അക്കങ്ങൾ മാത്രം ചിതറി വീഴുന്ന വ്യാപാരത്തെരുവിൽ… ആരും ആരെയും അറിയാത്ത, ജീവിതത്തിന്റെ വക്രരേഖകൾ വരച്ചിട്ട വഴിയിലൂടെ ഒറ്റക്കു നടക്കുകയായിരുന്നു ആ സ്ത്രീ. ഇടയ്ക്ക് ഓരോ കടയുടെയും മുന്നിൽ തൊഴുകൈയോടെ അല്പനേരം നില്ക്കും. ആരെങ്കിലും എറിഞ്ഞു കൊടുക്കുന്ന ചെറു നാണയം പെറുക്കിയെടുത്ത് അടുത്ത കടയ്ക്കു മുന്നിലേക്കു നടക്കും. വഴിയോരത്തെ കരിമ്പു ജ്യൂസുകാരനു മുന്നിൽ, കത്തുന്ന ഉച്ചവെയിലിൽ കൈകൂപ്പിനില്ക്കുമ്പോഴാണ് ഞാനവരെ ശ്രദ്ധിച്ചത്.
ആത്മഹത്യയുടെ കയർ പൊട്ടിച്ചാണ് അയാളവനെ കൂടെ കൂട്ടിയത്. നിരാശയുടെ മരക്കൊമ്പിൽ നിന്ന്, ഒഴുകി നീങ്ങുന്ന തേങ്ങാച്ചങ്ങാടത്തിന്റെ വിശാലതയിലേക്ക് ഒരു രക്ഷപ്പെടുത്തൽ. പിന്നീട്, ജീവിതമെന്ന മഹാനദിയിൽ അവരിരുവരും കുറെക്കാലം ഒരുമിച്ച് ചങ്ങാടമൂന്നി.
പക്ഷെ.. ദുരിതങ്ങളുടെ ഇരുൾക്കാലങ്ങളകന്നപ്പോൾ അവൻ പഴയതൊക്കെ മറന്നു. ഒടുവിൽ..!
കെട്ടു പൊട്ടിയ തേങ്ങാച്ചങ്ങാടം പോലെ തകർന്ന ജീവിതത്തിന്റെ സ്മരണകൾ പെറുക്കിക്കൂട്ടിയ ഒരു പാവം മനുഷ്യന്റെ കഥയാണിത്. പേരും വിലാസവും ചോദിക്കരുത്. അല്ലെങ്കിലും എല്ലാം നഷ്ടപ്പെട്ടവന് പേരെന്തിന്.. വിലാസമെന്തിന്..
നിങ്ങളിൽ പലർക്കും തേങ്ങാച്ചങ്ങാടത്തെപ്പറ്റി കേട്ടറിവു പോലും ഉണ്ടാവില്ല.
തേങ്ങാച്ചങ്ങാടവും ജീവിതം പോലെയാണ്. അനന്തമായ കാല പ്രവാഹത്തിലൂടെ ഒഴുകി നീങ്ങുന്ന മനുഷ്യ ജീവിതം പോലെ അതങ്ങനെ നീങ്ങിക്കൊണ്ടിരിക്കും. ബന്ധനങ്ങളാണ് അതിനും ആധാരം.
അരയിഞ്ചു കനത്തിൽ ചകിരി കീറി പിരിച്ച് പരസ്പരം കൂട്ടിക്കെട്ടിയ ആയിരക്കണക്കിനു പച്ചത്തേങ്ങകൾ ഒരുമിച്ചു ചേർത്താണ് ചങ്ങാടം നിർമ്മിച്ചിരുന്നത്. സ്നേഹവിശ്വാസങ്ങളാൽ ബന്ധിക്കപ്പെട്ട് കാലമഹാനദിയിൽ ജീവിതയാത്ര തുടരുന്ന മനുഷ്യരെപ്പോലെ തേങ്ങാച്ചങ്ങാടവും ഒഴുകുന്നു. ഒരു കെട്ടു പൊട്ടിയാൽ.. ഒന്നു വേർപെട്ടാൽ.. അതോടെ തീർന്നു .. പിന്നീട് ഒറ്റപ്പെട്ട് ഒഴുകിക്കൊണ്ടേയിരിക്കാം.. എവിടെയെങ്കിലും ചെന്നടിയാം.
