പോലീസ് ഡയറി – 31 : പവിത്രമാല

ഈ കഥ നടക്കുന്നത് എൺപതുകളുടെ അവസാനമാണ്. രണ്ടേരണ്ട് സ്കെലിട്ടൺ കമ്പനിയുമായി ഞങ്ങളുടെ ഏ.ആർ. ക്യാമ്പ് വലിയ പത്രാസൊന്നുമില്ലാതെ കഴിഞ്ഞു പോകുന്ന കാലം. ഓഫീസർമാർ പത്തുപന്ത്രണ്ടു പേരുണ്ട്. തദ്ദേശവാസി എന്നു പറയാൻ ഞാൻ മാത്രം. ഇടയ്ക്ക് വല്ലപ്പോഴും അന്യ ജില്ലക്കാരനായ ഒരു RI യെ പോസ്റ്റ് ചെയ്യും. അദ്ദേഹം ഒന്നുരണ്ടു മാസം തട്ടിമുട്ടിക്കഴിയുമ്പോൾ സ്ഥലം മാറിപ്പോകും. അപ്പോൾ RI ചാർജ് എൻ്റെ തലയിൽ വരും. പ്രകൃതിനിയമം അനുസരിച്ച് എനിക്ക് MTSI യുടെ ജോലിയുണ്ടെങ്കിലും പുതിയ ഉത്തരവാദിത്തവും വലിയ അദ്ധ്വാനമില്ലാതെ ഞാൻ കൊണ്ടു നടന്നു. എൻ്റെ വീട്ടിലേയ്ക്ക് ക്യാമ്പിൽ നിന്ന് എട്ട് കിലോമീറ്ററും DPO യിൽ നിന്ന് രണ്ടു കിലോമീറ്ററും ദൂരമേയുള്ളു. അതുകൊണ്ട് SP ഏതു പാതിരയ്ക്കു വിളിച്ചാലും ഞാൻ റെഡി!

എന്നാൽ ഒരു പ്രശ്നമുണ്ട്. വീട്ടിൽ നിന്ന് മെയിൻ റോഡിലേയ്ക്കുള്ള വഴി മുട്ടറ്റം ചെളിയാണ്. നല്ല പശയുള്ള, ചുവന്ന കറയുള്ള നാടൻ ചെളി. മിക്കവാറും ഇവിടെ മഴക്കാലം ജൂൺ മുതൽ ഡിസംബർ വരെയാണ്. കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ മഴക്കാലത്തിന് ഇത്ര ദൈർഘ്യമില്ല. അവരെപ്പോലെ ഇതൊന്ന് വെട്ടിക്കുറയ്ക്കാൻ എന്താണ് മാർഗ്ഗമെന്ന് ഞാൻ ചിന്തിച്ച് വശംകെട്ടിട്ടുണ്ട്. ഇനി അഥവാ വേനൽക്കാലത്ത് ഒരു മഴ പെയ്തെന്ന് വെയ്ക്കുക. അതിൻ്റെ ചെളിയുണങ്ങി മനുഷ്യന് മര്യാദയ്ക്ക് നടന്നുപോകണമെങ്കിൽ മിനിമം ഒരു മാസത്തെ വെയിൽ എങ്കിലും കിട്ടണം!

ഇപ്പോൾ വായനക്കാർക്ക് മനസ്സിലായിക്കാണുമല്ലോ AR ക്യാമ്പ്, പരേഡ്, മഴക്കാലം, വേനൽക്കാലം, അതുപോലെ വാഹന സൗകര്യം, പള്ളിക്കൂടം, അർബ്ബുദംപോലെ ഭൂമിയുടെ അന്തരാത്മാവ് വരെ അള്ളിപ്പിടിച്ചു കിടക്കുന്ന നാടൻ ചെളി എന്നൊക്കെ ഞങ്ങൾ പറയുമ്പോൾ അതിൻ്റെ അർത്ഥവും വ്യാപ്തിയും വളരെ വളരെ വ്യത്യാസമുണ്ടെന്ന്! വള്ളിച്ചെരിപ്പ് ഇട്ടാണ് നിങ്ങൾ ആ ചെളിവഴിയിലൂടെ നടന്നതെങ്കിൽ ഉറപ്പാണ് ചെരുപ്പ് ചെളിയിൽ താഴും. വലിച്ചാൽ കിട്ടില്ല. ഉറക്കെ വലിച്ചാൽ വള്ളി പൊട്ടിപ്പോവും. വളരെ സൂക്ഷിച്ച് കാലുകൾ അളന്നളന്ന് വെച്ചാൽ കുറുക്കുപോലെ ചില കാവിറ്റികളിൽ ഒളിഞ്ഞു കിടക്കുന്ന ചുവന്ന ചെളി നിങ്ങളുടെ ഹെഡ്ക്വാർട്ടേഴ്സ് വരെ ചീറ്റിക്കയറും. ഇത്തരം ഘട്ടങ്ങളിൽ എൻ്റെ പുത്രന്മാർ സ്ക്കൂളിൽ പോക്ക് റദ്ദ് ചെയ്ത് അന്തസ്സായി തിരിച്ചു വന്ന് വീട്ടിലിരിക്കും!

