ഫ്രൈഡേസീരീസ് – 12 : ബെസ്ററ്ഫ്രണ്ട്

പറഞ്ഞറിയിക്കാനും പറയാതെ അറിയാനും സൗഹൃദം പോലെ മികവുറ്റ മറ്റൊരു ബന്ധവും ഭൂമിയിലില്ല. ഒരു വ്യക്തിയുടെ ചായംതേക്കാത്ത മുഖം തെളിയുന്ന കണ്ണാടിയാണ് ഒരു നല്ല സുഹൃത്ത്. കാലമെത്ര കഴിഞ്ഞാലും, ഇന്നലെ കണ്ടു പിരിഞ്ഞതുപോലെ, പൊടിപിടിക്കാത്ത ചില സൗഹൃദങ്ങളുണ്ട്. മനസ്സിന്റെ മാനത്തത് കാറ്റു തട്ടിച്ചിതറാത്ത മേഘങ്ങളെപ്പോലെ എന്നും നിലനിൽക്കും.

സ്വാതന്ത്ര്യബോധത്തിന്റെ കാറ്റ് ശക്തിയായി വീശിത്തുടങ്ങിയ, കണ്ണിൽ കരിമഷിയോ നെറ്റിയിൽ വട്ടപ്പൊട്ടോ ഇല്ലാത്ത, ജീൻസും ഷർട്ടും എന്നു വേണ്ട, പുതുമയുള്ള എന്തും ധരിച്ചിരുന്ന, കയ്യിലും കഴുത്തിലും സ്റ്റീൽ ചങ്ങലകളും, വിരലുകളിൽ നിറയെ സ്റ്റീൽ മോതിരങ്ങളും, നഖങ്ങളിൽ ഡ്രസ്സിന്റെ നിറത്തിനൊത്ത് കറുപ്പും, മഞ്ഞയും, നീലയും, പച്ചയും നിറങ്ങൾ വർണ്ണവിസ്മയം തീർത്തിരുന്ന ആർഭാടകരമായ പ്രീഡിഗ്രിക്കാലം. മീഞ്ചന്ത ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അവസാന പ്രീഡിഗ്രി ബാച്ചിൽ എന്റെ ആദ്യ കോളേജ് കലോത്സവത്തിന്റെ പ്രാക്ടീസ് സമയം. സിനിമാറ്റിക് ഡാൻസ് ലഹരിയായി സിരയിലൊഴുകുന്ന ആ കാലഘട്ടത്തിൽ, ഗ്രൂപ്പുകളുടെ വാശിയേറിയ നൃത്തപരിശീലനങ്ങൾക്കിടയിലെപ്പോഴോ ആണ് ഞാൻ ഷെജ്ജുവിനെ പരിചയപ്പെടുന്നത്. അന്ന് ഞാൻ സുഹൃത്തല്ല, ആരാധികയാണ്. ഞാൻ പ്രീഡിഗ്രി ഫസ്റ്റ് ഇയർ സെക്കന്റ്‌ ഗ്രൂപ്പ്‌. ഷെജ്ജു ഡിഗ്രി ഫസ്റ്റ് ഇയർ, കോമേഴ്‌സ്. ഡാൻസ് പ്രാക്റ്റീസുകള്ക്കിടയിൽ കിളിർത്ത സൗഹൃദം. എന്റെ കലാപരിപാടികൾ ടാലെന്റ്സ് ഡേയിലും കോളേജ് ഡേയിലും ഒതുങ്ങിയപ്പോൾ അവരുടെ ടീം തുടർച്ചയായി കോളേജിലും പുറത്തും ഒക്കെ പങ്കെടുത്തുകൊണ്ടിരുന്നു. ബിസോൺ, ഇന്റർസോൺ, മാതൃഭൂമി കലോത്സവം, എക്സ്റ്റസി… അങ്ങനെ വിവിധ പേരുകളിൽ കോളേജ് ഓഡിറ്റോറിയത്തിൽ പ്രാക്റ്റീസുകൾ നടന്നു കൊണ്ടേയിരുന്നു. ഞാൻ സ്ഥിരം കാഴ്ചക്കാരിയും.

