ഗള്‍ഫനുഭവങ്ങള്‍ -6 : ദുബായ്- ഒരു റിയല്‍ എസ്‌റ്റേറ്റ് അപാരത

സ്വിച്ചിട്ടപോലെയാണ് ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തനത്തിന് അവസാനമായത്. വലിയ പ്രതീക്ഷയുമായി എത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായ നേരം.

സ്‌പോര്‍ട്‌സ്, ബിസിനസ് പേജുകള്‍ തയ്യാറാക്കിയത് പ്രസിലേക്ക് പോയെന്ന് ഉറപ്പാക്കി ഓഫീസില്‍ നിന്ന് അന്ന് അല്പം നേരത്തേ ഇറങ്ങിയ ദിവസമായിരുന്നു.

സ്‌കൂള്‍ അദ്ധ്യാപികയായ ഭാര്യ തന്നോടൊപ്പം താമസിക്കാന്‍ ഗള്‍ഫിലെത്തിയിട്ട് രണ്ടു ദിവസം മാത്രമേ ആയിരുന്നുള്ളു. നാട്ടിലെ ജോലി രാജിവെയ്ക്കാതെ ഗള്‍ഫില്‍ ജോലി തേടല്‍. വേനല്‍ അവധിക്കാലത്ത് ആറുവയസ്സുകാരി മകള്‍ക്കൊപ്പം ഭാര്യ പറന്നു വന്നു.

ഭാര്യ വരും മുമ്പേ തന്നെ സി.വി പല സ്‌കൂളുകളിലേക്കും അയച്ചിരുന്നു. ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് ഇന്റര്‍വ്യൂവിന് വിളിച്ചിട്ടുണ്ട്. പേജുകള്‍ നേരത്തെ തന്നെ ചെയ്ത് തീര്‍ത്ത് എഡിറ്റര്‍ ഷാര്‍ളി ബെഞ്ചമിന്റെ അനുവാദവും വാങ്ങി പുറത്തിറങ്ങി.

ഭാര്യയുമായി ഇന്റര്‍വ്യൂവിന് ടാക്‌സി പിടിച്ച് ഗറൂദിലെ സ്‌കൂളിലേക്ക്. ഫിസിക്‌സ് പഠിപ്പിക്കുന്ന ഭാര്യയോട് ഇന്റര്‍വ്യൂവിന് ചോദ്യങ്ങള്‍ ചോദിച്ചത് പ്രീഡിഗ്രി കാലത്ത് പഠിച്ച കെമിസ്ട്രിയിലെ ചോദ്യങ്ങള്‍.. എങ്ങിനെയൊക്കെയോ ഡെമോ ക്ലാസും കഴിഞ്ഞ ശേഷം ഭാര്യ ഇറങ്ങി വന്നു. മകളുമായി പുറത്തു കാത്തു നിന്ന എന്നോട് പറഞ്ഞു.

വാ പോകാം. ഇതൊന്നും നടക്കുമെന്ന് തോന്നുന്നില്ല.

എന്താ പറ്റിയത്. ? ഇന്റര്‍വ്യൂ. മോശമായിരുന്നോ..?

ഫിസ്‌ക്‌സ് പഠിപ്പിക്കുന്ന എന്നോട് ചോദ്യങ്ങളെല്ലാം കെമിസ്ട്രിയെ കുറിച്ചായിരുന്നു. എനിക്ക് മനംപുരട്ടി വന്നു.. ഡെമോ ക്ലാസ് എടുക്കുന്നതിന്നിടയില്‍ ഛര്‍ദ്ദിക്കാന്‍ പോലും തോന്നി.

ഞാന്‍ സമാധാനിപ്പിച്ചു. സാരമില്ല. വേറേയും സ്‌കൂളുകള്‍ ഉണ്ട്. നമുക്ക് തിരിച്ചു പോകാം.

ഭാര്യയേയും കുട്ടിയേയും സ്‌കൂളില്‍ നിന്ന് ഫ്‌ളാറ്റിലാക്കി. തിരിച്ച് ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ ആകെ ശോകമൂകം. ആരോ മരിച്ചതു പോലെ എല്ലാവരും താടിക്ക് കൈകൊടുത്ത് ഒരേ ഇരിപ്പ്..

എന്തു പറ്റി, പത്രം എവിടെ.. സായാഹ്ന പത്രമാണ് . മൂന്നരമണിക്ക് ഓഫീസില്‍ പത്രം ചൂടോടെ എത്തുന്നതുമാണ്.

പത്രം ഇറങ്ങിയില്ല. സിദ്ദിഖാണ് പറഞ്ഞത്.

