ആസ്സാമിലെ ഏതോ റെയിൽവേ സ്റ്റേഷനും പാളങ്ങളും മലവെള്ള പാച്ചലിൽ ഒലിച്ചു പോയത് കൊണ്ട്, മിക്കവാറും പ്രതിയെ അന്വേഷിച്ചുള്ള ത്രിപുര യാത്ര കാൻസൽ ആകുമെന്ന് വിനയൻ അറിയിച്ചപ്പോൾ യഥാർത്ഥത്തിൽ വലിയ ആശ്വാസമാണ് തോന്നിയത്.
രണ്ടു മാസം മുന്നേ ട്രെയിൻ വാറന്റ് കൊടുത്ത് ടിക്കറ്റ് റിസർവ് ചെയ്തതാണ്, ട്രെയിൻ ഓടുന്നില്ലാത്തത്തിനാൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നു എന്നു പറഞ്ഞു വിനയൻ റെയിൽവേ സ്റ്റേഷനിലേക്ക് പോയിരുന്നു. റയിൽവേ സ്റ്റേഷനിൽ എത്തി വീണ്ടും ഒന്നുകൂടി ചെക്ക് ചെയ്തു നോക്കുമ്പോഴാണ് പാളവും റയിൽവേ സ്റ്റേഷനും യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനം നടത്തി വണ്ടികൾ പഴയ പോലെ ഓടി തുടങ്ങി എന്ന് മനസ്സിലായത്.
ഉടൻ വിനയൻ എന്നെ ഫോൺ ചെയ്തു. വണ്ടികൾ ആസ്സാം വഴി ഓടി തുടങ്ങിയിരിക്കുന്നതായി സൈറ്റിൽ കാണിക്കുന്നു, ഇതുവരെ കാണിച്ച ഖേദപ്രകടനമൊന്നും ഇപ്പോൾ ഇല്ലായെന്നും ഇൻഫർമേഷനിൽ ചോദിച്ചപ്പോൾ വണ്ടികൾ ഓടുന്നുണ്ട് എന്നും മിക്കവാറും ത്രിപുരക്ക് പോകേണ്ടി വരും ടിക്കറ്റ് ക്യാൻസൽ ചെയ്യാതെ മടങ്ങി വരികയാണെന്നും പറഞ്ഞു.
‘ഈശ്വരാ….. അപ്പോൾ ത്രിപുരയിലേക്ക് പോകണം അല്ലേ’ ഞാൻ മനസ്സിൽ മന്ത്രിച്ചു.
മറ്റന്നാൾ ആണ് നമ്മുടെ ആ മഹാ ത്രിപുര യാത്ര. ചെന്നൈ വഴിയുള്ള ടിക്കറ്റുകൾ ലഭിക്കാത്തത്തിനാൽ ആദ്യം മുംബൈ വഴിയും തിരിച്ചു പോരുമ്പോൾ വിശാഖപ്പട്ടണം വഴിയും ആണ് പ്ലാൻ ചെയ്തിരിക്കുന്നത്.
29.07.22 നു രാത്രി 07.30 നു മുംബൈ വരെ നേത്രാവതി എക്സ്പ്രസ്സിൽ ആണ് പോകുന്നത്. 28 നു ബേക്കൽ തൃക്കാണാട് അമ്പലത്തിൽ വാവ് കുളിയുടെ ഡ്യൂട്ടിയും കൂടി കഴിഞ്ഞു മാത്രമേ ത്രിപുര ഡ്യൂട്ടിക്ക് വേണ്ടി റിലീവ് ചെയ്യാൻ പറ്റുകയുള്ളൂ എന്ന് എന്റെ സുഹൃത്തായ സ്റ്റേഷൻ റൈറ്റർ കൂടിയായ എ എസ്സ് ഐ രാജേഷ് അറിയിച്ചു, ത്രിപുരയ്ക്ക് പോകാൻ വേണ്ടുന്ന ലഗേജ്ജുകൾ ഒന്നും തയ്യാറാക്കിയിട്ടില്ല എന്ന് ഞാൻ പറഞ്ഞു.
എന്നെ ഒന്നു തണുപ്പിക്കാനും ഒരു കോമഡിയാക്കാനുമായി അവൻ പറഞ്ഞു, ‘എടാ നിനക്ക് ഞാൻ പ്രത്യേകം പറഞ്ഞു വാവ് കുളിക്ക് കുളത്തിനടുത്ത് തന്നെ ഡ്യൂട്ടി ഇടാൻ ഏർപ്പാട് ആക്കിയിട്ടുണ്ട്’ ഓഫീസിൽ ഇരുന്നു എല്ലാവരുടെയും മുമ്പിൽ വച്ച് അവൻ ഇത് പറഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാരോടൊപ്പം ഞാനും ഉച്ചത്തിൽ ചിരിച്ചു പോയി.
ഡി വൈ എസ് പി ഓഫീസിൽ നിന്നും വാവ് ബലിയുടെ ബന്ത ബസ്ത് ഡ്യൂട്ടിയുടെ ചാർട്ട് കണ്ടപ്പോൾ ആ ചിരി യാഥാർഥ്യമായി. എനിക്കും മറ്റ് മൂന്ന് പോലീസുകാർക്കും ‘duty at pond’.
അതി രാവിലേ എണീറ്റ് കുളിച്ച് റെഡി ആയി 05.30 മണിയോടെ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങി.
ഇനി വേണം ഒരുക്കങ്ങൾ ചെയ്യാൻ. ആദ്യം ഒരു പേപ്പറും പെന്നും എടുത്തു എഴുതാൻ തുടങ്ങി യൂണിഫോം ഒരു ജോഡി, പുതപ്പ്… ഡ്രസ്സ്…. അവസാനം ഷേവിങ് സെറ്റ് വരെ… വണ്ടിയിൽ നിന്നും കഴിക്കാൻ ഈത്തപ്പഴം ബദാം, അണ്ടി പരിപ്പ്, ബിസ്ക്കറ്റ് എന്നിവയും സ്റ്റേഷനിൽ നിന്നു തന്ന അന്വേഷണ ഫയലും കൈയ്യാമ്മാവും. എല്ലാം അടുക്കി വച്ചപ്പോൾ എന്റെ ട്രോളി ബാഗ് തിങ്ങി വിങ്ങി.
