ഷാര്‍ജയിലെ റോളയില്‍ നിന്നും ദുബായിലേക്ക് 20 കിലോമീറ്ററാണ് ദൂരം. അവധി ദിവസങ്ങളില്‍ കാറില്‍ യാത്ര ചെയ്താല്‍ 25 മിനിറ്റ് സമയം. എന്നാല്‍. പ്രവര്‍ത്തി ദിനങ്ങളില്‍ തിരക്കേറിയ സമയത്ത് ഇതേ ദൂരം സഞ്ചരിക്കാന്‍ ഒന്നര മണിക്കൂറിലേറെ സമയം എടുക്കും.
യുഎഇയില്‍ വന്ന ആദ്യ കാലങ്ങളില്‍ ഷാര്‍ജയില്‍ താമസവും ദുബായിയില്‍ ജോലിയും ആയിരുന്നു. വാടകയിലെ കുറവാണ് റോളയുടെ പ്രധാന ആകര്‍ഷണം. ജീവിതം പച്ചപിടിപ്പിക്കാനുള്ള വ്യഗ്രതയിലാണ് ചെലവു ചുരുക്കലിനായി റോളയിലേക്ക് താമസം തിരഞ്ഞെടുത്തത്.
ഒരു വലിയ കെട്ടിടത്തിന്റെ റൂഫിലെ പെന്റഹൗസില് ( എന്നൊക്കെ പറയാം- ഒരു സ്റ്റുഡിയോ ഫ്ളാറ്റ് ) ഭാര്യയും അഞ്ചു വയസ്സുള്ള കുഞ്ഞുമായി കൂടുംകൂട്ടി താമസം.
കൂടെ ജോലി ചെയ്യുന്ന സാബിത്തും റോളയില്‍ തന്നെയാണ് താമസം. ബുതീനയില്‍. കമ്പനിയുടെ വാഹനത്തില്‍ ഞങ്ങള്‍ ഇരുവരും രാവിലെ ഏഴിന് യാത്ര ആരംഭിക്കും.
ബുതിനയില് എത്തി സാബിത്തിനേയും കയറ്റി ഒന്നര മണിക്കൂര്‍ ഇഴഞ്ഞിഴഞ്ഞ് യാത്ര.
കോഴിക്കോട്ടുകാരനായ സാബിത്തുമായി സൂര്യന് കീഴിലുള്ള സകല വിഷയങ്ങളുമായുള്ള സംവാദമാണ് ഈ ഒന്നര മണിക്കൂര്‍ സമയത്തെ പരിപാടി.
കാറിലെ സിഡി പ്ലയറില്‍ നിന്നോ യുഎസ്ബിയില്‍ നിന്നോ ഭക്തിഗാനം പശ്ചാത്തലത്തില്‍ ഉയരുന്നുണ്ടാകും. തിരുപ്പതി ബാലാജിയുടെ ചില ഗാനങ്ങളാണ് പതിവായി ഞാന്‍ വെയ്ക്കുക. കാറിലുള്ള യാത്ര ഞങ്ങള്‍ ആരംഭിച്ച കാലം മുതലുള്ള പതിവാണ്. സാബിത്തിന്റെ അനുവാദത്തോടെയാണ് പശ്ചാത്തലത്തിലെ ഈ ഭക്തിഗാനസുധ.
അന്നമാചാര്യര്‍ എന്ന ഭക്ത കവി രചിച്ച പ്രസിദ്ധങ്ങളായ ഭക്തിഗാനമാണ് കേള്‍ക്കുക. രാഷ്ട്രീയവും സാഹിത്യവും എല്ലാം ചര്‍ച്ച ചെയ്യുന്നതിന്നിടയില്‍ പശ്ചാത്തലസംഗീതം തുടരും.
അങ്ങിനെയെപ്പോഴോ ആണ് ഒരിക്കല്‍ സാബിത്ത് നിത്യവും കേള്‍ക്കുന്ന ഒരു ഭക്തിഗാനത്തിനെ കുറിച്ച് ചോദിച്ചത്. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മുതല്‍ ഇടതുപക്ഷാഭിമുഖ്യമുള്ളതിനാല് കൂടിയാകും ജോ അച്യുതാനന്ദ എന്ന കീര്‍ത്തനം പി ഉണ്ണികൃഷ്ണന് പാടുന്നത് കേട്ട് .. ഇതെന്താപ്പാ സാധനം എന്ന് ചോദിച്ചത്.
ഞാന്‍ കുറച്ചു നാളായി അച്യുതാനന്ദാ അച്യുതാനന്ദ എന്നൊക്കെ കേള്‍ക്കുന്നു. ഇതെന്താണ്.
