ഇതിലെ ചില കഥാപാത്രങ്ങൾ ജീവിച്ചിരിപ്പുള്ളതുകൊണ്ട് സ്ഥലകാലങ്ങളും കഥാപാത്രങ്ങൾക്കും യഥാർഥ പേരുകൾ നൽകുന്നില്ല. അത് ഒരു മഴക്കാലമായിരുന്നു എന്നാണേർമ്മ. ഇൻക്വസ്റ്റിന് പോയപ്പോൾ കേന്ദ്രത്തിൽ വരെ തോട്ടപ്പുഴു (അട്ട) കേറി കടിച്ചത് അറിഞ്ഞേയില്ല. ജോലി തീർത്ത് കാട്ടിൽ നിന്ന് ഏറെ ദൂരത്തുള്ള ഒരു പെട്ടിക്കടയിൽ ചായ കുടിച്ച് നിൽക്കെ, ഓലിക്കെന്താ മെൻസസായോന്ന് ഒരു പഹയനങ്ങ് ചോദിക്കുന്നത് കേട്ടപ്പോളാണ് കേന്ദ്രത്തിലോട്ടൊക്കെ അട്ട കേറീന്ന് മനസ്സിലായ്. യുണിഫോം പാന്റിന്റെ സിബ്ബ് അടക്കം ചോര ഒലിച്ച് നനഞ്ഞിരിക്കുന്നു.
ശ്രീകുമാറിന് മഴക്കാലമായാൽ കൂട്ടുകാരായ ആദിവാസികളുടെ കൂടെ കാട്ടിൽ പോയി നൂറോൻ കിഴങ്ങ് മാന്തുന്ന പരിപാടിയുണ്ട്. എത്ര ആഴത്തിലും വലിപ്പത്തിലുമുള്ള നൂറോൻ കിഴങ്ങും ഒരു പരിക്കുമില്ലാതെ പറിച്ചെടുക്കാൻ നല്ല വിരുതുണ്ടവന് . തലേദിവസം രാത്രിയിൽ തന്നെ വനവിഭവം ശേഖരിക്കാൻ പോയ ആളെ ആന ചവിട്ടിക്കൊന്നിട്ടുണ്ടന്നറിഞ്ഞിരുന്നു. ഇക്കുറി പതിവിന് വിപരീതമായി സംഭവസ്ഥലത്തേക്ക് കുതിക്കാൻ മേലാവികൾ ഉത്തരവിട്ടില്ല. കാരണമുണ്ടതിന്, അസുര സമുദ്രത്തിന് കുറുകെ കെട്ടിയ ഡാമിൽ കൂടെ പത്ത് പതിനൊന്ന് നാഴിക ബോട്ടിൽ സഞ്ചരിച്ചാലെ സംഭവം നടന്ന കാട് ആരംഭിക്കുന്നിടത്തെത്തു. അവിടെ നിന്നും നാലഞ്ച് കിലോമീറ്റർ സാധന സാമഗ്രികളുമായി ആനകളും മറ്റ് കാട്ടുമൃഗങ്ങളുമുള്ള കാട്ടിലുടെ നടന്നാലെ സ്ഥലത്തെത്തു എന്നത് കൊണ്ട് മാത്രം നേരം പുലരും വരെ സാവകാശം കിട്ടി.
കാലത്ത് പത്ത് മണിയോടെ സ്ഥലത്തെത്തി. നടപടികൾ പൂർത്തിയാക്കി ആന ചവിട്ടി മെതിച്ച് വികൃതമാക്കിയ ബോഡിയുമായി ‘മലയിറങ്ങി. കാഴ്ച്ചയിൽ’ വല്ലാത്ത ഒരാകർഷണം തോന്നിയ ശ്രീകുമാറിനെ പറ്റി വെറുമൊരു അക്കാഡമിക് ക്യുര്യോസിറ്റി മൂലം അറിയണമെന്നൊരു തോന്നൽ. വയനാട്, കോഴിക്കോട്, ഇടുക്കി, തിരുവനന്തപുരം കോട്ടയം, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ അയാൾ താമസിച്ചിട്ടുണ്ടായിരുന്നു. കോട്ടയം ജില്ലയിൽ കടപ്ലാമറ്റത്ത്, ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ് ടീച്ചർ അധിക്ഷേപിച്ചത് മുതൽ തുടങ്ങിയ വലിയ പരിശ്രമങ്ങളുടെ പരിസമാപ്തി കരിങ്കണ്ണിക്കുന്ന് കാട്ടിൽ ആയിരുന്നു എന്ന് മാത്രം.
