയിലെ അഫ്രിനിൽ ടർക്കി നടത്തുന്ന അതിക്രമത്തിനെതിരെ ബാഴ്സലോണയിലെ ടർക്കിഷ് എംബസിയുടെ മുന്നിൽ നടന്ന സമരത്തിൽ കണ്ടുമുട്ടിയ ലെലാനിൽ നിന്നാണ് കഥാകാരിയുടെ മനസിൽ ഒരു ഭരണകൂടത്തിൻ്റെ പാപങ്ങളുടെ കഥ ആരംഭിക്കുന്നത്.
കുർദ് വംശത്തെത്തന്നെ ഇല്ലാതാക്കാനുള്ള ടർക്കി ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ ശ്രമത്തിനിടയിൽ തനിക്ക് നഷ്ടമായ ദേവ്റാനെ തിരഞ്ഞിറങ്ങുന്ന സീതയിലാണ് നോവൽ ആരംഭിക്കുന്നത്. സൈനികനടപടിയുടെ ബാക്കിപത്രമായി ചെത്തി മാറ്റപ്പെട്ട ശരീരഭാഗങ്ങൾ പോലെ വികലമാക്കപ്പെട്ട ടർക്കിയിലെ പട്ടണങ്ങളിലൂടെയാണ് നോവലിൻ്റെ തുടർച്ച. ദിയർബക്കർ
സൂർ ,ജിസ്റെ, ചിച്ന, സിൽവി, ബെയ്ക്കോസ് എന്നിങ്ങനെ ആ നിര തുടരുന്നു. കുത്തിനിറച്ച സങ്കടങ്ങളുടെ മാറാപ്പു ചുമന്ന് അകാലവാർദ്ധക്യം ബാധിച്ച മനുഷ്യരാണ് അവിടുള്ളത്. ഭയം നിറഞ്ഞ മനസിൽ മൗനത്തെ നിശബ്ദതയാക്കി പരിഭാഷപ്പെടുത്തുന്ന ഒരു ജനത. അവിടെ പോകരുത് ,അങ്ങനെ ചെയ്യരുത്, അവരോട് മിണ്ടരുത്, ഫോട്ടോ എടുക്കരുത്, കൂട്ടം കൂടരുത്, ഉറച്ചു സംസാരിക്കരുത്,
വിരൽ ചൂണ്ടരുത് ഇങ്ങനെ അരുതുകളുടെ ശൃംഖലയിൽ സ്വയം കണ്ണിചേരുന്ന മനുഷ്യർ.
സംശയം പുകയുന്ന കണ്ണുകളുമായി വഴിയരികിൽ അവിടവിടെയായി കിടക്കുന്ന പോലീസ് വാഹനങ്ങൾ. ചിരി മറന്നുപോയവർ ഒന്നിച്ചു താമസിക്കുന്ന ഇടം. എല്ലാത്തിനും നിശബ്ദസാക്ഷിയായി ആകാശനീലിമയെ ഹൃദയത്തിലാവാഹിച്ച ടൈഗ്രിസ് . ഇന്ത്യക്കാരിയായ സീതയുടെ ഇന്ദ്രിയങ്ങളിലൂടെയാണ് വായനക്കാരൻ തുർക്കിയെ അറിഞ്ഞു തുടങ്ങുന്നത് . ഇൻ്റലിജൻസിൻ്റെ അറിവില്ലാതെ ശ്വസിക്കാൻ പോലും കഴിയാത്ത ജീവിതത്തിൻ്റെ ഇത്തരം കൊടും വളവുകൾ മലയാളിക്ക് തീർത്തും അപരിചിതമാണല്ലോ .
ബാഴ്സലോണയിലെ യൂറോപ്യൻ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്ന ഇന്ത്യക്കാരിയാണ് സീത .അതേ യൂണിവേഴ്സിറ്റിയിൽ ഇൻ്റർനാഷണൽ പൊളിറ്റിക്സ് പഠിക്കുന്നവളാണ് അർമാൻ്റെയും ദേവ്റാൻ്റെയും സഹോദരിയായ ഗുൽ. ടർക്കിയുടെ രാഷ്ട്രീയ നയങ്ങളോട് തനിക്കുള്ള അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാൻ കിട്ടുന്ന ഒരവസരവും അവൾ പാഴാക്കില്ല. സീതയോടൊപ്പം പ്രൊഫസർ എൻ്റിക്കിൻ്റെ കീഴിൽ ബാഴ്സലോണ യൂണിവേഴ്സിറ്റിയിൽ ഗവേഷണം ചെയ്യുകയായിരുന്നു തിമൂർ. തിമൂർ കൊപ്രുലു എന്നാണ് മുഴുവൻ പേര്. പേരിലെ കൊപ്രുലു എന്ന വാലും ടർക്കിയിലെ മന്ത്രിയായ കാസിമിൻ്റെ സഹോദരൻ ബഹാദിറിൻ്റെ മകൻ എന്ന പരിഗണനയും നൽകുന്ന ചില വഴുക്കലുകളിലാണ് നോവലിൻ്റെ ആദ്യഭാഗത്ത് തിമൂറിൻ്റെ ജീവിതം.
രാഷ്ട്രീയത്തിൽ സജീവമല്ലാത്ത കുർദ്കുടുംബമായിരുന്നു ദേവ്റാൻ്റേത്. എന്നാൽ കുർദുകൾക്കെതിരെയുള്ള തുർക്കിയുടെ നയങ്ങളിൽ ദേവ്റാൻ പരസ്യമായി പ്രതികരിച്ചിരുന്നു. പ്രകടനങ്ങളിലും യോഗങ്ങളിലും പങ്കെടുത്തിരുന്നു. പട്ടാളത്തിൻ്റെ ഭീകരകരങ്ങളിൽ നിന്ന് രക്ഷിക്കാനാണ് ഗുല്ലിനൊപ്പം അവനെ ചിച്നയിലേക്കയച്ചത്. സഹോദരിക്കൊപ്പം ബാഴ്സലോണയിൽ താമസിക്കുന്ന സീത അങ്ങനെയാണ് ദേവ്റാൻ്റേതാകുന്നത്. വേട്ടനായ്ക്കളുടെ മുന്നിൽ കെട്ടിയിടപ്പെട്ട ആട്ടിൻ കുട്ടികളാകാതിരിക്കാൻ ദേവ്റാനും ഗുല്ലും നാടുവിടുന്നു. ദേവ്റാനിലേക്കെത്താതെ തനിക്ക് ജീവിക്കാനാവില്ലയെന്ന തിരിച്ചറിവിൽ ഗർഭിണിയായ സീത അവനെ അന്വേഷിച്ചിറങ്ങുന്നു. സീതയുടെ ജീവിതത്തിൻ്റെ ദുരന്തപർവ്വം അവിടെ തുടങ്ങുന്നു. പ്രണയത്തിൻ്റെ വൈകാരികതയും എത്ര മുങ്ങിയാലും മതിയാവാത്ത സ്നേഹത്തിൻ്റെ തിരത്തള്ളലും ആത്മാഭിമാനത്തിൻ്റെ അന്തസ്സും എടുക്കുന്ന നിലപാടുകളിൽ ഉറച്ചു നിൽക്കാനുള്ള സ്ഥൈര്യവും സമം ചേരുന്ന കുറെ മനുഷ്യരിലൂടെ ആ ദുരിതപർവ്വം താണ്ടാൻ വായനക്കാരനു കഴിയുന്നു. തൻ്റെ ആകാശത്തിനുമേൽ പതിക്കുന്ന വർഗീയതയുടെ ഷെല്ലുകളെ തിരിച്ചറിയാനാവുന്നു. വായന കൊണ്ട് അതിനു മുൻപില്ലാത്തവിധം ഒരു ജാഗ്രത ഉത്പാദിപ്പിക്കാനാവുന്നു എന്നത് നിസ്സാരകാര്യമല്ല.
ഉണങ്ങിയ ആപ്രിക്കോട്ട് പഴങ്ങളും ഇരുണ്ട വയലറ്റ് നിറത്തിൽ കൊഴുത്തുമുറ്റിയ ചെറിപ്പഴങ്ങളും നിരത്തി വച്ചിരിക്കുന്ന കാപ്പി മണമുള്ള സൂർ തെരുവുകൾ നോവലിൻ്റെ തുടക്കത്തിൽ ഹൃദ്യമായ വായനാനുഭവം പകർന്നു തരുന്നു. സ്ത്രീകളും കുട്ടികളുമാണ് വഴിയോരക്കച്ചവടക്കാരിൽ ഏറെയും. മൊരിഞ്ഞ കാപ്പിക്കുരു ഇടിച്ചുപൊടിച്ചെടുക്കാനായി വഴിയരികിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രഉരലുകളുടെ താളം അറിയാത്ത നാടിനോടുള്ള അപരിചിതത്വം നൽകുന്ന അഭിനിവേശത്തിലേക്ക് വായനയെ നയിക്കുന്നു. അപ്പോൾ സീതയറിയുന്ന അമ്മയുടെ മണം കേരളത്തിൻ്റെ മലയോരമണം കൂടിയാണ്. മനസ്സിൽ സൂക്ഷിക്കുന്ന എത്ര അമ്മമണങ്ങളിലാണ് ഓരോ മലയാളിയും ദേശാന്തരങ്ങളിൽ ജീവിക്കുന്നത്.