സ്വന്തം ക്ലാസ്സിൽ നിന്ന് പുറത്തിറങ്ങിയാൽ പിന്നെയുള്ള ലക്ഷ്യം ഫസ്റ്റ് ഇയർ കോമേഴ്‌സ് ക്ലാസ്സ്‌ ആയിരുന്നത് കൊണ്ട്, ആ ക്ലാസ്സിലുള്ള മിക്കവർക്കും ഞങ്ങളുടെ സൗഹൃദവും സുപരിചിതം. മാറ്റങ്ങൾ ഏറെ ഉണ്ടായി ആ സൗഹൃദത്തിന്റെ നിഴലിൽ. ഉച്ചയ്ക്ക് ചോറ്റുപാത്രക്കിലാക്കി വീട്ടിൽ നിന്ന് ചോറ് കൊണ്ടുപോകുന്ന എന്റെ ശീലം മാറി, സൗഹൃദത്തിന്റെ മധുരത്തോടൊപ്പം നാസർക്കായുടെ ക്യാന്റീനിലെ നെയ്‌വടയും, സമൂസയും ലൈംസോടെയും പതിവാക്കിയതും, ഗ്യാലറി ക്ലാസ്സിന്റെ ജനാലയ്ക്ക് പുറത്ത് നിന്ന് കൈകാണിച്ചാൽ ക്ലാസ്സ്‌ കട്ട്‌ചെയ്തു പുറത്തിറങ്ങുന്നതും, ഒരാണിന് കൈകൊടുത്താൽ കൊടുത്താൽ അലിഞ്ഞുപോവില്ല എന്നറിഞ്ഞതും, ആഴത്തിലുള്ള പെൺസൗഹൃദങ്ങൾ പോലെ തന്നെ, ഒന്നും പ്രതീക്ഷിക്കാതെ വെറുതെ കൂടെ നടക്കാൻ ഒരാണും പെണ്ണും തമ്മിലുള്ള സൗഹൃദത്തിനും കഴിയും എന്ന തിരിച്ചറിവും തന്ന ആ സൗഹൃദത്തിന്റെ സംഭാവനകൾ എന്റെ ജീവിതത്തിലെ എല്ലാ നല്ല സൗഹൃദങ്ങൾക്കുമൊരു വഴികാട്ടിയായിരുന്നു, പക്ഷേ ചില സൗഹൃദങ്ങളിൽ അതൊരു അമിതപ്രതീക്ഷയും.

പ്രീഡിഗ്രിയുടെ അസ്തമനമെടുത്ത, ഏതോ ഒരു വൈകുന്നേരം, കോളേജിന് മുൻപിലുള്ള ഒരു കൂൾബാറിലേക്ക് ഷെജ്ജു വിളിച്ചപ്പോൾ, അന്നും എന്റെ നിയന്ത്രണരേഖയ്ക്ക് സ്വീകാര്യമായ ഒരു കാര്യമായിരുന്നില്ല അത്‌. പക്ഷേ, എന്റെ ദൗർബല്യങ്ങൾ എല്ലാം അറിയുന്ന എന്റെ സുഹൃത്തിന് എന്നെ സമ്മതിപ്പിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പക്ഷേ, കഴിച്ച ചോക്ലേറ്റ് മിൽക്ക്ഷേക്കിനോടൊപ്പം ഒരു ഉപദേശവും. ‘I respect the limits you keep for yourself. പക്ഷേ, നിയന്ത്രണരേഖ ഇത്ര ഉയർത്തിക്കെട്ടേണ്ട കാര്യമില്ല. അതിനപ്പുറത്ത് കണ്ടാസ്വദിക്കേണ്ട ഒരു ലോകം ഉണ്ട്. നിയന്ത്രണരേഖ നിലനിന്നാലും കാണാവുന്ന ലോകം.’ ആ ചോക്ലേറ്റ് മിൽക്ക്ഷേക്ക് എന്റെ നിയന്ത്രണരേഖയുടെ നിയമാവലികൾ തിരുത്തിയെഴുതി.