അങ്ങനെ ഒഴുകി നടന്ന ഒരാളെ കണ്ടു. വർഷങ്ങൾക്കു മുമ്പ് ..
മഹാനഗരത്തിന്റെ ആരവങ്ങൾക്കിടയിൽ നിസ്സംഗതയുടെ വടികുത്തി തളർന്നു നീങ്ങുന്ന ഒരു മുത്തശ്ശിയ്ക്കു പിന്നാലെ നടന്നെത്തിയത് അയാളിലേയ്ക്കായിരുന്നു.
അച്ഛന്റെ ശ്രാദ്ധമായിരുന്നു അന്ന്. നാട്ടിലെത്താനാവില്ലെന്നറിയിച്ചപ്പോൾ അമ്മ തന്നെ ഒരു പോംവഴി പറഞ്ഞു തന്നു. അടുത്തുള്ള അമ്പലത്തിൽ അച്ഛന്റെ നാളും പേരും പറഞ്ഞ് ഒരു വഴിപാട് നടത്തുക.
വിശക്കുന്നവന് അന്നം കൊടുക്കുന്നത്, അരൂപിയായ ഈശ്വരനു പായസം നിവേദിക്കുന്നതിനെക്കാൾ മഹത്തരമാണെന്ന തിരിച്ചറിവിൽ അതിനു പറ്റിയ ഒരാളെ തേടി നടക്കുകയായിരുന്നു ഞാൻ.
അക്കങ്ങൾ മാത്രം ചിതറി വീഴുന്ന വ്യാപാരത്തെരുവിൽ… ആരും ആരെയും അറിയാത്ത, ജീവിതത്തിന്റെ വക്രരേഖകൾ വരച്ചിട്ട വഴിയിലൂടെ ഒറ്റക്കു നടക്കുകയായിരുന്നു ആ സ്ത്രീ. ഇടയ്ക്ക് ഓരോ കടയുടെയും മുന്നിൽ തൊഴുകൈയോടെ അല്പനേരം നില്ക്കും. ആരെങ്കിലും എറിഞ്ഞു കൊടുക്കുന്ന ചെറു നാണയം പെറുക്കിയെടുത്ത് അടുത്ത കടയ്ക്കു മുന്നിലേക്കു നടക്കും. വഴിയോരത്തെ കരിമ്പു ജ്യൂസുകാരനു മുന്നിൽ, കത്തുന്ന ഉച്ചവെയിലിൽ കൈകൂപ്പിനില്ക്കുമ്പോഴാണ് ഞാനവരെ ശ്രദ്ധിച്ചത്. മെഷീനിൽ നിന്നിറങ്ങി വരുന്ന കരിമ്പിൻചണ്ടി പോലെ നീരു വറ്റിയ ഒരു വൃദ്ധരൂപം.
“വാ.. “ഞാൻ മെല്ലെ ആ തോളിൽ തൊട്ടു.
തെല്ലു ഭയത്തോടെ അവർ എന്റെ പിറകേ വന്നു.
അന്നപൂർണ്ണാ ഹോട്ടലിലെ ക്യാഷിയറുടെയും സപ്ലയർമാരുടെയും അവജ്ഞ കലർന്ന നോട്ടത്തെ അവഗണിച്ച് ഞാൻ അവർക്കൊപ്പം ഊണുകഴിക്കാനിരുന്നു.
പെട്ടന്നവർ തോളിലെ ഭാണ്ഡത്തിൽ നിന്ന് ചളുങ്ങിയ ഒരു സ്റ്റീൽ പ്ലേറ്റ് പുറത്തെടുത്ത് മേശപ്പുറത്തു വച്ചു.