പകർന്നുകിട്ടിയ പ്രണയത്തിൽ സ്വയം തുടുത്തു ജീവിക്കുന്ന പെണ്ണായാണ് നോവലിൻ്റെ തുടക്കത്തിൽ സീതയെ നാം കാണുന്നത് . തിമൂറിനൊപ്പം ദേവ്റാനെ അന്വേഷിച്ചലയുന്ന സൂറിൽ പ്രണയം കൊണ്ടവൾ ഭീതിയെ മറി കടക്കുന്നു. അന്യമതക്കാരനെ പ്രണയിച്ച് ഗർഭിണിയായ അവളെ നാട്ടിലുള്ള കുടുംബം ഉപേക്ഷിച്ചതാണ്. താൻ കയറുന്ന ഓരോ പടവിനപ്പുറത്തും കുസൃതിപൂക്കുന്ന കണ്ണുകളുമായി ഒളിച്ചിരിക്കുന്ന ദേവ്റാനെയാണ് അവൾ സ്വപ്നംകാണുന്നത്. പ്രണയമധുരമിനിക്കുന്ന ആ സമാഗത്തിൽ പങ്കു ചേരാനായി ഭാഷയും അവിടെ സുന്ദരിയാവുന്നു. തിരഞ്ഞുചെന്ന ഭൂമിയുടെ ആശങ്കകളിലേക്കും നിഗൂഢതകളിലേക്കും അവൾ കൂപ്പുകുത്തുന്നത് വളരെപെട്ടെന്നാണ്. ചിതറിത്തെറിച്ച കെട്ടിടാവശിഷ്ടങ്ങൾക്കപ്പുറം തണുത്തു നരച്ച ഭൂമിയുടെ നിർവികാരത അക്ഷരങ്ങൾ സംക്രമിപ്പിക്കുന്നു. തിരഞ്ഞുവന്ന പോലീസിൽനിന്നും രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ പൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ മടങ്ങിയ കൈവിരലുകളുടെ എല്ലിൻകഷണങ്ങൾക്കിടയിൽ സീത കുടുങ്ങുന്നു. സീതയോടൊപ്പം വായനക്കാരനും ഒരു നിമിഷം അലറി വിളിക്കുന്നു. പണ്ട് മണ്ണിലുണ്ടായിരുന്ന പ്രണയജീവിതങ്ങൾ ജീർണ്ണിച്ചടർന്നുമാറി അവശേഷിക്കുന്ന അസ്ഥിക്കൂനകളാണല്ലോ ഇപ്പോഴുള്ള കലാപഭൂമികൾ .സീതയെത്തേടിയുള്ള തിമൂറിൻ്റെ തിരച്ചിലിനിടയിൽ കൂർത്ത കെട്ടിടാവശിഷ്ടങ്ങളിലെ പഴന്തുണിക്കൂമ്പാരത്തിനിടയിൽ ഉറങ്ങിക്കിടക്കുന്ന അഭയാർത്ഥിനഗരത്തിൻ്റെ എല്ലാ ദൈന്യവും സൂറിൽ അനുഭവിക്കാനാവുന്നു. യുനസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റായിരുന്നു കുർദുകൾ തിങ്ങിപ്പാർത്തിരുന്ന സൂർ. ടർക്കികൾ അവരുടെ രാഷ്ട്രീയനേട്ടത്തിനായി കുർദുകളെ പുഴുക്കളെപ്പോലെ കൊന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടങ്ങൾ ഇടിച്ചു നിരത്തി. നാടിൻ്റെ ചരിത്രം കീഴ്മേൽ മറിച്ചാൽ വേരുകൾ നഷ്ടമായി ഒരു ജനത അപ്രത്യക്ഷമാകുമെന്ന് അവർ ധരിക്കുന്നു.
ദേവ്റാനിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു അർമാൻ. കുർദുപാട്ടുകൾ തിരഞ്ഞുപിടിച്ച് ഈണമിട്ടു പാടിനടക്കുകയായിരുന്നു ഇഷ്ടവിനോദം. ഫ്ലാറ്റിലെ ജനാലയ്ക്കടുത്തിരുന്ന് സാസ് വായിക്കാറുള്ള അവൻ്റെ മാന്ത്രികശബ്ദത്തിന് ആരാധകരേറെയായിരുന്നു. ടർക്കിഭരണകൂടത്തിനെതിര നിരന്തരം പ്രതിഷേധിച്ചു കൊണ്ടിരുന്ന ദിൽവയിൽ അവൻ്റെ മനസ്സുടക്കുന്നത് അക്കാലത്താണ്. ജിസ്റയിലെ കലാപത്തിൽ ദിൽവയുൾപ്പെടെ ഒരു പറ്റം സ്ത്രീകളെ ടർക്കിഷ്പട്ടാളക്കാർ ബലാൽക്കാരം ചെയ്ത് നിലവറയിലിട്ട് പെട്രോളൊഴിച്ച് ജീവനോടെ ചുട്ടുകൊന്നതിൻ്റെ പൊള്ളലിൽ അർമാൻ അവളുടെ പോരാട്ടം ഏറ്റെടുത്തു. പോലീസിനെ ആക്രമിക്കുകയും ബോംബെറിയുകയും തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമാവുകയും ചെയ്തു . സീത ദേവ്റാനെ തിരഞ്ഞിറങ്ങുന്ന സമയത്ത് അർമാൻ YPG യുടെ റജിമെൻ്റിൽ പ്രവർത്തിക്കുകയായിരുന്നു. കുർദിസ്താൻ വർക്കേഴ്സ് പാർട്ടി ഒരു ഭീകരസംഘടനയല്ല പ്രതിരോധവും ജീവിതവും ഒന്നാകുന്നവർക്കെതിരെ പ്രതിരോധിക്കാൻ അവകാശമില്ലെന്ന് കരുതുന്നവർ അതിനെ ഭീകരസംഘടനയാക്കുകയാണ് ചെയ്യുന്നത്.
തീ നക്കിത്തുടച്ച കറുത്ത വീടുകൾ, ഇടയ്ക്കിടെ കേൾക്കുന്ന സ്ഫോടന ശബ്ദം, ചുറ്റിത്തിരിയുന്ന സേർച്ച് ലൈറ്റുകൾ, ഇരമ്പിപ്പായുന്ന പട്ടാളവാഹനങ്ങൾ, അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളിൽ നിന്നുയരുന്ന മരണത്തിൻ്റെ ജീർണ്ണിച്ച ഗന്ധം ഇവയിലൂടെ വംശീയ ഭരണകൂടത്തിൻ്റെ കോമ്പല്ലുകൾ വായനക്കാരൻ്റെ ധിഷണയെയും ഹൃദയത്തെയും വലിച്ചു കീറുന്നു. മനുഷ്യശരീരത്തെ ചൂണ്ടയിൽ കൊളുത്തി അടുത്തയിരയെ പിടിക്കുന്ന ടർക്കിഷ് പട്ടാളക്കാരുടെ ക്രൗര്യം അവരുടേത് മാത്രമല്ല. ആഭ്യന്തര കലാപത്തിൻ്റെയും തീവ്രമായ വർഗ്ഗവർണ്ണവംശീയതയുടെയും പേരിൽ യുദ്ധമുഖത്തുള്ള ഓരോരുത്തരുടെയും ആണ്. വെടിയേറ്റുവീണ സ്ത്രീശരീരം ചോരയൊലിപ്പിച്ച് റോഡിൽ ആറ് മണിക്കൂറോളം കിടന്നാണ് ചത്തത്. തുടർന്ന് ഏഴു ദിവസം കിടന്നു ചീഞ്ഞു . ഭക്ഷണപ്പൊതിക്ക് കൈ നീട്ടുന്ന അഭയാർത്ഥിക്യാമ്പിലെ കുഞ്ഞുങ്ങൾക്ക് നേരെ ബോംബെറിയുന്ന സമകാലത്ത് യുദ്ധമുഖത്തെ മനുഷ്യഭീകരതയും ഇരയുടെ ദൈന്യവും ഇതിലേറെ എങ്ങനെ ആവിഷ്കരിക്കാനാണ്? യുക്രൈനിലും ഗാസയിലും കാശ്മീരിലും ശ്രീലങ്കയിലും സംഭവിക്കുന്നത് ഇതുതന്നെയല്ലേ? ഐലാൻ കുർദിമാർ ഓർമ്മയിൽ തീയായി പെയ്യുമ്പോഴും എവിടെയും പ്രതീക്ഷകൾ നശിക്കുന്നില്ല. സൂര്യൻ ഉദിക്കാതിരിക്കുന്നില്ല. നോവലിലെ സീതയുടെ ജീവിതവും അതാണ് കാണിച്ചു തരുന്നത്.