സന്ധ്യക്ക് വീട്ടിൽ നിന്നും അടുത്ത വീട്ടിലെ ശ്രീധരേട്ടന്റെ ഓട്ടോയിൽ കയറി റെയിൽവേ സ്റ്റേഷനിൽ എത്തി കാത്തിരിപ്പു തുടങ്ങി…. ഒരു അര മണിക്കൂർ ലേറ്റ് നു ശേഷം അവൻ എത്തി. ഞങ്ങൾ മൂന്നു പേരും കയറി. സാധനങ്ങൾ സീറ്റിനടിയിൽ ഭദ്രമായി വച്ചു. രാത്രി പത്തു മണിയോടെ റെയിൽവേയുടെ ബ്ലാങ്കറ്റിനടിയിൽ എ സി യുടെ തണുപ്പ് സഹിക്കവയ്യാതെ ശരണം തേടി.
പിറ്റേന്ന് വൈകുന്നേരത്തോടെ മുംബെയിൽ എത്തി ചേർന്നു. കൂടെ ഉണ്ടായിരുന്ന എസ് ഐയുടെ ഒരു സുഹൃത്തിന്റെ കാറിൽ ആ മഹാ നഗരം ചുറ്റി കണ്ടു. അംബാനിയുടെ പടുകൂറ്റൻ വീട്, ലതാ മാങ്കേഷ്ക്കറുടെ ഫ്ലാറ്റ്, ഷാരൂഖാന്റെ വീട്, പിന്നെ ഭീകരർ വെടിവെപ്പ് നടത്തി അവരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓർമ്മകൾ തങ്ങി നിൽക്കുന്ന പ്രസിദ്ധമായ ഹോട്ടൽ താജും, ഭീകരർ പാക്കിസ്ഥാനിൽ നിന്നും വന്ന കടൽ വഴിയും അതിനടുത്തുള്ള ഗേറ്റ് വേ ഓഫ് ഇന്ത്യ.. അങ്ങനെ മുംബൈ നഗരം ഒന്നു ചുറ്റി കണ്ടതിനു ശേഷം വിശ്രമത്തിനായി എസ് ഐയുടെ സുഹൃത്ത് ഒരുക്കി തന്ന ‘മഹാരാജ്’ ഹോട്ടലിൽ പോവുകയും അവിടെ വിശ്രമിക്കുകയും ചെയ്തു.
നാളെയാണ് യഥാർത്ഥ ത്രിപുര യാത്ര ഇന്ന് നടത്തിയത് ഒരു ഇടയാത്ര മാത്രം.
ഞങ്ങൾ റൂം വെക്കേറ്റ് ചെയ്ത് ബാഗേജുകൾ എടുത്ത് രാവിലെ 07.00 മണിക്ക് ലോകമാന്യ തിലക് റെയിൽവേ സ്റ്റേഷനിൽ എത്തി. സെക്കൻഡ് പ്ലാറ്റ് ഫോമിൽ ആണ് വണ്ടി നിൽക്കുന്നത് കൂടെ വന്ന എസ് ഐയുടെ സുഹൃത്തിനോട് യാത്ര പറഞ്ഞ് ഞങ്ങൾ ട്രെയിൻ കയറി. നമ്മുടെ ട്രെയിനിന്റെ യാത്ര എന്ന് പറയുന്നത് മധ്യപ്രദേശ്, ഒറീസ്സ, ബീഹാർ, ബംഗാൾ, ആസ്സാം എന്നീ സംസ്ഥാനങ്ങളിൽ കൂടിയാണ്.
കമ്പാർട്ടുമെന്റുകളിൽ അധികവും ബംഗാളികളെയാണ് കണ്ടത്. നമുക്ക് റിസർവ്വ് ചെയ്ത സീറ്റിൽ ചെന്ന് ഇരിക്കാൻ നോക്കിയപ്പോൾ ഒരു ബഡാ ബംഗാളിയും അയാളുടെ കൂടെയുള്ള നാല് ശിങ്കിടി ബംഗാളികളും സീറ്റ് കയ്യടക്കിയിരിക്കുന്നു. ബഡാ ബംഗാളി അനന്ത ശയനത്തിൽ ആണ്. ലക്ഷ്മി ദേവിയുടെ ചാരെ തലയിൽ കൈവച്ചു കൊണ്ടുള്ള മഹാ വിഷ്ണു കിടക്കുന്ന പോലെയാണ് സീറ്റിൽ അയാൾ കിടന്നിരുന്നത്.
സീറ്റിനടിയിൽ അയാൾ പന്നിക്ക് കൊടുക്കുവാൻ വേസ്റ്റ് എടുക്കുന്ന പോലെയുള്ള ഒരു ഡ്രമ്മും, അതിനടുത്തായി അവന്റെ സാധനങ്ങൾ നിറച്ച കുറേ ബാഗുകൾ പ്ലാസ്റ്റിക് സഞ്ചി, ബക്കറ്റ് എന്നിങ്ങനെ സകലമാന സാധനങ്ങളും കൊണ്ട് വെച്ചു സീറ്റിന്റെ അടിഭാഗം നിറച്ചിരിക്കുന്നു. ഞങ്ങളെ കണ്ടപ്പോൾ അയാൾ ഒന്നു രൂക്ഷമായി നോക്കി ഞങ്ങളുടെ വരവ് അയാൾക്ക് തീരേ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു 5 സെന്റ് ചോദിച്ചു കൗരവരെടുത്ത് പോയ പാണ്ഡവരെ കണ്ട ദുര്യോധനന്റെ പുച്ഛ ഭാവം അവന്റെ മുഖത്തു നിന്നും ഞങ്ങൾ വായിച്ചെടുത്തു. ടി ടി യെ എവിടെയും കാണുന്നുമില്ല. സീറ്റിനുവേണ്ടി ഇവനോട് ഏറ്റുമുട്ടേണ്ടി വരുമോ എന്നൊരു ശങ്ക ഉണ്ടായിരുന്നു. അവന്റെ കാലു കഴിച്ചുള്ള ബാക്കി സ്ഥലത്ത് ഞാൻ ഇരുന്നു. ഇരുന്നിട്ട് മെല്ലെ മെല്ലെ കാല് നീട്ടാമെന്നു വിചാരിച്ചു. ബാഗൊക്കെ എങ്ങനെയോ അഡ്ജസ്റ്റ് ചെയ്ത് ഉള്ള സ്ഥലത്ത് വെച്ചു.