ആ മനോഹരമായ പ്രീഡിഗ്രി കാലഘട്ടം കടന്നു പോകുമ്പോഴും എന്റെ മനസ്സിൽ ഞങ്ങളുടെ സൗഹൃദത്തെക്കുറിച്ച് ഒരു ചോദ്യം ബാക്കിയുണ്ടായിരുന്നു. ഈ സൗഹൃദം എനിക്ക് പ്രിയപ്പെട്ടതായിരുന്നത് പോലെ ഷെജ്ജുവിന് പ്രിയപ്പെട്ടതായിരുന്നോ എന്ന്. എന്റെ മറ്റു സൗഹൃദങ്ങൾ പോലെ അവിടെ മുഖ്യശ്രോതാവ് ഞാനായിരുന്നില്ല, മറിച്ച് ഷെജ്ജുവായിരുന്നു. മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് പറയാനുള്ള സ്വാതന്ത്ര്യവും സമയവും അവർക്ക് തന്നെ വിട്ടുകൊടുക്കുക എന്ന എന്റെ കാഴ്ചപ്പാട്, ഒരു നല്ല സൗഹൃദത്തിന്റെ ഒന്നരവർഷക്കാലം പിന്നിട്ടപ്പോഴും എന്നെ ഒരു ബ്ലാങ്ക് പോയിന്റ്‌ലാണ് കൊണ്ടു നിർത്തിയത്. പക്ഷേ, കൂടെ നടന്ന ഒന്നര വർഷത്തേക്കാൾ, ഞങ്ങൾ പിരിഞ്ഞ, അല്ല, കോളേജിൽ നിന്നും ഞാൻ ഇറങ്ങിയ ആ ദിവസമാണ് ആ സൗഹൃദത്തിന്റെ ആഴം മനസ്സിലാക്കി തന്നത്.

അവസാനദിവസം ആർട്സ് കോളേജിന്റെ മുൻപിലെ തണൽമരങ്ങൾക്കടിയിലെ ബെഞ്ചിൽ ഇരുന്നുള്ള ആ സംസാരം, ഏറ്റവും അടുത്ത സൗഹൃദത്തിന്റെ തിരിച്ചറിവ് മാത്രമല്ല, ജീവിതത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളാൻ പഠിച്ചുതുടങ്ങേണ്ടതിന്റെ ആവശ്യകത ജീവിതം അറിയിച്ചു തുടങ്ങിയത് അന്നാവണം. ‘നിനക്ക് ഇവിടെ വല്ല ഡിഗ്രിക്കും ചേർന്നാൽ പോരായിരുന്നോ? എന്റെ കൺവെട്ടത്ത് നിന്നും നീ പോവുന്നത് തന്നെ എനിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇത്രെയും ഫ്രണ്ട്‌സ് ഉണ്ടായിട്ടും ഈ ഒന്നര വർഷം നിന്നെ കൂടെ കൊണ്ടു നടന്നത് എന്തിനായിരുന്നു എന്നറിയുമോ? ‘ അതിനൊരു ഉത്തരം പ്രതീക്ഷിച്ചിരുന്നെങ്കിലും, അങ്ങനെ ഒരു ചോദ്യം അപ്രതീക്ഷിതമായിരുന്നത് കാരണം എനിക്ക് പറയാൻ ഉത്തരം ഉണ്ടായില്ല.

‘നിന്നെ പരിചയപ്പെടുമ്പോൾ, വളരെ ബോൾഡ് ആയ പച്ചപരിഷ്ക്കാരിയാണെന്നാ ഞാൻ കരുതിയത്. പക്ഷേ, എന്റെ ജഡ്ജ്മെന്റ് രണ്ടു ദിവസം കൊണ്ട് തെറ്റി. ഒരുപാട് സ്നേഹത്തിനിടയിൽ ലോകം കാണാതെ, ഒരു അണുകുടുംബത്തിൽ വളർന്നത് കൊണ്ടാവാം, നിനക്ക് സ്വയം തീർത്ത ഒരു നിയന്ത്രണരേഖകളുണ്ടെങ്കിലും , പക്ഷേ, പെൺകുട്ടികൾക്ക് ഇത്രെയും ഇന്നസെസ് നല്ലതല്ല. നിന്നോട് അടുക്കുന്ന എല്ലാവരും എന്നെപ്പോലെ ആവില്ല. എവിടെ പോയാലും ആരും നിന്നെ ഒരു തരത്തിലും, മുതലെടുക്കാൻ അനുവദിച്ചു കൊടുക്കരുത്. ‘Learn to say ‘No’. അതിന് മറ്റുള്ളവർ എന്ത് വിചാരിക്കും എന്നൊരിക്കലും കരുതരുത്. നീ നിന്നെ സംരക്ഷിക്കുക. ഇപ്പൊ നിനക്ക് അത്‌ അറിയില്ല, കാരണം നിനക്ക് ലോകം മൊത്തം നല്ലതാണ്. ഇപ്പൊ നീ ഒരു ചില്ലുകൂട്ടിൽ ഇട്ടു സൂക്ഷിക്കേണ്ട ഒരു ‘സ്പീഷീസ്’ ആണ്. അതാണ് ഞാൻ ചോദിച്ചതിനുള്ള ഉത്തരവും. ‘

