സാങ്കേതികവിദ്യയുടെയും മാധ്യമങ്ങളുടെയും സഹായം ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഒരു ആൺകുട്ടി ചെന്നെത്തുന്നതിന്റെ കാൽദൂരം പോലും പെൺകുട്ടികൾ സഞ്ചരിച്ചിട്ടുണ്ടാവില്ല, ശരീരം കൊണ്ടും മനസ്സ് കൊണ്ടും. പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയോ അനുഭവിക്കുകയോ ചെയ്യാതെ, മനസ്സിലാക്കാനാവാത്ത ചില കാര്യങ്ങളുണ്ട്. അറിവും അനുഭവവും ഒന്നിക്കുമ്പോഴാണ് തിരിച്ചറിവുണ്ടാകുന്നത്. കാലത്തിന്റെ തീരുമാനങ്ങളെ പൂർണമായി നിയന്ത്രിക്കാനാവില്ലെങ്കിലും, അനുഭവങ്ങൾ തേടിയെത്തുന്നതിനു മുൻപായി യാഥാർഥ്യങ്ങളെക്കുറിച്ചുണ്ടാകുന്ന വ്യക്തമായ അറിവ്, പക്വതയോടെ സാഹചര്യങ്ങളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കും.
കൃത്യം ഇരുപത്തിമൂന്നു വർഷം മുൻപുള്ള, എന്റെ പത്താം ക്ലാസ്സ് കാലഘട്ടം. ഗേൾസ് ഹൈസ്കൂളിന്റെ അതിരുകളില്ലാത്ത ലോകത്തായിരുന്നിട്ടും, ലൈംഗികപരമായ വിഷയത്തിൽ എന്റെ വിജ്ഞാനം ക്ലാസ്സിലെ മിക്കവരെയും പോലെ, ഒൻപതാം ക്ലാസ്സിലെ ബയോളജി ടെക്സ്റ്റിലെ ക്രോസ്സ് സെക്ഷൻ ഡയഗ്രാമിൽ ഒതുങ്ങി. ജോലിത്തിരക്കും യാഥാസ്ഥിതികതയുടെ അതിപ്രസരവും നിറഞ്ഞ കുടുംബാന്തരീക്ഷത്തിൽ വളർന്നത് കാരണം, സെക്സ് എന്ന വാക്ക് പറയാൻ നാവും, കേൾക്കാൻ ചെവിയും അനുവദിക്കാത്ത കാലം. പെൺകുട്ടികൾ നിറഞ്ഞു നിന്ന ഹൈസ്കൂൾ ലോകത്ത് ആ ചർച്ചകൾ ഒരിക്കൽ പോലും ഉണ്ടായിരുന്നില്ല എന്നതാണോ ശരി അല്ലെങ്കിൽ ഞാൻ അതിൽ ഉൾപ്പെട്ടില്ല എന്നതാണോ ശരി എന്നറിയില്ല, ആ ദിവസം വരെ.
മോഡൽ എക്സാം അടുത്തിരിക്കുന്ന ആ സമയത്ത് ഒരു ദിവസം പെട്ടന്ന് ഹെഡ്മിസ്ട്രസ് ക്ലാസ്സിൽ വന്ന്, ഒരു ചെറിയ സെമിനായി എല്ലാവരും ലെക്ചർ ഹാളിൽ എത്തണം എന്നറിയിച്ചു. ശാസ്ത്രപരമായ സെമിനാറുകളും മറ്റു പരിപാടികളും പുതിയതല്ലായിരുന്നതിനാൽ, അതുപോലെ എന്തോ ആയിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. അവിടെയെത്തിയപ്പോഴാണ് എയ്ഡ്സ് എന്ന രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് ആണെന്ന് അറിഞ്ഞത്. അതിനായി ഏകദേശം ഒരു ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസ്സുള്ള രണ്ടു യുവതീയുവാക്കളാണ് വന്നത്. അവർ സാമൂഹ്യപ്രവർത്തകരാണ്. ഞാൻ അവരിൽ നിന്നകന്നു മറ്റൊരു ധ്രുവത്തിലെന്നപോലെയാണ് സ്ഥാനം ഉറപ്പിച്ചത്.
