‘ങാ …കണ്ടിട്ട് തൂക്കം തന്നന്നാ തോന്നുന്നത്, ഇടക്കിടക്ക് അടുത്ത് വന്ന് നോക്കിക്കോണം. മരപ്പട്ടിയും കാട്ടുപൂച്ചയും ഒക്കെയുള്ള സ്ഥലമാ, വല്ല മുറിവും ഉണ്ടായാൽ പിന്നെ കൊലപാതകമാണെന്നു പറഞ്ഞ് ബഹളമാകും.’ എന്നു നിർദ്ദേശം തന്നിട്ട് സ്റ്റേഷനിൽ നിന്നും ആരെയെങ്കിലും കിട്ടുമെങ്കിൽ കൊണ്ടുവരാമെന്നു പറഞ്ഞ് എസ് ഐ തിരിച്ചു പോയി. പെട്രോമാക്സും, കൂട്ടിന് ഒരാളെയും സംഘടിപ്പിച്ച് വരാമെന്ന് പറഞ്ഞ് അവിടെ നിന്ന പഞ്ചായത്ത് മെമ്പറും പോയപ്പോൾ വിജനമായ കുന്നിൽ ചെരുവിലെ റബ്ബർ തോട്ടത്തിൽ ഞാനും പത്മാക്ഷനും മാത്രമായി. എൻ്റെ ഡ്യൂട്ടി ദിവസം തന്നെ വേണമായി രുന്നോ നാളെ ആയിക്കൂടായിരുന്നോ പത്മാക്ഷാ എന്നു ഞാൻ പതുക്കെയാണ് ചോദിച്ചതെങ്കിലും അത് കേട്ടിട്ടായിരിക്കണം വെള്ള ജൂബ്ബായും മുണ്ടും ധരിച്ച് ചെറിയ കാറ്റിൽ കറങ്ങി ആടിയാടി നിൽക്കുന്ന പത്മാക്ഷൻ എന്നെ നോക്കി ഒന്നു കണ്ണിറുക്കിയതായി തോന്നിയത്.
കൈയിൽ ചാർജ് തീരാറായ ഒരു ടോർച്ചും ഒരു ഉളുത്ത മുളവടിയുമാണ് കൂട്ടിനുള്ളത്. മെമ്പർ കൊണ്ടു തന്ന കസേര അല്പം മാറ്റിയിട്ട് പത്മാക്ഷനെ കാണത്തക്ക രീതിയിൽ ഇരുന്നു. ഇരുട്ട് വീണിട്ടും ആരെയും കാണാത്തതു കൊണ്ട് കരിയിലയും ചുള്ളി കമ്പും കൂട്ടി തീയിട്ടു വെളിച്ചമുണ്ടാക്കി. കുറച്ചുനേരം പത്മാക്ഷനെ തന്നെ നോക്കിയിരുന്നപ്പോൾ അയാൾ എന്നെനോക്കി ചിരിക്കുന്നതായും കാലുകൾ നിലത്തു വച്ച് നടക്കുന്നതായും തോന്നി. എന്റെ ശരീരത്തിലെ രോമങ്ങൾ എന്നെ അനുസരിക്കാതെ എഴുന്നേറ്റ് നിൽക്കാൻ തുടങ്ങി. പ്രേതമൊക്കെ മനസ്സിൻ്റെ തോന്നലാണെന്ന ശാസ്ത്രം പറഞ്ഞ് എൻ്റെ ഉപബോധമനസ്സിനെ നിയന്ത്രിക്കാൻ നോക്കിയെങ്കിലും മനസ്സ് പണ്ട് വായിച്ച കോട്ടയം പുഷ്പനാഥിന്റെ പ്രേതകഥകളുടെ പുറകെ പോകുന്നതായി തോന്നിയപ്പോൾ പത്മാക്ഷനുമായി വലിയ ലോഹ്യം വേണ്ടായെന്ന് കരുതി ഞാൻ കസേര തിരിച്ചിട്ട് ഇരുന്നു.
ഒറ്റക്ക് രാത്രി ശവത്തിന് കാവൽ ഇരിക്കുന്നതിനേക്കാൾ നല്ലത് ഈ പണി രാജി വച്ചിട്ട് പോകുന്നതാണ് തോന്നിയെങ്കിലും മറ്റ് പണിയൊന്നും കിട്ടാൻ നിർവ്വാഹമില്ലല്ലോ എന്നാലോചിച്ചിരിക്കുമ്പോഴാണ് പത്മാക്ഷൻ നിൽക്കുന്ന ഭാഗത്ത് നിന്നും ‘ശ്…. ശ് … സാറെ ഒന്ന് വന്നേ ‘ എന്ന ഒരു ശബ്ദം കേട്ടത്. നല്ല കാറ്റുണ്ടെങ്കിലും ഞാൻ നന്നായി വിയർക്കാൻ തുടങ്ങി. പത്മാക്ഷൻ എന്നെ പരീക്ഷിക്കുകയാണോ? ഞാൻ എഴുന്നേറ്റ് ഇടതു കൈയ്യിൽ ടോർച്ചും നീട്ടിപ്പിടിച്ച് വലതു കൈയ്യിൽ ലാത്തിയും മുറുക്കിപ്പിടിച്ച് ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് നിന്നു. ടോർച്ച് തെളിച്ചെങ്കിലും വെട്ടം കുറഞ്ഞു കുറഞ്ഞ് അത് തീർത്തും അണഞ്ഞുപോയി. പിന്നെ തീയുടെ ചെറിയ വെളിച്ചം മാത്രം.