ഷെജ്ജു അന്ന് ചോദിച്ച ചോദ്യവും പറഞ്ഞ ഉത്തരവും ഏതൊരു പെൺകുട്ടിയുടെ എന്നല്ല, ഏതൊരു ആൺകുട്ടിയുടെ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടതാണ്. അച്ഛനോ, അമ്മയോ, സഹോദരങ്ങളോ പറഞ്ഞു തരാത്ത ഏറ്റവും വിലപ്പെട്ട ഉപദേശം തരാൻ, സൗഹൃദങ്ങളെ സംശയദൃഷ്ടിയോടെ നോക്കിയിരുന്ന ആ കാലഘട്ടത്തിലും, എനിക്ക് നല്ല ഒരു സുഹൃത്തുണ്ടായി. ആ പാഠത്തിലേക്കെത്താൻ കടന്ന കടമ്പകൾ ചെറുതായിരുന്നില്ലെങ്കിലും, കാറ്റും കോളും നിറഞ്ഞ ജീവിതത്തിൽ ഇത്ര ദൂരം പിന്നിടുമ്പോൾ നേടി എന്ന് അഭിമാനപൂർവ്വം പറയാൻ പറ്റുന്ന ഒരു കാര്യം ‘No’ പറയാൻ ഞാൻ പഠിച്ചു എന്നുള്ളതാണ്. സ്നേഹത്തിന് മുൻപിൽ ഒന്നും അടിയറവു വെക്കേണ്ടതില്ല എന്നത് ഏതൊരു മനുഷ്യനും ജീവിതം തന്നെ ബോധ്യപ്പെടുത്തിതരും.

കോളേജിൽ നിന്നും പിരിഞ്ഞിടത്ത് ഞങ്ങളുടെ സൗഹൃദം ശക്തിപ്പെടുകയാണ് ചെയ്തത്. ഞാൻ ഉഡുപ്പിയിൽ ആയുർവേദത്തിനു ചേർന്നപ്പോളേക്കും ഷെജ്ജു ദുബായിലെത്തി. ‘നിനക്ക് വലിയ കാര്യങ്ങൾ ഷെയർ ചെയ്യാൻ ആരുടേയും ആവശ്യമില്ല, ചെറിയ ചെറിയ കാര്യങ്ങൾ പറയാനാണ് എന്നെപ്പോലെ ഒരാള് വേണ്ടത്.’ ഞാനറിയാത്ത എന്റെ മുഖം ഞാൻ ആദ്യമായി കണ്ടു തുടങ്ങിയത് സൗഹൃദത്തിന്റെ ആ കണ്ണാടിയിലാണ്. ലാൻഡ്ഫോണും ലെറ്ററുകളും ഇമെയിലുകളും കാലത്തെയും ദൂരത്തേയും പിന്നിലാക്കി ഞങ്ങളുടെ സൗഹൃദം നിലനിർത്തി.
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ല് സാർത്ഥമാക്കുന്ന ഈ സൗഹൃദം ഇരുപത്തൊന്നു വർഷങ്ങൾ പിന്നിടുമ്പോഴും, തമ്മിൽ കണ്ടിട്ട് പതിനാലു വർഷം കഴിഞ്ഞെങ്കിലും, എതിർദിശയിലേക്കുള്ള ജീവിതങ്ങൾ സൃഷ്‌ടിച്ച ദൂരങ്ങൾക്കും അതീതമായി, ലോകത്തെ കണ്ണുതുറന്നു കാണാൻ പഠിപ്പിച്ച ഈ സുഹൃത്തിന്റെ സ്ഥാനം മനസ്സിൽ ഇന്നും അതുപോലെ നിലനിൽക്കുന്നു. A real bestfriend. അതു കൊണ്ടാവാം പലതും മറക്കാൻ പ്രേരിപ്പിക്കുന്ന മനസ്സ് ആ പ്രിയ സുഹൃത്തിന്റെ ജന്മദിനത്തിൽ കൃത്യമായി ഇന്നും റിമൈന്റെറുകൾ വരുന്നത്.
ഒരു നല്ല സൗഹൃദം മനസ്സിൽ നിറച്ച ഊർജ്ജത്തിന്റെ പ്രതിഫലനമാകാം, എന്നും നല്ല സൗഹൃദങ്ങൾ എന്റെ ജീവിതത്തിന്റെ വലിയൊരു മുതൽക്കൂട്ടാണ്.

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്