വണ്ടിയിൽ കയറിയപ്പോൾ അവൻ മലയാളിയും നമ്മൾ ബംഗാളിയും പോലെത്തെ അവസ്ഥ. അവനോട് ചിരിക്കാൻ നോക്കിയിട്ടൊന്നും രക്ഷയില്ല. അങ്ങനെ ഞാൻ ചെറിയ ഒരു അടവ് എടുത്ത്. എസ് ഐയോട് എന്തൊക്കെയോ സംസാരിക്കുകയും ബാഗ് തുറന്ന് അതിൽ ഉള്ള യൂണിഫോമും തൊപ്പിയും, പിന്നെ ഹാൻഡ് കഫും എടുത്ത് പുറത്ത് വച്ചു. സ്റ്റാർ ഉള്ള യൂണിഫോമിലേക്ക് അവൻ പാളി പാളി നോക്കുന്നത് കണ്ടു പിന്നെ ചെറിയ ഭയത്തോടെ കയ്യാമ്മത്തിലേക്കും. എന്റെ ഉദ്ദേശവും അത് തന്നെ ആയിരുന്നു. ഞാൻ ഫയൽ തുറന്ന് അതിൽ നിന്നു രണ്ട് മൂന്നു പേജുകളുടെ ഫോട്ടോ മൊബൈലിൽ എടുത്ത ശേഷം ഫയൽ ബാഗിൽ തന്നെ തിരികെ വച്ചു. അപ്പോൾ നമ്മുടെ വിഷ്ണു ബംഗാളി എഴുന്നേറ്റ് നേരെ ഇരിക്കുകയും അവന്റെ ബാഗ് അഡ്ജസ്റ്റ് ചെയ്ത് അതിന്റെ കൂടെ എന്റെ ബാഗും ശരിക്കും വയ്ക്കാൻ സഹായിക്കുകയും ചെയ്തു. ഞങ്ങൾ അവനെ വല്ല്യ മൈൻഡ് ഒന്നും ചെയ്തില്ല.
കുറച്ചു സമയം കഴിഞ്ഞു അവൻ ചോദിച്ചു. ‘ആപ്പ് പോലീസ് ഹേ, മേ ലോഗ് പോലീസ് ഹൂം, കേരള പോലീസ്. പ്രതിയെ അറസ്റ്റ് ചെയ്യാൻ വേണ്ടിയാണെന്ന് പറയാൻ നോക്കുമ്പോൾ പ്രതിയുടെ ഹിന്ദി കിട്ടുന്നില്ല അങ്ങനെ ആ ഡയലോഗ് വേണ്ടാ എന്ന് വച്ചു.
സമയം കൊല്ലാൻ വാട്ട്സ് ആപ്പിൽ ഞാൻ അംഗമായ ദേവഗീതത്തിലെ പാട്ടുകാർ പാടുന്ന പാട്ടുകൾ കേൾക്കും അടുത്ത പ്രാവശ്യം ചെയ്യേണ്ടുന്ന ചാരിറ്റി പ്രവർത്തനങ്ങളെ ഗ്രൂപ്പിലെ അഭിപ്രായങ്ങളും മറ്റും വായിക്കും അഭിപ്രായം കുറിക്കും. അതുപോലെ മറ്റ് ഗ്രൂപ്പിൽ പറയുന്നതിനോട് യോജിപ്പും വിയോജിപ്പും പ്രകടിപ്പിക്കുവാൻ ഇമോജികൾ ഇടും.
നാല് പുസ്തകങ്ങൾ ട്രെയിനിൽ നിന്നും വായിക്കുവാൻ വേണ്ടി പ്രത്യേകം കയ്യിൽ കരുതിയിരുന്നു. എത്രയോ കാലമായി മുറിഞ്ഞ ആ വായനാ ബന്ധം…. ഒന്നു പുതുക്കണം. ഏകദേശം മുന്നൂറോളം പേജുകൾ ഉള്ള ജിസ ജോസ് എന്ന എഴുത്തുകാരി എഴുതിയ ‘ആനന്ദഭാരം’ എന്ന നോവൽ വായിച്ചു തീർത്തു. ബർത്തിൽ തല വെക്കുന്ന ഭാഗത്ത് ബെഡ് ലാമ്പ് ഉള്ളതിനാൽ എന്റെ വായന മറ്റ് യാത്രക്കാർക്ക് ശല്യമായില്ല. നോവൽ വായിച്ചു തീർത്തപ്പോഴേക്കും ഏകദേശം 11.00 മണിയായി കാണും. പുസ്തകം തലയിണയുടെ അടിയിൽ വച്ച ശേഷം ഞാൻ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.
പുലർച്ചെ 04.30 മണിയോടെ ആസാമിലെ കാമാഖ്യ റെയിൽവേ സ്റ്റേഷനിൽ എത്തി ചേർന്നു. ട്രെയിനിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും നേരം പരപരാ വെളുത്തിരുന്നു. നമ്മുടെ നാട്ടിലെ സമയത്തിനേക്കാളും എത്രയോ നേരത്തെ ഇവിടെ സൂര്യൻ ഉദിക്കുന്നു. രാവിലെ ഒരു ഏഴു മണി ആയപോലെയുള്ള ഫീൽ. ഫ്ലാറ്റ്ഫോമിന് പുറത്തെത്തിയപ്പോൾ തന്നെ ഓട്ടോറിക്ഷാവാലകളും സൈക്കിൾ റിക്ഷാവാലകളും ഞങ്ങളെ വളഞ്ഞു. എല്ലാവർക്കും അറിയേണ്ടത് ഞങ്ങൾക്ക് പോകേണ്ടത് പ്രസിദ്ധമായ കാമാഖ്യ ദേവി ക്ഷേത്രം കാണാനാണോ എന്നാണ്, കാരണം അവിടെത്തേക്കുള്ള ഓട്ടോ ചാർജ്ജ് അഞ്ഞൂറ് രൂപയാണ് എന്നുള്ളത് തന്നെ. ഞങ്ങൾ അവിടേക്കല്ല എന്ന് പറഞ്ഞപ്പോൾ എല്ലാവരും പിൻവലിഞ്ഞു മറ്റ് യാത്രക്കാരുടെ പിറകേ കൂടി. ഞങ്ങൾ സ്റ്റേഷനിലേക്ക് പോയി റെയിൽവേയുടെ ഡോർമെറ്ററി എടുക്കുകയും ഫ്രഷ് ആകുകയും ചെയ്തപ്പോഴേക്കും നമ്മുടെ കൂടെയുള്ള എസ് ഐയുടെ നാട്ടിലെ ബി എസ് എഫ് കാരനായ സുഹൃത്ത് ഒരു ഫ്ലാസ്ക്കിൽ ചായയും ബിസ്ക്കറ്റുമായി എത്തുകയും ചായകുടിച്ചു കഴിഞ്ഞപ്പോൾ കാമാഖ്യ ദേവി ക്ഷേത്രത്തിന്റെ പ്രശസ്തിയെ കുറിച്ച് പറയുകയും ഞങ്ങളെ അവിടേക്കു കൂട്ടി പോവുകയും ചെയ്തു. ഞങ്ങൾ അവിടെ എത്താൻ വൈകിയതിനാൽ ഇനി വി ഐ പി പാസ്സ് എടുത്ത് മാത്രമേ കയറാൻ പറ്റുള്ളൂ എന്ന് കയ്യിൽ കുറുവടി പിടിച്ച ഉണ്ടമൂക്കൻ സെക്കൂരിറ്റി പറഞ്ഞു. വി ഐ പി പാസ്സിന് 500 രൂപയാണ് എന്നാലും വലിയ ക്യൂവിൽ മണിക്കൂറുകളോളം കാത്ത് നിൽക്കണം. ഞങ്ങൾക്ക് ഇനി ത്രിപുരയ്ക്ക് വൈകുന്നേരം മാത്രേ ട്രെയിൻ ഉള്ളൂ അത് കൊണ്ട് ദർശനം നടത്തിയിട്ട് തന്നെ പോകാമെന്നു തീരുമാനിച്ചു. വി ഐ പികൾ ആയതിനാൽ ക്യുവിൽ നിൽക്കേണ്ടതില്ല കസേരകളിൽ ഇരുന്നാൽ മാത്രം മതി. അമ്പലത്തിന്റെ അടുത്തെത്തുമ്പോൾ വേറൊരു ക്യുവിലേക്കു മാറി കയറണം .
