പോലീസ് ഡയറി -8 : ‘ഝാൻസി റാണി’ പഠിപ്പിച്ച പാഠം

“പോലീസ് ജീവിതത്തിൽ പലർക്കും അടി കൊടുത്തിട്ടുള്ള നിനക്കെല്ലാം എപ്പോഴെങ്കിലുമൊക്കെ തിരിച്ചു കിട്ടിയിട്ടുണ്ടാവും” എന്റെ കൂട്ടുകാർ പലവട്ടം എന്നോട് ഇങ്ങനെ തമാശിച്ചിട്ടുണ്ട്.

സമരങ്ങൾ നേരിടുമ്പോഴോ മറ്റ് സംഘർഷത്തിനിടയിലോ, അല്ലെങ്കിൽ കള്ളുകുടിയന്മാരെ, കഞ്ചാവടിക്കാരെ, മാനസികരോഗികളെ, കൈകാര്യം ചെയ്യേണ്ടി വരുമ്പോഴോ വളരെ അപൂർവമായി അങ്ങനെ സംഭവിക്കാം. അതൊക്കെ തൊഴിൽപരമായ ബുദ്ധിമുട്ടുകൾ (occupational hazards) എന്ന ഗണത്തിൽപ്പെടുത്തി തള്ളിക്കളയുകയാണ് പതിവ്.

ഡ്യൂട്ടിക്കിടയിൽ അക്രമികളാൽ കൊല ചെയ്യപ്പെട്ടിട്ടുള്ള അനേകം സഹപ്രവർത്തകർ ഉണ്ട്. എന്റെ പ്രിയ സുഹൃത്തും ബാച്ച്മേറ്റുമായ ബാബു.കെ.വി.യുടെ സഹോദരൻ മുത്തങ്ങയിൽ കൊല്ലപ്പെട്ട വിനോദ്. കെ. വി ഉൾപ്പെടെയുള്ള പോലീസുകാർ.

കഴിഞ്ഞദിവസമാണ് മറയൂർ പോലീസ് സ്റ്റേഷനിലെ സി.ഐ.യെയും ഒരു CPOയെയും ഒരു ഗഞ്ചൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് ഇരുവരും ആശുപത്രിയിലായത്. (ഓർമ്മപോലും നഷ്ടപ്പെട്ടുപോയ പ്രിയ സഹപ്രവർത്തകൻ CPO അജേഷ്, മൂന്ന് ശസ്ത്രക്രിയകൾക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നു)

അങ്ങനത്തെ അനുഭവങ്ങളിലൂടെയൊന്നും കടന്നു പോയിട്ടില്ലെങ്കിലും അസുഖകരമായ ഒരു അടിയോർമ്മ ഇപ്പോഴും കവിളിൽ വിങ്ങി നിൽക്കുന്നു.

2009 ലെ ഒരു തിളയ്ക്കുന്ന നട്ടുച്ച. ദേശീയപാതയിൽ കുമ്പള മാവിനകട്ട എന്ന സ്ഥലത്ത് വാഹന പരിശോധനയ്ക്ക് വേണ്ടി ഞാൻ കാത്തു നിൽക്കുന്നു. കത്തുന്ന മീനച്ചൂട് മുകളിൽ നിന്നും താഴെ നിന്നും ഒരുപോലെ.

അതൊന്നും വകവെക്കാതെ ‘മോളിലോട്ട്’ സമർപ്പിക്കേണ്ട നിശ്ചിത എണ്ണം പെറ്റിയിൽ പകുതിയെങ്കിലും ഉച്ചക്ക് മുമ്പ് തികയ്ക്കാൻ നടുറോട്ടിൽ നട്ടുച്ചക്ക് നമ്മുടെ അഭ്യാസം. ലൈറ്റിട്ടും ഹോണടിച്ചും നിയമലംഘകരെ സഹായിക്കുന്ന നല്ലവരായ നമ്മുടെ നാട്ടുകാരുടെ നിസ്സീമമായ സഹകരണം കൊണ്ട് അധികം വാഹനങ്ങൾ, പ്രത്യേകിച്ചും ബൈക്ക്, കാർ, ഓട്ടോറിക്ഷ ഒന്നും വരുന്നില്ല.

വരുന്ന എല്ലാവരും കൃത്യമായി നിയമം പാലിക്കുന്നതിനാൽ, പരിശോധിക്കുന്നതിൽ മിക്കവാറും എല്ലാവരെയും പറഞ്ഞുവിടേണ്ടി വരുന്നു.