എന്തുപറ്റി.?

അറിയില്ല. ലൈസന്‍സ് റദ്ദായി.

കാരണം. ?

അതറിയില്ല. പ്രസ്സില്‍ സ്റ്റോപ് മെമ്മൊ വന്നു.

പബ്ലീഷിംഗ് ലൈസന്‍സ് ഇല്ലാതെ പത്രം എങ്ങിനെ ഇറക്കും. ഒരൊറ്റ ദിവസം മൂന്നു പത്രങ്ങളാണ് ഇല്ലാതായത്. മലയാളം, ഇംഗ്ലീഷ്, ഉറുദു. അഞ്ഞൂറോളം പേര്‍ പെരുവഴിയാധാരമായി.

ജോലി പോയ കാര്യം ഭാര്യയോട് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ഇന്റര്‍വ്യൂ മോശമായതിന്റെ പേരില്‍ മൂഡ് ഔട്ടായി ഇരിക്കുന്നവരോട് ഭര്‍ത്താവിന്റെ ജോലി പോയ കാര്യം പറഞ്ഞാല്‍ എന്താകും എന്ന് എനിക്ക് ഊഹിക്കാമായിരുന്നു.

പൊസീറ്റീവ് മൈന്‍ഡുള്ള വ്യക്തിയാണെന്ന സ്വയം ധാരണ തിരുത്തി എല്ലാം നശിച്ചവനെ പോലെ ഓഫീസില്‍ നിന്ന് ഇറങ്ങി നടന്നു.

പൊടിക്കാറ്റ് വീശുന്നുണ്ടായിരുന്നു.അല്‍ നാദയിലെ ഉയരം കൂടിയ ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് ബാല്‍ക്കണിയിലൂടെ ഒരു ചെടിച്ചെട്ടി താഴേക്ക് വീഴുന്നതായി എനിക്ക് തോന്നി. പലപ്പോഴും ഇത്തരമൊരു തോന്നലനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്.

അതിന്നിടെ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു. സ്‌കൂളില്‍ നിന്നാണ്. ഇന്റര്‍വ്യൂ കഴിഞ്ഞ ഭാര്യക്ക് നാളെ തന്നെ സ്‌കൂളില്‍ ജോയിന്‍ ചെയ്യാമെന്നായിരുന്നു മറുതലയ്ക്കല്‍. സ്വന്തം ജോലി പോയ ദിവസം വിസിറ്റ് വീസയില്‍ വന്ന ഭാര്യക്ക് ജോലി.

ആവൂ.. സമാധാനം.

ആകാശം മുട്ടെ ഉയരമുള്ള കെട്ടിടത്തിനു മുകളില്‍ നിന്ന് ചെടിച്ചട്ടി താഴേക്ക് വീഴുന്നുണ്ടോയെന്ന് ഒന്നുകൂടി നോക്കി. പൊടിക്കാറ്റില്‍ ഒരു കടലാസ് പറന്നു താഴേക്ക് വീണു.

വലിയ സന്തോഷത്തോടെ ഫ്‌ളാറ്റിലെത്തി. ജോലി കിട്ടിയ വിവരം ഭാര്യയോട് പറഞ്ഞു.

നാളെ തന്നെ ജോയിന്‍ ചെയ്യാനാണ് പറയുന്നത്.

തമാശയ്ക്ക് കളിപ്പിക്കുകയാണെന്നാണ് പാവം വിചാരിച്ചത്.

വെറുതെ എന്നെ പറ്റിക്കരുത്. ഒന്നാമത് വിഷമിച്ചിരിക്കുകയാണ്. കെമിസ്ട്രി പഠിപ്പിച്ച് കുളമാക്കി. അപ്പോഴാണ് നാളെ ജോയിന്‍ ചെയ്യാന്‍ പറയുന്നത്.

മൊബൈലിലെ കാള്‍ ഹിസ്റ്ററി കാട്ടി .

ഇതാ നമ്പര്‍ .തിരിച്ച് വിളിച്ചു നോക്ക് സംശയം മാറ്റിക്കോ..

സത്യമാണോ.. ? ആ മുഖത്ത് ചിരി വിടര്‍ന്നു.

എന്റെ മനസ്സിലെ ആകാശവാണിയില്‍ നിങ്ങളാവശ്യപ്പെട്ട ചലച്ചിത്ര ഗാനപരിപാടിയില്‍ ഒരു ഗാനം മുഴങ്ങി. “ഒരിടത്ത് ജനനം ഒരിടത്ത് മരണം ചുമലില്‍ ജീവിത ഭാരം …”

പിറ്റേന്നു മുതല്‍ ഭാര്യ ജോലിക്കാരിയും താന്‍ അടുക്കളക്കാരനുമായി.