മരണഭയമില്ലാത്തവർ
എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ, ഒരു പക്ഷേ ആ ചോദ്യം പോലും പ്രസക്തമല്ലാതെ ഒരാൾക്ക് മറ്റൊരാൾക്കു വേണ്ടി ജീവിക്കാൻ കഴിയുന്നെങ്കിൽ അതാണ് സൗഹൃദം. ദേവ്റാനെ അന്വേഷിച്ചിറങ്ങിയ സീതയുടെ പൊള്ളുന്ന വഴികളിൽ സ്വയമൊരു തണൽമരമായി മാറുന്ന തിമൂർ അത്തരത്തിലുള്ള മനുഷ്യനാണ്. മുസ്തഫയുടെ ദിയർബക്കർ ഹോട്ടലിൽ നിന്നും തിമൂറിനൊരു കുറിപ്പെഴുതി വെച്ച് ദേവ്റാനെ അന്വേഷിച്ചിറങ്ങിയ ഗർഭിണിയായ സീത ടർക്കി പട്ടാളത്തിൻ്റെ കയ്യിൽ അകപ്പെടുകയും അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുന്നു. മരണാസന്നയായി, ഗർഭം അലസി ബെയ്ക്കോസ് സ്റ്റേറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കപ്പെടുന്നു. സീതയുടെ യാത്രയ്ക്ക് സാക്ഷികളായിരുന്ന തിമൂറും മുസ്തഫയും ഒളിവിൽ പോകാൻ വക്കീലായ ബഹാദിർ ആവശ്യപ്പെടുന്നു. കുർദായതുകൊണ്ട് ടർക്കികളുടെ നിഷ്ഠൂര പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നത് മുസ്തഫ ആയിരിക്കുമെന്നും അവൻ രക്ഷപ്പെടാനും ബഹാദിർ ഉപദേശിക്കുന്നു. എന്നാൽ തിമൂറിനെ ഉപേക്ഷിച്ചു പോകാൻ മുസ്തഫ തയ്യാറാവുന്നില്ല. സീതയെ ഉപേക്ഷിക്കാൻ തിമൂറും തയ്യാറാകുന്നില്ല. തകർന്നടിഞ്ഞ സ്വപ്നങ്ങളുടെ ദുരന്തമുഖത്ത് ഒറ്റയായിപോയിട്ടും ഉറ്റവരെ ഉപേക്ഷിച്ച് സ്വന്തം പ്രാണനുമായി പലായനം ചെയ്യാൻ കഴിയാത്ത മനുഷ്യരെ വായിക്കുമ്പോൾ അതാണ് സ്നേഹമെന്ന് തിരിച്ചറിയുന്നു .നഷ്ടമാകുന്ന പ്രാണനെന്ന പോലെ ആർത്തിയോടെയാണ് മരണാസന്നയായ സീതയെ ബെയ്ക്കോസ് ഹോസ്പിറ്റലിലെ ഐ.സി. യൂണിറ്റിൽ വച്ച് തിമൂർ കെട്ടിപ്പിടിക്കുന്നത്. സ്വന്തം ജീവന് പകരമായി പോലും സീതയെ വിട്ടുകൊടുക്കാനാവാത്തതായിരുന്നു ആ സൗഹൃദം. ഞാൻ എന്ന ചിന്ത ഇല്ലാതാവുന്ന ആ അവസ്ഥ കേവലമനുഷ്യർക്ക് സിദ്ധമായതല്ല .
മക്കളേറ്റെടുക്കുന്ന ദൗത്യങ്ങളിൽ അതിൻ്റെ നന്മതിന്മകൾ ഉൾക്കൊണ്ടുകൊണ്ട് അവർക്കൊപ്പം നിൽക്കാൻ കഴിയുന്ന അച്ഛനമ്മമാർ വിരളമാണ്. തലമുറയുടെ വ്യത്യാസത്തിൽ ശരിതെറ്റുകൾ ഇരുധ്രുവങ്ങളിലേക്കും മാറിയിട്ടുണ്ടാവും. ബഹാദിറിലെ അച്ഛനും തിമൂറിലെ മകനും വ്യത്യസ്തരാകുന്നത് ഇവിടെയാണ്. ഒരേ സമയം ഉത്തരവാദപ്പെട്ട അച്ഛനും നീതിയിൽ മായം ചേർക്കാത്ത വക്കീലും ആത്മപ്രതിബദ്ധതയുള്ള മനുഷ്യനുമാണ് ബഹാദിർ. 25 ജൂനിയർ അഭിഭാഷകരുൾപ്പെടെ 42 പേർ ശമ്പളം വാങ്ങുന്ന ഒരു സ്ഥാപനത്തിൻ്റെ പങ്കാളിയാണയാൾ. ഒന്നിച്ചു ചെയ്ത സംരംഭത്തിൻ്റെ കൂട്ടുത്തരവാദിത്വത്തിൽനിന്നും കൂടെയുള്ള നിയമവിദഗ്ധർ ബഹിഷ്കൃതനാക്കിയിട്ടും അയാൾക്ക് പതറാതെ നിൽക്കാൻ കഴിയുന്നുണ്ട്. അവരവരുടെ നിലപാടുകളിലും കാഴ്ചപ്പാടുകളിലും ഉറച്ചുനിന്ന് വ്യക്തിസ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ട് തന്നെ കുടുംബബന്ധം ഹൃദ്യമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനാവുമെന്നതിന് ഉത്തമ ഉദാഹരണമാണ് ബഹാദിറും സെഹ്റയും. ബഹാദിറിൻ്റെ കരുതലിൽ അലിഞ്ഞു പോകുന്ന ഭാര്യയായിരുന്നു അവർ. ഏകമകനായ തിമൂറിനെ തനിക്ക് ജീവിക്കാനുള്ള ഏക പ്രതീക്ഷയായാണ് സെഹ്റ കാണുന്നത്. അവൻ്റെ പഠനം, ജോലി, വിവാഹം, കുഞ്ഞുങ്ങൾ അതിനപ്പുറത്തൊരു ലോകത്തെക്കുറിച്ച് അവർ അജ്ഞാതയായിരുന്നു.
ഏറ്റെടുത്ത ദൗത്യത്തിൻ്റെ പൂർത്തീകരണത്തിനിടയിൽ വഴിവക്കിലെ ഫോണിൽനിന്ന് തിടുക്കപ്പെട്ടുള്ള വിളി മാത്രമായി മകൻ മാറിയതറിഞ്ഞ് അവർ തകർന്നുപോകുന്നു. ഒടുവിൽ ഭർത്താവ് ജയിലിലും മകൻ രക്തസാക്ഷിയും ആകുന്നു. ഇത്തരം സങ്കടക്കടലുകളിൽ മുങ്ങിപ്പൊങ്ങുന്ന ജീവിതം ആവിഷ്കരിക്കുമ്പോൾ എഴുത്ത് കാലാതീതമാവുന്നു.
നാലുനാൾ തനിക്കഭയം നൽകിയ വീട്ടിൽ നിന്നും ജിസ്റയിൽ ജോലിക്ക് പോയി തിരികെയെത്താത്ത ഗൃഹനാഥൻ ഹൊസാനെ തിരക്കി തീപിടിച്ച നഗരത്തിലേക്ക് പോകുന്ന മുസ്തഫയും സമകാലത്തിന് അന്യനാണ്. ദിയർബക്കറിലെ യൂസഫ്, ബിദ്യുവിലെ എസ്സാറ്റ്, തിമൂറിന് വഴികാട്ടിയായ അക്ബർ, സിൽവനിൽ ബസിറങ്ങിയ സീതയെ ചിച്ച്കയിലെത്തിച്ച ദദ്വാർ, ജിസ്റയിലെ കലാപത്തിലേക്ക് ദിൽവയെ തിരഞ്ഞുപോകുന്ന അർമാന് ഒപ്പം കൂടുന്ന മുസ്തഫ, അബ്ദുല്ല ബൊലൂക് ബാഷെ എന്ന പഴയ ടർക്കി പട്ടാളക്കാരൻ എന്നിങ്ങനെ സഹജീവിസ്നേഹവും കരുതലും ഉറകൂടി ഉയിരാർന്ന കുറെ മനുഷ്യർ ഈ നോവലിലുണ്ട്. ഈ നോവലിലെ പ്രണയം നിതാന്തമായ കാത്തിരിപ്പോ നഷ്ടപ്പെടലോ ആണ്. അർമാൻ – ദിൽവ തിമൂർ – ഗുൽ എന്നീ പ്രണയ ജോടികളിൽ ഒരാൾ വീതം നാടിനു വേണ്ടി സ്വന്തം ജീവൻ
ബലികഴിച്ചവരാണ്. ടർക്കിയുടെ കരുത്തിന് കുർദുകളെ അടിയറവു പറയിക്കാൻ കഴിയാത്തതിൻ്റെ കാരണം ആപത്തുകാലത്ത് കൂടെയുള്ളവരെ ഉപേക്ഷിച്ചു പോകാനാകാത്ത ഇവരുടെ സ്നേഹമാണ്. സായുധവിപ്ലവത്തിൻ്റെ പാതയിലേക്ക് സ്വയമറിയാതെ എടുത്തെറിയപ്പെടുന്ന നിരപരാധികളുടെ അവസ്ഥ സഹതാപത്തിനപ്പുറം അനുതാപത്തിലേക്ക് നയിക്കാൻ കഴിയുന്ന വിധത്തിലാണ് ആവിഷ്കരിച്ചിരിക്കുന്നത്. അവിടെയാണ് എഴുത്തിൻ്റെ വിജയവും.