ഈ ഉൾനാടൻ വഴിയെ മര്യാദ പഠിപ്പിക്കാൻ ഒരു ദിവസം ഞങ്ങൾ അഞ്ചാറ് വീട്ടുകാർ തീരുമാനിച്ചു. ഞാൻ പോലീസാണ്. അവരിൽ മൂന്നു പേർ ബാങ്ക് ഉദ്യോഗസ്ഥന്മാർ, ഒരാൾ കോടതിയിലെ ബഞ്ച് ക്ലാർക്ക്, മറ്റേയാൾ കറപ്പത്തൊലി കച്ചവടക്കാരൻ ……

ഞങ്ങൾ ഇരുപത് ട്രാക്ടർ കല്ല് കൊണ്ടുവന്ന് വലിയ വലിയ കുഴികളിലിട്ട് അതിൽ ചവിട്ടി അന്തസ്സായി രാവിലെ ആപ്പീസിലേയ്ക്ക് നടന്നു പോയി. വൈകുന്നേരം വരുമ്പോൾ ഒരൊറ്റക്കല്ലും കാണുന്നില്ല!

എല്ലാം ഭൂമിയുടെ ഗർഭഗൃഹങ്ങളിലേയ്ക്ക് ആവാഹിക്കപ്പെട്ടു! പ്രകൃതിയോട് കളിക്കരുത് എന്ന പാഠം അന്നാണ് ഞങ്ങൾ പഠിച്ചത് !

ഈ പറഞ്ഞ കുഴികളൊക്കെ നീന്തിക്കയറിയിട്ടാണ് അന്നൊക്കെ ഞാൻ ക്യാമ്പിൽ എത്തിയിരുന്നത്. ക്വാർട്ടർ ഗാർഡിൻ്റെ മുമ്പിലെ ടാപ്പ് തിരിച്ച് അരയ്ക്ക് കീപ്പോട്ട് ഷൂവും പാൻ്റും കാലും കയ്യും എല്ലാം കഴുകിയെടുക്കണം..

അങ്ങനെ വെറിപിടിച്ചു വരുന്ന ഒരു ദിവസം രാവിലെയാണ് ഒരു സംഭവം നടക്കുന്നത്!

ചെപ്പുകുടം ചളുങ്ങിയ പോലത്തെ ശരീരവും പഴയ സിനിമാ നടൻ മാത്യു പ്ലാത്തോട്ടത്തിൻ്റെ ശരീര വൈകല്യവുമുള്ള ഒരു കക്ഷി ഒരശ്ലീലപ്പാട്ടും മൂളി എന്നെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് കാൽ കഴുകുന്നു…..

യാരെടാ ഇവൻ ?

ഞാൻ സെൻട്രിയെ ഒന്നു നോക്കി. സെൻട്രി സ്വന്തം തോളിൽ വിരൽ അമർത്തി മൂന്ന് നക്ഷത്രങ്ങൾ ഉള്ള ആളാണ് കാൽ കഴുകുന്നതെന്ന് ഒരു ബട്ട് സല്യൂട്ടിൻ്റെ അകമ്പടിയോടെ ആംഗ്യ രൂപത്തിൽ എന്നെ ബോധിപ്പിച്ചു!

അപ്പിടിയാ ?

ഇംഗ്ലീഷ് സാഹിത്യത്തിലെ ഒളിവർ ട്വിസ്റ്റ്, ഒ.വി.വിജയൻ്റെ അപ്പുക്കിളി, കാർട്ടൂണിസ്റ്റ് വാണക്കുറ്റി, ബഷീറിൻ്റെ എട്ടുകാലി മമ്മൂഞ്ഞി, പൊൻമുട്ടയിടുന്ന താറാവിലെ ശ്രീനിവാസൻ്റെ അച്ഛൻ, അങ്ങനെ കുറേ പേർ എൻ്റെ മനസ്സിലേയ്ക്ക് തിക്കിത്തിരക്കി വന്നു. ഇതിൽ ആരായിരിക്കാം ഈ മാക്രി?

എടാ ടോണി, കൊച്ചു കള്ളാ…… ടിയാൻ കാൽ ഉരച്ചു കഴുകുന്നതിനിടയിൽ നാക്കു നീട്ടി ഒരശ്ലീല ശ്രുതിയിൽ എന്നെ അഭിവാദ്യം ചെയ്തു.

ആരാടാ ഇവൻ, ഞാൻ സെൻട്രിയോട് ആരാഞ്ഞു..

പുതിയ ആർ ഐ ആണ് സാർ.

ഗാർഡ് കമാൻ്ററും അതുതന്നെ പറഞ്ഞു!

എന്ത്, റിസർവ്വ് ഇൻസ്പെക്ടറോ !

ഞാൻ നടുങ്ങിപ്പോയി!

ദൈവമേ!

എന്താണിത്?

ഇനി അഥവാ R1 ആണെങ്കിൽത്തന്നെ ഞാൻ ഈ മരമാക്രിയെ അവിടെ വെച്ച് ബഹുമാനിക്കാൻ തീരുമാനിച്ചിട്ടില്ല!