ഇന്ന് ലീവാണ്. കുട്ടിയെ ഞാന്‍ നോക്കാം.

ജോലിക്ക് ജോയിന്‍ ചെയ്യാനായി പോകാനൊരുങ്ങുന്ന ഭാര്യയോട് രാവിലെ തന്നെ പറഞ്ഞിരുന്നു.

വീടിനടുത്ത ഡേ കെയറിലേക്ക് കുട്ടിയെ മാറ്റാനായിരുന്നു ആദ്യം പരിപാടി. പുതിയ ജോലി ലഭിച്ച ആദ്യ ദിവസത്തെ സന്തോഷം കഴിഞ്ഞാണ് പത്രത്തിലെ ജോലി പോയ കാര്യം ഭാര്യയോട് പറഞ്ഞത്.

വിഷമിക്കാനൊന്നുമില്ല. നിനക്ക് ജോലി ഉണ്ടല്ലോ. എന്റെ കാര്യം സാവാകാശം നോക്കാം. പഴയ പത്രമോഫീസില്‍ നിന്ന് ശമ്പളം. ആനുകൂല്യമെല്ലാം മുറയ്ക്ക് കിട്ടി. അതുകൊണ്ട് പിടിച്ചു നിന്നു.

ഒരു ദിവസം ബാല്യകാല സുഹൃത്ത് ഗിരീഷ് വിളിച്ചു. ജോലി പോയ കാര്യം അവനോട് സൂചിപ്പിച്ചു. വീസ തരാം. റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ മാനേജരായ അവന്‍ പറഞ്ഞു. മോഹന്‍ദാസ് എന്ന നാട്ടുകാരനാണ് കമ്പനിയുടെ ഉടമ. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പരിചയമുണ്ട്.

നാട്ടില്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന കാലത്ത് അദ്ദേഹത്തിന് പാസ്‌പോര്‍ട്ട്, ഗള്‍ഫിലേക്കുള്ള എയര്‍ടിക്കറ്റ് എന്നിവ എടുത്തു കൊടുത്തിരുന്നു. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ഭൂമി തിരിഞ്ഞ് വീണ്ടും പഴയ സ്ഥാനത്ത് വന്നു. അതേ മോഹന്‍ദാസ് ഇന്ന് വീസയുമായി കടലിന്നിപ്പുറം വന്നു നില്‍ക്കുന്നു.

ഒരു പരിചയവുമില്ലാത്ത റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് എടുത്തു ചാടി. വെറുതേ വീസ അടിച്ചിട്ട് എന്ത് കാര്യം മാര്‍ക്കറ്റിലേക്ക് ഇറങ്ങു. പത്തു കാശ് ഉണ്ടാക്ക്.. മോഹന്‍ദാസ് പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് ബൂം ആയിരുന്നു അന്ന്.

അറിയാത്ത പണി -അങ്ങിനെയൊന്നില്ല.

അറിയാത്ത പണിക്ക് പോണോ.?

ഭാര്യയുടെ ചോദ്യത്തിന് ഉത്തരമായിരുന്നു എന്റെ ആത്മഗതം.

ഡ്രൈവിംഗ് ലൈസന്‍സ് പോലുമില്ലാതെ എങ്ങിനെ ?

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കണം. പതിനെട്ടു വയസ്സുമുതല്‍ വണ്ടി ഓടിക്കുന്നതാണ്.

പക്ഷേ, ആ ആത്മവിശ്വാസം തകര്‍ന്നടിഞ്ഞത് ആദ്യ ഡ്രൈവിംഗ് ടെസ്റ്റിലായിരുന്നു. ഒന്നിനു പിറകേ ഒന്നായി ഒരോ ടെസ്റ്റും പൊട്ടി.

ആറാമത്തെ ടെസ്റ്റില്‍ പാസായില്ലെങ്കില്‍ ഹെലികോപ്റ്റര്‍ പൈലറ്റ് കോഴ്‌സിന് ചേരാന്‍ പദ്ധതിയിട്ടാണ് പോയത്. നാട്ടിലെ പെരും തൃക്കോവിലപ്പന് ഒരു പാട്ട എണ്ണ കൊടുക്കാൻ ചട്ടം കെട്ടിയിരുന്നു.

പതിവു പോലെ മുദീര്‍ പറഞ്ഞു.

യു ഫെയില്‍ഡ്.