ഒന്നര മണിക്കൂറോളം നിന്നിട്ട് ആകെ നാലോ അഞ്ചോ പെറ്റി മാത്രം. മധ്യാഹ്ന സൂര്യൻ നിഴലിനെപ്പോലും ഇല്ലാതാക്കിയിരിക്കുന്നു. ഉദരം എന്നോട് കലഹം തുടങ്ങിയിട്ട് കുറെ നേരമായിയിരിക്കുന്നു. രാവിലെ എട്ടരയ്ക്ക് കഴിച്ചതെല്ലാം എപ്പഴേ ആവിയായി?

അപ്പോഴാണ് ഒരു ഓട്ടോറിക്ഷ മൊഗ്രാൽ ഭാഗത്തുനിന്നും കുമ്പള ഭാഗത്തേക്ക് ഹൈവേയിലൂടെ ഇങ്ങനെ… ഒഴുകി വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ആദ്യത്തെ നോട്ടത്തിൽ തന്നെ ഒരു പെറ്റി കണ്ണിലുടക്കി, (ലഡു പൊട്ടിയ സന്തോഷം…) ഡ്രൈവർക്ക് കാക്കിയില്ല. അതാണെങ്കിൽ എനിക്ക് തീരെ പിടിക്കാത്തതും. (യൂണിഫോമിട്ട് പണിയെടുത്താ എന്താ കൊയപ്പം ന്ന്..? )

റോഡിനപ്പുറം നിന്ന പോലീസുകാരൻ ഓട്ടോ നിർത്താനായി കൈ കാണിച്ചു. ഓട്ടോക്കാരന്റെയും എന്റെയും സമയദോഷം, അവന് നിർത്താൻ തോന്നിയില്ല..!! ഞങ്ങൾ ഉടനെ വണ്ടിയെടുത്ത് പിന്നാലെ വിട്ടു. അല്പം മുമ്പോട്ടു ചെന്നപ്പോൾ ആ ഓട്ടോറിക്ഷ കണ്ണിൽ പെട്ടു. അതാണെങ്കിൽ വേഗതയുടെ പുതിയ ഉയരങ്ങൾ പരീക്ഷിച്ചു കൊണ്ട് പാഞ്ഞു പോവുകയാണ്. ഞങ്ങളെ കണ്ടിട്ടാവണം, പെട്ടെന്ന് ഓട്ടോ ഒരു കടയുടെ മുന്നിൽ നിർത്തി. ഡ്രൈവർ ഇറങ്ങി കടയിലേക്ക് (രക്ഷപ്പെടാനെന്നോണം) വേഗം കയറിപ്പോയി. ഞങ്ങൾ ഓട്ടോയുടെ മുമ്പിൽ ജീപ്പ് നിർത്തി, അയാളെ അടുത്തേക്ക് വിളിച്ച് “ബുക്കും പേപ്പറും” ആവശ്യപ്പെട്ടു.

ലൈസൻസ് ഇല്ല പോലും. (“ലൈസൻ ഇച്ചാക്ക് ഇണ്ട്…”)
“ഇൻഷുറൻസ്…? “
“പുതുക്കാൻ മറ്ന്നു പോയി സാറെ…”
ഭാഗ്യത്തിന് ആർ.സി. ഉണ്ട്.
“യൂണിഫോം എവിടെ? “
“അമ്മായിടെ വീട്ടിൽ പോണു സാറേ…”

വണ്ടി നിർത്താത്തതിനും ഇൻഷൂറൻസും യൂണിഫോമും ഇല്ലാത്തതിനും ഫൈൻ അടയ്ക്കാൻ പറഞ്ഞപ്പോൾ അവൻ പറഞ്ഞ മറുപടിയിലെ അഹങ്കാരം (“നിങ്ങക്ക് കൈനീട്ടി നിർത്തീറ്റ് പിരിച്ചാ പോരെ, നമ്മക്ക് ഇത് ഓട്ടീറ്റ് ബേണം എന്തേലും ആക്കാൻ…”)

എന്നിലെ പോലീസുകാരന്റെ അ(ദുര)ഭിമാനത്തെ വല്ലാതെ ചോദ്യം ചെയ്തു. വലതുകൈ വീശി ഒറ്റയടിയായിരുന്നു എന്റെ മറുപടി. (അങ്ങനെ ചെയ്യാൻ പാടില്ല, പിന്നീട് ചെയ്തിട്ടില്ല, ഇനി ഒരിക്കലും ചെയ്യില്ല…) മുഖം പൊത്തി കുനിഞ്ഞുപോയ അയാളോട് സ്റ്റേഷനിൽ വന്ന് ഫൈൻ അടച്ചിട്ട് ആർ.സി. വാങ്ങിക്കോളൂ എന്നു നിർദ്ദേശിച്ചു.