പിന്നെ ഞാനവിടെ നിന്നില്ല. നേരെ ഓഫീസിലേയ്ക്ക് നടന്നു. അവിടെ ഡ്യൂട്ടി ഓഫീസറും എസ് ഐ മാരും കമ്പനി റൈട്ടർമാരും ലോക്കൽ ഡ്യൂട്ടിക്ക് പോകാനുള്ള പോലീസുകാരും സ്വീപ്പർമാരും കുക്കന്മാരും എന്നു വേണ്ട കാർപെൻ്റർ വരെ ഈ മഹാവിപത്തിന് സാക്ഷിയാവാൻ കാത്തുനില്പുണ്ടായിരുന്നു……..

ആദ്യം യൂണിഫോം ഇടട്ടെ. എന്നാലേ രണ്ട് വാചകം ധൈര്യത്തിൽ പറയാൻ കഴിയൂ.

ഞാൻ എം.ടി. ഓഫീസിൻ്റെ സൈഡ് റൂമിൽ ഒരു കാലിലൂടെ യൂണിഫോം തല്ലിക്കേറ്റാൻ തുടങ്ങുമ്പോൾ കറുത്തൊരു നിഴൽ അകത്തേയ്ക്ക് ചാടിക്കേറി. അത് ഷെഡ്ഡിയിട്ടു നിൽക്കുന്ന എൻ്റെയടുത്തെത്തി ഒരു ബാഹ്യാകാശജീവിയെപ്പോലെ പീളക്കണ്ണുകൾ വിടർത്തി എന്നെ നോക്കി.

ഹേ മനുഷ്യാ! ഞാനീ യൂണിഫോമൊന്ന് ഇട്ടോട്ടെ, എനിക്ക് സത്യം പറഞ്ഞാൽ ദേഷ്യം വന്നു.

സുഹൃത്തേ, താനാണ് ഈ ക്യാമ്പിലെ ആർ ഐ ചാർജെന്ന് ഞാൻ പോരുമ്പോൾത്തന്നെ ഔതക്കുട്ടി പറഞ്ഞാരുന്നു. അയാൾ വായ നിറച്ചുമുള്ള വെറ്റിലയും അടയ്ക്കയും പുകലയും സകല കുണ്ടാമണ്ടിയും നാവു കൊണ്ട് കുഴച്ചു മറിച്ച് എന്നോട് പറഞ്ഞു.

തത്സമയം ഡ്യൂട്ടി ഓഫീസർ തിരക്കിട്ടു അകത്തേയ്ക്ക് വന്നു. ജോണി സാറേ, ക്യാമ്പ് ക്ലാർക്ക് ഇപ്പോൾ വിളിച്ചു. എസ്.പി. അദ്ദേഹം എത്തിയിട്ടുണ്ട്, പുതിയ ആർ ഐ യോട് SP യെ കാണാൻ പറഞ്ഞിട്ടുണ്ട്.

വണ്ടി റെഡിയല്ലേ നമ്പ്യാരേ? ഞാൻ ചോദിച്ചു.

അതൊക്കെ നേരത്തേ റെഡിയാണ് സർ.

എടാ മോനേ, നീയും എൻ്റെ കൂടെ വരണേ, പുതിയ RI, എന്നോട് ഈ പ്രത്യേക ആവശ്യം ബുദ്ധിപൂർവ്വം ഉന്നയിച്ചു..

ആര്, ഞാനോ! അതെന്തിനാ? ഞാൻ നല്ല ഗൗരവത്തിൽ ചോദിച്ചു..

അതേയ്, എനിക്കിവിടത്തെ കാര്യങ്ങൾ എന്തു മണ്ണാങ്കട്ടയറിഞ്ഞിട്ടാ!

അയാൾ എന്നേയും കൊണ്ടുപോയി കൊല്ലാനുള്ള പരിപാടിയാണ്.

അതു സാരമില്ല, ഇവിടുത്തെ കാര്യങ്ങളുടെ സ്റ്റേറ്റ്മെന്റ് എല്ലാ ദിവസവും ഞാനൊപ്പിട്ട് കൃത്യം അയയ്ക്കുന്നുണ്ട്. ഞാൻ പറഞ്ഞു. എസ്. പി.ക്ക് അതൊക്കെ കൃത്യമായി അറിയുകയും ചെയ്യും.

എന്നാലും കുഞ്ഞു മോനെ, എൻ്റെ ഒരു ധൈര്യത്തിന്, ടോണിം കൂടെ വായോ…..

ഞാൻ ടോണിയല്ല മാഷെ! ജോണിയാണ്…..

കെ.യു. ജോണി.

കൊരണ്ടിയാർകുന്നേൽ ഉലഹന്നാൻ മകൻ ജോണി.