ആദ്യം ഒരു ഹാളിൽ ആണ് വി ഐ പികളെ ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ക്രമത്തിൽ ഇരുത്തിയത്, അവിടെ ഏകദേശം ഒന്നൊന്നര മണിക്കൂർ കാത്തു നിൽക്കണം, അവിടേക്കു പൂവിൽപ്പനക്കാരും നേർച്ചകൾ വിൽപ്പന നടത്തുന്നവരുമൊക്കെ വന്ന് ദേവി പ്രീതിക്കായി ഓരോന്ന് വാങ്ങി അർച്ചന ചെയ്യണമെന്ന് പറയുന്നുണ്ട്. കുറേ ആൾക്കാർ എല്ലാം വാങ്ങുന്നുണ്ട്, നമ്മൾ തലയിൽ കെട്ടുന്ന റിബൺ വാങ്ങിച്ചു തലയിൽ കെട്ടി
അവസാനം ദേവി ദർശനം സാധിച്ചു. ഒരു വലിയ ഗുഹയിൽ പ്രവേശിച്ചു വേണം ദേവിയെ തൊഴാൻ. അമ്പലം തന്നെ ഒരു പ്രത്യേക തരത്തിൽ നിർമ്മിച്ചതാണ്. എല്ലാ ദിവസവും ആട് ബലി നടത്തിയതിനു ശേഷം മാത്രമേ നട തുറക്കു എന്ന് അവിടെ കണ്ടു മുട്ടിയ ഒരു മലയാളി ഞങ്ങളോട് പറഞ്ഞു.
ശ്രീ കാമഖ്യ ദേവി ശ്രീ പാർവതി സങ്കല്പമാണ്. ദക്ഷന്റെ യാഗത്തിനു ക്ഷണിക്കാതെ യാഗ ഭൂമിയിൽ എത്തിയ മകൾ സതിയെ ദക്ഷൻ അപഹസിക്കുകയും ദക്ഷനാൽ അപഹാസ്യയായ സതി യാഗ ഭൂമിയിൽ ജീവൻ വെടിയുകയും ചെയ്തു. അതറിഞ്ഞു കോപാന്ധനായി യാഗ ഭൂമിയിലേക്ക് സംഹാര താണ്ഡവമാടിക്കൊണ്ട് പരമശിവൻ വരികയും സതി ദേവിയുടെ ജീവനറ്റ ശരീരം തോളിലേറ്റി, ഭ്രാന്തമായി മുച്ചൂടും മുടിച്ചു കൊണ്ട് മുന്നേറുമ്പോൾ തടയാൻ കഴിയാതെ നിസ്സഹായരായ ദേവകളുടെ അപേക്ഷ പ്രകാരം ശ്രീ മഹാവിഷ്ണു സതി ദേവിയുടെ ശരീരത്തെ സുദർശന ചക്രത്താൽ ഓരോ ഓരോ ഭാഗങ്ങളാക്കി മുറിച്ചു ഭൂമിയിൽ വീഴ്ത്തുകയും, അരയ്ക്ക് താഴെ ഉള്ള ഭാഗം നിപതിച്ചത് ഈ കാമാഖ്യ എന്ന സ്ഥലത്താണ് എന്നുമാണ് ഐതീഹ്യം. അവിടെ ദിവസവും ആട് ബലി നടത്തുന്നത് ദക്ഷയാഗവുമായി ബന്ധപ്പെട്ടു ആണ്.
ഉഗ്രമൂർത്തി ഭാവമുള്ള ശ്രീ കാമാഖ്യ ദേവിയെ തൊഴുത് വണങ്ങി ഉള്ളിലുള്ള കാര്യങ്ങൾ പറഞ്ഞ് പ്രാർത്ഥിച്ച ശേഷം ഞങ്ങൾ മലയുടെ താഴേക്കു ഇറങ്ങുകയാണ്. വയനാട് ചുരത്തിനു സമാനമായ വളവും, തിരിവും ഇറക്കവും വല്ലാത്ത ഒരു തണുപ്പും താഴേക്കു നോക്കിയാൽ വലിയ ഗർത്തങ്ങൾ കാണാം. റോഡിന്റെ സൈഡിൽ വാഹനങ്ങൾ കൊക്കയിലേക്ക് പോകാതിരിക്കാൻ നീളത്തിൽ ഇരുമ്പിന്റെ ഫെൻസിങ് പണിതിരിക്കുന്നു. താഴോട്ടു നോക്കിയാൽ തല വട്ടം ചുറ്റും, അങ്ങകലെ അപ്പുറത്തെ മലയിൽ നിരനിരയായി വീടുകൾ കാണാം. തീപ്പെട്ടി കൂടുകൾ വച്ചതായി തോന്നും അത് കണ്ടാൽ, എല്ലാം ആസ്വദിച്ചു ഞങ്ങൾ മലയുടെ താഴെ എത്തി.