സെമിനാർ തുടങ്ങുന്നതിനു മുൻപ് അവർ വെള്ളപേപ്പർ വിതരണം ചെയ്തു. എന്നിട്ട് കുറച്ച് ചോദ്യങ്ങൾ തരാം അതിന് ഉത്തരം എഴുതി തിരിച്ചു തരണം എന്നു നിർദേശിച്ചു. കറന്റ് പോയതിനാൽ മൈക്ക് നിശബ്ദമായി. അകലം കാരണം കേൾക്കാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും കേട്ടതു പോലെ ചോദ്യം എഴുതി.
ചോദ്യം ഒന്ന്. ‘എന്താണ് ക്വാൻണ്ടം’ ?
തീർച്ചയായും, പത്താം ക്ലാസ്സ് പരീക്ഷയുടെ വാതിൽക്കൽ നിൽക്കുന്ന ആ വിദ്യാർത്ഥിനിയുടെ മനസ്സ് ഫിസിക്സ് ടെക്സ്റ്റ് ബുക്ക് തുറന്നു. കൃത്യമായ ഉത്തരം കണ്ടെത്തിയതിന്റെ ആനന്ദം. പക്ഷേ അത് നീണ്ടു നിന്നില്ല. അടുത്തിരുന്ന സുഹൃത്ത് എന്നെ തോണ്ടി. ‘ധന്യാ, എഴുതിയോ?’ എന്നു ചോദിച്ചു. അഭിമാനപൂർവം ഞാൻ ചോദ്യം കാണിച്ചു. ‘ഏയ് വേറെ എന്തോ ആണ് ചോദിച്ചത്. ശരിക്ക് കേൾക്കാൻ പറ്റിയില്ല. ‘ ഞാൻ ചോദ്യം വെട്ടി.
സെമിനാർ എടുക്കാൻ വന്ന ചേച്ചി ചോദ്യം ആവർത്തിച്ചു. പക്ഷേ എനിക്ക് കേൾക്കാൻ സാധിച്ചില്ല. ഇത്തവണ ധൃതി പിടിച്ചെഴുതുന്ന എന്റെ സുഹൃത്തിന്റെ പേപ്പറിലേക്ക് ഞാൻ എത്തി നോക്കി.
ചോദ്യം ഒന്ന്. ‘എന്താണ് ഹോണ്ട ?’
എന്തോ പന്തികേട് തോന്നിയ ഞാൻ അതിനപ്പുറത്തുള്ളയാളുടെ പേപ്പറിലേക്ക് എത്തിനോക്കി. അവിടെയും അതു തന്നെ ചോദ്യം. പിന്നെ ഒട്ടും അമാന്തിച്ചില്ല. ചോദ്യം എഴുതി. ശരിക്കുള്ള ചോദ്യം ‘എന്താണ് കോണ്ടം?’ എന്നായിരുന്നു. പക്ഷേ എന്റെ ചോദ്യം അതല്ലല്ലോ. ചോദ്യം ഉന്നയിക്കുന്ന ആളുടെ ഉദ്ദേശമോ ചോദ്യമോ എന്ത് തന്നെയാവട്ടെ, നമ്മൾ മനസിലാക്കിയ ചോദ്യത്തിനാണ് നാം ഉത്തരം കൊടുക്കുക. ഹീറോ ഹോണ്ടയുടെയും കൈനറ്റിക് ഹോണ്ടയുടെയും പരസ്യങ്ങൾ മനസ്സിൽ ധ്യാനിച്ച് ഞാൻ ഉത്തരം എഴുതി. ആരുടേയും പേപ്പറിൽ എത്തിനോക്കാതെ. ആ ചോദ്യത്തിന് മാത്രം അല്ല. താഴെ കൊടുത്തിരിക്കുന്ന, ചോദിച്ച ബാക്കി മൂന്ന് ചോദ്യങ്ങൾക്ക് കൂടി.
ചോദ്യം രണ്ട്. നിങ്ങൾ ഹോണ്ട കണ്ടിട്ടുണ്ടോ?
ചോദ്യം മൂന്ന്. എന്താണ് ഹോണ്ടയുടെ ഉപയോഗം?
ചോദ്യം നാല്. എങ്ങനെയാണ് ഹോണ്ട ധരിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ?
