ഫ്രൈഡേസീരീസ്-18 : First Kiss

പ്രണയനിർഭരമായ ആദ്യചുംബനം പോലെ അനശ്വരമായത് ഒരു ജന്മത്തിൽ മറ്റെന്താണുള്ളത്? പക്ഷേ, നമ്മുടെ സംസ്കാരം ആദ്യചുംബനത്തിനല്ല അന്ത്യചുംബനത്തിനാണ് പ്രാധാന്യം നൽകുന്നത്. ചുംബനം എന്നോർത്താൽ പൊതുവെ എല്ലാവരുടെയും മനസ്സിലേക്ക് ഓടിവരിക ഇംഗ്ലീഷ് സിനിമ തന്നെയാണ്. വിശുദ്ധമായ ദേവാലയത്തിന്റെ തുറന്നിട്ട വാതിലുകൾക്കുള്ളിൽ സർവേശ്വരനെയും അതിഥികളെയും മുൻ നിർത്തി, ഒരു ചുംബനത്തിൽ തുടങ്ങുന്ന ഒന്നിച്ചുള്ള ജീവിതയാത്ര പോലെ മനോഹരമായ ഒരു രംഗവും മനസ്സിലേക്ക് കടന്ന് വരില്ല. ഒരു ജനത ചുംബനത്തിലൂടെ പ്രണയത്തിന്റെ ആഴത്തെ അളന്നു പങ്കാളിയെ സ്വീകരിക്കുമ്പോൾ, തമ്മിൽ കാണാതെയും കവടി നിരത്തിയുമാണ് മറ്റൊരു വിഭാഗം ഇന്നും ആത്മബന്ധങ്ങളുറപ്പിക്കുന്നത്.

ടെലിവിഷൻ സ്‌ക്രീനിൽ രണ്ടുപേർ ചുംബിച്ചാൽ തലതാഴ്ത്തിയിരിക്കുന്ന സമയം കടന്ന് ഞാൻ പ്രതിശ്രുത വധുവായി മാറിയ കാലം. ക്യൂരിയോസിറ്റിയും കുരുത്തക്കേടും കൂടപ്പിറപ്പുകൾ ആയത് കൊണ്ട്, പുത്തൻ ആശയങ്ങൾക്കോ അനുഭവവൈവിധ്യങ്ങൾക്കോ പഞ്ഞമുണ്ടായിട്ടില്ല. പ്രണയവും നൈരാശ്യവും, പിന്നെയും പ്രണയവും പോയിവന്നിട്ടും, പക്ഷേ ആദ്യചുംബനം എന്ന ആശയം അപ്പോഴും എന്നിൽ നിന്നും വളരെ അകന്നു തന്നെ നിന്നു. ‘എന്നിൽ നിന്നും’ എന്ന് പറയുന്നതിൽ വലിയ പ്രത്യേകതയൊന്നും ഇല്ല, വളർന്ന സമൂഹമോ, സാഹചര്യങ്ങളോ ഇമാജിനേഷന്റെ കുറവോ ആകാം ചുംബനത്തോട് പ്രത്യേകിച്ച് ഒരു അനുഭാവമോ വിരോധമോ നിലനിന്നിരുന്നില്ല എന്ന് പറയുന്നതാവും ശരി.

വിവാഹത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കേ പെട്ടന്നൊരു സുമുഹൂർത്തത്തിൽ ഉണ്ടായ ഒരു തോന്നലാണ്. എനിക്കൊന്നു ചുംബിച്ചേ തീരൂ. അതും ഇംഗ്ലീഷ് സിനിമയിൽ കാണുന്നത് പോലെ ഒരു സ്വർഗ്ഗകവാടത്തിലേക്കുള്ള ടിക്കറ്റ് പോലെയുള്ള ഒരു ചുടുചുംബനം. ഒരു ചുംബനത്തിൽ എന്തോ ഒളിച്ചിരിപ്പുണ്ടെന്ന തോന്നലാവാം, അത്‌ കണ്ടുപിടിക്കാൻ ഇറങ്ങിത്തിരിക്കാനായി എന്നെ പ്രേരിപ്പിച്ചത്. അഭീഷ്ട സിദ്ധി കൈവരിക്കാൻ പ്രതിശ്രുത വരനെ സമീപിച്ചു. കേരളത്തിനകത്തു മാത്രം വിദ്യാഭ്യാസജീവിതവും ജോലിയും ചെയ്ത, കേരളീയ കുടുംബജീവിതത്തിന്റെ
കീഴ് വഴക്കങ്ങൾ കണ്ടുശീലിച്ച ആ പാവത്തിന് ഒരു ഔട്ട്‌ ഓഫ് സിലബസ് ചോദ്യപ്പേപ്പർ കിട്ടിയ പോലെയായി. ‘അല്ലാ, കല്യാണത്തിന് ഒരു മാസം അല്ലേ ഉള്ളൂ ബാക്കി. കഴിഞ്ഞിട്ട് പോരെ? ‘ തമാശകലർന്ന ഒരു ചോദ്യത്തിൽ എന്നെ പെട്ടന്ന് നിരാശപ്പെടുത്താനുള്ള മൂഢമായ ശ്രമം.