ഒരു ചെറിയ തട്ട് കടയിൽ നിന്നും ഓരോ ചപ്പാത്തിയും സബ്ജിയും, ഗ്ലാസിന്റെ പകുതിയോളം നിറച്ച ഇഞ്ചി, ഏലക്കായ തുടങ്ങിയവ ചേർത്തുള്ള ഒരു സ്ട്രോങ്ങ് ചായയും കഴിച്ച് റയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന പ്രൈവറ്റ് ബസിൽ കയറി ഇരുന്നു. പിറകിലെ സീറ്റിലെ സ്ത്രീകൾ എന്തോ ശബ്ദമുണ്ടാക്കുന്നുഅപ്പോഴാണ് അത് ലേഡീസ് സീറ്റ് ആണെന്ന് മനസ്സിലായത് അവിടുന്ന് മാറി വേറൊരു സീറ്റിൽ ഇരുന്നു.
ഓരോരോ തരത്തിൽ ഉള്ള വസ്ത്രങ്ങൾ അണിഞ്ഞ ആസ്സാമികളെ ബസിൽ കണ്ടു. അവരുടെ മൂക്കിന് ഓരോ പ്രത്യേകതയുണ്ടായിരുന്നു. പരന്ന മൂക്ക് പോലെയുള്ളതും കൂർത്ത മൂക്ക് ഉള്ളതും ആയ ആളുകളെ കണ്ടപ്പോൾ വെറുതെ നോക്കിയിരുന്നു. അവരുടെ സംസാരവും മറ്റും കേൾക്കാൻ നല്ല കൗതുകം. ആസ്സാമി ആണുങ്ങളെ കാണാൻ അത്ര സൗന്ദര്യമില്ലെങ്കിലും സ്ത്രീകൾ സുന്ദരികൾ തന്നെ. ആണുങ്ങൾ അധികവും കോളർ ഇല്ലാത്ത ടി ഷർട്ടും ഷർട്ടും അയഞ്ഞ തരത്തിൽ ഉള്ള പാന്റ്സും ആണ് ധരിച്ചു കണ്ടത് പെണ്ണുങ്ങൾ ലിപ്സ്റ്റിക് ഇട്ട് മുടിയിൽ ചായം തേച്ച് സ്ട്രെയിറ്റൻ ചെയ്ത് ഒരു ചെറിയ വാനിറ്റി ബാഗു തോളിൽ തൂക്കി ഹൈ ഹീൽ ചപ്പലും ഇട്ട് ഭംഗിയായി നടക്കുന്നു.
റെയിൽവേ സ്റ്റേഷൻ എത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി. വൈകുന്നേരം മെട്രോ ട്രെയിനിൽ തലസ്ഥാനമായ ഗുവാഹത്തിയിലേക്ക്. പിറ്റേ ദിവസം ആണ് ത്രിപുരയ്ക്ക് വണ്ടി കയറിയത്. തലസ്ഥാനമായ അഗർത്തലയിൽ ഇറങ്ങി അവിടെ നിന്നും ഞങ്ങളുടെ കേസ്സിലെ പ്രതി താമസിക്കുന്ന ഉദയപൂർ എന്ന സ്ഥലത്തെക്കും,
ഒരു ത്രിപുര യാത്ര എന്ന അടിക്കുറിപ്പോടെ സ്റ്റാറ്റസ് ഇട്ടത് കണ്ട് എസ് പി സിയുടെ ചുമതല ഉള്ള സിമിഷ ടീച്ചർ, “എന്റെ ഭർത്താവ് ത്രിപുര പോലീസ് ആണെ”ന്ന് എഴുതി. മാത്രമല്ല കുറച്ചു കഴിഞ്ഞ് ഭർത്താവ് നിങ്ങളെ വിളിക്കുമെന്നും. പത്ത് മിനിറ്റിനു ശേഷം നമസ്കാരം എന്ന് പറഞ്ഞ് ടീച്ചറുടെ ഭർത്താവ് വിളിച്ചു . ‘മുൻപ് ത്രിപുര വന്നിട്ടുണ്ടോ’ എന്നും മറ്റും ചോദിച്ചു. സത്യത്തിൽ കൊങ്കൺ ഗുഹ പോലെ ഇരുട്ട് മാത്രമായിരുന്നു ത്രിപുരയെ പറ്റി നമുക്കുള്ളത്. നന്മയുള്ള ആ പോലീസ് ഉദ്യോഗസ്ഥൻ എല്ലാ സഹായവും വാഗ്ദാനം ചെയ്ത ശേഷം ഫോൺ കട്ട് ചെയ്തു.
ഒരു ഇരുപത് മിനുട്ട് കഴിഞ്ഞ് ദിപീഷ് വീണ്ടും വിളിക്കുന്നു, ‘എന്റെ ഒരു സാബ് ഉണ്ട് ത്രിപുരയിലെ ഏതോ ഒരു സബ് ഡിവിഷൻ ഡി വൈ എസ് പി ആണ് എന്നും മലയാളിയാണ് എന്നും നിങ്ങളുടെ കാര്യങ്ങൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്, നിങ്ങൾ ധൈര്യമായി സാബിനെ വിളിച്ചോളൂ നിങ്ങൾ ത്രിപുരയിൽ എത്തിയാൽ എല്ലാ കാര്യവും സാബ് നോക്കി കൊള്ളും’ എന്ന് പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ഒന്നും പേടിക്കേണ്ട എന്ന് പറയുന്നുന്നുമുണ്ട്. പഴയപോലെ മാവോയിസ്റ് ഭീഷണി ഒന്നും ഇല്ല എല്ലാറ്റിനെയും അടിച്ചൊതുക്കി പേടിക്കുകയേ വേണ്ട’ എന്ന്. അപ്പോൾ നമ്മൾക്ക് ഇത് വരെ തോന്നാത്ത ഒരു ഭയം തോന്നി മാവോയിസ്റ്റുകളെ കേട്ടിട്ടേ ഉള്ളു, കാണേണ്ടി വരുമോ
ഞാൻ ജസ്റ്റിൻ സാബിനെ ഫോൺ ചെയ്തു. ആദ്യം എടുത്തില്ലെങ്കിലും രണ്ടാം വട്ടത്തിൽ ഫോൺ എടുത്തു. ഞാൻ നമസ്കാരം പറഞ്ഞു, കേരളത്തിൽ നിന്നും ഒരു പ്രതിയെ തേടി വന്നതാണ് ‘ എന്ന് പറഞ്ഞു പിന്നെ എല്ലാം പറഞ്ഞത് സാബ് ആണ്.