അവസാനത്തെ ചോദ്യം എന്നെ കുറച്ച് അങ്കലാപ്പിലാക്കിയെങ്കിലും ഉദ്ദേശിച്ചത് ഹെൽമെറ്റ് തന്നെ എന്നുറപ്പിച്ച് അതിനും കൂടെ വിജയകരമായി ഉത്തരം എഴുതി പേപ്പർ തിരിച്ചു കൊടുത്തു. ഒരു എയ്ഡ്സ് ബോധവത്കരണ ക്ലാസ്സിൽ ‘ഹോണ്ടയുടെ’ പ്രാധാന്യം എന്തെന്ന് ചിന്തിക്കാനുള്ള സമയം പാഴാക്കിയില്ല എന്നു പറയുന്നതിനേക്കാളും, വല്ലപ്പോഴും ക്രിക്കറ്റ് കളിയുടെ ഇടക്ക് വരുന്ന, തലതാഴ്ത്തിയിരുന്ന് ഒഴിവാക്കുന്ന കോണ്ടത്തിന്റെ പരസ്യത്തിലേക്ക് മനസ്സ് എത്താൻ പ്രയാസമായിരുന്നു എന്നു പറയുകയാവും നല്ലത്.
കറന്റ് വന്നു. അവരുടെ സംസാരത്തിന് വ്യക്തതയും. കിട്ടിയ പേപ്പറുകൾ കുറച്ചെണ്ണം ധൃതിയിൽ മറച്ചു നോക്കിയ ശേഷം അവർ വിഷയത്തിലേക്ക് കടന്നു. ‘എയ്ഡ്സ് എന്ന മഹാവ്യാധിയുടെ പകർച്ച തടയാനായി കേന്ദ്രതലത്തിൽ രൂപീകരിച്ച സംഘടനയുടെ പ്രവർത്തങ്ങളുടെ ഭാഗമായാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. എയ്ഡ്സ് പകരുന്നതിന് പല മാർഗങ്ങളുണ്ട്. അതിൽ ഒന്ന് ‘അൺപ്രോട്ടക്റ്റഡ് സെക്സ്’ ആണ്. ഞങ്ങൾ കോണ്ടത്തിന്റെ ഉപയോഗത്തെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുകയാണ് സുപ്രധാനമായും ചെയ്യുന്നത്. അതിനെക്കുറിച്ച് പറയണമെങ്കിൽ നിങ്ങൾക്ക് എത്രത്തോളം സെക്സ് എന്ന വിഷയത്തെക്കുറിച്ച് ഗ്രാഹ്യം ഉണ്ടെന്നറിയാനാണ് ചോദ്യങ്ങൾ തന്നത്. നിങ്ങളുടെ ഉത്തരങ്ങളിൽ നിന്നും മനസ്സിലായത് വളരെകുറച്ച് പേർക്കേ ഈ വിഷയത്തെക്കുറിച്ച് എന്തെങ്കിലും അറിവുള്ളൂ എന്ന് മനസ്സിലായി.’ തുടർന്ന് ഹെഡ്മിസ്ട്രെസ്സിനോട് ഒരു അപേക്ഷയും. പതിനഞ്ചു വയസ്സ് എന്നത് ലൈംഗികവിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകാൻ വൈകിയ സമയം ആണെന്നും, അതിനായി ഒരു ക്ലാസ്സ് സ്കൂളിൽ തന്നെ നടത്താൻ മുൻകൈ എടുക്കണം എന്നും.