ഇംഗ്ലീഷ് സിനിമകളും മണിപ്പാൽ സന്ദർശനങ്ങൾക്കിടയിൽ വഴിയരികിലെ പരസ്യ ആലിംഗനങ്ങളും കണ്ടു ശീലിച്ച എന്നെ പിന്തിരിപ്പിക്കാൻ അത് അപര്യാപ്തം. ‘പോരാ… ഫസ്റ്റ് കിസ്സ് കല്യാണം കഴിയുന്നതിനു മുൻപ് കിട്ടിയേ തീരൂ. അതിലല്ലേ ത്രില്ല്. എനിക്ക് ചില നേരത്ത് ആവേശം കുറച്ച് കൂടുതൽ ഉണ്ടെന്നു കരുതിക്കോ. എന്താ പേടിയാണോ? ആണെങ്കിൽ വിട്ടേക്ക്.’ ഒരു പുരുഷനെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കണമെന്നുണ്ടെങ്കിൽ, Just hurt his ego. അതൊരു വളരെ പ്രാക്ടിക്കലായ തിയറി ആണ്, പക്ഷേ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതും.

പവർകട്ട്‌ അനുഗ്രഹിച്ച ഒരു ഇരുണ്ട സായാഹ്നത്തിൽ ആദ്യചുംബനം എന്ന എന്റെ സ്വപ്നം യാഥാർഥ്യമായി. ഹൃദയസ്തംഭനം വരാതെ, സമയത്തിന് സ്തംഭനം സംഭവിച്ച നിമിഷം. സംഭവിച്ചു. അത്രത്തന്നെ. അതിനെക്കുറിച്ച് അന്ന് സംസാരം ഉണ്ടായില്ല. രണ്ടു ടെലിഫോണുകൾ ഞങ്ങളുടെ അധരങ്ങളെ പിറ്റേന്ന് വീണ്ടും അടുപ്പിച്ചപ്പോൾ, മറുതലയ്ക്കൽ നിന്നും ആദ്യം ഉതിർന്നത് കൃത്യനിർവഹണത്തിൽ വിജയിക്കപ്പെട്ട ഒരാളുടെ അഹങ്കാരം കലർന്ന ചോദ്യമാണ്.

‘എന്താ ഇപ്പൊ ഒന്നും പറയാനില്ലേ. തീർന്നില്ലേ നിന്റെ ആവേശം?

‘ഉം………… ‘ പറയാൻ വാക്കുകൾ കിട്ടാതെ ഞാൻ പരതി. പറയാൻ വാക്കുകൾ കിട്ടാത്തപ്പോൾ നിശബ്ദത പാലിക്കുകയാണ് ഉചിതം എന്ന വേദവാക്യം എന്നിൽ കടാക്ഷിക്കാറില്ല പലപ്പോഴും. ബ്രെയിൻ – മൗത്ത് ഫിൽറ്റർ എന്ന നാവിന്റെ സംസാരത്തെ അരിച്ചെടുക്കുന്ന അദൃശ്യ ഉപകരണത്തിന് കേട് സംഭവിച്ചാൽ, സംവാദങ്ങൾ ‘ദുരന്തം’ എന്ന് മാത്രം വിളിക്കാനാവുന്ന ഒന്നായിത്തീരും എന്ന ബോധ്യം ഉള്ളത് കൊണ്ട് ഞാൻ എന്ത് പറയണം എന്ന് നന്നായി സമയമെടുത്ത് ആലോചിക്കുകയാണ്.

‘എന്താ, ഇപ്പൊ ഒന്നും പറയാനില്ലേ? ‘ ആകാംക്ഷാഭരിതവും പരിഹാസത്തിന്റെ ചുവകലർന്നതും, എന്ന് എനിക്ക് തോന്നിയ ചോദ്യം എന്നെ പ്രകോപിപ്പിച്ചു. എന്നിലെ ഹരിശ്ചന്ദ്രൻ ഉണർന്നു.

‘പറയാനില്ലേ എന്ന് ചോദിച്ചാൽ പറയാനുണ്ട് ‘ വളരെ സത്യസന്ധമായ എന്റെ മറുപടി.

‘എന്താ?’ വീണ്ടും. ആകാംക്ഷാഭരിതമായ ചോദ്യം

‘എനിക്കിഷ്ടപ്പെട്ടില്ല ‘ ഞാൻ സത്യമേ പറയൂ.

‘ഇ..ഷ്ട…പ്പെട്ടില്ല എന്ന് വെച്ചാൽ? ‘ ചോദ്യത്തിലെ പരിഹാസം അലിഞ്ഞില്ലാതെയായി. ആകാംക്ഷ മാത്രം.