നമ്പ്യാർ എസ്.ഐ. ഉറക്കെച്ചിരിച്ചു. പക്ഷെ എൻ്റെ ഗൗരവം കാൺകെ അയാൾ ഈ ഗോളാന്തര ജീവിയെ പിടിച്ചപിടിയെ പൊക്കിയെടുത്തു കൊണ്ടു പോയി ക്ഷൗരം ചെയ്യിച്ച് പല്ല് തേപ്പിച്ച് കുപ്പായമിടീച്ച് എസ്.പിയുടെ മുമ്പിൽ കൊണ്ടുപോയി ഇട്ടുകൊടുക്കാനുള്ള അപകടകരമായ ഔദ്യോഗിക ദൗത്യം ഏറ്റെടുത്തു!

അങ്ങനെ ഞങ്ങൾ പുറപ്പെട്ടു.

വണ്ടി ഞാനോടിച്ചു.

സബ്ബിൻസ്പെക്ടർ ഓടിക്കുന്ന ജീപ്പിൽ ദിവാൻ പേഷ്ക്കാരുടെ ഗമയിൽ ഒരു കാൽ പുറത്തിട്ട് ചളുങ്ങിയ ചെപ്പുകുടം പോലെ ഈ പ്രാപഞ്ചിക ജീവി അന്നു രാവിലെ മകൻ ഇടിച്ചു തയ്യാറാക്കിയ മുറുക്കാൻ കൂട്ട് അണ്ണാക്കിലിട്ട് ചവച്ചു കൊണ്ടിരുന്നു. ചാരായ മണം ജീപ്പിൽ തത്തിനടന്നു. ഞാൻ പറഞ്ഞു, ഇന്ന് നിങ്ങളുടെ അന്ത്യമാണ്. നരിമാർക്ക് SP യുടെ മുമ്പിലേയ്ക്കാണ് നിങ്ങൾ പോകുന്നത്. സൂക്ഷിച്ചോ!

എൻ്റെ പൊന്നു സുഹൃത്തേ, നീയെന്നെ രക്ഷിക്കണേ…….. അയാൾ പേർത്തും പേർത്തും എന്നോട് യാചിച്ചുകൊണ്ടിരുന്നു.

All of a sudden a tile roofed building appeared in the pinnacle of a hill …
It was the erst while RD office now in police occupation functioning as DPO ….

കളക്ടർ എത്രയാവർത്തി വിളിച്ചു പറഞ്ഞാലും എത്ര DO letter അയച്ചാലും ആർഡി ഓഫീസ് ഇനിമേൽ ജില്ലാ പോലീസ് ആപ്പീസായി തുടരുമെന്ന് പോലീസ് വകുപ്പ് തീരുമാനിച്ചു കഴിഞ്ഞു. അതിനി തിരിച്ചു കൊടുക്കുന്ന പ്രശ്നമില്ല.

14 ഏക്കർ ഭൂമി……… അതാണ് ഇപ്പോഴത്തെ ഏ. ആർ ക്യാമ്പ് ! പഴയ IAS ഓഫീസർ PG മുരളീധരൻ നായരുടെ കൈവശമിരുന്ന മിച്ചഭൂമി….. ജില്ല രൂപീകരിക്കുന്ന കാലത്ത് അന്നത്തെ SP യുടെ കൂടെ എത്ര വട്ടം കേറിയിറങ്ങിയ കുന്നുകളാണ് ഇതൊക്കെ !

ഹാവു ! ഓർമ്മകൾക്കെന്തു സുഗന്ധം!

പത്തുമണി കഴിയുന്നു !!

സെൻട്രൽ റെയിഞ്ചിൽ എവിടേയോ കിടന്ന ഉന്മാദിയായ ഒരു റിസർവ്വ് ഇൻസ്പെക്ടറെ ദീർഘകാലത്തെ സസ്പെൻഷൻ കഴിഞ്ഞ് ഇവിടെ റീഇൻസ്റ്റേറ്റ് ചെയ്തിരിക്കുകയാണ്.

അകത്തേയ്ക്ക് കേറും മുമ്പ് ഞാൻ ആ മനുഷ്യനെ സൂക്ഷിച്ചൊന്നു നോക്കി. എഞ്ചിൻ ഡ്രൈവറെപ്പോലെയാണ് Peak Cap വെച്ചിരിക്കുന്നത്! Belt വെബ്ബിൻ്റേതാണ്. നിറയെ തൈരിൻ്റെ മഞ്ഞപ്പാടുകൾ. പിന്നിലെ ലൂപ്പിൻ്റെ പുറത്തു കൂടിയാണ് ബൽറ്റ് വലിച്ചു കെട്ടിയിരിക്കുന്നത്.. കറുത്ത ഷൂ! അതും ലെയിസ് ഇല്ലാത്തത് ! കയ്യിൽ വെണ്ടേക്കിൻ്റെ നിറമുള്ള ഒരു വടിക്കഷണം ! ഒരു ചൂരൽ ആയിരുന്നു ഭേദം. ഈ കെയിനൊന്നും അകത്തേയ്ക്ക് കടത്തണ്ട, ഞാൻ ഓർമ്മിപ്പിച്ചു..

യൂണിഫോം പണ്ട് ഡെന്നിയും ജോഷ്വാക്കുട്ടിയുമൊക്കെ പറയുമ്പോലെ കുടത്തിൽ നിന്നെടുത്തതാണ്.