ജീവിക്കാനുള്ള അവസരം ഉണ്ടെങ്കിൽ മാത്രമാണ് ജീവിതത്തിൻ്റെ കാപട്യത്തെക്കുറിച്ച് വിലപിക്കാൻ തോന്നുക. ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ സ്വേച്ഛാധിപത്യത്തിൻ കീഴിൽ ജീവിക്കേണ്ടിവരുന്ന ഒരു ജനതയ്ക്ക് ഏറ്റവും അത്യാവശ്യം ജീവനാണ്, ജീവിതമാണ്. ഒരു പൊട്ടിത്തെറിയിൽ ചിതറിപ്പോകാവുന്നതാണ് താനെന്ന ബോധം അവരുടെ ഓരോ മിടിപ്പിലുമുണ്ട്. മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങളായ വായുവും ജലവും ഭക്ഷണവും പാർപ്പിടവും പോലും അത് കഴിഞ്ഞാണുള്ളത്. ചവിട്ടിനിൽക്കുന്ന മണ്ണിന് അവകാശമില്ലെന്ന തിരിച്ചറിവിൻ്റെ തത്വചിന്തയ്ക്കപ്പുറമൊരു ദർശനം എന്താണുള്ളത്? ജീവിതത്തിൻ്റെ അർത്ഥം തിരയുന്നതിനു പകരം ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് അവരുടെ ശരീരവും മനസ്സും ദാഹിക്കുന്നത്.
അന്താരാഷ്ട്രശ്രദ്ധ പതിയേണ്ട ഇടങ്ങളിൽ ജനശ്രദ്ധയെത്തിക്കാൻ സമകാല മാധ്യമങ്ങൾക്കിന്ന് നിമിഷങ്ങൾ മാത്രം മതി. നിയമങ്ങൾ നിർമ്മിക്കുകയും നിർവ്വഹിക്കുകയും ക്രമസമാധാനം പരിപാലിക്കുകയും ചെയ്യേണ്ടവരുടെയുള്ളിൽ ജാതിമതവർഗവർണവംശീയതയുടെ കാകോളം പതയുമ്പോൾ നമ്മൾ ആശ്രയിക്കാറുള്ളത് മാധ്യമങ്ങളെയാണ്. മാധ്യമധർമ്മം ഏറ്റെടുക്കാനും നിർവ്വഹിക്കാനും അചഞ്ചലമായ ചിന്തയും സ്വപ്രത്യയസ്ഥൈര്യവും സാഹസികതയും ആവശ്യമാണ്. ഇതെല്ലാം വേണ്ടുവോളമുള്ള മാധ്യമപ്രവർത്തകയാണ് യൂറോ ടൈംസിൻ്റെ ഇസ്താംബൂൾ ബ്യൂറോചീഫായ പിനാർ ഗുലേരി. ഇൻവസ്റ്റിഗേറ്റീവ് ജേർണലിസത്തെ അതിൻ്റെ എല്ലാ ലഹരിയോടും കൂടി അവർ ആസ്വദിക്കുന്നു. സിറിയയിലെ തീവ്രവാദസംഘങ്ങൾക്കുള്ള ആയുധങ്ങളുമായി പോവുകയായിരുന്നു ടർക്കിഷ് ഇൻ്റലിജൻസ് ഏജൻസിയുടെ മൂന്ന് ട്രക്കുകൾ എ.പി.പി യുടെ ഉത്തരവ് പ്രകാരം തടഞ്ഞത് റിപ്പോർട്ട് ചെയ്തതിന് ജയിലിലാക്കപ്പെട്ട യെസ്ദയുടെ മകൾ റ്റുജേലയുടെ വളർത്തമ്മയാണവർ. യൂറോ ടൈംസ് ഇൻവെസ്റ്റിഗേറ്റീവ് എഡിറ്റർ ഓസ്കാർ ആൻഡേഴ്സൻ്റെ ഫോണിലേക്കെത്തിയ ഇസ്താംബൂൾ ബ്യൂറോ ചീഫ് പിനാർ ഗുനേരിയുടെ ഔദ്യോഗിക സന്ദേശത്തിൽ നിന്നാണ് സീതയുടെ മോചനം അവളുടെ ജന്മനാടായ ഇന്ത്യയും ജീവിതമെഴുതിയ സ്പെയിനും ഏറ്റെടുക്കുന്നത്. ബാഴ്സലോണ ഗവേഷണവിദ്യാർത്ഥിയായ ഇന്ത്യക്കാരിയെ ടർക്കിയിലെ മതഭീകരഭരണകൂടം പീഡിപ്പിക്കുന്നു എന്ന വാർത്ത ആളിക്കത്തിച്ചതിനുശേഷം അവർ ആത്മരക്ഷാർത്ഥം ടർക്കിയിൽ നിന്ന് സിറിയയിലേക്ക് പലായനം ചെയ്യുന്നു. സ്റ്റേറ്റിനെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണം ചുമത്തി കെട്ടിച്ചമച്ച കേസുണ്ടാക്കി തന്നെ അഴികൾക്ക് പിന്നിൽ തള്ളിയാൽ റ്റുജേല ഒറ്റയാവുമെന്ന് അവൾ ഭയക്കുന്നു. സീതയെ മോചിപ്പിക്കുന്നതിനുള്ള പ്രതിഷേധം ലോകമാകെ വ്യാപിക്കുന്നതിനിടയിൽ ആ വിഷയം പുറത്തെത്തിക്കാനും നിയമനടപടികൾ നടത്തിയ അഭിഭാഷകൻ അറസ്റ്റിലായി എന്ന രീതിയിൽ ബിഹാദിറിൻ്റെ അറസ്റ്റ് ലോകശ്രദ്ധയിൽ കൊണ്ടുവരാനും മാധ്യമങ്ങൾക്ക് കഴിഞ്ഞത് പിനാറിൻ്റെ അവസരോചിതമായ ഇടപെടൽ മൂലമാണ്. നിയമത്തിൻ്റെ ചതുപ്പിൽ കഴുത്തറ്റം മുങ്ങിയിട്ടും തങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ച് കാൽ കഴുകി കരയ്ക്ക് കയറാൻ കൂട്ടാക്കാത്ത പിനാറും യസ്ദയുമാണ് യഥാർത്ഥ തീവ്രവാദികളെന്ന് നമുക്ക് തോന്നും. സ്വന്തം നിലപാടിൽ ഉറച്ചുനിന്ന് തീവ്രമായി പ്രവർത്തിക്കുന്നവരാണവർ. ചാനലും വെബ്പോർട്ടലും സംയുക്തമായി വാർത്താ കാമ്പയിൻ നടത്തുന്ന അവസരങ്ങളിലെല്ലാം സിനിമയുടെത് പോലുള്ള ഒരു ത്രില്ലർ സ്വഭാവം അക്ഷരങ്ങളിലേക്ക് വ്യാപിക്കുന്നതിൻ്റെ ആവേശം വായനക്കാരന് അനുഭവിക്കാൻ കഴിയും. മാധ്യമങ്ങളുടെ സംഘർഷഭരിതമായ ഇടപെടലുകളിൽക്കൂടി അഴിയാത്ത കുരുക്കുകൾ അഴിച്ചെടുക്കുന്നത് നമുക്കിന്ന് പരിചിതമാണല്ലോ. സമകാലജീവിതത്തിൻ്റെ ഏറെ പരിചിതമായ അത്തരം പരിസരങ്ങൾ ആവിഷ്കരിക്കപ്പെടുമ്പോൾ നോവൽ ന്യൂറിയലിസത്തിൻ്റെ പാതയിലാവുന്നു.