വഴിയിലായിപ്പോയ സഹപ്രവർത്തകരെ കൂട്ടാൻ ഞങ്ങൾ വണ്ടി അവിടെത്തന്നെയിട്ട് തിരിച്ച്, ഓട്ടോയുടെ സമീപത്തു കൂടി പതിയെ കടന്നുപോയപ്പോൾ പെട്ടെന്ന് ബോണറ്റിൽ പടക്കം പൊട്ടുന്നത് പോലെ ഒരു ശബ്ദം. ഞെട്ടിപ്പോയ ഞാൻ നോക്കുമ്പോൾ ഒരു കുഞ്ഞുഫ്രോക്ക്ധാരിയുടെ കുഞ്ഞിക്കൈ ഓട്ടോയുടെ ഉള്ളിലേക്ക് വലിയുന്നു.

ഉടനെ വണ്ടി നിർത്തിച്ച് ഞാൻ ഇറങ്ങിച്ചെന്ന് നോക്കിയപ്പോൾ വണ്ടിക്കകത്ത് സുമാർ ആറ്, ഏഴ്, വയസ്സുള്ള രണ്ട് ആൺകുഞ്ഞുങ്ങളും ഒരു നാലുവയസുകാരിയും.

കവിളിലൂടെ ഉരുകിയിറങ്ങുന്ന കണ്ണുനീരും ചുവന്നു തുടുത്ത മുഖവും വിതുമ്പുന്ന ചുണ്ടുകളുമായി ഒരു ഝാൻസി റാണി. അവളുടെ മൂക്കിന്നറ്റത്ത് ദേഷ്യം വിറയ്ക്കുന്നു.

അറിയാതെ എന്റെ കാൽപ്പാദത്തിലൂടെ മുകളിലേക്ക് അരിച്ചുകയറിയ ഒരു തരിപ്പ് തലയെ പെരുപ്പിച്ച്, ഇടതു കവിളിലെത്തി തങ്ങിനിന്നു. ആ അടി എന്റെ ചെകിട്ടത്ത് പതിച്ചത് പോലെ, ആ കുഞ്ഞിനു മുമ്പിൽ ഞാൻ ചുരുങ്ങിച്ചെറുതായി… ഒരു നിമിഷത്തേക്ക് എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിശ്ചലനായി . ഇടതു കൈ അറിയാതെ മുകളിലേക്കുയർന്ന് കവിളിൽ തലോടി.

പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത ഞാൻ ഓട്ടോയുടെ മറുവശത്ത് അന്തംവിട്ട് നിൽക്കുന്ന ഡ്രൈവറുടെ അടുത്ത് ചെന്ന് കീഴടങ്ങി, ആർ.സി. ബുക്ക് കൊടുത്തു. അയാൾ വേഗം ഓട്ടോയിൽ കയറി. ഞാൻ ഓട്ടോയുടെ അകത്തേയ്ക്ക് കുനിഞ്ഞ് അയാളോടും മക്കളോടും (എന്റെ മനസ്സമാധാനത്തിന്) മാപ്പ് പറഞ്ഞു, കുഞ്ഞുങ്ങളെ സമാധാനിപ്പിച്ചു.

“ഒന്നും വേണ്ട സാറേ, ഞാൻ പൊക്കോട്ടെ…” അദ്ദേഹത്തിന് എങ്ങനെയും രക്ഷപ്പെടാനുള്ള വ്യഗ്രത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

“നിങ്ങളുടെ മോൾ എന്റെ കണ്ണുതുറപ്പിച്ചു. അവളിന്ന് എന്നെ വലിയൊരു പാഠം പഠിപ്പിച്ചു”

അടികിട്ടിയ എന്റെ മുഖത്തെ വ്യാകുലത കണ്ട് അദ്ദേഹത്തിന് എന്റെ ആത്മാർത്ഥത മനസ്സിലായെന്നു തോന്നുന്നു.

“ഞാനും അങ്ങനെ പറയരുതായിരുന്നു. തെറ്റ് എന്റെ ഭാഗത്തുമുണ്ട്, സാറ് ക്ഷമിക്കണം”

അങ്ങനെ ആ പ്രശ്നം ഞങ്ങൾ സബൂറാക്കി.

പക്ഷെ, തീപ്പൊരി ചിതറുന്ന ആ കുഞ്ഞിക്കണ്ണുകളുടെ തുളച്ചുകയറുന്ന നോട്ടം എന്റെ അഹങ്കാരത്തെ ഇടയ്ക്കിടെ കണ്ണുരുട്ടി പേടിപ്പിക്കാറുണ്ട്, ആ വലത് കുഞ്ഞിക്കൈയുടെ ഓർമ്മ എന്റെ ഇടതു കവിളിനെ ഇടയ്ക്കിടെ തരിപ്പിക്കാറുണ്ട്…

കാസർഗോഡ് സ്വദേശി. കേരള പോലീസിൽ നർക്കോട്ടിക് സെൽ ഡി വൈ എസ് പി. സമൂഹ മാധ്യമങ്ങളിൽ എഴുതുന്നു .