പട്ടിണിക്കാരൻ്റെ സ്വപ്നങ്ങളുമായി ജീവിക്കുന്ന കുബേരന്മാർ!

അതെ, ഒട്ടും അതിശയോക്തിയില്ല ഇക്കാര്യത്തിൽ. പണമുണ്ട്, അത് ഫിക്സഡ് ഡെപ്പോസിറ്റ് ആയും സ്വർണമായും ബാങ്കിൽ സുരക്ഷിതമായിരിപ്പുണ്ട്. എന്നാലോ ഒരു യാത്ര ചെയ്യില്ല, ആ പഴയ മാരുതികാർ ഒന്നു മാറ്റില്ല, വീട്ടിലെ ഡോർമാറ്റ് കീറിപ്പിന്നിപ്പോയാലും പുതിയതു വാങ്ങില്ല. ഓരോ മാസവും പെൻഷൻ കാശ് വന്നു കഴിഞ്ഞാൽ ദിവസങ്ങൾ നീളുന്ന കണക്കുകൂട്ടലുകൾ ആരംഭിക്കും. പുതിയ ചിട്ടി തുടങ്ങാനാകുമോ, ഡെപ്പോസിറ്റിൻ്റെ പലിശ റൗണ്ട് ഓഫ് ചെയ്തപ്പോൾ നഷ്ടമായ ഒരു രൂപകൾ ചേർത്തു വെച്ചാൽ വാങ്ങാമായിരുന്ന സ്വർണം എത്ര ഗ്രാമുണ്ടാകും, എന്നിങ്ങനെ ഓരോ ഓരൊ രൂപയും അളന്നു ജീവിക്കുന്ന പെൻഷൻകാരുടെ ഒരു കേന്ദ്രമാണിപ്പോൾ നമ്മുടെ ഭാരതം. അപ്പോൾ ചോദിക്കാം എല്ലാവരും അങ്ങനാണോ എന്ന്. എല്ലാവരും എന്നല്ല പറയുന്നത്, എന്നാൽ മേൽപ്പറഞ്ഞതുപോലെ ജീവിതം ജീവിച്ചു തീർക്കുന്ന മനുഷ്യരുടെ എണ്ണം നിസ്സാരമല്ല എന്നറിയുക.

ഒരു സംഭവം പറയാം, അയാൾ ഒരു സാധാരണക്കാരനായിരുന്നു. നിത്യം കൂലിവേല ചെയ്ത് വീടു പുലർത്തിയിരുന്ന മനുഷ്യൻ. ദിവസേന കിട്ടുന്ന കൂലിയിൽ നിന്നും ഒരു ചെറിയ തുക വീട്ടിലേക്കുള്ള വഴിയിലെ സഹകരണ സംഘത്തിൽ നിത്യവും നിക്ഷേപിച്ചിരുന്ന മനുഷ്യൻ. ഒരു നാരങ്ങാവെളളം പോലും എത്ര ദാഹിച്ചാലും കുടിക്കാൻ കൂട്ടാക്കാത്ത, ബസിൽ കയറിയാൽ ടിക്കറ്റ് കാശ് ചെലവാകുമെന്നതിനാൽ പഴയ ഹെർക്കുലീസ് സൈക്കിൾ ചവിട്ടിമാത്രം എത്ര ദൂരവും യാത്ര ചെയ്തിരുന്ന ആൾ. സംഘത്തിൽ ചിട്ടി പിടിച്ചും അതു നിക്ഷേപമിട്ടും അയാൾക്കു ചുറ്റും ജീവിതം കുറേ അക്കങ്ങൾ മാത്രമായി കൊഴിഞ്ഞു വീണു. ഒടുവിൽ അനിവാര്യമായ വാർദ്ധക്യവും കടന്നുവന്നു. സന്തത സഹചാരിയായ സൈക്കിൾ യാത്ര അപ്പോഴും അയാൾ ഉപേക്ഷിച്ചിരുന്നില്ല. ബാങ്കിലെ ഡെപ്പോസിറ്റ് പത്തു ലക്ഷത്തിനു മുകളിലേക്കു വർദ്ധിച്ചിരുന്നു. ഒരു രാത്രി യാതൊരു മുന്നൊരുക്കവും നടത്തുന്നതിനു മുന്നേ അയാൾ ആ സൈക്കിളിൽ നിന്നും റോഡിലേക്കു തലയിടിച്ചു വീണു. ഒരു രൂപയുടെ ചെലവ് ആശുപത്രിയിൽ ഉണ്ടാക്കാതെ ആ ജീവിതം അവിടെ നിലച്ചു!