‘കുഞ്ഞേ.. കൊറച്ചു ചോറ് ഇതിലിടാൻ പറയണേ..’ ഇലയിൽ താളമിടുന്ന നനഞ്ഞ മഴക്കാറ്റു പോലെ അവർ തുടർന്നു.
‘വീട്ടിലൊരാളുണ്ട് .. എന്റെ കെട്ടിയോൻ.. വയ്യാതിരിക്കുവാ..’
പ്ലേറ്റിൽ ചോറുവിളമ്പുമ്പോൾ സപ്ലയറുടെ മുഖത്തെ അനിഷ്ടം ഞാൻ കണ്ടില്ലെന്നു നടിച്ചു. അവർ ഭക്ഷണം കഴിക്കുമ്പോൾ ഞാൻ അമ്മയെ ഓർത്തു. ഇപ്പോൾ,വീട്ടിലെ ശ്രാദ്ധ കർമ്മങ്ങൾ പൂർത്തിയായിട്ടുണ്ടാവും. ഇതും ഒരു ശ്രാദ്ധം തന്നെ. എള്ളും പൂവും ചന്ദനവും കറുകയും നാക്കിലയിലെ ബലിച്ചോറുമില്ലാതെ സംതൃപ്തമായ ശ്രാദ്ധ കർമ്മം. ബലിപിണ്ഡം കൊത്തിത്തിന്നാനെത്തുന്ന കാക്കയുടെ മുഖത്തെ നിസ്സംഗതയെക്കാൾ, വിശപ്പിന്റെ കാട്ടുതീയണഞ്ഞ മനസ്സിൽ വിരിഞ്ഞ ആ പുഞ്ചിരിയിൽ ഞാൻ അച്ഛനെക്കണ്ടു. അരൂപികളായ കോടാനുകോടി പിതൃക്കളെക്കണ്ടു.
‘എവിടെയാ വീട്.. ‘ഞാൻ ചോദിച്ചു. ഭാണ്ഡത്തിൽ നിന്നെടുത്ത പഴയൊരു പത്രക്കടലാസുകൊണ്ട് പ്ലേറ്റു മൂടുന്നതിനിടെ അവർ വടക്കോട്ടു കൈ ചൂണ്ടി. എന്തോ… എനിക്കപ്പോൾ അവർക്കൊപ്പം പോകണമെന്നു തോന്നി.
മടിയൻ കഴുതയെപ്പോലെ കാലം കള്ളയുറക്കം നടിച്ചു കിടക്കുന്ന വൃത്തികെട്ട തെരുവിന്റെയറ്റത്ത് ഓട്ടോറിക്ഷ നിന്നു. “നിങ്ങളെപ്പോലെ ഒള്ളവർക്കൊന്നും വരാൻ കൊള്ളൂല്ല. വൃത്തീം മെനേം ഇല്ലാത്ത സ്ഥലമാ ” കുഴഞ്ഞ ചേറിലൂടെ നടക്കുമ്പോൾ അവർ എന്റെ പാദങ്ങളിലേക്കാണു ശ്രദ്ധിച്ചത്.
തകരഷീറ്റുകൾ മേഞ്ഞ കുടിലുകളിലൊന്നിന്റെ മുന്നിൽ കാലം തീവെയിലിലുണക്കിയെടുത്ത ഒരു മനുഷ്യൻ അപരിചിതത്വത്തിന്റെ നോട്ടമെറിഞ്ഞു. പിന്നെ,ചോറു കണ്ടപ്പോൾ കണ്ണുകൾ വിടർന്നു.
“നല്ല നെലേല് കഴിഞ്ഞതാ.. എല്ലാം പോയി .. ങാ.. പോട്ടെ.. ഈശ്വരൻ നിശ്ചയിക്കുന്നത് നമ്മക്കു മാറ്റാമ്പറ്റുവോ..!” ടാർ വീപ്പയിൽ നിന്നു വെള്ളമെടുത്തു കൈ കഴുകുന്നതിനിടെ ആരോടെന്നില്ലാതെ അയാൾ പറഞ്ഞു.