മറ്റു രാജ്യങ്ങളിൽ താമസിക്കുന്നവർ അവിടുത്തെ ഭരണകൂടം ചുമത്തുന്ന കുറ്റത്തിന് ഇരയായിത്തീരുമ്പോഴുണ്ടാകുന്ന മനുഷജീവിതസംഘർഷങ്ങൾ ചിലപ്പോഴൊക്കെ മാധ്യമങ്ങൾ വാർത്തയാക്കാറുണ്ട്. കുറ്റം രാജ്യദ്രോഹമാകുമ്പോൾ കുരുക്ക് മുറുകുന്നത് ജീവനിലാണ്. അഴിക്കാൻ ശ്രമിക്കുന്തോറും അറിയാതെ മുറുകിക്കൊണ്ടിരിക്കുന്ന ആ കുരുക്കിൽ മതവും രാഷ്ട്രീയവും നിയമവും സംസ്കാരവും നയതന്ത്രവും ഒക്കെ സ്വന്തം പങ്ക് വഹിക്കുന്നു. ഇരുരാജ്യങ്ങൾ തമ്മിലുള്ള വിലപേശലിലേക്കത് നീങ്ങുന്നു. കച്ചവടത്തിലെ കയറ്റുമതി ഇറക്കുമതിത്തീരുവകൾ വരെ മനുഷ്യജീവൻ്റെ മറ്റേത്തട്ടിലിരുന്ന് പരിഹസിക്കുന്നു. സാധാരണക്കാരന് പരിചിതമോ ജനകീയമോയല്ലാത്ത നിയമപ്രശ്നങ്ങളുടെ നൂലിഴകൾ നോവൽ ചർച്ച ചെയ്യുന്നു .
ടർക്കിയിലെ ഇന്ത്യൻ അംബാസഡർ ബിമാങ്ങിൻ്റെയും ടർക്കിയുടെ വിദേശകാര്യമന്ത്രി ഷഹനാസ് ഗുലിസാറിൻ്റെയും മീറ്റിംഗിൽ രണ്ടു രാജ്യങ്ങളുടെ നയതന്ത്രചർച്ചയിൽ അവരവർക്ക് അനുകൂലമാകുന്ന രീതിയിൽ സത്യത്തിൻ്റെ മുനകൾ വളച്ചൊടിച്ച് ഗോളാകൃതിയാക്കുന്നതെങ്ങനെ യെന്ന് വ്യക്തമാവുന്നു. രണ്ടു രാജ്യങ്ങൾക്കിടയിലുള്ള വ്യാവസായിക കരാറുകളെ ചൊല്ലി സീതയുടെ ജീവിതം ബാർഗെയിൻ ചെയ്യപ്പെടുന്നു. ഇവിടെ ഇന്ത്യയുടെയും സ്പെയിനിൻ്റെയും നയതന്ത്ര ഇടപെടലിൻ്റെ ഉത്പന്നമായി സീതയുടെ തിരിച്ചുവരവ് മാറുന്നു .
ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ദേശീയപ്രതിനിധിയും സീതയുടെ അമ്മാവനുമായ സോമശേഖരൻ കേരളത്തിലെ ഒരു ടിപ്പിക്കൽ ബ്യൂറോക്രാറ്റാണ്. ഒരു തറവാട്ടുകാരണവരുടെ എല്ലാ മാനറിസങ്ങളും ഉള്ളയാൾ. സീതയെ വീട്ടിലേക്ക് കൊണ്ടുപോകാൻ അമ്മാവൻ തയ്യാറല്ല. നിയമപ്രശ്നങ്ങളല്ല അതിനവർക്ക് തടസ്സമാകുന്നത്. തറവാടിൻ്റെ അഭിമാനമാണ്. തുർക്കി എന്ന അന്യരാജ്യത്ത് വലിച്ചു കീറപ്പെട്ടതിനേക്കാൾ വികൃതമായി ഇവിടുത്തെ പുരുഷാധിപത്യം പെണ്ണത്തത്തെ വലിച്ചു കീറുന്നത് നമ്മളപ്പോൾ തിരിച്ചറിയുന്നു.
“എൻ്റെ നാട്ടിൽ അങ്ങനെയാണ് പെൺകുട്ടികളുടെ കാലുകൾക്കിടയിലാണ് ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനം സ്ഥിതിചെയ്യുന്നത്.” എന്ന് സീത ഡോക്ടറോട് പറയുന്നുണ്ട്. പ്രകടനപരതയിൽ സ്വന്തം അഭിമാനം കാണുന്ന കേരളീയൻ്റെ രീതിയോടുള്ള പരമപുച്ഛം സീതയുടെ ഈ വാക്കുകളിൽ പ്രകടമാണ്.
യുദ്ധത്തിലും ആഭ്യന്തര കലാപത്തിലും ഇരയാക്കപ്പെടുന്ന പുരുഷശരീരത്തെ ചികിത്സിച്ച് സുഖപ്പെടുത്തി എടുക്കുന്നതോടെ അവൻ സഹതാപത്തിന് അർഹനാകുന്നു. എന്നാൽ ഇരയാകുന്നത് പെണ്ണാണെങ്കിൽ ജീവിതാന്ത്യംവരെ അവൾ പരിഹസിക്കപ്പെടുന്നു. ഇന്ത്യയിലെ പൊതുബോധത്തിൻ്റെ ഉൽപ്പന്നമായ ഈ മനോഭാവത്തെയാണ് നോവൽ ചോദ്യം ചെയ്യുന്നത്.
മാറ്റമില്ലാത്ത പണയപ്പണ്ടങ്ങൾ
ഏത് യുദ്ധത്തിലും ഏതുതരത്തിലുള്ള കലാപത്തിലും പുരുഷന്മാർ കൊല്ലപ്പെടുമ്പോൾ സ്ത്രീകൾ കൊല്ലാക്കൊല ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. സാധാരണസമൂഹത്തിൽ പുരുഷൻ അടക്കിവെച്ചിരിക്കുന്ന കാമത്തിൻ്റെ തേറ്റ പുറത്തെടുത്ത് ശ്വാസം പോലും എടുക്കാൻ കഴിവില്ലാത്തതെങ്കിലും പെണ്ണായിപ്പോയ ശരീരത്തിനുമേൽ പ്രയോഗിക്കുമ്പോൾ ദേശീയതയും മതവുമൊക്കെയാണ് വിജയഭേരി മുഴക്കുന്നതെന്ന് തോന്നുന്ന മാനസികാവസ്ഥയ്ക്ക് മനുഷ്യവംശത്തോളം പഴക്കമുണ്ട്. പുരുഷാധിപത്യ സമൂഹത്തിൻ്റെ അത്തരം കാമപ്പേക്കൂത്തുകൾക്ക് കാലമോ ദേശമോ ഭാഷയോ ബാധകമല്ല. ഭർത്താവിന് പെണ്ണിനെ പണയപ്പണ്ടമാക്കാൻ അധികാരം കൊടുത്ത അതേ സാമൂഹികവ്യവസ്ഥിതി തന്നെയാണ് സഭയിൽ അവളുടെ തുണിയുരിഞ്ഞാക്ഷേപിച്ചാൽ വിജയിക്കാനാവുമെന്ന് കരുതുന്നതും. രണ്ടു വിഭാഗക്കാർക്കിടയിൽ ആളിക്കത്തിയ മണിപ്പൂരിലെ വംശീയകലാപത്തിൽ രണ്ടു സ്ത്രീകളെ നഗ്നരാക്കി തെരുവീഥികളിലൂടെ ആട്ടിത്തെളിച്ച് ബലാൽക്കാരം ചെയ്ത് വിജയം ആഘോഷിച്ചത് അടുത്തകാലത്താണല്ലോ. അക്ഷമയോടെ സിപ്പഴിച്ചിട്ട് ലിംഗത്തിൽ തടവി കൂട്ടുകാരെ പ്രോത്സാഹിപ്പിച്ച് തൻ്റെ ഊഴത്തിന് കാത്തു നിൽക്കുന്നവർ ചോരയിലും മൂത്രത്തിലും കുതിർന്നു കിടക്കുന്ന പെൺശരീരത്തിൽ കാമം തീർക്കുന്നത് ഹരിതയെഴുതുമ്പോൾ അത്തരം കാര്യങ്ങളിലും കൂടിയാണ് മനുഷ്യൻ ആഗോളപൗരനായതെന്ന് തോന്നിപ്പോകുന്നു. കാശ്മീരിലും മണിപ്പൂരിലും ബംഗ്ലാദേശിലും പാകിസ്ഥാനിലും ശ്രീലങ്കയിലും സിറിയയിലും തുർക്കിയിലും ഇറാഖിലും ഗാസയിലും വംശീയവിദ്വേഷവും പ്രതികാരനടപടികളും തീർക്കാൻ പെൺശരീരം വലിച്ചുകീറി കലിയടക്കുന്ന പുരുഷസിംഹങ്ങൾക്ക് വ്യത്യാസമില്ല. പച്ചമാംസത്തിൽ കത്തി കയറുമ്പോലെയുള്ള നിലവിളികൾക്കു വ്യത്യാസമില്ല. കുഞ്ഞുങ്ങളെയും വൃദ്ധരെയും കൂട്ടബലാത്സംഗത്തിന് ശേഷം സ്ത്രീകളെയും പെട്രോളൊഴിച്ച് കത്തിച്ച സ്ഥലമാണ് കുഡി. ബലാൽക്കാരത്തിന് ശേഷം നിലവറയുടെ ഭിത്തിയിൽ അവരെഴുതി.” നിലവറയിലെ അവധിക്കാലം രസകരമായിരുന്നുവെന്ന് “.