താരാട്ട് പാട്ടാണ്.. ബാലാജിയെ ഉറക്കുന്ന പാട്ട്. കുറിഞ്ചി, നീലാംബരി, ഷഹാന, ദ്വിജാവന്തിയൊക്കെ പോലെ നവറോജ് എന്ന രാഗത്തിലുള്ള പാട്ട്.
അങ്ങിനെയാണെന്ന് തോന്നുന്നു രാഷ്ട്രീയത്തിലും സാഹിത്യത്തിലും എന്നും ഉടക്കിക്കിടന്നിരുന്ന ചര്‍ച്ച വഴിമാറി സംഗീതത്തിലെത്തിയത്.
ഈ രാഗങ്ങളൊക്കെ കേട്ടാല്‍ എങ്ങിനെ തിരിച്ചറിയും -സാബിത്ത് ഒരിക്കല്‍ ചോദിച്ചു.
ആളുകളെ നമ്മള് പരിചിതരായി തിരിച്ചറിയുന്ന പോലെ .. ഷഹാനയിലുള്ള ഗാനമാണ് സ്വപ്നങ്ങള്‍, സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗകുമാരികളല്ലോ… ചിത്ര പാടിയ ഒരു ഭക്തിഗാനം തിരുവാറന്മുള കണ്ണാ.. എന്ന ഗാനവും ഷഹാനയിലാണ്.
ഓഹോ.. ഇങ്ങിനെ ഈണം കേട്ടാണോ രാഗങ്ങള്‍ തിരിച്ചറിയുന്നത്.
ഞാനങ്ങനെയാണ് തിരിച്ചറിയുന്നത്. ഞാന്‍ സംഗീതം പഠിച്ചിട്ടില്ല. കേട്ടറിവുമാത്രമാണെനിക്കുള്ളത്.
സാബിത്തിന് വലിയ താല്പര്യമായി. സംഗീതം പഠിക്കാതെ കേട്ടറിവുമായി സംഗീതജ്ഞനാകാം..
പിന്നീടുള്ള ഞങ്ങളുടെ ദുബായി യാത്രകളില്‍ സംഗീതമാണ് ചര്‍ച്ചകളില്‍ മേധാവിത്വം പുലര്‍ത്തിയത്. ഷഡ്ജം മുതല്‍ നിഷാദം വരെ, രാഗം, താനം, പല്ലവി, മേളകര്‍ത്താരാഗങ്ങള്‍, ജന്യ രാഗങ്ങള്‍… വിപുലമായ ചര്‍ച്ച… കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലും ഓര്‍മ്മ ശക്തിയിലും മിടുക്കനായ സാബിത്ത് എല്ലാം ഓര്‍ത്തുവെച്ചു . അധികം താമസിയാതെ സാബിത്ത് സംഗീതജ്ഞാനിയായി മാറി..
വര്‍ഷങ്ങള്‍ പോയി.. റോളയില്‍ നിന്ന് താമസം മാറി ഞാന്‍ ദുബായിയിലെത്തി, ജോലി മാറി, കുടുംബത്തിലേക്ക് പുതിയൊരംഗം വന്നു. രണ്ടാമത്തെ പെണ്‍കുഞ്ഞ്.. അതിന്നിടെ സാബിത്ത് ഖത്തറിലേക്ക് പോയി.
പക്ഷേ, സമയം കിട്ടുമ്പോഴെല്ലാം വിളി വന്നു. ചര്‍ച്ച സംഗീതം, ഇടയ്ക്ക് സാഹിത്യം, വല്ലപ്പോഴും രാഷ്ട്രീയം. ദുബായി യാത്രയ്ക്കിടെ കാറിനുള്ളില്‍ നിന്നും കേട്ട രാവണവിരചിതമായ ശിവതാണ്ഡവ സ്തോത്രം ആ ഓര്‍മ്മയില്‍ കുടിയേറി..
ഖത്തറില്‍ നിന്നുള്ള വിളിയില്‍ ഒരിക്കല്‍ താന്‍ ഒരു സദസ്സില്‍ ശിവതാണ്ഡവ സ്തോത്രം പാടിയതും അക്കാലത്ത് ഇറങ്ങിയ ബാഹുബലിയിലെ ഗാനമാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചപ്പോള്‍ തിരുത്തിയതും സാബിത് വിവരിച്ചു.