സാർ നമുക്കുള്ള താമസം ഒക്കെ അറേഞ്ച് ചെയ്തു തരുവാൻ സാറിന്റെ സുഹൃത്തായ ഉദയ്പൂർ ഡി വൈ എസ് പിയോട് പറഞ്ഞിട്ടുണ്ട് എന്നും ഏത് ആവശ്യത്തിനും ഒരു മടിയും കൂടാതെ വിളിച്ചു കൊള്ളണമെന്നും പറഞ്ഞു നമ്മുടെ പ്രതി താമസിക്കുന്ന ലൊക്കേഷൻ ഉദയ്പൂർ ഡി വൈ എസ് പി സാറിന്റെ അണ്ടറിൽ ഉള്ള കക്ക്രാബാൻ ബാൻ സ്റ്റേഷൻ സ്റ്റേഷൻ പരിധിയിൽ ആണെന്നും ഒന്നും പേടിക്കേണ്ട എന്നും പറഞ്ഞു. ജസ്റ്റിൻ സാറിനോട് സംസാരിച്ചതിൽ പിന്നെ നമുക്ക് ഒരു ധൈര്യവും ആവേശവും നമുക്ക് കൈവന്നു. ജസ്റ്റിൻ സാറിന്റെ ഭാര്യയും ത്രിപുരയിൽ ഡി വൈ എസ് പി ആയി ജോലി ചെയ്യുന്നു. സാറിന്റെ നിർദേശം അനുസരിച്ചു ഞങ്ങൾ ഉദയപൂർ ഡി വൈ എസ് പിയെ കാണാൻ പോയി. ഞങ്ങൾ വരുന്നുണ്ടെന്നു അറിഞ്ഞു ഉദയ്പൂർ ഡി വൈ എസ് പി സാർ ഞങ്ങളെയും കാത്ത് ഓഫീസിൽ നിൽക്കുകയാണ്.
സാർ ഞങ്ങളെ ഹാർദ്ദവമായി സ്വാഗതം ചെയ്തു. ഇരിക്കാൻ പറഞ്ഞു. ഉടനെ ചായയും സ്നാക്സും എത്തി. ‘ഞാൻ ദ്രുബ്ദ നാഥ്’ എന്ന് പറഞ്ഞ് കൈ നീട്ടി ഹസ്തദാനം നൽകി, അപ്പോൾ ഞങ്ങളുടെ കൂടെ ഉള്ള എസ് ഐ പറഞ്ഞു ഞാൻ രഘുനാഥ്.
ബെല്ലടിച്ച ഉടൻ ചെറുപ്പക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ വന്നു. ഞങ്ങളെ താമസ സ്ഥലത്ത് എത്തിക്കാൻ സാർ ആ പോലീസ് കോൺസ്റ്റബിളിനോട് പറഞ്ഞു. പോകുമ്പോൾ സാർ പറഞ്ഞു ‘Any time you can call’
സുമുഖനായ ത്രിപുരക്കാരൻ ‘പയ്യൻ പോലീസ്’ എന്റെ ട്രോളി ബാഗ് എന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി മുന്നിൽ നടന്നു, എന്നിട്ട് ഞങ്ങളോട് പറഞ്ഞു
‘ആയിയേ ‘
ഞങ്ങൾ അവന്റെ പിറകേ നടന്നു. മോഗു എന്നാണ് അവന്റെ പേര്. ബുദ്ധമതകാരനാണ് . ഗസ്റ്റ് ഹൌസിൽ എത്തി ജീവനക്കാരനോട് ചാവിയും വാങ്ങി റൂമുകൾ തുറന്ന് തന്ന് അവൻ ഞങ്ങളോട് പറഞ്ഞു , ‘ആരാം കരോ ‘
യാത്രയുടെ എല്ലാ ക്ഷീണവും ഞങ്ങൾ ഉറങ്ങി തീർത്തു. രാവിലെ എഴുന്നേറ്റു. പ്രതി താമസിക്കുന്ന ഏരിയയിലെ പോലീസ് സ്റ്റേഷനിലേക്ക് പോയി, കക്ക്രാബൻ എന്നാണ് പോലീസ് സ്റ്റേഷന്റെ പേര്. പോലീസ് സഹായത്തിനായി റിക്വസ്റ്റ് തയ്യാറാക്കി എസ് എച്ച് ഒ യ്ക്ക് കൊടുത്തു. അപ്പോഴേക്കും ഡി വൈ എസ് പി ജസ്റ്റിൻ സാറിന്റെ വിളിയെത്തി, പെട്ടെന്ന് തന്നെ പുറത്ത് പെട്രോളിംഗിന് പോയ പോലീസ് ജീപ്പും എസ് ഐ യും സ്റ്റേഷനിൽ കുതിച്ചെത്തി. ഞങ്ങളോട് കയറാൻ പറഞ്ഞു കൂടെ ഞങ്ങൾക്ക് സെക്യൂരിറ്റി ആയി തോക്കേന്തിയ രണ്ടു കമാണ്ടോസ്. ഞങ്ങൾ കയറിയ ജിപ്സി റോഡിലൂടെ പറപറന്നു. ലൂക്ക് കുറവാണെങ്കിലും കരുത്തിൽ അവൻ ഉഷാറാണ്. ഇപ്പോൾ നമ്മൾ പോയി കൊണ്ടിരിക്കുന്നത് ഗ്രാമങ്ങളിൽ കൂടിയാണ്.
ഞങ്ങൾക്ക് വഴി കാട്ടിയായി അവിടുത്തെ ഒരു സി ഐ ഡി ബുള്ളറ്റിൽ മുന്നിൽ പോകുന്നുണ്ടായിരുന്നു. മാവോയിസ്റ് ഏരിയപോലെ തോന്നിക്കുന്ന പ്രദേശം, ഊട് വഴികളിലൂടെ ഓടി ഓടി അവസാനം സി ഐ ഡി ഒരു വീട് ചൂണ്ടിക്കാണിച്ചു തന്ന് എവിടേക്കോ മറഞ്ഞു.