ഇനിയാണ് ട്വിസ്റ്റ്. മരണം, അടക്കം, അടിയന്തിരം ഒക്കെക്കഴിഞ്ഞ് സഹകരണ സംഘത്തിലേക്ക് അഞ്ചു പേർ കടന്നുചെന്നു. ഒന്ന് അയാളുടെ ഭാര്യ, എല്ലാ ഡെപ്പോസിറ്റുകളുടേയും അവകാശി, പിന്നെ നാലു മക്കൾ. അടുത്തതായി ആസ്ഥാപനത്തിൽ നടന്നത് ആരും ലജ്ജിക്കുന്ന വാക്കുതർക്കം. ആരുമാരും വിട്ടുവീഴ്ച ചെയ്യാത്ത ആ തർക്കം ഒടുവിൽ അവസാനിച്ചത് പോലിസ് സ്റ്റേഷനിലും. തർക്കത്തിൽ കുടുങ്ങിയ പണം സത്യത്തിൽ ഒരു നാരങ്ങാവെള്ളം പോലും കുടിക്കാതെ, ജീവിച്ച നാടുവിട്ട് ഒരു ദേശവും കാണാതെ, ഒരു നല്ല വസ്ത്രം ധരിക്കാതെ, ഒരു ചക്കടാ സൈക്കിളിൻ്റെ പെഡൽ ചവിട്ടി ജീവിച്ച ആ ആത്മാവിനെ മരണ ശേഷമെങ്കിലും എന്തെങ്കിലും ഒരു പാഠം പഠിപ്പിച്ചിട്ടുണ്ടാകുമോ? അറിയില്ല.

ഈ അടുത്തകാലത്ത് ഒരു റിട്ടയേർഡ് ഹെഡ്മിസ്ട്രസിനോടു സംസാരിച്ചു. ഭാര്യയും ഭർത്താവും ഗവൺമെൻ്റ് ഉദ്യോഗത്തിൽ നിന്നും വിരമിച്ചവർ. രണ്ടു മക്കൾ. രണ്ടു പേരും ഉന്നത ജോലികൾ ചെയ്യുന്നവർ. അവരുടെ വിവാഹം കഴിഞ്ഞ് മക്കളുമായി പുതിയ വീടുകളിൽ സുഖമായി ജീവിക്കുന്നു. എന്നിട്ടും ടീച്ചറുടെ മുഖത്ത് എന്തോ ഒരു ആശങ്ക. അന്വേഷിച്ചപ്പോൾ അതിൻ്റെ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. മകൾക്ക് രണ്ടു പെൺമക്കളാണ്. ഒരാൾ അഞ്ചിലും ഒരാൾ ഒന്നിലും. രണ്ടിനേം കെട്ടിച്ചു വിടുമ്പോഴേക്കും സ്വർണം മാത്രം പോരല്ലോ, വീടുകളും വേണ്ടേ?!

ഞാനവരെ ഒന്നു നോക്കി. എന്തു മറുപടി പറയണം? ഒഴിഞ്ഞു പോയ ഓട്ടോ നിർത്തിക്കൊടുത്തിട്ടും അതിൽ കേറാൻ കൂട്ടാക്കാതെ അവർ ബസ് സ്റ്റോപ്പിലേക്ക് വലിച്ചുവെച്ചു നടക്കുന്നതു കണ്ടാണ് ഞാൻ മടങ്ങിയത്!

ഇനി പറയൂ, മേൽപ്പറഞ്ഞ രണ്ടു സംഭവങ്ങളും കാണിക്കുന്നത് എന്താണ്?

ഇന്നത്തെ ജീവിതത്തെ കാണാതെ അറിയാതെ നാളത്തെ ജീവിതത്തിനായി സ്വയം ഉരുകിയവർ. അല്ലേ?