ഷഹാനയും ശ്യാമയും ദ്വിജാവന്തിയും എല്ലാം തിരിച്ചറിഞ്ഞ് ക്ലാസിക്കല്‍ കീര്‍ത്തനങ്ങളും, ചലച്ചിത്ര ഗാനങ്ങളും വ്യക്തമായി ഐഡന്റിഫൈ ചെയ്യുന്നതും മറ്റും കണ്ട് കൂടെയുള്ളവര്‍ അന്ധാളിച്ചതും കോഴിക്കോട്ടെ പൂളക്കടവ്ക്കാരനായ ഇയ്യാളിതൊക്കെ എവിടുന്ന് പഠിച്ചുവെന്ന ചോദ്യവുമായി തന്നെ പലരും വിസ്മയത്തോടെ നോക്കുന്നുവെന്നും ഒക്കെ സാബിത്ത് വിവരിച്ചു.
വിരസമായി നമ്മുടെ സമയത്തെ കൊല്ലുന്ന ട്രാഫിക് ജാം.. പക്ഷേ, സര്‍ഗപരമായി അതിനെ ഉപയോഗിച്ചതും കര്‍ണാടിക് സംഗീതത്തെ അടുത്തറിയാനായതിനു കാരണം നിങ്ങളുമൊത്തുള്ള ചങ്ങാത്തമാണെന്നു മൊക്കെ സ്നേഹാദരത്തോടെ സാബിത് പറയാറുണ്ട്.
സംഗീതത്തിനൊപ്പം സാഹിത്യവും ചര്‍ച്ചകളില്‍ ഇടംപിടിക്കുമായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദ ധാരിയായ സാബിത്തിന് വിക്ടോറിയന്‍ സാഹിത്യം മുതല്‍ കേരളത്തിലെ നവാഗത എഴുത്തുകാരുടെ രചനകള്‍ വരെ മണിക്കൂറുകളുടെ ചര്‍ച്ചാ വിഷയമായിരുന്നു.
വാതോരാതെ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് സംസാരിക്കുന്ന സാബിത്ത് അതേ ഊര്‍ജ്ജത്തോടെ വിര്‍ജിനിയ വൂള്ഫിനേക്കുറിച്ചും തത്വചിന്തയിലൂന്നി വാക്കുകള്‍ കുറിക്കുന്ന അയന് റാന്‍ഡിന്റെ രചനാരീതിയെയും കുറിച്ചും സംസാരിക്കും.
ഏതാണ്ട് ഒന്നര വര്‍ഷത്തോളം ഈ യാത്ര തുടര്‍ന്നു. ചര്‍ച്ചകളും.
വിപി സാബിത്ത് കേള്വിജ്ഞാനമുള്ള സംഗീത പ്രതിഭയായി മാറി. ..തമാശയാണോ ഗൗരവത്തിലാണോ എന്നറിയില്ല.. സാബിത്ത് ഗുരോ എന്ന് എന്നെ അഭിസംബോധന ചെയ്യുന്നതും പതിവാക്കി.
ഗള്‍ഫില്‍ ട്രാഫിക് കുരുക്കില്‍ പെട്ടു കിടക്കുന്നവരില്‍ എത്ര പേര്‍ക്ക് സംഗീതവും സാഹിത്യവും പതിവായി ചര്‍ച്ച ചെയ്യാന്‍ സാബിത്തിനെപ്പോലൊരു സുഹൃത്തിനെ ലഭിച്ചിട്ടുണ്ടെന്ന് അറിയില്ല..
ഒരിക്കല്‍, വെക്കേഷന്, ഞങ്ങള്‍ ഇരുവരും ഏതാണ്ട് ഒരേ സമയത്ത് നാട്ടിലെത്തി. വൈക്കത്തെ എന്റെ വീട്ടിലേക്ക് വരുന്നുവെന്ന് അറിയിച്ച് പൊടുന്നനെ കയറി വന്ന സാബിത്ത് കാരാള്ക്കടയുടെ തറിയില്‍ ഇഴപാകിയ തവിട്ടുനിറമുള്ള വീതിക്കരമുണ്ട് സമ്മാനിച്ചു. അവധിക്കാലങ്ങളില്‍ നാട്ടിലെത്തിയാല്‍ കോഴിക്കോട് പൂളക്കടവിലെ സാബിത്തിന്റെ വീട്ടിലും ഞാന്‍ പോവാറുണ്ട്.
സംഗീതവും സാഹിത്യവും ഊടും പാവും പോലെ ചേര്‍ന്ന സൗഹൃദം. ആ ഇഴയടുപ്പം എന്നും അമൂല്യമായി തുടരുക തന്നെ ചെയ്യും.