ടീച്ചറോട് പക വീട്ടാൻ ടീച്ചറുടെ റബ്ബർ പുരയുടെ കഴുക്കോലിൽ തൂങ്ങുന്നിടത്തു തുടങ്ങുന്നവന്റെ ആത്മഹത്യാശ്രമം . ടീച്ചറുo മക്കളും പള്ളീൽ പോയ ഒരു ദിവസം റബ്ബർ പുകപുരയിൽ കയറി പുള്ളിക്കാരനങ്ങ് തൂങ്ങി. എന്റെ മരണകാരണത്തിനുത്തരവാദി സൂസി ടീച്ചർ എന്ന കത്തും പോക്കറ്റിലൊളിപ്പിച്ച്. ടീച്ചറെ കർത്താവനുഗ്രഹിച്ചു. പുകപ്പുരയുടെ കഴുക്കോലൊടിഞ്ഞ് പുള്ളിക്കാൻ തഴെ വീണ് കാല് ഉളുക്കി. രണ്ടാമതൊരു ശ്രമത്തിനുള്ള വഴി അടച്ചു . ആരോ തിരുമാലികൾ അടിച്ചു മാറ്റിയ ടീച്ചറുടെ റബ്ബർ ഷീറ്റിന്റെ കണക്കും ആ ഏഴാം ക്ലാസ്സുകാരന്റെ ഇല്ലാത്ത കണക്ക് ബുക്കിൽ ആരോ എഴുതി പിടിപ്പിച്ചിരുന്നു.
നാണക്കേട് കാരണം ഉള്ളതെല്ലാം വിറ്റ് പെറുക്കി വീട്ടുകാർ വയനാട്ടിലേക്ക് പോന്നു. പള്ളിക്കൂടത്തിൽ നിന്ന് PDCക്ക് അച്ചന്മാർ നടത്തുന്ന ഒരു പാരലൽ കോളജിലെത്തി അവിടെ റസീയബിയുമായ് പ്രണയത്തിലാണ്ടു. വീട്ടുകാർ റസീയാബിയെ ദുബായിക്കാരന് രായ്ക്ക് രാമാനം കെട്ടിച്ച് നാടുകടത്തി. ഇക്കുറി റസീയയുടെ ഉപ്പാന്റെ കമുകിൻ തോട്ടമാണ് തൂക്കുമരമായി കണ്ടെത്തിയത്. വളരെ സാഹസപെട്ട് രണ്ട് കമുകുകളിൽ കഴവെച്ച് കെട്ടി അതിൽ തൂങ്ങി. അടക്ക കട്ട് പറിക്കാൻ വന്ന വെളുക്കൻ ഓടി വന്ന് കാലിൽ പിടിച്ച് ഉയർത്തി നിർത്തി പണി പാളിച്ചു.
ഇനി നാട്ടിൽ നിന്നിട്ട് കാര്യമില്ല, മരിച്ചേ അടങ്ങു എന്ന് പ്രതിജ്ഞയെടുത്ത് കോവളത്തേക്ക് വണ്ടി കയറി. രണ്ട് മൂന്ന് ദിവസം കറങ്ങിയടിച്ച് കൈയിൽ കരുതിയ എക്കാലക്സിൽ കടൽ വെള്ളം ചേർത്തടിച്ച് കടൽക്കരയിൽ മരിക്കാൻ കിടന്നു. കിടപ്പിലെന്തോ പന്തികേട് തോന്നിയ ലൈഫ് വാർഡൻ കോരിയെടുത്ത് തെരോന്തോരം ജനറൽ ആശുപത്രിയിലെത്തിച്ചു.