ഏ ഏ.യും മാനേജരും ജെ എസ്സും രണ്ടു മൂന്ന് ക്ലാർക്കുമാരും ഈ ജീവിക്കു ചുറ്റും വട്ടമിട്ടു പറന്നു. എട ഗോപാലിഷ്ണ മേനോനേ, ഇത് നീയാരുന്നോ! ഏ.എ. തൻ്റെ പഴയ ഘടിയെ വട്ടം പിടിച്ച് ആശ്ചര്യപ്പെട്ടു കയ്യെടുക്കും മുമ്പ് സ്റ്റിക്ക് ഓഡർലി ടപ്പേന്ന് ഡോർ തുറന്നു. ഈ അവതാരത്തെ SP കൺനിറയെ കണ്ടുകൊള്ളട്ടെ എന്നു കരുതി ഞാൻ ഒരഞ്ചു് സെക്കൻ്റ് കഴിഞ്ഞാണ് അകത്ത് കേറിയത്.

ഞാൻ കണ്ട കാഴ്ച!!

ഏതോ പാണ്ടിക്കഥയിലെ പാതാള ഭൈരവനെ കണ്ട പോലെ ജില്ലാ സൂപ്രണ്ട് എക്സിക്യുട്ടീവ് ചെയറിൽ കണ്ണുതുറിച്ച് മലച്ചിരിക്കുന്നു!

ഞാനിവിടെ കൊണ്ടുവന്ന് കാഴ്ചവെച്ച എൻ്റെ ലാവണത്തിൻ്റെ ഏക ഇൻസ്പെക്ടർ ഒട്ടും ശങ്കിക്കാതെ തിരുസന്നിധിയിലെ കസേരയിൽ ഒരു പല്ലിയെപ്പോലെ അള്ളിപ്പിടിച്ചിരിക്കുന്നു.

Who the hell are you? അദ്ദേഹം പല്ലു ഞെരിച്ചു കൊണ്ട് ചോദിച്ചു! എസ്.പി.യുടെ മുപ്പത് കൊല്ലത്തെ സർവ്വീസിനിടയ്ക്ക് ഇത്തരം ഒരു സബോർഡിനേറ്റിനെ ദൈവം ഇതിനു മുമ്പൊരിക്കലും കാണിച്ചു കൊടുത്തിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യമായി….

ഞാൻ ഏ ആറിലെ പുതിയ ഇൻസ്പെക്ടറാണ് സാർ, ഗോപാലകൃഷ്ണ മേനോനാണ് സാർ, പണ്ട് കളമശ്ശേരി ക്യാമ്പിലായിരുന്നു സാർ. അഞ്ചാറ് കൊല്ലം പുറത്തുനിന്നതാ സാർ,
വേറെവിടേം വേക്കൻസിയില്ല സാർ! സാറിനും വേണ്ടെങ്കി ഞാൻ പൊയ്ക്കോളാം സാർ, പട്ടിണി കെടന്നു ചാവാറായി സാർ, ഒരു മോനുള്ളത് നാട്ടിൽക്കെടന്ന് നശിച്ചുപോവാതിരിക്കാൻ ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ട് പൊന്നു സാറേ, എന്നോട് ക്ഷമിക്കണം സാർ. ഇത്ര മാത്രം നശിച്ചു മണ്ണടിഞ്ഞ ആ മനുഷ്യനെ ശപിക്കാൻ തുടങ്ങിയ എൻ്റെ അന്തരംഗങ്ങളിൽ എവിടേയോ ഒരമ്പ് വന്നു തറച്ചു.

അതോടെ എൻ്റെ നാഡികൾ തളർന്നു പോയി ……

SP പിന്നിൽ നിന്ന എന്നെ നോക്കി ചോദിച്ചു. നിനക്കിയാളെ എവിടുന്ന് കിട്ടി?

ഞാൻ പരുങ്ങി.

ഇയാൾക്കെവിടുന്നു കിട്ടി ഇത്തരം ഒരു പാളത്തൊപ്പി ? ഇതാണോ മിസ്റ്റർ നിങ്ങളുടെ യൂണിഫോം?

SP ഒരു കഴഞ്ച് കരുണ പോലും കാണിക്കാതെ എണീറ്റു വന്ന് തൻ്റെ സൈന്യാധിപൻ്റെ ബൽറ്റും ഷൂവും ലെയിൻ യാർഡും ഫ്ലാപ്പും കെയിനും നക്ഷത്രങ്ങളും കൂലങ്കഷമായി പരിശോധിച്ചു.

പെട്ടെന്ന് അദ്ദേഹം തീയ്യിൽ ചവിട്ടിയതുപോലെ അടർന്നു മാറി മൂക്ക് വിടർത്തുകയും ശ്വാസം ഉള്ളിലേയ്ക്ക് വലിക്കുകയും ചെയ്തു..

ആ തലച്ചോറിൽ വാറ്റുചാരായത്തിൻ്റെ സൂക്ഷ്മരേണുക്കൾ വീണുടഞ്ഞ മണവും താംബൂലചർവ്വണത്തിൻ്റെ ഗാഢഗന്ധവും കുത്തിയൊലിച്ച് ഒരേ സമയം അച്ചടക്ക നടപടികൾക്കായി കൈവിരലുകൾ ഉയർത്തിയിരിക്കണം. അദ്ദേഹം ഇൻസ്പെക്ടറുടെ തോളിൽ തട്ടി പറഞ്ഞു:

You Stand up!