ഒരു ചതിയുടെ ചരിത്രമായിരുന്നു അയാളുടെ ജീവിതം. ഒറ്റ രാത്രി കൊണ്ട് മാളികയിൽ നിന്ന് കുടിലിലേക്കു പരാവർത്തനം ചെയ്യപ്പെട്ടവൻ. ഓടി വന്ന മഴയിലേക്കു നോക്കി നിന്ന് വിറയ്ക്കുന്ന ശബ്ദത്തിൽ തന്റെ കഥ പറയുമ്പോൾ അയാൾ ഇടയ്ക്കിടെ വിതുമ്പുന്നുണ്ടായിരുന്നു. റോഡുഗതാഗതം അത്രയൊന്നും വികസിക്കാത്ത എഴുപതുകളിലെ ബ്ലാക് ആൻറ് വൈറ്റ് കാലഘട്ടം ആ ഓർമ്മകളിൽ തെളിഞ്ഞു.
വീണ്ടും വരാമെന്ന ഉറപ്പിന്മേൽ യാത്ര പറയുമ്പോൾ, ഞാൻ കൊടുത്ത ചുളുങ്ങിയ നോട്ടുകളെ അവഗണിച്ച് എന്റെ കൈകൾ ചേർത്തു പിടിച്ച് അദ്ദേഹം ചിരിക്കാൻ ശ്രമിച്ചു.
മടങ്ങുമ്പോൾ ജീവിതത്തിന്റെ കയറ്റിറക്കങ്ങളെക്കുറിച്ചാണോർത്തത്. മാളികമുകളേറിയ മന്നനെ തെരുവിലേക്കിറക്കിയ വിധിയെക്കുറിച്ചും.
ഗ്രാമങ്ങളിൽ നിന്ന് പച്ചത്തേങ്ങ സംഭരിച്ച് പുഴയിലൂടെ കൊച്ചിയിലും ആലപ്പുഴയിലും കൊണ്ടുപോയി കച്ചവടം നടത്തിയിരുന്ന മനുഷ്യൻ.. ഒന്നുമില്ലായ്മയിൽ തുടങ്ങി, കഠിനാദ്ധ്വാനം കൊണ്ട് എല്ലാം നേടിയെടുത്ത ജീവിതയാത്ര.
എന്നാൽ നമുക്കൊപ്പം ചിലർ വന്നു കൂടും. ദുരന്തത്തിന്റെ സന്ദേശവാഹകരായി കാലമയയ്ക്കുന്ന ചിലർ. ജീവിതത്തിന്റെ വസന്തഭംഗികളെയാകെ നൊടിയിടയിൽ പെയ്തു നനയ്ക്കുന്ന കാളമേഘത്തെപ്പോലെ, അവർ നമ്മെ തകർത്തു കളയും.
പുഴക്കരയിലെ ഒരു മരക്കൊമ്പിൽ തൂങ്ങി ആത്മഹത്യയ്ക്കൊരുങ്ങുമ്പൊഴാണ് അയാളവനെ രക്ഷിച്ചു കൂടെ കൂട്ടിയത്. മുപ്പതു കടന്ന ഒരു യുവാവ്. കടം കയറി മൂടിയപ്പോൾ ജീവിതം അവസാനിപ്പിക്കാനിറങ്ങിയവൻ. ആൺമക്കളില്ലാത്ത അവർക്ക് അവൻ തുണയായി. തന്റെ കുടുംബത്തിലെ ഒരംഗം തന്നെയായി.