തീർച്ചയായും അവർ വായിച്ചു നോക്കിയ ഒരു ഉത്തരക്കടലാസ് എന്റേത് തന്നെയാവണം. പക്ഷേ എന്നെപോലെ വേറെയും ഒരുപാട് പേരുണ്ടായിരുന്നു എന്ന് വ്യക്തം. ഏതായാലും അവരുടെ നിർദേശം ഗൗരവമായിത്തന്നെ കണ്ട ഞങ്ങളുടെ ഹെഡ്മിസ്ട്രെസ്സ്, കാര്യസാധ്യത്തിനായി ബയോളജി ടീച്ചറെ നിയോഗിച്ചു. ടീച്ചർ പറഞ്ഞതും ഞങ്ങൾക്ക് അറിയുന്നതും തമ്മിലുള്ള വ്യത്യാസത്തിന്റെ അന്തരം ഒരു പൊടിയെങ്കിലും നികത്താൻ സമയം കുറച്ചധികം തന്നെ ചിലവഴിക്കേണ്ടി വന്നു. ഏതായാലും വിലക്കപ്പെട്ട വിലമതിക്കുന്ന അറിവുകൾ അന്ന് എന്നെത്തേടിയെത്തി. പക്ഷേ, അടുത്തിടെ ഏഴാം ക്ലാസുകാരനായ എന്റെ മകൻ അപ്രതീക്ഷിതമായി, ‘പീരിയഡ്സ് എന്നു പറഞ്ഞത് ഒരു അസുഖമാണോ?’ എന്ന് ചോദിച്ചപ്പോൾ, പെട്ടന്ന് ഉത്തരം നൽകാൻ എനിക്ക് സംശയിക്കേണ്ടി വന്നു. കാരണം, വലിയ ആളുകളോട് കാര്യങ്ങൾ വിശദീകരിക്കുന്നത്ര എളുപ്പമല്ല ഒന്നുമറിയാത്ത കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ച് കൃത്യമായ ഒരുത്തരം നൽകുക എന്നുള്ളത്, പ്രത്യേകിച്ചും വലുതായിക്കൊണ്ടിരിക്കുന്നു എന്ന് നമ്മുടെ മനസ്സ് അംഗീകരിക്കാത്ത, സ്വന്തം മക്കളോട്. പക്ഷേ, ആ പ്രായത്തിൽ കുട്ടികൾ എന്തറിയണം എങ്ങനെയറിയണം എന്നത് മുതിർന്നവർ അവരുടെ ഉത്തരവാദിത്തം എങ്ങനെ നിർവഹിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്.
കാലം മാറി, സാങ്കേതിക വിദ്യയുടെ പുരോഗതിയും മാതാപിതാക്കളുടെ കാഴ്ചപ്പാടുകളിലുള്ള വ്യത്യാസവും, തുറന്നു സംവദിക്കാനുള്ള മനോധൈര്യവും ഇന്നത്തെ കുട്ടികളെ കഴിഞ്ഞ തലമുറയിൽ നിന്നും വ്യത്യസ്തരാക്കുന്നുവെങ്കിലും ശാസ്ത്രീയവും, ശരിതെറ്റുകളെ വേർതിരിച്ചറിയിക്കുകയും ചെയ്യുന്ന തരത്തിലുള്ള ലൈംഗികവിദ്യാഭ്യാസം അവരുടെ മൗലികഅവകാശമാണ്.
ലൈംഗികാതിക്രമങ്ങൾക്ക് പ്രായം ബാധകമാവാത്ത ഈ കാലഘട്ടത്തിൽ, ഏതു പ്രായത്തിൽ കുട്ടികൾ എന്തറിയണം എന്നുള്ളതിന് എന്താണ് മാനദണ്ഡം എന്ന് ഇപ്പോഴും സംശയമാണ്. പറഞ്ഞറിയിച്ചാൽ പോലും മനസ്സ് ആ അറിവ് ഉൾക്കൊള്ളാൻ പ്രാപ്തി കൈവരിക്കേണ്ടതുണ്ട്. ആർത്തവചക്രം തുടങ്ങിയത് കൊണ്ട് മാത്രം ഒരു പെൺകുട്ടിയിലും തന്റെ ശരീരം എന്ന മഹാത്ഭുതത്തെക്കുറിച്ച് ബോധവതിയാകുന്നില്ല. അവളക്കുറിച്ചുള്ള ഒരു ആൺകുട്ടിയുടെ കൗതുകം ഉണരാതിരിക്കുന്നുമില്ല. സ്വയം അറിയുകയും മറുവിഭാഗത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ഒരു ലൈംഗികവിദ്യാഭ്യാസം കുട്ടികൾക്ക് നൽകുക എന്നത് വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും രക്ഷിതാക്കളുടെയും, പ്രയാസമേറിയതെങ്കിലും, വലിയ ഒരു കടമയാണ്.