ഇൻസ്പെക്ടർ തട്ടിപ്പിടഞ്ഞെണീറ്റു. കസേരയുടെ കാലിൽ തടഞ്ഞ് അയാൾ വേച്ചുവേച്ച് വീഴാൻ ഭാവിച്ചു. തൊപ്പി തലയിൽ ഉറയ്ക്കാതെ എങ്ങോ തെറിച്ചു പോയി.

പിന്നെ വാതിൽക്കലേയ്ക്ക് വിരൽ ചൂണ്ടിപ്പറഞ്ഞു: Come on

GET OUT you pious imbecile- …….

ഒരവധൂതനെപ്പോലെ ആ വിചിത്രരൂപി വാതിൽക്കലേയ്ക്ക് പ്രാഞ്ചി പ്രാഞ്ചി നടന്നു.

ഏ ആർ ക്യാമ്പിലെന്നല്ല ഈ ജില്ലയിൽ പോലും നിങ്ങളെ ഇനി കണ്ടുപോകരുത്. പറഞ്ഞത് മനസ്സിലായില്ലേ? ഇപ്പോൾ പിടിച്ചു കൊണ്ടുപോയി മെഡിക്കൽ ഇൻസ്പെക്ഷൻ നടത്തി ഞാനത് മനസ്സിലാക്കിച്ചു തരണോ ഇയാൾക്ക്? ഇൻസ്പെക്ടർ തൻ്റെ കയ്യിൽ അവശേഷിച്ച ഏക ആയുധമായ ഉണ്ടക്കണ്ണുകൾ വിടർത്തി പോലീസ് സൂപ്രണ്ടിനെ നോക്കുക മാത്രം ചെയ്തു.

ഞാൻ മാത്രം വിചാരണ ചേമ്പറിൽ അവശേഷിച്ചു.

എടോ, താൻ രക്ഷപ്പെട്ടൂന്ന് വിചാരിച്ചോളു . ഇങ്ങനെ ഒരെണ്ണം മതിയെടോ, കട്ടുതിന്ന്, സർവ്വം നശിപ്പിക്കാൻ. കുടിച്ചു കൂത്താടി നരകമാക്കും….. ഒടുവിൽ നീ ജയിലിൽപ്പോവും. മനസ്സിലായോ?
അയാൾക്ക് റിസർവ്വ് ഇൻസ്പെക്ടർ ചാർജ് യാതൊരു കാരണവശാലും കൊടുത്തേക്കരുത്. അത് നിൻ്റെ കയ്യിൽത്തന്നെ ഇരുന്നാൽ മതി….. ഇന്നു തന്നെ അയാളെ വണ്ടി കേറ്റി വിട്ടേയ്ക്ക് ….
ഒരു ലീനിയൻസിയും കാണിക്കേണ്ട …..

ഞാൻ ഒടുവിൽ പുറത്തിറങ്ങി.

മടക്കയാത്രയിൽ ഞങ്ങൾ ഒരക്ഷരം സംസാരിച്ചില്ല. മൗനം കനത്തു നിന്നു.

ജീപ്പിൽ എഞ്ചിൻ്റെ ഇരമ്പൽ മാത്രം. കഴിഞ്ഞ രണ്ടു മണിക്കൂറിനുള്ളിൽ എന്തൊക്കെ കാര്യങ്ങളാണ് സംഭവിച്ചത്! ഞാനൊരിക്കൽ പോലും കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത ആലംബഹീനനായ ഒരു മനുഷ്യനെ ഭൂമിയോളം അവഹേളിക്കാൻ കൂട്ടുനിന്നു. കരിങ്കല്ല് പോലത്തെ വകുപ്പുകളും നിയമങ്ങളും നേർവഴി നടത്താൻ നടപടികളുമായി നമ്മുടെ മുമ്പിലും പിമ്പിലും കാണും. ആ വഴികളിൽ മാത്രമാണോ ജീവിതം കിടക്കുന്നത് ? ഇങ്ങനെയാണോ നാം ജീവിതത്തെ കാണേണ്ടത്? ഈ മനുഷ്യൻ ജീവിതത്തെ ആഘോഷിച്ചു തീർത്തു, ആഘോഷിച്ചു നശിപ്പിച്ചു എന്നു വേണമെങ്കിൽ നമുക്ക് പറയാം.

ശരിയാണ് മൂക്കറ്റം കുടിച്ചു. അതുകൊണ്ടെന്തു ധാർമ്മിക മൂല്യങ്ങളാണ് ലോകത്തിൽ ഇടിഞ്ഞു വീണത്?