അധികാരത്തിലിരിക്കുന്നവൻ്റെ ക്രൂരതയും അവനിലെ വന്യവാസനകളുമാണ് വിപ്ലവകാരികൾക്ക് ജന്മം നൽകുന്നതെന്ന് മനുഷ്യവംശത്തിൻ്റെ ഇന്നോളമുള്ള ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. അന്വേഷണത്തിനിടയിൽ സീതയ്ക്കും സീതയെ അന്വേഷിച്ചവർക്കും ആശ്രയിക്കേണ്ടിവന്ന യൂറോപ്പിലേയും തുർക്കിയിലേയും വ്യത്യസ്ത സ്ഥലങ്ങളെ അധ്യായങ്ങളുടെ തലക്കെട്ടുകളായി
സ്വീകരിച്ചുകൊണ്ട് ദേശസീമകൾക്കതീതമായ മനുഷ്യജീവിതാനുഭവങ്ങൾ പകർന്നുതരികയാണ് നോവൽ ചെയ്യുന്നത്. പ്രാണവേദനയിൽ നിന്നുടലെടുക്കുന്ന കരച്ചിലിൻ്റെ നിസഹായതയ്ക്ക് ഭാഷയും ദേശവുമില്ലെന്ന് ഭൂരിപക്ഷവും ന്യൂനപക്ഷവുമില്ലെന്ന് ഇവിടെ നാം മനസ്സിലാക്കുന്നു.
കാട്ടിൽ ജീവിച്ച ആദിമമനുഷ്യന് പ്രകൃതിപ്രതിഭാസങ്ങളോടും പ്രകൃതിദുരന്തങ്ങളോടും ഏറ്റുമുട്ടേണ്ടതുണ്ടായിരുന്നു. അവൻ്റെ വിഭ്രാന്തികൾക്കും കാമനകൾക്കും കലകളും അനുഷ്ഠാനങ്ങളും കൂട്ടായി. സ്വയമറിയാതെ അവൻ മനുഷ്യാതീതശക്തിയെ ആശ്രയിച്ചു തുടങ്ങി.കാട്ടിൽ നിന്നും നാട്ടിലെത്തി കൂട്ടങ്ങളായി ജീവിക്കാൻ തുടങ്ങിയപ്പോൾ മനുഷ്യവർഗത്തിൻ്റെ അതിജീവനത്തിന് ചില വിശ്വാസങ്ങൾ ആവശ്യമായി വരികയും അത് ദൈവത്തെ സൃഷ്ടിക്കുകയും ചെയ്തു. അതേ ആശയത്തിൻ്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ട മതങ്ങൾ മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ഉപകരണങ്ങളായി പിൽക്കാലത്ത് മാറി. വിഭാഗീകരണവും പരസ്പരവിദ്വേഷവും ആക്കംകൂട്ടിച്ച് ഒരേ സ്പീഷീസിലുള്ളവരെ തമ്മിൽത്തല്ലിക്കുന്ന മതത്തെപ്പോലെതന്നെ മറ്റൊരു അനുശീലനമാണ് വംശീയതയും.
ഭൂമിശാസ്ത്രപരവും സാമൂഹികവുമായ കാരണങ്ങളാലാണ് രാജ്യങ്ങൾക്ക് അതിർത്തി നിർണയിക്കപ്പെട്ടിട്ടുള്ളത്. ഭരണസംവിധാനത്തിൻ്റെ ഭാഗമായ ആ വേർതിരിവ് മനുഷ്യവർഗ്ഗത്തിൻ്റെ ക്രമീകൃത ജീവിതസാഹചര്യങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. എന്നാൽ കാലക്രമേണ അതൊരു ദുരന്തമായിത്തീർന്നു. ഒരിടത്തെ ഭൂരിപക്ഷം മറ്റൊരിടത്ത് ന്യൂനപക്ഷമാണെന്ന് മനുഷ്യൻ ചിന്തിക്കുന്നില്ല. ഭൂരിപക്ഷവർഗ്ഗീയതയുടെ കരാളഹസ്തങ്ങളിൽപ്പെട്ട് ഇല്ലാതാവുന്നത് മനുഷ്യരാണെന്നും മറന്നുപോകുന്നു. ഓരോ വ്യക്തിക്കും ജനനത്തോടെ കൈവരുന്ന മാറ്റമില്ലാത്ത ചങ്ങലപ്പൂട്ടുകളാണ് വംശവും മതവും.അത് ദേശീയതയുടെ അടിക്കല്ലാവരുത്. ഭരണഘടനാപരവും വ്യവസ്ഥാപിതവുമായ പൗരബോധത്തിൽ അടിയുറച്ച ദേശീയവികാരത്തിൽ നിന്നുണ്ടാകുന്നതാകണം ദേശീയതയും മാതൃരാജ്യസ്നേഹവും. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഈ നോവൽ സ്ഥലത്തോടും കാലത്തോടും ചരിത്രത്തോടും സംവദിക്കുന്നുണ്ട്. സമകാലസമൂഹത്തോടും ജനജീവിതത്തോടും പ്രതിഷേധിക്കുന്നുണ്ട് . ദേശീയതയോടും പ്രാദേശികതയോടും അധികാരത്തോടും ജാതിശീലങ്ങളോടുമുള്ള പ്രതികരണമായി നോവൽ മാറുന്നുണ്ട്.
ലോകമെമ്പാടും മണികൾ മുഴങ്ങുന്നു
ഹാഗിയസോഫിയയിൽ മണികൾ മുഴങ്ങിക്കൊണ്ടേയിരുന്നു എന്ന് കഥാകാരി എഴുതുന്നുണ്ട്. ആറാംനൂറ്റാണ്ടിൽ കോൺസ്റ്റൻ്റീൻ ചക്രവർത്തിയായ ജസ്റ്റീനിയൻ ഒന്നാമൻ്റെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളികളിൽ ഒന്നായി നിർമ്മിച്ചതാണ് ഹാഗിയസോഫിയ എന്ന ഓർത്തഡോക്സ് കത്തീഡ്രൽ .
ഒട്ടോമൻ പടയോട്ടക്കാലത്ത് 1453 ൽ സുൽത്താൻ മുഹമ്മദ് രണ്ടാമൻ കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കിയതോടെ അത് മസ്ജിദായി മാറി. വാസ്തുവിദ്യയിൽ ക്രിസ്ത്യൻ ആരാധനയ്ക്കായി രൂപകൽപ്പന ചെയ്യപ്പെട്ട ആ കെട്ടിടം 1934 ൽ തുർക്കി റിപ്പബ്ലിക് സ്ഥാപകൻ മുസ്തഫ കമാൽ അറ്റാത്തുർക്കാണ് മ്യൂസിയമാക്കി മാറ്റിയത്. മുസ്ലീം ആരാധനാലയത്തിൻ്റെ മിനാരങ്ങളും ക്രിസ്തുമത ആഡംബര മൊസേക്കുകളുമുള്ളതാണ് ഈ സ്മാരകം. യുനെസ്കോയുടെ ലോക പൈതൃകസ്മാരകങ്ങളിൽ ഉൾപ്പെട്ട ഹാഗിയ സോഫിയ തുർക്കിയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണ്. 900 വർഷം ഓർത്തഡോക്സ് കത്തീഡ്രലും 500 വർഷം മുസ്ലിം പള്ളിയും 80 വർഷം മ്യൂസിയവും ആയതിനു ശേഷം
ഇപ്പോഴത് മുസ്ലിംപള്ളിയായി നിലനിൽക്കുന്നു. ഒരു നാട്ടിൽ നൂറ്റാണ്ടുകളായി സംഭവിച്ചു കൊണ്ടിരിക്കുന്ന മതപരമായ അധീശത്വങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രമായിട്ടും എതിർക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്ന ഫാസിസത്തിൻ്റെ വിളനിലമാണ് ടർക്കിയെന്ന് കുറ്റപ്പെടുത്തിയാൽ അത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാവും. കാരണം അത് തുർക്കിയിലെ മാത്രം കഥയല്ല.