പിന്നെ എപ്പോഴോ അവന്റെ മട്ടു മാറി. അവരുടെ ഏകമകൾ അവന്റെ വലയിലായി. ആദ്യമൊക്കെ എതിർത്തെങ്കിലും ആ അച്ഛന് ഒടുവിൽ അവന്റെ കാലു പിടിക്കേണ്ടി വന്നു. ഗർഭിണിയായ മകളുടെ മാനത്തിന് പകരമായി സകല സ്വത്തുക്കളും അവന്റെ പേരിൽ എഴുതിക്കൊടുത്ത് പടിയിറങ്ങേണ്ടിവന്നു.
കയ്യിലുണ്ടായിരുന്നതും കടം വാങ്ങിയതും ചേർത്ത് തേങ്ങാക്കച്ചവടം വീണ്ടും തുടങ്ങി. പതിനയ്യായിരം തേങ്ങ ഒരുമിച്ചു കെട്ടിയ കൂറ്റൻ ചങ്ങാടവുമായി, പ്രതീക്ഷയോടെ അയാൾ ആലപ്പുഴയ്ക്കു പുറപ്പെട്ടു.
പക്ഷെ .. വിധി ആ മനുഷ്യനു വേണ്ടി കാത്തു വച്ചത് ഈ ചേരിയിലെ ദരിദ്ര ജീവിതമായിരുന്നു. ആറു ദിവസം നിറുത്താതെ പെയ്ത മഴയിൽ പുഴ കരകവിഞ്ഞൊഴുകി. ആ ഓളപ്പരപ്പിൽ നീങ്ങാനാകാതെ ചങ്ങാടം ഒരിടത്തൊതുക്കി പണിക്കാർ കരയ്ക്കു കയറി.
അന്നു രാത്രി .. കിഴക്കൻ മലയിൽ ഉരുൾപൊട്ടലുണ്ടായി.ആർത്തലച്ചു വന്ന മലവെള്ളത്തിൽ ചങ്ങാടം ചിന്നിച്ചിതറി.! ആ മനുഷ്യന്റെ അവസാനത്തെ പ്രതീക്ഷകളും.
……… ………. ………
അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് മനസ്സു പറഞ്ഞു. ഒരു സുഹൃത്തിന്റെ സഹായത്തോടെ നഗരത്തിലെ വൃദ്ധസദനത്തിൽ അവർക്ക് അഭയമൊരുക്കി ഒരു മാസത്തിനു ശേഷം ഞങ്ങൾ ആ ചേരിയിലെത്തി.
ചിലർ അങ്ങനെയാണ് ..
ആരുടെയും ഔദാര്യത്തിനു കാത്തു നിലക്കാറില്ല.
മഴ പെയ്തു നിറഞ്ഞ ടാർവീപ്പയിൽ ആ ചുളുങ്ങിയ സ്റ്റീൽ പ്ലേറ്റ് ആഴ്ന്നു കിടക്കുന്നുണ്ട്.
അടഞ്ഞുകിടന്ന തകരക്കതകിനു മുന്നിൽ അന്ന് അയാളിരുന്ന പൊട്ടിയ പ്ലാസ്റ്റിക് കസേരയും.. അതിനു മുകളിൽ നനഞ്ഞു വീർത്ത ആ ഭാണ്ഡവും.
മരിച്ചു പോയത്രെ..
രണ്ടുപേരും ഒരുമിച്ച് ..
ഒരാഴ്ച മുമ്പ്, മഴയുള്ളൊരു രാത്രിയിൽ ..!
ചെളി നിറഞ്ഞ വഴിയിലൂടെ തിരിച്ചു നടക്കുമ്പോൾ മനസ്സിൽ ആർത്തലച്ചു വരുന്ന ഓർമ്മകളുടെ മലവെള്ളം. അതിൽ പൊട്ടിച്ചിതറുന്ന തേങ്ങാച്ചങ്ങാടവും.
അവരുടെ പിൻവിളിക്കൊളുത്തുകൾ പോലെ കട്ടപിടിച്ച ചെളി കാലുകളെ പിന്നോട്ടു വലിക്കുന്നുണ്ടായിരുന്നു, അപ്പോഴും.