അകലെ ഏതോ ഒരു കൊച്ചു ഗ്രാമത്തിൽ ഇരിക്കാൻ കസേരകളോ കിടക്കാൻ കട്ടിലുകളോ വിശപ്പു മാറ്റാൻ അരിയോ ഉടുക്കാൻ നല്ല വസ്ത്രങ്ങളോ ഇല്ലാത്ത ഒരു വീട്ടിൽ ഇപ്പോഴും പ്രതീക്ഷാപൂർവ്വം കാത്തിരിക്കുന്ന ഒരു സാധു സ്ത്രീയെക്കുറിച്ച് ഞാൻ വീണ്ടും വീണ്ടും ഓർത്തു. അവർ എന്തു തെറ്റാണ് ചെയ്തത്? എനിക്കതിന് മറുപടിയില്ല.

തിരികെ ക്യാമ്പിലെത്തിയപ്പോൾ RI യുടെ ഓഫീസ് മൊത്തം മാറിയിരിക്കുന്നു!

അലമാരിയും മേശയും കസേരയുമെല്ലാം ഓരോ മൂലകളിലേയ്ക്ക് നീക്കിയിട്ട് ഓഫീസിൻ്റെ സെൻ്ററിൽത്തന്നെ ഒരു ക്യാമ്പ് കോട്ട് സ്ഥാപിച്ച് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നു. കോട്ടിൻ്റെ അടിയിൽ സിമൻ്റ് ചട്ടികൾ നിറയെ തീക്കുണ്ഠം ജ്വലിക്കുന്നു! മകൻ ഉസുമാരൻ ഉത്സാഹത്തോടെ തീ ഊതിക്കത്തിച്ച് രണ്ട് CF മാരുടെ സഹായത്തോടെ ഓഫീസ് മുറിയെ ഗംഭീരമായി ചൂടുപിടിപ്പിക്കുകയാണ്.

എനിക്ക് ഒന്നും മനസ്സിലായില്ല. ബാല്യകാലത്ത് ഇഞ്ചിക്ക് കാവൽ കിടന്ന രാത്രികളിൽ മാടത്തിന് കീഴിൽ മുട്ടിത്തടികൾ കൂട്ടിയിട്ട് കത്തിച്ച കഥകൾ എനിക്കോർമ്മ വന്നു. ഇങ്ങനെ ഓർക്കുന്ന കാര്യത്തിൽ എനിക്കും അത്ര അരുതായ്കയൊന്നും തോന്നിയില്ല.

ഡ്യൂട്ടി ഓഫീസർ കാര്യങ്ങൾ എനിക്ക് വിശദീകരിച്ചു തന്നു.

പുതിയ ആർ ഐ.യും മകനും ഇന്നലെ രാത്രി ഏറെ വൈകിയിട്ടാണത്രെ വിറച്ചു തുള്ളി ക്യാമ്പിൽ ശരണം പ്രാപിച്ചത്. രണ്ടുപേരും തല മുണ്ഡനം ചെയ്തിട്ടുണ്ട്.. പുതിയ റിസർവ്വ് ഇൻസ്പെക്ടറാണെന്ന് അയാൾ പലയാവർത്തി പറഞ്ഞിട്ടും ക്യാമ്പിൽ ആരും വിശ്വസിക്കാൻ കൂട്ടാക്കിയില്ല. പോസ്റ്റിംഗ് ഓർഡറുകളോ മൂവ്മെൻ്റ് ഓർഡറുകളോ ഒന്നും കൈവശമില്ല. ഒരു പിന്നിക്കീറിയ സഞ്ചിയിൽ മുഷിഞ്ഞ കുറച്ചു തുണികൾ മാത്രം കണ്ടു. ഇതിനു മുമ്പ് കളമശ്ശേരി ക്യാമ്പിൽ ജോലി ചെയ്തിട്ടുണ്ട് എന്ന സത്യം മകനാണ് പറയുന്നത്. അച്ഛനാകട്ടെ ക്യാമ്പിൻ്റെ പേരോർമ്മയില്ല. കൂടെ ജോലി ചെയ്ത ഔതക്കുട്ടി മൂക്കൻ, മുയലൻ, തുടങ്ങിയ ഇരട്ടപ്പേരുകളേ ഓർമ്മയുള്ളൂ.

ക്യാമ്പിൽ വിളിച്ചു ചോദിച്ചപ്പോൾ സത്യമാണ്. എല്ലാം സത്യമാണ്. വയനാട്ടിലെ തണുപ്പു സഹിക്കാതെ അയാളുടെ പല്ലുകൾ കൂട്ടിയിടിച്ചു കൊണ്ടിരുന്നു. ക്വാർട്ടർ മാസ്റ്റർ സിമൻ്റ് ചട്ടികൾ രണ്ടെണ്ണം കൂടി സംഘടിപ്പിച്ചു. മെസ്സിൽ നിന്ന് കൂടുതൽ വിറകും കൊണ്ടുവന്നു!

കട്ടിലിൻ്റെ വരിഞ്ഞു കെട്ടിയ കോട്ടൺ ടേയ്പ്പുകൾ കുറേയെണ്ണം ചൂടേറ്റ് കരിയാൻ തുടങ്ങി. ആളിക്കത്തുന്ന വിറകുകൾ മാറ്റി കനലുകൾ മാത്രമാക്കി…….