പതിനാറാം നൂറ്റാണ്ടിൽ ബാബറിൻ്റെ ഉത്തരവനുസരിച്ച് നിർമ്മിക്കപ്പെട്ട മൂന്നു പള്ളികളിലൊന്നാണ് അയോധ്യയിലെ ബാബറി മസ്ജിദെന്ന മുസ്ലീംപള്ളി. ലോദി രാജവംശത്തിൻ്റെ കീഴിൽ വികസിപ്പിച്ചെടുത്ത വാസ്തു നിർമ്മാണ ശൈലിയിലാണ് ഇത് നിർമ്മിക്കപ്പെട്ടത്. ഹിന്ദു ദൈവമായ രാമൻ്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന രാമജന്മഭൂമിയുടെ മുകളിലാണ് പള്ളിയെന്ന് ഒരു വിഭാഗം ഹിന്ദുക്കൾ വാദിച്ചു.1853ൽ ഇന്ത്യയിലുടനീളം നടന്ന സാമൂഹികരാഷ്ട്രീയ പരിവർത്തനത്തിൻ്റെ കാലഘട്ടത്തിലാണ് അധീനതയിലുള്ള സ്ഥലത്തെ ചൊല്ലി മതസമൂഹങ്ങൾ തമ്മിലുള്ള തർക്കം പ്രകടമാകുന്നത്. 1934 ൽ ഇരുവിഭാഗങ്ങളും തമ്മിൽ നടന്ന കലാപത്തിൻ്റെ ഭാഗമായി പള്ളിയുടെ മിനാരത്തിന് പറ്റിയ കേടുപാടുകൾ ബ്രിട്ടീഷ് സർക്കാർ തന്നെ പരിഹരിച്ചു. മുസ്ലിങ്ങളിലെ ഷിയാ സുന്നി വിഭാഗങ്ങൾ തമ്മിൽ ഒരു പതിറ്റാണ്ടോളം നിലനിന്ന നിയമപരമായ അവകാശത്തർക്കത്തിൻ്റെ അവസാനം പള്ളിയുടെ ഭരണം സുന്നി വിഭാഗത്തിൻ്റെ കൈകളിലെത്തി.1948 ൽ ഹിന്ദുത്വശക്തികൾ മതത്തിൻ്റെ പേരിലുള്ള പങ്കുവയ്പിന് അവർക്ക് തടസ്സമായിരുന്ന ഗാന്ധിയെ വധിച്ചു. 1949 ഡിസംബർ 29ന് മസ്ജിദ് നിൽക്കുന്നത് തർക്കഭൂമിയിലാണെന്ന് പ്രഖ്യാപിച്ചു. 1984 ൽ മസ്ജിദ് നീക്കംചെയ്യാനും അത് ഹിന്ദു ക്ഷേത്രമാക്കാനുമുള്ള പ്രചാരണം ആരംഭിച്ചു. 1990 ൽ അത് കലാപത്തിലേക്കും ഭരണത്തകർച്ചയിലേക്കും നയിച്ചു. 1992 ഡിസംബർ ആറിന് സുരക്ഷാസേന നോക്കിനിൽക്കേ ബാബറിപ്പള്ളി തകർത്തു. 2010 ലെ ഹൈക്കോടതി വിധിയനുസരിച്ച് തർക്കസ്ഥലം മൂന്നിൽ രണ്ടുഭാഗം ഹിന്ദുക്കൾക്കും മൂന്നിലൊന്ന് മുസ്ലിങ്ങൾക്കുമായി വിഭജിച്ചു. 2019ൽ അത് ഹിന്ദുക്കൾക്ക് മാത്രമായും തർക്കഭൂമിക്ക് പുറത്ത് അഞ്ചേക്കർ ഭൂമി മസ്ജിദിനും സുപ്രീം കോടതി വിധിച്ചു. 2023 ജനുവരി 22ന് തർക്കപ്രദേശത്ത് നിർമിച്ച രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടത്തി. തർക്കഭൂമി ഹിന്ദുക്കൾക്ക് മാത്രമായി വിധിച്ച ജഡ്ജി ഇന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ്. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ അതിനെ ദേശീയ കളങ്കമെന്ന് പുറമേ പറയാനെങ്കിലും അന്നത്തെ ഭരണകൂടം തയ്യാറായി. 30 വർഷങ്ങൾക്ക് ശേഷം അതേ സ്ഥലത്ത് സാക്ഷാത്കരിച്ച വിദ്വേഷരാഷ്ട്രീയപദ്ധതിക്ക് ഇന്നത്തെ ഭരണകൂടം സ്തുതിപാടുന്നു . ഇന്ത്യയുടെ രാഷ്ട്രീയപരിണാമം ഈ വിധത്തിൽ അടയാളപ്പെടുത്തപ്പെടുമ്പോൾ സിറിയയിലും തുർക്കിയിലും മാത്രമല്ല ഇന്ത്യയിലും ജാഗരൂകരാകേണ്ടിയിരിക്കുന്നു.
ടർക്കി ഭരിക്കുന്നത് തോക്കുകളാണ് ഭരണഘടനയല്ലെന്ന് നമുക്കറിയാം . ചരിത്രം തിരുത്തിയെഴുതാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇപ്പോഴും ഭരണഘടനയെന്ന എഴുതപ്പെട്ട വാക്കാണ് എന്തിൻ്റെയും മാനദണ്ഡം. സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ ആശയങ്ങൾ ഉൾച്ചേർന്നിരിക്കുന്ന ഇന്ത്യൻ ഭരണഘടനയാണ് ഇന്ത്യക്കാരൻ്റെ അടിസ്ഥാനതത്വം. അതിൽനിന്ന് ജന്മംകൊണ്ട നിയമവ്യവസ്ഥയാണ് ഇവിടെ പ്രാബല്യത്തിലുള്ളത് .
ഭരണഘടനാധാർമികതയും സാമൂഹികധാർമികതയും ഒന്നല്ലാത്തിടത്തോളം നീതി അർത്ഥരഹിതമാണ്. നീതിനിർവഹണം അസാധ്യവുമാണ്. ഭൂരിപക്ഷഹിതത്തെ പ്രയോഗവൽക്കരിക്കുന്ന സംവിധാനത്തെ നീതിയെന്ന് പ്രഖ്യാപിക്കുന്നത് മെച്ചപ്പെട്ട ഒരു ബദൽ കണ്ടെത്താൻ ആവാത്തതു കൊണ്ട് മാത്രമാണെന്ന് ചിന്തിക്കുന്നവർക്കിന്ന് മനസ്സിലാകും. പുതിയതായി കിട്ടുന്ന ഏതൊരറിവിനേയും മുന്നറിവുമായി ബന്ധിപ്പിച്ച് സ്വാംശീകരിക്കുമെന്നത് ജ്ഞാനാർജനത്തിൻ്റെ അടിസ്ഥാനപാഠമാണല്ലോ. പൗരത്വനിയമഭേദഗതിയുടെയും ഉടച്ചുവാർക്കപ്പെടുന്ന ചരിത്രത്തിൻ്റെയും കാലത്ത് കുർദുകളുടെ ജീവിതം പ്രാന്തവൽക്കരിക്കപ്പെടുന്ന ഏതൊരുവൻ്റേയുമാണെന്ന് നോവൽ ഓർമ്മിപ്പിക്കുന്നു. കുർദ് ഭാഷയിലെ കുർമാഞ്ചിയിൽ നിന്നും സിൻ എന്ന പദം നോവലിന് ശീർഷകമായി സ്വീകരിക്കുമ്പോൾ ഹരിത തൻ്റെ നിലപാട് കൂടുതൽ ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
നീരൊഴുക്കിൻ്റെ ദിശമാറ്റം
കാലത്തിൻ്റെ നോവുകൾ എഴുത്തുകാരേറ്റെടുക്കുന്നത് സാമൂഹികപ്രതിബദ്ധത കൊണ്ടാണോ ? ജാഗ്രത്തായ മനസ്സിൻ്റെ ബഹിർസ്ഫുരണമായി എഴുത്ത് സംഭവിക്കുമ്പോൾ സമകാലപ്രശ്നങ്ങളോടുള്ള പ്രതിഷേധമോ കലഹമോ ആയി അത് മാറുന്നതാണോ ? ഈ രണ്ട് ചോദ്യങ്ങൾ എന്നും ചിന്തനീയമായിരുന്നു. തകഴിയും ദേവും ബഷീറും പൊൻകുന്നം വർക്കിയുമൊക്കെ അവരുടെ കാലത്തോട് നിരന്തരം കലഹിച്ചിരുന്നു. ആ കലഹമാണ് എഴുത്തായി പരിണമിച്ചത്. അതിനവർ തിരഞ്ഞെടുത്ത മാധ്യമം നോവലായിരുന്നു. മനുഷ്യൻ്റെ പ്രാഥമിക വികാരമായി അവർ പരിഗണിച്ചത് വിശപ്പിനെയായിരുന്നു . ആ കാലത്തോട് സംവദിച്ചാൽ അത് നൂറ് ശതമാനം ശരിയുമായിരുന്നു . അരിയിട്ടു തിളപ്പിച്ച വെള്ളത്തിൽ നിന്ന് ഉള്ള ചോറ് കോരി കോരനു വെച്ചിട്ട് കഞ്ഞിവെള്ളം കുടിച്ചുറങ്ങിയ ചിരുതമാർ അന്നത്തെ കർഷകജീവിതത്തിൻ്റെ പതിപ്പായിരുന്നു. കയറിലും ചെമ്മീനിലും രണ്ടിടങ്ങഴിയിലും കാലത്തെയും ദേശത്തെയുമാണ് പുനർനിർമിച്ചത്. തറവാടിന്റെ യുദ്ധക്കഥ പറയുന്ന അയൽക്കാരും കരം തീരുവയില്ലാത്തവനെ ആദ്യമായി നായകസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ആർജ്ജവം കാട്ടിയ ഓടയിൽ നിന്നും മതത്തിൻ്റെ മൃഗീയ തൃഷ്ണയിലുയിരെടുത്ത പിളർപ്പിൻ്റെ രക്തക്കറയിൽ മുങ്ങിപ്പോയ ഭ്രാന്താലയവും നോവലായത് അങ്ങനെയാണ്.