ഞങ്ങൾ വരുന്ന വഴികളിൽ നമ്മുടെ നാട്ടിൽ കണ്ടു വരുന്നതു പോലെ സൊറ പറഞ്ഞ് നിൽക്കുന്ന ചെറുപ്പക്കാർ പോലീസ് വണ്ടിയെ കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു. ഒരു ‘വിയറ്റ്നാം കോളനി’ പോലെ കുറച്ച് ദുരൂഹത തോന്നിക്കുന്ന സ്ഥലത്താണ് പ്രതിയുടെ വീട്, അഭ്യാസങ്ങളോ വീട് വളയലോ ഒന്നും ഇവിടെ പറ്റില്ല. കാരണം നമ്മുടെ നാടല്ലല്ലോ. എസ് ഐ വീട്ടിൽ കയറി ചെന്ന് വാതിൽ മുട്ടി. ഗൃഹ നാഥൻ പുറത്തു വന്നു. എസ് ഐ പ്രതിയെ അന്വേഷിച്ചു, വീട് ഇത് തന്നെയെന്നും ഞങ്ങൾ അന്വേഷിച്ചു പോയ ആൾ അയാളുടെ മകനാണെന്നും ഇപ്പോൾ വീട്ടിൽ ഇല്ലായെന്നും രാവിലെ പെട്ടിയൊക്കെ എടുത്തു എവിടേക്കോ പോയി എന്നും അറിയിച്ചു. എസ് ഐ യും കമാന്റോസും വീടിനുള്ളിൽ പരിശോധന നടത്തി നോക്കിയെങ്കിലും എവിടെയും കണ്ടില്ല. അവൻ സ്ഥലം കാലിയാക്കിയിരിക്കുന്നു എന്ന് മനസ്സിലായി, ഫോൺ സിച്ച് ഓഫ്.
അങ്ങനെ വേറെ ഇതിൽ കൂടുതൽ ഒന്നും ചെയ്യാനില്ലാതെ, എന്നാൽ അച്ഛനെ ചോദ്യം ചെയ്തതിൽ പ്രതിയെ പറ്റി ‘പല കാര്യങ്ങളും’ അറിയാൻ കഴിഞ്ഞു……
പ്രതി ഞങ്ങളിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നു… ഇനി നമുക്ക് നാട്ടിലേക്ക് മടങ്ങണം . നാളെ രാവിലെ 05.30 നു അഗർത്തലയിൽ നിന്നും ആണ് നമ്മുടെ ട്രെയിൻ. വെളുപ്പിന് 04.30 നു ഉണർന്നു, തയ്യാറായി, ബാഗുകൾ എടുത്ത് നേരെ അഗർത്തല റയിൽവേ സ്റ്റേഷനിലേക്ക്. ഇനി മൂന്നു പകലും രണ്ടു രാത്രിയും നീളമുള്ള യാത്ര, ചിലപ്പോൾ ഈ യാത്ര കേരള പോലീസിലെ അന്വേഷണോദ്യോഗസ്ഥരുടെ ഏറ്റവും ദൈർഖ്യമേറിയ യാത്രകളിൽ ഒന്നായിരിക്കാം.
റെയിൽവേ സ്റ്റേഷനിൽ എത്തി അന്വേഷിച്ചപ്പോൾ ആണ് ട്രെയിൻ നാലര മണിക്കൂർ ലേറ്റ് ആണെന്ന് അറിയുന്നത്. ഇന്ത്യയിലെ ഏറ്റവും ദൈർഖ്യം കൂടിയ ആറാം സ്ഥാനത്തുള്ള ട്രെയിൻ ആണ് ഞങ്ങൾ കയറേണ്ടുന്ന അഗർത്തല – ബാംഗ്ളൂർ ഹംസഫർ എക്സ്പ്രെസ് .
ഞങ്ങൾക്ക് ഇറങ്ങേണ്ടത് ചെന്നൈക്കടുത്തുള്ള കാട്പാടിയിൽ ആണ്. അവിടെ നിന്നും ചെന്നൈ മംഗ്ലൂർ മെയിലിനു മാറി കയറണം, 6 മണിക്കൂറിൽ കൂടുതൽ ലേറ്റ് ആയാൽ മാത്രമേ ചെന്നൈ മെയിൽ കിട്ടാതിരിക്കുകയുള്ളൂ. ഇപ്പോൾ 5 മണിക്കൂർ മാത്രമേ ലേറ്റ് ഉള്ളൂ. വണ്ടി അഗർത്തലയിൽ നിന്നും വിട്ടിരിക്കുന്നു. നല്ല സ്പീഡിൽ തന്നെയാണ് ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നത്. ആസ്സാം, ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒറീസ്സ, ആന്ധ്രാ പ്രദേശ് ഒക്കെ കഴിഞ്ഞു ട്രെയിൻ തമിഴ് നാട്ടിൽ പ്രവേശിച്ചിരിക്കുന്നു. ഇപ്പോൾ ട്രെയിൻ അഞ്ചര മണിക്കൂർ ലേറ്റ് ആണ്. കാട്പ്പാടി എത്താൻ പോകുന്നു. ഇതേ സ്പീഡിൽ ഓടിയാൽ എന്തായാലും ചെന്നൈ എക്സ്പ്രസ്സ് പിടിക്കാം.
ചെന്നൈ മെയിൽ, ചെന്നൈയിൽ നിന്നും വിട്ടിരിക്കുന്നു. രണ്ട് ട്രെയിനിനും ഏകദേശം ഒരേ ദൂരം, ഏത് ട്രെയിൻ ആദ്യം പ്ലാറ്റ്ഫോമിൽ എത്തും ആ ട്രെയിൻ ആദ്യം കാട്പാടി വിടും, ഹംസഫർ ആദ്യം എത്തിയാൽ ഞങ്ങൾക്ക് ചെന്നൈ കിട്ടും. ചെന്നൈ ആദ്യം എത്തിയാൽ ഭാര്യക്കും മകൾക്കും ഒരു ദിവസം കൂടി ടെൻഷൻ അടിക്കാം . ഇഞ്ചോടിഞ്ചു മത്സരം, നെറ്റിൽ രണ്ടു ട്രെയിനിന്റെയും പൊസിഷൻ നോക്കി ഞങ്ങൾ ടെൻഷൻ അടിച്ചു കൊണ്ടിരിക്കുന്നു. കാട്പ്പാടിയിൽ നിന്നും ഒരു രാത്രി യാത്ര കൂടി മാത്രമേ നാട്ടിലേക്കുള്ളൂ. രണ്ടു വണ്ടികളും അവസാന ലാപ്പിലേക്കു ഓടികൊണ്ടിരിക്കുകയാണ്.