‘ഇംഗ്ലീഷ് സിനിമയിലൊക്കെ കണ്ടപ്പോൾ ഞാൻ കരുതിയത് ഇത് വളരെ രസകരമായ ഒരു അനുഭവം ആണെന്നാണ് ‘ തീർച്ചയായും എന്റെ പ്രതീക്ഷയും അതായിരുന്നു. പ്രതീക്ഷകൾ അസ്ഥാനത്ത് നിർബന്ധിച്ച് യാഥാർഥ്യമാക്കാൻ ശ്രമിച്ചാൽ വിപരീതഫലം ഉണ്ടായേക്കാം.

‘പിന്നെ, ഇപ്പൊ എങ്ങനെയാ തോന്നുന്നത് ‘ ക്രിയാത്മകമായ ഒരു കർമ്മത്തിന്റെ പ്രതികരണം കാത്ത് ഒരാൾ.

‘വായിൽ പശു നക്കിയത് പോലെ ഒരു ഫീൽ.’ എന്നെ മുൻപ് പശു നക്കീട്ടില്ല. അങ്ങനെ ഒരുപമ ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതും അല്ല. പക്ഷേ, എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു. വാ വിട്ട വാക്ക്. പറഞ്ഞത് സത്യമായത് കൊണ്ട് ഞാൻ എന്നോട് ക്ഷമിച്ചു.

പിന്നീട് ചോദ്യങ്ങളും ഉത്തരങ്ങളും അതിനെക്കുറിച്ച് സംവാദങ്ങളും ഉണ്ടായില്ല.
ആദ്യചുംബനം ദുരന്തമായത് കൊണ്ടും വധുവിന് ‘എന്തുസിയാസം’ കൂടുതൽ ആയത് കൊണ്ടും, പ്രതിശ്രുതവരൻ ചുംബിക്കാൻ പഠിക്കാനായി വിവാഹത്തിന് മുൻപ് ഒരു മാസത്തെ ക്രാഷ് കോഴ്‌സിന് ചേർന്നിട്ടുണ്ടാവണം. ഞാൻ അന്വേഷിച്ചിട്ടില്ല. എന്റെ ചുംബനപ്രതീക്ഷകൾ പൊലിഞ്ഞുമില്ല. വിവാഹപ്രായമെത്തിയിട്ട് ചുംബിക്കാൻ അറിയാതെ പോയത് ഒരു തെറ്റല്ല. എല്ലാ കർമ്മവും കലയാണ്. ചുംബനവും, പക്ഷേ നൈപുണ്യത്തിനു പ്രാധാന്യമില്ലാത്ത കല. ചുംബിക്കുന്ന, ചുംബിക്കപ്പെടുന്ന മനസ്സാണ് പ്രധാനം. പ്രണയത്തോടെ ചുംബിക്കപ്പെടാത്ത മനസ്സിന്റെ ഉടമ, നീര് വറ്റിയ ഉറവ പോലെയായിത്തീരുന്നു.

പാശ്ചാത്യരോട് അതിയായ ബഹുമാനം തോന്നുന്ന ഒരു വിഷയം അതാണ്‌, മനസ്സിൽ കടന്നു വരുന്ന നിർമ്മലമായ സ്നേഹം എന്ന വികാരത്തെ പ്രകടിപ്പിക്കാൻ അവർ മനസ്സിന് സ്വാതന്ത്ര്യം കൊടുക്കുന്നു. ചുംബനത്തിന്റെ കെമിസ്ട്രി എന്തു തന്നെയായാലും, മനസറിഞ്ഞു ഇണയെ ചുംബിക്കാത്തവർക്ക് ചുംബനം ഒരു കൗതുകവും, ചുംബിച്ചവർക്ക് അത് ജീവിതത്തിന്റെ ആസ്വാദ്യതയുടെ പാരമ്യതയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലും ആവും. ഒരാളുടെ മനസ്സിന്റെ വാതിൽ അയാളുടെ വയറ്റിലാണെന്ന മിഥ്യയെ പറഞ്ഞു വിശ്വസിപ്പിക്കാതിരുന്നാൽ മാത്രം മതിയാവും മനുഷ്യന്റെ ജീവിതം ഉണർവുള്ളതാവാൻ. കാരണം, ഒഴുക്കിയ കണ്ണീരിനെയോ വിയർപ്പിനെയോ ഒപ്പാൻ കറിയിലെ ഉപ്പിനല്ല, ഒരു ചുംബനത്തിന്റെ മധുരത്തിനാണ് കഴിയുക. അതിൽ ഏറ്റവും മനോഹരമായ സ്മരണ പ്രണയം പുരണ്ട ആദ്യചുംബനം തന്നെയാവും.

P. S – പ്രണയത്തിന്റെ അനശ്വരതയെ ഒരു ചുംബനത്തിൽ കോർത്ത്, ‘ചുംബിച്ച ചുണ്ടുകൾക്ക് വിട.’ എന്നെഴുതിയ പി.പദ്മരാജൻ എന്ന മഹാപ്രതിഭയെ നമിക്കുന്നു.

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്