ഒരു നാരങ്ങാവെള്ളം, ഒരു ഓട്ടോ യാത്ര, ഇവർ ഹോമിക്കുന്നത് ജീവിതത്തെ ആയാസരഹിതമാക്കുന്ന അടിസ്ഥാന സൗകര്യങ്ങളാണ്. എന്നിട്ട് എന്താണ് ഇക്കൂട്ടർ നേടുന്നത്? അസംതൃപ്തി, അസ്വസ്ഥത, നിരാശ, മറ്റുള്ളവരോടുള്ള അസൂയ…, കഷ്ടം, ഈ ഭൂമി എത്ര വിശാലമാണ്. എത്ര രുചിഭേദങ്ങളാണ് ഭക്ഷണത്തിൽ. അതിൽ എല്ലാം രുചിക്കാനാവില്ലെങ്കിലും ചിലതെങ്കിലും രുചിക്കണ്ടേ? എന്നും ശബരി ചായപ്പൊടിയിട്ട, പഞ്ചാര കുറച്ച്, പാലു കുറച്ച് ഉണ്ടാക്കിയ ചായക്കു പകരം, ഒരു ഗ്ലാസ് ചായക്ക് പത്തുരൂപ മാത്രം ഈടാക്കുന്ന റോഡ് സൈഡിലെ തട്ടുചായയ്ക്കു പകരം, എ.സി.യുടെ നനുത്ത തണുപ്പിൽ, ചുറ്റും നിറയുന്ന പച്ചപ്പുകണ്ട്, വലിയ തൂക്കുവിളക്കുകൾ ചൊരിയുന്ന ദീപപ്രഭ കണ്ട്, പങ്കാളിയോടൊപ്പം ഒരു ചൂടു ചായ മൊത്തിക്കുടിക്കാൻ വേണ്ടി ഒരു സ്റ്റാർ ഹോട്ടലിലേക്കു കയറിയാലോ? ഒരിക്കലെങ്കിലും ഒരു കാൻഡിൽ ലൈറ്റ് ഡിന്നറിനു പോയാലോ? ഒരു നല്ല ഡ്രസ് ‘ഫാബ് ഇന്ത്യയിൽ’ കയറി വാങ്ങി, ആഹാ എന്തു ചേർച്ച എന്നു സ്വയം അഭിനന്ദിച്ചാലോ? അതൊക്കെ തരുന്ന അനുഭവങ്ങളാണ് നമ്മളിലെ മനുഷ്യനെ കൂടുതൽ മികച്ചതാക്കുന്നത്.

അതല്ലാതെ ഒരു യാത്ര പോകാതെ, ഒരു സിനിമ കാണാതെ, ഇഷ്ടപ്പെട്ട ഒരു ഭക്ഷണം രുചിക്കാതെ വാർദ്ധക്യത്തിൽ നിധി കാക്കുന്ന ഭൂതമായി നിങ്ങൾ മക്കൾക്കും കൊച്ചുമക്കൾക്കുമായി ജീവിതത്തെ അക്കങ്ങളിൽ തളച്ചിടുമ്പോൾ, നിങ്ങൾ ഔദ്യോഗിക ജീവിതത്തിൽ എന്തു തന്നെ ആയിരുന്നുവെന്നു പറയുമ്പോഴും അതെല്ലാം അപ്രസക്തമാക്കും വിധം നിങ്ങൾ ദരിദ്രരായി തുടരുന്നുവെന്നു പറയേണ്ടി വരും. ആ ജീവിതത്തോട് അടുത്ത തലമുറ തെല്ലും ബഹുമാനം കാട്ടില്ല. നിങ്ങൾ മരിക്കാനവർ ആഗ്രഹിക്കും. നിങ്ങൾ സ്വരുക്കൂട്ടിയ നാണയങ്ങൾ രണ്ടുനാൾ കൊണ്ട് തീർത്ത് അവർ അവർക്കിഷ്ടപ്പെട്ട ജീവിതം തുടർന്നു നയിക്കും. മരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ഓർമയെങ്കിലുമായി ഈ ഭൂമിയിൽ തുടരണമോ? ദയവായി ജീവിക്കൂ, ഈ ഭൂമിയെന്തെന്നറിയൂ.

അതിനായി ഉറുമ്പിൻ്റെ ജീവിതം വെടിഞ്ഞ് ഒരു പൂമ്പാറ്റയാകൂ. കാരണം ജീവിതം അത്രമേൽ ഹ്രസ്വമാണ്, അത്രമേൽ ഹൃദ്യവും.

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.