പുതിയകാലയെഴുത്തിൻ്റെ വിഷയസ്വീകരണത്തിലും അത് തന്നെയാണ് സംഭവിക്കുന്നത്. സാമൂഹികജീവിതത്തിന് സംഭവിക്കുന്ന മാറ്റത്തിലാണ് എഴുത്തിൻ്റെ സ്രോതസ്സ് കണ്ടെത്തുന്നത്. ജീവിതത്തിൻ്റെ മജ്ജയും മാംസവും ചോരയും തന്നെയാണ് വാക്കുകളായി പരിണമിക്കുന്നത്. അതു കൊണ്ടുതന്നെ മലയാളത്തിലെ മറ്റു സമകാല നോവലുകളിലെപ്പോലെ ‘സിൻ ‘ഉം ന്യൂറിയലിസത്തിൻ്റെ പാതയിലാണ്. യുദ്ധം,വർഗ്ഗീയത, ഫാസിസ്റ്റ് ഭരണകൂടങ്ങൾ, പലായനം, കാലാവസ്ഥാ വ്യതിയാനം ഇവ നവയാഥാതഥ്യത്തിലെ ദുരന്തയാഥാർത്ഥ്യങ്ങളാണ്. സൈബറിടത്തിൻ്റെ പ്രസക്തി, വൈയക്തികവും സാമൂഹികവും അന്താരാഷ്ട്രപരവുമായ പ്രശ്നങ്ങളിലുള്ള മാധ്യമഇടപെടൽ ഇവ നവയാഥാതഥ്യത്തിലെ ശുഭപ്രതീക്ഷകളാണ്. ഒരു നാണയത്തിൻ്റെ ഇരുവശങ്ങളായ ഇവയെത്തമ്മിൽ ഇണക്കിച്ചേർത്ത് നോവലിൽ ആവിഷ്കരിക്കാൻ ഹരിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തീവ്രവംശീയതയുടെ ഇതിവൃത്തം, ആഖ്യാനരീതി, പശ്ചാത്തലം ,ജീവിതദർശനം തുടങ്ങിയവ മലയാളനോവലിൽ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരുന്നു. ആ മാറ്റത്തിനിടയിലും മലയാളനോവലിൽ പൊതുവായി കാണാവുന്ന ഒരു സവിശേഷതയാണ് കേരളീയാനുഭവങ്ങളുടെയും കേരളീയപശ്ചാത്തലത്തിൻ്റേയും ആവിഷ്കാരം.എന്നാൽ കേരളത്തിനും ഇന്ത്യയ്ക്കും ഏഷ്യയ്ക്കും പുറത്തുള്ള ഭൂമികയിലേക്ക് സമകാല മലയാള നോവലുകൾ കടന്നിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളായ ടർക്കിയിലും സ്പെയിനിലുമായി വ്യാപിച്ചു കിടക്കുന്ന ജീവിതപശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഹരിതയുടെ സിൻ ഒരു പാൻ ഏഷ്യൻ നോവലാണ് .
ബഹുകാലങ്ങളിൽ നിന്ന് സ്വീകരിക്കുന്ന വംശീയതയുടെ ദുരന്താനുഭവങ്ങൾ ചേർത്ത് രൂപംനൽകിയ ഒരു കൊളാഷായി സിന്നിലെ ആഖ്യാനം മാറുന്നുണ്ട്. ആഖ്യാതാവിനേയോ നായികയേയോ മാത്രം പിന്തുടർന്നല്ല വായനക്കാരനിതിൽ സഞ്ചരിക്കുന്നത്. ഭിന്നവും പരസ്പരപൂരകവുമായ ബഹുകർത്തൃപരിസരങ്ങളെയും സംഭവങ്ങളെയും വർത്തമാനകാലത്തിലേക്ക് നോവലിസ്റ്റ് കൂട്ടിയിണക്കുന്നു. ഈ കൂട്ടിച്ചേർക്കലിൽ ക്രോണോളജിക്കൽ ഓർഡറോ കഥാപാത്രങ്ങളുടെ മാനസികാവസ്ഥയുടെ തുടർച്ചയോ മാനദണ്ഡമാക്കാൻ നോവലിസ്റ്റ് തയ്യാറാകുന്നില്ല. ഇവിടെ സംഭവങ്ങളുടെ അനുക്രമത അപ്രധാനീകരിക്കപ്പെടുകയും സാമ്പ്രദായിക ആഖ്യാനത്തോട് കലഹിക്കുകയും ചെയ്യുന്നു. നോവലിസ്റ്റ് ബോധപൂർവ്വം പ്രയോഗിക്കുന്ന ഈ ചെപ്പടിവിദ്യ വായനയ്ക്ക് മുന്നിൽ ചില ടാസ്ക്കുകൾ രൂപപ്പെടുത്തുന്നു. തിരശ്ചീനപാതയിലൂടെയുള്ള അലസയാത്രയെക്കാൾ ട്രക്കിങ് ഇഷ്ടപ്പെടുന്ന സമകാല വായനക്കാരൻ്റെ സാഹസിക മനസ്സ് ഈ അനിശ്ചിതത്വത്തെ ഏറ്റെടുക്കാനും സ്വന്തം ആസ്വാദനത്തിനായി ക്രമപ്പെടുത്താനും തയ്യാറാവുന്നു. സമകാലനോവലിസ്റ്റുകൾ ആഖ്യാനത്തിൽ പിന്തുടരുന്ന ഈ രീതിയാണ് സിന്നിൽ ഹരിതയും സ്വീകരിക്കുന്നത്
തുർക്കിയുടെ പശ്ചാത്തലത്തിലെഴുതിയ നോവലിലെ ഇന്ത്യാക്കാരിയായ പ്രധാനകഥാപാത്രത്തിന് സീതയെന്ന പേര് നൽകുമ്പോൾ അത് നൽകുന്ന ബഹ്വർത്ഥ സാധ്യതകൾ വളരെയേറെയാണ്. സമകാലയിന്ത്യയിൽ ആ പേര് ധാരാളം ഡയമൻഷനുകളിൽ ചർച്ച ചെയ്യപ്പെടുന്നതാണ്. ഭാരതത്തിലെ കുലസ്ത്രീ സങ്കല്പത്തിൻ്റെ പരമകാഷ്ഠയിൽ കുടിയിരുത്തപ്പെട്ട ആ നാമം ഇവിടെ നിലനിൽക്കുന്ന വ്യവസ്ഥിതിയെത്തന്നെ ചോദ്യം ചെയ്യാനായി ഹരിത ഉപയോഗിച്ചിരിക്കുന്നു. കേരളത്തിലെ ലൗജിഹാദിൻ്റെ വംശത്തിലുൾപ്പെടുത്താവുന്ന പ്രണയബന്ധങ്ങളിലൊന്നാണ് സീതയും ദേവ്റാനും തമ്മിലുള്ളത്. പ്രണയത്തിനു വേണ്ടി മരണത്തേക്കാൾ ഭീകരമായ ദുരന്തമുഖത്തിലൂടെ കടന്നാണ് ജീവിതത്തെ സീത തിരികെപ്പിടിക്കുന്നത്. കേരളത്തിലേക്ക് തിരിച്ചുവരാൻ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുമ്പോൾ നവകാലസ്ത്രീത്വത്തിൻ്റെ സ്വാതന്ത്ര്യപ്രഖ്യാപനമായി നോവൽ മാറുന്നു. കാലത്തിൻ്റെ കുത്തൊഴുക്കിൽ മാറാത്തതൊന്നുമില്ല: സീതയായാലും സാവിത്രിയായാലുമെന്ന് ഹരിത തെളിയിക്കുന്നു.