‘സാറെ ഇങ്ങോട്ട് വാ…’ ഇത് ഞാനാ…..’ വീണ്ടും പത്മാക്ഷൻ്റെ ഭാഗത്ത് നിന്നും വിളിയും ഒരു കരിയില അനക്കവും. പത്മാക്ഷൻ നേരത്തേ എന്നെ നോക്കി ചിരിച്ചതും കാൽ തറയിൽ തൊട്ടതുമെല്ലാം വെറും തോന്നലായിരുന്നില്ല എന്നു അപ്പോൾ തോന്നി. ശ്…. ശ് വിളി വീണ്ടുമായപ്പോൾ ശത്രുവിനെ ആദ്യം ആക്രമിച്ച് ജയിക്കുക എന്ന യുദ്ധതന്ത്രം മനസ്സിൽ വച്ച് ഞാൻ തയ്യാറായി നിന്നു. അരണ്ട തീയുടെ വെളിച്ചത്തിൽ എൻ്റെ നേരെ നടന്നു വരുന്ന വെള്ള ജുബ്ബയും മുണ്ടും ധരിച്ചിട്ടുള്ളത് പത്മാക്ഷൻ തന്നെയെന്ന് ഞാൻ ഉറപ്പിച്ചു. സർവ്വ ധൈര്യവും സംഭരിച്ച് നടന്നു വരുന്ന രൂപത്തിൻ്റെ തലക്ക് തന്നെ ആഞ്ഞടിച്ചു. അടി കൊണ്ട് ലാത്തി രണ്ടായി ഒടിഞ്ഞെങ്കിലും, അടി കൊണ്ടയാൾ നിലവിളിയോടെ തറയിൽ വീണപ്പോൾ ഒരാശ്വാസം തോന്നി.
നെറ്റിയിൽ നിന്നും കണ്ണിലേക്ക് വന്ന വിയർപ്പിനെ തുടച്ചു മാറ്റിയിട്ട് റബ്ബർ മരത്തിലേക്ക് നോക്കിയപ്പോൾ തീ യുടെ വെട്ടത്തിൽ പത്മാക്ഷൻ മരത്തിൽ തന്നെ കറങ്ങി നിൽക്കുന്നത് കണ്ട് ഞാൻ ഒന്നു കൂടി ഞെട്ടി. തറയിൽ വീണു കിടക്കുന്നതാരെന്ന് നോക്കാനുള്ള ധൈര്യം പോരാത്തതു കൊണ്ട് അല്പം മാറി നിന്നു. അപ്പോഴേക്കും പോലീസ് ജീപ്പും അതിനു പിന്നാലെ ഒരു ബൈക്കിൽ മെമ്പറുംവന്നു. ‘ഞാൻ കൂട്ടിന് ഒരു തോമാച്ചനെ പറഞ്ഞ് വിട്ടിരുന്നല്ലോ ഇങ്ങെത്തിയില്ലേ ‘എന്നു മെമ്പർ ചോദിച്ചെങ്കിലും മറുപടി പറയാൻ ശബ്ദം പുറത്തു വരാത്ത അവസ്ഥയിലായിരുന്നു ഞാൻ. അപ്പോഴാണ് തറയിൽ കമിഴ്ന്ന് കിടക്കുന്ന ആളെ മെമ്പറും മറ്റുള്ളവരും കണ്ടത്. മെമ്പറും ജീപ്പിൽ എനിക്ക് കൂട്ടിനായി വന്ന പോലീസുകാരനും ചേർന്ന് തറയിൽ കിടന്നയാളെ എടുത്തിരുത്തിയപ്പോഴാണ് അത് എൻ്റെ സഹായത്തിന് മെമ്പർ അയച്ച തോമയാണെന്നറിഞ്ഞത്. തോമയെ അവർ ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ വീണ്ടും ഞാനും പത്മാക്ഷനും മാത്രമായി. ഞാൻ ചെയ്ത ക്രൂരത കണ്ടിട്ടാണോ എന്തോ പത്മാക്ഷൻ നേരം വെളുക്കും വരെ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ല.
കുറച്ച് ദിവസത്തിനു ശേഷം തോമയെ ഞാൻ കണ്ടപ്പോൾ പ്രേതമാണെന്ന് കരുതിയാണ് അടിച്ചതെന്ന് പറഞ്ഞ് ക്ഷമ പറഞ്ഞെങ്കിലും ആ പാവത്താന് അപ്പോഴേക്കും നാട്ടുകാർ ‘ പ്രേതം തോമ’ എന്ന പേരിട്ടു കഴിഞ്ഞിരുന്നു.