സകല നിയന്ത്രണങ്ങളും കൈവിട്ട നിമിഷമായിരുന്നു. ഞാന്‍ അദ്ദേഹത്തെ ചോദ്യം ചെയ്തു. നന്നായി വണ്ടി ഓടിച്ചു. തോല്‍ക്കാന്‍ വഴിയില്ല.

പോലീസ് ഓഫീസറായ അദ്ദേഹം പറഞ്ഞു.

യുൂ ഫെയില്‍ഡ്. കം നെസ്റ്റ് ടൈം.

ഞാന്‍ വിട്ടു കൊടുത്തില്ല. എവിടെയാണ് അപാകതയെന്ന് പറഞ്ഞു തരണം. അദ്ദേഹം പറഞ്ഞു. നീ പതിയെയാണ് വാഹനം ഓടിച്ചത്. സ്പീഡില്‍ ഓടിക്കണം

ഞാന്‍ പറഞ്ഞു,
കം ഐ വില്‍ ഷോയു..

നോ, നെക്‌സറ്റ് ടൈം.

ഞാന്‍ വിട്ടുകൊടുത്തില്ല. നോ.. നൗ ഇറ്റ്‌സെല്‍ഫ്…

അദ്ദേഹം ഓഫീസില്‍ ഇരുന്ന് എന്തക്കെയോ കുത്തിക്കുറിച്ചു. മുദീറിനെ ചോദ്യം ചെയ്തതിന് ടെസ്റ്റില്‍ നിന്ന് ഡീബാറു ചെയ്യുകയാണോ.. ?

ഒടുവില്‍ അറബിയില്‍ എഴുതിയ കടലാസ് ലഭിച്ചു. വായിക്കാനറിയാത്തതുകൊണ്ട് ആശാനെ തന്നെ സമീപിച്ചു. അങ്ങേര്‍ക്കും അറിയില്ല. പിന്നെ അവിടെയുള്ള ഒരു ടൈപ്പിസ്റ്റിനോട് ചോദിച്ചു.

‘പാസ് ‘ എന്നാണ് എഴുതിയിരിക്കുന്നത്. അയാള്‍ പറഞ്ഞു. വണ്ടി ഓടിക്കാന്‍ പഠിപ്പിച്ച രവി ആശാന് ഉടനെ തന്നെ ഒരു ചുടു ചായ വാങ്ങിക്കൊടുത്തുു.

അങ്ങിനെ ലൈസന്‍സ് ലഭിച്ച സന്തോഷവുമായി റിയല്‍ എസ്റ്റേറ്റ് ഓഫിസിലെത്തി. വാഹനവും ലഭിച്ചു. ടയോട്ട യാരിസുമായി ഊരു ചുറ്റല്‍, മഹാനഗരമായ ദുബായി മുഴുവന്‍ ചുറ്റിക്കറങ്ങി. ജബല്‍ അലി, അല്‍ഖൂസ്, ഡിഐപി, ജുമെയ്‌റ… നഗരത്തിന്റെ മുക്കിലും മൂലയിലും എത്തി.

കൂടെയുള്ള റിയല്‍ എസ്റ്റേറ്റ് എക്‌സിക്യൂട്ടീവ് (ബ്രോക്കര്‍മാരെ ഞങ്ങള്‍ സ്വയം അങ്ങിനെയാണ് വിളിക്കുന്നത്.) തഞ്ചാവൂര്‍കാരന്‍ യൂസഫ് ഒരു ദിവസം വിളിച്ചു.

നിങ്കടെ കൈയില്‍ വില്ലയുണ്ടോ.? കമഴ്‌സ്യല്‍ വില്ല. കസ്റ്റമര്‍ ഉണ്ട്. ഒരു സായിപ്പ്. യുകെ കാരനാണ്. ദന്തല്‍ ക്ലിനിക് തുടങ്ങാനാണ്.

ജുമൈറയില്‍ ഉണ്ട്.

വോക്കെ, ടൈം കൊടുക്കട്ടെ. നാലു മണി. ?

ശരി..

മൂന്നരമണിക്ക് യൂസഫ് വന്നു. യാരിസ്സിലേറി ജുമൈറയ്ക്ക്. കരാമയിലെ ഓഫീസില്‍ നിന്നും സത്വയില്‍ എത്തിയപ്പോള്‍. ബംബര്‍ ടു ബംബര്‍ ട്രാഫിക്.

സായിപ്പിന്റെ ആദ്യ കോള്‍ എത്തി.

സര്‍, വീ ആര്‍ ഓന്‍ ദ വേ.
ജസ്റ്റ് ഹാഫ് അന്‍ അവര്‍ .വീ വില്‍ ബി ദേര്‍.