ആരുടേയും അഭിപ്രായത്തിന് കാത്തു നിൽക്കാതെ അദ്ദേഹം തിരക്കിട്ട് അതേ വേഷത്തിൽ കട്ടിലിൽ കേറിക്കിടന്നു.

മോനേ, എനിക്കൊരു കമ്പിളി കൊണ്ടെത്താടാ വല്ലാതെ തണുക്കുന്നല്ലോ, കിടുകിടുത്തു കൊണ്ട് അച്ഛൻ മകനോട് പറഞ്ഞു.

ഞാൻ അറിയാതെ വാച്ചിൽ നോക്കി. 12 മണി കഴിയുന്നു! ഓഫീസ് മേശയിൽ വിരിച്ച പരുക്കൻ കമ്പിളി കൊണ്ട് ചില അനുഷ്ഠാനക്രിയകളെ ഓർമ്മിപ്പിച്ചു കൊണ്ട് പുത്രൻ അച്ഛനെ പുതപ്പിച്ചു.

ഇനി ഉദകക്രിയകൾ തുടങ്ങുകയാണ്.

ഒരു വട്ടം പൂവിട്ടാരാധിച്ചു …….

മൂവട്ടം പൂവിട്ടാരാധിച്ചു ……

കന്നാസിൽ കൊണ്ടു വന്ന ചാരായം മന്ത്രോക്തികളാൽ വിശുദ്ധമാക്കി രണ്ടു നാഴിക ഇടവിട്ട് അച്ഛനെ താങ്ങിയിരുത്തി മൺചെരാതിൽ അരുമയായി പകർത്തിക്കൊടുത്തു കൊണ്ടിരുന്നു.

കട്ടിലിന് തീ പിടിച്ച് പിതാവ് തീയിൽ വെന്തു പോകാതിരിക്കാൻ ഉസുമാരൻ ബ്രാഹ്മണീയം കാത്ത് ക്ഷമയോടെ കാവലിരുന്നു. ഇടയ്ക്കിടെ അച്ഛൻ പുലഭ്യങ്ങൾ പറഞ്ഞു. ഇടയ്ക്കിടെ കിടന്നുകൊണ്ട് യാമങ്ങൾ തോറും യൂണിഫോമിൽ മൂത്രമൊഴിച്ചു.

മൂത്രം പവിത്രമത്രെ! അത് പിതൃക്കളുടെ കിടപ്പറയിലേയ്ക്ക് കിനിഞ്ഞിറങ്ങി തീക്കുണ്ഠത്തിലേയ്ക്ക് വഴി തേടി.

ശീ ശീ ശി

എന്നൊരു ശീകാര ശബ്ദം കേൾക്കവെ ഞങ്ങൾ പരസ്പരം നോക്കി.

കിടന്നു മുള്ളുകയാണ് മൂപ്പർ, നമ്പ്യാർ പറഞ്ഞു.

ബാത്ത്റൂമിൽ പോയി മൂത്രമൊഴിക്കാൻ പറയെടാ, ആരോ മകനോട് ആവശ്യപ്പെട്ടു.

വേണ്ട, മൂത്രമൊഴുക്ക് തടസ്സപ്പെടും, അയാൾ പ്രതിവചിച്ചു……

സായാഹ്നത്തിൻ്റെ നിസ്തുലയാമങ്ങൾ അടയാളപ്പെടുത്തി മൂത്രം ശി ശീ എന്ന് സമയത്തെ അളന്നു തള്ളിക്കൊണ്ടിരുന്നു. ….

പത്തുമുപ്പത്തഞ്ച് വർഷങ്ങൾ കഴിഞ്ഞു. ഇന്ന് ഇതോർക്കാൻ എന്താണ് കാര്യം! അറിഞ്ഞുകൂടാ. ആ മനുഷ്യൻ ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടോ? സാദ്ധ്യതയില്ല. ഒരു മുപ്പത്തഞ്ചുവർഷം കഴിയുമ്പോൾ ഞാൻ ജീവിച്ചിരിക്കുന്നുണ്ടാവുമോ? ഇല്ലേയില്ല!

പിന്നെയെന്താണ് ഞങ്ങൾ തമ്മിലുള്ള വ്യത്യാസം? മരണം ഇരുവർക്കും തുല്യം തുല്യമായിരിക്കെ എനിക്കെന്തു മേൽക്കയ്യാണുള്ളത്! ഇതാണോ യഥാർത്ഥ ജീവിതം? ഇങ്ങനെയാണോ ജീവിതം?

ഈ കഥ മറ്റൊന്നും പറയാതെ ഞാനിവിടെ അവസാനിപ്പിക്കുകയാണ്.

വയനാട് സ്വദേശി. കോഴിക്കോട് താമസം . കേരള പോലീസിൽ അസിസ്റ്റന്റ് കമാണ്ടന്റ് ആയി റിട്ടയർ ചെയ്തു. കാണാതായ കഥകൾ , ഭൂമദ്ധ്യരേഖയിലെ വീട്, ഐരാവതിയിലെ കല്ലുകൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ എല്ലാ ആനുകാലികങ്ങളിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . നവമാധ്യമങ്ങളിലും സജ്ജീവം.