വിജയിത്തിലേക്കു കുതിച്ച ഹംസഫർ കിതയ്ക്കുന്നത് പോലെ തോന്നി. ഫിനിഷിങ് പോയിന്റിന് അടുത്തെത്തുമ്പോഴേക്കും തളർന്നു വീണ ഹംസഫറിനെ തോൽപ്പിച്ചു കൊണ്ട് ചെന്നൈ മെയിൽ ഒന്നാം സ്ഥാനത്തെത്തി പ്ലാറ്റുഫോം കരസ്ഥമാക്കി. ഞങ്ങൾ തലയ്ക്കു കൈ വച്ചു. ഇനി എങ്ങനെ പോകും, ഏത് വണ്ടിക്ക്
ഇത് വരെ എല്ലാം കൃത്യമായി കാര്യങ്ങൾ നീക്കിയ വിനയൻ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. വിനയൻ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആണ്. മിടുക്കൻ. നെറ്റിൽ തിരഞ്ഞപ്പോൾ നാളെ ഒരു ട്രെയിൻ ഉണ്ട് എന്നു മനസ്സിലായി. ബാഗുകളിൽ തല വെച്ച് ഞങ്ങൾ അവിടെയുള്ള റസ്റ്റ് റൂമിൽ ഉറങ്ങാതെ ഉറങ്ങി. ഇനി ഞങ്ങൾ കയറേണ്ടത് ജനറൽ കമ്പാർട്ട്മെന്റിൽ ആണ്. വണ്ടി വന്നു സീറ്റ് കിട്ടി. വലിയ തിരക്കില്ല. സൈഡ് സീറ്റിൽ ഇരുന്നു. എതിർ വശത്തുള്ള സീറ്റിൽ ഷോൾഡർ ബാഗ് വച്ചു. കുറേ സ്റ്റേഷനുകൾ കഴിഞ്ഞ് ഷൊർണൂർ എത്തുമ്പോഴേക്കും ഏകദേശം സീറ്റുകൾ ഫിൽ ആയി. ഏതോ സ്റ്റേഷനിൽ നിന്നും ഒരു സ്ത്രീ ഒരു ബാഗും തൂക്കി സങ്കടത്തോടെയുള്ള മുഖത്തോടെ വന്ന് ഇരിക്കാൻ സ്ഥലം നോക്കിയപ്പോൾ ഞാൻ ഷോൾഡർ ബാഗ് സീറ്റിൽ നിന്നും എടുത്ത് ആ സ്ത്രീക്ക് ഇരിക്കുവാൻ സ്ഥലം കൊടുത്തു. അവൾ കയ്യിലുള്ള ബാഗ് മുകളിളിലെ തട്ടിൽ വെച്ച് എനിക്കഭിമുഖമുള്ള സീറ്റിൽ ഇരിക്കുകയും ചെയ്തു. രണ്ടു കയ്യിലും എന്തോ സാധനം പൊത്തി പിടിച്ചിരിക്കുകയും മൗനമായി കരയുകയും ചെയ്യുന്നത് കണ്ട് ഞങ്ങൾക്ക് വല്ലാത്ത വിഷമം തോന്നി. കാര്യം തിരക്കിയപ്പോൾ അവളുടെ അമ്മയ്ക്ക് സുഖമില്ലാതെ മലബാർ ക്യാൻസർ സെന്ററിൽ ആണ് ഉള്ളത് എന്നും, അവൾ ഒറ്റ മകളാണ് എന്നും,
രണ്ടു മാസം മുൻപേ അച്ഛന് കാൻസർ വന്ന് ചികിത്സ നടത്തി, ഇപ്പോൾ ഒരു വിധം സുഖമായി വീട്ടിൽ വിശ്രമിക്കുന്നു. അത് കഴിഞ്ഞു അമ്മയ്ക്കും അതേ അസുഖം വന്നപ്പോൾ അവൾ ആകെ തകർന്നു. അവളുടെ ചെറിയ രണ്ടു മക്കളെയും അച്ഛന്റടുത്താക്കി അമ്മയെ പരിചരിക്കാൻ വരികയാണ്. അമ്മയ്ക്ക് ഇഷ്ടമുള്ള കപ്പയും മീൻ കറിയും തയ്യാറാക്കിയാണ് അവൾ അമ്മയുടെ അടുത്തേക്ക് വരുന്നത്. ഭർത്താവ് നാട്ടിൽ ഇല്ല. ആകെ ഒരു അനിശ്ചിതത്വം അച്ഛന് വേണ്ടി ഒരുപാട് പണം ചിലവാക്കി, ഇപ്പോൾ അമ്മയും, ഏക ആശ്രയം ഇനി ദൈവം മാത്രം, ആ ആശ്രയത്തിന്റെ പ്രതിരൂപമായാണ് അവൾ കയ്യിലുള്ള ജപ മാല ജീവനെപ്പോലെ നെഞ്ചോട് ചേർത്തു പിടിച്ചു പ്രാർത്ഥിക്കുന്നത്.
തലശ്ശേരിയിൽ അവൾ ട്രെയിൻ ഇറങ്ങുമ്പോൾ കണ്ണീർ ഒഴുക്കിക്കൊണ്ട് ഞങ്ങളോട് പറഞ്ഞു, ‘പ്രാർത്ഥിക്കണം എന്റെ മമ്മിക്ക് വേണ്ടി’ ട്രെയിൻ ഇറങ്ങി വീട്ടിൽ എത്തിയപ്പോഴും ആ സ്ത്രീയുടെ മുഖമായിരുന്നു മനസ്സ് നിറയെ… കാരണം എനിക്കും ഉണ്ടായിരുന്നു ഇതേ അസുഖം ബാധിച്ച ഒരു പെങ്ങൾ. ഞങ്ങൾ എല്ലാ സഹോദരങ്ങളും കട്ടയ്ക്ക് നിന്ന് അവളെ രക്ഷിച്ചെടുത്തു. പ്രിയ സഹോദരി ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്, നിങ്ങളുടെ അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല.
വീട്ടിൽ എത്തുമ്പോഴേക്കും വഴി കണ്ണുമായി കാത്തിരിക്കുന്ന ഭാര്യയേയും മകളേയും കണ്ടു. രണ്ടു ദിവസത്തെ കുളി ബാക്കിയുണ്ട്, കുളി കഴിഞ്ഞ് ഭാര്യ തയ്യാറാക്കിയ സ്പെഷൽ ഊണും പായസവും കഴിച്ച് വിശേഷങ്ങൾ നാളെ പറയാമെന്നു പറഞ്ഞു ഉറങ്ങാനായി പുതപ്പുമെടുത്ത് കിടക്കയിലേക്ക് തീവണ്ടിയെക്കാൾ വലിയ ശബ്ദത്തിൽ കൂർക്കം വലിച്ചുറങ്ങാനായി..