പക്ഷേ, സത്വയിലെ ട്രാഫികിന് മാത്രം ശമനമില്ല. സായിപ്പാണ് ഷാര്‍പ് ടൈം..
എത്തിയില്ലെങ്കില്‍ അയാള്‍ പോകും കച്ചവടവും.

ഉടനെ തന്നെ ഞാന്‍ വണ്ടി അടുത്തു കണ്ട പാര്‍ക്കിംഗിലേക്ക് മാറ്റി. മുന്നിലുള്ള ഗ്രോസറിയിലെക്ക് ചെന്നു.

നീങ്കള്‍ എന്തു ചെയ്യാന്‍ പോവുന്നു. ?

യൂസഫ്, നിനക്ക് സൈക്കിളോടിക്കാനറിയമോ.. ?

അറിയാം.

എന്നാല്‍, വാ..

കാറിന്റെ താക്കോല്‍ ഗ്രോസറിക്കാരന് നല്‍കി. സൈക്കിള്‍ പകരം വാങ്ങിച്ചു. അര മണിക്കൂര്‍ നേരത്തേക്ക് വാടകയ്ക്ക്. കാര്യം പറഞ്ഞപ്പോള്‍ മലയാളിയായ അയാള്‍ സമ്മതിച്ചു.

യൂസഫ് ചവിട്ടി. ഞാന്‍ മുന്നിലെ ബാറില്‍ ഒരു വശം ചെരിഞ്ഞ് ഇരുന്നു. മെലിഞ്ഞുണങ്ങിയ ശരീരമുള്ള യൂസഫിന്റെ ഹൃദയത്തിൻ്റെ കിതപ്പ് എന്റെ കാതുകളില്‍ വന്നടിച്ചു. പറഞ്ഞ സമയത്തിനു ഞങ്ങള്‍ ജുമൈറയില്‍ എത്തി.

സൈക്കിളില്‍ വന്നിറങ്ങുന്ന ഞങ്ങളെ സായിപ്പ് കണ്ടു. റേഞ്ച് റോവറില്‍ നിന്നിറങ്ങിയ ആ മനുഷ്യന്‍ ദുബായ് നഗരത്തില്‍ സൈക്കിളിൽ ഡബിളടിച്ച് വന്നിറങ്ങിയ റിയല്‍ എസ്റ്റേറ്റ് എക്‌സിക്യൂട്ടീവുകളെ കണ്ട് അമ്പരന്നു. അരമില്യണ്‍ ദിര്‍ഹം ഒരു വര്‍ഷം വാടകയുള്ള വില്ലയുടെ ബിസിനസ് നടത്തി. അഞ്ചു ശതമാനം കമ്മീഷന്‍ വാങ്ങിച്ചു.

സൈക്കിള്‍ തിരിച്ചു കൊടുത്തു. ഗ്രോസറിയില്‍ നിന്ന് സോഫ്ട് ഡ്രിങ്ക്‌സും വാങ്ങിക്കുടിച്ച് കാറില്‍ ഞങ്ങൾ മടങ്ങി.

കോടികള്‍ മറിയുന്ന ദുബായിലെ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്ത് നൂറു ദിര്‍ഹം വിലയുള്ള സൈക്കിളില്‍ എത്തി കാല്‍ ലക്ഷം ദിര്‍ഹം കമ്മീഷന്‍ വാങ്ങിയ ആ നിമിഷം..

പത്രത്തിന്റെ ലൈസന്‍സ് പോയ നിമിഷത്തെ ഓര്‍ത്ത് ശപിച്ചിരുന്നിട്ട് എന്ത് കാര്യം. അവസരങ്ങള്‍ മുന്നില്‍ നിരനിരയായി ഉണ്ട്. ഒന്നിനേയും തള്ളിക്കളയരുത്. മുന്നിലേക്ക് എത്തുന്ന ഒരോ അവസരവും ഒരു പിടിവള്ളിയാണ്. അതിലൂടെ കയറിച്ചെല്ലുന്നത് സൗഭാഗ്യങ്ങളുടെ പുത്തന്‍ ലോകത്തേക്കാണ്. പുതിയ സാധ്യതകളിലേക്കാണ്.

പ്രവാസജീവിതത്തിലെ ചില നിമിഷങ്ങള്‍ അങ്ങിനെയാണ്. ഗള്‍ഫില്‍ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ളത്. ദുബായ് സ്വപ്‌നനഗരമാകുന്നതും ഇങ്ങിനെയൊക്കെയാണ്….