എല്ലാ ശ്രമങ്ങളും പരാചയപെട്ടപ്പോൾ തീവണ്ടിക്ക് തല വെക്കാൻ തിരുമാനിച്ചു. റെയിലിൽ തല വെച്ച് കാത്ത് കിടന്നു . തനിക്ക് നേരെ പാഞ്ഞു വരുന്ന തീവണ്ടിയുടെ ശബ്ദം ആത്മരതിയോടെ കേട്ടു കിടക്കുമ്പോൾ, ലോക്കോ പൈലറ്റ് സാഹസപെട്ട് വണ്ടി നിർത്തി രക്ഷിക്കാനെത്തി, പിടിച്ചെണീപ്പിച്ചു. കഴുവറടമോൻ ചാകാനും സമ്മതിക്കില്ലന്ന് പറഞ്ഞ് ആ ദയാലുവിന്റെ മുഖത്ത് ആഞ്ഞൊരടി കൊടുത്ത് സ്ഥലം കാലിയാക്കി.
പിന്നെ പൊങ്ങുന്നത് കർണ്ണാടകയിലെ ബൽത്തങ്ങാടിയിലാണ്. മയിപ്ലാക്കൽ മത്തച്ചന്റെ നൂറേക്കർ കമുകിൻ തോട്ടത്തിൽ പണിക്ക് ചേർന്നു. അങ്ങനെയിരിക്കെ മത്തച്ചൻ പരിവാരങ്ങളുമായി തോമാപുരം പള്ളി പെരുന്നാൾ കൂടുന്നതിന് ബൽത്തങ്ങാടിയുടെ താക്കോൽ മ്മടെ വിദ്വാനെ ഏൽപ്പിച്ച് നാട്ടിലേക്ക് പോയി. വിസ്തരിച്ചൊന്ന് കള്ള് കുടിക്കാൻ തക്കം പാർത്തിരുന്ന കഥാനായകൻ ബണ്ട്വാളിൽ പോയി മിനുങ്ങി എത്തുമ്പോളേക്കും മത്തച്ചന്റെ നൂറ് മേനി വിളഞ്ഞു നിന്നിരുന്ന കമുകിൻ തോട്ടം കള്ളന്മാർ കയറിയിറങ്ങി വെളുപ്പിച്ചു.
മത്തച്ചൻ വരുമ്പോൾ എങ്ങനെ മുഖത്തു നോക്കും. കാറ്റാം കവലയിലെ നായ് തങ്കച്ചന്റെ കശുമാങ്ങാ ചാരായം കൊണ്ട് ചെല്ലാമെന്ന് മത്തച്ചൻ വാക്ക് കൊടുത്തിട്ടാണ് പെരുന്നാളിന് പോയത്. തന്നെ സ്വന്തം ആങ്ങളെ പോലെ കരുതുന്ന മത്തച്ചന്റെ ഭാര്യ ലാലിയുടെ മുഖത്തെങ്ങനെ നോക്കും. ഇനി അമാന്തിച്ചിട്ട് കാര്യമില്ല. ഇത് തന്നെ തക്കം. കൈയും കാലും കെട്ടി ഒരേക്കറോളം വിസൃതിയിൽ വെള്ളം നിറഞ്ഞ് കിടക്കുന്ന തോട്ടത്തിലെ കുളത്തിലേക്കങ്ങ് ചാടി. കാലനുണ്ടോ വല്ല ദയയും. കുളത്തിന്റെ അങ്ങേക്കരയിൽ ചൂണ്ടലിട്ടിരുന്ന കൊറഗ പിള്ളേർ കൂക്കിം വൈരോം കൂട്ടി. കേട്ടവർ കേട്ടവർ ഓടിയെത്തി വലിച്ച് കരക്കിട്ടതും പോരാ മംഗലാരം മുള്ളേഴ്സ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തതോടെ മേലിൽ ഇത്തരം നേരം പോക്കിന് താനില്ലെയെന്ന് ശപഥം ചെയ്തു പോലും.
മരിക്കാനുള്ള ചിന്തകളൊക്കെ വിട്ടൊഴിഞ്ഞ ഒരു മഴക്കാലത്ത് വീണ്ടും വയനാട്ടിലേക്ക്. പിന്നീട് ജീവിക്കാനുള്ള ആർത്തി ആയിരുന്നു അവന്. ഭാര്യയും 3 മക്കളുമായി കഴിഞ്ഞു വരുമ്പോളാണ് കാലൻ ആനയുടെ രൂപത്തിൽ വന്നത്.